2011-07-17

തന്റേതല്ലാത്ത കാരണത്താല്‍...കഴിഞ്ഞ ജനുവരിയില്‍ ചെറിയൊരു പുനഃസംഘടന നടത്തിയതിന് പിറകെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് വലിയൊരു അഴിച്ചുപണി വരാനിരിക്കുന്നുവെന്നാണ്. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിനും കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുശ്ശേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം അതുണ്ടാകുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. വലിയൊരു അഴിച്ചുപണി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ദേശിച്ചിരുന്നുവെന്നത് വ്യക്തമാണ്. അതിന് കാരണങ്ങളുമുണ്ട്. പക്ഷേ, സാധിച്ചില്ല. ചെറിയ മാറ്റങ്ങളില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചു. ഈ പുനഃസംഘടനയെ ഏറ്റവും ഭംഗിയായി വിശകലനം ചെയ്തത് നിയമ മന്ത്രാലയത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട വീരപ്പ മൊയ്‌ലിയാണ്. തന്റെതല്ലാത്ത കാരണങ്ങളാലാണ് തനിക്ക് നിയമ വകുപ്പ് നഷ്ടമായതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പുതുതായി മന്ത്രിസഭയില്‍ എത്തിയവരുടെയും ഒഴിവാക്കപ്പെട്ടവരുടെയും സ്ഥാനചലനം സംഭവിച്ചവരുടെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി. 


പൊതുഭരണത്തെ നിയന്ത്രിക്കുന്ന മന്ത്രാലയങ്ങള്‍ക്ക് സംഭവിച്ച വീഴ്ച തന്റെ മേല്‍ ചുമത്തി നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തിയ പ്രചാരണമാണ് നിയമ വകുപ്പ് നഷ്ടമാകാന്‍ കാരണമെന്ന് അപ്രിയം മറച്ചുവെക്കാതെ മൊയ്‌ലി പ്രതികരിച്ചു. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊട്ടിയൊലിച്ച അഴിമതിക്കേസുകളിലെല്ലാം സുപ്രീം കോടതിയുടെ വിമര്‍ശം കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കേണ്ടിവന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രധാനമന്ത്രിയെ തന്നെയും കുറ്റപ്പെടുത്തുന്ന വിധത്തില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സുവ്യക്തമായി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും സാധിക്കാതെ വന്നതാണ് ഈ അവസ്ഥ സൃഷ്ടിച്ചത് എന്ന് വിലയിരുത്തപ്പെട്ടു. 


ഇത്തരം ഉദ്യോഗസ്ഥരെല്ലാം നിയമ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സാധിക്കാതെ വരുന്നുവെങ്കില്‍ അത് നിയമ വകുപ്പിന് നേതൃത്വം നല്‍കുന്നയാളിന്റെ കഴിവുകേടായി ചിത്രീകരിക്കപ്പെടുക സ്വാഭാവികം. അതങ്ങനെയല്ലെന്ന് വ്യക്തമായി അറിയാവുന്ന ഏക വ്യക്തി വീരപ്പ മൊയ്‌ലിയാണ്. എത്ര വ്യക്തമാക്കിയാലും വ്യക്തമാകാത്ത കാര്യങ്ങളാണ് നടന്നതില്‍ ഏറെയും. പല കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ സൂപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യും. അതിന് അറ്റോര്‍ണി ജനറലിനെയോ സോളിസിറ്റര്‍ ജനറലിനെയോ അവരെ നിയന്ത്രിക്കുന്ന നിയമ വകുപ്പിനെയോ അതിന് നേതൃത്വം നല്‍കുന്ന മന്ത്രിയെയോ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞതിന്റെ മലയാളം. ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന താന്‍ കൂടി അംഗമായ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ലെന്ന് ഇതിലും നല്ല രീതിയില്‍ പറയാന്‍ സാധിക്കുകയുമില്ല. 


വിശാലമായ അഴിച്ചുപണി എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യത്തിന് മന്‍മോഹന്‍ സിംഗിനും തന്റെതല്ലാത്ത കാരണങ്ങളാല്‍ എന്ന് മറുപടി പറയാന്‍ സാധിക്കും. പരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര വേഗം കൈവരിക്കാന്‍ സാധിക്കാത്ത പ്രണാബ് മുഖര്‍ജിയെ മാറ്റി ധനമന്ത്രാലയത്തിലേക്ക് മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തം പ്രതിച്ഛായയുടെ തടവുകാരനായി തുടരുകയും അതുകൊണ്ട് തന്നെ പ്രതിരോധ ഇടപാടുകളുടെ കാര്യത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടിക്കുകയും ചെയ്യുന്ന എ കെ ആന്റണിയെ പ്രതിരോധ വകുപ്പില്‍ നിന്ന് മാറ്റണമെന്നുണ്ടായിരുന്നു. സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ അതിന് ഉപാധികളായി അമേരിക്ക മുന്നോട്ടുവെച്ച വിവിധ സൈനിക കരാറുകള്‍ ഒപ്പ് വെക്കുന്നതില്‍ ആന്റണി കാട്ടുന്ന വിമുഖത യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പല തവണ ചൂണ്ടിക്കാട്ടിയതാണ്. ഇവ നടപ്പാക്കണമെങ്കില്‍ ആന്റണി മാറണമായിരുന്നു. 


അമേരിക്ക, ഇസ്‌റാഈല്‍, യൂറോപ്യന്‍ യൂനിയനിലെ അധിനിവേശതത്പരരായ രാഷ്ട്രങ്ങള്‍ എന്നിവയുമായുള്ള  ബന്ധം ഉദ്ദേശിച്ച ഉയരങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ട എസ് എം കൃഷ്ണയെ വിദേശകാര്യ വകുപ്പില്‍ നിന്ന് മാറ്റി പി ചിദംബരത്തെ പകരം നിയോഗിക്കണമെന്നുണ്ടായിരുന്നു.   ഊര്‍ജ വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും പൊതുമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ കോര്‍പ്പറേഷനുകളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കുകയും ചെയ്യുന്നതില്‍ പരാജയപ്പെട്ട സുശീല്‍ കുമാര്‍ ഷിന്‍ഡെയെ മാറ്റണമെന്നുണ്ടായിരുന്നു. ഒന്നും സാധിച്ചില്ല. 


ധനവകുപ്പിലേക്ക് മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവന്നാല്‍ ആറ് മാസത്തിനകം രാജ്യ സഭയിലേക്ക് എത്തിക്കണം. ആറ് മാസത്തിനകം കോണ്‍ഗ്രസിന് ജയിക്കാവുന്ന രാജ്യസഭാ സീറ്റൊന്നും ഒഴിവ് വരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ അറിയിച്ചു. ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാമെന്ന് വെച്ചാല്‍ എവിടെ മത്സരിപ്പിക്കും. റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധി രാജി വെച്ച് അവിടെ മത്സരിപ്പിച്ചാല്‍ പോലും അലുവാലിയ ജയിക്കുമെന്ന് ഉറപ്പില്ല. ആഭ്യന്തര വകുപ്പില്‍ നിന്ന് ചിദംബരത്തെ മാറ്റിയാല്‍ അവിടേക്ക് പകരം വെക്കാന്‍ ആളെ കാണുന്നില്ല. എ കെ ആന്റണിയെ മാറ്റുമ്പോള്‍ പകരം കണ്ടത് പ്രണാബിനെയാണ്. ധനവകുപ്പില്‍ നിന്ന് പ്രണാബിനെ മാറ്റിയാലല്ലേ പ്രതിരോധ വകുപ്പ് പകരം നല്‍കാനാകൂ? 


ആന്റണിയാണെങ്കില്‍ സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമാണ്. മാറ്റുമ്പോള്‍ പ്രമുഖമായ മറ്റൊരു വകുപ്പ് നല്‍കേണ്ടതുണ്ട്. മാനവ വിഭവ ശേഷി വകുപ്പ് നല്‍കാമെന്ന് വെച്ചാല്‍ അത് വിട്ടുനല്‍കാന്‍ കപില്‍ സിബല്‍ സമ്മതിക്കുന്നില്ല. ലോക്പാലുമായെത്തിയ അന്നാ ഹസാരെയും കള്ളപ്പണപ്രശ്‌നവുമായെത്തിയ ബാബ രാംദേവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കൈത്താങ്ങായത് കപില്‍ സിബലാണ്. അതുകൊണ്ട് സിബലിന്റെ ആവശ്യങ്ങളെ തള്ളാന്‍ തത്കാലം കഴിയില്ല. വിപുലമായ ഒരു അഴിച്ചുപണി അസാധ്യമാക്കിയതിന്റെ കാരണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെതല്ല. മന്‍മോഹന്‍ സിംഗ് പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച വെക്കാന്‍ പാകത്തിലുള്ള പ്രതിഭകളുടെ ദാരിദ്ര്യവും കോണ്‍ഗ്രസിലുണ്ട്. അതിന് കാരണം വേണ്ടത്ര പ്രതിഭകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തതാണ്. അതിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലല്ലോ. 


കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ വനം, പരിസ്ഥിതി മന്ത്രാലയം നഷ്ടമായത് ജയറാം രമേശിന്റെ കുറ്റം കൊണ്ടല്ല. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയുടെ ആവശ്യമേയുള്ളൂ. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനെത്തുന്ന  ആഭ്യന്തര, വിദേശ കമ്പനികള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ചെയ്തുകൊടുക്കുന്ന ഒരാളാണെങ്കില്‍ കൂടുതല്‍ ഉചിതമായി. അതുകൊണ്ടാണ് ജയന്തി നടരാജനെ വനം - പരിസ്ഥിതി മന്ത്രാലയത്തിലേക്ക് നിയോഗിച്ചത്. ജയന്തി നടരാജന്‍ ഇവിടെ ചുമതലയേറ്റത് തന്റെതല്ലാത്ത കാരണങ്ങളാലാണ്. ആഭ്യന്തര, വിദേശ കമ്പനികളുടെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ തന്നെ വനം, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധനാണെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ജയറാം രമേശ് ശ്രമിച്ചിരുന്നു. പ്രതിരോധത്തില്‍ ഊന്നി കളിക്കുക എന്ന തന്ത്രം ഗുണം ചെയ്യുമെന്ന തിരിച്ചറിവ്. ജയ്താപൂരിലെ ആണവ പദ്ധതിക്കും ഒറീസ്സയിലെ ജഗത്‌സിംഗ്പൂരില്‍ പോസ്‌കോയുടെ സ്റ്റീല്‍ പ്ലാന്റിനും പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ അധികമൊന്നും വിമര്‍ശം ഏല്‍ക്കേണ്ടി വരാതിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഈ തന്ത്രം പോരെന്ന് വ്യവസായികള്‍ക്ക് തോന്നിയപ്പോള്‍ ജയറാം രമേശ് മാറേണ്ടിവന്നു. അതും അദ്ദേഹത്തിന്റെ തെറ്റല്ലല്ലോ. 


പ്രകൃതി വാതക ഖനനവുമായി ബന്ധപ്പെട്ട ആരോപണം കൂടുതല്‍ ശക്തമാകുകയും പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഏറെ നല്ലത് മുന്‍കൂട്ടി രാജി നല്‍കുകയാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചയാളാണ് മുരളി ദേവ്‌റ. താന്‍ രാജിവെക്കുമ്പോള്‍ മകനെ മന്ത്രിയാക്കണമെന്ന ന്യായമായ ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. മിലിന്ദ് ദേവ്‌റ മന്ത്രിയായത് തന്റെതല്ലാത്ത കാരണങ്ങളാലാണ്. പെട്രോളിയം, കമ്പനി കാര്യ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച് പിതാവ് ചെയ്ത വിശിഷ്ട സേവനങ്ങള്‍ മുകേഷ് - അനില്‍ അംബാനിമാര്‍ നന്ദിയോടെ സ്മരിച്ചതും മിലിന്ദിന് സഹായകമായിട്ടുണ്ടാകണം. റിലയന്‍സ് ഇനി അപകടം ദര്‍ശിക്കുന്നത് ടെലികോം മേഖലയിലാണ്. അവിടെ കപില്‍ സിബലിന് ചെയ്യാവുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ട്. അതുകൊണ്ട് മിലിന്ദ് ദേവ്‌റയെ ആശയ വിനിമയം, വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ സഹമന്ത്രിയാക്കുക എന്നത് അവരുടെ താത്പര്യമായിരിക്കണം. അതിലും മിലിന്ദ് തെറ്റുകാരനല്ല. 


ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും നടക്കുമ്പോള്‍ കായിക വകുപ്പിന്റെ ചുമതലയായിരുന്നു എം എസ് ഗില്ലിന്. കഴിഞ്ഞ പുനഃസംഘടനയില്‍ അദ്ദേഹത്തെ ആ വകുപ്പില്‍ നിന്ന് ഒഴിവാക്കുകയും ഇപ്പോഴത്തേതില്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ നീക്കുകയും ചെയ്തു. ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല കായിക  മന്ത്രാലയത്തിന് മാത്രമായിരുന്നില്ല. നഗര വികസനം, ആസൂത്രണം, ധനം എന്നിങ്ങനെ വിവിധ വകുപ്പുകളും ഡല്‍ഹി സര്‍ക്കാറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും ഗില്ലിന്റെ മേല്‍ മാത്രം ഉത്തരവാദിത്വം ചുമത്തപ്പെടുന്നു. പൊതുഭരണം കൈകാര്യം ചെയ്തിരുന്ന മന്ത്രാലയങ്ങള്‍ക്കാകെ സംഭവിച്ച പാളിച്ചകള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ഗില്ലിന്റെ മേല്‍ മാത്രം ചുമത്തിയതിന്റെ ഫലം. ദയാനിധി മാരന്റെ ടെലികോം ഇടപാടുകള്‍ക്കും ബി കെ ഹാന്‍ഡിഖിന്റെ പ്രകടനക്കുറവിനും പിറകില്‍ സമാനമായ കാരണങ്ങള്‍ നിരത്താന്‍ സാധിക്കും. 


ചുരുക്കത്തില്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും അതില്‍ വരുന്ന മാറ്റങ്ങളും അതിന്റെ പ്രവര്‍ത്തനവുമൊക്കെ തന്റെതല്ലാത്ത കാരണങ്ങളാല്‍ സംഭവിച്ചുപോകുന്നതാണ്. അത് തന്നെയാണ് പ്രധാന പ്രശ്‌നവും. ആരുടെ കാരണങ്ങളാണ്, അല്ലെങ്കില്‍ ആരുടെ കരങ്ങളാണ് ഇതൊക്കെ സംഭവിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ആര് ഉത്തരം നല്‍കും. ഡോ. മന്‍മോഹന്‍ സിംഗിനോ കോണ്‍ഗ്രസിന്റെയും ഐക്യ പുരോഗമന സഖ്യത്തിന്റെയും നേതൃത്വത്തിലിരിക്കുന്ന സോണിയാ ഗാന്ധിക്കോ  സാധിക്കുമോ? ഈ മുന്നണിയെയും സര്‍ക്കാറിനെയും 'തന്റെതല്ലാത്ത കാരണങ്ങളാല്‍' തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതാണെന്ന വസ്തുതയും നിലനില്‍ക്കുന്നു. വിശ്വസനീയമായ ഒരു ബദല്‍ ഇല്ലാത്തതുകൊണ്ട്, പ്രതിപക്ഷ സ്ഥാനമേറ്റെടുത്ത മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് വര്‍ഗീയ അജന്‍ഡകളുണ്ടെന്ന് വ്യക്തമായതുകൊണ്ട്... 


അങ്ങനെ പലതുകൊണ്ടും. നിര്‍ബന്ധിതമായ ഒരു സാഹചര്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന സൗകര്യം പ്രയോജനപ്പെടുത്തുകയാണ് മന്‍മോഹന്‍ സിംഗും കൂട്ടരും. ഇന്ധന വില വര്‍ധനയോ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റമോ വ്യാപകമാകുന്ന അഴിമതിയോ അഴിമതിയിലൂടെയും ഊഹക്കമ്പോളത്തിലൂടെയും സമ്പാദിക്കുന്ന പണം സൃഷ്ടിക്കുന്ന സാമൂഹിക - സാമ്പത്തിക അസന്തുലിതാവസ്ഥയോ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാനെത്തുന്ന കമ്പനികള്‍ പിഴുതെറിയുന്ന ജീവിതങ്ങളോ അവരെ അലോസരപ്പെടുത്തില്ല. ആരോപണങ്ങളുയര്‍ന്നാല്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ചിലരുണ്ടായാല്‍ മതി. ആരോപണങ്ങള്‍ക്ക് വഴിവെച്ച സാഹചര്യങ്ങള്‍ മാറേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതില്ല. എല്ലാം തന്റെതല്ലാത്ത കാരണങ്ങളാലാണല്ലോ!