2011-07-10

അണിയറയിലെ കള്ളന്‍മാര്‍ടെലികോം അഴിമതിക്കേസിന്റെ പുതിയ അധ്യായത്തിന്റെ രചന നടക്കുകയാണ്. 2004  മുതല്‍ 2007 വരെ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇത് എഴുതാന്‍ ആരംഭിക്കുന്ന സമയം വരെ ടെക്‌സ്റ്റൈല്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി ദയാനിധി മാരനാണ് ഈ അധ്യായത്തില്‍ വില്ലന്‍. ആദ്യ അധ്യായത്തില്‍ എ രാജയും തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കനിമൊഴിയും പ്രതിനായക സ്ഥാനത്തുണ്ടായിരുന്നു. പിന്നെ കുറേ കുത്തക കമ്പനികളും അവരുടെ നടത്തിപ്പുകാരും. സാന്‍, യുനിടെക്ക്, ലൂപ് എന്ന് തുടങ്ങിയ പടുമുളകളായ കമ്പനികളും അവയുടെ മേധാവികളും. ഇവയുടെയെല്ലാം പിറകില്‍ ചരടുവലിക്കാരായി നിന്ന ടാറ്റയോ ബിര്‍ലയോ അംബാനിയോ  പ്രതിനായക സ്ഥാനത്തെത്തുന്ന അധ്യായങ്ങള്‍ രചിക്കപ്പെടില്ല എന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. രാജയുടെയും കനിമൊഴിയുടെയും കാര്യത്തിലെന്ന പോലെ ദയാനിധി മാരന്റെ കാര്യത്തിലും ആരോപണങ്ങളെല്ലാം മാരനില്‍ മാത്രം കേന്ദ്രീകരിക്കും. ഇതിനെല്ലാം അരു നിന്നവരെല്ലാം രക്ഷപ്പെടുകയും ചെയ്യും. ആര്‍ക്കെതിരെയും ഒന്നും സംസാരിക്കാന്‍ മാരന് സാധിക്കില്ല. പുറത്ത് കാണുന്നതിന് അപ്പുറത്ത് ഏറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍. അതിലേറെ കെട്ടുപിണഞ്ഞതാണ് രാഷ്ട്രീയ നേതാക്കളും കുത്തക കമ്പനികളും തമ്മിലുള്ള ബന്ധങ്ങള്‍. 


തമിഴ്‌നാട്ടിലെ ശിവ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി സി ശിവശങ്കരന്‍ മൊബൈല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് എയര്‍സെല്‍ എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുകയും ലൈസന്‍സിനും സ്‌പെക്ട്രത്തിനും അപേക്ഷ നല്‍കുകയും ചെയ്തു. ഡി എം കെയുമായും അതിന്റെ അധികാരി എം കരുണാനിധിയുമായും അടുത്ത ബന്ധമുള്ളയാളാണ് ശിവശങ്കരന്‍. അതുകൊണ്ട് തന്നെ തടസ്സങ്ങളൊന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല. തമിഴ്‌നാട്ടില്‍ സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സും സ്‌പെക്ട്രവും വേഗത്തില്‍ അനുവദിക്കപ്പെട്ടു. എന്നാല്‍ മറ്റ് മേഖലകളിലേക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയപ്പോള്‍ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. രണ്ട് വര്‍ഷത്തോളം അപേക്ഷകളില്‍ തീരുമാനമെടുത്തില്ല. 


ഇക്കാലയളവില്‍ ടെലികോം മേഖലയില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മലേഷ്യയിലെ വ്യവസായ സമ്രാട്ട് അനന്തകൃഷ്ണന്‍ അതിനകം തന്നെ എയര്‍ സെല്ലില്‍ നോട്ടമിട്ടിരുന്നു. അനന്തകൃഷ്ണന്റെ കീഴിലുള്ള മാക്‌സസ് എന്ന സ്ഥാപനം എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വൈകാതെ വാങ്ങി. ഓഹരി കൈമാറ്റം നടന്ന് മാസങ്ങള്‍ക്കകം എയര്‍സെല്ലിന്റെ ലൈസന്‍സ് അപേക്ഷകളെല്ലാം അനുവദിക്കപ്പെട്ടു. ദിവസങ്ങള്‍ക്കകം അനന്ത കൃഷ്ണന്‍ ഗ്രൂപ്പില്‍ നിന്ന് 599.01 കോടി രൂപയുടെ നിക്ഷേപം മാരന്‍ കുടുംബത്തിന്റെ കീഴിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയിലെത്തി. ഇത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സി ബി ഐ കരുതുന്നു. എയര്‍ സെല്ലിന്റെ ഓഹരി വില്‍ക്കുന്നതിന് ശിവശങ്കരന് മേല്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ഈ കഥയനുസരിച്ചാണെങ്കില്‍ വ്യക്തമായ അഴിമതിക്കേസ് തന്നെ, നിശ്ചയം. 


വില്ലന്‍ ഒറ്റക്ക് രംഗ പ്രവേശം ചെയ്യാറില്ലെന്നതാണ് പൊതു അനുഭവം. കൂടെ ആളുണ്ടാവും, ഒഴുക്കാന്‍ പണവുമുണ്ടാവും. ആ സ്ഥാനത്താണ് അനന്തകൃഷ്ണന്‍ എന്ന വ്യവസായി. അനന്തകൃഷ്ണന്റെ മാക്‌സസിന് എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങാന്‍ അവസരമൊരുക്കിയത് ആരാണ്? എയര്‍ സെല്ലിന്റെ അപേക്ഷ വൈകിപ്പിച്ച കാലത്ത് മാരന്‍ ഈ അനുമതി ഒറ്റക്ക് നേടിയെടുത്തതാകാന്‍ ഇടയില്ല.  വിദേശ നിക്ഷേപം അനുവദിക്കുന്നതോ അനുവദിച്ചതില്‍ തന്നെ പരിധി ഉയര്‍ത്തുന്നതോ ഒക്കെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ സമിതികളാണ്. ആ സമിതിയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യം ധനമന്ത്രിയും. അന്ന് ധനമന്ത്രി പി ചിദംബരമായിരുന്നു. 


ശിവ ഗ്രൂപ്പ് മേധാവി ശിവശങ്കരനെ അറിയാത്തയാളല്ല പളനിയപ്പന്‍ ചിദംബരം. എന്നിട്ടും എയര്‍ സെല്ലിന്റെ ഓഹരി വാങ്ങാന്‍ അനന്തകൃഷ്ണന്റെ കമ്പനിക്ക് ചിദംബരം ഉള്‍പ്പെടുന്ന സമിതി അനുമതി നല്‍കി. നടക്കാന്‍ പോകുന്നത് അഴിമതിയുടെ കറ പുരണ്ട ഇടപാടുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് നല്‍കിയത് എന്ന് അടുത്ത രംഗം കണ്ടാല്‍ മനസ്സിലാകും. സണ്‍ നെറ്റ്‌വര്‍ക്കില്‍ 600 കോടിയുടെ നിക്ഷേപം നടത്താന്‍ മാക്‌സസിന്റെ സഹോദര സ്ഥാപനം അനുമതി തേടുന്നു. അതിന് ഇതേ ചിദംബരം ഇരിക്കുന്ന കേന്ദ്ര മന്ത്രിസഭാ സമിതി അനുവാദം നല്‍കുന്നു. ഇതിനടിയില്‍ നടന്ന യഥാര്‍ഥ ഇടപാട് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തയാളല്ല പി ചിദംബരം. ഇതറിയാവുന്നത് ചിദംബരത്തിന് മാത്രമോ എന്നത് മാത്രമേ ആലോചിക്കാനുള്ളൂ. 


ദയാനിധി മാരന്‍ മന്ത്രിയായിരിക്കെ നടന്ന ടെലികോം ഇടപാടില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന് ഇത്രകാലം ആവര്‍ത്തിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ കോടികള്‍ കൊണ്ടുള്ള ഈ കളി. പ്രകൃതി വാതക ഖനനത്തിന്റെ ചെലവ് പെരുപ്പിച്ച് കാണിച്ചതിലൂടെ കോടികളുടെ നഷ്ടം ഖജനാവിനുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിറകെ ഈ കഥയിലെ പ്രധാന പ്രതിനായകന്‍ മുകേഷ് അംബാനിയെ പരവതാനി വിരിച്ച് സ്വീകരിച്ച് ചായയും വടയും നല്‍കി സത്കരിക്കാന്‍ ധൈര്യം കാട്ടിയയാളാണ്. ഈ ധൈര്യം ഇക്കാലത്തിനിടെ മറ്റൊരു ഭരണാധികാരിയും കാട്ടിയിട്ടുണ്ടാവില്ല. ശത കോടികള്‍ എയര്‍ സെല്ലിലും പിന്നെയും ശത കോടികള്‍ സണ്‍ നെറ്റ്‌വര്‍ക്കിലും വര്‍ഷിക്കാന്‍ ത്രാണിയുള്ള അനന്തകൃഷ്ണനെ മന്‍മോഹന്‍ സിംഗ് അറിയാതിരിക്കുമോ? 


പെരുകി വളരുന്ന അഴിമതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനും അത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് വരുത്താനും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് തോന്നിപ്പിക്കാനും ഏറെ വിയര്‍പ്പൊഴുക്കുന്നുണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും. എന്നാല്‍ ഇതിന്റെയെല്ലാം ഉത്പാദാക്കളും പരോക്ഷ ഉപഭോക്താക്കളും ഇവരൊക്കെത്തന്നെയാണ്. ടെലികോം മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഇന്ത്യയിലെത്തിയത് മാക്‌സിസ് മാത്രമല്ല. യുനീടെക്കിന്റെ ടെലികോം കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ടെലിനോര്‍ വന്നു, സ്വാനിന്റെ ഓഹരികള്‍ വാങ്ങാന്‍ ഇതിസലാത്ത് വന്നു, സ്വാനിന് ലൈസന്‍സ് അനുവദിക്കപ്പെട്ടതിന് തൊട്ടുപിറകെ ആ കമ്പനിയിലുണ്ടായിരുന്ന 9.9 ശതമാനം ഓഹരികള്‍ വലിയ വിലക്ക് വിറ്റഴിച്ച് റിലയന്‍സ് വന്‍ ലാഭം കൊയ്തു. ഇതിന്റെ പിറകിലെല്ലാം ക്രമക്കേടുകളുണ്ടെന്ന് സി ബി ഐ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 


ഇത്തരം ഇടപാടുകള്‍ ഉണ്ടാകുമെന്ന് അറിയാതെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ധനകാര്യ വിദഗ്ധരായ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രണാബ് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഭരണകൂടം അനുവാദം നല്‍കിയത് എന്ന് വിചാരിക്കുന്നില്ല. അതായത് കൊടിയ സാമ്പത്തിക തട്ടിപ്പിന് വേണ്ട അവസരമെല്ലാം പ്രദാനം ചെയ്തത് ഇവരൊക്കെ തന്നെയാണ്. അല്ലെങ്കില്‍ ഇവരെ പിറകില്‍ നിന്ന് നിയന്ത്രിക്കുന്നവരാണ്. പിന്നില്‍ നിന്നുള്ള നിയന്ത്രണം ബി ജെ പി ആരോപിക്കുന്നത് പോലെ സോണിയാ ഗാന്ധിക്കല്ല, അവര്‍ ഈ സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് ലാഭമെടുക്കുന്ന ഉപഭോക്താവ് മാത്രമാണ്. പിന്നില്‍ നിയന്ത്രിക്കുന്നത് ടാറ്റയും ബിര്‍ളയും അംബാനിമാരും അവരുടെ ഉടമകളുമാണ്.  


ഇപ്പറഞ്ഞ കോടികളൊക്കെ സമാഹരിക്കപ്പെടുന്നത് നമ്മുടെയൊക്കെ വിയര്‍പ്പില്‍ നിന്നാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. സെക്കന്‍ഡിന് ഒരു പൈസ എന്ന വാഗ്ദാനം മുന്നോട്ടുവെച്ച് കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചും ആവശ്യപ്പെടാതെ തന്നെ ലഭ്യമാക്കുന്ന കോളര്‍ ട്യൂണുകളുടെ വാടകയായുമൊക്കെ നമ്മില്‍ നിന്ന് ഈടാക്കുന്ന പണമാണ് വിദേശത്തും സ്വദേശത്തുമൊക്കെയായി പങ്കുവെച്ച് കളിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ടവറുകള്‍ സ്ഥാപിച്ച് നമ്മുടെ ജൈവ വ്യവസ്ഥയെ തകര്‍ത്തും മനുഷ്യാരോഗ്യത്തെ ദീര്‍ഘകാലം കൊണ്ട് നശിപ്പിച്ചും സമ്പാദിക്കുന്നതാണ്. അതിന്റെ ഓഹരിയാണ് മാരന്റെ നെറ്റ്‌വര്‍ക്കിലെ വെളിപ്പെട്ട 600 കോടിയും മറ്റ് അറിയപ്പെടാത്തയാളുകളുടെ അജ്ഞാത നെറ്റ്‌വര്‍ക്കുകളിലെ സഹസ്ര കോടികളും. 


എ രാജയും കനിമൊഴിയും ദയാനിധിമാരനും ഒരു നിലക്ക് ഇരകള്‍ മാത്രമാണ്. പ്രശ്‌നങ്ങളുണ്ടായാല്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ നേരത്തെ തന്നെ ഒരുക്കി നിര്‍ത്തപ്പെട്ട നേര്‍ച്ചക്കോഴികള്‍. യഥാര്‍ഥ പ്രതികള്‍ ഇതിനെല്ലാം അവസരമുണ്ടാക്കിക്കൊടുത്തവരാണ്. അവരിലേക്ക് ഒരു കാലത്തും അന്വേഷണം ഏത്തില്ലെന്ന് ഉറപ്പാക്കപ്പെട്ടിരിക്കുന്നു. നിര്‍ണയത്തില്‍ പിഴവുകളുണ്ടായെന്ന് പ്രധാനമന്ത്രി പിഴ മൂളിയിട്ടുണ്ട്, രാജ ആരോപണ വിധേയനായ കേസില്‍. നിര്‍ണയത്തിലുണ്ടാകുന്ന പിഴവുകള്‍ ഒരു കേസിനും കാരണമാകുന്നില്ല. ഒരു അഴിമതിയും ആരോപിക്കപ്പെടുകയുമില്ല.   ദയാനിധി മാരന്റെ കേസിലും നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മാത്രമേ പ്രധാനമന്ത്രിക്ക് മുന്നോട്ടുപോകാനാകൂ. എല്ലാ കാര്യങ്ങളും ചികഞ്ഞ് പരിശോധിക്കുക പ്രായോഗികവുമല്ല. 


അതുകൊണ്ട് ദയാനിധി മാരന്റെ കേസിലും ഡോ. മന്‍മോഹന്‍ സിംഗ് തന്റെ പ്രതിച്ഛായ നിലനിര്‍ത്തും. കോടതിയുടെ മുമ്പാകെ ആരോപണമുണ്ടായ നിമിഷത്തില്‍ തന്നെ രാജിവെപ്പിക്കാന്‍ തയ്യാറായില്ലേ എന്ന് കോണ്‍ഗ്രസിലെ പാണന്‍മാര്‍ പെരുമ പാടി നടക്കുകയും ചെയ്യും. പക്ഷേ, ഈ നയങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍, അതിന്റെ ഭാഗമായ ഓരോ തീരുമാനവും എടുത്തപ്പോള്‍ നടക്കാന്‍ പോകുന്ന അരും കൊള്ള മുന്നില്‍ കണ്ടില്ലെന്ന് മാത്രം പറയരുത്. കാരണം സമകാലിക ചരിത്രം തന്നെ അത് നിഷേധിക്കും. യു ടി ഐ കുംഭകോണം, ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി തട്ടിപ്പ് ഇവയൊക്കെ നടന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മന്‍മോഹന്‍ യുഗം ആരംഭിച്ചതിന് ശേഷമാണ്. ആ യുഗം ആരംഭിച്ചതിന് ശേഷമാണ് വിദേശത്തേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടിയത്. അതില്‍ നിന്നൊന്നും പാഠം പഠിക്കാതെയാണ് ഡോ. മന്‍മോഹന്‍ സിംഗ് മുന്നോട്ടുപോയത് എന്ന് കരുതാനാകുമോ? അതോ ഏത് തട്ടിപ്പും സാധ്യമാകും വിധത്തിലുള്ള സാമ്പത്തിക സംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു 1991 മുതല്‍ ഇദ്ദേഹം വേഗത്തിലാക്കിയ പരിഷ്‌കരണ, ഉദാരവത്കരണ നയങ്ങളുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണമോ? 


മാരന്‍ ഭരണകാലത്ത് എയര്‍ സെല്ലിന് പുറമെ നടന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും കഥകള്‍ അധ്യായത്തില്‍ ചേര്‍ക്കപ്പെടും. അതൊരു തന്ത്രമാണ്. കൊടിയ അഴിമതിക്കാരനെന്ന മുദ്ര ചാര്‍ത്തിക്കൊടുക്കപ്പെട്ടാല്‍ പിന്നെ അയാള്‍ പറയാനിടയുള്ള കാര്യങ്ങള്‍ക്കെല്ലാം വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിനുള്ള വില മാത്രമേ കല്‍പ്പിക്കപ്പെടൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം. സ്വന്തം ഭരണകാലത്ത് നടന്ന കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ പാകത്തിലുള്ള ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിച്ചുവെന്ന് പെരുമ പാടുന്നവര്‍ക്ക് വായ്ത്താരിയാക്കുകയും ചെയ്യാം.