കുറേക്കാലം മുമ്പത്തെ കഥയാണിത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തഴക്കുന്നതിനും മുമ്പ് നടന്നത്. കാലം പരിഷ്‌കരിക്കപ്പെട്ടിരുന്നില്ലെങ്കിലും സാഹിത്യത്തില്‍ അത് വന്നിരുന്നു. ആധുനികത പിന്നിട്ട് ഉത്തരാധുനികത നാമ്പിട്ട് തുടങ്ങിയിരുന്നു. പ്രീ ഡിഗ്രി സമ്പ്രാദയത്തില്‍ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുത്തവര്‍ക്ക് (ഒന്നാം ഭാഷ ഇംഗ്ലീഷ് ഐച്ഛികമല്ല) നവീന കവിത എന്ന പേരിലൊരു സമാഹാരം പഠിക്കാനുണ്ടായിരുന്നു. അതില്‍ കെ ജി ശങ്കരപ്പിള്ളയുടെ കവിതയും. ഈ പുസ്തകം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ ഗാന്ധിയനായ ഒരു ക്രിസ്ത്യന്‍ നാമധാരി. പരമ സാത്വികനായിരുന്ന അദ്ദേഹത്തിന് വിരമിക്കാനുള്ള പ്രായം അടുത്തുവരികയും ചെയ്യുന്നു.
കവിത ഛന്ദോബദ്ധമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ഇദ്ദേഹത്തിന് ആധുനിക കൃതികളോട് സ്വാഭാവികമായ അപ്രിയം. അതുകൊണ്ട് തന്നെ കെ ജി ശങ്കരപ്പിള്ളയുടെ കവിതയിലെ ''പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവ് കയ്ക്കുന്നു'' എന്ന വരികളൊക്കെ ഉറക്കെ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. തെറി എന്ന പദം കവിതയിലുപയോഗിച്ചതില്‍ അദ്ദേഹം അത്ഭുതം കൂറിയത് ഇപ്പോഴും മനസ്സിലുണ്ട്. സംവിധാനങ്ങളുടെ തെറ്റായ നടപടികളോട് പ്രതികരിക്കാന്‍ തോന്നുകയും അങ്ങനെ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതിലെ പ്രയാസം ദ്യോതിപ്പിക്കുകയാണ് കവി ഈ വാചകത്തിലൂടെ എന്ന് വ്യാഖ്യാനിച്ചു തന്നു സാത്വികനായ ഗുരുനാഥന്‍. എങ്കിലും ''പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നത്'' എങ്ങനെയാണെന്ന് അന്ന് വേണ്ടത്ര മനസ്സിലായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള അത്രയൊന്നും അനുഭവതീഷ്ണമല്ലാതെ തുടരുന്ന ചെറു ജീവിത കാലത്ത് എന്താണ് ഈ കയ്പ്പ് എന്ന് പലകുറി ബോധ്യപ്പെട്ടു. ഇപ്പോള്‍ ദിനേന എന്നോണം ബോധ്യപ്പെടുകയും ചെയ്യുന്നു. അത്തരം ചില കയ്പ്പുകളിലേക്ക്.
ജോര്‍ജ് പോളും
ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും
ആദ്യം സര്‍ക്കാര്‍, സഹകരണ മേഖലയിലും പിന്നീട് സ്വകാര്യ മേഖലയിലും സ്വാശ്രയ കോളജുകള്‍ ആരംഭിക്കുകയും സ്വകാര്യ സ്വാശ്രയ കോളജുകളിലെ പ്രവേശവും ഫീസും കോടതിയിലും തെരുവിലും യുദ്ധത്തിന് കളമൊരുക്കുകയും ചെയ്തതിന് ശേഷമുള്ള കാലമാണ് കടന്നുപൊകുന്നത്. എല്ലാ കൊല്ലവും എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും വിധത്തിലുള്ള 'അന്യോന്യം' സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുണ്ടാകും. ഒടുവില്‍ ആര്‍ക്കും മനസ്സിലാകാത്ത വിധത്തിലുള്ള ഒരു ഒത്തുതീര്‍പ്പും. രണ്ട് പക്ഷവും വിജയം അവകാശപ്പെടും. ഇതിനിടെ മാനേജുമെന്റുകള്‍ ഭിന്നിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് എന്നിങ്ങനെ രണ്ടും എം ഇ എസ്സും മറ്റും നേതൃത്വം നല്‍കുന്ന മൂന്നാമത്തേതും. ഇതില്‍ തന്നെ വിചിത്രവാദങ്ങളുന്നയിച്ച് കാണികളെ രസിപ്പിച്ചത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലായിരുന്നു.
ഇക്കുറി പ്രവേശ, ഫീസ് കരാറുകളുടെ ചര്‍ച്ചയുടെ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. തക്കം നോക്കി നിന്ന മാനേജ്‌മെന്റുകള്‍ ഒരു കടുംവെട്ടിന് അവസരം കണ്ടു. എല്ലാ സീറ്റിലും സ്വന്തം നിലക്ക് പ്രവേശം നടത്താന്‍ തീരുമാനിച്ചു. അതനുസരിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് പണം മുന്‍കൂറായി വാങ്ങുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വാശ്രയം വീണ്ടും തെരുവില്‍ തിളച്ചു/തിളപ്പിച്ചു. ഇക്കുറി ഒന്നും ചെയ്യാനാകില്ലെന്നും അടുത്ത വര്‍ഷം കാര്യങ്ങള്‍ ഭംഗിയാക്കാമെന്നും കെ എം മാണിയും മറ്റും പറഞ്ഞുനോക്കിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് അത് അത്രയെളുപ്പം ദഹിക്കുമായിരുന്നില്ല. ഒന്നു വാദിച്ചുനോക്കുകയെങ്കിലും ചെയ്യാതെ കീഴടങ്ങിയാല്‍ പിന്നെ എന്ത് മുഖ്യമന്ത്രി പദം!
ആദ്യം പി ജി സീറ്റുകളില്‍ പിടിച്ചു. വൈകിയെത്തിയതിലുള്ള അതൃപ്തി മറച്ചുവെച്ചില്ലെങ്കിലും സര്‍ക്കാറിനുള്ളത് സര്‍ക്കാറിന് തന്നെയെന്ന് സുപ്രീം കോടതി വിധിച്ചു. അതോടെ ഉമ്മന്‍ ചാണ്ടിക്ക് ആത്മവിശ്വാസമായി. എം ബി ബി എസ് സീറ്റുകളുടെ കാര്യത്തിലും അമ്പത് ശതമാനം സീറ്റ് സര്‍ക്കാറിന് വേണമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അനാവശ്യമായ ഇടപെടലിന് ശ്രമിക്കുകയാണ് സര്‍ക്കാറെന്നായി ജോര്‍ജ് പോള്‍. കോളജുകള്‍ പൂട്ടാന്‍ ആലോചിക്കുന്നു, ഇങ്ങനെയാണെങ്കില്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല, ലാഭമുണ്ടാക്കുകയല്ല, സമൂഹത്തിന് സേവനം നല്‍കുകയാണ് ചെയ്യുന്നത് എന്നിങ്ങനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് വേണ്ടി വാദങ്ങളുമായി അദ്ദേഹം രംഗത്തുവന്നു. ഏറെ ബദ്ധപ്പാട് സഹിച്ചാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ കോളജുകള്‍ നടത്തി എം ബി ബി എസ് ബിരുദധാരികളെ വിരിയിച്ച് സമൂഹത്തിന് നല്‍കുന്നതെന്നും ജോര്‍ജ് പോള്‍ വാദിച്ചു. അധ്യാപകര്‍ക്ക് പ്രതിമാസം നല്‍കുന്ന ഒരു ലക്ഷത്തിലേറെ വരുന്ന ശമ്പളത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. സഹനം ക്രൈസ്തവര്‍ക്ക് പുത്തരിയല്ല, അതുകൊണ്ട് എല്ലാം സഹിച്ച് സ്വാശ്രയ വ്യവസായ രംഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുക.
ഇതേ ആളുകളൊക്കെയാണ് പണ്ട് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ പറ്റിച്ചതെന്ന് ജോര്‍ജ് പോളിന് അറിയാതെ വരുമോ? രണ്ട് സ്വകാര്യ സാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സിദ്ധാന്തത്തിന് അല്ലേലുയ പാടി. അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റും ഫീസുമെന്ന് അംഗീകരിച്ചു. സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് തൊട്ടുപിറകെ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാര്‍ മെറിറ്റും ഫീസുമൊന്നും വഹിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് സ്ഥാപിച്ചെടുത്തു. ഈ വഞ്ചന സഹിച്ചതിന് ശേഷവും വെല്ലുവിളി തുടരുകയാണ് സ്വാശ്രയ മാനേജുമെന്റുകള്‍, പ്രത്യേകിച്ച് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ളവ ചെയ്തത്. എന്നിട്ടും വേണ്ട രീതിയില്‍ ഇടപെടാന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാറും പിന്നീട് വന്ന ഇടത് മുന്നണി സര്‍ക്കാറും തയ്യാറാകാതിരുന്നത് ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടിത ശേഷി ഉപയോഗിച്ച് ഇവര്‍ നടത്തിയ വിലപേശല്‍ മൂലമായിരുന്നു.
പാവപ്പെട്ട രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരെ പരസ്യമായി വിചാരണ ചെയ്ത് 'ഞാന്‍ കുറ്റക്കാരനെ'ന്ന് എഴുതിയ ബാനര്‍ കഴുത്തില്‍ കെട്ടിത്തൂക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട് കേരളത്തില്‍ പലേടത്തും. കൊടിയ വഞ്ചന കാട്ടുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത ശേഷവും ലജ്ജ ലേശമില്ലാതെ മുറുമുറുപ്പ് തുടരുന്ന ജോര്‍ജ് പോളിനെപ്പോലുള്ളവരുടെ കാര്യത്തില്‍ അത്തരമൊന്ന് ചെയ്യാന്‍ ആരും അവശേഷിച്ചിട്ടില്ല എന്നത് കയ്പ്പായി നിലനില്‍ക്കുന്നു.
ജോര്‍ജ് പോളിന്റെ വാദങ്ങള്‍ മാത്രം പോരെന്ന് തോന്നിയതു കൊണ്ടാവണം കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ ഭാരവാഹിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നേരിട്ട് രംഗത്തുവന്നത്. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് സ്വാശ്രയ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ വിമോചന സമരാഹ്വാനം മുഴക്കിയിരുന്നു അന്ന് തൃശൂര്‍ രൂപതാ ബിഷപ്പായിരുന്ന ആന്‍ഡ്രൂസ് താഴത്ത്. കുറുവടി സേന വീണ്ടും വരും, കുണ്ടുകുളം പിതാവിന്റെ വാക്കുകള്‍ ഇപ്പോവും മുഴങ്ങുന്നുണ്ട് എന്നൊക്കെ ഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴിതാ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശത്തില്‍ സര്‍ക്കാര്‍ കൈവെക്കുകയാണെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഭരിക്കുന്നത് ഇടത് സര്‍ക്കാറല്ലാത്തതുകൊണ്ട് രണ്ടാം വിമോചന സമരത്തെക്കുറിച്ച് പറയുന്നില്ലെന്ന് മാത്രം. ലക്ഷങ്ങള്‍ തലവരിയും ലക്ഷങ്ങള്‍ ഫീസും ഈടാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ന്യൂനപക്ഷ സമുദായ സ്ഥാപനമെന്ന പദവി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കെ ജി ശങ്കരപ്പിള്ളയുടെ വരികള്‍ വീണ്ടും പ്രസക്തമാകുകയാണ്. ഈ ബിഷപ്പിനോട് പറയാത്ത തെറി വാക്ക് കെട്ടിക്കിടന്ന് നാവ് കയ്ക്കുന്നവര്‍ എത്രവരും!
കോഴിക്കോട്
റെയില്‍വേ സ്റ്റേഷന്‍
രാജ്യാന്തര സ്റ്റേഷനാക്കി ഉയര്‍ത്തുകയാണ് ഇതിനെ. ചുറ്റിലും ടൈല്‍സ് പാകി. എല്ലായിടത്തും കയറു കെട്ടി നോ പാര്‍ക്കിംഗ് ബോര്‍ഡ് വെച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മുതിര്‍ന്ന പൗരന്‍മാരായ മാതാപിതാക്കളെ സ്റ്റേഷനിലിറക്കാന്‍ രാവിലെ ആറരയോടെ എത്തിയപ്പോള്‍ സ്റ്റേഷന്‍ ശൂന്യം. കയറുകെട്ടിത്തിരിക്കാത്ത ഒരിടത്ത് കാര്‍ പാര്‍ക്ക് ചെയ്തു. ട്രെയിന്‍ സ്റ്റേഷനിലെത്തിയിരുന്നു. ടിക്കറ്റെടുത്ത് അവരെ കയറ്റി വിടാന്‍ 15 മിനുട്ട്. ട്രെയിന്‍ സ്റ്റേഷന്‍ വിടും വരെ കാത്തില്ല. തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസിന്റെ അധികാര ചിഹ്നങ്ങളുമായി രണ്ട് പേര്‍ കാറിന് സമീപം തയ്യാര്‍. ഇവിടെ കാറിടാന്‍ പാടില്ലെന്ന് അറിയില്ലേടാ എന്ന് ചോദ്യം. മാതാപിതാക്കളെ ട്രെയിന്‍ കയറ്റാന്‍ പോയതാണ് 15 മിനുട്ടേ എടുത്തുള്ളൂ എന്ന് പറഞ്ഞുനോക്കി. രക്ഷയില്ല, പിഴയടച്ചേ വിടൂ എന്ന് റെയില്‍വേ പോലീസിന് നിര്‍ബന്ധം. കേസ് ചാര്‍ജ് ചെയ്‌തോളൂ ബാക്കി പിന്നെ നോക്കാമെന്ന് അപ്പോഴത്തെ വാശിക്ക് പറഞ്ഞു. വിലാസം പറഞ്ഞുകൊടുത്തപ്പോള്‍ മനഃപൂര്‍വം തെറ്റിക്കുകയും ചെയ്തു.
മാതാപിതാക്കളെ ട്രെയിന്‍ കയറ്റി വിടാന്‍ വേണ്ടി 15 മിനുട്ട് നേരം സ്റ്റേഷന്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വലിയ പാതകമാണെന്ന് തോന്നിയില്ല, അതുകൊണ്ട് തന്നെയാണ് വിലാസം തെറ്റിച്ചു നല്‍കിയത്.
ഇന്നലെ (06-07-2011) ഉച്ചക്ക് ഒരു മണി. ഒന്നരക്കുള്ള ജനശതാബ്ദിയില്‍ പോകേണ്ട ഭാര്യക്കൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തി. നേരത്തെ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്യാന്‍ കാരണമായ അതേ സ്ഥാനത്ത് കാറുകളുടെ നീണ്ട നിര. അവക്കിടയിലേക്ക് കാറൊതുക്കുമ്പോഴേക്ക് ചീട്ടെഴുത്തുകാരനെത്തി.
ഈ സ്ഥലം പ്രീമിയം പാര്‍ക്കിംഗ് സ്ഥലമായി ലേലം ചെയ്തിരിക്കുന്നുവെന്ന്. മദ്യ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുന്ന പതിവുണ്ട്. കുറഞ്ഞ വിലക്ക് വില്‍ക്കുന്ന മദ്യം ഒന്നു പൊതിഞ്ഞ് പ്രീമിയം എന്ന് രേഖപ്പെടുത്തി വില കൂട്ടൂന്ന രീതി. അതുപോലെ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലവും പ്രീമിയമായിരിക്കുന്നു. പാര്‍ക്കിംഗ് ഫീസ് 15 രൂപ. ഇത്രയും തുകക്ക് വേണ്ടി തര്‍ക്കിക്കുക എന്നത് ഇക്കാലത്ത് 'മാന്യന്‍'മാര്‍ക്ക് ചേര്‍ന്നതല്ല, അന്തസ്സിന് ഒട്ടൊരു ഇടിവാണ് താനും. എങ്കിലും തര്‍ക്കിച്ചു. പണം കൊടുക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. കൊടുക്കാതെ പോരുകയും ചെയ്തു. ഒരാളെ ട്രെയിന്‍ കയറ്റി വിടാന്‍ എത്തി പത്തോ പതിനഞ്ചോ മിനുട്ട് പാര്‍ക്ക് ചെയ്ത് മടങ്ങുമ്പോള്‍ 15 രൂപ ഫീസ് നല്‍കേണ്ടിവരുന്നത് നീതിയല്ലെന്ന തോന്നലായിരുന്നു കാരണം. റോഡിനും പാലങ്ങള്‍ക്കും വന്‍തുകകള്‍ ടോള്‍ പിരിക്കുന്നതും ഈ പിഴിയലും തമ്മില്‍ വലിയ വ്യത്യാസമില്ല. ഇ അഹ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണെങ്കില്‍ ഒരു പരാതിയെങ്കിലും നല്‍കി സായൂജ്യമടയാമായിരുന്നു. ഇപ്പോഴതും സാധിക്കില്ല, അതുകൊണ്ട് കയ്പ്പ് ഇങ്ങനെ തീര്‍ക്കുകയേ മാര്‍ഗമുള്ളൂ.
ജനത്തെ പിഴിയാനുള്ള ഒരു പഴുതും ഭരണകൂടം ഒഴിവാക്കുന്നില്ല. അവര്‍ ഒഴിവുകള്‍ നല്‍കുന്നതോ റിലയന്‍സിന്, ടാറ്റക്ക്, യുനീടെക്കിന്, സ്വകാര്യ സ്വാശ്രയ കോളജ് മാനേജുമെന്റുകള്‍ക്ക്... ചെറിയ പ്രതിഷേധം പോലും പ്രകടിപ്പിക്കാതെ എല്ലാ സേവന ഫീസുകളുമൊടുക്കി അന്തസ്സ് കാക്കുന്നു നമ്മള്‍. പ്രീമിയം പാര്‍ക്കിംഗ് സ്ഥലം കരാറെടുത്തവന്റെ തെറി സഹിക്കുന്നു. ഇത്തരം പല കയ്പ്പുകള്‍ കെട്ടിക്കിടന്ന് മനസ്സ് വീര്‍പ്പുമുട്ടും. ആ വീര്‍പ്പുമുട്ടല്‍ ജോലിസ്ഥലത്തോ വീട്ടിലോ തീര്‍ക്കുകയും ചെയ്യും.
ശരിയാണ് രാജീവ്..പറയാത്ത തെറി കെട്ടിക്കിടന്ന് നാവ് വല്ലാതെ കയ്ക്കാൻ തുടങ്ങിയിരിക്കുന്നു..
ReplyDeleteജോലിസ്ഥലത്തോ വീട്ടിലോ ബ്ലോഗ്ഗിലോ ഒക്കെ അതുകൊണ്ടുചെന്ന് ഇറക്കേണ്ടിയും വരുന്നു.
കോഴിക്കോട് സ്റെഷനില്‍ അതേ സ്ഥലത്ത് സുഹൃത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ പണം പോയ മറ്റൊരാള്‍ ..
ReplyDeleteപറയേണ്ട തെറി റെയില്‍വേ മാനേജര്‍ക്ക് എഴുതി അയച്ചു.. ഈ സ്ഥലം പാട്ടത്തിനു നല്‍കിയതിന്റെയും വരവിന്റെയും വിശദ വിവരം ചോദിച്ചു ഒരു വിവരാവകാശ അപേക്ഷയും നല്‍കി.. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. :-))