2014-10-27

കേട്ടെഴുതാന്‍ വേണം 'ചൂലു'കള്‍


അങ്ങനെ നരേന്ദ്ര മോദി'ജി' മാധ്യമപ്രവര്‍ത്തകരെ കണ്ടു. അധികാരത്തില്‍ അര്‍ധവര്‍ഷം തികക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രവേശ കാര്‍ഡുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ 56 ഇഞ്ച് നെഞ്ചും അതിനൊപ്പം നെഞ്ചൂക്കുമുള്ള പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും തൊട്ടും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ മത്സരിച്ചും പുളകിതഗാത്രരായി. രാജ്യമാകെ ശുചീകരിക്കുക എന്ന ലക്ഷ്യത്തില്‍ (അധികാര സ്ഥാനത്തെത്തിയ നാള്‍ മുതല്‍ 'ശുചീകരണം' നരേന്ദ്ര മോദിയുടെ ഇഷ്ട വിഷയമാണ്) പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നമ്രശിരസ്സോടെ നന്ദിവാക്യം ചൊല്ലി പ്രധാനമന്ത്രി. പേന ചൂലാക്കിയതിലുള്ള തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ചൂല് മഷിയില്‍ മുക്കി, പ്രതിച്ഛായാ വര്‍ണനം മികച്ചതാക്കിയതിനാണോ നന്ദി പ്രകടനമെന്ന ശങ്ക ബാക്കിയായി.


മോദിക്ക് മുമ്പ് പത്ത് വര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാര്യത്തിലുയര്‍ന്ന പ്രധാന വിമര്‍ശങ്ങളിലൊന്ന് അദ്ദേഹം മൗനം പാലിക്കുന്നുവെന്നതായിരുന്നു. പത്ത് വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി മന്‍മോഹന്‍ സംസാരിച്ചത് നാലോ അഞ്ചോ തവണ മാത്രമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടാണ് വിമുഖത കാട്ടിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണം നിയന്ത്രിക്കുന്നത് സോണിയാ കുടുംബമാണെന്നും അവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറത്ത് യാതൊന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ് മന്‍മോഹന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് തയ്യാറാകാത്തതെന്നും വിമര്‍ശകപക്ഷത്തെ തീവ്രവാദികള്‍ കുറ്റപ്പെടുത്തിയിരുന്നു. മന്‍മോഹന്‍ സിംഗ് വേണ്ടുംവണ്ണം സംസാരിക്കാന്‍ സന്നദ്ധനാകാതിരുന്നത്, തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമായതാണെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പോലും പിന്നീട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിലെ വിമുഖത മാത്രമായിരുന്നില്ല, അന്ന് പ്രതിപക്ഷ ബഞ്ചുകളിലെ ബഹള സാന്നിധ്യമായിരുന്ന ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലിമെന്റിലെ ഇരു സഭകളിലും മന്‍മോഹന്‍ മൗനസാന്നിധ്യമായിരുന്നുവെന്ന് അന്നവര്‍ കുറ്റപ്പെടുത്തി.


കാലവും കഥയും മാറി. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത നേതാവ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്നു. ഇങ്ങ് ശിവഗിരി മുതല്‍ അങ്ങ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ വരെ, ഒത്തുകൂടുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ മുഷ്ടികൊണ്ട് വായുവില്‍ ഇടിച്ചും 'ഭായിയോ ബഹനോ...' എന്ന് ആവര്‍ത്തിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണത്തിന് മുട്ടില്ലാത്തയാളാണ് സര്‍വാധികാരി. സ്വന്തം പാര്‍ട്ടിയിലുള്ള മാര്‍ഗനിര്‍ദേശക മണ്ഡലിലേക്ക് ഉയര്‍ത്തപ്പെട്ട നേതാക്കളും അല്ലാത്തവരും ചോദ്യങ്ങളുന്നയിക്കാന്‍ മടിക്കുന്ന ദേഹം. ആ മുഖത്തേക്കൊരു അപ്രിയചോദ്യമുന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരുണത്തില്‍ ത്രാണിയുണ്ടാവില്ലെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുമായുള്ള ആദ്യത്തെ 'ചായ് പേ ചര്‍ച്ച' (ചായ സത്കാര സംഭാഷണം) അഞ്ച് മിനുട്ടോളമേ നീണ്ടുള്ളൂ. അതിലാണ് പേന, ചൂലാക്കിയ മാധ്യമപ്രവര്‍ത്തനത്തെ ഭവാന്‍ മുക്തകണ്ഠം പ്രശംസിച്ചത്. ചോദ്യോത്തര കലാപരിപാടിക്ക് പ്രധാനമന്ത്രി താത്പര്യം കാട്ടിയില്ല. തന്റെ വാക്കുകള്‍ ഉപസംഹരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി. അല്‍പ്പം കുശലം. തരംകിട്ടിയവരൊക്കെ ചിത്രങ്ങളെടുത്തു. ആദ്യ മാധ്യമ സമ്പര്‍ക്ക പരിപാടി സമ്പൂര്‍ണ വിജയമായതിന്റെ ആഹ്ലാദം ബാക്കിയായി.


ഡോ. മന്‍മോഹന്‍ സിംഗിന് തന്റെ രണ്ടാമൂഴത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്നതിന് മനഃക്ലേശമുണ്ടാകുക സ്വാഭാവികം. ശത, സഹസ്ര, ലക്ഷം കോടികളുടെ അഴിമതി ആരോപണങ്ങള്‍ തരാതരം പോലെ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്തുടര്‍ന്നതിന്റെ ഉപോത്പന്നമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരുന്നു. അഴിമതിയില്‍ മന്‍മോഹന്‍ സിംഗിന് നേരിട്ട് പങ്കാളിത്തമുണ്ടെന്നും പലകാരണങ്ങളാല്‍ അഴിമതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു അദ്ദേഹമെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു. 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചോ അതിനുതക്ക നെഞ്ചൂക്കോ ഇല്ലാത്തതുകൊണ്ടും വായുവില്‍ മുഷ്ടിക്കിടിച്ച്, ഞാനെന്ന ഭാവം പാര്‍ട്ടിയിലും പുറത്തും സ്ഥാപിച്ചെടുക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടും ചോദ്യശരങ്ങളാല്‍ ഭവാനെ വലക്കാന്‍ തയ്യാറെടുത്തിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്തായാലും അത് തന്നെയും സര്‍ക്കാറിനെയും അതുവഴി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു മന്‍മോഹന്. എന്നിട്ടും ടെലികോം അഴിമതി ആരോപണം കത്തിനിന്ന കാലത്ത്, മന്‍മോഹന്‍ മാധ്യമങ്ങളെ കണ്ടു, ചോദ്യങ്ങള്‍ അനുവദിച്ചു, അതിന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറയാവുന്ന പരിമിതിക്കുള്ളില്‍ നിന്ന് മറുപടി പറയുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാലൊന്നും ചൂഴ്ന്ന് നില്‍ക്കാഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ വിളിച്ചതല്ലേ, രണ്ട് ചോദ്യത്തിന് അവസരം നല്‍കിയേക്കാമെന്ന് മോദി'ജി' വിചാരിക്കാതിരുന്നതിന് കാരണമെന്താകും?


പതിമൂന്ന് കൊല്ലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്കാലത്ത് മാധ്യമങ്ങളോട് പുലര്‍ത്തിയിരുന്ന സമീപനം ഡല്‍ഹിയിലും തുടരുന്നുവെന്ന് തന്നെ കരുതണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന രീതി മലയാളികള്‍ കണ്ട് പരിചയിച്ചതാണ്. മോദിയുടെ കാലത്ത് ഗുജറാത്തില്‍ മന്ത്രിസഭ ചേര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പ് ലഭിക്കും. ചോദ്യോത്തരങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ സാധ്യതയില്ലാത്ത വാര്‍ത്താക്കുറിപ്പ്. ഇതിലെന്തെങ്കിലും സംശയം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുകയും മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങളെ വിളിച്ച് ചോദിക്കുകയും ചെയ്താല്‍ എല്ലാം 'മോദി സാബി'ന്റെ ഓഫീസില്‍ ചോദിക്കൂ എന്ന മറുപടി ലഭിക്കും. കാര്യങ്ങളൊക്കെ വാര്‍ത്താക്കുറിപ്പായി നല്‍കിയിട്ടുണ്ടല്ലോ എന്ന മറുപടി 'മോദി സാബി'ന്റെ ഓഫീസ് നല്‍കുകയും ചെയ്യും.


സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ പ്രചാരണത്തിനുള്ള ഉപാധി എന്ന നിലക്കാണ് മോദി മാധ്യമങ്ങളെ കണ്ടിരുന്നത്. വംശഹത്യയുടെയോ വ്യാജ ഏറ്റുമുട്ടലുകളുടെയോ പേരില്‍ വിമര്‍ശമുന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും എതിരാളികളായും. രണ്ട് ഗണത്തില്‍പ്പെട്ടവരോടും വലിയ വര്‍ത്തമാനത്തിന്റെ ആവശ്യമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു അദ്ദേഹം, ആ രീതി പിന്തുടരാന്‍ പാര്‍ട്ടിയിലെ നേതാക്കളെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏത് വകുപ്പിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനമെടുക്കുകയും അക്കാര്യം വകുപ്പ് മന്ത്രി അറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നുവെന്നതിനാല്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കൊന്നും പ്രേരണക്ക് വശംവദരായി മൗനം പാലിക്കുന്നതില്‍ പ്രത്യേകിച്ചൊരു അസ്വസ്ഥത ഉണ്ടായതുമില്ല. വാവിനും സംക്രാന്തിക്കുമൊക്കെ നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു അന്നും. തനിക്ക് പറയാനുള്ളത് പറയും, കേട്ടെഴുത്ത് തൃപ്തികരമായി പൂര്‍ത്തിയായെന്ന് തോന്നുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് അവസരം പതിവില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.


ഡല്‍ഹിയിലെ ഇരിപ്പിടത്തിലേക്ക് മാറിയപ്പോള്‍ ഗുജറാത്തിലെ ശീലങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മോദി'ജി' ചെയ്യുന്നത്. മാധ്യമ സമ്പര്‍ക്കം വേണ്ടെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. തലപ്പൊക്കം നഷ്ടപ്പെട്ടില്ലെന്ന് തെറ്റിദ്ധരിക്കുന്ന രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയുമൊക്കെ വിലക്ക് ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചുപോകുന്നതൊഴിച്ചാല്‍, നിര്‍ദേശം പാലിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലും മാഡിസണ്‍ സ്‌ക്വയറിലുമൊക്കെ പ്രസംഗിക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയപ്പോള്‍ മന്ത്രിമാരില്‍ ചിലര്‍ തിരക്കിട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത് അതുകൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ പ്രതിദിനം നടന്നിരുന്ന വാര്‍ത്താ സമ്മേളനവും വേണ്ടെന്നുവെക്കാന്‍ മോദിയുടെ നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പാര്‍ട്ടി ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്. പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബി ജെ പി നേതാക്കള്‍ ഇപ്പോഴും കുറവല്ല. അവരും ട്വിറ്ററിലേക്കും ഫേസ്ബൂക്കിലേക്കും വൈകാതെ മാറുമെന്ന് തന്നെ കരുതണം. പ്രതികരണം അതുവഴി മതിയെന്നാണ് മോദി'ജി'യുടെ നിര്‍ദേശം.


ഇതൊക്കെ നടക്കുന്നതിനിടെ ഗുജറാത്തിലേത് പോലെ വാവിനും സംക്രാന്തിക്കും മാധ്യമ സമ്പര്‍ക്കം നടത്തും പ്രധാനമന്ത്രി. അതിന്റെ ഡ്രസ് റിഹേഴ്‌സലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. അദ്ദേഹം വന്നു, വേദിയിലിരുന്നു, പറയാനുള്ളത് പറഞ്ഞു, കാര്യപരിപാടി അവസാനിപ്പിച്ചു. ചോദ്യങ്ങളുന്നയിക്കാനോ ചോദ്യങ്ങളുന്നയിക്കാന്‍ അവസരം വേണമെന്ന് പറയാനോ ആരെങ്കിലും തയ്യാറുണ്ടോ എന്ന് പരീക്ഷിച്ചു. ഇല്ലെന്ന് ബോധ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ തനിക്ക് പറയാനുള്ളത് കേട്ടെഴുതാനായി (ഗുജറാത്ത് മാതൃക) അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വിളിക്കും. കേട്ടെഴുത്ത് തൃപ്തികരമെന്ന് ബോധ്യം വരുമ്പോള്‍ പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യും. പ്രധാനമന്ത്രിയാല്‍ വിളിക്കപ്പെടാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടെഴുതാനും അവസരം ലഭിക്കുന്നതില്‍ പുളകിതഗാത്രരായി അവര്‍ മടങ്ങുകയും ചെയ്യും. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, വെള്ളമാവശ്യപ്പെടുകയും അത് കുടിച്ചിട്ടും പരവേശമടങ്ങാതിരിക്കുകയും ചെയ്തപ്പോള്‍ അഭിമുഖമവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന്റെ ഓര്‍മയുണ്ട് ഈ ഛത്രപതിക്ക്. അത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹം തീരെയില്ലതാനും. അതുകൊണ്ട് കൂടിയാണ് മാധ്യമ സമ്പര്‍ക്കം ഇവ്വിധം സംവിധാനം ചെയ്യുന്നത്.


അര്‍ധവര്‍ഷത്തേക്ക് കടക്കുമ്പോള്‍ കണക്കെടുത്താല്‍, മോദി'ജി'യുടെ പ്രചാരണം വേണ്ടത്ര നിര്‍വഹിക്കപ്പെടുന്നുണ്ട്. അതിന് പാകത്തില്‍ ആസൂത്രണ, നടത്തിപ്പ് ഭംഗിയാക്കുന്നുമുണ്ട് അദ്ദേഹം. സ്വച്ഛ ഭാരത് മുതല്‍ ആദര്‍ശ് ഗ്രാമം വരെയുള്ള പദ്ധതികള്‍ മാത്രം മതി ഉദാഹരണത്തിന്. ഡീസലിന്റെ വില നിയന്ത്രണം നീക്കിയ ഗൗരവമേറിയ വാര്‍ത്തയുണ്ടാകുമ്പോള്‍ ഡീസല്‍ വില കുറച്ചതിനെ (ഏതാണ്ട് ഒരുമാസത്തോളം കൊള്ളലാഭമെടുത്ത ശേഷമാണ് കുറച്ചത് എന്നത് വിഴുങ്ങിക്കൊണ്ട്) വലിയ വാര്‍ത്തയാക്കി പിന്തുണ നല്‍കുന്നുമുണ്ട് മാധ്യമങ്ങള്‍. പ്രചാരണത്തിന് ഉപയോഗപ്പെടുന്നവ ഏതെന്നും അതിന്റെ ഉപകരണങ്ങളാരെന്നും അറിഞ്ഞ് തന്നെ പെരുമാറും മോദി'ജി' എന്ന് പ്രതീക്ഷിക്കാം. അടുത്ത മാധ്യമ സമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കാം.. പ്രധാനമന്ത്രി പദം ഭാരിച്ച ചുമതലയാണ്. രാവിലെ എട്ട് മുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ ചെലവിടുകയും താനല്ലാതാരും തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ബന്ധമുണ്ടാകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെക്കാളും അപൂര്‍വമായേ മാധ്യമ സമ്പര്‍ക്കമുണ്ടാകാന്‍ തരമുള്ളൂ.

2014-10-20

തഴമ്പ് തടവുന്നവരോട്


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ കോണ്‍ഗ്രസ് ഒരു പരീക്ഷണം നടത്തി. പ്രായേണ ദുര്‍ബലമായ സംഘടനാ സംവിധാനവും ശോഷിച്ച ജനപിന്തുണയും കണക്കിലെടുക്കാതെ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ 40ല്‍ രണ്ട് എന്നതായിരുന്നു സ്‌കോര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ജയം നേടിയപ്പോള്‍ ബീഹാര്‍ വീണ്ടുമൊരു പരീക്ഷണത്തിന് വേദിയായി. നിയമസഭയിലെ പത്ത് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളും ജനതാദളും (യുനൈറ്റഡ്) കോണ്‍ഗ്രസും എന്‍ സി പിയും സഖ്യമായി നിന്നു. പത്തില്‍ ആറ് സീറ്റില്‍ ജയമുണ്ടായി. ഈ രണ്ട് പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്  തുടരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. തിരഞ്ഞെടുപ്പിലേല്‍ക്കുന്ന പരാജയങ്ങള്‍ വേഗത്തില്‍ മറക്കുകയും ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് (കെ കരുണാകരനോട് കടപ്പാട്) തടവിനോക്കി, ദേശീയ പാര്‍ട്ടിയെന്ന വലുപ്പം ഇതര പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയുമാണ് കോണ്‍ഗ്രസിന്റെ പതിവ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം പിന്തുടരുന്ന ശരത് പവാറിന്റെ എന്‍ സി പി മഹാരാഷ്ട്രയില്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തടവി നോക്കുക കൂടി ചെയ്തപ്പോള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. ചതുഷ്‌കോണ മത്സരത്തില്‍ ബി ജെ പി ഒന്നാമതും ശിവസേന രണ്ടാമതുമെത്തുമ്പോള്‍ മറാത്തമണ്ണ്, ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് തീറെഴുതിയതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിനും എന്‍ സി പിക്കും അവകാശപ്പെടാം.


മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി കൂട്ടുകക്ഷി ഭരണം പതിനഞ്ചാണ്ട് പിന്നിട്ടതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷമായി ഭരിക്കുന്നു. ഭരണത്തിനെതിരായ വികാരം രണ്ടിടത്തുമുണ്ടാകുക സ്വാഭാവികം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും യു പി എയെയും  പിന്തുടര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ രണ്ട് സംസ്ഥാനങ്ങളിലും മറ്റ് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ചെറുതല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാനായെന്നത് ബി ജെ പിക്കും സംഘ്പരിവാറിന്റെ ഇതരഘടകങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുയുടെയുമൊക്കെ നേതാക്കള്‍ക്ക് അറിയാവുന്നതാണ്. എന്നിട്ടും നിലവിലുള്ള സഖ്യം തകരാതെ നോക്കാനും പരുക്കിന്റെ ആഴം കുറക്കാനും അവര്‍ ശ്രമിച്ചതേയില്ല. മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വഴിപിരിയാന്‍ തീരുമാനിക്കുകയും പരസ്പരം പഴിചാരുകയും ചെയ്തത്തിന് ശേഷമാണ് 15 വര്‍ഷം നീണ്ട സഖ്യമുപേക്ഷിക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും നിശ്ചയിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. സഖ്യം നിലനിര്‍ത്താന്‍ ദേശീയ നേതൃത്വം ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചതായും കണ്ടില്ല.


ശിവസേനാ - ബി ജെ പി സഖ്യം തകര്‍ന്നതിന് തൊട്ടുപിറകെ കോണ്‍ഗ്രസ് - എന്‍ സി പി ബന്ധം പിരിഞ്ഞതിന് പിറകില്‍ കരുനീക്കങ്ങള്‍ വേറെയുണ്ടായിരുന്നുവെന്ന വാദം അന്നുയര്‍ന്നിരുന്നു. കോഴിയാണോ മുട്ടയാണോ മൂത്തത് എന്ന് ഈ തിരഞ്ഞെടുപ്പോടെ തീരുമാനിക്കപ്പെടുമെന്നും ഫലമറിയുമ്പോഴുണ്ടാകുന്ന, ആര്‍ക്കും ഭുരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂത്തതെന്ന തെളിഞ്ഞവര്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നൊക്കെയായിരുന്നു കണക്ക് കൂട്ടല്‍. ആ കണക്ക് കൂട്ടലില്‍ അഭിരമിച്ചപ്പോഴാണ് മുന്‍ചൊന്ന വസ്തുനിഷ്ഠ ഭൗതിക സാഹചര്യങ്ങള്‍ മറന്നുപോയത്. ആരാണ് സഖ്യം തകര്‍ത്തത് എന്നതില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയം.


അപ്പുറത്ത്, ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായിരുന്നു. നിക്ഷേപം പാഴാകാതെ നോക്കുന്ന വ്യവസായികളുടെ സൂക്ഷ്മതയോടെ. രാജ് താക്കറെ പുറത്ത് പോയി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് രൂപം നല്‍കുകയും ബാല്‍ താക്കറെ മരിക്കുകയും ചെയ്തതോടെ ശിവസേന ദുര്‍ബലമായെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വം സേനയെ കൂടുതല്‍ ദൗര്‍ബല്യത്തിലേക്കാണ് നയിക്കുക എന്നും ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞു. രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടി, പ്രാദേശിക പാര്‍ട്ടിയുടെ സഖ്യകക്ഷിയാകേണ്ടെന്നും തീരുമാനിച്ചു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ലോക്‌സഭാ  തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത്, വിജയ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങള്‍ മനസ്സിലാക്കി, ഒറ്റക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുനീങ്ങി. എതിര്‍ പാളയം പ്രതിരോധത്തിലാണെന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതിനൊപ്പവും തുടര്‍ന്നും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത വര്‍ഗീയ അന്തരീക്ഷവും പ്രയോജനപ്പെടുമെന്ന ഉറപ്പും അവര്‍ക്കുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അക്കങ്ങളില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.


വലിയ സംസ്ഥാനം, വ്യവസായ തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന ദേശം, രാഷ്ട്രീയത്തേക്കാളുപരി പണം നിയന്ത്രിക്കുന്ന ചതുഷ്‌കോണ മത്സരം നടന്ന ഇടം എന്നീ നിലകളില്‍ മഹാരാഷ്ട്രയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങളിലും മഹാരാഷ്ട്രക്ക് പ്രഥമ സ്ഥാനം ലഭിക്കുന്നു. പക്ഷേ, ഹരിയാനയിലെ ഫലമാണ് ബി ജെ പിയെ സംബന്ധിച്ചും ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചും കൂടുതല്‍ പ്രധാനമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം വിജയിച്ച ബി ജെ പി, ഇവിടെ ഒറ്റക്ക് അധികാരത്തിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഹരിയാന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ അപ്രസക്തരുമാക്കി എന്നതാണ് ബി ജെ പിയുടെ നേട്ടം.


അത്രയൊന്നും വേരോട്ടമില്ലാത്ത മണ്ണില്‍ വേഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ തങ്ങള്‍ക്കായെന്ന് തെളിയിക്കുകയാണ് ബി ജെ പി, ഹരിയാനയില്‍. ഇത് ബി ജെ പിക്ക് ഇനിയും സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്കുള്ള സന്ദേശമാണ്. ബി ജെ പിയിലേക്ക് ചായാന്‍ മടിയില്ലാത്ത, എന്നാല്‍ അധികാരത്തിലേക്കുള്ള സാധ്യതകള്‍ വിരളമായതുകൊണ്ട് മാത്രം വോട്ടിംഗ് യന്ത്രത്തില്‍ അവരെ തുണക്കാത്ത ജനവിഭാഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശം. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയും ആന്ധ്രാപ്രദേശ് മുതല്‍ അസം വരെയുമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഹരിയാന ചൂണ്ടിക്കാട്ടാന്‍ ഇനി ഇവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന്റെ സ്വാധീനം കുറക്കുന്നതിനൊപ്പം പ്രാദേശികപാര്‍ട്ടികളെ ഇല്ലാതാക്കുക എന്നത് കൂടിയാണ് രാജ്യത്തെല്ലായിടത്തേക്കുമുള്ള പടര്‍ച്ചക്ക് വേണ്ടത് എന്ന് ബി ജെ പി നേരത്തെ, മനസ്സിലാക്കിയിട്ടുണ്ട്.


വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി ജെ പിക്ക് അധികാരം നേടിക്കൊടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രാദേശിക പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭിച്ച കേവല ഭൂരിപക്ഷം, 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നേടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. (നിലവില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബി ജെ പിയെ എത്തിച്ചതില്‍ ശിവസേന, അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി എന്ന് തുടങ്ങി വിവിധ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്) സ്വന്തം കാലില്‍ നില്‍ക്കാറായെന്ന് ബോധ്യം വന്നിടത്തൊക്കെ പ്രാദേശിക കക്ഷികളുടെ പ്രാധാന്യം കുറക്കുകയോ അവരില്‍ നിന്ന് വേറിട്ട് സ്വവലുപ്പം സ്ഥാപിച്ചെടുക്കുകയോ ചെയ്യും ആ പാര്‍ട്ടി. ബീഹാറില്‍ ജെ ഡി (യു) യുമായി സഖ്യമുണ്ടാക്കി, ആ പാര്‍ട്ടിയേക്കാള്‍ വലുതായതു പോലെ, ബി ജെ ഡിയുമായി സഖ്യമുണ്ടാക്കി ഒഡിഷയില്‍ വേരുകളുണ്ടാക്കിയതു പോലെ, ജനതാദളു (സെക്യുലര്‍) മായി സഖ്യമുണ്ടാക്കി കര്‍ണാടകത്തില്‍ ഒറ്റക്ക് അധികാരത്തിലെത്തിയത് പോലെ, ആന്ധ്രയില്‍ ടി ഡി പിയെ ഉപയോഗപ്പെടുത്തി വളരാന്‍ ശ്രമിക്കും. പഞ്ചാബില്‍ അകാലിദളിന്റെ ചിറകിന് കീഴില്‍ നിന്ന് മാറാന്‍ ശ്രമിക്കും. അതിന്റെ തിരനോട്ടമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ആ പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഹരിയാനയിലെ അനുഭവം സഹായിച്ചേക്കും.


കോണ്‍ഗ്രസില്ലാത്ത ഇന്ത്യ എന്നതായിരുന്നു ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസില്ലാത്ത ഇന്ത്യയിലേക്ക് ഒരു ചുവടുകൂടി അടുത്തുവെന്നാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഭരണനേതൃത്വത്തിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം മാത്രമാണ് ഈ വാക്കുകളില്‍ മോദിയും അമിത് ഷായും ഉദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് പേര് മാത്രമായി മാറിയിരിക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, എല്ലായിടത്തും അങ്ങനെയായിക്കൊള്ളണമെന്നില്ലെന്ന് രാജസ്ഥാനിലും ഗുജറാത്തിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ പ്രാദേശിക - ഭാഷാ വികാരങ്ങളെ ആവാഹിച്ച് വളര്‍ന്ന പാര്‍ട്ടികളോ ആണ് കോണ്‍ഗ്രസിന്റെ മേധാവിത്തം മിക്കവാറുമിടങ്ങളില്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അവശിഷ്ട സാന്നിധ്യമല്ല, ഈ പാര്‍ട്ടികളുടെ സ്വാധീനമാണ് ഭാവിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സംഘ് പരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി മുന്നില്‍ നിര്‍ത്തുമ്പോള്‍ പോലും ലക്ഷ്യം ഇത്തരം പാര്‍ട്ടികളാണ്. അവരെ വിഘടിപ്പിക്കുക, അവരുടെ വോട്ട് ബാങ്കില്‍ കടന്ന് കയറുക എന്നതൊക്കെയാണ് ലാക്ക്. ശിവസേനയെ പിണക്കിപ്പോലും മഹാരാഷ്ട്രയിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ ആ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക ബി ജെ പിയുടെ ഉദ്ദേശ്യമായിരുന്നു. അത് ഫലം കണ്ടുവെന്ന് കൂടിയാണ് മറാത്ത മണ്ണിലെ കണക്കുകള്‍ പറഞ്ഞുതരുന്നത്.


ഏവര്‍ക്കും മനസ്സിലാകുന്ന ലക്ഷ്യങ്ങളും അത് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതിന് സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്നത്. ഇന്ന് കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് ബി ജെ പിയുടെ ആഗ്രഹം സാധ്യമാക്കിയെങ്കില്‍ നാളെ നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കാശ്മീര്‍ പി ഡി പിയും കോണ്‍ഗ്രസും ചേര്‍ന്ന് ജമ്മു കാശ്മീരില്‍ അത് സാധിച്ചുകൊടുക്കും.  ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വിവിധ ഭാഗങ്ങളും കോണ്‍ഗ്രസും ആര്‍ ജെ ഡിയുമൊക്കെ ചേര്‍ന്ന് ഝാര്‍ഖണ്ഡിലും. അതിന് ശേഷവും മതനിരപേക്ഷ ശക്തികളുടെ ഏകീകരണമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാനാത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ഘോഷിക്കുകയും ചെയ്യും. അപ്പോഴാണ് നരേന്ദ്ര മോദിമാരുടെയും അമിത് ഷാമാരുടെയും നിക്ഷേപം നൂറ് മേനി പൊലിക്കുക.

2014-10-07

അമേരിക്ക വരും, എല്ലാം വൃത്തിയാക്കും!!


മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ (പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി) 145-ാം ജന്മദിനത്തിലാണ് രാജ്യത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗാന്ധി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യ, ക്ലീന്‍ ഇന്ത്യ മുദ്രാവാക്യത്തില്‍ ആദ്യത്തേത് ജനം ഏറ്റെടുക്കുകയും രാജ്യം സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലും രണ്ടാമത്തേത് ഏറ്റെടുക്കപ്പെട്ടില്ലെന്ന് പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചുള്ള ചടങ്ങില്‍ നരേന്ദ്ര മോദി പറയുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ, ക്ലീന്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധി ഉയര്‍ത്തിയിട്ടുണ്ടോ എന്നത് ചരിത്രകുതുകികകളുടെ പരിശോധനക്ക് വിടുന്നു. പുതിയ 'മഹാത്മാവ്' ഉയര്‍ത്തുന്ന ക്ലീന്‍ ഇന്ത്യ എന്ന മുദ്രാവാക്യം മാത്രം പരിശോധിക്കാനാണ് ശ്രമിക്കുന്നത്.


ഡല്‍ഹിയില്‍, വിവിധ മന്ത്രാലയങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചൂല്‍ പ്രയോഗമോ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് തൊട്ടുപിറകെ നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടത്തിയ ചൂല്‍ പ്രയോഗമോ പുതുതായി നിര്‍മിച്ച പൊതു ശൗച്യാലയത്തിലെ സന്ദര്‍ശനമോ പുതിയ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള പ്രതീകാത്മക പ്രകടനങ്ങള്‍ മാത്രമാണ്. രാജ്യത്തെ 500 പട്ടണങ്ങള്‍ ശുചിയാക്കുക, തോട്ടിപ്പണി അവസാനിപ്പിക്കുക, അയ്യായിരം ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കായി രണ്ട് ലക്ഷം കക്കൂസുകള്‍ നിര്‍മിക്കുക എന്നിങ്ങനെ പോകുന്നു ശതകോടികള്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.


ഒരു നഗരം ശുചിയാക്കുകയും അങ്ങനെ നിലനിര്‍ത്തുകയും വേണമെങ്കില്‍ എന്തൊക്കെ ചെയ്യേണ്ടിവരും? ഖരമാലിന്യ സംസ്‌കരണമാണ് ആദ്യത്തെ വെല്ലുവിളി. ജീര്‍ണിക്കുന്നതും ജീര്‍ണിക്കാത്തതുമായ മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേകം സംവിധാനം വേണ്ടിവരും. മഴ വെള്ളവും മറ്റും ഒഴുകിപ്പോകാന്‍ ഓടകള്‍ വേണം. നിലവിലുള്ളതും ഇനി ഉയരുന്നതുമായ കെട്ടിടങ്ങളില്‍ നിന്നുള്ള (ഫഌറ്റുകള്‍, ഹോട്ടലുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ) മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗമുണ്ടാകണം. സുഘടിതമായ ഒരു ഡ്രെയിനേജ് സംവിവിധാനം എല്ലാ പട്ടണങ്ങളിലുമുണ്ടാകണം. ഡ്രെയിനേജിലുടെ വരുന്നവ സംസ്‌കരിച്ച് പുറന്തള്ളാനും ഏര്‍പ്പാടുണ്ടാകണം. കടലാസ് മുതല്‍ ഭക്ഷണാവശിഷ്ടം വരെ ഏതും തെരുവില്‍ എറിയാന്‍ മടിയില്ലാത്ത ജനത്തെ, ബോധവത്കരിക്കുകയും വേണം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം സാര്‍വത്രികമാക്കുകയും വേണം. അത് സാധിക്കണമെങ്കില്‍ എല്ലാവര്‍ക്കും വീടുണ്ടാകണം.


തുടക്കത്തില്‍ പട്ടണങ്ങള്‍ മാത്രമേ ശുചിയാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. തുര്‍ക്ക്മാന്‍ഗേറ്റ് ചേരി ഇടിച്ചുനിരത്തി ഡല്‍ഹിയെ സൗന്ദര്യമുള്ളതാക്കിത്തീര്‍ക്കാന്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയുടെ അടുക്കള മന്ത്രിസഭയും ശ്രമിച്ചിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സബര്‍മതി നദിയൂടെ തീരം വൃത്തിയാക്കിയതും ഏതാണ്ട് ഇതുപോലെയാണ്. മറ്റ് നിവൃത്തിയില്ലാതെ നദീതീരത്ത് കൂര കെട്ടിയ ആയിരങ്ങളെ ഒറ്റ രാത്രി കൊണ്ട് ഇറക്കിവിട്ടു മോദി സര്‍ക്കാര്‍. കൂരകള്‍ ഇടിച്ച് നിരത്തുകയും ചെയ്തു. വൃത്തിയാക്കല്‍ യത്‌നത്തിന് ഇത്തരം മാതൃകകള്‍ സ്വീകരിക്കില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് വിശ്വസിക്കാം.


എന്തായാലും 'ക്ലീന്‍ ഇന്ത്യ' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്ന പരിപാടി, സഹസ്ര കോടികള്‍ ചെലവ് വരുന്ന, സൂക്ഷ്മമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ആവശ്യമായ ബൃഹദ് പദ്ധതിയാണ്. ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്. അതുകൊണ്ടാണ് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്ന് മുന്‍കൂറായി പ്രഖ്യാപിച്ചിരിക്കുന്നത്.  പൊതു - സ്വകാര്യ പങ്കാളിത്തമാകുമ്പോള്‍, സേവനം ഉപയോഗിക്കുന്നവരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുമെന്ന് ഉറപ്പ്. ഇത്തരം സംവിധാനങ്ങളൊക്കെ വികസിപ്പിക്കുക എന്നതാണ് പ്രാഥമികമായി വിവിധ തലങ്ങളിലുള്ള സര്‍ക്കാറുകളുടെ ചുമതല. അത് നിറവേറ്റുന്നതിന് വേണ്ടിയാണ്  പലയിനം കരങ്ങള്‍ ഇത്തരം സര്‍ക്കാറുകള്‍ പിരിക്കുന്നത്. ആ പിരിവ് തുടരുകയും പുതിയ കരങ്ങള്‍ ചുമത്തപ്പെടുകയുമാകും ഈ പദ്ധതി നടപ്പാകുന്നതോടെ സംഭവിക്കുക. അതാണെങ്കില്‍പ്പോലും സംഗതി നടന്നാല്‍ നന്നായെന്ന് തോന്നും, നമ്മുടെ നഗരങ്ങളുടെ സ്ഥിതി കണ്ടാല്‍. വലിയ പദ്ധിതിയായതു കൊണ്ടുതന്നെ കൂടുതല്‍ തൊഴിലും ജോലിയവസരങ്ങളും സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. ശതമാനക്കണക്കില്‍ വ്യവഹരിക്കപ്പെടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ഇതില്‍ നിന്ന് വലിയ സംഭാവനയുണ്ടാകാനും വളര്‍ച്ചാ നിരക്കിനെ മുന്നോട്ടുനയിക്കാനും സഹായിച്ചേക്കും.


ഇതൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ? ഇത് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെയോ അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും പദ്ധതിയാണോ? ചോദ്യങ്ങളുയരുന്നത് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളുടേതുമായി പുറപ്പെടുവിക്കപ്പെട്ട സാമാന്യം ദൈര്‍ഘ്യമുള്ള പ്രസ്താവന വായിക്കുമ്പോഴാണ്. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ ഭരണാധികാരിയുമായി നടത്തിയ ചര്‍ച്ചകളില്‍ ആണവകരാര്‍, സമഗ്ര പ്രതിരോധ സഹകരണ കരാര്‍ എന്നിങ്ങനെ 'വലിയ' സംഗതികളുണ്ടായിരുന്നു. അത്രക്ക് വലുതൊന്നും മോദി നടത്തിയ ചര്‍ച്ചക്കൊടുവിലുണ്ടായില്ലെന്ന വിമര്‍ശം പലരും ഉന്നയിക്കുന്നുണ്ട്.


എങ്കിലും 21,000 കോടി രൂപയുടെ പ്രതിരോധ വ്യാപാരം അമേരിക്കക്ക് ഉണ്ടാകാന്‍ പാകത്തിലുള്ള ഇടപാടുകള്‍ക്ക് ധാരണയായിട്ടുണ്ട്. വില കുറഞ്ഞ പ്രകൃതിവാതകം അമേരിക്കക്ക് നല്‍കി വില കൂടിയ അസംസ്‌കൃത എണ്ണ വാങ്ങാനും ധാരണയായി. ഈ ഇടപാടുകളിലെ ലാഭ - നഷ്ടങ്ങളല്ല അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദി കാട്ടിയ വാഗ്ധാടിയാണ് അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിയത്. വാഗ് പ്രയോഗത്താല്‍ ലോക നേതാവായി ഭവാന്‍ എന്ന മട്ടിലാണ് ആരാധകരുടെ പ്രചാരണം.
ഇതിലെല്ലാം വലുത് 'ക്ലീന്‍ ഇന്ത്യ' പദ്ധതിയുമായി സഹകരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ്. സംയുക്ത പ്രസ്താവനക്ക് മുമ്പ് ഇരു നേതാക്കളും ചേര്‍ന്ന് പുറപ്പെടുവിച്ച ദര്‍ശന രേഖയിലും മോദിയും ഒബാമയും ചേര്‍ന്ന് എഴുതിയ മുഖപ്രസംഗത്തിലും 'ക്ലീന്‍ ഇന്ത്യ' സഹകരണം പ്രഖ്യാപിച്ചിരുന്നു.


സംയുക്ത പ്രസ്താവനയില്‍ അത് കുറേക്കൂടി വിശദീകരിക്കുകയും ചെയ്തു. ശുചിത്വമുറപ്പാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അമേരിക്കന്‍ കമ്പനികള്‍ പങ്കാളികളാകും. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാത്രമല്ല അത് സ്ഥാപിക്കുന്നതിലും. അമേരിക്കയിലെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം കൂടി ഈ പദ്ധതിക്കുണ്ടാകുമെന്ന് സംയുക്ത മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. പദ്ധതി നടത്തിപ്പ് മൂലം നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും ജോലി അവസരങ്ങളും അമേരിക്കന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്ന് ചുരുക്കം. രാജ്യത്തെ 500 നഗരങ്ങള്‍ അമേരിക്കന്‍ സാന്നിധ്യത്താല്‍ 'അനുഗ്രഹി'ക്കപ്പെടുകയും ചെയ്യും. ശുചിത്വത്തെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുകയും അതിന് വേണ്ട പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുകയും ചെയ്യുന്ന ജോലിയായിരിക്കും അമേരിക്കയില്‍ നിന്നെത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക്. 'ക്ലീന്‍ ഇന്ത്യ' എന്ന പേരില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതി തങ്ങളുടെ സാമ്പത്തിക ലാഭത്തിനും രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസര സൃഷ്ടിക്കും ഗുണകരമാകുമെന്ന് അമേരിക്കയുടെ ഭരണകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അധികാരത്തില്‍ ആറ് മാസം തികക്കാനൊരുങ്ങുന്ന ഒരു സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതിയെ പൊടുന്നനെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറായത്.


സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറുകയാണെന്ന സൂചനകള്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ നല്‍കുന്നുണ്ട്. 2012ല്‍ എട്ടര ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് 2014 സെപ്തംബറില്‍ 5.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമൊക്കെ വിവിധ തലങ്ങളില്‍ ഇളവുകള്‍ നല്‍കി പ്രതിസന്ധി നേരിടുകയായിരുന്നു അമേരിക്ക. ഈ ഇളവുകള്‍ ദീര്‍ഘകാലം തുടരാനാകില്ല. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തി ആഭ്യന്തര തൊഴിലുത്പാദനം വര്‍ധിപ്പിക്കേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. ഏറെക്കാലം നീളുന്ന, സഹസ്ര കോടികള്‍ ചെലവ് വരുന്ന ഒരു പദ്ധതി മുന്നില്‍ വന്നപ്പോള്‍ തള്ളിക്കളയാതിരുന്നതും അതുകൊണ്ടാണ്. അതോ അവര്‍ തന്നെ നിര്‍ദേശിച്ച പദ്ധതി മോദി അവതരിപ്പിക്കുകയും അവര്‍ പങ്കാളികളാകുകയും ചെയ്തതാണോ? ആര്‍ക്കും തള്ളിക്കളയാന്‍ പറ്റാത്ത, വേഗം യശസ്സുയര്‍ത്താന്‍ സഹായിക്കുന്നൊരു പദ്ധതി, സ്വീകരിച്ച് സ്വന്തമാക്കുന്നതില്‍ തെറ്റുപറയാനുമാകില്ല. ഇതില്‍ മാത്രമല്ല, രാജ്യത്തെല്ലായിടത്തും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലും അമേരിക്കന്‍ സഹകരണം നേടിയെടുത്തിട്ടുണ്ട് നമ്മുടെ പ്രധാനമന്ത്രി. ശുചിത്വ പദ്ധതിയുടെ ഭാഗമായതിനാല്‍ സര്‍വതല സഹകരണമുണ്ടാകുമെന്നുറപ്പ്.


ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവരുമായുള്ള ചര്‍ച്ചയും കരാറുപ്പിക്കലുമാണ് ഇത്രകാലം അമേരിക്കന്‍ ഭരണകൂടം പ്രധാനമായും ചെയ്തിരുന്നത്. അതിന് പുറത്തുള്ള സഹകരണം പരിമിതമായിരുന്നു. അതിലൊരുമാറ്റം വരിക കൂടിയാണ് മോദി - ഒബാമ കൂടിക്കാഴ്ചയോടെ. പ്രാദേശികതലത്തിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അത് സാധ്യമാക്കുന്നതിനുള്ള എളുപ്പവഴി കൂടിയാണ് അമേരിക്കക്ക് 'ക്ലീന്‍ ഇന്ത്യ'.  ആണവകരാര്‍ പ്രാബല്യത്തിലാക്കി, റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അവസരം ലഭിച്ചാല്‍ തന്നെ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട വിദൂര സാധ്യത നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലാണ് ഇന്ത്യ ബാധ്യതാ നിയമത്തിന് രൂപം നല്‍കിയത്. അത്തരം ബാധ്യതകള്‍ക്കൊന്നും ഇടയില്ലാതെ, വലിയ കമ്പോളത്തിന്റെ എത്താണ്ടെല്ലാ പ്രദേശത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ മടിക്കേണ്ട കാര്യമെന്ത് ഒബാമ ഭരണകൂടത്തിന്?


മാലിന്യ നിര്‍മാര്‍ജനത്തിനും കുടിവെള്ള വിതരണത്തിനും വേണ്ട പദ്ധതികളുടെ ഉപദേശം, ആസൂത്രണം, നടത്തിപ്പ്, പ്രചാരണ - ബോധവത്കരണ പരിപാടികള്‍ എന്നിവക്കെല്ലാം അമേരിക്കന്‍ കമ്പനികളുണ്ടാവുകയാണെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പ്. മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ട സംവിധാനങ്ങള്‍ക്കനുസരിച്ച്, പ്രത്യേകിച്ച് ഡ്രെയിനേജ്, നഗരം രൂപകല്‍പ്പന ചെയ്യുകയോ പുനര്‍ രൂപകല്‍പ്പന ചെയ്യുകയോ വേണ്ടിവരും. അതിന്റെ മൊത്തം മേല്‍നോട്ടം അമേരിക്കന്‍ കമ്പനികള്‍ക്കാവുകയാണെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുകയല്ല, ഇല്ലാതാകുകയാണ് ചെയ്യുക. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് സാമന്തന്റെ വേഷമായിരുന്നുവെങ്കില്‍ മോദിയുടെ കാലത്ത് അമേരിക്കയുടെ വിധേയന്റെ വേഷമായിരിക്കും ഇന്ത്യക്ക് യോജിക്കുക. ഒന്നിച്ച് നടക്കാമെന്നത് മുദ്രാവാക്യം മാത്രം. സമ്പത്തിന്റെ ആഗോളചാലകശക്തി എന്ന പദവിയില്‍ അമേരിക്ക തുടരുന്നുവെന്ന് ഉറപ്പിക്കുന്നതിനൊപ്പം ഒന്നിച്ച് നടക്കാമെന്നാണ് മോദിയോട് ഒബാമ പറഞ്ഞത്. ജന്‍മിയുടെ പിറകില്‍ മേല്‍മുണ്ട് തോളത്തിട്ട് വായപൊത്തി നടക്കുന്നതും ഒന്നിച്ചുള്ള നടപ്പ് തന്നെ!