പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നുവെന്നത് വലിയ ആശങ്കയാണെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ബേങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്ന സൂക്ഷ്മ സാമ്പത്തിക നടപടി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് 15 മാസവുമായി. എന്നിട്ടും പണപ്പെരപ്പ നിരക്കില്‍ കുറവുണ്ടാകുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10. 4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ നില്‍ക്കുന്നത് 9. 44 ശതമാനം എന്ന നിലയിലാണ്. ഇതില്‍ തന്നെ ഭക്ഷ്യവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എട്ട് ശതമാനത്തിലേറെയും. രാജ്യത്ത് ജനങ്ങളുടെ അവശ്യവസ്തുക്കളായ ഭക്ഷ്യസാധനങ്ങളുടെതടക്കം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ തുടരുന്നുവെന്ന് അര്‍ഥം. ഈ പതിമൂന്ന് മാസത്തിനിടെ പത്ത് തവണയെങ്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബേങ്ക് വര്‍ധന വരുത്തി. ഓരോ തവണയും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉതകുന്ന നടപടിയാണ് റിസര്‍വ് ബേങ്ക് സ്വീകരിച്ചത് എന്ന് സാമ്പത്തിക വിദഗ്ധരും ധനമന്ത്രിയും പുകഴ്ത്തുകയും ചെയ്തു. പക്ഷേ, നിരക്ക് താഴേക്ക് വന്നില്ല എന്നത് വസ്തുതയായി തുടരുകയും ചെയ്യുന്നു.
സ്വന്തം വാല് കടിക്കാന്‍ വൃഥാ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന നായയോട് മാത്രമേ കേന്ദ്ര സര്‍ക്കാറിനെയും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയെയും ഉപമിക്കാനൊക്കൂ. തനിക്ക് വാലില്‍ പിടിത്തം കിട്ടില്ലെന്ന് നായക്ക് അറിയില്ല. സര്‍ക്കാറിനും റിസര്‍വ് ബേങ്കിനും ആ തിരിച്ചറിവുണ്ടെന്ന വ്യത്യാസം മാത്രമേയുള്ളൂ. ആ തിരിച്ചറിവോടെ വട്ടം ചുറ്റല്‍ തുടരുമ്പോള്‍ ജനങ്ങളെ സമര്‍ഥമായി പറ്റിക്കുകയും ചെയ്യുന്നു ഈ നയരൂപവത്കരണക്കാര്‍. ഭക്ഷ്യധാന്യ ഉത്പാദനം സര്‍വകാല റെക്കോഡ് പിന്നിട്ടിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര കലവറകള്‍ നിറഞ്ഞുകവിയുകയും ചെയ്തിരിക്കുന്നു. മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഈ സര്‍വകാല റെക്കോഡ് അവകാശപ്പെടാനാകില്ല. എങ്കിലും ഉത്പന്നങ്ങളുടെ ലഭ്യതയില്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല എന്ന് വല്ലപ്പോഴും കടയില്‍ പോകുന്നവര്‍ക്ക് മനസ്സിലാകും. മറ്റ് ഉത്പന്നങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഉത്പന്ന വില ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇന്ധന വിലയിലുള്ള വര്‍ധനയാണ്. ഡീസലിന്റെയും പെട്രോളിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില ഉയര്‍ത്തി എണ്ണക്കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാക്കി നിര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധന വില ഓരോ തവണ കൂടുമ്പോഴും ചരക്ക് കടത്ത് കൂലി കൂടുന്നുവെന്നത് പ്രത്യക്ഷമാണ്. പരോക്ഷമായി മറ്റ് പല രംഗത്തും വില ഉയരും. രാസവളം ഉദാഹരണമാണ്. രാസവളത്തിന്റെ വില ഉയരുന്നത് കര്‍ഷകര്‍ മാത്രമേ അറിയൂ. ഉത്പാദനച്ചെലവിന് അനുസരിച്ച് ഉത്പന്നത്തിന്റെ വില ഉയരുക സ്വാഭാവികം. സമാനമായി ഓരോ രംഗത്തും വിലകള്‍ ഉയരും. ഇന്ധന വില കുറച്ച് കമ്പനികളെ പ്രതിസന്ധിയിലാക്കാന്‍ മടിക്കുന്ന ഭരണകൂടം വിപണിയിലേക്കുള്ള പണമൊഴുക്ക് കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബേങ്ക് നിരക്കുകള്‍ ഉയര്‍ത്തും.
ബേങ്ക് നിരക്ക് ഉയര്‍ത്തുന്നതോടെ ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ ഇനം വായ്പകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ബേങ്കുകള്‍ നിര്‍ബന്ധിതമാകും. ഭവന നിര്‍മാണത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വായ്പ എടുക്കുന്നത് ഇടത്തരക്കാരോ സാധാരണക്കാരോ പാവപ്പെട്ടവരോ ഒക്കെയാണ്. അവര്‍ കൂടുതല്‍ പണം പലിശയായി നല്‍കേണ്ടിവരും. ഇന്ധന വില ഉയര്‍ത്തുന്നതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നവര്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറക്കാന്‍ സ്വീകരിക്കുന്ന നടപടിയുടെയും ഇരയായി മാറുകയാണ്. ഇത് തന്നെയാണ് മന്‍മോഹന്‍ സിംഗ് മുന്നോട്ടുവെക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനം. എല്ലാവരും ഇതില്‍ ഉള്‍പ്പെടും. വികസനം ചിലര്‍ക്ക് മാത്രമേ ഉണ്ടാകൂ എന്ന് മാത്രം.
വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സ്വീകരിക്കാവുന്ന മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാം. റിലയന്‍സും ബിര്‍ളയുമൊക്കെ ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണാതീതമായി ഉയരുകയും ആ മേഖലയിലെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്നത് എന്നത് കാണാതിരുന്നകൂടാ. ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇത്തരം കമ്പനികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. വിപണിയില്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷ മാത്രമല്ല ഈ ശേഖരണത്തിന്റെ ലക്ഷ്യം, ഇതര ചെറുകിട സ്വകാര്യ വിതരണ ശൃംഖലകളെ തകര്‍ക്കുക എന്നത് കൂടിയാണ്.
ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാമെന്ന സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശ അംഗീകരിക്കുക കൂടി ചെയ്താല്‍ വിദേശ കുത്തകകളുടെ ഉത്പന്ന ശേഖരണവും പൂഴ്ത്തിവെപ്പും കൂടി സംഭവിക്കും. അതോടെ വിലകള്‍ കൂടുതല്‍ ഉയരും. അപ്പോഴും ബേങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണത്തിനാകും നമ്മുടെ ഭരണ സംവിധാനങ്ങള്‍ ശ്രമിക്കുക. പൂഴ്ത്തിവെപ്പോ കരിഞ്ചന്തയോ തടയാന്‍ ശ്രമിച്ചാല്‍ പൊള്ളുന്നത് റിലയന്‍സിനും ബിര്‍ളക്കുമൊക്കെയാകും. അത് പാടില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും നിര്‍ബന്ധമുണ്ട്. ഇവരുടെ വിശ്വസ്തനായ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്ക് അത് നല്ലതുപോലെ മനസ്സിലാകുകയും ചെയ്യും.
മറ്റൊന്ന് അവധി വ്യാപാരമാണ്. ഇവിടെയും പ്രധാന കളിക്കാര്‍ റിലയന്‍സോ ബിര്‍ളയോ അവരുടെ ഏജന്റുമാരോ ഒക്കെത്തന്നെ. അവശ്യവസ്തുക്കളുടെതുള്‍പ്പെടെ കാര്യത്തില്‍ അവധി വ്യാപാരം അനുവദിച്ച് നല്‍കിയിട്ടുണ്ട് നമ്മുടെ സര്‍ക്കാര്‍. അടുത്ത സീസണില്‍ ഉണ്ടാകാന്‍ ഇടയുള്ള വിളവിന് മുന്‍കൂട്ടി വില നിശ്ചയിക്കുമ്പോള്‍ കര്‍ഷകരേക്കാളേറെ ഇടനിലക്കാര്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഉത്പന്ന സംഭരണം എളുപ്പത്തില്‍ നടത്താന്‍ വന്‍കിട കമ്പനികളെ ഇത് സഹായിക്കുകയും ചെയ്യുന്നു. അവധി വ്യാപാരം നിയന്ത്രിക്കാന്‍ പോലും ശ്രമിക്കില്ല ഭരണകൂടം. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ബുദ്ധിമുട്ട് നേരിടുക സമ്പന്നരായ വ്യാപാരികളോ അവരുടെ മേലാവികളായി നിലകൊള്ളുന്ന വന്‍കിടക്കാരോ ഒക്കെയാകും. അത് അനുവദിച്ചു കൂടല്ലോ! അപ്പോള്‍ പിന്നെ ചെയ്യാന്‍ സാധിക്കുന്നത് ഒന്ന് മാത്രം. ഒരിക്കലും പിടികിട്ടില്ലെന്ന് ഉറപ്പുള്ള വാലിന് പിറകെ ഓടുക. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അല്ലെങ്കില്‍ അത് വോട്ടിനെ ബാധിക്കാനിടയുണ്ട്.
വിലക്കയറ്റം സൃഷ്ടിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങള്‍ സര്‍ക്കാറെടുക്കും. അതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കണം. വിലക്കയറ്റം മൂലം പണപ്പെരുപ്പ നിരക്ക് ഉയരുമ്പോള്‍ അത് കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. അതും നാട്ടുകാരുടെ ചെലവില്‍. പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ പിരിക്കുന്നത് പോലെ. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള വരുമാനത്തിന് വേണ്ടിയാണ് സര്‍ക്കാറുകള്‍ നികുതി പിരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. ഈ നികുതി കൃത്യമായി നല്‍കേണ്ടിവരിക സാധാരണക്കാരോ ഇടത്തരക്കാരോ ശമ്പളക്കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഒക്കെ മാത്രമാണ്. വന്‍കിടക്കാരും കുത്തക കമ്പനികളുമൊക്കെ നികുതി വെട്ടിക്കും. ആ പണം വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച് സംതൃപ്തരാകുകയും ചെയ്യും. അതൊന്നും കണ്ടെത്താന്‍ ഭരണകൂടം നടപടി സ്വീകരിക്കില്ല.
നികുതി വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിന് തികയുന്നില്ലെന്ന് വാദിച്ച് പാലങ്ങളും റോഡുകളും മറ്റും നിര്‍മിക്കാന്‍ ബി ഒ ടി (നിര്‍മിച്ച് ഉപയോഗിച്ച് കൈമാറുന്ന സംവിധാനം) സമ്പ്രദായം കൊണ്ടുവരും. ബി ഒ ടി പദ്ധതികളുടെ ചെലവ് നികുതി ദായകരില്‍ നിന്ന് ഈടാക്കാന്‍ ടോള്‍ ഏര്‍പ്പെടുത്തും. ടോള്‍ പിരിവ് കരാറെടുക്കുന്ന സ്വകാര്യ കമ്പനിക്ക് വന്‍തുക ലാഭമുണ്ടാക്കും വിധത്തില്‍ സംവിധാനം കൊണ്ടുവരും. ജനായത്ത സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഇവിടെ വലിയൊരു ഇടനിലക്കാരന്‍ മാത്രം. പിടികിട്ടില്ലെന്ന് ഉറപ്പുള്ള വാലിന് പിറകെ പാഞ്ഞ് തങ്ങള്‍ വലിയ തോതില്‍ തത്രപ്പെടുകയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടനിലക്കാരന്‍.
കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളിലെല്ലാം ഈ കളി കാണാം. മാവോയിസ്റ്റുകളെയും അവരെ പിന്തുണക്കുന്ന നാട്ടാകാരെയും നേരിടാന്‍ നാട്ടുകാരെ തന്നെ ഉള്‍പ്പെടുത്തി സാല്‍വ ജുദും എന്ന സ്വകാര്യ സേന രൂപവത്കരിക്കുകയും അതിലെ അംഗങ്ങളെ പിന്നീട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി കുടിയിരുത്തുകയും ചെയ്തിരുന്നു നമ്മുടെ ഭരണകൂടം. നാട്ടുകാര്‍ തമ്മില്‍ പോരിട്ട് പ്രശ്‌നം പരിഹരിക്കട്ടെ എന്നതായിരുന്നു ഭരണകൂടത്തിന്റെ ബുദ്ധി. പോരിന് വേണ്ട പിന്തുണ പോലീസും അര്‍ധ സൈനിക വിഭാഗവും നല്‍കും. ഒടുവില്‍ വിദ്യാഭ്യാസയോഗ്യതയില്ലാത്ത, പരിശീലനം ലഭിക്കാത്ത ആദിവാസികളെ ആയുധം നല്‍കി പോരിന് നിയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. അതുള്‍ക്കൊള്ളാന്‍ കഴിയാത്ത ഇടനിലക്കാരന്‍ കോടതി വിധിയോടെ മാവോയിസ്റ്റ്‌വിരുദ്ധ പ്രവര്‍ത്തനം താളം തെറ്റിയെന്ന് വിലപിക്കുന്നു.
ദാരിദ്ര്യവും അവഗണനയും അവകാശനിഷേധവും പൊറുക്കാതായപ്പോള്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ ജനങ്ങളെ അവരിലൊരു വിഭാഗത്തെക്കൊണ്ട് തന്നെ കൊല്ലിക്കാന്‍ തീരുമാനിക്കുന്ന ഭരണ സംവിധാനം പാവപ്പെട്ടവരെ ദ്രോഹിക്കാതെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ട് ബേങ്ക് നിരക്കുകള്‍ ഉയര്‍ത്തി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പാടുപെടുന്ന ഭരണകൂടത്തിന് സ്തുതി പാടാം. വായ്പയുടെ പലിശ നിരക്ക് ഉയരുന്നതില്‍ ആശങ്കപ്പെടാതിരിക്കാം. വിലനിലവാരത്തിലെ ഉയര്‍ച്ച അനുഭവം കൊണ്ട് ശീലമായതുപോലെ ഇതും വൈകാതെ ശീലമായിക്കൊള്ളുമെന്ന് ആശ്വസിക്കാം.
No comments:
Post a Comment