2014-10-27

കേട്ടെഴുതാന്‍ വേണം 'ചൂലു'കള്‍


അങ്ങനെ നരേന്ദ്ര മോദി'ജി' മാധ്യമപ്രവര്‍ത്തകരെ കണ്ടു. അധികാരത്തില്‍ അര്‍ധവര്‍ഷം തികക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രവേശ കാര്‍ഡുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ 56 ഇഞ്ച് നെഞ്ചും അതിനൊപ്പം നെഞ്ചൂക്കുമുള്ള പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും തൊട്ടും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ മത്സരിച്ചും പുളകിതഗാത്രരായി. രാജ്യമാകെ ശുചീകരിക്കുക എന്ന ലക്ഷ്യത്തില്‍ (അധികാര സ്ഥാനത്തെത്തിയ നാള്‍ മുതല്‍ 'ശുചീകരണം' നരേന്ദ്ര മോദിയുടെ ഇഷ്ട വിഷയമാണ്) പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നമ്രശിരസ്സോടെ നന്ദിവാക്യം ചൊല്ലി പ്രധാനമന്ത്രി. പേന ചൂലാക്കിയതിലുള്ള തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ചൂല് മഷിയില്‍ മുക്കി, പ്രതിച്ഛായാ വര്‍ണനം മികച്ചതാക്കിയതിനാണോ നന്ദി പ്രകടനമെന്ന ശങ്ക ബാക്കിയായി.


മോദിക്ക് മുമ്പ് പത്ത് വര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാര്യത്തിലുയര്‍ന്ന പ്രധാന വിമര്‍ശങ്ങളിലൊന്ന് അദ്ദേഹം മൗനം പാലിക്കുന്നുവെന്നതായിരുന്നു. പത്ത് വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി മന്‍മോഹന്‍ സംസാരിച്ചത് നാലോ അഞ്ചോ തവണ മാത്രമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടാണ് വിമുഖത കാട്ടിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണം നിയന്ത്രിക്കുന്നത് സോണിയാ കുടുംബമാണെന്നും അവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറത്ത് യാതൊന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ് മന്‍മോഹന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് തയ്യാറാകാത്തതെന്നും വിമര്‍ശകപക്ഷത്തെ തീവ്രവാദികള്‍ കുറ്റപ്പെടുത്തിയിരുന്നു. മന്‍മോഹന്‍ സിംഗ് വേണ്ടുംവണ്ണം സംസാരിക്കാന്‍ സന്നദ്ധനാകാതിരുന്നത്, തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമായതാണെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പോലും പിന്നീട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിലെ വിമുഖത മാത്രമായിരുന്നില്ല, അന്ന് പ്രതിപക്ഷ ബഞ്ചുകളിലെ ബഹള സാന്നിധ്യമായിരുന്ന ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലിമെന്റിലെ ഇരു സഭകളിലും മന്‍മോഹന്‍ മൗനസാന്നിധ്യമായിരുന്നുവെന്ന് അന്നവര്‍ കുറ്റപ്പെടുത്തി.


കാലവും കഥയും മാറി. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത നേതാവ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്നു. ഇങ്ങ് ശിവഗിരി മുതല്‍ അങ്ങ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ വരെ, ഒത്തുകൂടുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ മുഷ്ടികൊണ്ട് വായുവില്‍ ഇടിച്ചും 'ഭായിയോ ബഹനോ...' എന്ന് ആവര്‍ത്തിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണത്തിന് മുട്ടില്ലാത്തയാളാണ് സര്‍വാധികാരി. സ്വന്തം പാര്‍ട്ടിയിലുള്ള മാര്‍ഗനിര്‍ദേശക മണ്ഡലിലേക്ക് ഉയര്‍ത്തപ്പെട്ട നേതാക്കളും അല്ലാത്തവരും ചോദ്യങ്ങളുന്നയിക്കാന്‍ മടിക്കുന്ന ദേഹം. ആ മുഖത്തേക്കൊരു അപ്രിയചോദ്യമുന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരുണത്തില്‍ ത്രാണിയുണ്ടാവില്ലെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുമായുള്ള ആദ്യത്തെ 'ചായ് പേ ചര്‍ച്ച' (ചായ സത്കാര സംഭാഷണം) അഞ്ച് മിനുട്ടോളമേ നീണ്ടുള്ളൂ. അതിലാണ് പേന, ചൂലാക്കിയ മാധ്യമപ്രവര്‍ത്തനത്തെ ഭവാന്‍ മുക്തകണ്ഠം പ്രശംസിച്ചത്. ചോദ്യോത്തര കലാപരിപാടിക്ക് പ്രധാനമന്ത്രി താത്പര്യം കാട്ടിയില്ല. തന്റെ വാക്കുകള്‍ ഉപസംഹരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി. അല്‍പ്പം കുശലം. തരംകിട്ടിയവരൊക്കെ ചിത്രങ്ങളെടുത്തു. ആദ്യ മാധ്യമ സമ്പര്‍ക്ക പരിപാടി സമ്പൂര്‍ണ വിജയമായതിന്റെ ആഹ്ലാദം ബാക്കിയായി.


ഡോ. മന്‍മോഹന്‍ സിംഗിന് തന്റെ രണ്ടാമൂഴത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്നതിന് മനഃക്ലേശമുണ്ടാകുക സ്വാഭാവികം. ശത, സഹസ്ര, ലക്ഷം കോടികളുടെ അഴിമതി ആരോപണങ്ങള്‍ തരാതരം പോലെ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്തുടര്‍ന്നതിന്റെ ഉപോത്പന്നമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരുന്നു. അഴിമതിയില്‍ മന്‍മോഹന്‍ സിംഗിന് നേരിട്ട് പങ്കാളിത്തമുണ്ടെന്നും പലകാരണങ്ങളാല്‍ അഴിമതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു അദ്ദേഹമെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു. 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചോ അതിനുതക്ക നെഞ്ചൂക്കോ ഇല്ലാത്തതുകൊണ്ടും വായുവില്‍ മുഷ്ടിക്കിടിച്ച്, ഞാനെന്ന ഭാവം പാര്‍ട്ടിയിലും പുറത്തും സ്ഥാപിച്ചെടുക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടും ചോദ്യശരങ്ങളാല്‍ ഭവാനെ വലക്കാന്‍ തയ്യാറെടുത്തിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്തായാലും അത് തന്നെയും സര്‍ക്കാറിനെയും അതുവഴി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു മന്‍മോഹന്. എന്നിട്ടും ടെലികോം അഴിമതി ആരോപണം കത്തിനിന്ന കാലത്ത്, മന്‍മോഹന്‍ മാധ്യമങ്ങളെ കണ്ടു, ചോദ്യങ്ങള്‍ അനുവദിച്ചു, അതിന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറയാവുന്ന പരിമിതിക്കുള്ളില്‍ നിന്ന് മറുപടി പറയുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാലൊന്നും ചൂഴ്ന്ന് നില്‍ക്കാഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ വിളിച്ചതല്ലേ, രണ്ട് ചോദ്യത്തിന് അവസരം നല്‍കിയേക്കാമെന്ന് മോദി'ജി' വിചാരിക്കാതിരുന്നതിന് കാരണമെന്താകും?


പതിമൂന്ന് കൊല്ലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്കാലത്ത് മാധ്യമങ്ങളോട് പുലര്‍ത്തിയിരുന്ന സമീപനം ഡല്‍ഹിയിലും തുടരുന്നുവെന്ന് തന്നെ കരുതണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന രീതി മലയാളികള്‍ കണ്ട് പരിചയിച്ചതാണ്. മോദിയുടെ കാലത്ത് ഗുജറാത്തില്‍ മന്ത്രിസഭ ചേര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പ് ലഭിക്കും. ചോദ്യോത്തരങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ സാധ്യതയില്ലാത്ത വാര്‍ത്താക്കുറിപ്പ്. ഇതിലെന്തെങ്കിലും സംശയം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുകയും മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങളെ വിളിച്ച് ചോദിക്കുകയും ചെയ്താല്‍ എല്ലാം 'മോദി സാബി'ന്റെ ഓഫീസില്‍ ചോദിക്കൂ എന്ന മറുപടി ലഭിക്കും. കാര്യങ്ങളൊക്കെ വാര്‍ത്താക്കുറിപ്പായി നല്‍കിയിട്ടുണ്ടല്ലോ എന്ന മറുപടി 'മോദി സാബി'ന്റെ ഓഫീസ് നല്‍കുകയും ചെയ്യും.


സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ പ്രചാരണത്തിനുള്ള ഉപാധി എന്ന നിലക്കാണ് മോദി മാധ്യമങ്ങളെ കണ്ടിരുന്നത്. വംശഹത്യയുടെയോ വ്യാജ ഏറ്റുമുട്ടലുകളുടെയോ പേരില്‍ വിമര്‍ശമുന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും എതിരാളികളായും. രണ്ട് ഗണത്തില്‍പ്പെട്ടവരോടും വലിയ വര്‍ത്തമാനത്തിന്റെ ആവശ്യമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു അദ്ദേഹം, ആ രീതി പിന്തുടരാന്‍ പാര്‍ട്ടിയിലെ നേതാക്കളെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏത് വകുപ്പിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനമെടുക്കുകയും അക്കാര്യം വകുപ്പ് മന്ത്രി അറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നുവെന്നതിനാല്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കൊന്നും പ്രേരണക്ക് വശംവദരായി മൗനം പാലിക്കുന്നതില്‍ പ്രത്യേകിച്ചൊരു അസ്വസ്ഥത ഉണ്ടായതുമില്ല. വാവിനും സംക്രാന്തിക്കുമൊക്കെ നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു അന്നും. തനിക്ക് പറയാനുള്ളത് പറയും, കേട്ടെഴുത്ത് തൃപ്തികരമായി പൂര്‍ത്തിയായെന്ന് തോന്നുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് അവസരം പതിവില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.


ഡല്‍ഹിയിലെ ഇരിപ്പിടത്തിലേക്ക് മാറിയപ്പോള്‍ ഗുജറാത്തിലെ ശീലങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മോദി'ജി' ചെയ്യുന്നത്. മാധ്യമ സമ്പര്‍ക്കം വേണ്ടെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. തലപ്പൊക്കം നഷ്ടപ്പെട്ടില്ലെന്ന് തെറ്റിദ്ധരിക്കുന്ന രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയുമൊക്കെ വിലക്ക് ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചുപോകുന്നതൊഴിച്ചാല്‍, നിര്‍ദേശം പാലിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലും മാഡിസണ്‍ സ്‌ക്വയറിലുമൊക്കെ പ്രസംഗിക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയപ്പോള്‍ മന്ത്രിമാരില്‍ ചിലര്‍ തിരക്കിട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത് അതുകൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ പ്രതിദിനം നടന്നിരുന്ന വാര്‍ത്താ സമ്മേളനവും വേണ്ടെന്നുവെക്കാന്‍ മോദിയുടെ നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പാര്‍ട്ടി ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്. പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബി ജെ പി നേതാക്കള്‍ ഇപ്പോഴും കുറവല്ല. അവരും ട്വിറ്ററിലേക്കും ഫേസ്ബൂക്കിലേക്കും വൈകാതെ മാറുമെന്ന് തന്നെ കരുതണം. പ്രതികരണം അതുവഴി മതിയെന്നാണ് മോദി'ജി'യുടെ നിര്‍ദേശം.


ഇതൊക്കെ നടക്കുന്നതിനിടെ ഗുജറാത്തിലേത് പോലെ വാവിനും സംക്രാന്തിക്കും മാധ്യമ സമ്പര്‍ക്കം നടത്തും പ്രധാനമന്ത്രി. അതിന്റെ ഡ്രസ് റിഹേഴ്‌സലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. അദ്ദേഹം വന്നു, വേദിയിലിരുന്നു, പറയാനുള്ളത് പറഞ്ഞു, കാര്യപരിപാടി അവസാനിപ്പിച്ചു. ചോദ്യങ്ങളുന്നയിക്കാനോ ചോദ്യങ്ങളുന്നയിക്കാന്‍ അവസരം വേണമെന്ന് പറയാനോ ആരെങ്കിലും തയ്യാറുണ്ടോ എന്ന് പരീക്ഷിച്ചു. ഇല്ലെന്ന് ബോധ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ തനിക്ക് പറയാനുള്ളത് കേട്ടെഴുതാനായി (ഗുജറാത്ത് മാതൃക) അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വിളിക്കും. കേട്ടെഴുത്ത് തൃപ്തികരമെന്ന് ബോധ്യം വരുമ്പോള്‍ പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യും. പ്രധാനമന്ത്രിയാല്‍ വിളിക്കപ്പെടാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടെഴുതാനും അവസരം ലഭിക്കുന്നതില്‍ പുളകിതഗാത്രരായി അവര്‍ മടങ്ങുകയും ചെയ്യും. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, വെള്ളമാവശ്യപ്പെടുകയും അത് കുടിച്ചിട്ടും പരവേശമടങ്ങാതിരിക്കുകയും ചെയ്തപ്പോള്‍ അഭിമുഖമവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന്റെ ഓര്‍മയുണ്ട് ഈ ഛത്രപതിക്ക്. അത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹം തീരെയില്ലതാനും. അതുകൊണ്ട് കൂടിയാണ് മാധ്യമ സമ്പര്‍ക്കം ഇവ്വിധം സംവിധാനം ചെയ്യുന്നത്.


അര്‍ധവര്‍ഷത്തേക്ക് കടക്കുമ്പോള്‍ കണക്കെടുത്താല്‍, മോദി'ജി'യുടെ പ്രചാരണം വേണ്ടത്ര നിര്‍വഹിക്കപ്പെടുന്നുണ്ട്. അതിന് പാകത്തില്‍ ആസൂത്രണ, നടത്തിപ്പ് ഭംഗിയാക്കുന്നുമുണ്ട് അദ്ദേഹം. സ്വച്ഛ ഭാരത് മുതല്‍ ആദര്‍ശ് ഗ്രാമം വരെയുള്ള പദ്ധതികള്‍ മാത്രം മതി ഉദാഹരണത്തിന്. ഡീസലിന്റെ വില നിയന്ത്രണം നീക്കിയ ഗൗരവമേറിയ വാര്‍ത്തയുണ്ടാകുമ്പോള്‍ ഡീസല്‍ വില കുറച്ചതിനെ (ഏതാണ്ട് ഒരുമാസത്തോളം കൊള്ളലാഭമെടുത്ത ശേഷമാണ് കുറച്ചത് എന്നത് വിഴുങ്ങിക്കൊണ്ട്) വലിയ വാര്‍ത്തയാക്കി പിന്തുണ നല്‍കുന്നുമുണ്ട് മാധ്യമങ്ങള്‍. പ്രചാരണത്തിന് ഉപയോഗപ്പെടുന്നവ ഏതെന്നും അതിന്റെ ഉപകരണങ്ങളാരെന്നും അറിഞ്ഞ് തന്നെ പെരുമാറും മോദി'ജി' എന്ന് പ്രതീക്ഷിക്കാം. അടുത്ത മാധ്യമ സമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കാം.. പ്രധാനമന്ത്രി പദം ഭാരിച്ച ചുമതലയാണ്. രാവിലെ എട്ട് മുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ ചെലവിടുകയും താനല്ലാതാരും തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ബന്ധമുണ്ടാകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെക്കാളും അപൂര്‍വമായേ മാധ്യമ സമ്പര്‍ക്കമുണ്ടാകാന്‍ തരമുള്ളൂ.