2011-10-27

ശിങ്കങ്ങളാണേ, ഇളവ് വേണം
ശക്തമായ ലോക്പാല്‍ പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ജന്തര്‍ മന്തറിലും പിന്നീട് രാം ലീല മൈതാനത്തും നിരാഹാര സത്യഗ്രഹം നടത്തിയപ്പോള്‍ അതിന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാമുഖ്യം നല്‍കുന്നതില്‍ രാജ്യത്തെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്രക്കപ്പുറത്ത് വലിയതോതില്‍ അറിയപ്പെടാതിരുന്ന അന്നാ ഹസാരെക്ക് ജന്തര്‍ മന്തറിലെ സത്യഗ്രഹത്തോടെ അഭിനവ ഗാന്ധി എന്ന വിശേഷണം ചാര്‍ത്തി നല്‍കി ദേശീയതലത്തില്‍ പരിചയപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. രാംലീലയില്‍ അരങ്ങേറിയ രണ്ടാം വട്ട സത്യഗ്രഹത്തെ ഭ്രാന്തമായ ആവേശത്തോടെ ദേശീയ ദൃശ്യമാധ്യമങ്ങള്‍ സമീപിച്ചു. 


തത്സമയ സംപ്രേഷണം രാംലീലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തിന്റെ ഇതര നഗരങ്ങളില്‍ ഉയര്‍ന്ന പന്തലുകളില്‍ നിന്ന് കൂടി തത്സമയ സംപ്രേഷണമുണ്ടായി. സമരത്തിന് പാന്‍ ഇന്ത്യന്‍ പിന്തുണയുണ്ടെന്ന് ഉറപ്പാക്കും വിധത്തില്‍ വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യം തത്സമയ സംപ്രേഷണത്തില്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചുവെന്ന് മാത്രം. 
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നേരിട്ടുള്ള ഇടപെടല്‍ സമരത്തില്‍ ഉണ്ടായിരുന്നുവെന്നത് കൂടിയാകണം ചില മാധ്യമങ്ങളുടെയെങ്കിലും അമിതമായ ആവേശത്തിന് കാരണമായത്. ദൃശ്യമാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശത്തെ ഒട്ടുംകുറയാതെ പ്രതിഫലിപ്പിച്ചു അച്ചടി മാധ്യമങ്ങള്‍. വിവര സാങ്കേതിക വിദ്യാ മേഖലയിലുള്ളവരുള്‍പ്പെടെ സമുഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ (നഗരവാസികളായ ഇടത്തരക്കാരോ സമ്പന്ന വിഭാഗമോ മാത്രം) അന്നാ ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും രാജ്യത്ത് നടമാടുന്ന അഴിമതിയില്‍ അവര്‍ക്കുള്ള കടുത്ത നിരാശ പ്രകടിപ്പിക്കുന്നതും വിസ്തരിച്ച് പ്രതിപാദിച്ചു അച്ചടി മാധ്യമങ്ങള്‍. അഴിമതിക്കെതിരായ സമരത്തോടുള്ള ആഭിമുഖ്യത്തിനപ്പുറത്ത് അതിന് കാരണമായ രാഷ്ട്രീയ - ഭരണ വ്യവസ്ഥയോടുള്ള കലഹമോ അഴിമതി ഒരു കഴഞ്ച് പോലും സഹിക്കാനാകില്ലെന്ന വികാര പ്രകടനമോ ഒക്കെയാണ് ദേശീയ, പ്രാദേശിക ഭേദമില്ലാതെ അച്ചടി മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. 


ലോക്പാല്‍ ബില്ല് പരിഗണിക്കുന്ന പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികള്‍ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനം ഈ ആവേശത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണ്. മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലായതിനാല്‍ അവയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരരുത് എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികളായി കമ്മിറ്റി മുമ്പാകെ എത്തിയ പ്രസിഡന്റ് ടി എന്‍ നൈനാനും (ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറും) കൂമി കപൂറും (ഇന്ത്യന്‍ എക്‌സ്പ്രസ്) സുരേഷ് ബഫ്‌നയും (നയി ദുനിയ) പറഞ്ഞത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളല്ല മറിച്ച് മാധ്യമ പ്രവര്‍ത്തക സമൂഹത്തില്‍ ഉള്‍പ്പെടുന്ന പത്രാധിപന്‍മാരാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 


മാധ്യമങ്ങളെയും സര്‍ക്കാറിതര സംഘടനകളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പാര്‍ലിമെന്റിലെ ഒരു വിഭാഗം അംഗങ്ങളും ചില സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ശക്തമായ ലോക് പാലിന് വേണ്ടി ഉണ്ണാവ്രതം അനുഷ്ഠിച്ച അന്നാ ഹസാരെയോ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരോ സര്‍ക്കാറിതര സംഘടനകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ചിരുന്നില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സര്‍ക്കാറിതര സംഘടനകളുടെ പേരിലാണ് പലരും ക്രമക്കേടുകള്‍ കാട്ടുന്നത് എന്ന് കിരണ്‍ ബേദിയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് തര്‍ക്കം ഇപ്പോള്‍ മനസ്സിലാക്കിത്തരുന്നു. അതുകൊണ്ടാവണം സര്‍ക്കാറിതര സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അന്നാ സംഘം ഉന്നയിക്കാതിരുന്നത്. ഏതാണ്ട് സമാനമായ നിലപാടാണ് ഇപ്പോള്‍ എഡിറ്റേഴ്‌സ് ഗില്‍ഡും സ്വീകരിക്കുന്നത്. 


മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലുള്ളതാണെന്ന ന്യായമാണ് അവരതിന് മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് മാത്രം. ഇതര മേഖലകളിലെ അഴിമതി മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രശ്‌നമാകുന്നുള്ളൂ. സ്വന്തം കുടുംബത്തില്‍ അഴിമതി നടന്നാല്‍ അത് മറ്റാരും അറിയുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നതില്‍ അവര്‍ക്ക് താത്പര്യമില്ല എന്ന് കരുതേണ്ടിവരും. 


മാധ്യമ സ്ഥാപനങ്ങളെ വ്യവസായം എന്ന നിലക്ക് ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. അതായത് വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒഴിവാക്കി നിര്‍ത്തുക എന്ന് അര്‍ഥം. ഇത് പോലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ചിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ഭാഗമായി നില്‍ക്കേണ്ട പത്രാധിപന്‍മാര്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാടെടുക്കുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്. 


പണം നല്‍കി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച ആരോപണങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തും മറ്റും ഏതെങ്കിലും നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ വാര്‍ത്താ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി പണം വാങ്ങുന്ന രീതി പുറത്ത്  വന്നതോടെയാണ് ഈ ആരോപണം ശക്തമായി ഉയര്‍ന്നത്. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരുകളുമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങുന്നതിലും ഏറെ ഗൗരവമുള്ളതായിരുന്നു ഈ ആരോപണങ്ങള്‍. അഴിമതിക്കോ സ്വജനപക്ഷപാതത്തിനോ വഴിയൊരുക്കാന്‍ പാകത്തില്‍ കുത്തക കമ്പനികള്‍ക്ക് താത്പര്യമുള്ളയാളുകള്‍ക്ക് മന്ത്രി സ്ഥാനം നേടിക്കൊടുക്കാന്‍ നടന്ന ചരട് വലികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കാളികളായി. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുമ്പോള്‍ കുത്തക കമ്പനികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നതിന് നടന്ന അണിയറ നീക്കങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ പങ്കുണ്ടായിരുന്നു. കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമായതുമാണ്. 


ഇത്തരം ഇടപെടലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ താത്പര്യ സംരക്ഷണത്തിനോ വേണ്ടി മാത്രമാണെന്ന് ധരിക്കുന്നത് മൗഢ്യമാകും. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ ടെലികോം ഉള്‍പ്പെടെ ഇതര വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലകളില്‍ കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട ഇടപെടല്‍ മാധ്യമ പ്രവര്‍ത്തകരിലൂടെ നടത്തിയെന്ന് മാത്രം. അതിന് തയ്യാറായതിലൂടെ വ്യക്തിപരമായ നേട്ടങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുമുണ്ടാകും. ഇങ്ങനെ അഴിമതിയുടെ ഉത്പാദകരോ പങ്കാളികളോ ഒക്കെയാണ് ഇന്ത്യയിലെ വിവിധ മാധ്യമ സ്ഥാപനങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയിലാണെന്ന ഒറ്റക്കാരണത്താല്‍ ലോക്പാലിന്റെ പരിധിയില്‍ നിന്ന് നീക്കിനിര്‍ത്തണമെന്ന് പത്രാധിപന്‍മാര്‍ തന്നെ ആവശ്യപ്പെടുന്നത് ആ സമൂഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. 


രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് പൊതു ജനങ്ങളെ ഉദ്ദേശിച്ചാണ്. വിദേശ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും പരോക്ഷമായി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖല എന്നത് ഉടസ്ഥതയില്‍ മാത്രമോ ലാഭ നഷ്ടക്കണക്കുകളിലോ ഒതുങ്ങിനില്‍ക്കുന്നതാണ്. പൊതു താത്പര്യങ്ങളോട് എത്രമാത്രം കാര്യക്ഷമമായി പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉടമസ്ഥതയുടെ നിലനില്‍പ്പ്. ലാഭ നഷ്ടക്കണക്കുകളെ നിര്‍ണയിക്കുന്നതും അതുതന്നെ. മാധ്യമ സ്ഥാപനങ്ങളാകുമ്പോള്‍ ഇതര സ്വകാര്യ മേഖലകളെ അപേക്ഷിച്ച് പൊതു ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നു. കാരണം അവിടെ വിപണം ചെയ്യപ്പെടുന്നത് വിവരങ്ങളോ വാര്‍ത്തകളോ ആണ്, അവയുടെ വിശ്വാസ്യതയാണ്. വിവരങ്ങളിലോ വാര്‍ത്തകളിലോ കൃത്രിമം കാട്ടിയാല്‍ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം ഏറെ വലുതായിരിക്കും. 


അത്തരം കബളിപ്പിക്കലിന്റെ കഥയാണ് പണം സ്വീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവം പറഞ്ഞുതരുന്നത്. ഇത്തരം കബളിപ്പിക്കലുകള്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെ സ്വാധീനിക്കുകയും ഭരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. അതിന്റെ പ്രത്യുപകാരം പിന്നീട് മാധ്യമ സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ലഭിക്കുന്നുണ്ടാകും. അത്തരമൊരു അഴിമതിയുടെ ശൃംഖലയുണ്ടെങ്കില്‍ അത് കൂടി ഇല്ലാതാക്കേണ്ടതുണ്ടെന്ന നിര്‍ബന്ധബുദ്ധി പത്രാധിപന്‍മാര്‍ക്കെങ്കിലും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, മോന്തായം വളഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെ കണ്ടത്. 
രാഷ്ട്രീയ നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ പ്രസിദ്ധീകരിച്ച് പണം വാങ്ങാന്‍ മടിക്കാത്ത മാധ്യമ സ്ഥാപനങ്ങള്‍ കുത്തക കമ്പനികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നേട്ടങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അത്തരം തെറ്റായ വിവരങ്ങളുടെ പ്രസിദ്ധീകരണം ഉപഭോക്താക്കളെ ചതിക്കുഴികളില്‍ കൊണ്ടുചെന്നിത്താക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. 


അഴിമതി എന്ന് വ്യവഹരിക്കപ്പെടാവുന്ന ഇത്തരം സംഗതികള്‍ തടയാന്‍ നിലവില്‍ എന്താണ് സംവിധാനമുള്ളത്. ഉപഭോക്താവിന് വേണമെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിപ്പെടാം. ഏതെങ്കിലും പരാതിയില്‍ കര്‍ക്കശമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ച ചരിത്രമില്ലാത്ത സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍. അതുകൊണ്ട് തന്നെ വ്യവസ്ഥാപിതമായ മറ്റൊരു മാര്‍ഗമുണ്ടാകേണ്ടതുണ്ട്. ആ സാധ്യത പോലും അടക്കുന്ന വിധത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് നലപാടെടുത്തിരിക്കുന്നത്. 


സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് മറ്റുള്ളവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള അര്‍ഹതയുണ്ടാകുമോ? സുതാര്യമായ പ്രവര്‍ത്തനപഥത്തിലാണ് ചരിക്കുന്നതെങ്കില്‍ ഏതെങ്കിലും നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരുന്നതിനെ ഭയക്കുന്നത് എന്തിന്? സ്ഥാപനം നടത്തുന്നവരേക്കാള്‍ ഭയം മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത് എന്തിന്? ഇതിന്റെ ഭാഗമാകാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ ശക്തമായ ലോക് പാലിന് വേണ്ടിയുള്ള സമരത്തിന് ആവശ്യത്തിലധികം പ്രാമുഖ്യം കൊടുത്തത് എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരും. രാംലീലയിലെ സത്യഗ്രഹത്തെ ഉന്മാദത്തോട് അടുത്ത ആവേശത്തോടെ പിന്തുണച്ചതിന് പിറകില്‍ അന്നാ ഹസാരെയുടെ സമരത്തില്‍ സജീവമായിരുന്ന സംഘ് പരിവാറിന്റെ താത്പര്യ സംരക്ഷണം മാത്രമേ ഈ മാധ്യമങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടാകൂ. 'ദേശീയ'മെന്ന വിശേഷണ പദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഹിന്ദുത്വ അംശങ്ങള്‍ ഈ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തുന്ന മാധ്യമങ്ങള്‍ക്കുമുണ്ടാകാതെ വയ്യല്ലോ.

ടൈറ്റാനിയത്തിലെ മായാജാലങ്ങള്‍
പാലിനേക്കാള്‍ വെളുപ്പുണ്ട് ടൈറ്റാനിയം ഡയോക്‌സൈഡിന്. സുര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. വെയിലേറ്റാല്‍ നിറം മങ്ങുന്നതിന് കാരണം അള്‍ട്രാവയലറ്റ് രശ്മികളാണ്. സൂര്യപ്രകാശമേറ്റ് വസ്തുക്കളുടെ നിറം മങ്ങാതിരിക്കാന്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാം. അതുകൊണ്ട് പെയിന്റിലും മറ്റും ടൈറ്റാനിയം ഡയോക്‌സൈഡ് അവിഭാജ്യ ഘടകമാണ്. വെയിലേല്‍ക്കാന്‍ സാധ്യതയുള്ള നിറമുള്ള വസ്തുക്കളിലെല്ലാം ഇത് പ്രയോഗിക്കാന്‍ സാധിക്കും. സണ്‍ സ്‌ക്രീനുകളില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ചേര്‍ക്കുന്നത് അള്‍ട്രാ വയലറ്റ് രശ്മികളേറ്റ് തൊലിയുടെ നിറം മങ്ങാതിരിക്കാനാണ്. ചികിത്സയുള്‍പ്പെടെ ഇതര ശാസ്ത്ര മേഖലകളിലും ഈ വസ്തുവിന്റെ പ്രയോജനം ഏറെയാണ്. കെട്ടിട നിര്‍മാണം പൊടിപൊടിക്കുന്ന കേരളത്തില്‍ പെയിന്റിന് സാമാന്യം മെച്ചപ്പെട്ട മാര്‍ക്കറ്റുള്ളതിനാല്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ആവശ്യവും പതിവിലും ഏറും. ധാവള്യമേറിയ ഈ പൊടിയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് (ടി ടി പി) ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത്. 

നിറം കെടാതെ നോക്കാനുള്ള കഴിവ് ടൈറ്റാനിയം ഡയോക്‌സൈഡിനുണ്ടെന്നത് രാഷ്ട്രീയത്തില്‍ കൂടി പരീക്ഷിച്ച് തെളിയിക്കപ്പെട്ടിരിക്കുന്നു. ടി ടി പിയില്‍ മാലിന്യ നിര്‍മാജന പ്ലാന്റ് സ്ഥാപിക്കുന്നതിന് അഞ്ച് കൊല്ലം മുമ്പ് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും ഉയര്‍ന്നപ്പോള്‍ ഒട്ടും നിറം കെട്ടിട്ടില്ല. ഇനി കുറേക്കാലത്തേക്ക് ഇതിന്റെ നിറം കെടുകയുമില്ല. പാമോലിന്‍ ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ കേസ് പോലെ ഇത് ദശകങ്ങള്‍ കഴിഞ്ഞും നിറം കെടാതെ നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. ആഗോളതലത്തില്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ആവശ്യം വര്‍ഷത്തില്‍ 2.7 ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണക്ക്. 2019വരെ ഈ തോതില്‍ വര്‍ധനയുണ്ടാകും. വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയാണ് ഇതിന്റെ വലിയ ഉപഭോക്താവായി ഉണ്ടാകുക. വളര്‍ച്ചയില്‍ ചൈനക്ക് തൊട്ടുപിറകിലെത്താന്‍ കുതിക്കുന്ന ഇന്ത്യയിലും ആവശ്യക്കാര്‍ ഏറെയുണ്ടാകും. അതായത് ടി ടി പി എന്ന സ്ഥാപനത്തിന്റെ വികസനം ഒരു ദശകത്തേക്കെങ്കിലും കേരളത്തിന് ഗുണം ചെയ്യുമെന്ന് അര്‍ഥം.പക്ഷേ, ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മാലിന്യം ഗുരുതരമായ പ്രശ്‌നമാണ്. ഖരമാലിന്യത്തിന് പുറമെ വീര്യമുള്ളതും ഇല്ലാത്തതുമായ അമ്ലാംശമുള്‍ക്കൊള്ളുന്ന ദ്രവ മാലിന്യവുമുണ്ടാകും. പിന്നെ പൊടിയും. ടി ടി പിയുടെ കാര്യത്തില്‍ മാലിന്യം കടലിലേക്ക് ഒഴുക്കുകയാണ് ചെയ്തിരുന്നത്. ഇത് തുടരുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ പൂട്ടണമെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്. രാജ്യത്ത് പലഭാഗത്തുമായി നൂറ് കണക്കിന് വ്യവസായ ശാലകള്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. 


ടി ടി പിയെ നിലനിര്‍ത്തുന്നതിന് വേണ്ടി മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അഴിമതിയുടെയും ക്രമക്കേടിന്റെയും നിറം മങ്ങാത്ത കഥകളുടെ ഉത്പാദനത്തിന് വഴിവെച്ചത്. മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ ആദ്യം നടപടി തുടങ്ങിയത് 1996 - 2001ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ സുശീല ഗോപാലന്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്. മാലിന്യ പ്ലാന്റ് സ്ഥാപിച്ചാല്‍ മാത്രം പോര കമ്പനിതന്നെ വികസിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാറിന്റെ നിലപാട്. ഇതിനായി സ്ഥാപനത്തില്‍ തൊഴിലാളി സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. 2001ല്‍ അധികാരത്തില്‍ വന്ന എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. പിന്നീട് അധികാരത്തില്‍വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 256 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഇത് നടപ്പാക്കുന്നതില്‍ അനാവശ്യ ധൃതി കാണിച്ചുവെന്നും പദ്ധതി നടപ്പാക്കാന്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ മാത്രം ഇറക്കേണ്ട ഉപകരണങ്ങള്‍ നേരത്തെ ഇറക്കുമതി ചെയ്തുവെന്നുമാണ് ആരോപണം. 


2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ മുമ്പാണ് കരാറുപ്പിക്കലും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കലുമൊക്കെയുണ്ടായത്. പിന്നീട് വന്ന ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് ടൈറ്റാനിയം ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിലെ ഇതര അഴിമതിക്കേസുകളുടെ കാര്യത്തിലെന്ന പോലെ ഇവിടെയും വിജിലന്‍സ് അന്വേഷണം ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങിയത്. അന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. 


2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് പൊട്ടിക്കരഞ്ഞ കെ കെ രാമചന്ദ്രന്‍ എന്ന മുന്‍ മന്ത്രിയാണ് പിന്നീട് ടൈറ്റാനിയത്തിന്റെ നിറം മങ്ങിയിട്ടില്ലെന്ന് ഓര്‍മിപ്പിച്ചത്. 2006ല്‍ അധികാരമൊഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭാഗമായിരുന്നു കുറച്ചു കാലം രാമചന്ദ്രന്‍. ടൈറ്റാനിയം പദ്ധതിക്ക് അനുവാദം നല്‍കുന്നതിന് തനിക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അതിന് വഴങ്ങാതെ വന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല തന്നില്‍ നിന്ന് എടുത്തുമാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. രാമചന്ദ്രനില്‍ നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല എടുത്തുമാറ്റിയ അന്നു തന്നെ നിര്‍ദിഷ്ട പദ്ധതിക്ക് ബോര്‍ഡിന്റെ അനുവാദം ലഭിക്കുമെന്ന് കാണിച്ച് സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിക്ക് ഉമ്മന്‍ ചാണ്ടി കത്തെഴുതുന്നു. 


സ്വയംഭരണാവകാശമുള്ള സ്ഥാപനമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദം ലഭിക്കുമെന്ന വിവരം മുന്‍കൂട്ടി മുഖ്യമന്ത്രി അറിഞ്ഞത് എങ്ങനെ എന്നതാണ് രാമചന്ദ്രനും പ്രതിപക്ഷവും ഉന്നയിക്കുന്ന ഒരു ചോദ്യം. ഇതിനുള്ള ഉത്തരം ഉമ്മന്‍ ചാണ്ടി ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മൈക്കോണിനെ കണ്‍സല്‍ട്ടന്‍സിയായി വെക്കുകയും പദ്ധതി നടപ്പാക്കുന്നതിന് വിദേശ കമ്പനികളെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. ഈ കമ്പനികള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കിയത് എന്തിനെന്നതാണ് രണ്ടാമത്തെ ചോദ്യം. അഴിമതിക്കുള്ള സാധ്യത രണ്ടിടത്തും തുറന്ന് കിടക്കുന്നുവെന്നത് ആരും സമ്മതിക്കും. ആരോപണം ഉന്നയിക്കുന്നത് ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രിസഭയില്‍ ഇരുന്ന ഒരാളായതുകൊണ്ട് പ്രത്യേകിച്ചും. 


ഈ കരാര്‍ ഒഴിവാക്കിക്കൊണ്ടാണ് 83 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ 2007ല്‍ വി എസ് അച്യുതാനന്ദനന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അപാകങ്ങളുണ്ടെന്ന് കണ്ടതിനാലാകണമല്ലോ കരാര്‍ റദ്ദാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം തങ്ങള്‍ മുന്‍കൈ എടുത്ത് പ്രഖ്യാപിച്ചതല്ലെന്നും സുനില്‍ എന്നയാളുടെ പരാതി പരിഗണിച്ച് കോടതി ഉത്തരവിട്ടതനുസരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്നുമാണ് വി എസ് സര്‍ക്കാറില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എളമരം കരീം പറയുന്നത്. അപാകങ്ങളുണ്ടെന്ന് കണ്ടെത്തി കരാര്‍ റദ്ദാക്കിയ ശേഷവും അന്വേഷണം നടത്തുന്നതില്‍ അന്നത്തെ സര്‍ക്കാറിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. വിജിലന്‍സ് മതിയാകില്ലെന്ന് തോന്നിയതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്ന് സംസ്ഥാന മന്ത്രിസഭ രണ്ട് തവണ ആവശ്യപ്പെട്ടുവെന്നും കരീം വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചില്ല എന്നതിനാല്‍ സി ബി ഐ അന്വേഷണമുണ്ടായില്ലെന്നും. വി എസ് സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും സി ബി ഐ അന്വേഷണമുണ്ടായില്ലെന്ന വിശ്വാസം ഈ വാദം സൃഷ്ടിക്കുന്നതേയില്ല. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തെ എതിര്‍ക്കുന്ന നിലപാട് സി പി എമ്മും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ടൈറ്റാനിയം കേസില്‍ സി ബി ഐ അന്വേഷണത്തിന് വേണ്ടി സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമായിരുന്നില്ല എന്നതാകണം പരമാര്‍ഥം. 


അഞ്ചാണ്ട് കൂടുമ്പോള്‍ അധികാരം മാറുന്നത് പതിവായത് നയനിലപാടുകളുടെ കാര്യത്തില്‍ മുന്നണികളില്‍ ഏകരൂപമുണ്ടാകാന്‍ കാരണമായിട്ടുണ്ട്. അഴിമതിയുടെയും ക്രമക്കേടുകളുടെയും കാര്യത്തില്‍ പരസ്പരസഹായസഹകരണ മനോഭാവം വളരാനും അഞ്ചാണ്ടില്‍ അധികാരം മാറുന്ന പതിവ് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ സഹായസഹകരണ മനോഭാവം വലിയ തോതില്‍ വളര്‍ന്നിട്ടില്ലെങ്കിലും ഭരണ സംവിധാനത്തില്‍, പ്രത്യേകിച്ച് ഉദ്യോഗസ്ഥരില്‍ അത് സുദൃഢമാണ്. ഇപ്പോള്‍ ആരോപണവിധേയനായ നേതാവ് അടുത്ത തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയോ ഭീതിയോ ഉദ്യോഗസ്ഥരെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ് അഴിമതിക്കേസുകളിലെല്ലാം അന്വേഷണം ഇഴയുന്നത്. നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടുന്നത്. 


2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ടൈറ്റാനിയം പദ്ധതിയിലെ അപാകങ്ങള്‍ ആ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതുവരെ ആരും പരാതികള്‍ നല്‍കിയിരുന്നില്ലെന്നാണ് ഇതിന് ഇളമരം കരീം നല്‍കുന്ന വിശദീകരണം. 2006ല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച ഒരു പരാതി തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ആണയിടുന്നു. ഭാവിയിലെ സാധ്യതകളോ സംഭവിക്കാവുന്ന അപകടങ്ങളോ മുന്‍കൂട്ടിക്കാണുന്ന ഉദ്യോഗസ്ഥരുണ്ടായതു കൊണ്ടാണ് ഈ  പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യവസായ മന്ത്രിയുടെ ഓഫീസില്‍ എത്താതിരുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇത് ഉദ്യോഗസ്ഥരുടെ മാത്രം താത്പര്യമായിരുന്നോ എന്നതിലേ സംശയമുള്ളൂ. 


ഇതെല്ലാം മറികടന്ന് ടൈറ്റാനിയം കേസ് ഇത്രയും ദൂരമെത്തിയ സ്ഥിതിക്ക് പാമോലിന്‍ പോലെ ദശകങ്ങളുടെ യാത്ര ആശംസിക്കാന്‍ മടിക്കേണ്ടതില്ല. അതിനിടയിലൊരിക്കലും യഥാര്‍ഥത്തില്‍ നടന്നത് എന്ത് എന്നതില്‍ വ്യക്തത പ്രതീക്ഷിക്കേണ്ടതുമില്ല. ഇരു മുന്നണികളുടെയും നേതാക്കള്‍ തങ്ങളുടെ ഭാഗം മാത്രം വാദിക്കുകയും ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്യും. ഇറക്കുമതി ചെയ്ത 62 കോടിയുടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ ആ മാലിന്യം എങ്ങനെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ച് ചര്‍ച്ചകളുണ്ടാകും. അപ്പോഴും സംഗതികളുടെ നിറം കെടാതെ സൂക്ഷിക്കാന്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉത്പാദനം തുടരുന്നുണ്ടാകും. 


റോഡരികില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നതുള്‍പ്പെടെ മുന്‍കാലത്ത് ഉന്നയിക്കപ്പെട്ടതോ പുതുതായി ഉന്നയിക്കപ്പെടാന്‍ പോകുന്നതോ ആയ അഴിമതി ആരോപണങ്ങളുടെ കാര്യത്തിലായാലും സ്ഥിതി ഭിന്നമാകില്ല.  ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് ചക്ക വീണപ്പോള്‍ മുയല്‍ ചത്ത യാദൃച്ഛികത മാത്രമെന്ന് കണക്കാക്കിയാല്‍ മതി. ഒന്നേ ആവശ്യമുള്ളൂ, സംഗതികളുടെ നിറം കെട്ടുപോകരുത്. നിറം കെട്ടാല്‍ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ അധികാരമാറ്റമെന്ന ചാക്രികപ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത ഏറെയാണ്.

2011-10-13

ചില വലുപ്പച്ചെറുപ്പങ്ങള്‍
ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നു. രണ്ട് ഘട്ടമായുള്ള നിരാഹാര സമരത്തിന് ശേഷം അന്നാ ഹസാരെ സംഘം തിരഞ്ഞെടുപ്പ് പോരാട്ട വേദിയിലേക്ക് ലോക്പാലിനെ കൊണ്ടുവരാന്‍ നിശ്ചയിച്ച അന്നാ ഹസാരെ സംഘം ഹരിയാനയിലെ ഹിസാര്‍ ലോക് സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഹിസാറില്‍ കോണ്‍ഗ്രസ് വിജയിക്കുക എന്നത് പ്രയാസമാണ്. അന്നാ സംഘത്തിന്റെ പ്രചാരണം ഉന്തിന്റെ കൂടി ഒരു തള്ള് കൂടിയാകുന്നുവെന്ന് മാത്രം. ഏത് സാഹചര്യത്തിലായാലും തിരഞ്ഞെടുപ്പ് ഫലം ലോക് പാലിനെ സംബന്ധിച്ച വിധിയെഴുത്തായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ആര്‍ എസ് എസ്സിന്റെ പിന്തുണയോടെ അന്നാ ഹസാരെ നടത്തിയ സമരം സൃഷ്ടിച്ചതായി പറയപ്പെടുന്ന അനുകൂല രാഷ്ട്രീയ കാലാവസ്ഥ കൂടുതല്‍ അനുകൂലമാക്കുക എന്ന ഉദ്ദേശ്യത്തോടെ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചിരിക്കുന്നു. അഴിമതിക്കാരെയും കള്ളപ്പണക്കാരെയും തുറന്ന് കാട്ടുക എന്നതാണ് മുഖ്യ ഉദ്ദേശ്യമെന്ന് 'ലോഹപുരുഷ'ന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. 


ടെലികോമില്‍ തുടങ്ങി ആദര്‍ശിലൂടെയും കോമണ്‍ വെല്‍ത്ത് ഗെയിംസിലൂടെയും തുടര്‍ന്ന് കൃഷ്ണ ഗോദാവരി ബേസിനിലും ആന്‍ട്രിക്‌സ് കോര്‍പ്പറേഷനിലുമെത്തി നില്‍ക്കുന്ന അഴിമതി ആരോപണങ്ങളുടെ വലിയ സമുദ്രം കലക്കാനാണ്് അന്നാ ഹസാരെയും എല്‍ കെ അഡ്വാനിയും ശ്രമിക്കുന്നത്. ഇതിലൂടെ അഴിമതിയുടെ വേരറുക്കുമെന്നും സംശുദ്ധ ഭരണ സമ്പ്രദായം നിലവില്‍ വരുത്തുമെന്നും ഇരുവരും അവകാശപ്പെടുന്നു. കോടികളുടെ വലിയ കഥകള്‍ക്കിടയില്‍ അപ്രസക്തമാകുന്ന ചെറിയ കഥകളുണ്ട് നമ്മുടെ ദൈനം ദിന ജിവീതത്തില്‍. അതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഗാന്ധിയനും ലോഹപുരുഷനും നടത്തുന്ന പ്രഹസനങ്ങളുടെ കാതല്‍ കുറേക്കൂടി പുറത്തുവന്നേക്കാം. 


റെയില്‍വേ ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചിട്ട് കാലം അധികമായില്ല. റിസര്‍വേഷന്‍ ടിക്കറ്റുകളാണ് ആദ്യം സ്വകാര്യ മേഖലക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്. പിന്നീട് പ്രതിദിന ടിക്കറ്റുകളുടെ വില്‍പ്പനയിലും സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ടിക്കറ്റ് റിസര്‍വേഷന് ലൈസന്‍സ് ലഭിച്ച സ്വകാര്യ ഏജന്‍സി ഇവിടെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ ആര്‍ സി ടി സി) വെബ് സൈറ്റിലൂടെയാണ്. കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിന് സേവന ഫീസായി പത്ത് രൂപ നല്‍കണം. സ്വകാര്യ ഏജന്‍സിയുടെ സര്‍വീസ് ചാര്‍ജ് സെക്കന്‍ഡ് ക്ലാസ്സിലെ ടിക്കറ്റിന് പത്ത് രൂപയും ഉയര്‍ന്ന ക്ലാസ്സുകളിലേതിന് 20 രൂപയും. ഇതാണ് അംഗീകൃത രീതി. 100 രൂപയാണ് രണ്ടാം ക്ലാസ്സ് റിസര്‍വേഷന്‍ ടിക്കറ്റിന്റെ നിരക്കെങ്കില്‍ കോര്‍പ്പറേഷന്റെയും സ്വകാര്യ ഏജന്‍സിയുടെയും സേവന ഫീസ് കൂടി ഉള്‍പ്പെടുത്തി 120 രൂപ നല്‍കണം. റെയില്‍വേ സ്റ്റേഷനിലെ കൗണ്ടറിന് മുന്നില്‍ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാകുമെന്നതാണ് യാത്രക്കാരനുള്ള സൗകര്യം. 


ഇത്തരമൊരു സ്വകാര്യ കേന്ദ്രത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ചെന്നാല്‍ സ്വകാര്യ ഏജന്‍സി തങ്ങളുടെ കമ്മീഷനായി ഈടാക്കുന്നത് 20 രൂപയായിരിക്കും. നിയമപ്രകാരം ഈടാക്കാവുന്നിന്റെ ഇരട്ടി. ഏജന്‍സിക്ക് വാങ്ങാവുന്ന കമ്മീഷന്‍ തുക രണ്ടാം ക്ലാസ് ടിക്കറ്റിന് 10 രൂപയും ഉയര്‍ന്ന ക്ലാസ്സിന് 20 രൂപയുമാണെന്ന് നിങ്ങള്‍ക്ക് നല്‍കുന്ന ടിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാല്‍ ഏജന്‍സി ഉടമ ആദ്യം പറയുക ഇത് ഐ ആര്‍ സി ടി സിക്കുള്ള സേവന ചാര്‍ജാണെന്നും തങ്ങളുടെ പത്ത് രൂപ വേറെ വേണമെന്നുമായിരിക്കും. ഒരുമാതിരിപ്പെട്ട യാത്രക്കാരൊക്കെ ഇത് വിശ്വസിക്കും. എന്നാല്‍ ടിക്കറ്റ് വിശദമായി പരിശോധിക്കാന്‍ തയ്യാറാകുന്നയാളിന് ഐ ആര്‍ സി ടി സിയുടെ സര്‍വീസ് ചാര്‍ജ് ഈടാക്കിക്കഴിഞ്ഞ ശേഷമാണ് സ്വകാര്യ ഏജന്‍സി ഇരട്ടിത്തുക ചോദിക്കുന്നത് എന്ന് മനസ്സിലാകും. ഇത് ചോദിച്ചാല്‍  ടിക്കറ്റ് പ്രിന്റെടുക്കുന്നതടക്കമുള്ള ചെലവ് താങ്ങാനാകില്ലെന്നും അതിനാലാണ് പത്ത് രൂപ അധികം വാങ്ങുന്നതെന്നും മറുപടി ലഭിക്കും. ഇങ്ങനെ അധികം വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞാല്‍ കശപിശയാകും ഫലം. സ്വകാര്യ ഏജന്‍സി ടിക്കറ്റ് റദ്ദാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അധികമാളുകളും തര്‍ക്കത്തിന് നില്‍ക്കാതെ പറഞ്ഞ പണം കൊടുത്ത് മടങ്ങും. 


യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചത്. എന്നാല്‍ പ്രാബല്യത്തിലായതോ ചൂഷണവും. ഒരു ടിക്കറ്റിന് പത്ത് രൂപ അധികം നല്‍കുമ്പോള്‍ യാത്രക്കാരന് വലിയ ബാധ്യതയായി തോന്നില്ല. ഇത്തരത്തില്‍ നൂറോ ഇരുന്നൂറോ അഞ്ഞൂറോ ടിക്കറ്റുകള്‍ ഒരു ദിവസം റിസര്‍വ് ചെയ്യുന്നുണ്ടാകും. സ്വകാര്യ ഏജന്‍സി അനര്‍ഹമായി പിഴിഞ്ഞെടുക്കുന്നത് ആയിരമോ രണ്ടായിരമോ അയ്യായിരമോ ഒക്കെയാകും. ഇത്തരമൊരു ഏജന്‍സിയെക്കുറിച്ച് പരാതി നല്‍കാമെന്ന് വെച്ചാല്‍ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ്. പ്രതിദിനം ആയിരം രൂപ അനധികൃതമായി സമ്പാദിക്കുന്ന ഏജന്‍സി അതിലൊരു വിഹിതം റെയില്‍വേയിലെ വേണ്ടപ്പെട്ടവര്‍ക്കായി നീക്കിവെക്കുന്നുണ്ടാകും. അത് കൃത്യമായി ചെല്ലുന്നതുകൊണ്ട് പരാതികള്‍ ചവറ്റുകുട്ടയിലേക്ക് എറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയുണ്ടാകില്ല.


കഴിഞ്ഞ ദിവസം ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ ചോദ്യം ചെയ്തു. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പറഞ്ഞു. തന്റെ പൂര്‍ണ വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ള വിസിറ്റിംഗ് കാര്‍ഡ് എടുത്തുനീട്ടിയിട്ട് പോയി പരാതിപ്പെടാന്‍ ധിക്കാരത്തോടെ പറഞ്ഞു സ്വകാര്യ ഏജന്‍സി ഉടമ. താന്‍ അനധികൃതമായി ഈടാക്കുന്ന പണത്തിന്റെ വിഹിതം ഉദ്യോഗസ്ഥരുടെ പക്കല്‍ പതിവായി എത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പരാതിപ്പെട്ടാല്‍ നടപടിയുണ്ടാവില്ലെന്ന് ഉറപ്പാണെന്നും ഇതിലും പരസ്യമായി ഏജന്‍സിയുടമക്ക് പറയാനാകില്ല. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന, ഉപഭോക്തൃ സംരക്ഷണത്തിന് നിയമപരമായ സംവിധാനങ്ങളുള്ള, ചോദ്യം ചെയ്യാന്‍ സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലാണിത് ഒരു തടസ്സവുമില്ലാതെ ഈ ചൂഷണവും അതിന്റെ നിലനില്‍പ്പിന് ആധാരമായ അഴിമതിയും അരങ്ങേറുന്നത്. രാജ്യത്തെ ഇതര സ്ഥലങ്ങളിലെ സ്ഥിതിയെന്തായിരിക്കും? 


ഇതേ ഏജന്‍സികള്‍ തന്നെ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതും പതിവാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഏജന്‍സികള്‍ക്ക് അവരുടെ പേരുപയോഗിച്ച് ഒരു മാസത്തില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം നിജപ്പെടുത്തി റെയില്‍വേ ഉത്തരവിറക്കി. പല പേരുകളില്‍ ഐ ആര്‍ സി ടി സിയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്ന പതിവ് നിര്‍ബാധം തുടരുന്നു. ഇതും ഉദ്യോഗസ്ഥര്‍ക്ക് അറിയാതെയല്ല. പക്ഷേ, മാസമാസം കൃത്യമായി ലഭിക്കുന്ന കോഴപ്പണം നടപടികളില്‍ നിന്ന് വിലക്കുമെന്ന് മാത്രം. സാധാരണക്കാരാന്‍ ചൂഷണത്തിന് ഇരയാകുകയും ചൂഷണോപാധി അഴിമതിയാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നിരവധിയായ മേഖലകളില്‍ ഒന്നുമാത്രമാണിത്. ഏത് ലോക് പാല്‍ വന്നാലാണ് ഈ അഴിമതി തടയാനാകുക എന്ന് സത്യഗ്രഹവും രഥയാത്രയും നടത്തുന്നവര്‍ പറയണം. അഴിമതി ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടിയെടുത്തുവെന്നും ആരോപണ വിധേയരായ ഉന്നതരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഇച്ഛാശക്തി കാട്ടിയെന്നും അവകാശപ്പെടുന്നവരും മറുപടി പറയണം. 


ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചതിലൂടെ ചൂഷണത്തിന്റെ വ്യാപ്തിയും അഴിമതിയുടെ വലുപ്പവും വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ചൂഷണം ചെയ്യപ്പെടുന്നുവെന്ന തിരിച്ചറിവോടെയാണെങ്കിലും സമയ ലാഭത്തിന്റെ കണക്കില്‍ അത് അവഗണിക്കുകയാണ് ഉപഭോക്താവ്. ഏതാണ്ട് ഇതേ രീതിയാണ് എല്ലാ മേഖലയിലും നിലനില്‍ക്കുന്നത്. ടെലികോം മേഖല സ്വകാര്യവത്കരിച്ചതിലൂടെ അവടെയും ചൂഷണത്തിന്റെ വ്യാപ്തിയും അഴിമതിയുടെ തോതും വര്‍ധിച്ചു. അതാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സിന്റെ കാര്യത്തിലൂടെ പുറത്തുവന്നത്. അതില്‍ തന്നെ ഏതൊക്കെ വിധത്തില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ല.  ഇനി സാധിക്കുമെങ്കില്‍ കൂടി അവര്‍ താത്പര്യം കാട്ടാന്‍ ഇടയില്ല. റിലയന്‍സില്‍ നിന്നോ ടാറ്റയില്‍ നിന്നോ ലഭിക്കാനിടയുള്ള കോഴയുടെ തോത് അത്രത്തോളം വലുതാണ്. അതുകൊണ്ടാണ് അനില്‍ അംബാനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അന്വേഷണ ഏജന്‍സി തയ്യാറായത്. 


കൃഷ്ണ ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനത്തിന്റെ കാര്യത്തിലായാലും വിക്ഷേപിക്കാന്‍ പോകുന്ന ഉപഗ്രഹത്തിന്റെ ബാന്‍ഡ്‌വിഡ്ത് കുറഞ്ഞ തുകക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കരാറൊപ്പിട്ട ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ കാര്യത്തിലായാലും നടന്നതും നടക്കുന്നതും ഇത് തന്നെയാണ്. എന്ത് ചൂഷണത്തിലൂടെയും ലാഭം വര്‍ധിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍, കോഴിക്കോട്ടെ ടിക്കറ്റ് റിസര്‍വേഷന്‍ ഏജന്‍സി മുതല്‍ അംബാനിയുടെ ടെലികോം കമ്പനി വരെ, ശ്രമിക്കുന്നു. അതിന് അരു നില്‍ക്കുന്നവര്‍ക്കെല്ലാം കോഴയുടെ പങ്ക് ലഭിക്കുന്നു. 


അഴിമതി തടഞ്ഞ് സംശുദ്ധ ഭരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രഥയാത്ര നടത്തുന്ന ദേശീയ വാദി നേതാവ് സ്വകാര്യവത്കരണ നയങ്ങളെ തള്ളിപ്പറയുമോ? അഴിമതിക്ക് കളമൊരുക്കാന്‍ പാകത്തിന് തയ്യാറാക്കുന്ന നയങ്ങള്‍ പൊളിച്ചെഴുതാന്‍ തയ്യാറാകുമോ? രോഗത്തിനല്ല രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സക്ക് വേണ്ടിയാണ് വാദിക്കുന്നത്. അതില്‍ അഡ്വാനിയെന്നോ അന്നാ ഹസാരെയെന്നോ ഭേദമില്ല. അഴിമതി പെരുകാനും കള്ളപ്പണത്തിന്റെ ഉത്പാദനവും കടത്തലും സ്വതന്ത്രമായി നടത്താനും പാകത്തില്‍ എല്ലാം തയ്യാറാക്കി നിര്‍ത്തിയ ഡോ. മന്‍മോഹന്‍ സംഗിനും കൂട്ടര്‍ക്കും താത്പര്യം ലക്ഷണങ്ങളെ ചികിത്സിക്കാനാകും. അതുകൊണ്ടാണ് അവര്‍ എ രാജയില്‍ തുടങ്ങിയ പട്ടിക ദയാനിധി മാരനില്‍ അവസാനിക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാട്ടുന്നത്. കോമണ്‍വെല്‍ത്തില്‍ സുരേഷ് കല്‍മാഡിക്കപ്പുറത്ത് ആര്‍ക്കും ഉത്തരവാദിത്വമില്ലാത്തതും അതുകൊണ്ടാണ്. 


ചെറിയ ചൂഷണങ്ങള്‍ സഹിക്കുകയും അതിന് പിറകിലെ അഴിമതിയെ അറിഞ്ഞുകൊണ്ട് അനുവദിക്കുകയും ചെയ്യുന്ന ഒരു ജനത ഇപ്പോഴത്തെ അഴിമതിക്കഥകളെ വൈകാതെ മറക്കുമെന്ന് ഇവരെല്ലാം പ്രതീക്ഷിക്കുന്നു. ആ മറവിക്കുള്ള മരുന്ന് മാത്രമാണ് ലോക് പാലിന്റെ പേരില്‍ നടക്കുന്ന വാദ പ്രതിവാദങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും. അതില്‍ ഓരോരുത്തരും തങ്ങളുടെ പങ്ക് സമര്‍ഥമായി അഭിനയിക്കുന്നുവെന്ന് മാത്രം.