2014-06-30

ആന്റണിയുടെ സങ്കീര്‍ത്തനങ്ങള്‍


വികസനത്തിന്റെ അവസാനത്തെ ബസ്സ് കേരളത്തിന് നഷ്ടമാകുന്നതില്‍ വേപഥുപൂണ്ട ആദര്‍ശപുരുഷന്‍, 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഭാരവും പേറിയാണ് ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രയായത്. വികസനയാനം രാജ്യത്തിന് നഷ്ടമാകാതെ നോക്കുക എന്നതായിരുന്നു പതിറ്റാണ്ട് കാലത്തെ ഇന്ദ്രപ്രസ്ഥവാസകാലത്തെ നിയോഗം. ഒടുവില്‍ പരാജയത്തിന്റെ ഭാണ്ഡം സമ്മാനമായി സ്വീകരിച്ച് മടക്കം. അപ്പോഴുണ്ടാകുന്ന ചില വീണ്ടുവിചാരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പാകെ കൂടുതല്‍ പരിഹാസ്യപാത്രമാക്കുമെന്ന് അറുപതാണ്ടോളം ആദര്‍ശരാഷ്ട്രീയം പയറ്റിയ എ കെ ആന്റണിക്ക് പോലും മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുകയാണ് നരേന്ദ്ര മോദി സര്‍ക്കാറെന്ന് ആന്റണി കുറ്റപ്പെടുത്തുന്നത്. ചില വിഭാഗങ്ങളോട് കൂടുതല്‍ ചായ്‌വ് കാട്ടിയോ എന്ന തോന്നല്‍ ജനങ്ങളിലുണ്ടായെന്നും കോണ്‍ഗ്രസ് പറയുന്ന മതേതരത്വത്തെ ജനം വിശ്വാസത്തിലെടുക്കാതായെന്നും വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് എത്തിനില്‍ക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് ആന്റണിയുടെ പ്രസ്താവനകള്‍ കൂടുതല്‍ വെളിച്ചം പകരുന്നുമുണ്ട്.


കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണത്തിനാണ് നരേന്ദ്ര മോദി മുന്‍ഗണന നല്‍കുക എന്നത്, ആ ദേഹം പ്രധാനമന്ത്രിക്കസേരയിലെത്തുമോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത കാലത്തു തന്നെ വ്യക്തമായതാണ്. കുറഞ്ഞ വിലക്ക് ഭൂമി അദാനിക്കും ടാറ്റക്കുമൊക്കെ കൈമാറി, വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരികയും അതിന്റെ പ്രയോജനം സാധാരണക്കാരന് നിഷേധിക്കുകയും ചെയ്തതാണ് ഗുജറാത്തിലെ മോദിചരിതം. അതിന്റെ വിശാലമായ പതിപ്പാണ് നടപ്പാക്കപ്പെടാന്‍ പോകുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയും ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് ഊര്‍ജിതമായി നടപ്പാക്കുകയും ചെയ്ത കാര്യപരിപാടികളുടെ തുടര്‍ച്ച കൂടിയാണ് സംഭവിക്കുന്നത് എന്ന വസ്തുത എ കെ ആന്റണി മറന്നു കൂട. പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇല്ലാതാക്കി, വില നിയന്ത്രണാധികാരം കമ്പോളത്തിന് നല്‍കാന്‍ നയപരമായി തീരുമാനിച്ചത് ആന്റണി കൂടി ആസനസ്ഥനായ മന്‍മോഹന്‍ മന്ത്രിസഭയാണ്.

ആദ്യ ഘട്ടത്തില്‍ പെട്രോള്‍ സബ്‌സിഡി ഒഴിവാക്കി, ഡീസലിന്റെത് ലിറ്ററിന് മാസം തോറും അമ്പത് പൈസ വീതം വില വര്‍ധിപ്പിച്ച് ക്രമാനുഗതമായി ഒഴിവാക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. എണ്ണക്കമ്പനികള്‍ നേരിടുന്ന ഭീമമായ നഷ്ടം പരിഹരിക്കാനാണ് ഈ തീരുമാനമെന്നാണ് വാദിച്ചിരുന്നത്. രാജ്യത്താകെ പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പനശാലകള്‍ ആരംഭിക്കുകയും സബ്‌സിഡിയോടെയുള്ള വില്‍പ്പന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടരുന്നതിനാല്‍ അവ അടച്ചിടേണ്ടിവരികയും ചെയ്ത റിലയന്‍സിനെയും ഷെല്ലിനെയും പോലുള്ള കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ആ തീരുമാനമെന്നത് ആന്റണിക്ക് അറിയാതിരിക്കില്ല.


കൃഷ്ണ - ഗോദാവരി ബേസിനില്‍ പ്രകൃതി വാതക ഖനനം നടത്താന്‍ ഏഴായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുകേഷ് അംബാനിയുടെ കമ്പനിക്ക് പാട്ടത്തിന് നല്‍കുമ്പോള്‍, നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്, കുറഞ്ഞ നിരക്കില്‍ വാതകം നല്‍കുന്നതിന് കരാറുണ്ടാക്കിയിരുന്നു. ഇതേ നിരക്കിന് മുകേഷിന്റെ സഹോദരന്‍ അനിലിന്റെ കമ്പനിക്ക് വാതകം നല്‍കാനും കരാറുണ്ടാക്കി. പര്യവേക്ഷണം നടത്തി വാതകമുണ്ടെന്ന് ഉറപ്പാക്കി ഉത്പാദനം ആരംഭിച്ചപ്പോള്‍ അനിലിന്റെ കമ്പനിക്ക് കുറഞ്ഞ നിരക്കില്‍ വാതകം നല്‍കാനാകില്ലെന്ന് മുകേഷിന്റെ കമ്പനി പറഞ്ഞു. കേസും പുക്കാറുമായി. സുപ്രീം കോടതിയിലെത്തിയപ്പോള്‍ കരാര്‍ പാലിക്കാന്‍ മുകേഷിന്റെ കമ്പനിക്ക് ബാധ്യതുണ്ടെന്നല്ല ആന്റണി കൂടി പങ്കാളിയായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. വില നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നാണ്. വിരമിച്ചതിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തിയ, അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്, ഭൂരിപക്ഷ വിധിയിലൂടെ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു.


ദിവസങ്ങള്‍ക്കുള്ളില്‍ വാതകവില ഇരട്ടിയാക്കിക്കൊണ്ട് മുകേഷിന്റെ കമ്പനിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍.
പര്യവേക്ഷണത്തിനും ഖനനത്തിനും വേണ്ടി വന്ന ചെലവ് പെരുപ്പിച്ച് കാണിച്ചാണ് വാതകവില കൂട്ടണമെന്ന് മുകേഷിന്റെ കമ്പനി ആവശ്യപ്പെടുന്നത് എന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ട് മുന്നിലിരിക്കെയാണ് ആന്റണി കൂടി പങ്കാളിയായ മന്ത്രിസഭ വില കൂട്ടാന്‍ തീരുമാനിച്ചത്. വില കൂട്ടുമ്പോള്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് അധികബാധ്യതയുണ്ടാകുമെന്നും അത് സര്‍ക്കാര്‍ ഖജാനക്കാണ് നഷ്ടമുണ്ടാക്കുന്നതെന്നും അറിയാതെയുമായിരുന്നില്ല ഈ തീരുമാനം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു ആന്റണിയുടെ പ്രിയമിത്രവും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന വീരപ്പ മൊയ്‌ലി. ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് കൊണ്ടുമാത്രം ആ തീരുമാനം നടപ്പായില്ല. ഇതെല്ലാം കോര്‍പറേറ്റുകളെ സഹായിക്കുന്ന തീരുമാനങ്ങളായിരുന്നുവെന്ന് ആദര്‍ശധീരനായ ആന്റണിക്ക് അക്കാലത്ത് തോന്നിയതേയില്ല!


ഹച്ചിസണ്‍ എസ്സാറിനെ ഏറ്റെടുത്ത വൊഡാഫോണ്‍ നികുതിയിനത്തില്‍ ഖജനാവിലേക്ക് 11,000 കോടി രൂപ നല്‍കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് കോടതികള്‍ അംഗീകരിച്ചതിന് ശേഷവും പണമീടാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍. ധനമന്ത്രിമാരായിരുന്ന പ്രണാബും ചിദംബരവും വൊഡാഫോണിനോട് മൃദു സമീപനം സ്വീകരിച്ചപ്പോള്‍, കാബിനറ്റില്‍ താക്കോല്‍ സ്ഥാനത്ത് ആന്റണിയുമുണ്ടായിരുന്നു. മന്ത്രിസഭയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലുമുണ്ടായിരുന്നു ഈ ദേഹം. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ  വിശ്വസ്ത സ്ഥാനത്തുമുണ്ടായിരുന്നു. എന്നിട്ടും നികുതി ഈടാക്കാതിരിക്കുന്നത് ശരിയല്ലെന്ന് പരസ്യമായി പറയാന്‍ ആദര്‍ശസുരഭില വ്യക്തിത്വം തയ്യാറായതേയില്ല. മൂന്നോ നാലോ മാസം മുമ്പ് വരെ (തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലം കൂടി പരിഗണിച്ച്) നിലനിന്ന അവസ്ഥയെ  എളുപ്പത്തില്‍ മറന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് താത്പര്യ സംരക്ഷണത്തെ വിമര്‍ശിക്കാന്‍ ആന്റണി സന്നദ്ധനാകുമ്പോള്‍ അതിനെ കാപട്യമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. 'ഞങ്ങള്‍ പിന്തുടര്‍ന്ന നയങ്ങളിലും തെറ്റുണ്ടായിരുന്നു, അത് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കു'മെന്ന് പറയാത്തിടത്തോളം കാലം ഇത്തരം പ്രസ്താവനകള്‍ പരിഹാസത്തിന് മാത്രമേ പാത്രമാകൂ.  മന്ത്രിസ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിറകെ മാസം 16 ലക്ഷം രൂപ വാടകയുള്ള ബംഗ്ലാവിലേക്ക് താമസം മാറ്റുന്ന നേതാക്കളുള്ള കോണ്‍ഗ്രസ് പാര്‍ട്ടി, നയങ്ങളില്‍ തെറ്റ് പറ്റിയെന്ന് പറയുമെന്ന് പ്രതീക്ഷിക്കാനും സാധിക്കില്ല.


കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മതേതരത്വം ജനത്തിന് വിശ്വാസയോഗ്യമാകുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍, മൃദു ഹിന്ദുത്വ നിലപാടുകളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോയത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് പറയാതെ പറയുകയാണ് ആന്റണി. അയോധ്യയില്‍ ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസം അനുവദിച്ച, മിനാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ പൂജാമുറിയില്‍ മൗനവ്രതമനുഷ്ഠിച്ച പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്ന മതേതരത്വ നിലപാടാണ് അധികാര പാതയില്‍ ഗുണകരമെന്ന് ആന്റണി വിശ്വസിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉപ സംവരണം അനുവദിച്ചത്, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയത് എന്നു തുടങ്ങി പല നടപടികളും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നഷ്ടപ്പെടാന്‍ കാരണമായെന്ന് ഈ മുതിര്‍ന്ന നേതാവ് കരുതുന്നു. വരുംകാലത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കാനിടയുള്ള സമീപനത്തെക്കുറിച്ചൊരു സൂചന ആന്റണിയുടെ വാക്കുകള്‍ നല്‍കുന്നുണ്ട്. തീവ്ര ഹിന്ദുത്വ അജന്‍ഡകളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ മോദി വിഭാഗവും മൃദുഹിന്ദുത്വ സമീപനത്തിലൂടെ വോട്ട് േബാങ്ക് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നത് മതേതര ജനാധിപത്യത്തിന് കരുത്തേകുമെന്നതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട!


ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദം നോക്കിയിരുന്നത്, വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ ആസൂത്രണത്തില്‍ ഐ ബിയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്, ഹിന്ദുത്വ ഭീകരവാദ ശൃംഖല ആര്‍ എസ് എസ്സിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് വരെ എത്തുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ അന്വേഷണം മന്ദീഭവിച്ചത് എന്ന് തുടങ്ങി യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന പലതുമുണ്ട്. ഭീകരവാദികളെന്ന് ആരോപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടുകയും അത്തരം അറസ്റ്റുകളിലൂടെ ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന മോദി സിദ്ധാന്തത്തിന് അടിസ്ഥാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്തതില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറുകളുമുണ്ട്. ഇതൊക്കെ ഏത് മതേതര തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി വിശദീകരിക്കുക?


സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്, മതേതര നിലപാടുകളുടെ ഉരകല്ലായി മാറുന്ന സ്ഥിതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതില്‍ വലിയ ഉത്തരവാദിത്വം കോണ്‍ഗ്രസിന് തന്നെയാണ്. ഇത്തരം തീരുമാനങ്ങളെ പ്രീണനമായി വിശേഷിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതിനെ ശക്തമായി എതിരിടാന്‍ സംഘടനയെ സജ്ജമാക്കുക എന്ന ബാധ്യത എ ഐ സി സിയുടെ അമരത്തിരിക്കുന്നവര്‍ക്കുണ്ടായിരുന്നു. ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍, സംഘടിതമായി നടത്തിയ കുറ്റകൃത്യങ്ങളെ സമൂഹമധ്യത്തില്‍ തുറന്നു കാട്ടാനുള്ള ചുമതല ഇവര്‍ തന്നെ നേതൃത്വം നല്‍കിയ ഭരണ സംവിധാനത്തിനുമുണ്ടായിരുന്നു. അതിനൊന്നും ശ്രമിക്കാതെ, ആദര്‍ശപരിവേഷത്തിന് മൗനമൊരു പൊന്‍തൂവലാക്കി അണിഞ്ഞിരുന്ന ശേഷം ഇപ്പോള്‍ വെളിപാടുകളുമായി രംഗപ്രവേശം ചെയ്യുന്നത് ലജ്ജ ലേശവുമില്ലാത്തതിനാലാണ്.


മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് വിധേയത്വത്തെ വിമര്‍ശിച്ചും മതേതരത്വത്തെച്ചൊല്ലിയുള്ള സ്വയംവിമര്‍ശം നടത്തിയും കരുത്താര്‍ജിക്കാവുന്ന അവസ്ഥയല്ല പാര്‍ട്ടിക്ക് എന്നെങ്കിലും കോണ്‍ഗ്രസിന്റെ 'യുദ്ധ മുറി'ക്ക് നേതൃത്വം നല്‍കുന്ന ഈ പ്രവര്‍ത്തക സമിതിയംഗം മനസ്സിലാക്കേണ്ടതുണ്ട്. ആയുര്‍വേദ ചികിത്സകൊണ്ട് പരിഹരിക്കാവുന്ന അനാരോഗ്യമല്ല സംഘടനക്ക് ഉണ്ടായിരിക്കുന്നത് എന്നും. ബി ജെ പിക്കോ ആര്‍ എസ് എസ്സിനോ നിയന്ത്രണാധികാരമില്ലാത്ത, ഏകാധിപത്യ സ്വഭാവം ആദ്യ ദിനം മുതല്‍ തന്നെ പ്രകടിപ്പിക്കുന്ന ഒരു ഭരണ സംവിധാനം നടത്തിയെടുത്തേക്കാവുന്ന കാര്യങ്ങളെക്കുറിച്ച്, ഉത്തര്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമൊക്കെ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍, ചില സങ്കല്‍പ്പങ്ങളെങ്കിലുമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആന്റണിയാണ് ശരി. അതുപക്ഷേ, തിരിച്ചുവരവിനുള്ള അവസാനത്തെ വണ്ടി പിടിക്കാന്‍ സഹായിക്കില്ലെന്ന് മാത്രം.