2014-10-20

തഴമ്പ് തടവുന്നവരോട്


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ കോണ്‍ഗ്രസ് ഒരു പരീക്ഷണം നടത്തി. പ്രായേണ ദുര്‍ബലമായ സംഘടനാ സംവിധാനവും ശോഷിച്ച ജനപിന്തുണയും കണക്കിലെടുക്കാതെ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ 40ല്‍ രണ്ട് എന്നതായിരുന്നു സ്‌കോര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ജയം നേടിയപ്പോള്‍ ബീഹാര്‍ വീണ്ടുമൊരു പരീക്ഷണത്തിന് വേദിയായി. നിയമസഭയിലെ പത്ത് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളും ജനതാദളും (യുനൈറ്റഡ്) കോണ്‍ഗ്രസും എന്‍ സി പിയും സഖ്യമായി നിന്നു. പത്തില്‍ ആറ് സീറ്റില്‍ ജയമുണ്ടായി. ഈ രണ്ട് പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്  തുടരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. തിരഞ്ഞെടുപ്പിലേല്‍ക്കുന്ന പരാജയങ്ങള്‍ വേഗത്തില്‍ മറക്കുകയും ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് (കെ കരുണാകരനോട് കടപ്പാട്) തടവിനോക്കി, ദേശീയ പാര്‍ട്ടിയെന്ന വലുപ്പം ഇതര പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയുമാണ് കോണ്‍ഗ്രസിന്റെ പതിവ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം പിന്തുടരുന്ന ശരത് പവാറിന്റെ എന്‍ സി പി മഹാരാഷ്ട്രയില്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തടവി നോക്കുക കൂടി ചെയ്തപ്പോള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. ചതുഷ്‌കോണ മത്സരത്തില്‍ ബി ജെ പി ഒന്നാമതും ശിവസേന രണ്ടാമതുമെത്തുമ്പോള്‍ മറാത്തമണ്ണ്, ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് തീറെഴുതിയതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിനും എന്‍ സി പിക്കും അവകാശപ്പെടാം.


മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി കൂട്ടുകക്ഷി ഭരണം പതിനഞ്ചാണ്ട് പിന്നിട്ടതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷമായി ഭരിക്കുന്നു. ഭരണത്തിനെതിരായ വികാരം രണ്ടിടത്തുമുണ്ടാകുക സ്വാഭാവികം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും യു പി എയെയും  പിന്തുടര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ രണ്ട് സംസ്ഥാനങ്ങളിലും മറ്റ് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ചെറുതല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാനായെന്നത് ബി ജെ പിക്കും സംഘ്പരിവാറിന്റെ ഇതരഘടകങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുയുടെയുമൊക്കെ നേതാക്കള്‍ക്ക് അറിയാവുന്നതാണ്. എന്നിട്ടും നിലവിലുള്ള സഖ്യം തകരാതെ നോക്കാനും പരുക്കിന്റെ ആഴം കുറക്കാനും അവര്‍ ശ്രമിച്ചതേയില്ല. മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വഴിപിരിയാന്‍ തീരുമാനിക്കുകയും പരസ്പരം പഴിചാരുകയും ചെയ്തത്തിന് ശേഷമാണ് 15 വര്‍ഷം നീണ്ട സഖ്യമുപേക്ഷിക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും നിശ്ചയിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. സഖ്യം നിലനിര്‍ത്താന്‍ ദേശീയ നേതൃത്വം ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചതായും കണ്ടില്ല.


ശിവസേനാ - ബി ജെ പി സഖ്യം തകര്‍ന്നതിന് തൊട്ടുപിറകെ കോണ്‍ഗ്രസ് - എന്‍ സി പി ബന്ധം പിരിഞ്ഞതിന് പിറകില്‍ കരുനീക്കങ്ങള്‍ വേറെയുണ്ടായിരുന്നുവെന്ന വാദം അന്നുയര്‍ന്നിരുന്നു. കോഴിയാണോ മുട്ടയാണോ മൂത്തത് എന്ന് ഈ തിരഞ്ഞെടുപ്പോടെ തീരുമാനിക്കപ്പെടുമെന്നും ഫലമറിയുമ്പോഴുണ്ടാകുന്ന, ആര്‍ക്കും ഭുരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂത്തതെന്ന തെളിഞ്ഞവര്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നൊക്കെയായിരുന്നു കണക്ക് കൂട്ടല്‍. ആ കണക്ക് കൂട്ടലില്‍ അഭിരമിച്ചപ്പോഴാണ് മുന്‍ചൊന്ന വസ്തുനിഷ്ഠ ഭൗതിക സാഹചര്യങ്ങള്‍ മറന്നുപോയത്. ആരാണ് സഖ്യം തകര്‍ത്തത് എന്നതില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയം.


അപ്പുറത്ത്, ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായിരുന്നു. നിക്ഷേപം പാഴാകാതെ നോക്കുന്ന വ്യവസായികളുടെ സൂക്ഷ്മതയോടെ. രാജ് താക്കറെ പുറത്ത് പോയി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് രൂപം നല്‍കുകയും ബാല്‍ താക്കറെ മരിക്കുകയും ചെയ്തതോടെ ശിവസേന ദുര്‍ബലമായെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വം സേനയെ കൂടുതല്‍ ദൗര്‍ബല്യത്തിലേക്കാണ് നയിക്കുക എന്നും ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞു. രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടി, പ്രാദേശിക പാര്‍ട്ടിയുടെ സഖ്യകക്ഷിയാകേണ്ടെന്നും തീരുമാനിച്ചു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ലോക്‌സഭാ  തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത്, വിജയ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങള്‍ മനസ്സിലാക്കി, ഒറ്റക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുനീങ്ങി. എതിര്‍ പാളയം പ്രതിരോധത്തിലാണെന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതിനൊപ്പവും തുടര്‍ന്നും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത വര്‍ഗീയ അന്തരീക്ഷവും പ്രയോജനപ്പെടുമെന്ന ഉറപ്പും അവര്‍ക്കുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അക്കങ്ങളില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.


വലിയ സംസ്ഥാനം, വ്യവസായ തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന ദേശം, രാഷ്ട്രീയത്തേക്കാളുപരി പണം നിയന്ത്രിക്കുന്ന ചതുഷ്‌കോണ മത്സരം നടന്ന ഇടം എന്നീ നിലകളില്‍ മഹാരാഷ്ട്രയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങളിലും മഹാരാഷ്ട്രക്ക് പ്രഥമ സ്ഥാനം ലഭിക്കുന്നു. പക്ഷേ, ഹരിയാനയിലെ ഫലമാണ് ബി ജെ പിയെ സംബന്ധിച്ചും ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചും കൂടുതല്‍ പ്രധാനമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം വിജയിച്ച ബി ജെ പി, ഇവിടെ ഒറ്റക്ക് അധികാരത്തിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഹരിയാന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ അപ്രസക്തരുമാക്കി എന്നതാണ് ബി ജെ പിയുടെ നേട്ടം.


അത്രയൊന്നും വേരോട്ടമില്ലാത്ത മണ്ണില്‍ വേഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ തങ്ങള്‍ക്കായെന്ന് തെളിയിക്കുകയാണ് ബി ജെ പി, ഹരിയാനയില്‍. ഇത് ബി ജെ പിക്ക് ഇനിയും സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്കുള്ള സന്ദേശമാണ്. ബി ജെ പിയിലേക്ക് ചായാന്‍ മടിയില്ലാത്ത, എന്നാല്‍ അധികാരത്തിലേക്കുള്ള സാധ്യതകള്‍ വിരളമായതുകൊണ്ട് മാത്രം വോട്ടിംഗ് യന്ത്രത്തില്‍ അവരെ തുണക്കാത്ത ജനവിഭാഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശം. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയും ആന്ധ്രാപ്രദേശ് മുതല്‍ അസം വരെയുമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഹരിയാന ചൂണ്ടിക്കാട്ടാന്‍ ഇനി ഇവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന്റെ സ്വാധീനം കുറക്കുന്നതിനൊപ്പം പ്രാദേശികപാര്‍ട്ടികളെ ഇല്ലാതാക്കുക എന്നത് കൂടിയാണ് രാജ്യത്തെല്ലായിടത്തേക്കുമുള്ള പടര്‍ച്ചക്ക് വേണ്ടത് എന്ന് ബി ജെ പി നേരത്തെ, മനസ്സിലാക്കിയിട്ടുണ്ട്.


വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി ജെ പിക്ക് അധികാരം നേടിക്കൊടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രാദേശിക പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭിച്ച കേവല ഭൂരിപക്ഷം, 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നേടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. (നിലവില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബി ജെ പിയെ എത്തിച്ചതില്‍ ശിവസേന, അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി എന്ന് തുടങ്ങി വിവിധ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്) സ്വന്തം കാലില്‍ നില്‍ക്കാറായെന്ന് ബോധ്യം വന്നിടത്തൊക്കെ പ്രാദേശിക കക്ഷികളുടെ പ്രാധാന്യം കുറക്കുകയോ അവരില്‍ നിന്ന് വേറിട്ട് സ്വവലുപ്പം സ്ഥാപിച്ചെടുക്കുകയോ ചെയ്യും ആ പാര്‍ട്ടി. ബീഹാറില്‍ ജെ ഡി (യു) യുമായി സഖ്യമുണ്ടാക്കി, ആ പാര്‍ട്ടിയേക്കാള്‍ വലുതായതു പോലെ, ബി ജെ ഡിയുമായി സഖ്യമുണ്ടാക്കി ഒഡിഷയില്‍ വേരുകളുണ്ടാക്കിയതു പോലെ, ജനതാദളു (സെക്യുലര്‍) മായി സഖ്യമുണ്ടാക്കി കര്‍ണാടകത്തില്‍ ഒറ്റക്ക് അധികാരത്തിലെത്തിയത് പോലെ, ആന്ധ്രയില്‍ ടി ഡി പിയെ ഉപയോഗപ്പെടുത്തി വളരാന്‍ ശ്രമിക്കും. പഞ്ചാബില്‍ അകാലിദളിന്റെ ചിറകിന് കീഴില്‍ നിന്ന് മാറാന്‍ ശ്രമിക്കും. അതിന്റെ തിരനോട്ടമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ആ പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഹരിയാനയിലെ അനുഭവം സഹായിച്ചേക്കും.


കോണ്‍ഗ്രസില്ലാത്ത ഇന്ത്യ എന്നതായിരുന്നു ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസില്ലാത്ത ഇന്ത്യയിലേക്ക് ഒരു ചുവടുകൂടി അടുത്തുവെന്നാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഭരണനേതൃത്വത്തിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം മാത്രമാണ് ഈ വാക്കുകളില്‍ മോദിയും അമിത് ഷായും ഉദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് പേര് മാത്രമായി മാറിയിരിക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, എല്ലായിടത്തും അങ്ങനെയായിക്കൊള്ളണമെന്നില്ലെന്ന് രാജസ്ഥാനിലും ഗുജറാത്തിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ പ്രാദേശിക - ഭാഷാ വികാരങ്ങളെ ആവാഹിച്ച് വളര്‍ന്ന പാര്‍ട്ടികളോ ആണ് കോണ്‍ഗ്രസിന്റെ മേധാവിത്തം മിക്കവാറുമിടങ്ങളില്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അവശിഷ്ട സാന്നിധ്യമല്ല, ഈ പാര്‍ട്ടികളുടെ സ്വാധീനമാണ് ഭാവിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സംഘ് പരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി മുന്നില്‍ നിര്‍ത്തുമ്പോള്‍ പോലും ലക്ഷ്യം ഇത്തരം പാര്‍ട്ടികളാണ്. അവരെ വിഘടിപ്പിക്കുക, അവരുടെ വോട്ട് ബാങ്കില്‍ കടന്ന് കയറുക എന്നതൊക്കെയാണ് ലാക്ക്. ശിവസേനയെ പിണക്കിപ്പോലും മഹാരാഷ്ട്രയിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ ആ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക ബി ജെ പിയുടെ ഉദ്ദേശ്യമായിരുന്നു. അത് ഫലം കണ്ടുവെന്ന് കൂടിയാണ് മറാത്ത മണ്ണിലെ കണക്കുകള്‍ പറഞ്ഞുതരുന്നത്.


ഏവര്‍ക്കും മനസ്സിലാകുന്ന ലക്ഷ്യങ്ങളും അത് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതിന് സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്നത്. ഇന്ന് കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് ബി ജെ പിയുടെ ആഗ്രഹം സാധ്യമാക്കിയെങ്കില്‍ നാളെ നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കാശ്മീര്‍ പി ഡി പിയും കോണ്‍ഗ്രസും ചേര്‍ന്ന് ജമ്മു കാശ്മീരില്‍ അത് സാധിച്ചുകൊടുക്കും.  ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വിവിധ ഭാഗങ്ങളും കോണ്‍ഗ്രസും ആര്‍ ജെ ഡിയുമൊക്കെ ചേര്‍ന്ന് ഝാര്‍ഖണ്ഡിലും. അതിന് ശേഷവും മതനിരപേക്ഷ ശക്തികളുടെ ഏകീകരണമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാനാത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ഘോഷിക്കുകയും ചെയ്യും. അപ്പോഴാണ് നരേന്ദ്ര മോദിമാരുടെയും അമിത് ഷാമാരുടെയും നിക്ഷേപം നൂറ് മേനി പൊലിക്കുക.