2014-06-30

ആന്റണിയുടെ സങ്കീര്‍ത്തനങ്ങള്‍


വികസനത്തിന്റെ അവസാനത്തെ ബസ്സ് കേരളത്തിന് നഷ്ടമാകുന്നതില്‍ വേപഥുപൂണ്ട ആദര്‍ശപുരുഷന്‍, 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഭാരവും പേറിയാണ് ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രയായത്. വികസനയാനം രാജ്യത്തിന് നഷ്ടമാകാതെ നോക്കുക എന്നതായിരുന്നു പതിറ്റാണ്ട് കാലത്തെ ഇന്ദ്രപ്രസ്ഥവാസകാലത്തെ നിയോഗം. ഒടുവില്‍ പരാജയത്തിന്റെ ഭാണ്ഡം സമ്മാനമായി സ്വീകരിച്ച് മടക്കം. അപ്പോഴുണ്ടാകുന്ന ചില വീണ്ടുവിചാരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ കൂടുതല്‍ പരിഹാസ്യപാത്രമാക്കുമെന്ന് അറുപതാണ്ടോളം ആദര്‍ശരാഷ്ട്രീയം പയറ്റിയ എ കെ ആന്റണിക്ക് പോലും മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്ന് ആന്റണി കുറ്റപ്പെടുത്തുന്നത്. ചില വിഭാഗങ്ങളോട് കൂടുതല്‍ ചായ്‌വ് കാട്ടിയോ എന്ന തോന്നല്‍ ജനങ്ങളിലുണ്ടായെന്നും കോണ്‍ഗ്രസ് പറയുന്ന മതേതരത്വത്തെ ജനം വിശ്വാസത്തിലെടുക്കാതായെന്നും വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് എത്തിനില്‍ക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് ആന്റണിയുടെ പ്രസ്താവനകള്‍ കൂടുതല്‍ വെളിച്ചം പകരുന്നുമുണ്ട്.


കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണത്തിനാണ് നരേന്ദ്ര മോദി മുന്‍ഗണന നല്‍കുക എന്നത്, ആ ദേഹം പ്രധാനമന്ത്രിക്കസേരയിലെത്തുമോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത കാലത്തു തന്നെ വ്യക്തമായതാണ്. കുറഞ്ഞ വിലക്ക് ഭൂമി അദാനിക്കും ടാറ്റക്കുമൊക്കെ കൈമാറി, വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരികയും അതിന്റെ പ്രയോജനം സാധാരണക്കാരന് നിഷേധിക്കുകയും ചെയ്തതാണ് ഗുജറാത്തിലെ മോദിചരിതം. അതിന്റെ വിശാലമായ പതിപ്പാണ് നടപ്പാക്കപ്പെടാന്‍ പോകുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് ഊര്‍ജിതമായി നടപ്പാക്കുകയും ചെയ്ത കാര്യപരിപാടികളുടെ തുടര്‍ച്ച കൂടിയാണ് സംഭവിക്കുന്നത് എന്ന വസ്തുത എ കെ ആന്റണി മറന്നു കൂട. പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇല്ലാതാക്കി, വില നിയന്ത്രണാധികാരം കമ്പോളത്തിന് നല്‍കാന്‍ നയപരമായി തീരുമാനിച്ചത് ആന്റണി കൂടി ആസനസ്ഥനായ മന്‍മോഹന്‍ മന്ത്രിസഭയാണ്.

ആദ്യ ഘട്ടത്തില്‍ പെട്രോള്‍ സബ്‌സിഡി ഒഴിവാക്കി, ഡീസലിന്റെത് ലിറ്ററിന് മാസം തോറും അമ്പത് പൈസ വീതം വില വര്‍ധിപ്പിച്ച് ക്രമാനുഗതമായി ഒഴിവാക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. എണ്ണക്കമ്പനികള്‍ നേരിടുന്ന ഭീമമായ നഷ്ടം പരിഹരിക്കാനാണ് ഈ തീരുമാനമെന്നാണ് വാദിച്ചിരുന്നത്. രാജ്യത്താകെ പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പനശാലകള്‍ ആരംഭിക്കുകയും സബ്‌സിഡിയോടെയുള്ള വില്‍പ്പന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടരുന്നതിനാല്‍ അവ അടച്ചിടേണ്ടിവരികയും ചെയ്ത റിലയന്‍സിനെയും ഷെല്ലിനെയും പോലുള്ള കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ആ തീരുമാനമെന്നത് ആന്റണിക്ക് അറിയാതിരിക്കില്ല.


കൃഷ്ണ - ഗോദാവരി ബേസിനില്‍ പ്രകൃതി വാതക ഖനനം നടത്താന്‍ ഏഴായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുകേഷ് അംബാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കുമ്പോള്‍, നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്, കുറഞ്ഞ നിരക്കില്‍ വാതകം നല്‍കുന്നതിന് കരാറുണ്ടാക്കിയിരുന്നു. ഇതേ നിരക്കിന് മുകേഷിന്റെ സഹോദരന്‍ അനിലിന്റെ കമ്പനിക്ക് വാതകം നല്‍കാനും കരാറുണ്ടാക്കി. പര്യവേക്ഷണം നടത്തി വാതകമുണ്ടെന്ന് ഉറപ്പാക്കി ഉത്പാദനം ആരംഭിച്ചപ്പോള്‍ അനിലിന്റെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ വാതകം നല്‍കാനാകില്ലെന്ന് മുകേഷിന്റെ കമ്പനി പറഞ്ഞു. കേസും പുക്കാറുമായി. സുപ്രീം കോടതിയിലെത്തിയപ്പോള്‍ കരാര്‍ പാലിക്കാന്‍ മുകേഷിന്റെ കമ്പനിക്ക് ബാധ്യതുണ്ടെന്നല്ല ആന്റണി കൂടി പങ്കാളിയായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. വില നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നാണ്. വിരമിച്ചതിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തിയ, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്, ഭൂരിപക്ഷ വിധിയിലൂടെ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു.


ദിവസങ്ങള്‍ക്കുള്ളില്‍ വാതകവില ഇരട്ടിയാക്കിക്കൊണ്ട് മുകേഷിന്റെ കമ്പനിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍.
പര്യവേക്ഷണത്തിനും ഖനനത്തിനും വേണ്ടി വന്ന ചെലവ് പെരുപ്പിച്ച് കാണിച്ചാണ് വാതകവില കൂട്ടണമെന്ന് മുകേഷിന്റെ കമ്പനി ആവശ്യപ്പെടുന്നത് എന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട് മുന്നിലിരിക്കെയാണ് ആന്റണി കൂടി പങ്കാളിയായ മന്ത്രിസഭ വില കൂട്ടാന്‍ തീരുമാനിച്ചത്. വില കൂട്ടുമ്പോള്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് അധികബാധ്യതയുണ്ടാകുമെന്നും അത് സര്‍ക്കാര്‍ ഖജാനക്കാണ് നഷ്ടമുണ്ടാക്കുന്നതെന്നും അറിയാതെയുമായിരുന്നില്ല ഈ തീരുമാനം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു ആന്റണിയുടെ പ്രിയമിത്രവും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന വീരപ്പ മൊയ്‌ലി. ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് കൊണ്ടുമാത്രം ആ തീരുമാനം നടപ്പായില്ല. ഇതെല്ലാം കോര്‍പറേറ്റുകളെ സഹായിക്കുന്ന തീരുമാനങ്ങളായിരുന്നുവെന്ന് ആദര്‍ശധീരനായ ആന്റണിക്ക് അക്കാലത്ത് തോന്നിയതേയില്ല!


ഹച്ചിസണ്‍ എസ്സാറിനെ ഏറ്റെടുത്ത വൊഡാഫോണ്‍ നികുതിയിനത്തില്‍ ഖജനാവിലേക്ക് 11,000 കോടി രൂപ നല്‍കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് കോടതികള്‍ അംഗീകരിച്ചതിന് ശേഷവും പണമീടാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍. ധനമന്ത്രിമാരായിരുന്ന പ്രണാബും ചിദംബരവും വൊഡാഫോണിനോട് മൃദു സമീപനം സ്വീകരിച്ചപ്പോള്‍, കാബിനറ്റില്‍ താക്കോല്‍ സ്ഥാനത്ത് ആന്റണിയുമുണ്ടായിരുന്നു. മന്ത്രിസഭയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലുമുണ്ടായിരുന്നു ഈ ദേഹം. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ  വിശ്വസ്ത സ്ഥാനത്തുമുണ്ടായിരുന്നു. എന്നിട്ടും നികുതി ഈടാക്കാതിരിക്കുന്നത് ശരിയല്ലെന്ന് പരസ്യമായി പറയാന്‍ ആദര്‍ശസുരഭില വ്യക്തിത്വം തയ്യാറായതേയില്ല. മൂന്നോ നാലോ മാസം മുമ്പ് വരെ (തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലം കൂടി പരിഗണിച്ച്) നിലനിന്ന അവസ്ഥയെ  എളുപ്പത്തില്‍ മറന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് താത്പര്യ സംരക്ഷണത്തെ വിമര്‍ശിക്കാന്‍ ആന്റണി സന്നദ്ധനാകുമ്പോള്‍ അതിനെ കാപട്യമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. 'ഞങ്ങള്‍ പിന്തുടര്‍ന്ന നയങ്ങളിലും തെറ്റുണ്ടായിരുന്നു, അത് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കു'മെന്ന് പറയാത്തിടത്തോളം കാലം ഇത്തരം പ്രസ്താവനകള്‍ പരിഹാസത്തിന് മാത്രമേ പാത്രമാകൂ.  മന്ത്രിസ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിറകെ മാസം 16 ലക്ഷം രൂപ വാടകയുള്ള ബംഗ്ലാവിലേക്ക് താമസം മാറ്റുന്ന നേതാക്കളുള്ള കോണ്‍ഗ്രസ് പാര്‍ട്ടി, നയങ്ങളില്‍ തെറ്റ് പറ്റിയെന്ന് പറയുമെന്ന് പ്രതീക്ഷിക്കാനും സാധിക്കില്ല.


കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മതേതരത്വം ജനത്തിന് വിശ്വാസയോഗ്യമാകുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍, മൃദു ഹിന്ദുത്വ നിലപാടുകളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോയത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് പറയാതെ പറയുകയാണ് ആന്റണി. അയോധ്യയില്‍ ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസം അനുവദിച്ച, മിനാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ പൂജാമുറിയില്‍ മൗനവ്രതമനുഷ്ഠിച്ച പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്ന മതേതരത്വ നിലപാടാണ് അധികാര പാതയില്‍ ഗുണകരമെന്ന് ആന്റണി വിശ്വസിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉപ സംവരണം അനുവദിച്ചത്, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയത് എന്നു തുടങ്ങി പല നടപടികളും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നഷ്ടപ്പെടാന്‍ കാരണമായെന്ന് ഈ മുതിര്‍ന്ന നേതാവ് കരുതുന്നു. വരുംകാലത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കാനിടയുള്ള സമീപനത്തെക്കുറിച്ചൊരു സൂചന ആന്റണിയുടെ വാക്കുകള്‍ നല്‍കുന്നുണ്ട്. തീവ്ര ഹിന്ദുത്വ അജന്‍ഡകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ മോദി വിഭാഗവും മൃദുഹിന്ദുത്വ സമീപനത്തിലൂടെ വോട്ട് േബാങ്ക് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നത് മതേതര ജനാധിപത്യത്തിന് കരുത്തേകുമെന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട!


ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദം നോക്കിയിരുന്നത്, വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ആസൂത്രണത്തില്‍ ഐ ബിയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്, ഹിന്ദുത്വ ഭീകരവാദ ശൃംഖല ആര്‍ എസ് എസ്സിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് വരെ എത്തുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ അന്വേഷണം മന്ദീഭവിച്ചത് എന്ന് തുടങ്ങി യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന പലതുമുണ്ട്. ഭീകരവാദികളെന്ന് ആരോപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടുകയും അത്തരം അറസ്റ്റുകളിലൂടെ ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന മോദി സിദ്ധാന്തത്തിന് അടിസ്ഥാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്തതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറുകളുമുണ്ട്. ഇതൊക്കെ ഏത് മതേതര തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി വിശദീകരിക്കുക?


സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്, മതേതര നിലപാടുകളുടെ ഉരകല്ലായി മാറുന്ന സ്ഥിതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതില്‍ വലിയ ഉത്തരവാദിത്വം കോണ്‍ഗ്രസിന് തന്നെയാണ്. ഇത്തരം തീരുമാനങ്ങളെ പ്രീണനമായി വിശേഷിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതിനെ ശക്തമായി എതിരിടാന്‍ സംഘടനയെ സജ്ജമാക്കുക എന്ന ബാധ്യത എ ഐ സി സിയുടെ അമരത്തിരിക്കുന്നവര്‍ക്കുണ്ടായിരുന്നു. ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍, സംഘടിതമായി നടത്തിയ കുറ്റകൃത്യങ്ങളെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാനുള്ള ചുമതല ഇവര്‍ തന്നെ നേതൃത്വം നല്‍കിയ ഭരണ സംവിധാനത്തിനുമുണ്ടായിരുന്നു. അതിനൊന്നും ശ്രമിക്കാതെ, ആദര്‍ശപരിവേഷത്തിന് മൗനമൊരു പൊന്‍തൂവലാക്കി അണിഞ്ഞിരുന്ന ശേഷം ഇപ്പോള്‍ വെളിപാടുകളുമായി രംഗപ്രവേശം ചെയ്യുന്നത് ലജ്ജ ലേശവുമില്ലാത്തതിനാലാണ്.


മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് വിധേയത്വത്തെ വിമര്‍ശിച്ചും മതേതരത്വത്തെച്ചൊല്ലിയുള്ള സ്വയംവിമര്‍ശം നടത്തിയും കരുത്താര്‍ജിക്കാവുന്ന അവസ്ഥയല്ല പാര്‍ട്ടിക്ക് എന്നെങ്കിലും കോണ്‍ഗ്രസിന്റെ 'യുദ്ധ മുറി'ക്ക് നേതൃത്വം നല്‍കുന്ന ഈ പ്രവര്‍ത്തക സമിതിയംഗം മനസ്സിലാക്കേണ്ടതുണ്ട്. ആയുര്‍വേദ ചികിത്സകൊണ്ട് പരിഹരിക്കാവുന്ന അനാരോഗ്യമല്ല സംഘടനക്ക് ഉണ്ടായിരിക്കുന്നത് എന്നും. ബി ജെ പിക്കോ ആര്‍ എസ് എസ്സിനോ നിയന്ത്രണാധികാരമില്ലാത്ത, ഏകാധിപത്യ സ്വഭാവം ആദ്യ ദിനം മുതല്‍ തന്നെ പ്രകടിപ്പിക്കുന്ന ഒരു ഭരണ സംവിധാനം നടത്തിയെടുത്തേക്കാവുന്ന കാര്യങ്ങളെക്കുറിച്ച്, ഉത്തര്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമൊക്കെ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍, ചില സങ്കല്‍പ്പങ്ങളെങ്കിലുമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആന്റണിയാണ് ശരി. അതുപക്ഷേ, തിരിച്ചുവരവിനുള്ള അവസാനത്തെ വണ്ടി പിടിക്കാന്‍ സഹായിക്കില്ലെന്ന് മാത്രം.

2014-06-23

കേന്ദ്രീകൃത ജനാധിപധ്യം (മോദി വക)


റെയില്‍വേയിലെ ടിക്കറ്റ് നിരക്കും ചരക്ക് കടത്തിനുള്ള കൂലിയും കൂട്ടി, പാചക വാതക വിലയുടെ സബ്‌സിഡി കുറച്ചു കൊണ്ടുവരാന്‍ ആലോചിക്കുന്നു, ഡീസലിന്റെ വില മാസത്തില്‍ അമ്പത് പൈസ വീതം കൂട്ടി സബ്‌സിഡി ഇല്ലാതാക്കാനുള്ള യു പി എ സര്‍ക്കാറിന്റെ പരിപാടി പരിഷ്‌കരിച്ച് സബ്‌സിഡി വേഗത്തില്‍ ഇല്ലാതാക്കാന്‍ പാകത്തില്‍ വില കൂട്ടാന്‍ ചിന്തിക്കുന്നു, പ്രതിരോധമുള്‍പ്പെടെ എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷപമൊഴുകാന്‍ പാകത്തില്‍ തീരുമാനമെടുക്കാന്‍ പോകുന്നു എന്ന് തുടങ്ങി, ഒരു മാസം പിന്നിടാന്‍ പോകുന്ന നരേന്ദ്ര മോദി ഭരണകൂടം മുന്നോട്ടുവെച്ച കാര്യങ്ങള്‍ നിരവധിയാണ്. ഡോ. മന്‍മോഹന്‍ സിംഗ് നടപ്പാക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളൊക്കെ, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനി അഞ്ച് വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന ഉറപ്പില്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമം. സമ്പദ് വ്യവസ്ഥ ഗുരുതരാവസ്ഥയിലാണെന്നും അതിന്റെ ചികിത്സക്ക് കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇത്തരം തീരുമാനങ്ങള്‍ തന്നെ ജനങ്ങളുടെ അപ്രീതിക്ക് പാത്രമാക്കാമെങ്കിലും സമ്പദ് സ്ഥിതി മെച്ചപ്പെടുമ്പോള്‍ പ്രീതി തിരികെക്കിട്ടുമെന്ന പ്രതീക്ഷ മോദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. തീരുമാനങ്ങള്‍ ബി ജെ പി/എന്‍ ഡി എ സര്‍ക്കാറിന്റെ ജനപ്രീതിയെ ബാധിക്കുമെന്നല്ല, തന്റെ ജനപ്രീതിയെ ബാധിക്കുമെന്നാണ് മോദി പറഞ്ഞത്.


മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനം ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. മൂന്ന് വര്‍ഷത്തിനിടെ ലക്ഷം കോടി നിക്ഷേപിച്ചാല്‍, പത്ത് ലക്ഷം കോടി ലാഭമെടുക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന തിരിച്ചറിവ് മുകേഷ് അംബാനിക്കുണ്ട്, അതിനുള്ള ഉറപ്പുകളാണ് മോദി ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍. പാചകവാതകത്തിന്റെയും ഡീസലിന്റെയും സബ്‌സിഡി ഇല്ലാതായാല്‍ ഇവയില്‍ കച്ചവടം കൂട്ടാന്‍ അംബാനിയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാകില്ല. അധികാരം ബി ജെ പി പിടിച്ചാല്‍, കോണ്‍ഗ്രസ് പിന്തുടര്‍ന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മാത്രമല്ല, ആ നയങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് വേഗത്തില്‍ നടപ്പാക്കുകയാണുണ്ടാകുക എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് രാജ്യത്തെ വന്‍കിട വ്യവസായികളെല്ലാം തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ കൈയയച്ച് പിന്തുണച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു  പിറകെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തിന്റെ തോത് വന്‍തോതില്‍ ഉയര്‍ന്നതിന്റെ കാരണവും സാമ്പത്തിക നയത്തുടര്‍ച്ചയിലുള്ള ഉറപ്പാണ്. ഈ ഉറപ്പ് വ്യവസായികള്‍ക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെന്നാണ് പുതിയ തീരുമാനങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.


ഇതുപോലെ തന്നെ പ്രതീക്ഷിച്ചിരുന്ന മറ്റൊരു സംഗതി നിശ്ശബ്ദം അരങ്ങേറുന്നുവെന്നതാണ് പുതിയ സര്‍ക്കാറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയം. കാളിയുടയാന്‍ ചന്ദ്രക്കാറന്റെ ഭാഷയില്‍ പറഞ്ഞാല്‍ (സി വി രാമന്‍ പിള്ളയോട് കടപ്പാട്) നരേന്ദ്ര മോദി ഭരിച്ചാല്‍ ഇന്ത്യാ മഹാരാജ്യം ഭരുമോ എന്ന പരിശോധന തുടങ്ങിയിരിക്കുന്നു. മന്ത്രിസഭയിലെ ബി ജെ പി പ്രതിനിധികളെ നിശ്ചയച്ചതില്‍, വകുപ്പുകള്‍ അനുവദിച്ചതില്‍, മന്ത്രിമാരുടെ എണ്ണം ചുരുക്കിയതില്‍, ഘടകകക്ഷികളുടെ പ്രതിനിധികളുടെ എണ്ണം പരിമിതപ്പെടുത്തിയതില്‍ ഒക്കെയുണ്ടായിരുന്ന മേധാവിത്വം കൂടുതല്‍ പ്രകടമാകുകയാണ്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മറ്റാരുമുണ്ടാകില്ലെന്ന് ഉറപ്പാകുകയും ചെയ്തപ്പോള്‍ തന്നെ തുടങ്ങിയ പ്രക്രിയയാണിത്. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടും മുമ്പ് തന്നെ, കാബിനറ്റ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു മോദി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന വീഴ്ചകളെന്തൊക്കെ? അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെന്തൊക്കെ? കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യങ്ങളെന്തൊക്കെ? എന്നിത്യാദി ചോദ്യങ്ങളുടെ മറുപടി പട്ടികയായി അവതരിപ്പിക്കാനുള്ള നിര്‍ദേശം.


ജനായത്ത രീതിയില്‍ നിര്‍ണയിക്കപ്പെട്ട പാര്‍ലിമെന്റും മന്ത്രിസഭയും മന്ത്രിസഭാ യോഗങ്ങളുമൊക്കെയുണ്ടാകുമെങ്കിലും നിയന്ത്രണം പൂര്‍ണമായും തന്റെ കൈവശമായിരിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. സ്ഥാനമേറ്റ ശേഷം സെക്രട്ടറിമാരുടെ യോഗം വിളിച്ച് നേരിട്ട് സംസാരിച്ചു. കീഴ്‌വഴക്കമില്ലെങ്കിലും പ്രധാനമന്ത്രി, സെക്രട്ടറിമാരെ നേരിട്ട് വിളിച്ചുള്ള ആശയ വിനിനമയത്തില്‍ അപകടമൊന്നുമില്ല. പക്ഷേ, കാബിനറ്റിലെ സഹപ്രവര്‍ത്തകരെ ഒഴിവാക്കി, സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍,  മന്ത്രിസഭാംഗങ്ങളെ അത്രത്തോളം വിശ്വാസത്തിലെടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറയാതെ പറയുകയാണ് പ്രധാനമന്ത്രി. വകുപ്പ് മന്ത്രിമാരുണ്ടെങ്കിലും താനോ തന്റെ ഓഫീസോ തന്നെയാണ് തീരുമാനങ്ങളില്‍ അന്തിമ വാക്കെന്നും വേണ്ടിവന്നാല്‍ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിക്കില്ലെന്നുമുള്ള സന്ദേശം സെക്രട്ടറിമാര്‍ക്ക് കൈമാറുകയും.


മന്ത്രിസഭാ ഉപസമിതികള്‍, മന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതികള്‍ ഇവയൊക്കെ ഒഴിവാക്കിയിരിക്കുന്നു. ഫയലുകളിലെ തീരുമാനം നാല് ഘട്ടങ്ങള്‍ക്കപ്പുറം പോകരുതെന്നാണ് നിര്‍ദേശം. അതിന് ശേഷവും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കില്‍ കാബിനെറ്റ് സെക്രട്ടേറിയറ്റോ പ്രധാനമന്ത്രിയുടെ ഓഫീസോ തീരുമാനമെടുക്കും. മിക്കവാറും വിഷയങ്ങളില്‍ തീരുമാനം പ്രധാനമന്ത്രി നേരിട്ടു തന്നെ കൈക്കൊള്ളുമെന്ന് ചുരുക്കം. നയപരമായ കാര്യങ്ങളൊക്കെ പ്രധാനമന്ത്രിയുടെ കീഴിലാക്കിയാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഉദ്ദേശ്യമെന്ന് വ്യക്തം. മന്ത്രിസഭാ ഉപസമിതികളും മന്ത്രിമാരടങ്ങുന്ന ഉന്നതാധികാര സമിതികളും ഒഴിവാക്കിയത്, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയുടെ വേഗം കൂട്ടുമെന്നാണ് ശുഭാപ്തി വിശ്വാസികളുടെയും വ്യവസായികളുടെയും വാദം. തീരുമാനങ്ങള്‍ വേഗത്തിലുണ്ടായേക്കാം, പക്ഷേ, തീരുമാനിക്കപ്പെടുന്ന കാര്യങ്ങളുടെ ആഘാത പരിധി സംബന്ധിച്ച വിശദമായ ആലോചനകളുടെ ഒരു വേദിയാണ് മന്ത്രിമാരടങ്ങുന്ന സമിതികളുടെ അഭാവത്തില്‍ ഇല്ലാതാകുന്നത്.


വ്യാഴവട്ടത്തിലേറെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ഭരണത്തെ അവലോകനം ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. അവിടെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ആണ് തീരുമാനങ്ങളെടുത്തിരുന്നത്. ആ തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിലേക്കുള്ള കുറിപ്പായി എത്തുമ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ അറിയുക. എടുത്ത തീരുമാനങ്ങളെക്കുറിച്ചോ നടപ്പാക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ചോ മാധ്യമങ്ങളോട് അവിടുത്തെ മന്ത്രിമാര്‍ പൊതുവില്‍ സംസാരിച്ചിരുന്നില്ല. സംസാരിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണമെന്നതായിരുന്നു അപ്രഖ്യാപിത ചട്ടം. അനുമതി ചോദിച്ചാല്‍ തന്നെ കിട്ടുക അപൂര്‍വവും. ആറ് മാസത്തിലൊരിക്കല്‍ സമ്മേളിക്കണമെന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി മാത്രമായിരുന്നു പലപ്പോഴും നിയമസഭാ സമ്മേളനങ്ങള്‍. ഏതാണ്ട് സമാനമായ ഭരണരീതി കേന്ദ്രത്തിലും ആവര്‍ത്തിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ഇതിലും നല്ല രീതിയില്‍ രാജ്യത്തോട് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല.


മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും ബി ജെ പിയുടെ നേതാക്കള്‍ക്കും ആ പാര്‍ട്ടിയുടെ മന്ത്രിസഭയിലെ പ്രതിനിധികള്‍ക്കും ഇക്കാര്യങ്ങളൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. മന്ത്രിമാരെ ഒഴിവാക്കി, സെക്രട്ടറിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പുരികമുയര്‍ത്തിപ്പോലും അതൃപ്തരായില്ല അവരാരും. പാര്‍ട്ടി നേതൃത്വം ദൈനംദിനം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച്, സര്‍ക്കാര്‍ നടപടികളെ വിശദീകരിക്കുകയോ ന്യായീകരിക്കുകയോ വേണ്ടതില്ലെന്ന സന്ദേശം ലഭിച്ചപ്പോള്‍ മുറുമുറുപ്പ് പോലുമുണ്ടായില്ല. സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പാര്‍ട്ടി അഭിപ്രായം പറയുന്ന രീതി മോദി മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തിലുണ്ടായിരുന്നില്ല. ഏതെങ്കിലും കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍, മോദി സാഹെബിന്റെ അനുമതിയില്ലാതെ പറയാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കളും കുറവായിരുന്നു ഗുജറാത്തില്‍. അതേ സ്ഥിതി ദേശീയതലത്തില്‍ ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്ന് തോന്നുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ അതത്ര പ്രയാസമുള്ള കാര്യമാണെന്ന് തോന്നുന്നുമില്ല.


ആദ്യ നൂറ് ദിനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ തുടക്കത്തിലും ഇത്തരമൊരു നിര്‍ദേശമുണ്ടായിരുന്നു. അന്ന് ദിവസങ്ങള്‍ക്കകം മന്ത്രിമാരുടെ വാര്‍ത്താ സമ്മേളന പ്രളയമുണ്ടായി, 100 ദിന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍. ചില മന്ത്രിമാര്‍ മാസക്കണക്കില്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കാനും മടി കാട്ടിയില്ല. കണക്കപ്പിള്ളമാരില്‍ പ്രമുഖനായിരുന്ന പി ചിദംബരം തന്നെ ഉദാഹരണം. എന്നാല്‍ ഇക്കുറി അതൊന്നുമുണ്ടാകുന്നില്ല. സ്വന്തം വകുപ്പില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാനൊന്നുമില്ല എന്നതുകൊണ്ടാകുമോ ഈ മൗനം? ആകാനിടയില്ല. നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയോ ഉദ്യോഗസ്ഥരാല്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്ന കാര്യങ്ങള്‍ പരമാധികാരിക്ക് ബോധ്യപ്പെടുന്നതാകുമോ എന്ന സംശയം മന്ത്രിമാര്‍ക്കുണ്ടാകും. പരമാധികാരിക്ക് ബോധ്യപ്പെട്ടാല്‍ തന്നെ, അത് മാധ്യമദ്വാരാ പറയേണ്ടത് തങ്ങള്‍ തന്നെയാണോ എന്ന സംശയവുമുണ്ടാകും. മന്ത്രാലയത്തില്‍ വേണ്ട സെക്രട്ടറിമാര്‍ ആരൊക്കെ എന്നതില്‍ പോലും തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത മന്ത്രിമാര്‍ക്ക്, പദ്ധതികളെക്കുറിച്ച് പറയാനാകുമെന്ന് കരുതുന്നത് തന്നെ മൗഢ്യമാണ്.


കോര്‍പറേറ്റുകള്‍ക്ക് തഴച്ചുവളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കും വിധത്തിലുള്ള നയങ്ങള്‍, യു പി എ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്നത്, തുടരുന്നതിനേക്കാള്‍ വലിയ അപകടം ഒരുപക്ഷേ ഈ അധികാര കേന്ദ്രീകരണമാണ്. കാരണം തീര്‍ത്തും അതാര്യമായിരിക്കും ഈ സംവിധാനം. ആഘാതം നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രമേ, ചില വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുത്ത് നടപ്പാക്കപ്പെട്ടുവെന്ന വിവരം പുറം ലോകം അറിയൂ. സാമ്പത്തിക നയപരിപാടികളുള്‍പ്പെടെ, വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകാമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കരുത് എന്ന വിശാലമായ താത്പര്യം മാത്രമേ ആര്‍ എസ് എസ്സിനുള്ളൂവെന്നും നേതാക്കള്‍ അറിയിച്ചു. മോദിയെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലെന്ന് ഇതിലും ഭംഗിയായി തുറന്ന് പറയാന്‍ ആര്‍ എസ് എസ്സിന് സാധിക്കില്ല. സംഘ് നേതൃത്വത്തിന് കഴിയാത്ത കാര്യം, ബി ജെ പി നേതൃത്വത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുകയും വയ്യ. ആ ഉറപ്പുള്ളതുകൊണ്ടാണ് തീരുമാനങ്ങള്‍ സര്‍ക്കാറിന്റെയോ ബി ജെ പിയുടെയോ ജനപ്രീതിയെ ബാധിക്കാനിടയുണ്ട് എന്ന് പറയുന്നതിന് പകരം 'എന്റെ' ജനപ്രീതിയെ ബാധിക്കാനിടയുണ്ടെന്ന് മോദി പറയുന്നത്. രാജ്യം സമ്പദ് സമൃദ്ധമാകുമ്പോള്‍ ജനങ്ങളുടെ പ്രീതി 'എനിക്ക്' തിരിച്ചുകിട്ടുമെന്നും പറയുന്നത്. അങ്ങനെ ഇന്ത്യാ മഹാരാജ്യം 'ഭരുമോ' എന്നതാണ് പരീക്ഷണം.

2014-06-08

മുക്കത്തെ തെറ്റും പ്രചാരണത്തിലെ ശരിയും


മലയാളം അധ്യയന മാധ്യമമല്ലാത്ത എത്ര സ്‌കൂളുകളുണ്ടാകും കേരളത്തില്‍? മലയാളം പാഠ്യവിഷയമല്ലാത്ത സ്‌കൂളുകള്‍ എത്രയെണ്ണമുണ്ടാകും? സ്‌കൂള്‍ വളപ്പില്‍ മലയാളം പറഞ്ഞാല്‍ കുട്ടികള്‍ക്ക് പിഴ ശിക്ഷ വിധിക്കുന്ന സ്‌കൂളുകള്‍ എത്രയെണ്ണം കാണും? സസ്യം ഭുജിക്കാന്‍ കയറുന്ന ബ്രാഹ്മണാള്‍ ബ്രാന്‍ഡായ ഹോട്ടലുകളില്‍ പ്ലേറ്റെടുക്കാനും മേശ തുടക്കാനും പതിനാല് തികയാത്തവരെത്തുന്ന കാലം അവസാനിച്ചോ? (ശീലം സസ്യമായതിനാലാണ് ഈ ബ്രാന്‍ഡിനെക്കുറിച്ച് പരാമര്‍ശിച്ചത്, മറ്റിടങ്ങള്‍ക്കും ബാധകം) കേരളത്തിന്റെ നിര്‍മാണ മേഖലയെ ഉത്തേജിതമാക്കി നിലനിര്‍ത്താന്‍, ഏജന്റുമാര്‍ മുഖാന്തിരമെത്തി കുറഞ്ഞ കൂലിക്ക് വിയര്‍പ്പൊഴുക്കുന്ന ഇതര സംസ്ഥാനക്കാരായ വ്യക്തികളുടെ/ദമ്പതികളുടെ കുട്ടികള്‍ എന്ത് ചെയ്യുകയാകും? അവരിലെത്ര പേര്‍ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ റോഡുകളില്‍ കുഴിയെടുക്കാനും ഇഷ്ടിക ചുമക്കാനും പോകുന്നുണ്ടാകും?


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് (കേരളത്തിലെ യതീംഖാനകള്‍ എന്ന് മനഃപൂര്‍വം ഉപയോഗിക്കുന്നില്ല) ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് ആരോപിക്കപ്പെടുകയും മനുഷ്യക്കടത്ത് തന്നെയെന്ന് സ്ഥാപിക്കാന്‍ അക്ഷീണ യത്‌നം നടക്കുകയും ചെയ്യുന്നുണ്ട്. യതീംഖാനകളിലേക്ക് കൊണ്ടുവന്ന കുട്ടികളില്‍ കുറച്ചുപേര്‍ക്ക്, ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ സമ്മതപത്രം, കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് പഠനാവശ്യത്തിന് അയക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ കുറിപ്പടി എന്നിവ ഇല്ലായിരുന്നുവെന്നത് വസ്തുതയാണ്. ഇത്തരം രേഖകളൊന്നുമില്ലാതെ കുട്ടികളെ കൊണ്ടുവരുന്നത് നിയമ വ്യവസ്ഥകളുടെ കണ്ണിലൂടെ നോക്കിയാല്‍ കടത്ത് തന്നെയാണ്.


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠനാവസരം നല്‍കുക എന്നതാണ് 'കടത്തി'ന്റെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ലൈംഗിക, അവയവ വിപണി ലാക്കാക്കിയും വേലക്ക് നിയോഗിക്കാനും വേണ്ടിയാണ് കൊണ്ടുവന്നതെന്ന ആക്ഷേപം ഉയര്‍ത്തപ്പെട്ടു. ബാലവേലക്കാണോ കൊണ്ടുവന്നത് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ സന്ദേഹിക്കുകയും ചെയ്തു. ഭക്ഷണ, താമസ, പഠന സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ കൂടി, ഇതര സംസ്ഥാനത്തെ കുട്ടികളെ അവരുടെ സംസ്‌കാരത്തില്‍ നിന്നും ഭാഷയില്‍ നിന്നും അടര്‍ത്തിമാറ്റി കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് മാറ്റുന്നത് തടവിലിടുന്നതിന് തുല്യമാണെന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. ഇക്കാരണത്താല്‍ അവരെ സ്വന്തം നാടുകളിലേക്ക് മടക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി നേരത്തെ പറഞ്ഞ വിധം സന്ദേഹിച്ചത്. സ്വന്തം സംസ്‌കാരം, ജീവിത സാഹചര്യം, മാതൃഭാഷ എന്നിവയില്‍ നിന്ന് ഈ കുട്ടികളെ അകറ്റി നിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് വലിയ വേവലാതി ഉണ്ടായ സാഹചര്യത്തിലാണ് കേരളത്തിലെ അധ്യയന സമ്പ്രദായത്തെക്കുറിച്ച് മേലുന്നയിച്ച സംശയങ്ങള്‍ ഉണ്ടായത്.


നമ്മുടെ കുട്ടികള്‍, മാതൃഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് വേവലാതി പൂണ്ട് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാല്‍പ്പോലും അത് നടപ്പാക്കപ്പെടുമെന്ന ഉറപ്പ് ഇല്ല തന്നെ. അതുകൊണ്ടാകണം ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെങ്കിലും മാതൃഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ ചിലര്‍ കോടതിയെ സമീപിച്ചത് എന്ന് കരുതുക. ആ സദുദ്ദേശ്യ സംരംഭം പരിഗണിക്കവെയാണ് കുട്ടികളെ ബാലവേലക്ക് കൊണ്ടുവന്നതാണോ എന്ന സന്ദേഹം കോടതിക്കുണ്ടായത്. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുവരാതെ, കുട്ടികളെ എന്തിനാണ് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത് എന്ന ചോദ്യവും ബഹുമാനപ്പെട്ട കോടതി ഉന്നയിച്ചു. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുവരുമ്പോഴുള്ള ഉദ്ദേശ്യശുദ്ധിയോ നിയമപരതയോ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ കൊണ്ടുവരുന്നതില്‍ ഇല്ല എന്ന മുന്‍ ബോധ്യം കോടതിക്കുണ്ട് എന്നതില്‍ നിന്നാണ് ഇത്തരമൊരു ചോദ്യമുയരുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളില്‍, വിശിഷ്യ മുസ്‌ലിംകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍, നടക്കുന്ന പ്രവൃത്തികളെ സംശയത്തോടെ കാണേണ്ടതുണ്ട് എന്ന പൊതുധാരണയുടെ പ്രതിഫലനമായി മാത്രമേ ഇതിനെ കാണാനാകൂ.


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്കാണ് കുട്ടികളെ കൊണ്ടുവന്നത് എന്നും ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍മാര്‍ഗം വരുമ്പോള്‍ കൊച്ചി, തിരുവനന്തപുരം വഴിയല്ല കോഴിക്കോട്ടും മലപ്പുറത്തും എത്തുക എന്നും കോടതിക്ക് മനസ്സിലായിട്ടേയില്ല. ഹരജിക്കാധാരമായ സംഭവത്തില്‍, ഏത് വഴിക്കാണ് കുട്ടികള്‍ വന്നത്, ഏത് യതീംഖാനയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നത് എന്നതടക്കം പ്രാഥമിക വിവരങ്ങള്‍ പോലും വേണ്ടവിധം മനസ്സിലാക്കാതെ ബാലവേലക്കാണോ കൊണ്ടുവന്നത് എന്ന് സന്ദേഹിക്കുമ്പോള്‍, എന്തിന് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുവന്നു എന്ന് ചോദിക്കുമ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിയാനമുണ്ടാകുന്നുണ്ടോ എന്ന് സംശയിച്ചാല്‍ അതൊരുപക്ഷേ കോടതിയലക്ഷ്യമായി മാറിയേക്കാം. കൊണ്ടുവന്നത് തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ അനാഥാലയങ്ങളിലേക്ക് (യതീംഖാനയല്ല) ആയിരുന്നുവെങ്കില്‍ ഇത്രയും വലിയ ആരോപണമോ തര്‍ക്കമോ ഉണ്ടാകുമായിരുന്നില്ലെന്ന തോന്നല്‍ കൂടി ജനിപ്പിക്കുന്നുണ്ട് കോടതിയുടെ ചോദ്യം.


നടന്നത് മനുഷ്യക്കടത്താണോ അല്ലയോ എന്ന് തീര്‍ച്ചപ്പെടുത്തണമെങ്കില്‍ യതീംഖാനകളിലേക്ക് മുന്‍വര്‍ഷങ്ങളില്‍ എത്തിയ കുട്ടികള്‍ ഇപ്പോഴെന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍, 18 വയസ്സ് പൂര്‍ത്തിയായാല്‍ തെരുവിലേക്ക് ഇറങ്ങണമെന്നതാണ് നിലവിലുള്ള അവസ്ഥ. ഇവര്‍ക്ക് തുടര്‍ജീവിതത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും 28 സംസ്ഥാന സര്‍ക്കാറുകള്‍ക്കും (തെലങ്കാന ജനിക്കുന്നതിന് മുമ്പ്) സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളുടെ പോലും ഉത്തരവാദിത്വം കുട്ടിക്ക് 18 ആകുന്നതോടെ തീരുന്ന അവസ്ഥയില്‍, യതീംഖാനകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇപ്പോഴെന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ച് മനുഷ്യക്കടത്താണോ എന്ന് നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ യുക്തി എത്രത്തോളമാണ്? ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സി പി ഐ (മാവോയിസ്റ്റ്) നേതാവ് കൊബാദ് ഘന്‍ഡി, (തടവുകാരില്‍ വലിയൊരു വിഭാഗത്തിന്റെ ആദരം അദ്ദേഹം നേടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍) ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഠിച്ച ഡൂണ്‍ സ്‌കൂളില്‍ പഠിച്ചിരുന്നു. സായുധ സമരത്തിന്റെ പാത സ്വീകരിക്കാന്‍ കൊബാദ് ഘന്‍ഡി തീരുമാനിച്ചതിന് പിന്നില്‍ ഡുണ്‍ സ്‌കൂളിന്റെ പങ്കെന്തെന്ന് ആരെങ്കിലും അന്വേഷിക്കുമോ?


മനുഷ്യക്കടത്തെന്ന ആരോപണവും അത് സാധൂകരിക്കാനായി ഉന്നയിക്കപ്പെടുന്ന നിയമപരവും വൈകാരികവുമായ പ്രശ്‌നങ്ങളും ഒരൊറ്റ സംശയത്തില്‍ അധിഷ്ഠിതമാണ്. യതീംഖാനകള്‍ മതമൗലികവാദം കുത്തിവെക്കുകയും ഭീകര/തീവ്ര വാദികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണോ എന്ന സംശയത്തില്‍. കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാണെന്ന ആക്ഷേപം സംഘ് പരിവാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നു.  പ്രധാനമന്ത്രിയാകാനുള്ള പ്രചാരണയാത്രക്കിടെ മംഗലാപുരത്ത് റാലിക്കെത്തിയ നരേന്ദ്ര മോദി ആക്ഷേപം ആവര്‍ത്തിച്ചിരുന്നു. ഈ ആക്ഷേപത്തിന്റെ പരിധിയില്‍ യതീംഖാനകളും ഉള്‍പ്പെടുന്നുണ്ടോ എന്ന സംശയമാണ് മനുഷ്യക്കടത്തെന്ന, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന പ്രയോഗത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. ലൈംഗിക/അവയവ വിപണിയില്‍ എത്തിക്കാനോ ബാലവേലക്കോ വേണ്ടിയാണോ കുട്ടികളെ കൊണ്ടുവന്നത് എന്ന സംശയം ഉന്നയിക്കുന്നത് ഒരു മേമ്പൊടി മാത്രം. ഇതര സംസ്ഥാനങ്ങളിലെ അനാഥരെ/അഗതികളെ പഠിപ്പിക്കുക എന്ന സാമൂഹിക പ്രവര്‍ത്തനത്തില്‍ അത്രത്തോളം താത്പര്യമുള്ളവര്‍ അവിടങ്ങളില്‍പ്പോയി സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി പറയുമ്പോള്‍, ഇവിടേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പരോക്ഷമായി ഉറപ്പിക്കുകയാണ് അദ്ദേഹം. സംശയങ്ങളിലൂന്നി പ്രചാരണം കൊഴുപ്പിക്കാന്‍ തക്കം നോക്കുന്നവര്‍ക്ക് വലിയ അവസരം നല്‍കുന്നതായി, വസ്തുതകള്‍ പൂര്‍ണമായി പുറത്തറിയും മുമ്പ് ആഭ്യന്തര മന്ത്രി നടത്തിയ ഈ പരാമര്‍ശം. അത് പറയുന്നതില്‍ രമേശ് ചെന്നിത്തലക്ക്, കോണ്‍ഗ്രസിനും യു ഡി എഫിനും അകത്തും പുറത്തുമുള്ള രാഷ്ട്രീയം കൂടി കാരണമാകാം.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന യതീംഖാനകള്‍ നല്‍കിയ സംഭാവനകള്‍ കാണാതിരുന്നുകൂടാ. കുട്ടികളെ കൊണ്ടുവരുന്നത് നിയമപരമായിട്ടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത അതിന്റെ ഭാരവാഹികള്‍ക്കുണ്ടായിരുന്നു. കുറഞ്ഞത് എല്ലാ കുട്ടികള്‍ക്കും ടിക്കറ്റെങ്കിലും എടുക്കേണ്ട ഉത്തരവാദിത്വം. അതില്‍ കാട്ടിയ വീഴ്ചക്ക് നിയമപരമായ ശിക്ഷ അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യത്തില്‍ യതീംഖാനകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് ആരോഗ്യകരവുമാണ്. അങ്ങനെ വരുമ്പോള്‍ നിഷ്‌ക്രിയമായിപ്പോകുന്ന ഭൗതിക സാഹചര്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കായി നീക്കിവെക്കുന്നതിലും തെറ്റില്ല. പക്ഷേ, അതിനെ കച്ചവടക്കണ്ണോടെ കണ്ടുപോകുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം ഉറപ്പാക്കുന്നതിന് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഈ സംശയത്തിന് ബലമേകുന്നു.


സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവസരം പ്രദാനം ചെയ്യുമ്പോള്‍, അതിന് സംസ്ഥാന അതിരുകള്‍ ബാധകമാക്കാതെ സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്നതില്‍ അപാകമില്ല. ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്തി കൊണ്ടുവരികയാണ് ചെയ്യുന്നത് എന്ന് ഭരണ സംവിധാനങ്ങളെ (അവിടുത്തെയും ഇവിടുത്തെയും) ബോധ്യപ്പെടുത്തി സഹായം ഉറപ്പിക്കുകയാണ് വേണ്ടത്. അത് ചെയ്യാതിരിക്കുമ്പോള്‍, സംശയത്തിന്റെ കാര്‍മേഘങ്ങളെ ആവാഹിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നവര്‍ക്ക്, ചുളുവിലൊരു അവസരം തുറന്നുകിട്ടുകയാണ്. വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാതെ ലൗ ജിഹാദിലും കാശ്മീരിലേക്ക് നൂറുകണക്കിന് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന ആരോപണത്തിലും കാറ്റ് പിടിപ്പിച്ച തീവ്ര/മൃദു ഹിന്ദുത്വ ബുദ്ധികള്‍ എല്ലാ തലങ്ങളിലുമുള്ള നാടാണ് ഇതെന്ന  ഓര്‍മ ഉണ്ടാകേണ്ടതുമുണ്ട്. അന്നമില്ലാതൊട്ടുന്ന കുഞ്ഞുവയറിനേക്കാള്‍ അവര്‍ക്ക് പ്രധാനം സംശയത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്യുമ്പോള്‍ ലഭിക്കുന്ന വിളയുടെ കനമായിരിക്കും.


അനാഥരോ അഗതികളോ ആയ കുഞ്ഞുങ്ങള്‍ക്ക് ചൂഷണരഹിതമായ ജീവിത സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളെന്ന് കരുതാന്‍ നിര്‍വാഹമില്ല. മരം കോച്ചുന്ന രാവുകളില്‍ തെരുവോരങ്ങളില്‍ ഉറങ്ങേണ്ടിവരുന്ന നിസ്സഹായര്‍ക്കായി അഭയകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി വിധിച്ചിട്ട് രണ്ട് വര്‍ഷമെങ്കിലുമായി. ഡല്‍ഹിയിലെ തെരുവുകളില്‍ തണുപ്പ് സഹിയാതെ അവസാനശ്വാസം വലിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. 14 വയസ്സ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ട് അറുപത്തിനാലാണ്ടായി. മേശ തുടക്കാനും പ്ലേറ്റെടുക്കാനുമെത്തുന്ന പതിനാലിലെത്താത്ത കുഞ്ഞുങ്ങള്‍ ഇപ്പോഴും അപൂര്‍വ കാഴ്ചയല്ല. അത്തരമൊരു സാമൂഹിക വ്യവസ്ഥയില്‍ തര്‍ക്കങ്ങളും അതിന്‍മേലുള്ള മുതലെടുപ്പും മാത്രമേ സാധ്യമാകൂ.