2013-08-27

മോഡി നല്ല കര്‍ഷകനാണ്


മികച്ച വിളയ്ക്ക് നിലമൊരുക്കല്‍ പ്രധാനമാണ്. നമ്മുടെ നാട്ടില്‍ പരിചിതമായിരുന്ന, ഇപ്പോഴും ചിലയിടത്തെങ്കിലും പരിചിതമായി തുടരുന്ന നെല്‍ കൃഷിയുടെ കാര്യമെടുക്കാം. നല്ല കര്‍ഷകരൊക്കെ, മഴ എത്തുമ്പോഴേക്കും നിലമുഴുത് മറിച്ചിട്ടുണ്ടാകും. ഇളകിയ മണ്ണില്‍ മഴ വീഴുന്നതോടെ തൊടിയിലെ പാഴ്മരങ്ങളുടെ തലപ്പ് വെട്ടി കണ്ടത്തിലിടും. ഒപ്പം മണ്ണിന്റെ സ്വഭാവത്തിന് അനുസരിച്ച് ചാരമോ ചാണകമോ വിതറും. ഒന്നോ രണ്ടോ ദിനം കൊണ്ട് മരത്തലപ്പ് അഴുകിത്തുടങ്ങും. അതോടെ വീണ്ടും ഉഴുത് നിലമൊരുക്കല്‍ പൂര്‍ത്തിയാക്കും. വിത്തിറക്കാനോ ഞാറ് പറിച്ചു നടാനോ പാകത്തില്‍, മഴക്കിടെ തെളിയുന്ന വെയിലില്‍ നിലമങ്ങനെ തിളങ്ങി നില്‍ക്കുന്നത് ഒരു കാഴ്ചയാണ്. അടുത്ത കൊയ്ത്തിലെ വിളയെക്കുറിച്ചുള്ള കര്‍ഷകന്റെ പ്രതീക്ഷ ഈ തിളക്കത്തില്‍ പ്രതിഫലിക്കും. ആ തിളക്കം നോക്കി നില്‍ക്കുന്ന കര്‍ഷകന്റെ മുഖത്ത് വലിയ വെളിച്ചമുണ്ടാകും - വരാന്‍ പോകുന്ന വിളവിന്റെ വലുപ്പത്തെക്കുറിച്ച്, അതിലൂടെ തനിക്കും കുടുംബത്തിനുമുണ്ടാകാന്‍ പോകുന്ന സമൃദ്ധിയെക്കുറിച്ചുമൊക്കെയുള്ള പ്രതീക്ഷയുടെ വെളിച്ചം.


നൂറുമേനി കൊയ്ത കണക്കെടുത്താല്‍ നരേന്ദ്ര മോഡി ഒരു നല്ല കര്‍ഷകനാണ്. വളപ്പിലെ പാഴ്മരങ്ങളെന്ന് അദ്ദേഹത്തിന് തോന്നിയവയുടെ തലപ്പ് വെട്ടി കണ്ടത്തിലിട്ട്, അഴുകിച്ച് നിലമൊരുക്കിയ കര്‍ഷകന്‍. 2002ല്‍ നടത്തിയ നിലമൊരുക്കലിന്റെ ഫലം, നെറ്റിയില്‍ വിയര്‍പ്പിറ്റാതെ, പിന്നീട് ഓരോ അഞ്ച് വര്‍ഷത്തിന് ശേഷവും കൊയ്ത് ഗുജറാത്തിന്റെ പത്തായം നിറച്ചയാള്‍. പരീക്ഷണക്കൃഷി വിജയിച്ചാല്‍ അത് വ്യാപിപ്പിക്കണമെന്ന ചിന്ത ഓരോ കര്‍ഷകനിലുമുണ്ടാകുക സ്വാഭാവികം. അതിനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോഡി. നിലമൊരുക്കാനുള്ള ജോലി, കരാര്‍ നല്‍കിയിരിക്കുന്നുവെന്ന് മാത്രം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഇന്ദിരാ ഗാന്ധി) തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായ കരാര്‍ സമ്പ്രദായം ബി ജെ പിയും സര്‍വാത്മനാ അംഗീകരിക്കുന്നുവെന്നതിനാല്‍ നയപരമായ വിയോജിപ്പ് ഇക്കാര്യത്തിലില്ല താനും. വിസ്താരമേറിയ നിലമായതിനാല്‍ പല കൂട്ടര്‍ക്ക് കരാര്‍ നല്‍കേണ്ടി വരിക സ്വാഭാവികം. അതിലൊരു കൂട്ടര്‍ക്ക് നല്‍കിയ കരാറുകളുടെ നടത്തിപ്പിലൊന്നായിരുന്നു പരിക്രമ യാത്ര. രാഷ്ട്രീയത്തില്‍ നല്ല വിളവുണ്ടാക്കാന്‍ രുധിരത്തിന്റെ പശിമ, ഗുണം ചെയ്യുമെന്ന് നല്ലതു പോലെ അറിയാവുന്നവരാണ് ഇതിന്റെ നടത്തിപ്പുകാര്‍. 1990ല്‍ എല്‍ കെ അദ്വാനി നടത്തിയ ആദ്യ രഥയാത്രയുടെ പശ്ചാത്തലത്തില്‍ അവര്‍ അത് പരീക്ഷിച്ചു. 2002ല്‍ കുറേക്കൂടി ഫലപ്രദമായി, ഗുജറാത്തില്‍ പരീക്ഷിച്ചപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ചു.


ഇക്കുറി പരിക്രമ യാത്രയെന്ന പേരില്‍ പരീക്ഷണത്തിന് തുടക്കമിട്ടപ്പോള്‍ അത് തുടക്കത്തിലേ പാളി. ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പോലീസ് സന്നാഹമല്ല, മറിച്ച് ഹിന്ദു സന്ന്യാസിമാര്‍ തന്നെയാണ് വിശ്വ ഹിന്ദു പരിഷത്തിനെ ഉപയോഗിച്ചുള്ള നീക്കത്തിന് തിരിച്ചടി നല്‍കിയത്. പരിക്രമ യാത്ര എല്ലാ വര്‍ഷവും നടക്കുന്നതാണെന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി വി എച്ച് പി ശ്രമിച്ചത് ഉചിതമായില്ലെന്നും സന്ന്യാസിമാര്‍ തുറന്നു പറഞ്ഞു. ചൈത്ര പൂര്‍ണിമ മുതല്‍ വൈശാഖ നവമി വരെ എക്കാലവും നടക്കാറുള്ള യാത്രയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ വി എച്ച് പി ശ്രമിച്ചുവെന്ന് തുറന്ന് പറയുന്നവരില്‍ വി എച്ച് പിയുടെ മുന്‍ സെക്രട്ടറിയും സരയുകുഞ്ജ് ക്ഷേത്രത്തിലെ പുരോഹിതനുമായ മഹന്ത് ജുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രിയെപ്പോലുള്ളവരുമുണ്ട്. 20 വര്‍ഷത്തിനിടെ അയോധ്യയില്‍ വി എച്ച് പിയുടെ സ്വാധീനം ഇല്ലാതായെന്നും മഹന്തുമാര്‍ തുറന്നു പറഞ്ഞു.


വി എച്ച് പിക്ക് വലിയ സ്വാധീനശക്തി രാജ്യത്ത് ഒരിടത്തുമുണ്ടായിരുന്നില്ല. ബി ജെ പിയടക്കം സംഘ് പരിവാര്‍ സംഘടനകളാകെച്ചേരുമ്പോഴാണ് സ്വാധീനമുണ്ടായിരുന്നത്. വര്‍ഗീയതയെ ഉണര്‍ത്തി, ആസുരാത്മകമായി വളര്‍ത്തി സ്വാധീനം വലുതാക്കാന്‍ ശ്രമം നടന്നു. അതിന്റെ മറ്റൊരു പതിപ്പിനുള്ള ശ്രമം പരാജയപ്പെടുമ്പോള്‍ സംഘ് പരിവാറിന്റെ സ്വാധീന ശക്തി കുറഞ്ഞുവെന്ന് തന്നെയാണ് അര്‍ഥം. ചുരുങ്ങിയത്, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി, ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാനുള്ള ത്രാണിയെങ്കിലും നഷ്ടമായിയെന്ന്. ബഹു വംശങ്ങളുടെ യൂനിയനായി വിഭാവനം ചെയ്തിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് അത് പോലും ആശ്വാസകരമാണ്.


പരിക്രമ യാത്രയുടെ മറവിലുള്ള ശ്രമം പരാജപ്പെട്ടത്, പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം എന്ന അപകടം മുന്നിലുണ്ട്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്ര മോഡി ശ്രമം തുടങ്ങിയത് മുതല്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുവെന്നതാണ് വസ്തുത. നരേന്ദ്ര മോഡി നേരിട്ട് അയോധ്യയിലെത്തി, സന്ന്യാസിമാരെയും സംഘ്പരിവാര നേതാക്കളെയും അഭിസംബോധന ചെയ്യാനായിരുന്നു ആദ്യത്തെ പദ്ധതി. വികസനത്തിന്റെ അപ്പോസ്തലന്‍ എന്ന പ്രതിച്ഛായ സ്വീകരിക്കുന്നതാണ് ഘടക കക്ഷികളുടെ പിന്തുണ ലഭിക്കാന്‍ നന്നെന്ന് തോന്നിയതിനാല്‍ ഈ പദ്ധതിയില്‍ നിന്ന് മോഡി പിന്‍മാറി. പകരം വ്യാജ ഏറ്റുമുട്ടലുകളുള്‍പ്പെടെ പല കേസുകളിലും ആരോപണവിധേയ സ്ഥാനത്തുള്ള, നൃശംസതക്ക് മടിയില്ലാത്തയാളെന്ന ഖ്യാതിയുള്ള അമിത് ഷായെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി, അയോധ്യയിലെ അഭിസംബോധനാ പരിപാടിക്ക് പറഞ്ഞുവിട്ടു. രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് പിന്നാക്കമില്ലെന്ന് ആവര്‍ത്തിച്ച്, അമിത് ഷാ മടങ്ങി. സഖ്യത്തില്‍ നിന്ന് ജനതാദള്‍ (യുനൈറ്റഡ്) പിന്‍മാറുന്നതിന്റെ വേഗം കൂട്ടിയെന്നല്ലാതെ മറ്റൊന്നും അമിത് ഷായുടെ പ്രസ്താവന മൂലമുണ്ടായില്ല. അതിന് ശേഷമുള്ള രണ്ടാമത്തെ നീക്കമായിരുന്നു പരിക്രമ യാത്ര.
പരിക്രമമെന്നാല്‍ ചുറ്റിനടത്തം, ക്രീഡാ സഞ്ചാരം, പിന്തുടര്‍ച്ച എന്നൊക്കെയാണ് അര്‍ഥം.


1990കള്‍ക്കൊരു പിന്തുടര്‍ച്ചയുണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം. പല കൂട്ടങ്ങളായി ചുറ്റിനടന്ന് അയോധ്യയില്‍ സംഗമിക്കുക, അവിടെയൊരു ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുക, അത് സാധ്യമായാല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഏകീകരണത്തിന് വഴിയൊരുങ്ങും. അതൊക്കെയായിരുന്നു പ്രതീക്ഷകള്‍. പക്ഷേ, വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ കരുതലായി അറസ്റ്റ് ചെയ്ത്, ക്രമസമാധാനം പാലിക്കാന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ മിടുക്ക് കാട്ടി. സംഘ് പരിവാര്‍ നേതാക്കളുടെ ഉറപ്പ് വിശ്വസിച്ച്, കര്‍സേവാ കാലത്ത് പ്രാര്‍ഥനാ മുറിയില്‍ മൗനമവലംബിച്ചിരുന്ന കോണ്‍ഗ്രസ് നേതാവാകാന്‍ അഖിലേഷ് യാദവ് തയ്യാറായില്ല. ബാബരി മസ്ജിദ് നിലംപരിശായ വാര്‍ത്തയറിഞ്ഞപ്പോള്‍ 'സംഘ് നേതാക്കള്‍ ഉറപ്പ് ലംഘിച്ചതിന് ഞാനെന്ത് ചെയ്യാനാണ'് എന്ന് ചോദിച്ച് കൈകഴുകിയ രീതിയല്ല തന്റെത് എന്ന് തെളിയിക്കുകയും ചെയ്തു.


ഭൂരിപക്ഷ വോട്ടുകള്‍ എതിരാകുന്നത് വരും തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ചെറിയ തോതിലെങ്കിലും ദോഷമാകുമെന്ന് അറിയാത്തവരല്ല മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച് മുതലെടുക്കാനും നടക്കുന്ന ശ്രമങ്ങളെ ചെറുക്കുക എന്നതാണ് വലിയ ഉത്തരവാദിത്വമെന്ന് തീരുമാനിക്കുമ്പോള്‍ അതാണ് യഥാര്‍ഥ രാഷ്ട്രതന്ത്രജ്ഞത. ആ രാഷ്ട്രതന്ത്രജ്ഞത കാട്ടാതെ, ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആയ കാലം മുതല്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് രാമക്ഷേത്രത്തെച്ചൊല്ലിയുള്ള തര്‍ക്കവും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും; എന്തിന,് ഇന്ന് കോണ്‍ഗ്രസിന്റെ അധികാരമോഹത്തിന് വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്ന ബി ജെ പിയെന്ന പാര്‍ട്ടിയും.


സ്വയംകൃതാനര്‍ഥത്താല്‍ യു പി എ സര്‍ക്കാര്‍ സമ്പന്നമായി നില്‍ക്കെ, 2014ലെ പൊതു തിരഞ്ഞെടുപ്പിലൊരു തിരിച്ചുവരവ് ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷയിലാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അതേ പ്രതീക്ഷയിലാണ് മോഡിയേക്കാള്‍ വലിപ്പം തനിക്കുണ്ടെന്ന്, അയോധ്യാ രഥയാത്രയിലൂടെ വര്‍ഗീയ സംഘര്‍ഷത്തിന്റെ വിത്തെറിഞ്ഞ എല്‍ കെ അഡ്വാനി പറയാതെ പറയുന്നത്. ഈ തര്‍ക്കത്തില്‍ അഡ്വാനിക്കൊപ്പമുണ്ട്, സുഷമാ സ്വരാജിനെയും അരുണ്‍ ജെയ്റ്റ്‌ലിയെയും പോലുള്ള നേതാക്കള്‍. അതുകൊണ്ട് തന്നെ സ്വന്തം ഭാഗം നേടിയെടുക്കാന്‍, പാര്‍ട്ടിക്കകത്തും വിയര്‍പ്പൊഴുക്കേണ്ടിവരുന്നുണ്ട് നരേന്ദ്ര മോഡിക്ക്. ഈ സാഹചര്യത്തില്‍, താന്‍ നേതൃത്വത്തിലുണ്ടെങ്കില്‍ വിജയസാധ്യത ഉറപ്പെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താനുള്ള ദ്വിമുഖ തന്ത്രം. അതിന് നിലമൊരുക്കുകയാണ് ഈ കര്‍ഷകനെന്ന് തന്നെ കരുതണം.


വികസന അജന്‍ഡയെക്കുറിച്ചും സാമ്പത്തികമായി രാജ്യത്തെ മുന്നാക്കം കൊണ്ടുപോകാനുള്ള പദ്ധതികളെക്കുറിച്ചും മോഡി വാചാലമായി സംസാരിക്കും. കെട്ടിപ്പൊക്കിയ ഗുജറാത്തിന്റെ വികസന മാതൃക ചൂണ്ടിക്കാട്ടുകയും ചെയ്യും. മറുവശത്ത് അമിത് ഷായെപ്പോലുള്ള ഉറ്റ അനുയായികളോ വി എച്ച് പിയെപ്പോലുള്ള ശക്തികളോ അയോധ്യയുള്‍പ്പെടെ വര്‍ഗീയ ധ്രുവീകരണത്തിന് സാധ്യതയുള്ള വിഷയങ്ങള്‍ സജീവമാക്കുകയും ചെയ്യും. അഡ്വാനി - മോഡി അധികാരത്തര്‍ക്കത്തില്‍ ഭിന്നിച്ചു നില്‍ക്കുന്ന പാര്‍ട്ടി അണികളെ യോജിപ്പിക്കാനും ചില തീവ്ര വിഷയങ്ങള്‍ അനിവാര്യമാണല്ലോ! ആര്‍ എസ് എസ് നേതൃത്വത്തിന്റെ നല്ല സര്‍ട്ടിഫിക്കറ്റും പിന്തുണയുമുറപ്പാക്കാന്‍ മോഡിക്ക് മുന്നില്‍ ഇതിലും നല്ലൊരു വഴി വേറെയില്ല.


അതിന്റെ  ചില സൂചനകള്‍ ബീഹാറില്‍ നിന്നുണ്ടായെന്നത് മറക്കാതിരിക്കുക. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയില്‍ നിന്ന് ജനതാദള്‍ (യുനൈറ്റഡ്) പിന്മാറി ദിവസങ്ങള്‍ക്കകമാണ് നവാദയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായി കര്‍ഫ്യു പ്രഖ്യാപിക്കേണ്ടിവന്നത്. നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വലിയ ജാഗ്രത കാട്ടിയതുകൊണ്ട് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ച സംഘര്‍ഷം വ്യാപിച്ചില്ല. സംഘര്‍ഷം സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. അയോധ്യക്ക് തിരി കൊളുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണാതെ വരുമ്പോള്‍ പുതിയ സംഘര്‍ഷ മുഖങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.


ഗുജറാത്തില്‍ അരങ്ങേറിയ വികസന പരീക്ഷണം രാജ്യത്താകെ വ്യാപിപ്പിക്കാന്‍ നരേന്ദ്ര മോഡി ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. ഒന്നിലേയുള്ളൂ ആശ്വാസം, വി പി സിംഗ് സര്‍ക്കാര്‍ താഴെ വീണാലും അഡ്വാനിയെ അറസ്റ്റ് ചെയ്ത് രഥയാത്ര തടയാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച പഴയ ലാലുപ്രസാദ് യാദവിന്റെ മാതൃകകള്‍ ചിലയിടത്തെങ്കിലുമുണ്ടാകുന്നുവെന്നതാണ്. അത്തരമൊരു ഇച്ഛാശക്തിയും രാഷ്ട്രതന്ത്രജ്ഞതയും പ്രകടിപ്പിക്കാത്ത ഒരേയൊരു പാര്‍ട്ടി പലപ്പോഴും കോണ്‍ഗ്രസാണ്. അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയെയാണ് തങ്ങള്‍ നേരിടുന്നത് എന്നതാണ് ബി ജെ പിക്കും നരേന്ദ്ര മോഡിക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും. അതുകൊണ്ട് കൂടിയാണ് പണ്ട് അധികാരം വിളയിച്ച് നല്‍കിയ വിത്ത് വീണ്ടും വിതച്ച് നോക്കാന്‍ അവര്‍ നിലമൊരുക്കുന്നതും. അതിന് പാകത്തിലുള്ള കര്‍ഷകനെ കലപ്പ ഏല്‍പ്പിക്കുന്നതും.

2013-08-19

ചിദംബരത്തിന്റെ അത്ഭുതം അഥവാ നമ്മുടെ അടിമത്തം


''അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ വിപണികള്‍ ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വിപണികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമാറേണ്ടതല്ലേ?'' ഇന്ത്യയുടെ ധനകാര്യ മന്ത്രി പളനിയപ്പന്‍ ചിദംബരം ഒട്ടൊരു അത്ഭുതത്തോടെ പറഞ്ഞ ഈ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. സ്വയം വഞ്ചിച്ചും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ചിദംബരം ഇത് പറയുന്നത് എന്ന വസ്തുത മറക്കാതെ വേണം അതിലെ അത്ഭുത ഭാവത്തെ വിലയിരുത്താന്‍.
അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളെ ഇന്ത്യന്‍ വിപണി എന്തുകൊണ്ട് ഇത്രമേല്‍ പ്രധാനമായി കാണുന്നുവെന്ന ചോദ്യം ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നത് അറിയാത്തവരല്ല ഡോ. മന്‍മോഹന്‍  സിംഗും പി ചിദംബരവും മൊണ്ടേക് സിംഗ് അലുവാലിയയുമൊന്നും. ആ ചോദ്യത്തിന്റെ ഉത്തരം ഏറ്റവും നന്നായി അറിയുന്നവരും അവര്‍ തന്നെയാണ്. സാമ്പത്തിക പരമാധികാരം രാജ്യത്തിന് ഇപ്പോഴില്ലെന്നത് തന്നെയാണ് ഉത്തരം. അഥവാ സാമ്പത്തിക അടിമത്വത്തിലാണ് നാമെല്ലാവരുമെന്ന്. അതുകൊണ്ടാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്, ഡോളറിനെ സംരക്ഷിക്കാന്‍ നടപടികളെടുക്കുമ്പോഴും അവിടുത്തെ ഭരണകൂടം തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ഇറക്കുമതി - കയറ്റുമതി നയങ്ങളില്‍ മാറ്റം വരുത്തുമ്പോഴും നമ്മുടെ വിപണികള്‍ ആടിയുലയുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും ഓഹരി വിപണിയിലെ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ക്ക് മുന്നില്‍ നിക്ഷേപകര്‍ അമ്പരന്ന് നില്‍ക്കുന്നതും.


2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തെ അമേരിക്ക അതിജീവിച്ച് കഴിഞ്ഞോ? സമ്പദ് വ്യവസ്ഥ ഉണര്‍വിന്റെ പാതയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന വിലയിരുത്തല്‍ മാത്രമാണ് ഇപ്പോള്‍ പോലും അവിടെ നിന്ന് ലഭിക്കുന്നത്. ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടത്തിന് ധൈര്യം നല്‍കും വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ഡെട്രോയിറ്റ് പോലൊരു നഗരം പാപ്പരായി പ്രഖ്യാപിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കായ 7.5 ശതമാനത്തിലെത്തി എന്ന് പറയുമ്പോഴും വികസിത രാജ്യമെന്ന് അവകാശപ്പെടുന്ന രാജ്യത്തെ സംബന്ധിച്ച് ഏഴര ശതമാനമെന്നത് ഉയര്‍ന്ന നിരക്കായി തന്നെ കാണേണ്ടിവരും. ബജറ്റില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറക്കുന്നുണ്ട് അമേരിക്ക. അതുവഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ദശാംശം ആറ് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് യു എസ് കോണ്‍ഗ്രസിന്റെ കണക്ക്. സര്‍ക്കാര്‍ ജോലികളിലുണ്ടാകുന്ന കുറവും ആശങ്കാജനകമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം 11,000 തൊഴിലുകളാണ് ഇല്ലാതായത്. ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറക്കലുകള്‍ നടക്കുന്നതിനാല്‍ ഈ പ്രവണത തുടരുകയും ചെയ്യും.


യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ വാര്‍ത്തകളില്‍ നിന്ന് തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അവിടെയും കാര്യങ്ങള്‍ ഭദ്രമല്ല. ബജറ്റ് അച്ചടക്കം പാലിച്ചും ചെലവുകള്‍ വെട്ടിക്കുറച്ചും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഗ്രീസ്, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റസര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വലിയ ബജറ്റ് കമ്മിക്കും ഭീമമായ പൊതുക്കടത്തിനും മുന്നില്‍ പകച്ചുനില്‍ക്കുന്നു.


അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളില്‍ വലിയൊരളവ് ആഭ്യന്തര ഉത്പാദനത്തെയും വിപണികളെയും സംരക്ഷിക്കാനുള്ളതാണ്. ഈ സാഹചര്യത്തില്‍ വേണം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്ന വലിയ ചാഞ്ചാട്ടങ്ങളെ കാണാന്‍. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഡോളറൊന്നിന് അമ്പത് രൂപ എന്നതില്‍ നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ വേഗം അതിശയിപ്പിക്കുന്നതാണ്.  രൂപ താഴ്ചയുടെ പുതിയ റെക്കോഡുകള്‍ ഭേദിക്കുമ്പോഴൊക്കെ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ധനമന്ത്രി ചെയ്തത്. ബേങ്കുകളോടും ഇതര ധനകാര്യ സ്ഥാപനങ്ങളോടും വിപണിയിലേക്ക് കൂടുതല്‍ ഡോളറെത്തിച്ച് രൂപയുടെ ആരോഗ്യം മെച്ചപ്പെടുത്താനാണ് റിസര്‍വ് ബേങ്ക് ആദ്യം നിര്‍ദേശിച്ചത്. പിന്നീട് ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ കരുതലായി സൂക്ഷിക്കേണ്ട തുകയുടെ വലുപ്പം വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഇതൊന്നും ഫലം കാണാതെ വരികയും കറന്റ് അക്കൗണ്ട് കമ്മി കുത്തനെ ഉയരുകയും ചെയ്തതോടെ (ഇറക്കുമതി ചെയ്യുന്നതിന്റെ മൂല്യം കയറ്റുമതി ചെയ്യുന്നതിന്റെ മൂല്യത്തേക്കാള്‍ വര്‍ധിക്കുക എന്നതാണ് കറന്റ് അക്കൗണ്ട് കമ്മിയായി കണക്കാക്കുന്നത്) സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.


രൂപയുടെ മൂല്യച്യുതിക്ക് അതും തടയിടാതെ വന്നതോടെ സ്വര്‍ണനാണയങ്ങളുടെയും മെഡലുകളുടെയും ഇറക്കുമതി നിരോധിക്കാനും വ്യക്തികളും സ്ഥാപനങ്ങളും വിദേശത്ത് നടത്തുന്ന നിക്ഷേപങ്ങളുടെ പരിധി കുറക്കാനും തീരുമാനിച്ചു. അതും ഗുണം ചെയ്തില്ലെന്നാണ് അനുഭവം.
രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും തൊലിപ്പുറത്തെ ലക്ഷണങ്ങള്‍ മാത്രമാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുകയാണ്. അതായത് ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം തുടരുന്നു. ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തോളമേയുള്ളൂ. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലം വളര്‍ച്ചാ നിരക്കിന്റെ ശതമാനത്തെ ക്രമമായി ഉയര്‍ത്തിയ പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴേക്ക് പോകുമോ എന്ന സംശയം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.


വളര്‍ച്ചാ നിരക്കിനെ നാടകീയമായി ഉയര്‍ത്താന്‍ പാകത്തിലുള്ള അനുകൂല സൂചനകളൊന്നും കാര്‍ഷിക, നിര്‍മാണ, സേവന മേഖലകളില്‍ കാണുന്നില്ല. വിവിധ മേഖലകളെ ചൂഴ്ന്ന് നില്‍ക്കുന്ന സഹസ്ര കോടികളുടെ അഴിമതി ആരോപണങ്ങള്‍ ചെറിയ സ്തംഭനമല്ല സൃഷ്ടിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച സ്വാഭാവികമായും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചെലവേറിയതാക്കും. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനയും അതുവഴിയുണ്ടാകുന്ന വിലക്കയറ്റവും അനിവാര്യം. ഒറ്റമൂലിയൊന്നുമില്ലാത്ത രോഗാവസ്ഥയെന്ന് ചുരുക്കം. അതുകൊണ്ടാണ് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ, സാമ്പത്തിക വിദഗ്ധരായ മന്‍മോഹന്‍ സിംഗും ചിദംബരവും അലുവാലിയയുമൊക്കെ ഉഴറുന്നത്.


തുറന്ന് കൊടുത്ത കമ്പോളങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കുക എന്നത് നടക്കാത്ത കാര്യമാണ്, തത്കാലത്തേക്കെങ്കിലും. പ്രതിസന്ധി നേരിടുന്ന അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളും സ്വീകരിച്ച ആഭ്യന്തര കമ്പോള സംരക്ഷണ നടപടികള്‍ പോലും ഇന്ത്യക്ക് സാധ്യമല്ല. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായാല്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ പരാശ്രയമുണ്ട്. ഓഹരി വിപണികളുടെ കാര്യമെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്ന വിദേശധനകാര്യ സ്ഥാപനങ്ങള്‍ രൂപയുടെ മുല്യച്യുതി അവസരമാക്കി  ലാഭമെടുത്ത് പിന്‍മാറുന്നതും കൂടുതല്‍ ലാഭം പ്രതീക്ഷിക്കുന്ന മേഖലകളിലേക്ക് പണം വഴിതിരിച്ചുവിടുന്നതുമാണ് ഓഹരി വിപണിയിലെ തകര്‍ച്ചക്ക് കാരണം. കഴിഞ്ഞ ദിവസം മാത്രം നിക്ഷേപകര്‍ക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഇതിലേറെയും ഇന്ത്യന്‍ നിക്ഷേപകരുടേതായിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം നിക്ഷേപം നടത്തി ലാഭമെടുക്കാന്‍ അവസരം തുറന്ന് നല്‍കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.


അതിലൊരു മാറ്റം വരുത്തിയാല്‍ വിദേശ സ്ഥാപനങ്ങളുടെ പിന്‍വലിയലിന്റെ വേഗം കൂടും, പുതിയ നിക്ഷേപങ്ങള്‍ക്ക് അവര്‍ തയ്യാറാകുകയുമില്ല. തകര്‍ച്ചയുടെ ആക്കം കൂടുമെന്ന് ചുരുക്കം. അങ്ങനെ സംഭവിച്ചാല്‍ ഓഹരി മുല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കിയിരിക്കുന്ന ബേങ്കുകളുടെ സാമ്പത്തിക അടിത്തറയെ ബാധിക്കും. നിലവിലുള്ള രീതികള്‍ തുടരുക എന്നതല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല.


ഇന്‍ഷ്വറന്‍സ് മുതല്‍ പ്രതിരോധം വരെ നീളുന്ന വിദേശനിക്ഷേപാനുമതിയുള്ള മേഖലകളിലൊക്കെ സമാനമായ ശൃംഖലകളാണുള്ളത്. അവയുടെ നിയന്ത്രണം ഒരു പരിധി വരെ അമേരിക്കയെടുക്കുന്ന നയതീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ആഗോളവത്കരണ നയങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുകയും അതിനനുസരിച്ച് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അത് സ്വന്തം മണ്ണിന്റെ സാമ്പത്തിക പരമാധികാരം അടിയറവെക്കുന്നതായി മാറരുത് എന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നില്ല മന്‍മോഹന്‍ സിംഗിന്. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എല്ലാറ്റിനുപരി രാജ്യസ്‌നേഹമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തിലിരുന്നപ്പോള്‍ മന്‍മോഹന്‍ തുറന്നിട്ട പാതയില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയാണ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്നതിന് വകുപ്പുണ്ടാക്കുക വരെ ചെയ്തു അവര്‍. സമ്പത്ത് സ്വകാര്യ മേഖലക്കും അതുവഴി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും തീറെഴുതാന്‍ ഒട്ടും മടി കാട്ടാതിരുന്ന അവരുടെ നേട്ടം കൂടിയാണ് ഇപ്പോഴത്തെ അടിമത്വം.


ഇപ്പോള്‍ റിസര്‍വ് ബേങ്ക് സ്വീകരിച്ചുകൊണ്ടിരിക്കുന്നതും ഇനി സ്വീകരിക്കാന്‍ പോകുന്നതുമായ നടപടികളുടെയൊക്കെ ലക്ഷ്യം രൂപയുടെ ഇടിവ് തടയുക എന്നത് മാത്രമാണ്. രൂപയെ പഴയ ശക്തിയിലേക്ക് തിരിച്ചെത്തിക്കുക എന്നത് സ്വപ്‌നത്തില്‍ പോലുമില്ലെന്ന് അര്‍ഥം. രോഗത്തിന് ചികിത്സിക്കുകയല്ല, ലക്ഷണങ്ങള്‍ മാറ്റുക എന്നത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഇതിനകം സംഭവിച്ച വീഴ്ചകളുടെ ആഘാതം ജനങ്ങള്‍ അനുഭവിക്കുക എന്നതിനപ്പുറം യാതൊന്നുമുണ്ടാകില്ല. ഇത്രയും നാള്‍ ധനകാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായിരുന്ന രഘുറാം രഞ്ജന്‍, റിസര്‍വ് ബേങ്കിന്റെ ഗവര്‍ണറായി വരുമ്പോള്‍ ആഗോളവത്കരണമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുള്ള നാണ്യനയങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി ഉപദേശിക്കുന്നത്. ലക്ഷണങ്ങളെ മാത്രം ചികിത്സിച്ചാല്‍ മതിയെന്നാണ് അതിന്റെ അര്‍ഥം.
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങള്‍ വൈകാതെയുണ്ടാകും. അതായത് കൂടുതല്‍ മേഖലയുടെ ചരടുകള്‍ വിദേശകമ്പനികളുടെ കൈകളിലേക്ക് എത്തുമെന്ന് തന്നെയാണ് അര്‍ഥം. മുമ്പ് അമേരിക്കയടക്കമുള്ള രാജ്യങ്ങളെടുക്കുന്ന തീരുമാനങ്ങളാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചിരുന്നത്. ഇപ്പോള്‍ അവരെടുക്കാന്‍ പോകുന്ന തീരുമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിപണിയെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കേണ്ട കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ (ഇപ്പോള്‍ പരോക്ഷമായുള്ളത്) അവര്‍ തീരുമാനിക്കുന്ന സ്ഥിതി വൈകാതെയുണ്ടാകും. അവിടേക്ക് രാജ്യത്തെ നയിക്കുന്നവര്‍ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ കമ്പോളത്തെ അമ്മാനമാടുന്നുവെന്ന് അത്ഭുതം കൂറുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ചിദംബരത്തിന്റെ വാക്കുകള്‍ സ്വയം വഞ്ചനയായി വിലയിരുത്തപ്പെടേണ്ടിവരുന്നത്.