2011-07-22

ഒരു കരാറും ബഹു ബാധ്യതകളും




2005ല്‍ ധാരണയുണ്ടാക്കിയ കാലം മുതല്‍ സിവിലിയന്‍ ആണവ സഹകരണ കരാര്‍ മൂലം ഇന്ത്യക്കുണ്ടാകാന്‍ പോകുന്ന പ്രയോജനത്തെക്കുറിച്ച് ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണകൂടങ്ങള്‍ വാചാലരായിരുന്നു. 2008ല്‍ കരാര്‍ ഒപ്പിടുന്നത് അടുത്തതോടെ ഈ പ്രചാരണം ശക്തമായി. അമേരിക്കയുമായുണ്ടാക്കുന്ന അടുത്ത സൗഹൃദത്തെയും ആണവ സഹകരണ കരാറിനെയും എതിര്‍ക്കുന്നവര്‍ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി. കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കുന്ന സുരക്ഷാ മാനദണ്ഡ കരാര്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ വാദിച്ചു. ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ രാജ്യത്തെ ചതിക്കുഴികളില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. 


എന്നാല്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കരാര്‍ മൂലം രാജ്യം വലിയ ചുവട് മുന്നോട്ടുവെക്കുമെന്നും കോണ്‍ഗ്രസും യു പി എ ഘടകകക്ഷികളും വാദിച്ചു. 2008ല്‍ കരാര്‍ ഒപ്പ് വെച്ചതിനു ശേഷം മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. പക്ഷേ, അത് പ്രാബല്യത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാറിന്റെ ചുവട് പിടിച്ച് ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി. മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ നിര്‍ദേശിച്ചിരിക്കുന്ന ആണവ പാര്‍ക്കിലേക്ക് രണ്ട് റിയാക്ടറുകള്‍ നല്‍കാമെന്ന് ഫ്രാന്‍സിലെ അരേവ എന്ന കമ്പനി സമ്മതിച്ചത് മാത്രമാണ് നേട്ടമെങ്കില്‍ നേട്ടമായി പറയാവുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വാണിജ്യ കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. ആണവ ബാധ്യതാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച് അത് വിജ്ഞാപനം ചെയ്യുകയും ചട്ടങ്ങള്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ വാണിജ്യ കരാറുണ്ടാകൂ. 


ഇത്രപോലും മുന്നോട്ടുപോയിട്ടില്ല അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ തുടര്‍ നടപടികള്‍. പുതിയ ഉപാധികള്‍ അമേരിക്ക മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ആണവ കരാറിന്റെ ഭാഗമായി ഇന്ധന പുനഃസംസ്‌കരണ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ച കരാര്‍ പ്രത്യേകമായുണ്ടാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. സാങ്കേതിക വിദ്യയുടെ കൈമാറ്റം അനിവാര്യമാണെന്ന് ഇന്ത്യ വാദിച്ചു. പുനഃസംസ്‌കരിച്ചെടുക്കുന്ന ഇന്ധനം പ്രത്യേകമായി സൂക്ഷിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് അമേരിക്ക സമ്മതിച്ചു. ഉടന്‍ അടുത്ത പ്രശ്‌നം മുന്നിലെത്തി. ആണവ അപകടങ്ങളുണ്ടായാല്‍ ബാധ്യത പദ്ധതി നടത്തിപ്പുകാര്‍ ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്ത്യ പാസ്സാക്കണം. രാജ്യത്ത് ഉയര്‍ന്ന വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷം ആ നിയമം പാസ്സാക്കി മന്‍മോഹന്‍ സിംഗും കൂട്ടരും കരാറിനോടുള്ള കൂറ് ആവര്‍ത്തിച്ചു. ഇന്ത്യ പാസ്സാക്കിയ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്നാണ് യു എസ് കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും പറയുന്നത്. വിതരണം ചെയ്യുന്ന ഉപകരണത്തിന്റെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെങ്കില്‍ വിതരണക്കാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശം നല്‍കുന്നതും അപകടത്തിന്റെ ഇരകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശം നല്‍കുന്നതും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം ഒഴിവാക്കി നല്‍കണമെന്നതാണ് ചൊവ്വാഴ്ച ഹിലാരി ക്ലിന്റന്‍ ഇന്ത്യയിലെത്തി ആവശ്യപ്പെട്ടത്. 


പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ ബില്ലില്‍ മാറ്റം വരുത്തുക എന്നത് മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും മുന്നില്‍ ഉയര്‍ത്താന്‍ ഇടയുള്ള രാഷ്ട്രീയ വെല്ലുവിളി അമേരിക്ക മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ആണവ അപകടങ്ങളുടെ ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിക്കാന്‍ ആവശ്യപ്പെടുന്നത്. അപകടത്തിന്റെ കാരണം പരിഗണിക്കാതെ ബാധ്യത ആണവ പദ്ധതിയുടെ നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ ചെയ്ത് 1997ല്‍ അന്താരാഷ്ട്ര ഉടമ്പടി ഭേദഗതി ചെയ്തിരുന്നു. ഇത് ഈ വര്‍ഷം അവസാനത്തോടെ അംഗീകരിക്കാനാണ് ഹിലാരി ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളിലെ കമ്പനികളാണ് റിയാക്ടറുള്‍പ്പെടെ ആണവ സാമഗ്രികളുടെ വിതരണക്കാര്‍. അവരുമായി തര്‍ക്കമുണ്ടായാല്‍ അത് പരിഗണിക്കപ്പെടുക അന്താരാഷ്ട്ര കോടതികളിലായിരിക്കും. അവിടെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തേക്കാള്‍ വലിപ്പം അന്താരാഷ്ട്ര ഉടമ്പടിക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യ കൊണ്ടുവന്ന ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ 1997ല്‍ ഭേദഗതി ചെയ്ത അന്താരാഷ്ട്ര കരാറിന് അനുസൃതമാണെന്ന് ബോധ്യപ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുമ്പാകെ വിശദീകരിച്ചു കൊടുക്കണം. അന്താരാഷ്ട്ര ഉടമ്പടിയുമായി യോജിക്കുന്നതാണോ നിയമമെന്ന് അവര്‍ തീരുമാനിക്കും. 


നയതന്ത്ര ഭാഷയിലൂടെ പറയുകയും ആ വീക്ഷണകോണിലുടെ നോക്കുകയും ചെയ്യുമ്പോള്‍ ഇതില്‍ വലിയ അപാകം തോന്നേണ്ട കാര്യമില്ല. എന്നാല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിഗണനക്കായി കൊണ്ടുപോകുക എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യപ്പെടുക എന്നതാണ് അര്‍ഥം. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ പാര്‍ലിമെന്റിനാണ് പരമാധികാരം. പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ചേര്‍ന്നു പോകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കും. പരസ്പരപൂരകമായി വര്‍ത്തിക്കും വിധത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്യുകയും ഇത്രയും കാലം വലിയ പരുക്കൊന്നും കൂടാതെ കാത്തുപോരികയും ചെയ്ത ഈ സമ്പ്രദായത്തെ ചോദ്യം ചെയ്യുകയാണ് അമേരിക്ക. 


എന്ത് സംഭവിച്ചാലും ആണവ കരാര്‍ പ്രാബല്യത്തിലാക്കി അതിന്റെ ഗുണഫലം ദരിദ്ര ജനകോടികളില്‍ എത്തിച്ചേ പിന്‍വാങ്ങൂ എന്ന് വ്രതമെടുത്തിരിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗും കൂട്ടരും ആണവ  ബാധ്യതാ നിയമത്തിന്റെ പകര്‍പ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്നില്‍ ഉത്തരീയമഴിച്ച് അരയില്‍ കെട്ടി 90 ഡിഗ്രിയില്‍ വളഞ്ഞ് നില്‍ക്കുന്നത് വൈകാതെ കാണാനാകും. 


ഇത്തരം അവഹേളനങ്ങളെല്ലാം കഴിഞ്ഞാലും ആണവ കരാര്‍ പ്രാബല്യത്തിലാകില്ല. എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇന്ത്യന്‍ കമ്പോളങ്ങള്‍ കൂടുതലായി തുറന്ന് നല്‍കണമെന്ന് ഹിലാരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് ശ്രദ്ധിക്കുക. ജനറല്‍ ഇലക്ട്രിക്കല്‍സോ വെസ്റ്റിംഗ്ഹൗസോ ഇന്ത്യയിലേക്ക് നാലോ അഞ്ചോ റിയാക്ടറുകള്‍ കയറ്റി അയക്കുകയും അതിലൂടെ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയുള്ള നൂറോ ആയിരമോ തൊഴിലവസരമോ അല്ല അമേരിക്ക യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്. കടത്തിന്റെ പരിധി 17 ലക്ഷം കോടി കവിയുമ്പോഴേക്കും സ്വന്തം രാജ്യത്തേക്ക് സമ്പത്ത് എത്തിക്കാന്‍ പോംവഴികള്‍ കണ്ടെത്തേണ്ടതുണ്ട്. 


ഇന്ത്യയിലെ കമ്പോളങ്ങള്‍ ഇനിയും തുറന്ന് കിട്ടിയാലേ അത് സാധ്യമാകൂ. ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ വരെ എല്ലാ വിപണികളും പരമാവധി തുറന്നു കിട്ടണം. ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും അരേവയുമൊക്കെ വില്‍ക്കുന്ന റിയാക്ടറുകള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങുമ്പോഴേക്കും അത് ഉപയോഗപ്പെടുത്തി വളരാന്‍ പാകത്തില്‍ അമേരിക്കയുടെയും സഖ്യശക്തികളുടെയും കമ്പനികളോ അവയുടെ അനുബന്ധങ്ങളോ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കണം. അതിന് പാകത്തില്‍ അനുമതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. എങ്കില്‍ മാത്രമേ ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ അമേരിക്ക തയ്യാറാകൂ. സാമ്പത്തിക കോളനിവത്കരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം. 
വിപണി കൂടുതലായി തുറന്നു കൊടുക്കുന്നതിനോ അമേരിക്ക നിര്‍ദേശിക്കുന്ന കരാറുകളില്‍ ഒപ്പ് വെക്കുന്നതിനോ ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനോ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനോ എതിര്‍പ്പില്ല. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ അവരെ പിന്നാക്കം വലിക്കുന്നുവെന്ന് മാത്രം. അമേരിക്കന്‍ അനൂകൂല നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ അരങ്ങേറുന്ന ജനകീയ ഉത്സവത്തില്‍ വിജയിക്കേണ്ടത് കൂടി കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതുകൊണ്ട് പയ്യെത്തിന്നുക എന്ന നയം അവര്‍ പിന്തുടരുന്നുവെന്ന് മാത്രം. 


ഇന്ത്യ - അമേരിക്ക ആണവ കരാറിന് മുന്നോടിയായി ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടനയുടെ (എന്‍ എസ് ജി) വാണിജ്യ അനുമതി ലഭിച്ചപ്പോള്‍ മൂന്ന് ദശകത്തിലേറെയായി ഇന്ത്യ അനുഭവിച്ചിരുന്ന ആണവ അയിത്തം ഇല്ലാതെയായി എന്നാണ് ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുന്നത് തടയാനാണ് സംഘടന അടുത്തിടെ തീരുമാനിച്ചത്. സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ഭാഗായി ഇന്ധന പുനഃസംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിന് അമേരിക്കയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, എന്‍ എസ്  ജി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് സാങ്കേതിക വിദ്യ ലഭിക്കില്ല.


 ഒരു ഭാഗത്ത് കമ്പോളം തുറന്നു കിട്ടാന്‍ പാകത്തില്‍ ഇന്ത്യയുമായി കരാറുകളുണ്ടാക്കുകയും മറു ഭാഗത്ത് കരാറുകളുടെ പ്രയോജനം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ പാകത്തില്‍ തന്ത്രങ്ങളൊരുക്കുകയുമാണ് അമേരിക്ക. എന്‍ എസ് ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന എതിര്‍ത്തത് അടുത്ത ഉദാഹരണം. അംഗത്വ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ഇളവുകള്‍ ഒരു രാജ്യത്തിന് മാത്രമായി നല്‍കാനാകില്ലെന്ന് ചൈന വാദിച്ചു. അന്താരാഷ്ട്ര രംഗത്ത് ചൈനയുടെ എതിര്‍പ്പ് ഇന്ത്യ നേരിടേണ്ടിവരുമെന്ന് വ്യക്തമായി അറിഞ്ഞാണ് എന്‍ എസ് ജിയില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇത്തരം കാര്യങ്ങളിലെല്ലാം ഘട്ടംഘട്ടമായി തീരുമാനങ്ങളെടുക്കാമെന്നാണ് ഹിലാരി - കൃഷ്ണ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. അതായത് ഇന്ത്യ ചെയ്യേണ്ടതെല്ലാം വേഗത്തില്‍ ഒറ്റയടിക്ക് ചെയ്യണം. അതിന്റെ പ്രതിഫലമായി ലഭിക്കേണ്ടവയുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി തീരുമാനങ്ങളുണ്ടാകും. 
ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ആണവ നിലയങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ജര്‍മനി തീരുമാനിക്കുകയും ജപ്പാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആ വഴിക്ക് ചിന്തിക്കുകയും ചെയ്യുന്ന കാലത്താണ് ആണവ സഹകരണ കരാറിനെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഇന്ത്യ ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്. ആണവ റിയാക്ടറുകള്‍ കൊണ്ടുവന്നുവെക്കാന്‍ ഇത്രയും മികച്ച മറ്റൊരിടം ഇല്ലെന്ന് അമേരിക്കയും മറ്റും കരുതുന്നുണ്ടാകണം.

2 comments:

  1. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിഗണനക്കായി കൊണ്ടുപോകുക എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യപ്പെടുക എന്നതാണ് അര്‍ഥം.

    ഇന്ത്യയിലെ ദരിദ്രകോടികളുടെ ഊർജ്ജപരിഹാരത്തിനു വേണ്ടിയുള്ള മഹാത്തായ പ്രവർത്തനങ്ങൾ ..
    അവരുടെ പട്ടിണിമാറ്റാനുള്ള മരുന്നു കൂടി അമേരിക്കയിൽ നിന്നു കിട്ടിയിരുന്നെങ്കിൽ കരുതിയ പൊതിചോറ് അവർക്ക് പകരം കൊടുക്കാമായിരുന്നു

    ReplyDelete
  2. ഇനിയിപ്പോള്‍ ആണവ ദുരന്തമുണ്ടാകുന്ന പക്ഷം. നഷ്ടപരിഹാരം ഇന്ത്യന്‍ ഗവണ്മെന്റ് തന്നെ നല്‍കും എന്ന് കരാറില്‍ പറഞ്ഞാലും പ്രശ്നമില്ല. ഭോപാല്‍ ദുരന്തത്തില്‍ എത്ര പേര്‍ക്കാണ് നഷ്ട്റ്റപരിഹാരം കിട്ടിയത്. ടെക്നിക്കല്‍ പ്രശ്നങ്ങ്ഗളെ കാണൂ. അല്ലാതെ അങ്ങനെയുള്ള മനസാക്ഷി കുത്തൊന്നും മന്‍മോഹനും സോണിയക്കും ഉണ്ടാകാന്‍ സാധ്യതയില്ല.

    ReplyDelete