2014-06-08

മുക്കത്തെ തെറ്റും പ്രചാരണത്തിലെ ശരിയും


മലയാളം അധ്യയന മാധ്യമമല്ലാത്ത എത്ര സ്‌കൂളുകളുണ്ടാകും കേരളത്തില്‍? മലയാളം പാഠ്യവിഷയമല്ലാത്ത സ്‌കൂളുകള്‍ എത്രയെണ്ണമുണ്ടാകും? സ്‌കൂള്‍ വളപ്പില്‍ മലയാളം പറഞ്ഞാല്‍ കുട്ടികള്‍ക്ക് പിഴ ശിക്ഷ വിധിക്കുന്ന സ്‌കൂളുകള്‍ എത്രയെണ്ണം കാണും? സസ്യം ഭുജിക്കാന്‍ കയറുന്ന ബ്രാഹ്മണാള്‍ ബ്രാന്‍ഡായ ഹോട്ടലുകളില്‍ പ്ലേറ്റെടുക്കാനും മേശ തുടക്കാനും പതിനാല് തികയാത്തവരെത്തുന്ന കാലം അവസാനിച്ചോ? (ശീലം സസ്യമായതിനാലാണ് ഈ ബ്രാന്‍ഡിനെക്കുറിച്ച് പരാമര്‍ശിച്ചത്, മറ്റിടങ്ങള്‍ക്കും ബാധകം) കേരളത്തിന്റെ നിര്‍മാണ മേഖലയെ ഉത്തേജിതമാക്കി നിലനിര്‍ത്താന്‍, ഏജന്റുമാര്‍ മുഖാന്തിരമെത്തി കുറഞ്ഞ കൂലിക്ക് വിയര്‍പ്പൊഴുക്കുന്ന ഇതര സംസ്ഥാനക്കാരായ വ്യക്തികളുടെ/ദമ്പതികളുടെ കുട്ടികള്‍ എന്ത് ചെയ്യുകയാകും? അവരിലെത്ര പേര്‍ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ റോഡുകളില്‍ കുഴിയെടുക്കാനും ഇഷ്ടിക ചുമക്കാനും പോകുന്നുണ്ടാകും?


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് (കേരളത്തിലെ യതീംഖാനകള്‍ എന്ന് മനഃപൂര്‍വം ഉപയോഗിക്കുന്നില്ല) ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് ആരോപിക്കപ്പെടുകയും മനുഷ്യക്കടത്ത് തന്നെയെന്ന് സ്ഥാപിക്കാന്‍ അക്ഷീണ യത്‌നം നടക്കുകയും ചെയ്യുന്നുണ്ട്. യതീംഖാനകളിലേക്ക് കൊണ്ടുവന്ന കുട്ടികളില്‍ കുറച്ചുപേര്‍ക്ക്, ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ സമ്മതപത്രം, കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് പഠനാവശ്യത്തിന് അയക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ കുറിപ്പടി എന്നിവ ഇല്ലായിരുന്നുവെന്നത് വസ്തുതയാണ്. ഇത്തരം രേഖകളൊന്നുമില്ലാതെ കുട്ടികളെ കൊണ്ടുവരുന്നത് നിയമ വ്യവസ്ഥകളുടെ കണ്ണിലൂടെ നോക്കിയാല്‍ കടത്ത് തന്നെയാണ്.


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠനാവസരം നല്‍കുക എന്നതാണ് 'കടത്തി'ന്റെ ഉദ്ദേശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ലൈംഗിക, അവയവ വിപണി ലാക്കാക്കിയും വേലക്ക് നിയോഗിക്കാനും വേണ്ടിയാണ് കൊണ്ടുവന്നതെന്ന ആക്ഷേപം ഉയര്‍ത്തപ്പെട്ടു. ബാലവേലക്കാണോ കൊണ്ടുവന്നത് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ സന്ദേഹിക്കുകയും ചെയ്തു. ഭക്ഷണ, താമസ, പഠന സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ കൂടി, ഇതര സംസ്ഥാനത്തെ കുട്ടികളെ അവരുടെ സംസ്‌കാരത്തില്‍ നിന്നും ഭാഷയില്‍ നിന്നും അടര്‍ത്തിമാറ്റി കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്ക് മാറ്റുന്നത് തടവിലിടുന്നതിന് തുല്യമാണെന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. ഇക്കാരണത്താല്‍ അവരെ സ്വന്തം നാടുകളിലേക്ക് മടക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി നേരത്തെ പറഞ്ഞ വിധം സന്ദേഹിച്ചത്. സ്വന്തം സംസ്‌കാരം, ജീവിത സാഹചര്യം, മാതൃഭാഷ എന്നിവയില്‍ നിന്ന് ഈ കുട്ടികളെ അകറ്റി നിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് വലിയ വേവലാതി ഉണ്ടായ സാഹചര്യത്തിലാണ് കേരളത്തിലെ അധ്യയന സമ്പ്രദായത്തെക്കുറിച്ച് മേലുന്നയിച്ച സംശയങ്ങള്‍ ഉണ്ടായത്.


നമ്മുടെ കുട്ടികള്‍, മാതൃഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുന്നതിനെക്കുറിച്ച് വേവലാതി പൂണ്ട് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാല്‍പ്പോലും അത് നടപ്പാക്കപ്പെടുമെന്ന ഉറപ്പ് ഇല്ല തന്നെ. അതുകൊണ്ടാകണം ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെങ്കിലും മാതൃഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ ചിലര്‍ കോടതിയെ സമീപിച്ചത് എന്ന് കരുതുക. ആ സദുദ്ദേശ്യ സംരംഭം പരിഗണിക്കവെയാണ് കുട്ടികളെ ബാലവേലക്ക് കൊണ്ടുവന്നതാണോ എന്ന സന്ദേഹം കോടതിക്കുണ്ടായത്. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുവരാതെ, കുട്ടികളെ എന്തിനാണ് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത് എന്ന ചോദ്യവും ബഹുമാനപ്പെട്ട കോടതി ഉന്നയിച്ചു. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുവരുമ്പോഴുള്ള ഉദ്ദേശ്യശുദ്ധിയോ നിയമപരതയോ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ കൊണ്ടുവരുന്നതില്‍ ഇല്ല എന്ന മുന്‍ ബോധ്യം കോടതിക്കുണ്ട് എന്നതില്‍ നിന്നാണ് ഇത്തരമൊരു ചോദ്യമുയരുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളില്‍, വിശിഷ്യ മുസ്‌ലിംകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍, നടക്കുന്ന പ്രവൃത്തികളെ സംശയത്തോടെ കാണേണ്ടതുണ്ട് എന്ന പൊതുധാരണയുടെ പ്രതിഫലനമായി മാത്രമേ ഇതിനെ കാണാനാകൂ.


കോഴിക്കോട്ടെയും മലപ്പുറത്തെയും യതീംഖാനകളിലേക്കാണ് കുട്ടികളെ കൊണ്ടുവന്നത് എന്നും ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍മാര്‍ഗം വരുമ്പോള്‍ കൊച്ചി, തിരുവനന്തപുരം വഴിയല്ല കോഴിക്കോട്ടും മലപ്പുറത്തും എത്തുക എന്നും കോടതിക്ക് മനസ്സിലായിട്ടേയില്ല. ഹരജിക്കാധാരമായ സംഭവത്തില്‍, ഏത് വഴിക്കാണ് കുട്ടികള്‍ വന്നത്, ഏത് യതീംഖാനയിലേക്കാണ് കുട്ടികളെ കൊണ്ടുവന്നത് എന്നതടക്കം പ്രാഥമിക വിവരങ്ങള്‍ പോലും വേണ്ടവിധം മനസ്സിലാക്കാതെ ബാലവേലക്കാണോ കൊണ്ടുവന്നത് എന്ന് സന്ദേഹിക്കുമ്പോള്‍, എന്തിന് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടുവന്നു എന്ന് ചോദിക്കുമ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിയാനമുണ്ടാകുന്നുണ്ടോ എന്ന് സംശയിച്ചാല്‍ അതൊരുപക്ഷേ കോടതിയലക്ഷ്യമായി മാറിയേക്കാം. കൊണ്ടുവന്നത് തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ അനാഥാലയങ്ങളിലേക്ക് (യതീംഖാനയല്ല) ആയിരുന്നുവെങ്കില്‍ ഇത്രയും വലിയ ആരോപണമോ തര്‍ക്കമോ ഉണ്ടാകുമായിരുന്നില്ലെന്ന തോന്നല്‍ കൂടി ജനിപ്പിക്കുന്നുണ്ട് കോടതിയുടെ ചോദ്യം.


നടന്നത് മനുഷ്യക്കടത്താണോ അല്ലയോ എന്ന് തീര്‍ച്ചപ്പെടുത്തണമെങ്കില്‍ യതീംഖാനകളിലേക്ക് മുന്‍വര്‍ഷങ്ങളില്‍ എത്തിയ കുട്ടികള്‍ ഇപ്പോഴെന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍, 18 വയസ്സ് പൂര്‍ത്തിയായാല്‍ തെരുവിലേക്ക് ഇറങ്ങണമെന്നതാണ് നിലവിലുള്ള അവസ്ഥ. ഇവര്‍ക്ക് തുടര്‍ജീവിതത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും 28 സംസ്ഥാന സര്‍ക്കാറുകള്‍ക്കും (തെലങ്കാന ജനിക്കുന്നതിന് മുമ്പ്) സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയങ്ങളുടെ പോലും ഉത്തരവാദിത്വം കുട്ടിക്ക് 18 ആകുന്നതോടെ തീരുന്ന അവസ്ഥയില്‍, യതീംഖാനകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇപ്പോഴെന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ച് മനുഷ്യക്കടത്താണോ എന്ന് നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ യുക്തി എത്രത്തോളമാണ്? ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സി പി ഐ (മാവോയിസ്റ്റ്) നേതാവ് കൊബാദ് ഘന്‍ഡി, (തടവുകാരില്‍ വലിയൊരു വിഭാഗത്തിന്റെ ആദരം അദ്ദേഹം നേടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍) ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഠിച്ച ഡൂണ്‍ സ്‌കൂളില്‍ പഠിച്ചിരുന്നു. സായുധ സമരത്തിന്റെ പാത സ്വീകരിക്കാന്‍ കൊബാദ് ഘന്‍ഡി തീരുമാനിച്ചതിന് പിന്നില്‍ ഡുണ്‍ സ്‌കൂളിന്റെ പങ്കെന്തെന്ന് ആരെങ്കിലും അന്വേഷിക്കുമോ?


മനുഷ്യക്കടത്തെന്ന ആരോപണവും അത് സാധൂകരിക്കാനായി ഉന്നയിക്കപ്പെടുന്ന നിയമപരവും വൈകാരികവുമായ പ്രശ്‌നങ്ങളും ഒരൊറ്റ സംശയത്തില്‍ അധിഷ്ഠിതമാണ്. യതീംഖാനകള്‍ മതമൗലികവാദം കുത്തിവെക്കുകയും ഭീകര/തീവ്ര വാദികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണോ എന്ന സംശയത്തില്‍. കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാണെന്ന ആക്ഷേപം സംഘ് പരിവാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നു.  പ്രധാനമന്ത്രിയാകാനുള്ള പ്രചാരണയാത്രക്കിടെ മംഗലാപുരത്ത് റാലിക്കെത്തിയ നരേന്ദ്ര മോദി ആക്ഷേപം ആവര്‍ത്തിച്ചിരുന്നു. ഈ ആക്ഷേപത്തിന്റെ പരിധിയില്‍ യതീംഖാനകളും ഉള്‍പ്പെടുന്നുണ്ടോ എന്ന സംശയമാണ് മനുഷ്യക്കടത്തെന്ന, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന പ്രയോഗത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. ലൈംഗിക/അവയവ വിപണിയില്‍ എത്തിക്കാനോ ബാലവേലക്കോ വേണ്ടിയാണോ കുട്ടികളെ കൊണ്ടുവന്നത് എന്ന സംശയം ഉന്നയിക്കുന്നത് ഒരു മേമ്പൊടി മാത്രം. ഇതര സംസ്ഥാനങ്ങളിലെ അനാഥരെ/അഗതികളെ പഠിപ്പിക്കുക എന്ന സാമൂഹിക പ്രവര്‍ത്തനത്തില്‍ അത്രത്തോളം താത്പര്യമുള്ളവര്‍ അവിടങ്ങളില്‍പ്പോയി സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി പറയുമ്പോള്‍, ഇവിടേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പരോക്ഷമായി ഉറപ്പിക്കുകയാണ് അദ്ദേഹം. സംശയങ്ങളിലൂന്നി പ്രചാരണം കൊഴുപ്പിക്കാന്‍ തക്കം നോക്കുന്നവര്‍ക്ക് വലിയ അവസരം നല്‍കുന്നതായി, വസ്തുതകള്‍ പൂര്‍ണമായി പുറത്തറിയും മുമ്പ് ആഭ്യന്തര മന്ത്രി നടത്തിയ ഈ പരാമര്‍ശം. അത് പറയുന്നതില്‍ രമേശ് ചെന്നിത്തലക്ക്, കോണ്‍ഗ്രസിനും യു ഡി എഫിനും അകത്തും പുറത്തുമുള്ള രാഷ്ട്രീയം കൂടി കാരണമാകാം.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന യതീംഖാനകള്‍ നല്‍കിയ സംഭാവനകള്‍ കാണാതിരുന്നുകൂടാ. കുട്ടികളെ കൊണ്ടുവരുന്നത് നിയമപരമായിട്ടാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത അതിന്റെ ഭാരവാഹികള്‍ക്കുണ്ടായിരുന്നു. കുറഞ്ഞത് എല്ലാ കുട്ടികള്‍ക്കും ടിക്കറ്റെങ്കിലും എടുക്കേണ്ട ഉത്തരവാദിത്വം. അതില്‍ കാട്ടിയ വീഴ്ചക്ക് നിയമപരമായ ശിക്ഷ അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യത്തില്‍ യതീംഖാനകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് ആരോഗ്യകരവുമാണ്. അങ്ങനെ വരുമ്പോള്‍ നിഷ്‌ക്രിയമായിപ്പോകുന്ന ഭൗതിക സാഹചര്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കായി നീക്കിവെക്കുന്നതിലും തെറ്റില്ല. പക്ഷേ, അതിനെ കച്ചവടക്കണ്ണോടെ കണ്ടുപോകുന്നുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം ഉറപ്പാക്കുന്നതിന് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഈ സംശയത്തിന് ബലമേകുന്നു.


സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവസരം പ്രദാനം ചെയ്യുമ്പോള്‍, അതിന് സംസ്ഥാന അതിരുകള്‍ ബാധകമാക്കാതെ സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്നതില്‍ അപാകമില്ല. ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്തി കൊണ്ടുവരികയാണ് ചെയ്യുന്നത് എന്ന് ഭരണ സംവിധാനങ്ങളെ (അവിടുത്തെയും ഇവിടുത്തെയും) ബോധ്യപ്പെടുത്തി സഹായം ഉറപ്പിക്കുകയാണ് വേണ്ടത്. അത് ചെയ്യാതിരിക്കുമ്പോള്‍, സംശയത്തിന്റെ കാര്‍മേഘങ്ങളെ ആവാഹിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നവര്‍ക്ക്, ചുളുവിലൊരു അവസരം തുറന്നുകിട്ടുകയാണ്. വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാതെ ലൗ ജിഹാദിലും കാശ്മീരിലേക്ക് നൂറുകണക്കിന് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന ആരോപണത്തിലും കാറ്റ് പിടിപ്പിച്ച തീവ്ര/മൃദു ഹിന്ദുത്വ ബുദ്ധികള്‍ എല്ലാ തലങ്ങളിലുമുള്ള നാടാണ് ഇതെന്ന  ഓര്‍മ ഉണ്ടാകേണ്ടതുമുണ്ട്. അന്നമില്ലാതൊട്ടുന്ന കുഞ്ഞുവയറിനേക്കാള്‍ അവര്‍ക്ക് പ്രധാനം സംശയത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്യുമ്പോള്‍ ലഭിക്കുന്ന വിളയുടെ കനമായിരിക്കും.


അനാഥരോ അഗതികളോ ആയ കുഞ്ഞുങ്ങള്‍ക്ക് ചൂഷണരഹിതമായ ജീവിത സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങളെന്ന് കരുതാന്‍ നിര്‍വാഹമില്ല. മരം കോച്ചുന്ന രാവുകളില്‍ തെരുവോരങ്ങളില്‍ ഉറങ്ങേണ്ടിവരുന്ന നിസ്സഹായര്‍ക്കായി അഭയകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി വിധിച്ചിട്ട് രണ്ട് വര്‍ഷമെങ്കിലുമായി. ഡല്‍ഹിയിലെ തെരുവുകളില്‍ തണുപ്പ് സഹിയാതെ അവസാനശ്വാസം വലിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. 14 വയസ്സ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ട് അറുപത്തിനാലാണ്ടായി. മേശ തുടക്കാനും പ്ലേറ്റെടുക്കാനുമെത്തുന്ന പതിനാലിലെത്താത്ത കുഞ്ഞുങ്ങള്‍ ഇപ്പോഴും അപൂര്‍വ കാഴ്ചയല്ല. അത്തരമൊരു സാമൂഹിക വ്യവസ്ഥയില്‍ തര്‍ക്കങ്ങളും അതിന്‍മേലുള്ള മുതലെടുപ്പും മാത്രമേ സാധ്യമാകൂ.