തോപ്പില്‍ ഭാസി അരങ്ങിലെത്തിച്ച 'അശ്വമേധം' എന്ന നാടകത്തില്‍ കുഷ്ഠ രോഗ ബാധിതയായ നായികാ കഥാപാത്രം 'രോഗം ഒരു കുറ്റമാണോ?' എന്ന് ഉറക്കെച്ചോദിച്ചപ്പോള്‍ അത് മലയാളികളുടെ മനസ്സില്‍ തറച്ചു. ആ ചോദ്യം സ്വയം ചോദിച്ച് അവന്‍/അവള്‍ അസ്വസ്ഥരായി. ആ അസ്വസ്ഥത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അത് പഴയ കാലം. കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും രോഗബാധയുണ്ടായാല്‍ എന്ത് ചെയ്യുമെന്നതാണ് പുതിയ കാലത്തെ ചോദ്യം. തോപ്പില്‍ ഭാസിയേക്കാള്‍ 'പ്രഗത്ഭ'രായവര്‍ സംവിധാനം ചെയ്ത് വൈദ്യശാസ്ത്ര വിദഗ്ധരായവരുടെ സാക്ഷ്യപത്രത്തിന്റെ അകമ്പടിയോടെ അരങ്ങിലെത്തിക്കുന്ന നാടകത്തില്‍ സൂക്ഷ്മാഭിനയത്തില്‍ പ്രാവീണ്യം നേടിയവരാണ് കഥാപാത്രങ്ങള്‍. ശിക്ഷ വിധിക്കുമ്പോള്‍ നിമിഷാര്‍ധം കൊണ്ട് മോഹാലസ്യം വരുത്താന്‍ കഴിവുള്ളവര്‍. ശീതീകരിക്കാത്ത ജയിലിലെ അത്യുഷ്ണം സഹിയാതെ അടിക്കടി തലകറക്കം സാധ്യമാക്കുന്നവര്‍.
രംഗപടമൊരുക്കുന്നവരും മോശക്കാരല്ല. നിയമങ്ങളെ തലനാരിഴ കീറി പരിശോധിച്ച് പഴുതുകള്‍ കണ്ടെത്തി പരോളും പരോളിന് പിറകെ പരോളും അനുവദിക്കാന്‍ കഴിവുള്ളവര്‍. രോഗം കണ്ടെത്താന്‍ വേണ്ടി പരിശോധനക്ക് കൊണ്ടുപോയതല്ലെന്നും പരിശോധനയില്‍ രോഗം കണ്ടെത്തിയതാണെന്നും നേരത്തെ തന്നെ രോഗബാധയുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റെക്കോഡുകള്‍ സാക്ഷ്യം പറയുന്നുണ്ടെന്നും വിശദീകരിക്കുന്നവര്‍. ക്ലൈമാക്‌സ് എന്തെന്ന് കാഴ്ചക്കാര്‍ക്ക് മുന്‍കൂട്ടി അറിയാമെന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത.
ഇടമലയാര്‍ അഴിമതിക്കേസില്‍ കുറ്റവാളിയാണെന്നും അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ച വിചാരണക്കോടതിയുടെ വിധി ശരിയാണെന്നും പ്രായവും കേസിന്റെ കാലപ്പഴക്കവും പരിഗണിച്ച് ഒരു വര്‍ഷം തടവേ വിധിക്കുന്നുള്ളൂവെന്നുമാണ് കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ളയോട് സുപ്രീം കോടതി പറഞ്ഞത്. അതനുസരിച്ചുള്ള കാരാഗൃഹ വാസം പൂജപ്പുരയില്‍ പിള്ള തുടങ്ങിയെങ്കിലും ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിഞ്ഞതിനേക്കാള്‍ അധികം സമയം തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു. ശിക്ഷാ കാലാവധിയില്‍ എട്ട് മാസത്തിലധികം കാലം ബാക്കി നില്‍ക്കുകയും ചെയ്യുന്നു. അപ്പോഴാണ് പിള്ളക്ക് ഹീമോക്രൊമറ്റോസിസ് എന്ന മാരക രോഗമുണ്ടെന്നും കടുത്ത ഹൃദ്രോഗിയാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ വൈദ്യ സംഘം വിധിച്ചത്. ഹീമോക്രൊമറ്റോസിസ് ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണുന്നതാണെന്ന് വൈദ്യ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്റെ സമസ്ത മേഖലകളിലുമുള്ള വികസനത്തിന് ചുക്കാന്‍ പിടിക്കുകയും ആ ലക്ഷ്യം മുന്‍നിര്‍ത്തി യു ഡി എഫ് എന്ന മുന്നണി സംവിധാനം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത നായര്‍ പ്രമാണിയായ നേതാവ് ഇത്ര ഗുരുതരമായ രോഗത്താല്‍ പരീക്ഷിക്കപ്പെടുന്നല്ലോ എന്ന് ചിന്തിച്ചിരിക്കെയാണ് അഴിമതിക്കേസില്‍ കുറ്റാരോപിതനായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡിക്ക് ഡിമന്‍ഷ്യ ആണെന്ന വാര്‍ത്ത പുറത്തുവരുന്നത്. പിള്ള കേരളത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത് എങ്കില്‍ കല്‍മാഡി രാജ്യത്തിന്റെയാകെ വികസനത്തിനായി യത്‌നിച്ചിരുന്നു. ആ യത്‌നവും അതിന്റെ ഫലമുകുളങ്ങളും മറന്നുപോകേണ്ടിവരുന്ന രോഗത്തിന്റെ പിടിയിലമരേണ്ടി വന്നിരിക്കുന്നു, സങ്കടകരം എന്നല്ലാതെ എന്തു പറയേണ്ടൂ!
ഹീമോക്രൊമറ്റോസിസ് എന്നത് ദഹന പ്രക്രിയയിലെ തകരാറ് മൂലമുണ്ടാകുന്നതാണ്. ഭക്ഷണത്തില്‍ നിന്ന് രക്തത്തിലേക്ക് ഇരുമ്പിന്റെ അംശം കൂടുതലായി എത്തും. അത് ശരീരം കൂടുതലായി ആഗിരണം ചെയ്യും. അധികമായാല്‍ അമൃതും വിഷമാണെന്നാണ് ചൊല്ല്. ഇരുമ്പിന്റെ കാര്യവും ഭിന്നമല്ല. എവിടെയൊക്കെ അടിഞ്ഞുകൂടാമോ അവിടെയൊക്കെ ഇരുമ്പ് അടിഞ്ഞുകൂടും. ശരീരം തുരുമ്പിക്കും. ചികിത്സയില്ലാത്തതൊന്നുമല്ല ഈ അവസ്ഥ. ഏറ്റവും പ്രധാന ചികിത്സ ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ആഹാര രീതിയനുസരിച്ച് നിയന്ത്രണം ഏറെക്കുറെ അസാധ്യമാണ്.
പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് പോകുന്നയാളാണ് ബാലകൃഷ്ണ പിള്ളയെന്നതിന് ഇടമലയാര്‍ കേസ് തന്നെ ഉദാഹരണം. പണം പ്രലോഭനമായുണ്ടായതാണല്ലോ ഈ കേസിന് തന്നെ കാരണം. അത്തരമൊരാള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ പൊടുന്നനെ നിയന്ത്രണം പാലിക്കുക എന്നത് പ്രയാസമാകുമെന്ന് ഉറപ്പ്. ജയിലിലാണെങ്കില്‍ പ്രശ്‌നമില്ല. തടവ് പുള്ളികള്‍ക്ക് നല്‍കുന്ന ആഹാരത്തിന് നിശ്ചിത അളവുണ്ട്. ലോഹാംശം കൂടുതലുള്ള ഭക്ഷണം അവിടെ കുറയും. ഉണ്ടായാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേ കാണൂ. അത് തന്നെ പിള്ളക്ക് നല്‍കാതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര മന്ത്രിക്ക് അധികാരമുണ്ട്. ആയതിനാല്‍ പ്രിയ നേതാവിന്റെ ആയുസ്സിന് തകരാറുണ്ടാകാതിരിക്കാന്‍ സുപ്രീം കോടതി വിധിച്ച കാലം വരെയെങ്കിലും ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ജാഗ്രത കാട്ടേണ്ടതാണ്.
ലക്ഷത്തിലൊരാളെ ബാധിക്കുന്നതാണ് രോഗമെന്ന വൈദ്യശാസ്ത്ര പണ്ഡിതരുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിയെ ആശങ്കപ്പെടുത്തുന്നുണ്ടാകാം. ഇന്റര്‍നെറ്റിലെ തിരച്ചില്‍ സങ്കേതങ്ങളിലൊന്നില്‍ ഹീമോക്രൊമറ്റോസിസ് എന്ന് രേഖപ്പെടുത്തി നോക്കുക. ഇന്ത്യ അടങ്ങുന്ന ഏഷ്യാ വന്‍കരയില്‍ രണ്ടായിരം പേരില്‍ രണ്ട് പേര്‍ക്കെങ്കിലും ഈ രോഗമുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ധാരാളം കാണാം. ഇത് വായിക്കുന്നതോടെ ആശങ്ക അല്‍പ്പം കുറയും. കുറച്ച് കൂടി വ്യാപകമായി തിരഞ്ഞാല്‍ പ്രാഥമിക ഹീമോക്രൊമറ്റോസിസ് അമേരിക്കയില്‍ സാധാരണ കണ്ടുവരുന്ന ജനിതക തകരാറാണെന്ന് കണ്ടെത്താം. 200 മുതല്‍ 300 വരെ അമേരിക്കക്കാരെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് രോഗമുണ്ടെന്ന വിവരവും ലഭിക്കും. അമേരിക്കയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ഒരു പാര്‍ട്ടിയുടെയും നേതാവിന്റെയും അനുയായിയായ ഉമ്മന്‍ ചാണ്ടിക്ക് പരിഭ്രമം മാറാന്‍ ഇതിലപ്പുറമൊന്നും ആവശ്യമില്ല.
കടുത്ത ഹൃദ്രോഗിയാണെന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്. മാരകമായ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം പ്രഥമ ശുശ്രൂഷയെങ്കിലും വേഗത്തില്‍ നല്‍കുക എന്നതാണ്. പൂജപ്പുരയിലേത് സെന്‍ട്രല്‍ ജയിലായതിനാല്‍ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറുണ്ടാകും. 76 പിന്നിടുന്ന നേതാവിന് എളുപ്പത്തില്‍ വൈദ്യ സഹായം ലഭിക്കുന്ന മറ്റൊരിടമില്ല. (ജയിലില്‍ ഡോക്ടറുണ്ടെങ്കില്‍ അദ്ദേഹം ഇടക്കിടെ സമരത്തില്‍ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്) പിള്ള സ്വവസതിയില്‍ കഴിയുകയാണെങ്കില്‍ അവിടെ ഒരു ഡോക്ടറെ നിയോഗിക്കേണ്ടിവരും. പിതാവ് കൈമാറിയ സ്വത്ത് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ജനസേവനത്തിനുമായി വിറ്റുതുലച്ചുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന ഈ നേതാവ് സ്വവസതിയില്‍ ഡോക്ടറെ നിയോഗിച്ച് സ്വന്തം കൈയില്‍ നിന്ന് ശമ്പളം നല്‍കുന്നത് ജനാധിപത്യ സമ്പ്രദായത്തിന് അപമാനകരമാകും.
ഇതിലും എളുപ്പമാണ് ഡല്‍ഹിയില്‍ മന്‍മോഹന്‍ സിംഗിന്റെ ജോലി. ഓര്‍മക്കുറവില്‍ തുടങ്ങി സ്വഭാവ വൈകല്യത്തിലേക്ക് കടന്ന് കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഒന്നിനെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്ന വ്യാധിയാണ് ഡിമെന്‍ഷ്യ. രോഗത്തിന്റെ ആരംഭ ദിശയിലാണെങ്കില്‍പ്പോലും ഓര്‍മത്തെറ്റുണ്ടാകും. കോടികളുടെ കരാറുകള്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നോ എന്നത് ഓര്‍ക്കാനാകില്ല. കൊടുക്കാന്‍ തീരുമാനിച്ചത് ഓര്‍ത്താല്‍ തന്നെ ആര്‍ക്കാണ് കൊടുത്തത് എന്ന് ഓര്‍ക്കണമെന്നില്ല. കരാറുപ്പിച്ചപ്പോള്‍ കുടെയുണ്ടായിരുന്നത് ആരൊക്കെ എന്നത് മറന്നു പോയേക്കാം. ആരുടെയൊക്കെ അനുമതിയോടെയാണ് കരാറുകള്‍ ഉറപ്പിച്ചത് എന്നത് എത്ര ശ്രദ്ധ കേന്ദ്രീകരിച്ചാലും നാവിലേക്ക് എത്തിക്കൊള്ളണമെന്നില്ല.
കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ മറ്റ് പത്ത് പേര്‍ക്കും എല്ലാം കല്‍മാഡിയാണ് ചെയ്തത് എന്ന് ധൈര്യമായി കോടതിയില്‍ പറയാം. അദ്ദേഹം അതും മറന്നുപോകുമല്ലോ! രാജ്യത്തിന്റെയും സര്‍ക്കാറിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയില്‍ പടര്‍ന്ന കറ മായ്ക്കാന്‍ ഡിമന്‍ഷ്യയിലും വലിയൊരു ഉപാധിയില്ല തന്നെ.
ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി എ രാജയെയും എം ആര്‍ ഐ സ്‌കാനിംഗിന് വിധേയനാക്കുന്നത് നന്നായിരിക്കും. കേസില്‍ കുറ്റപത്രം നല്‍കുന്നതിനെ കോടതിയില്‍ എതിര്‍ത്തപ്പോള്‍ ബോധിപ്പിച്ച കാര്യങ്ങള്‍ അതിന് മതിയായ കാരണമാണ്. ലൈസന്‍സും സ്‌പെക്ട്രവും ലഭിച്ച കമ്പനികളുടെ ഓഹരി വില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അത് കമ്പനി നിയമപ്രകാരം സാധുവാണെന്നും അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം പറഞ്ഞുവെന്നാണ് രാജ കോടതിയെ അറിയിച്ചത്. പ്രധാനമന്ത്രിയെ സാക്ഷി നിര്‍ത്തിയാണ് ഇത് പറഞ്ഞതെന്നും. കഴിയുമെങ്കില്‍ പ്രധാനമന്ത്രി നിഷേധിക്കട്ടെ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
ഓര്‍മക്കുറവല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. അല്ലെങ്കില്‍ താന്‍ സങ്കല്‍പ്പിക്കുന്ന കാര്യങ്ങളൊക്കെ നടന്നുവെന്ന് സ്വയം വിശ്വസിച്ചുപോകുന്ന ഏതെങ്കിലും രോഗം. രണ്ടായാലും തലച്ചോറിനാകണം തകരാറ്. എം ആര്‍ ഐ സ്‌കാന്‍ നിര്‍ബന്ധം.
രോഗം കുറ്റമല്ല. അതുകൊണ്ട് തന്നെ രോഗ ബാധിതന് ഇളവുകള്‍ നല്‍കേണ്ടത് മനുഷ്യത്വം മാത്രം. കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും രോഗങ്ങള്‍ വരാം. അതും കുറ്റമല്ല. ഗണിതശാസ്ത്ര സിദ്ധാന്തമനുസരിച്ചാണെങ്കില്‍ അവരും ഇളവുകള്‍ക്ക് അര്‍ഹരാണ്. കുറ്റവാളികളോട് വരെ മനുഷ്യത്വം കാണിക്കണമെന്ന് എല്ലാ തത്വശാസ്ത്രങ്ങളും പറയുന്നു. അതനുസരിച്ചായിരിക്കും നാടകങ്ങളുടെ ക്ലൈമാക്‌സ്. പുതിയ അഴിമതികള്‍ പുറത്തുവരികയും ആരോപണവിധേയരും കുറ്റവാളികളുമുണ്ടാകുകയും ചെയ്യുമ്പോള്‍ ഒരു കാലത്ത് മലയാള സിനിമ ചെയ്തിരുന്നത് പോലെ ഇതുവരെ ആരും കേട്ടിട്ടില്ലാത്ത രോഗങ്ങളുടെ പേരുകള്‍ പറയാം. കോടിയിലോ ദശ കോടിയിലോ ഒരാള്‍ക്ക് ബാധിക്കുന്ന വിഭാഗത്തിലുള്ളതാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിരത്തുകയും ചെയ്യാം. എല്ലാ തടവുകാര്‍ക്കും ഇത് ബാധകമാക്കേണ്ടതില്ല. അധികാരവും പണവുമൊക്കെയുള്ളവരുടെ കാര്യത്തില്‍ മാത്രം മതിയാകും. ഭരണകൂടം പിന്തുടരുന്ന നയ, നിലപാടുകളെല്ലാം ഇത്തരക്കാര്‍ക്ക് വേണ്ടിയാകുമ്പോള്‍ ഇവിടെ മാത്രം അപവാദത്തിന്റെ ആവശ്യമില്ല.
കൗടില്യവാക്യം: ധനവിനിയോഗ ബില്‍ വോട്ടിനിടപ്പോഴുണ്ടായ എണ്ണക്കുറവ് പത്തനാപുരം ഗണേശനെന്ന ഒറ്റക്കൊമ്പനെ കുറേക്കൂടി ശക്തനാക്കിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിന്റെയും അസാന്നിധ്യത്തിന്റെയും ശക്തി ബോധ്യപ്പെട്ടിരിക്കുന്നു. അതൊരു അപകടമായി ഉമ്മന്‍ ചാണ്ടി മുന്നില്‍ കാണണം.
കടപ്പാട്: മാനവ് മണ്ണാന്‍
No comments:
Post a Comment