2011-07-28

നായയും അതിന്റെ വാലും




പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നുവെന്നത് വലിയ ആശങ്കയാണെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ബേങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്ന സൂക്ഷ്മ സാമ്പത്തിക നടപടി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 15 മാസവുമായി. എന്നിട്ടും പണപ്പെരപ്പ നിരക്കില്‍ കുറവുണ്ടാകുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10. 4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ നില്‍ക്കുന്നത് 9. 44 ശതമാനം എന്ന നിലയിലാണ്. ഇതില്‍ തന്നെ ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനത്തിലേറെയും. രാജ്യത്ത് ജനങ്ങളുടെ അവശ്യവസ്തുക്കളായ ഭക്ഷ്യസാധനങ്ങളുടെതടക്കം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ തുടരുന്നുവെന്ന് അര്‍ഥം. ഈ പതിമൂന്ന് മാസത്തിനിടെ പത്ത് തവണയെങ്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബേങ്ക് വര്‍ധന വരുത്തി. ഓരോ തവണയും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉതകുന്ന നടപടിയാണ് റിസര്‍വ് ബേങ്ക് സ്വീകരിച്ചത് എന്ന് സാമ്പത്തിക വിദഗ്ധരും ധനമന്ത്രിയും പുകഴ്ത്തുകയും ചെയ്തു. പക്ഷേ, നിരക്ക് താഴേക്ക് വന്നില്ല എന്നത് വസ്തുതയായി തുടരുകയും ചെയ്യുന്നു. 


സ്വന്തം വാല് കടിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന നായയോട് മാത്രമേ കേന്ദ്ര സര്‍ക്കാറിനെയും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയെയും ഉപമിക്കാനൊക്കൂ. തനിക്ക് വാലില്‍ പിടിത്തം കിട്ടില്ലെന്ന് നായക്ക് അറിയില്ല. സര്‍ക്കാറിനും റിസര്‍വ് ബേങ്കിനും ആ തിരിച്ചറിവുണ്ടെന്ന വ്യത്യാസം മാത്രമേയുള്ളൂ. ആ തിരിച്ചറിവോടെ വട്ടം ചുറ്റല്‍ തുടരുമ്പോള്‍ ജനങ്ങളെ സമര്‍ഥമായി പറ്റിക്കുകയും ചെയ്യുന്നു ഈ നയരൂപവത്കരണക്കാര്‍. ഭക്ഷ്യധാന്യ ഉത്പാദനം സര്‍വകാല റെക്കോഡ് പിന്നിട്ടിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര കലവറകള്‍ നിറഞ്ഞുകവിയുകയും ചെയ്തിരിക്കുന്നു. മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഈ സര്‍വകാല റെക്കോഡ് അവകാശപ്പെടാനാകില്ല. എങ്കിലും ഉത്പന്നങ്ങളുടെ ലഭ്യതയില്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല എന്ന് വല്ലപ്പോഴും കടയില്‍ പോകുന്നവര്‍ക്ക് മനസ്സിലാകും. മറ്റ് ഉത്പന്നങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 


ഉത്പന്ന വില ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇന്ധന വിലയിലുള്ള വര്‍ധനയാണ്. ഡീസലിന്റെയും പെട്രോളിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഉയര്‍ത്തി എണ്ണക്കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാക്കി നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധന വില ഓരോ തവണ കൂടുമ്പോഴും ചരക്ക് കടത്ത് കൂലി കൂടുന്നുവെന്നത് പ്രത്യക്ഷമാണ്. പരോക്ഷമായി മറ്റ് പല രംഗത്തും വില ഉയരും. രാസവളം ഉദാഹരണമാണ്. രാസവളത്തിന്റെ വില ഉയരുന്നത് കര്‍ഷകര്‍ മാത്രമേ അറിയൂ. ഉത്പാദനച്ചെലവിന് അനുസരിച്ച് ഉത്പന്നത്തിന്റെ വില ഉയരുക സ്വാഭാവികം. സമാനമായി ഓരോ രംഗത്തും വിലകള്‍ ഉയരും. ഇന്ധന വില കുറച്ച് കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ മടിക്കുന്ന ഭരണകൂടം വിപണിയിലേക്കുള്ള പണമൊഴുക്ക് കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബേങ്ക് നിരക്കുകള്‍ ഉയര്‍ത്തും. 


ബേങ്ക് നിരക്ക് ഉയര്‍ത്തുന്നതോടെ ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ ഇനം വായ്പകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ബേങ്കുകള്‍ നിര്‍ബന്ധിതമാകും.  ഭവന നിര്‍മാണത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വായ്പ എടുക്കുന്നത് ഇടത്തരക്കാരോ സാധാരണക്കാരോ പാവപ്പെട്ടവരോ ഒക്കെയാണ്. അവര്‍ കൂടുതല്‍ പണം പലിശയായി നല്‍കേണ്ടിവരും. ഇന്ധന വില ഉയര്‍ത്തുന്നതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നവര്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറക്കാന്‍ സ്വീകരിക്കുന്ന നടപടിയുടെയും ഇരയായി മാറുകയാണ്. ഇത് തന്നെയാണ് മന്‍മോഹന്‍ സിംഗ് മുന്നോട്ടുവെക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനം. എല്ലാവരും ഇതില്‍ ഉള്‍പ്പെടും. വികസനം ചിലര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്ന് മാത്രം. 


വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സ്വീകരിക്കാവുന്ന മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാം. റിലയന്‍സും ബിര്‍ളയുമൊക്കെ ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായി ഉയരുകയും ആ മേഖലയിലെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്നത് എന്നത് കാണാതിരുന്നകൂടാ. ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇത്തരം കമ്പനികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. വിപണിയില്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷ മാത്രമല്ല ഈ ശേഖരണത്തിന്റെ ലക്ഷ്യം, ഇതര ചെറുകിട സ്വകാര്യ വിതരണ ശൃംഖലകളെ തകര്‍ക്കുക എന്നത് കൂടിയാണ്. 


ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാമെന്ന സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശ അംഗീകരിക്കുക കൂടി ചെയ്താല്‍ വിദേശ കുത്തകകളുടെ ഉത്പന്ന ശേഖരണവും പൂഴ്ത്തിവെപ്പും കൂടി സംഭവിക്കും. അതോടെ വിലകള്‍  കൂടുതല്‍ ഉയരും. അപ്പോഴും ബേങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണത്തിനാകും നമ്മുടെ ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുക. പൂഴ്ത്തിവെപ്പോ കരിഞ്ചന്തയോ തടയാന്‍ ശ്രമിച്ചാല്‍ പൊള്ളുന്നത് റിലയന്‍സിനും ബിര്‍ളക്കുമൊക്കെയാകും. അത് പാടില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും നിര്‍ബന്ധമുണ്ട്. ഇവരുടെ വിശ്വസ്തനായ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്ക് അത് നല്ലതുപോലെ മനസ്സിലാകുകയും ചെയ്യും. 


മറ്റൊന്ന് അവധി വ്യാപാരമാണ്. ഇവിടെയും പ്രധാന കളിക്കാര്‍ റിലയന്‍സോ ബിര്‍ളയോ അവരുടെ ഏജന്റുമാരോ ഒക്കെത്തന്നെ. അവശ്യവസ്തുക്കളുടെതുള്‍പ്പെടെ കാര്യത്തില്‍ അവധി വ്യാപാരം അനുവദിച്ച് നല്‍കിയിട്ടുണ്ട് നമ്മുടെ സര്‍ക്കാര്‍. അടുത്ത സീസണില്‍ ഉണ്ടാകാന്‍ ഇടയുള്ള വിളവിന് മുന്‍കൂട്ടി വില നിശ്ചയിക്കുമ്പോള്‍ കര്‍ഷകരേക്കാളേറെ ഇടനിലക്കാര്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഉത്പന്ന സംഭരണം എളുപ്പത്തില്‍ നടത്താന്‍ വന്‍കിട കമ്പനികളെ ഇത് സഹായിക്കുകയും ചെയ്യുന്നു. അവധി വ്യാപാരം നിയന്ത്രിക്കാന്‍ പോലും ശ്രമിക്കില്ല ഭരണകൂടം. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ബുദ്ധിമുട്ട് നേരിടുക സമ്പന്നരായ വ്യാപാരികളോ അവരുടെ മേലാവികളായി നിലകൊള്ളുന്ന വന്‍കിടക്കാരോ ഒക്കെയാകും. അത് അനുവദിച്ചു കൂടല്ലോ! അപ്പോള്‍ പിന്നെ ചെയ്യാന്‍ സാധിക്കുന്നത് ഒന്ന് മാത്രം. ഒരിക്കലും പിടികിട്ടില്ലെന്ന് ഉറപ്പുള്ള വാലിന് പിറകെ ഓടുക. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അല്ലെങ്കില്‍ അത് വോട്ടിനെ ബാധിക്കാനിടയുണ്ട്. 


വിലക്കയറ്റം  സൃഷ്ടിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങള്‍ സര്‍ക്കാറെടുക്കും. അതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കണം. വിലക്കയറ്റം മൂലം പണപ്പെരുപ്പ നിരക്ക് ഉയരുമ്പോള്‍ അത് കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. അതും നാട്ടുകാരുടെ ചെലവില്‍. പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ പിരിക്കുന്നത് പോലെ. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള വരുമാനത്തിന് വേണ്ടിയാണ് സര്‍ക്കാറുകള്‍ നികുതി പിരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. ഈ നികുതി കൃത്യമായി നല്‍കേണ്ടിവരിക സാധാരണക്കാരോ ഇടത്തരക്കാരോ ശമ്പളക്കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഒക്കെ മാത്രമാണ്. വന്‍കിടക്കാരും കുത്തക കമ്പനികളുമൊക്കെ നികുതി വെട്ടിക്കും. ആ പണം വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച് സംതൃപ്തരാകുകയും ചെയ്യും. അതൊന്നും കണ്ടെത്താന്‍ ഭരണകൂടം നടപടി സ്വീകരിക്കില്ല. 


നികുതി വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിന് തികയുന്നില്ലെന്ന് വാദിച്ച് പാലങ്ങളും റോഡുകളും മറ്റും നിര്‍മിക്കാന്‍ ബി ഒ ടി (നിര്‍മിച്ച് ഉപയോഗിച്ച് കൈമാറുന്ന സംവിധാനം) സമ്പ്രദായം കൊണ്ടുവരും. ബി ഒ ടി പദ്ധതികളുടെ ചെലവ് നികുതി ദായകരില്‍ നിന്ന് ഈടാക്കാന്‍ ടോള്‍ ഏര്‍പ്പെടുത്തും. ടോള്‍ പിരിവ് കരാറെടുക്കുന്ന സ്വകാര്യ കമ്പനിക്ക് വന്‍തുക ലാഭമുണ്ടാക്കും വിധത്തില്‍ സംവിധാനം കൊണ്ടുവരും. ജനായത്ത സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഇവിടെ വലിയൊരു ഇടനിലക്കാരന്‍ മാത്രം. പിടികിട്ടില്ലെന്ന് ഉറപ്പുള്ള വാലിന് പിറകെ പാഞ്ഞ് തങ്ങള്‍ വലിയ തോതില്‍ തത്രപ്പെടുകയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടനിലക്കാരന്‍.


കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളിലെല്ലാം ഈ കളി കാണാം. മാവോയിസ്റ്റുകളെയും അവരെ പിന്തുണക്കുന്ന നാട്ടാകാരെയും നേരിടാന്‍ നാട്ടുകാരെ തന്നെ ഉള്‍പ്പെടുത്തി സാല്‍വ ജുദും എന്ന സ്വകാര്യ സേന രൂപവത്കരിക്കുകയും അതിലെ അംഗങ്ങളെ പിന്നീട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി കുടിയിരുത്തുകയും ചെയ്തിരുന്നു നമ്മുടെ ഭരണകൂടം. നാട്ടുകാര്‍ തമ്മില്‍ പോരിട്ട് പ്രശ്‌നം പരിഹരിക്കട്ടെ എന്നതായിരുന്നു  ഭരണകൂടത്തിന്റെ  ബുദ്ധി. പോരിന് വേണ്ട പിന്തുണ പോലീസും അര്‍ധ സൈനിക വിഭാഗവും നല്‍കും. ഒടുവില്‍ വിദ്യാഭ്യാസയോഗ്യതയില്ലാത്ത, പരിശീലനം ലഭിക്കാത്ത ആദിവാസികളെ ആയുധം നല്‍കി പോരിന് നിയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. അതുള്‍ക്കൊള്ളാന്‍ കഴിയാത്ത ഇടനിലക്കാരന്‍ കോടതി വിധിയോടെ മാവോയിസ്റ്റ്‌വിരുദ്ധ പ്രവര്‍ത്തനം താളം തെറ്റിയെന്ന് വിലപിക്കുന്നു.  


ദാരിദ്ര്യവും അവഗണനയും അവകാശനിഷേധവും പൊറുക്കാതായപ്പോള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ ജനങ്ങളെ അവരിലൊരു വിഭാഗത്തെക്കൊണ്ട് തന്നെ കൊല്ലിക്കാന്‍ തീരുമാനിക്കുന്ന ഭരണ സംവിധാനം പാവപ്പെട്ടവരെ ദ്രോഹിക്കാതെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ട് ബേങ്ക് നിരക്കുകള്‍ ഉയര്‍ത്തി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പാടുപെടുന്ന ഭരണകൂടത്തിന് സ്തുതി പാടാം. വായ്പയുടെ പലിശ നിരക്ക് ഉയരുന്നതില്‍ ആശങ്കപ്പെടാതിരിക്കാം. വിലനിലവാരത്തിലെ ഉയര്‍ച്ച അനുഭവം കൊണ്ട് ശീലമായതുപോലെ ഇതും വൈകാതെ ശീലമായിക്കൊള്ളുമെന്ന് ആശ്വസിക്കാം.

2011-07-26

ഇരുമ്പ് തുരുപ്പാണ്, മറവിരോഗവും




തോപ്പില്‍ ഭാസി അരങ്ങിലെത്തിച്ച 'അശ്വമേധം' എന്ന നാടകത്തില്‍ കുഷ്ഠ രോഗ ബാധിതയായ നായികാ കഥാപാത്രം 'രോഗം ഒരു കുറ്റമാണോ?' എന്ന് ഉറക്കെച്ചോദിച്ചപ്പോള്‍ അത് മലയാളികളുടെ മനസ്സില്‍ തറച്ചു. ആ ചോദ്യം സ്വയം ചോദിച്ച് അവന്‍/അവള്‍ അസ്വസ്ഥരായി. ആ അസ്വസ്ഥത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അത്  പഴയ കാലം. കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും രോഗബാധയുണ്ടായാല്‍ എന്ത് ചെയ്യുമെന്നതാണ് പുതിയ കാലത്തെ ചോദ്യം. തോപ്പില്‍ ഭാസിയേക്കാള്‍ 'പ്രഗത്ഭ'രായവര്‍ സംവിധാനം ചെയ്ത് വൈദ്യശാസ്ത്ര വിദഗ്ധരായവരുടെ സാക്ഷ്യപത്രത്തിന്റെ അകമ്പടിയോടെ അരങ്ങിലെത്തിക്കുന്ന നാടകത്തില്‍ സൂക്ഷ്മാഭിനയത്തില്‍ പ്രാവീണ്യം നേടിയവരാണ് കഥാപാത്രങ്ങള്‍. ശിക്ഷ വിധിക്കുമ്പോള്‍ നിമിഷാര്‍ധം കൊണ്ട് മോഹാലസ്യം വരുത്താന്‍ കഴിവുള്ളവര്‍. ശീതീകരിക്കാത്ത ജയിലിലെ അത്യുഷ്ണം സഹിയാതെ അടിക്കടി തലകറക്കം സാധ്യമാക്കുന്നവര്‍. 


രംഗപടമൊരുക്കുന്നവരും മോശക്കാരല്ല. നിയമങ്ങളെ തലനാരിഴ കീറി പരിശോധിച്ച് പഴുതുകള്‍ കണ്ടെത്തി പരോളും പരോളിന് പിറകെ പരോളും അനുവദിക്കാന്‍ കഴിവുള്ളവര്‍. രോഗം കണ്ടെത്താന്‍ വേണ്ടി പരിശോധനക്ക് കൊണ്ടുപോയതല്ലെന്നും പരിശോധനയില്‍ രോഗം കണ്ടെത്തിയതാണെന്നും നേരത്തെ തന്നെ രോഗബാധയുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റെക്കോഡുകള്‍ സാക്ഷ്യം പറയുന്നുണ്ടെന്നും വിശദീകരിക്കുന്നവര്‍. ക്ലൈമാക്‌സ് എന്തെന്ന് കാഴ്ചക്കാര്‍ക്ക് മുന്‍കൂട്ടി അറിയാമെന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത.


ഇടമലയാര്‍ അഴിമതിക്കേസില്‍ കുറ്റവാളിയാണെന്നും അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ച വിചാരണക്കോടതിയുടെ വിധി ശരിയാണെന്നും പ്രായവും കേസിന്റെ കാലപ്പഴക്കവും പരിഗണിച്ച് ഒരു വര്‍ഷം തടവേ വിധിക്കുന്നുള്ളൂവെന്നുമാണ് കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ളയോട് സുപ്രീം കോടതി പറഞ്ഞത്. അതനുസരിച്ചുള്ള കാരാഗൃഹ വാസം പൂജപ്പുരയില്‍ പിള്ള തുടങ്ങിയെങ്കിലും ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിഞ്ഞതിനേക്കാള്‍ അധികം സമയം തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു. ശിക്ഷാ കാലാവധിയില്‍ എട്ട് മാസത്തിലധികം കാലം ബാക്കി നില്‍ക്കുകയും ചെയ്യുന്നു. അപ്പോഴാണ് പിള്ളക്ക് ഹീമോക്രൊമറ്റോസിസ് എന്ന മാരക രോഗമുണ്ടെന്നും കടുത്ത ഹൃദ്രോഗിയാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ വൈദ്യ സംഘം വിധിച്ചത്. ഹീമോക്രൊമറ്റോസിസ് ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണുന്നതാണെന്ന് വൈദ്യ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 


കേരളത്തിന്റെ സമസ്ത മേഖലകളിലുമുള്ള വികസനത്തിന് ചുക്കാന്‍ പിടിക്കുകയും ആ ലക്ഷ്യം മുന്‍നിര്‍ത്തി യു ഡി എഫ് എന്ന മുന്നണി സംവിധാനം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത നായര്‍ പ്രമാണിയായ നേതാവ് ഇത്ര ഗുരുതരമായ രോഗത്താല്‍ പരീക്ഷിക്കപ്പെടുന്നല്ലോ എന്ന് ചിന്തിച്ചിരിക്കെയാണ് അഴിമതിക്കേസില്‍ കുറ്റാരോപിതനായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡിക്ക് ഡിമന്‍ഷ്യ ആണെന്ന വാര്‍ത്ത പുറത്തുവരുന്നത്. പിള്ള കേരളത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത് എങ്കില്‍ കല്‍മാഡി രാജ്യത്തിന്റെയാകെ വികസനത്തിനായി യത്‌നിച്ചിരുന്നു. ആ യത്‌നവും അതിന്റെ ഫലമുകുളങ്ങളും മറന്നുപോകേണ്ടിവരുന്ന രോഗത്തിന്റെ പിടിയിലമരേണ്ടി വന്നിരിക്കുന്നു, സങ്കടകരം എന്നല്ലാതെ എന്തു പറയേണ്ടൂ!


ഹീമോക്രൊമറ്റോസിസ് എന്നത് ദഹന പ്രക്രിയയിലെ തകരാറ് മൂലമുണ്ടാകുന്നതാണ്. ഭക്ഷണത്തില്‍ നിന്ന് രക്തത്തിലേക്ക് ഇരുമ്പിന്റെ അംശം കൂടുതലായി എത്തും. അത് ശരീരം കൂടുതലായി ആഗിരണം ചെയ്യും. അധികമായാല്‍ അമൃതും വിഷമാണെന്നാണ് ചൊല്ല്. ഇരുമ്പിന്റെ കാര്യവും ഭിന്നമല്ല. എവിടെയൊക്കെ അടിഞ്ഞുകൂടാമോ അവിടെയൊക്കെ ഇരുമ്പ് അടിഞ്ഞുകൂടും. ശരീരം തുരുമ്പിക്കും. ചികിത്സയില്ലാത്തതൊന്നുമല്ല ഈ അവസ്ഥ. ഏറ്റവും പ്രധാന ചികിത്സ ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ആഹാര രീതിയനുസരിച്ച് നിയന്ത്രണം ഏറെക്കുറെ അസാധ്യമാണ്. 


പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് പോകുന്നയാളാണ് ബാലകൃഷ്ണ പിള്ളയെന്നതിന് ഇടമലയാര്‍ കേസ് തന്നെ ഉദാഹരണം. പണം പ്രലോഭനമായുണ്ടായതാണല്ലോ ഈ കേസിന് തന്നെ കാരണം. അത്തരമൊരാള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ പൊടുന്നനെ നിയന്ത്രണം പാലിക്കുക എന്നത് പ്രയാസമാകുമെന്ന് ഉറപ്പ്. ജയിലിലാണെങ്കില്‍ പ്രശ്‌നമില്ല. തടവ് പുള്ളികള്‍ക്ക് നല്‍കുന്ന ആഹാരത്തിന് നിശ്ചിത അളവുണ്ട്. ലോഹാംശം കൂടുതലുള്ള ഭക്ഷണം അവിടെ കുറയും. ഉണ്ടായാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേ കാണൂ. അത് തന്നെ പിള്ളക്ക് നല്‍കാതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര മന്ത്രിക്ക് അധികാരമുണ്ട്. ആയതിനാല്‍ പ്രിയ നേതാവിന്റെ ആയുസ്സിന് തകരാറുണ്ടാകാതിരിക്കാന്‍ സുപ്രീം കോടതി വിധിച്ച കാലം വരെയെങ്കിലും ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ജാഗ്രത കാട്ടേണ്ടതാണ്. 


ലക്ഷത്തിലൊരാളെ ബാധിക്കുന്നതാണ് രോഗമെന്ന വൈദ്യശാസ്ത്ര പണ്ഡിതരുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിയെ ആശങ്കപ്പെടുത്തുന്നുണ്ടാകാം. ഇന്റര്‍നെറ്റിലെ തിരച്ചില്‍ സങ്കേതങ്ങളിലൊന്നില്‍ ഹീമോക്രൊമറ്റോസിസ് എന്ന് രേഖപ്പെടുത്തി നോക്കുക. ഇന്ത്യ അടങ്ങുന്ന ഏഷ്യാ വന്‍കരയില്‍ രണ്ടായിരം പേരില്‍ രണ്ട് പേര്‍ക്കെങ്കിലും ഈ രോഗമുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളം കാണാം. ഇത് വായിക്കുന്നതോടെ ആശങ്ക അല്‍പ്പം കുറയും. കുറച്ച് കൂടി വ്യാപകമായി തിരഞ്ഞാല്‍ പ്രാഥമിക ഹീമോക്രൊമറ്റോസിസ് അമേരിക്കയില്‍ സാധാരണ കണ്ടുവരുന്ന ജനിതക തകരാറാണെന്ന് കണ്ടെത്താം. 200 മുതല്‍ 300 വരെ അമേരിക്കക്കാരെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് രോഗമുണ്ടെന്ന വിവരവും ലഭിക്കും. അമേരിക്കയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും അനുയായിയായ ഉമ്മന്‍ ചാണ്ടിക്ക് പരിഭ്രമം മാറാന്‍ ഇതിലപ്പുറമൊന്നും ആവശ്യമില്ല. 


കടുത്ത ഹൃദ്രോഗിയാണെന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്. മാരകമായ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം പ്രഥമ ശുശ്രൂഷയെങ്കിലും വേഗത്തില്‍ നല്‍കുക എന്നതാണ്. പൂജപ്പുരയിലേത് സെന്‍ട്രല്‍ ജയിലായതിനാല്‍ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറുണ്ടാകും. 76 പിന്നിടുന്ന നേതാവിന് എളുപ്പത്തില്‍ വൈദ്യ സഹായം ലഭിക്കുന്ന മറ്റൊരിടമില്ല. (ജയിലില്‍ ഡോക്ടറുണ്ടെങ്കില്‍ അദ്ദേഹം ഇടക്കിടെ സമരത്തില്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്) പിള്ള സ്വവസതിയില്‍ കഴിയുകയാണെങ്കില്‍ അവിടെ ഒരു ഡോക്ടറെ നിയോഗിക്കേണ്ടിവരും. പിതാവ് കൈമാറിയ സ്വത്ത് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ജനസേവനത്തിനുമായി വിറ്റുതുലച്ചുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന ഈ നേതാവ് സ്വവസതിയില്‍ ഡോക്ടറെ നിയോഗിച്ച് സ്വന്തം കൈയില്‍ നിന്ന് ശമ്പളം നല്‍കുന്നത് ജനാധിപത്യ സമ്പ്രദായത്തിന് അപമാനകരമാകും. 


ഇതിലും എളുപ്പമാണ് ഡല്‍ഹിയില്‍ മന്‍മോഹന്‍ സിംഗിന്റെ ജോലി. ഓര്‍മക്കുറവില്‍ തുടങ്ങി സ്വഭാവ വൈകല്യത്തിലേക്ക് കടന്ന് കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഒന്നിനെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്ന വ്യാധിയാണ് ഡിമെന്‍ഷ്യ. രോഗത്തിന്റെ ആരംഭ ദിശയിലാണെങ്കില്‍പ്പോലും ഓര്‍മത്തെറ്റുണ്ടാകും. കോടികളുടെ കരാറുകള്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നോ എന്നത് ഓര്‍ക്കാനാകില്ല. കൊടുക്കാന്‍ തീരുമാനിച്ചത് ഓര്‍ത്താല്‍ തന്നെ ആര്‍ക്കാണ് കൊടുത്തത് എന്ന് ഓര്‍ക്കണമെന്നില്ല. കരാറുപ്പിച്ചപ്പോള്‍ കുടെയുണ്ടായിരുന്നത് ആരൊക്കെ എന്നത് മറന്നു പോയേക്കാം. ആരുടെയൊക്കെ അനുമതിയോടെയാണ് കരാറുകള്‍ ഉറപ്പിച്ചത് എന്നത് എത്ര ശ്രദ്ധ കേന്ദ്രീകരിച്ചാലും നാവിലേക്ക് എത്തിക്കൊള്ളണമെന്നില്ല. 


കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ മറ്റ് പത്ത് പേര്‍ക്കും എല്ലാം കല്‍മാഡിയാണ് ചെയ്തത് എന്ന് ധൈര്യമായി കോടതിയില്‍ പറയാം. അദ്ദേഹം അതും മറന്നുപോകുമല്ലോ! രാജ്യത്തിന്റെയും സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയില്‍ പടര്‍ന്ന കറ മായ്ക്കാന്‍ ഡിമന്‍ഷ്യയിലും വലിയൊരു ഉപാധിയില്ല തന്നെ. 


ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി എ രാജയെയും എം ആര്‍ ഐ സ്‌കാനിംഗിന് വിധേയനാക്കുന്നത് നന്നായിരിക്കും. കേസില്‍ കുറ്റപത്രം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ത്തപ്പോള്‍ ബോധിപ്പിച്ച കാര്യങ്ങള്‍ അതിന് മതിയായ കാരണമാണ്. ലൈസന്‍സും സ്‌പെക്ട്രവും ലഭിച്ച കമ്പനികളുടെ ഓഹരി വില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അത് കമ്പനി നിയമപ്രകാരം സാധുവാണെന്നും അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം  പറഞ്ഞുവെന്നാണ് രാജ കോടതിയെ അറിയിച്ചത്. പ്രധാനമന്ത്രിയെ സാക്ഷി നിര്‍ത്തിയാണ് ഇത് പറഞ്ഞതെന്നും. കഴിയുമെങ്കില്‍ പ്രധാനമന്ത്രി  നിഷേധിക്കട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. 
ഓര്‍മക്കുറവല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. അല്ലെങ്കില്‍ താന്‍ സങ്കല്‍പ്പിക്കുന്ന കാര്യങ്ങളൊക്കെ നടന്നുവെന്ന് സ്വയം വിശ്വസിച്ചുപോകുന്ന ഏതെങ്കിലും രോഗം. രണ്ടായാലും തലച്ചോറിനാകണം തകരാറ്. എം ആര്‍ ഐ സ്‌കാന്‍ നിര്‍ബന്ധം. 


രോഗം കുറ്റമല്ല. അതുകൊണ്ട് തന്നെ രോഗ ബാധിതന് ഇളവുകള്‍ നല്‍കേണ്ടത് മനുഷ്യത്വം മാത്രം. കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും രോഗങ്ങള്‍ വരാം. അതും കുറ്റമല്ല. ഗണിതശാസ്ത്ര സിദ്ധാന്തമനുസരിച്ചാണെങ്കില്‍ അവരും ഇളവുകള്‍ക്ക് അര്‍ഹരാണ്. കുറ്റവാളികളോട് വരെ മനുഷ്യത്വം കാണിക്കണമെന്ന് എല്ലാ തത്വശാസ്ത്രങ്ങളും പറയുന്നു. അതനുസരിച്ചായിരിക്കും നാടകങ്ങളുടെ ക്ലൈമാക്‌സ്. പുതിയ അഴിമതികള്‍ പുറത്തുവരികയും ആരോപണവിധേയരും കുറ്റവാളികളുമുണ്ടാകുകയും ചെയ്യുമ്പോള്‍ ഒരു കാലത്ത് മലയാള സിനിമ ചെയ്തിരുന്നത് പോലെ ഇതുവരെ ആരും കേട്ടിട്ടില്ലാത്ത രോഗങ്ങളുടെ പേരുകള്‍ പറയാം. കോടിയിലോ ദശ കോടിയിലോ ഒരാള്‍ക്ക്  ബാധിക്കുന്ന വിഭാഗത്തിലുള്ളതാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിരത്തുകയും ചെയ്യാം. എല്ലാ തടവുകാര്‍ക്കും ഇത് ബാധകമാക്കേണ്ടതില്ല. അധികാരവും പണവുമൊക്കെയുള്ളവരുടെ കാര്യത്തില്‍ മാത്രം മതിയാകും. ഭരണകൂടം പിന്തുടരുന്ന നയ, നിലപാടുകളെല്ലാം ഇത്തരക്കാര്‍ക്ക് വേണ്ടിയാകുമ്പോള്‍ ഇവിടെ മാത്രം അപവാദത്തിന്റെ ആവശ്യമില്ല. 


കൗടില്യവാക്യം: ധനവിനിയോഗ ബില്‍ വോട്ടിനിടപ്പോഴുണ്ടായ എണ്ണക്കുറവ് പത്തനാപുരം ഗണേശനെന്ന ഒറ്റക്കൊമ്പനെ കുറേക്കൂടി ശക്തനാക്കിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിന്റെയും അസാന്നിധ്യത്തിന്റെയും ശക്തി ബോധ്യപ്പെട്ടിരിക്കുന്നു. അതൊരു അപകടമായി ഉമ്മന്‍ ചാണ്ടി മുന്നില്‍ കാണണം. 


                                                                                                                         കടപ്പാട്: മാനവ് മണ്ണാന്‍

2011-07-22

ഒരു കരാറും ബഹു ബാധ്യതകളും




2005ല്‍ ധാരണയുണ്ടാക്കിയ കാലം മുതല്‍ സിവിലിയന്‍ ആണവ സഹകരണ കരാര്‍ മൂലം ഇന്ത്യക്കുണ്ടാകാന്‍ പോകുന്ന പ്രയോജനത്തെക്കുറിച്ച് ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണകൂടങ്ങള്‍ വാചാലരായിരുന്നു. 2008ല്‍ കരാര്‍ ഒപ്പിടുന്നത് അടുത്തതോടെ ഈ പ്രചാരണം ശക്തമായി. അമേരിക്കയുമായുണ്ടാക്കുന്ന അടുത്ത സൗഹൃദത്തെയും ആണവ സഹകരണ കരാറിനെയും എതിര്‍ക്കുന്നവര്‍ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി. കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കുന്ന സുരക്ഷാ മാനദണ്ഡ കരാര്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ വാദിച്ചു. ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ രാജ്യത്തെ ചതിക്കുഴികളില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. 


എന്നാല്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കരാര്‍ മൂലം രാജ്യം വലിയ ചുവട് മുന്നോട്ടുവെക്കുമെന്നും കോണ്‍ഗ്രസും യു പി എ ഘടകകക്ഷികളും വാദിച്ചു. 2008ല്‍ കരാര്‍ ഒപ്പ് വെച്ചതിനു ശേഷം മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. പക്ഷേ, അത് പ്രാബല്യത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാറിന്റെ ചുവട് പിടിച്ച് ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി. മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ നിര്‍ദേശിച്ചിരിക്കുന്ന ആണവ പാര്‍ക്കിലേക്ക് രണ്ട് റിയാക്ടറുകള്‍ നല്‍കാമെന്ന് ഫ്രാന്‍സിലെ അരേവ എന്ന കമ്പനി സമ്മതിച്ചത് മാത്രമാണ് നേട്ടമെങ്കില്‍ നേട്ടമായി പറയാവുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വാണിജ്യ കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. ആണവ ബാധ്യതാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച് അത് വിജ്ഞാപനം ചെയ്യുകയും ചട്ടങ്ങള്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ വാണിജ്യ കരാറുണ്ടാകൂ. 


ഇത്രപോലും മുന്നോട്ടുപോയിട്ടില്ല അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ തുടര്‍ നടപടികള്‍. പുതിയ ഉപാധികള്‍ അമേരിക്ക മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ആണവ കരാറിന്റെ ഭാഗമായി ഇന്ധന പുനഃസംസ്‌കരണ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ച കരാര്‍ പ്രത്യേകമായുണ്ടാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. സാങ്കേതിക വിദ്യയുടെ കൈമാറ്റം അനിവാര്യമാണെന്ന് ഇന്ത്യ വാദിച്ചു. പുനഃസംസ്‌കരിച്ചെടുക്കുന്ന ഇന്ധനം പ്രത്യേകമായി സൂക്ഷിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് അമേരിക്ക സമ്മതിച്ചു. ഉടന്‍ അടുത്ത പ്രശ്‌നം മുന്നിലെത്തി. ആണവ അപകടങ്ങളുണ്ടായാല്‍ ബാധ്യത പദ്ധതി നടത്തിപ്പുകാര്‍ ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്ത്യ പാസ്സാക്കണം. രാജ്യത്ത് ഉയര്‍ന്ന വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷം ആ നിയമം പാസ്സാക്കി മന്‍മോഹന്‍ സിംഗും കൂട്ടരും കരാറിനോടുള്ള കൂറ് ആവര്‍ത്തിച്ചു. ഇന്ത്യ പാസ്സാക്കിയ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്നാണ് യു എസ് കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും പറയുന്നത്. വിതരണം ചെയ്യുന്ന ഉപകരണത്തിന്റെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെങ്കില്‍ വിതരണക്കാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശം നല്‍കുന്നതും അപകടത്തിന്റെ ഇരകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശം നല്‍കുന്നതും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം ഒഴിവാക്കി നല്‍കണമെന്നതാണ് ചൊവ്വാഴ്ച ഹിലാരി ക്ലിന്റന്‍ ഇന്ത്യയിലെത്തി ആവശ്യപ്പെട്ടത്. 


പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ ബില്ലില്‍ മാറ്റം വരുത്തുക എന്നത് മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും മുന്നില്‍ ഉയര്‍ത്താന്‍ ഇടയുള്ള രാഷ്ട്രീയ വെല്ലുവിളി അമേരിക്ക മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ആണവ അപകടങ്ങളുടെ ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിക്കാന്‍ ആവശ്യപ്പെടുന്നത്. അപകടത്തിന്റെ കാരണം പരിഗണിക്കാതെ ബാധ്യത ആണവ പദ്ധതിയുടെ നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ ചെയ്ത് 1997ല്‍ അന്താരാഷ്ട്ര ഉടമ്പടി ഭേദഗതി ചെയ്തിരുന്നു. ഇത് ഈ വര്‍ഷം അവസാനത്തോടെ അംഗീകരിക്കാനാണ് ഹിലാരി ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളിലെ കമ്പനികളാണ് റിയാക്ടറുള്‍പ്പെടെ ആണവ സാമഗ്രികളുടെ വിതരണക്കാര്‍. അവരുമായി തര്‍ക്കമുണ്ടായാല്‍ അത് പരിഗണിക്കപ്പെടുക അന്താരാഷ്ട്ര കോടതികളിലായിരിക്കും. അവിടെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തേക്കാള്‍ വലിപ്പം അന്താരാഷ്ട്ര ഉടമ്പടിക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യ കൊണ്ടുവന്ന ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ 1997ല്‍ ഭേദഗതി ചെയ്ത അന്താരാഷ്ട്ര കരാറിന് അനുസൃതമാണെന്ന് ബോധ്യപ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുമ്പാകെ വിശദീകരിച്ചു കൊടുക്കണം. അന്താരാഷ്ട്ര ഉടമ്പടിയുമായി യോജിക്കുന്നതാണോ നിയമമെന്ന് അവര്‍ തീരുമാനിക്കും. 


നയതന്ത്ര ഭാഷയിലൂടെ പറയുകയും ആ വീക്ഷണകോണിലുടെ നോക്കുകയും ചെയ്യുമ്പോള്‍ ഇതില്‍ വലിയ അപാകം തോന്നേണ്ട കാര്യമില്ല. എന്നാല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിഗണനക്കായി കൊണ്ടുപോകുക എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യപ്പെടുക എന്നതാണ് അര്‍ഥം. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ പാര്‍ലിമെന്റിനാണ് പരമാധികാരം. പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ചേര്‍ന്നു പോകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കും. പരസ്പരപൂരകമായി വര്‍ത്തിക്കും വിധത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്യുകയും ഇത്രയും കാലം വലിയ പരുക്കൊന്നും കൂടാതെ കാത്തുപോരികയും ചെയ്ത ഈ സമ്പ്രദായത്തെ ചോദ്യം ചെയ്യുകയാണ് അമേരിക്ക. 


എന്ത് സംഭവിച്ചാലും ആണവ കരാര്‍ പ്രാബല്യത്തിലാക്കി അതിന്റെ ഗുണഫലം ദരിദ്ര ജനകോടികളില്‍ എത്തിച്ചേ പിന്‍വാങ്ങൂ എന്ന് വ്രതമെടുത്തിരിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗും കൂട്ടരും ആണവ  ബാധ്യതാ നിയമത്തിന്റെ പകര്‍പ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്നില്‍ ഉത്തരീയമഴിച്ച് അരയില്‍ കെട്ടി 90 ഡിഗ്രിയില്‍ വളഞ്ഞ് നില്‍ക്കുന്നത് വൈകാതെ കാണാനാകും. 


ഇത്തരം അവഹേളനങ്ങളെല്ലാം കഴിഞ്ഞാലും ആണവ കരാര്‍ പ്രാബല്യത്തിലാകില്ല. എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇന്ത്യന്‍ കമ്പോളങ്ങള്‍ കൂടുതലായി തുറന്ന് നല്‍കണമെന്ന് ഹിലാരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് ശ്രദ്ധിക്കുക. ജനറല്‍ ഇലക്ട്രിക്കല്‍സോ വെസ്റ്റിംഗ്ഹൗസോ ഇന്ത്യയിലേക്ക് നാലോ അഞ്ചോ റിയാക്ടറുകള്‍ കയറ്റി അയക്കുകയും അതിലൂടെ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയുള്ള നൂറോ ആയിരമോ തൊഴിലവസരമോ അല്ല അമേരിക്ക യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്. കടത്തിന്റെ പരിധി 17 ലക്ഷം കോടി കവിയുമ്പോഴേക്കും സ്വന്തം രാജ്യത്തേക്ക് സമ്പത്ത് എത്തിക്കാന്‍ പോംവഴികള്‍ കണ്ടെത്തേണ്ടതുണ്ട്. 


ഇന്ത്യയിലെ കമ്പോളങ്ങള്‍ ഇനിയും തുറന്ന് കിട്ടിയാലേ അത് സാധ്യമാകൂ. ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ വരെ എല്ലാ വിപണികളും പരമാവധി തുറന്നു കിട്ടണം. ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും അരേവയുമൊക്കെ വില്‍ക്കുന്ന റിയാക്ടറുകള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങുമ്പോഴേക്കും അത് ഉപയോഗപ്പെടുത്തി വളരാന്‍ പാകത്തില്‍ അമേരിക്കയുടെയും സഖ്യശക്തികളുടെയും കമ്പനികളോ അവയുടെ അനുബന്ധങ്ങളോ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കണം. അതിന് പാകത്തില്‍ അനുമതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. എങ്കില്‍ മാത്രമേ ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ അമേരിക്ക തയ്യാറാകൂ. സാമ്പത്തിക കോളനിവത്കരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം. 
വിപണി കൂടുതലായി തുറന്നു കൊടുക്കുന്നതിനോ അമേരിക്ക നിര്‍ദേശിക്കുന്ന കരാറുകളില്‍ ഒപ്പ് വെക്കുന്നതിനോ ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനോ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനോ എതിര്‍പ്പില്ല. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ അവരെ പിന്നാക്കം വലിക്കുന്നുവെന്ന് മാത്രം. അമേരിക്കന്‍ അനൂകൂല നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ അരങ്ങേറുന്ന ജനകീയ ഉത്സവത്തില്‍ വിജയിക്കേണ്ടത് കൂടി കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതുകൊണ്ട് പയ്യെത്തിന്നുക എന്ന നയം അവര്‍ പിന്തുടരുന്നുവെന്ന് മാത്രം. 


ഇന്ത്യ - അമേരിക്ക ആണവ കരാറിന് മുന്നോടിയായി ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടനയുടെ (എന്‍ എസ് ജി) വാണിജ്യ അനുമതി ലഭിച്ചപ്പോള്‍ മൂന്ന് ദശകത്തിലേറെയായി ഇന്ത്യ അനുഭവിച്ചിരുന്ന ആണവ അയിത്തം ഇല്ലാതെയായി എന്നാണ് ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുന്നത് തടയാനാണ് സംഘടന അടുത്തിടെ തീരുമാനിച്ചത്. സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ഭാഗായി ഇന്ധന പുനഃസംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിന് അമേരിക്കയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, എന്‍ എസ്  ജി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് സാങ്കേതിക വിദ്യ ലഭിക്കില്ല.


 ഒരു ഭാഗത്ത് കമ്പോളം തുറന്നു കിട്ടാന്‍ പാകത്തില്‍ ഇന്ത്യയുമായി കരാറുകളുണ്ടാക്കുകയും മറു ഭാഗത്ത് കരാറുകളുടെ പ്രയോജനം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ പാകത്തില്‍ തന്ത്രങ്ങളൊരുക്കുകയുമാണ് അമേരിക്ക. എന്‍ എസ് ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന എതിര്‍ത്തത് അടുത്ത ഉദാഹരണം. അംഗത്വ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ഇളവുകള്‍ ഒരു രാജ്യത്തിന് മാത്രമായി നല്‍കാനാകില്ലെന്ന് ചൈന വാദിച്ചു. അന്താരാഷ്ട്ര രംഗത്ത് ചൈനയുടെ എതിര്‍പ്പ് ഇന്ത്യ നേരിടേണ്ടിവരുമെന്ന് വ്യക്തമായി അറിഞ്ഞാണ് എന്‍ എസ് ജിയില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇത്തരം കാര്യങ്ങളിലെല്ലാം ഘട്ടംഘട്ടമായി തീരുമാനങ്ങളെടുക്കാമെന്നാണ് ഹിലാരി - കൃഷ്ണ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. അതായത് ഇന്ത്യ ചെയ്യേണ്ടതെല്ലാം വേഗത്തില്‍ ഒറ്റയടിക്ക് ചെയ്യണം. അതിന്റെ പ്രതിഫലമായി ലഭിക്കേണ്ടവയുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി തീരുമാനങ്ങളുണ്ടാകും. 
ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ആണവ നിലയങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ജര്‍മനി തീരുമാനിക്കുകയും ജപ്പാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആ വഴിക്ക് ചിന്തിക്കുകയും ചെയ്യുന്ന കാലത്താണ് ആണവ സഹകരണ കരാറിനെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഇന്ത്യ ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്. ആണവ റിയാക്ടറുകള്‍ കൊണ്ടുവന്നുവെക്കാന്‍ ഇത്രയും മികച്ച മറ്റൊരിടം ഇല്ലെന്ന് അമേരിക്കയും മറ്റും കരുതുന്നുണ്ടാകണം.

2011-07-17

തന്റേതല്ലാത്ത കാരണത്താല്‍...



കഴിഞ്ഞ ജനുവരിയില്‍ ചെറിയൊരു പുനഃസംഘടന നടത്തിയതിന് പിറകെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് വലിയൊരു അഴിച്ചുപണി വരാനിരിക്കുന്നുവെന്നാണ്. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിനും കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുശ്ശേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം അതുണ്ടാകുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. വലിയൊരു അഴിച്ചുപണി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ദേശിച്ചിരുന്നുവെന്നത് വ്യക്തമാണ്. അതിന് കാരണങ്ങളുമുണ്ട്. പക്ഷേ, സാധിച്ചില്ല. ചെറിയ മാറ്റങ്ങളില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചു. ഈ പുനഃസംഘടനയെ ഏറ്റവും ഭംഗിയായി വിശകലനം ചെയ്തത് നിയമ മന്ത്രാലയത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട വീരപ്പ മൊയ്‌ലിയാണ്. തന്റെതല്ലാത്ത കാരണങ്ങളാലാണ് തനിക്ക് നിയമ വകുപ്പ് നഷ്ടമായതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പുതുതായി മന്ത്രിസഭയില്‍ എത്തിയവരുടെയും ഒഴിവാക്കപ്പെട്ടവരുടെയും സ്ഥാനചലനം സംഭവിച്ചവരുടെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി. 


പൊതുഭരണത്തെ നിയന്ത്രിക്കുന്ന മന്ത്രാലയങ്ങള്‍ക്ക് സംഭവിച്ച വീഴ്ച തന്റെ മേല്‍ ചുമത്തി നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തിയ പ്രചാരണമാണ് നിയമ വകുപ്പ് നഷ്ടമാകാന്‍ കാരണമെന്ന് അപ്രിയം മറച്ചുവെക്കാതെ മൊയ്‌ലി പ്രതികരിച്ചു. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊട്ടിയൊലിച്ച അഴിമതിക്കേസുകളിലെല്ലാം സുപ്രീം കോടതിയുടെ വിമര്‍ശം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രധാനമന്ത്രിയെ തന്നെയും കുറ്റപ്പെടുത്തുന്ന വിധത്തില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സുവ്യക്തമായി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും സാധിക്കാതെ വന്നതാണ് ഈ അവസ്ഥ സൃഷ്ടിച്ചത് എന്ന് വിലയിരുത്തപ്പെട്ടു. 


ഇത്തരം ഉദ്യോഗസ്ഥരെല്ലാം നിയമ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സാധിക്കാതെ വരുന്നുവെങ്കില്‍ അത് നിയമ വകുപ്പിന് നേതൃത്വം നല്‍കുന്നയാളിന്റെ കഴിവുകേടായി ചിത്രീകരിക്കപ്പെടുക സ്വാഭാവികം. അതങ്ങനെയല്ലെന്ന് വ്യക്തമായി അറിയാവുന്ന ഏക വ്യക്തി വീരപ്പ മൊയ്‌ലിയാണ്. എത്ര വ്യക്തമാക്കിയാലും വ്യക്തമാകാത്ത കാര്യങ്ങളാണ് നടന്നതില്‍ ഏറെയും. പല കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ സൂപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യും. അതിന് അറ്റോര്‍ണി ജനറലിനെയോ സോളിസിറ്റര്‍ ജനറലിനെയോ അവരെ നിയന്ത്രിക്കുന്ന നിയമ വകുപ്പിനെയോ അതിന് നേതൃത്വം നല്‍കുന്ന മന്ത്രിയെയോ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞതിന്റെ മലയാളം. ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന താന്‍ കൂടി അംഗമായ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന് ഇതിലും നല്ല രീതിയില്‍ പറയാന്‍ സാധിക്കുകയുമില്ല. 


വിശാലമായ അഴിച്ചുപണി എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യത്തിന് മന്‍മോഹന്‍ സിംഗിനും തന്റെതല്ലാത്ത കാരണങ്ങളാല്‍ എന്ന് മറുപടി പറയാന്‍ സാധിക്കും. പരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര വേഗം കൈവരിക്കാന്‍ സാധിക്കാത്ത പ്രണാബ് മുഖര്‍ജിയെ മാറ്റി ധനമന്ത്രാലയത്തിലേക്ക് മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തം പ്രതിച്ഛായയുടെ തടവുകാരനായി തുടരുകയും അതുകൊണ്ട് തന്നെ പ്രതിരോധ ഇടപാടുകളുടെ കാര്യത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടിക്കുകയും ചെയ്യുന്ന എ കെ ആന്റണിയെ പ്രതിരോധ വകുപ്പില്‍ നിന്ന് മാറ്റണമെന്നുണ്ടായിരുന്നു. സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ അതിന് ഉപാധികളായി അമേരിക്ക മുന്നോട്ടുവെച്ച വിവിധ സൈനിക കരാറുകള്‍ ഒപ്പ് വെക്കുന്നതില്‍ ആന്റണി കാട്ടുന്ന വിമുഖത യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പല തവണ ചൂണ്ടിക്കാട്ടിയതാണ്. ഇവ നടപ്പാക്കണമെങ്കില്‍ ആന്റണി മാറണമായിരുന്നു. 


അമേരിക്ക, ഇസ്‌റാഈല്‍, യൂറോപ്യന്‍ യൂനിയനിലെ അധിനിവേശതത്പരരായ രാഷ്ട്രങ്ങള്‍ എന്നിവയുമായുള്ള  ബന്ധം ഉദ്ദേശിച്ച ഉയരങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട എസ് എം കൃഷ്ണയെ വിദേശകാര്യ വകുപ്പില്‍ നിന്ന് മാറ്റി പി ചിദംബരത്തെ പകരം നിയോഗിക്കണമെന്നുണ്ടായിരുന്നു.   ഊര്‍ജ വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും പൊതുമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ കോര്‍പ്പറേഷനുകളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കുകയും ചെയ്യുന്നതില്‍ പരാജയപ്പെട്ട സുശീല്‍ കുമാര്‍ ഷിന്‍ഡെയെ മാറ്റണമെന്നുണ്ടായിരുന്നു. ഒന്നും സാധിച്ചില്ല. 


ധനവകുപ്പിലേക്ക് മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവന്നാല്‍ ആറ് മാസത്തിനകം രാജ്യ സഭയിലേക്ക് എത്തിക്കണം. ആറ് മാസത്തിനകം കോണ്‍ഗ്രസിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റൊന്നും ഒഴിവ് വരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ അറിയിച്ചു. ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാമെന്ന് വെച്ചാല്‍ എവിടെ മത്സരിപ്പിക്കും. റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധി രാജി വെച്ച് അവിടെ മത്സരിപ്പിച്ചാല്‍ പോലും അലുവാലിയ ജയിക്കുമെന്ന് ഉറപ്പില്ല. ആഭ്യന്തര വകുപ്പില്‍ നിന്ന് ചിദംബരത്തെ മാറ്റിയാല്‍ അവിടേക്ക് പകരം വെക്കാന്‍ ആളെ കാണുന്നില്ല. എ കെ ആന്റണിയെ മാറ്റുമ്പോള്‍ പകരം കണ്ടത് പ്രണാബിനെയാണ്. ധനവകുപ്പില്‍ നിന്ന് പ്രണാബിനെ മാറ്റിയാലല്ലേ പ്രതിരോധ വകുപ്പ് പകരം നല്‍കാനാകൂ? 


ആന്റണിയാണെങ്കില്‍ സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമാണ്. മാറ്റുമ്പോള്‍ പ്രമുഖമായ മറ്റൊരു വകുപ്പ് നല്‍കേണ്ടതുണ്ട്. മാനവ വിഭവ ശേഷി വകുപ്പ് നല്‍കാമെന്ന് വെച്ചാല്‍ അത് വിട്ടുനല്‍കാന്‍ കപില്‍ സിബല്‍ സമ്മതിക്കുന്നില്ല. ലോക്പാലുമായെത്തിയ അന്നാ ഹസാരെയും കള്ളപ്പണപ്രശ്‌നവുമായെത്തിയ ബാബ രാംദേവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കൈത്താങ്ങായത് കപില്‍ സിബലാണ്. അതുകൊണ്ട് സിബലിന്റെ ആവശ്യങ്ങളെ തള്ളാന്‍ തത്കാലം കഴിയില്ല. വിപുലമായ ഒരു അഴിച്ചുപണി അസാധ്യമാക്കിയതിന്റെ കാരണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെതല്ല. മന്‍മോഹന്‍ സിംഗ് പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച വെക്കാന്‍ പാകത്തിലുള്ള പ്രതിഭകളുടെ ദാരിദ്ര്യവും കോണ്‍ഗ്രസിലുണ്ട്. അതിന് കാരണം വേണ്ടത്ര പ്രതിഭകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തതാണ്. അതിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലല്ലോ. 


കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ വനം, പരിസ്ഥിതി മന്ത്രാലയം നഷ്ടമായത് ജയറാം രമേശിന്റെ കുറ്റം കൊണ്ടല്ല. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയുടെ ആവശ്യമേയുള്ളൂ. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനെത്തുന്ന  ആഭ്യന്തര, വിദേശ കമ്പനികള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ചെയ്തുകൊടുക്കുന്ന ഒരാളാണെങ്കില്‍ കൂടുതല്‍ ഉചിതമായി. അതുകൊണ്ടാണ് ജയന്തി നടരാജനെ വനം - പരിസ്ഥിതി മന്ത്രാലയത്തിലേക്ക് നിയോഗിച്ചത്. ജയന്തി നടരാജന്‍ ഇവിടെ ചുമതലയേറ്റത് തന്റെതല്ലാത്ത കാരണങ്ങളാലാണ്. ആഭ്യന്തര, വിദേശ കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ തന്നെ വനം, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധനാണെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ജയറാം രമേശ് ശ്രമിച്ചിരുന്നു. പ്രതിരോധത്തില്‍ ഊന്നി കളിക്കുക എന്ന തന്ത്രം ഗുണം ചെയ്യുമെന്ന തിരിച്ചറിവ്. ജയ്താപൂരിലെ ആണവ പദ്ധതിക്കും ഒറീസ്സയിലെ ജഗത്‌സിംഗ്പൂരില്‍ പോസ്‌കോയുടെ സ്റ്റീല്‍ പ്ലാന്റിനും പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ അധികമൊന്നും വിമര്‍ശം ഏല്‍ക്കേണ്ടി വരാതിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഈ തന്ത്രം പോരെന്ന് വ്യവസായികള്‍ക്ക് തോന്നിയപ്പോള്‍ ജയറാം രമേശ് മാറേണ്ടിവന്നു. അതും അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ. 


പ്രകൃതി വാതക ഖനനവുമായി ബന്ധപ്പെട്ട ആരോപണം കൂടുതല്‍ ശക്തമാകുകയും പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഏറെ നല്ലത് മുന്‍കൂട്ടി രാജി നല്‍കുകയാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് മുരളി ദേവ്‌റ. താന്‍ രാജിവെക്കുമ്പോള്‍ മകനെ മന്ത്രിയാക്കണമെന്ന ന്യായമായ ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. മിലിന്ദ് ദേവ്‌റ മന്ത്രിയായത് തന്റെതല്ലാത്ത കാരണങ്ങളാലാണ്. പെട്രോളിയം, കമ്പനി കാര്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച് പിതാവ് ചെയ്ത വിശിഷ്ട സേവനങ്ങള്‍ മുകേഷ് - അനില്‍ അംബാനിമാര്‍ നന്ദിയോടെ സ്മരിച്ചതും മിലിന്ദിന് സഹായകമായിട്ടുണ്ടാകണം. റിലയന്‍സ് ഇനി അപകടം ദര്‍ശിക്കുന്നത് ടെലികോം മേഖലയിലാണ്. അവിടെ കപില്‍ സിബലിന് ചെയ്യാവുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ട്. അതുകൊണ്ട് മിലിന്ദ് ദേവ്‌റയെ ആശയ വിനിമയം, വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ സഹമന്ത്രിയാക്കുക എന്നത് അവരുടെ താത്പര്യമായിരിക്കണം. അതിലും മിലിന്ദ് തെറ്റുകാരനല്ല. 


ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും നടക്കുമ്പോള്‍ കായിക വകുപ്പിന്റെ ചുമതലയായിരുന്നു എം എസ് ഗില്ലിന്. കഴിഞ്ഞ പുനഃസംഘടനയില്‍ അദ്ദേഹത്തെ ആ വകുപ്പില്‍ നിന്ന് ഒഴിവാക്കുകയും ഇപ്പോഴത്തേതില്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ നീക്കുകയും ചെയ്തു. ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല കായിക  മന്ത്രാലയത്തിന് മാത്രമായിരുന്നില്ല. നഗര വികസനം, ആസൂത്രണം, ധനം എന്നിങ്ങനെ വിവിധ വകുപ്പുകളും ഡല്‍ഹി സര്‍ക്കാറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും ഗില്ലിന്റെ മേല്‍ മാത്രം ഉത്തരവാദിത്വം ചുമത്തപ്പെടുന്നു. പൊതുഭരണം കൈകാര്യം ചെയ്തിരുന്ന മന്ത്രാലയങ്ങള്‍ക്കാകെ സംഭവിച്ച പാളിച്ചകള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ഗില്ലിന്റെ മേല്‍ മാത്രം ചുമത്തിയതിന്റെ ഫലം. ദയാനിധി മാരന്റെ ടെലികോം ഇടപാടുകള്‍ക്കും ബി കെ ഹാന്‍ഡിഖിന്റെ പ്രകടനക്കുറവിനും പിറകില്‍ സമാനമായ കാരണങ്ങള്‍ നിരത്താന്‍ സാധിക്കും. 


ചുരുക്കത്തില്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും അതില്‍ വരുന്ന മാറ്റങ്ങളും അതിന്റെ പ്രവര്‍ത്തനവുമൊക്കെ തന്റെതല്ലാത്ത കാരണങ്ങളാല്‍ സംഭവിച്ചുപോകുന്നതാണ്. അത് തന്നെയാണ് പ്രധാന പ്രശ്‌നവും. ആരുടെ കാരണങ്ങളാണ്, അല്ലെങ്കില്‍ ആരുടെ കരങ്ങളാണ് ഇതൊക്കെ സംഭവിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ആര് ഉത്തരം നല്‍കും. ഡോ. മന്‍മോഹന്‍ സിംഗിനോ കോണ്‍ഗ്രസിന്റെയും ഐക്യ പുരോഗമന സഖ്യത്തിന്റെയും നേതൃത്വത്തിലിരിക്കുന്ന സോണിയാ ഗാന്ധിക്കോ  സാധിക്കുമോ? ഈ മുന്നണിയെയും സര്‍ക്കാറിനെയും 'തന്റെതല്ലാത്ത കാരണങ്ങളാല്‍' തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതാണെന്ന വസ്തുതയും നിലനില്‍ക്കുന്നു. വിശ്വസനീയമായ ഒരു ബദല്‍ ഇല്ലാത്തതുകൊണ്ട്, പ്രതിപക്ഷ സ്ഥാനമേറ്റെടുത്ത മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് വര്‍ഗീയ അജന്‍ഡകളുണ്ടെന്ന് വ്യക്തമായതുകൊണ്ട്... 


അങ്ങനെ പലതുകൊണ്ടും. നിര്‍ബന്ധിതമായ ഒരു സാഹചര്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന സൗകര്യം പ്രയോജനപ്പെടുത്തുകയാണ് മന്‍മോഹന്‍ സിംഗും കൂട്ടരും. ഇന്ധന വില വര്‍ധനയോ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റമോ വ്യാപകമാകുന്ന അഴിമതിയോ അഴിമതിയിലൂടെയും ഊഹക്കമ്പോളത്തിലൂടെയും സമ്പാദിക്കുന്ന പണം സൃഷ്ടിക്കുന്ന സാമൂഹിക - സാമ്പത്തിക അസന്തുലിതാവസ്ഥയോ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനെത്തുന്ന കമ്പനികള്‍ പിഴുതെറിയുന്ന ജീവിതങ്ങളോ അവരെ അലോസരപ്പെടുത്തില്ല. ആരോപണങ്ങളുയര്‍ന്നാല്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ചിലരുണ്ടായാല്‍ മതി. ആരോപണങ്ങള്‍ക്ക് വഴിവെച്ച സാഹചര്യങ്ങള്‍ മാറേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതില്ല. എല്ലാം തന്റെതല്ലാത്ത കാരണങ്ങളാലാണല്ലോ!

2011-07-10

അണിയറയിലെ കള്ളന്‍മാര്‍



ടെലികോം അഴിമതിക്കേസിന്റെ പുതിയ അധ്യായത്തിന്റെ രചന നടക്കുകയാണ്. 2004  മുതല്‍ 2007 വരെ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇത് എഴുതാന്‍ ആരംഭിക്കുന്ന സമയം വരെ ടെക്‌സ്റ്റൈല്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി ദയാനിധി മാരനാണ് ഈ അധ്യായത്തില്‍ വില്ലന്‍. ആദ്യ അധ്യായത്തില്‍ എ രാജയും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കനിമൊഴിയും പ്രതിനായക സ്ഥാനത്തുണ്ടായിരുന്നു. പിന്നെ കുറേ കുത്തക കമ്പനികളും അവരുടെ നടത്തിപ്പുകാരും. സാന്‍, യുനിടെക്ക്, ലൂപ് എന്ന് തുടങ്ങിയ പടുമുളകളായ കമ്പനികളും അവയുടെ മേധാവികളും. ഇവയുടെയെല്ലാം പിറകില്‍ ചരടുവലിക്കാരായി നിന്ന ടാറ്റയോ ബിര്‍ലയോ അംബാനിയോ  പ്രതിനായക സ്ഥാനത്തെത്തുന്ന അധ്യായങ്ങള്‍ രചിക്കപ്പെടില്ല എന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. രാജയുടെയും കനിമൊഴിയുടെയും കാര്യത്തിലെന്ന പോലെ ദയാനിധി മാരന്റെ കാര്യത്തിലും ആരോപണങ്ങളെല്ലാം മാരനില്‍ മാത്രം കേന്ദ്രീകരിക്കും. ഇതിനെല്ലാം അരു നിന്നവരെല്ലാം രക്ഷപ്പെടുകയും ചെയ്യും. ആര്‍ക്കെതിരെയും ഒന്നും സംസാരിക്കാന്‍ മാരന് സാധിക്കില്ല. പുറത്ത് കാണുന്നതിന് അപ്പുറത്ത് ഏറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍. അതിലേറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയ നേതാക്കളും കുത്തക കമ്പനികളും തമ്മിലുള്ള ബന്ധങ്ങള്‍. 


തമിഴ്‌നാട്ടിലെ ശിവ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി സി ശിവശങ്കരന്‍ മൊബൈല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് എയര്‍സെല്‍ എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുകയും ലൈസന്‍സിനും സ്‌പെക്ട്രത്തിനും അപേക്ഷ നല്‍കുകയും ചെയ്തു. ഡി എം കെയുമായും അതിന്റെ അധികാരി എം കരുണാനിധിയുമായും അടുത്ത ബന്ധമുള്ളയാളാണ് ശിവശങ്കരന്‍. അതുകൊണ്ട് തന്നെ തടസ്സങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല. തമിഴ്‌നാട്ടില്‍ സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സും സ്‌പെക്ട്രവും വേഗത്തില്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ മറ്റ് മേഖലകളിലേക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയപ്പോള്‍ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. രണ്ട് വര്‍ഷത്തോളം അപേക്ഷകളില്‍ തീരുമാനമെടുത്തില്ല. 


ഇക്കാലയളവില്‍ ടെലികോം മേഖലയില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മലേഷ്യയിലെ വ്യവസായ സമ്രാട്ട് അനന്തകൃഷ്ണന്‍ അതിനകം തന്നെ എയര്‍ സെല്ലില്‍ നോട്ടമിട്ടിരുന്നു. അനന്തകൃഷ്ണന്റെ കീഴിലുള്ള മാക്‌സസ് എന്ന സ്ഥാപനം എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വൈകാതെ വാങ്ങി. ഓഹരി കൈമാറ്റം നടന്ന് മാസങ്ങള്‍ക്കകം എയര്‍സെല്ലിന്റെ ലൈസന്‍സ് അപേക്ഷകളെല്ലാം അനുവദിക്കപ്പെട്ടു. ദിവസങ്ങള്‍ക്കകം അനന്ത കൃഷ്ണന്‍ ഗ്രൂപ്പില്‍ നിന്ന് 599.01 കോടി രൂപയുടെ നിക്ഷേപം മാരന്‍ കുടുംബത്തിന്റെ കീഴിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയിലെത്തി. ഇത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സി ബി ഐ കരുതുന്നു. എയര്‍ സെല്ലിന്റെ ഓഹരി വില്‍ക്കുന്നതിന് ശിവശങ്കരന് മേല്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ഈ കഥയനുസരിച്ചാണെങ്കില്‍ വ്യക്തമായ അഴിമതിക്കേസ് തന്നെ, നിശ്ചയം. 


വില്ലന്‍ ഒറ്റക്ക് രംഗ പ്രവേശം ചെയ്യാറില്ലെന്നതാണ് പൊതു അനുഭവം. കൂടെ ആളുണ്ടാവും, ഒഴുക്കാന്‍ പണവുമുണ്ടാവും. ആ സ്ഥാനത്താണ് അനന്തകൃഷ്ണന്‍ എന്ന വ്യവസായി. അനന്തകൃഷ്ണന്റെ മാക്‌സസിന് എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങാന്‍ അവസരമൊരുക്കിയത് ആരാണ്? എയര്‍ സെല്ലിന്റെ അപേക്ഷ വൈകിപ്പിച്ച കാലത്ത് മാരന്‍ ഈ അനുമതി ഒറ്റക്ക് നേടിയെടുത്തതാകാന്‍ ഇടയില്ല.  വിദേശ നിക്ഷേപം അനുവദിക്കുന്നതോ അനുവദിച്ചതില്‍ തന്നെ പരിധി ഉയര്‍ത്തുന്നതോ ഒക്കെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ സമിതികളാണ്. ആ സമിതിയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യം ധനമന്ത്രിയും. അന്ന് ധനമന്ത്രി പി ചിദംബരമായിരുന്നു. 


ശിവ ഗ്രൂപ്പ് മേധാവി ശിവശങ്കരനെ അറിയാത്തയാളല്ല പളനിയപ്പന്‍ ചിദംബരം. എന്നിട്ടും എയര്‍ സെല്ലിന്റെ ഓഹരി വാങ്ങാന്‍ അനന്തകൃഷ്ണന്റെ കമ്പനിക്ക് ചിദംബരം ഉള്‍പ്പെടുന്ന സമിതി അനുമതി നല്‍കി. നടക്കാന്‍ പോകുന്നത് അഴിമതിയുടെ കറ പുരണ്ട ഇടപാടുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് നല്‍കിയത് എന്ന് അടുത്ത രംഗം കണ്ടാല്‍ മനസ്സിലാകും. സണ്‍ നെറ്റ്‌വര്‍ക്കില്‍ 600 കോടിയുടെ നിക്ഷേപം നടത്താന്‍ മാക്‌സസിന്റെ സഹോദര സ്ഥാപനം അനുമതി തേടുന്നു. അതിന് ഇതേ ചിദംബരം ഇരിക്കുന്ന കേന്ദ്ര മന്ത്രിസഭാ സമിതി അനുവാദം നല്‍കുന്നു. ഇതിനടിയില്‍ നടന്ന യഥാര്‍ഥ ഇടപാട് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തയാളല്ല പി ചിദംബരം. ഇതറിയാവുന്നത് ചിദംബരത്തിന് മാത്രമോ എന്നത് മാത്രമേ ആലോചിക്കാനുള്ളൂ. 


ദയാനിധി മാരന്‍ മന്ത്രിയായിരിക്കെ നടന്ന ടെലികോം ഇടപാടില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ഇത്രകാലം ആവര്‍ത്തിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ കോടികള്‍ കൊണ്ടുള്ള ഈ കളി. പ്രകൃതി വാതക ഖനനത്തിന്റെ ചെലവ് പെരുപ്പിച്ച് കാണിച്ചതിലൂടെ കോടികളുടെ നഷ്ടം ഖജനാവിനുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിറകെ ഈ കഥയിലെ പ്രധാന പ്രതിനായകന്‍ മുകേഷ് അംബാനിയെ പരവതാനി വിരിച്ച് സ്വീകരിച്ച് ചായയും വടയും നല്‍കി സത്കരിക്കാന്‍ ധൈര്യം കാട്ടിയയാളാണ്. ഈ ധൈര്യം ഇക്കാലത്തിനിടെ മറ്റൊരു ഭരണാധികാരിയും കാട്ടിയിട്ടുണ്ടാവില്ല. ശത കോടികള്‍ എയര്‍ സെല്ലിലും പിന്നെയും ശത കോടികള്‍ സണ്‍ നെറ്റ്‌വര്‍ക്കിലും വര്‍ഷിക്കാന്‍ ത്രാണിയുള്ള അനന്തകൃഷ്ണനെ മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ? 


പെരുകി വളരുന്ന അഴിമതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനും അത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് വരുത്താനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് തോന്നിപ്പിക്കാനും ഏറെ വിയര്‍പ്പൊഴുക്കുന്നുണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും. എന്നാല്‍ ഇതിന്റെയെല്ലാം ഉത്പാദാക്കളും പരോക്ഷ ഉപഭോക്താക്കളും ഇവരൊക്കെത്തന്നെയാണ്. ടെലികോം മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഇന്ത്യയിലെത്തിയത് മാക്‌സിസ് മാത്രമല്ല. യുനീടെക്കിന്റെ ടെലികോം കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ടെലിനോര്‍ വന്നു, സ്വാനിന്റെ ഓഹരികള്‍ വാങ്ങാന്‍ ഇതിസലാത്ത് വന്നു, സ്വാനിന് ലൈസന്‍സ് അനുവദിക്കപ്പെട്ടതിന് തൊട്ടുപിറകെ ആ കമ്പനിയിലുണ്ടായിരുന്ന 9.9 ശതമാനം ഓഹരികള്‍ വലിയ വിലക്ക് വിറ്റഴിച്ച് റിലയന്‍സ് വന്‍ ലാഭം കൊയ്തു. ഇതിന്റെ പിറകിലെല്ലാം ക്രമക്കേടുകളുണ്ടെന്ന് സി ബി ഐ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 


ഇത്തരം ഇടപാടുകള്‍ ഉണ്ടാകുമെന്ന് അറിയാതെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ധനകാര്യ വിദഗ്ധരായ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രണാബ് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഭരണകൂടം അനുവാദം നല്‍കിയത് എന്ന് വിചാരിക്കുന്നില്ല. അതായത് കൊടിയ സാമ്പത്തിക തട്ടിപ്പിന് വേണ്ട അവസരമെല്ലാം പ്രദാനം ചെയ്തത് ഇവരൊക്കെ തന്നെയാണ്. അല്ലെങ്കില്‍ ഇവരെ പിറകില്‍ നിന്ന് നിയന്ത്രിക്കുന്നവരാണ്. പിന്നില്‍ നിന്നുള്ള നിയന്ത്രണം ബി ജെ പി ആരോപിക്കുന്നത് പോലെ സോണിയാ ഗാന്ധിക്കല്ല, അവര്‍ ഈ സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് ലാഭമെടുക്കുന്ന ഉപഭോക്താവ് മാത്രമാണ്. പിന്നില്‍ നിയന്ത്രിക്കുന്നത് ടാറ്റയും ബിര്‍ളയും അംബാനിമാരും അവരുടെ ഉടമകളുമാണ്.  


ഇപ്പറഞ്ഞ കോടികളൊക്കെ സമാഹരിക്കപ്പെടുന്നത് നമ്മുടെയൊക്കെ വിയര്‍പ്പില്‍ നിന്നാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. സെക്കന്‍ഡിന് ഒരു പൈസ എന്ന വാഗ്ദാനം മുന്നോട്ടുവെച്ച് കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചും ആവശ്യപ്പെടാതെ തന്നെ ലഭ്യമാക്കുന്ന കോളര്‍ ട്യൂണുകളുടെ വാടകയായുമൊക്കെ നമ്മില്‍ നിന്ന് ഈടാക്കുന്ന പണമാണ് വിദേശത്തും സ്വദേശത്തുമൊക്കെയായി പങ്കുവെച്ച് കളിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ടവറുകള്‍ സ്ഥാപിച്ച് നമ്മുടെ ജൈവ വ്യവസ്ഥയെ തകര്‍ത്തും മനുഷ്യാരോഗ്യത്തെ ദീര്‍ഘകാലം കൊണ്ട് നശിപ്പിച്ചും സമ്പാദിക്കുന്നതാണ്. അതിന്റെ ഓഹരിയാണ് മാരന്റെ നെറ്റ്‌വര്‍ക്കിലെ വെളിപ്പെട്ട 600 കോടിയും മറ്റ് അറിയപ്പെടാത്തയാളുകളുടെ അജ്ഞാത നെറ്റ്‌വര്‍ക്കുകളിലെ സഹസ്ര കോടികളും. 


എ രാജയും കനിമൊഴിയും ദയാനിധിമാരനും ഒരു നിലക്ക് ഇരകള്‍ മാത്രമാണ്. പ്രശ്‌നങ്ങളുണ്ടായാല്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ നേരത്തെ തന്നെ ഒരുക്കി നിര്‍ത്തപ്പെട്ട നേര്‍ച്ചക്കോഴികള്‍. യഥാര്‍ഥ പ്രതികള്‍ ഇതിനെല്ലാം അവസരമുണ്ടാക്കിക്കൊടുത്തവരാണ്. അവരിലേക്ക് ഒരു കാലത്തും അന്വേഷണം ഏത്തില്ലെന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. നിര്‍ണയത്തില്‍ പിഴവുകളുണ്ടായെന്ന് പ്രധാനമന്ത്രി പിഴ മൂളിയിട്ടുണ്ട്, രാജ ആരോപണ വിധേയനായ കേസില്‍. നിര്‍ണയത്തിലുണ്ടാകുന്ന പിഴവുകള്‍ ഒരു കേസിനും കാരണമാകുന്നില്ല. ഒരു അഴിമതിയും ആരോപിക്കപ്പെടുകയുമില്ല.   ദയാനിധി മാരന്റെ കേസിലും നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മാത്രമേ പ്രധാനമന്ത്രിക്ക് മുന്നോട്ടുപോകാനാകൂ. എല്ലാ കാര്യങ്ങളും ചികഞ്ഞ് പരിശോധിക്കുക പ്രായോഗികവുമല്ല. 


അതുകൊണ്ട് ദയാനിധി മാരന്റെ കേസിലും ഡോ. മന്‍മോഹന്‍ സിംഗ് തന്റെ പ്രതിച്ഛായ നിലനിര്‍ത്തും. കോടതിയുടെ മുമ്പാകെ ആരോപണമുണ്ടായ നിമിഷത്തില്‍ തന്നെ രാജിവെപ്പിക്കാന്‍ തയ്യാറായില്ലേ എന്ന് കോണ്‍ഗ്രസിലെ പാണന്‍മാര്‍ പെരുമ പാടി നടക്കുകയും ചെയ്യും. പക്ഷേ, ഈ നയങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍, അതിന്റെ ഭാഗമായ ഓരോ തീരുമാനവും എടുത്തപ്പോള്‍ നടക്കാന്‍ പോകുന്ന അരും കൊള്ള മുന്നില്‍ കണ്ടില്ലെന്ന് മാത്രം പറയരുത്. കാരണം സമകാലിക ചരിത്രം തന്നെ അത് നിഷേധിക്കും. യു ടി ഐ കുംഭകോണം, ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി തട്ടിപ്പ് ഇവയൊക്കെ നടന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മന്‍മോഹന്‍ യുഗം ആരംഭിച്ചതിന് ശേഷമാണ്. ആ യുഗം ആരംഭിച്ചതിന് ശേഷമാണ് വിദേശത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടിയത്. അതില്‍ നിന്നൊന്നും പാഠം പഠിക്കാതെയാണ് ഡോ. മന്‍മോഹന്‍ സിംഗ് മുന്നോട്ടുപോയത് എന്ന് കരുതാനാകുമോ? അതോ ഏത് തട്ടിപ്പും സാധ്യമാകും വിധത്തിലുള്ള സാമ്പത്തിക സംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു 1991 മുതല്‍ ഇദ്ദേഹം വേഗത്തിലാക്കിയ പരിഷ്‌കരണ, ഉദാരവത്കരണ നയങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണമോ? 


മാരന്‍ ഭരണകാലത്ത് എയര്‍ സെല്ലിന് പുറമെ നടന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും കഥകള്‍ അധ്യായത്തില്‍ ചേര്‍ക്കപ്പെടും. അതൊരു തന്ത്രമാണ്. കൊടിയ അഴിമതിക്കാരനെന്ന മുദ്ര ചാര്‍ത്തിക്കൊടുക്കപ്പെട്ടാല്‍ പിന്നെ അയാള്‍ പറയാനിടയുള്ള കാര്യങ്ങള്‍ക്കെല്ലാം വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനുള്ള വില മാത്രമേ കല്‍പ്പിക്കപ്പെടൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം. സ്വന്തം ഭരണകാലത്ത് നടന്ന കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ പാകത്തിലുള്ള ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിച്ചുവെന്ന് പെരുമ പാടുന്നവര്‍ക്ക് വായ്ത്താരിയാക്കുകയും ചെയ്യാം.

2011-07-07

തെറി കയ്ക്കുന്നു



കുറേക്കാലം മുമ്പത്തെ കഥയാണിത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തഴക്കുന്നതിനും മുമ്പ് നടന്നത്. കാലം പരിഷ്‌കരിക്കപ്പെട്ടിരുന്നില്ലെങ്കിലും സാഹിത്യത്തില്‍ അത് വന്നിരുന്നു. ആധുനികത പിന്നിട്ട് ഉത്തരാധുനികത നാമ്പിട്ട് തുടങ്ങിയിരുന്നു. പ്രീ ഡിഗ്രി സമ്പ്രാദയത്തില്‍ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുത്തവര്‍ക്ക് (ഒന്നാം ഭാഷ ഇംഗ്ലീഷ് ഐച്ഛികമല്ല) നവീന കവിത എന്ന പേരിലൊരു സമാഹാരം പഠിക്കാനുണ്ടായിരുന്നു. അതില്‍ കെ ജി ശങ്കരപ്പിള്ളയുടെ കവിതയും. ഈ പുസ്തകം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ ഗാന്ധിയനായ ഒരു ക്രിസ്ത്യന്‍ നാമധാരി. പരമ സാത്വികനായിരുന്ന അദ്ദേഹത്തിന് വിരമിക്കാനുള്ള പ്രായം അടുത്തുവരികയും ചെയ്യുന്നു. 


കവിത ഛന്ദോബദ്ധമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ഇദ്ദേഹത്തിന് ആധുനിക കൃതികളോട് സ്വാഭാവികമായ അപ്രിയം. അതുകൊണ്ട് തന്നെ കെ ജി ശങ്കരപ്പിള്ളയുടെ കവിതയിലെ ''പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവ് കയ്ക്കുന്നു'' എന്ന വരികളൊക്കെ ഉറക്കെ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തെറി എന്ന പദം കവിതയിലുപയോഗിച്ചതില്‍ അദ്ദേഹം അത്ഭുതം കൂറിയത് ഇപ്പോഴും മനസ്സിലുണ്ട്. സംവിധാനങ്ങളുടെ തെറ്റായ നടപടികളോട് പ്രതികരിക്കാന്‍ തോന്നുകയും അങ്ങനെ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതിലെ പ്രയാസം ദ്യോതിപ്പിക്കുകയാണ് കവി ഈ വാചകത്തിലൂടെ എന്ന് വ്യാഖ്യാനിച്ചു തന്നു സാത്വികനായ ഗുരുനാഥന്‍. എങ്കിലും ''പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നത്'' എങ്ങനെയാണെന്ന് അന്ന് വേണ്ടത്ര മനസ്സിലായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള അത്രയൊന്നും അനുഭവതീഷ്ണമല്ലാതെ തുടരുന്ന ചെറു ജീവിത കാലത്ത് എന്താണ് ഈ കയ്പ്പ് എന്ന് പലകുറി ബോധ്യപ്പെട്ടു. ഇപ്പോള്‍ ദിനേന എന്നോണം ബോധ്യപ്പെടുകയും ചെയ്യുന്നു. അത്തരം ചില കയ്പ്പുകളിലേക്ക്. 


ജോര്‍ജ് പോളും 
ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും


ആദ്യം സര്‍ക്കാര്‍, സഹകരണ മേഖലയിലും പിന്നീട് സ്വകാര്യ മേഖലയിലും സ്വാശ്രയ കോളജുകള്‍ ആരംഭിക്കുകയും സ്വകാര്യ സ്വാശ്രയ കോളജുകളിലെ പ്രവേശവും ഫീസും കോടതിയിലും തെരുവിലും യുദ്ധത്തിന് കളമൊരുക്കുകയും ചെയ്തതിന് ശേഷമുള്ള കാലമാണ് കടന്നുപൊകുന്നത്. എല്ലാ കൊല്ലവും എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും വിധത്തിലുള്ള 'അന്യോന്യം' സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുണ്ടാകും. ഒടുവില്‍ ആര്‍ക്കും മനസ്സിലാകാത്ത വിധത്തിലുള്ള ഒരു ഒത്തുതീര്‍പ്പും. രണ്ട് പക്ഷവും വിജയം അവകാശപ്പെടും.  ഇതിനിടെ മാനേജുമെന്റുകള്‍ ഭിന്നിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടും എം ഇ എസ്സും മറ്റും നേതൃത്വം നല്‍കുന്ന മൂന്നാമത്തേതും. ഇതില്‍ തന്നെ വിചിത്രവാദങ്ങളുന്നയിച്ച് കാണികളെ രസിപ്പിച്ചത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലായിരുന്നു. 


ഇക്കുറി പ്രവേശ, ഫീസ് കരാറുകളുടെ ചര്‍ച്ചയുടെ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. തക്കം നോക്കി നിന്ന മാനേജ്‌മെന്റുകള്‍ ഒരു കടുംവെട്ടിന് അവസരം കണ്ടു. എല്ലാ സീറ്റിലും സ്വന്തം നിലക്ക് പ്രവേശം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് പണം മുന്‍കൂറായി വാങ്ങുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വാശ്രയം വീണ്ടും തെരുവില്‍ തിളച്ചു/തിളപ്പിച്ചു. ഇക്കുറി ഒന്നും ചെയ്യാനാകില്ലെന്നും അടുത്ത വര്‍ഷം കാര്യങ്ങള്‍ ഭംഗിയാക്കാമെന്നും കെ എം മാണിയും മറ്റും പറഞ്ഞുനോക്കിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് അത് അത്രയെളുപ്പം ദഹിക്കുമായിരുന്നില്ല. ഒന്നു വാദിച്ചുനോക്കുകയെങ്കിലും ചെയ്യാതെ കീഴടങ്ങിയാല്‍ പിന്നെ എന്ത് മുഖ്യമന്ത്രി പദം! 
ആദ്യം പി ജി സീറ്റുകളില്‍ പിടിച്ചു. വൈകിയെത്തിയതിലുള്ള അതൃപ്തി മറച്ചുവെച്ചില്ലെങ്കിലും സര്‍ക്കാറിനുള്ളത് സര്‍ക്കാറിന് തന്നെയെന്ന് സുപ്രീം കോടതി വിധിച്ചു. അതോടെ ഉമ്മന്‍ ചാണ്ടിക്ക് ആത്മവിശ്വാസമായി. എം ബി ബി എസ് സീറ്റുകളുടെ കാര്യത്തിലും അമ്പത് ശതമാനം സീറ്റ് സര്‍ക്കാറിന് വേണമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. 


സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അനാവശ്യമായ ഇടപെടലിന് ശ്രമിക്കുകയാണ് സര്‍ക്കാറെന്നായി ജോര്‍ജ് പോള്‍. കോളജുകള്‍ പൂട്ടാന്‍ ആലോചിക്കുന്നു, ഇങ്ങനെയാണെങ്കില്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല, ലാഭമുണ്ടാക്കുകയല്ല, സമൂഹത്തിന് സേവനം നല്‍കുകയാണ് ചെയ്യുന്നത് എന്നിങ്ങനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് വേണ്ടി വാദങ്ങളുമായി അദ്ദേഹം രംഗത്തുവന്നു. ഏറെ ബദ്ധപ്പാട് സഹിച്ചാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ കോളജുകള്‍ നടത്തി എം ബി ബി എസ് ബിരുദധാരികളെ വിരിയിച്ച് സമൂഹത്തിന് നല്‍കുന്നതെന്നും ജോര്‍ജ് പോള്‍ വാദിച്ചു. അധ്യാപകര്‍ക്ക് പ്രതിമാസം നല്‍കുന്ന ഒരു ലക്ഷത്തിലേറെ വരുന്ന ശമ്പളത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. സഹനം ക്രൈസ്തവര്‍ക്ക് പുത്തരിയല്ല, അതുകൊണ്ട് എല്ലാം സഹിച്ച് സ്വാശ്രയ വ്യവസായ രംഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുക. 


ഇതേ ആളുകളൊക്കെയാണ് പണ്ട് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ പറ്റിച്ചതെന്ന് ജോര്‍ജ് പോളിന് അറിയാതെ വരുമോ? രണ്ട് സ്വകാര്യ സാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സിദ്ധാന്തത്തിന് അല്ലേലുയ പാടി. അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റും ഫീസുമെന്ന് അംഗീകരിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് തൊട്ടുപിറകെ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാര്‍ മെറിറ്റും ഫീസുമൊന്നും വഹിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് സ്ഥാപിച്ചെടുത്തു. ഈ വഞ്ചന സഹിച്ചതിന് ശേഷവും വെല്ലുവിളി തുടരുകയാണ് സ്വാശ്രയ മാനേജുമെന്റുകള്‍, പ്രത്യേകിച്ച് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ളവ ചെയ്തത്. എന്നിട്ടും വേണ്ട രീതിയില്‍ ഇടപെടാന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാറും പിന്നീട് വന്ന ഇടത് മുന്നണി സര്‍ക്കാറും തയ്യാറാകാതിരുന്നത് ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടിത ശേഷി ഉപയോഗിച്ച് ഇവര്‍ നടത്തിയ വിലപേശല്‍ മൂലമായിരുന്നു. 


പാവപ്പെട്ട രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരെ പരസ്യമായി വിചാരണ ചെയ്ത് 'ഞാന്‍ കുറ്റക്കാരനെ'ന്ന് എഴുതിയ ബാനര്‍ കഴുത്തില്‍ കെട്ടിത്തൂക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട് കേരളത്തില്‍ പലേടത്തും. കൊടിയ വഞ്ചന കാട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ശേഷവും ലജ്ജ ലേശമില്ലാതെ മുറുമുറുപ്പ് തുടരുന്ന ജോര്‍ജ് പോളിനെപ്പോലുള്ളവരുടെ കാര്യത്തില്‍ അത്തരമൊന്ന് ചെയ്യാന്‍ ആരും അവശേഷിച്ചിട്ടില്ല എന്നത് കയ്പ്പായി നിലനില്‍ക്കുന്നു. 


ജോര്‍ജ് പോളിന്റെ വാദങ്ങള്‍ മാത്രം പോരെന്ന് തോന്നിയതു കൊണ്ടാവണം കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ ഭാരവാഹിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നേരിട്ട് രംഗത്തുവന്നത്. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് സ്വാശ്രയ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വിമോചന സമരാഹ്വാനം മുഴക്കിയിരുന്നു അന്ന് തൃശൂര്‍ രൂപതാ ബിഷപ്പായിരുന്ന ആന്‍ഡ്രൂസ് താഴത്ത്. കുറുവടി സേന വീണ്ടും വരും, കുണ്ടുകുളം പിതാവിന്റെ വാക്കുകള്‍ ഇപ്പോവും മുഴങ്ങുന്നുണ്ട് എന്നൊക്കെ ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴിതാ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശത്തില്‍ സര്‍ക്കാര്‍ കൈവെക്കുകയാണെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഭരിക്കുന്നത് ഇടത് സര്‍ക്കാറല്ലാത്തതുകൊണ്ട് രണ്ടാം വിമോചന സമരത്തെക്കുറിച്ച് പറയുന്നില്ലെന്ന് മാത്രം. ലക്ഷങ്ങള്‍ തലവരിയും ലക്ഷങ്ങള്‍ ഫീസും ഈടാക്കി പ്രവര്‍ത്തിക്കുന്ന  സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ന്യൂനപക്ഷ സമുദായ സ്ഥാപനമെന്ന പദവി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കെ ജി ശങ്കരപ്പിള്ളയുടെ വരികള്‍ വീണ്ടും പ്രസക്തമാകുകയാണ്. ഈ ബിഷപ്പിനോട് പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നവര്‍ എത്രവരും!


കോഴിക്കോട് 
റെയില്‍വേ സ്റ്റേഷന്‍


രാജ്യാന്തര സ്റ്റേഷനാക്കി ഉയര്‍ത്തുകയാണ് ഇതിനെ. ചുറ്റിലും ടൈല്‍സ് പാകി. എല്ലായിടത്തും കയറു കെട്ടി നോ പാര്‍ക്കിംഗ് ബോര്‍ഡ് വെച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മുതിര്‍ന്ന പൗരന്‍മാരായ മാതാപിതാക്കളെ സ്റ്റേഷനിലിറക്കാന്‍ രാവിലെ ആറരയോടെ എത്തിയപ്പോള്‍ സ്റ്റേഷന്‍ ശൂന്യം. കയറുകെട്ടിത്തിരിക്കാത്ത ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്തു. ട്രെയിന്‍ സ്റ്റേഷനിലെത്തിയിരുന്നു. ടിക്കറ്റെടുത്ത് അവരെ കയറ്റി വിടാന്‍ 15 മിനുട്ട്. ട്രെയിന്‍ സ്റ്റേഷന്‍ വിടും വരെ കാത്തില്ല. തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസിന്റെ അധികാര ചിഹ്നങ്ങളുമായി രണ്ട് പേര്‍ കാറിന് സമീപം തയ്യാര്‍. ഇവിടെ കാറിടാന്‍ പാടില്ലെന്ന് അറിയില്ലേടാ എന്ന് ചോദ്യം. മാതാപിതാക്കളെ ട്രെയിന്‍ കയറ്റാന്‍ പോയതാണ് 15 മിനുട്ടേ എടുത്തുള്ളൂ എന്ന് പറഞ്ഞുനോക്കി. രക്ഷയില്ല, പിഴയടച്ചേ വിടൂ എന്ന് റെയില്‍വേ പോലീസിന് നിര്‍ബന്ധം. കേസ് ചാര്‍ജ് ചെയ്‌തോളൂ  ബാക്കി പിന്നെ നോക്കാമെന്ന് അപ്പോഴത്തെ വാശിക്ക് പറഞ്ഞു. വിലാസം പറഞ്ഞുകൊടുത്തപ്പോള്‍ മനഃപൂര്‍വം തെറ്റിക്കുകയും ചെയ്തു. 


മാതാപിതാക്കളെ ട്രെയിന്‍ കയറ്റി വിടാന്‍ വേണ്ടി 15 മിനുട്ട് നേരം സ്റ്റേഷന്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വലിയ പാതകമാണെന്ന് തോന്നിയില്ല, അതുകൊണ്ട് തന്നെയാണ് വിലാസം തെറ്റിച്ചു നല്‍കിയത്. 
ഇന്നലെ (06-07-2011) ഉച്ചക്ക് ഒരു മണി. ഒന്നരക്കുള്ള ജനശതാബ്ദിയില്‍ പോകേണ്ട ഭാര്യക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തി. നേരത്തെ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്യാന്‍ കാരണമായ അതേ സ്ഥാനത്ത് കാറുകളുടെ നീണ്ട നിര. അവക്കിടയിലേക്ക് കാറൊതുക്കുമ്പോഴേക്ക് ചീട്ടെഴുത്തുകാരനെത്തി. 


ഈ സ്ഥലം പ്രീമിയം പാര്‍ക്കിംഗ് സ്ഥലമായി ലേലം ചെയ്തിരിക്കുന്നുവെന്ന്. മദ്യ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുന്ന പതിവുണ്ട്. കുറഞ്ഞ വിലക്ക് വില്‍ക്കുന്ന മദ്യം ഒന്നു പൊതിഞ്ഞ് പ്രീമിയം എന്ന് രേഖപ്പെടുത്തി വില കൂട്ടൂന്ന രീതി. അതുപോലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലവും പ്രീമിയമായിരിക്കുന്നു. പാര്‍ക്കിംഗ് ഫീസ് 15 രൂപ. ഇത്രയും തുകക്ക് വേണ്ടി തര്‍ക്കിക്കുക എന്നത്  ഇക്കാലത്ത് 'മാന്യന്‍'മാര്‍ക്ക് ചേര്‍ന്നതല്ല, അന്തസ്സിന് ഒട്ടൊരു ഇടിവാണ് താനും. എങ്കിലും തര്‍ക്കിച്ചു. പണം കൊടുക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു.   കൊടുക്കാതെ പോരുകയും ചെയ്തു. ഒരാളെ ട്രെയിന്‍ കയറ്റി വിടാന്‍ എത്തി പത്തോ പതിനഞ്ചോ മിനുട്ട് പാര്‍ക്ക് ചെയ്ത് മടങ്ങുമ്പോള്‍ 15 രൂപ ഫീസ് നല്‍കേണ്ടിവരുന്നത് നീതിയല്ലെന്ന തോന്നലായിരുന്നു കാരണം. റോഡിനും പാലങ്ങള്‍ക്കും വന്‍തുകകള്‍ ടോള്‍ പിരിക്കുന്നതും ഈ പിഴിയലും തമ്മില്‍ വലിയ വ്യത്യാസമില്ല. ഇ അഹ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണെങ്കില്‍ ഒരു പരാതിയെങ്കിലും നല്‍കി സായൂജ്യമടയാമായിരുന്നു. ഇപ്പോഴതും സാധിക്കില്ല, അതുകൊണ്ട് കയ്പ്പ് ഇങ്ങനെ തീര്‍ക്കുകയേ മാര്‍ഗമുള്ളൂ. 


ജനത്തെ പിഴിയാനുള്ള ഒരു പഴുതും ഭരണകൂടം ഒഴിവാക്കുന്നില്ല. അവര്‍ ഒഴിവുകള്‍ നല്‍കുന്നതോ റിലയന്‍സിന്, ടാറ്റക്ക്, യുനീടെക്കിന്, സ്വകാര്യ സ്വാശ്രയ കോളജ് മാനേജുമെന്റുകള്‍ക്ക്...  ചെറിയ പ്രതിഷേധം പോലും പ്രകടിപ്പിക്കാതെ എല്ലാ സേവന ഫീസുകളുമൊടുക്കി അന്തസ്സ് കാക്കുന്നു നമ്മള്‍. പ്രീമിയം പാര്‍ക്കിംഗ് സ്ഥലം കരാറെടുത്തവന്റെ തെറി സഹിക്കുന്നു. ഇത്തരം പല  കയ്പ്പുകള്‍ കെട്ടിക്കിടന്ന് മനസ്സ് വീര്‍പ്പുമുട്ടും. ആ വീര്‍പ്പുമുട്ടല്‍ ജോലിസ്ഥലത്തോ വീട്ടിലോ തീര്‍ക്കുകയും ചെയ്യും.