ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നു. രണ്ട് ഘട്ടമായുള്ള നിരാഹാര സമരത്തിന് ശേഷം അന്നാ ഹസാരെ സംഘം തിരഞ്ഞെടുപ്പ് പോരാട്ട വേദിയിലേക്ക് ലോക്പാലിനെ കൊണ്ടുവരാന്‍ നിശ്ചയിച്ച അന്നാ ഹസാരെ സംഘം ഹരിയാനയിലെ ഹിസാര്‍ ലോക് സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഹിസാറില്‍ കോണ്‍ഗ്രസ് വിജയിക്കുക എന്നത് പ്രയാസമാണ്. അന്നാ സംഘത്തിന്റെ പ്രചാരണം ഉന്തിന്റെ കൂടി ഒരു തള്ള് കൂടിയാകുന്നുവെന്ന് മാത്രം. ഏത് സാഹചര്യത്തിലായാലും തിരഞ്ഞെടുപ്പ് ഫലം ലോക് പാലിനെ സംബന്ധിച്ച വിധിയെഴുത്തായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ആര്‍ എസ് എസ്സിന്റെ പിന്തുണയോടെ അന്നാ ഹസാരെ നടത്തിയ സമരം സൃഷ്ടിച്ചതായി പറയപ്പെടുന്ന അനുകൂല രാഷ്ട്രീയ കാലാവസ്ഥ കൂടുതല്‍ അനുകൂലമാക്കുക എന്ന ഉദ്ദേശ്യത്തോടെ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചിരിക്കുന്നു. അഴിമതിക്കാരെയും കള്ളപ്പണക്കാരെയും തുറന്ന് കാട്ടുക എന്നതാണ് മുഖ്യ ഉദ്ദേശ്യമെന്ന് 'ലോഹപുരുഷ'ന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ടെലികോമില്‍ തുടങ്ങി ആദര്‍ശിലൂടെയും കോമണ്‍ വെല്‍ത്ത് ഗെയിംസിലൂടെയും തുടര്‍ന്ന് കൃഷ്ണ ഗോദാവരി ബേസിനിലും ആന്‍ട്രിക്‌സ് കോര്‍പ്പറേഷനിലുമെത്തി നില്‍ക്കുന്ന അഴിമതി ആരോപണങ്ങളുടെ വലിയ സമുദ്രം കലക്കാനാണ്് അന്നാ ഹസാരെയും എല്‍ കെ അഡ്വാനിയും ശ്രമിക്കുന്നത്. ഇതിലൂടെ അഴിമതിയുടെ വേരറുക്കുമെന്നും സംശുദ്ധ ഭരണ സമ്പ്രദായം നിലവില്‍ വരുത്തുമെന്നും ഇരുവരും അവകാശപ്പെടുന്നു. കോടികളുടെ വലിയ കഥകള്‍ക്കിടയില്‍ അപ്രസക്തമാകുന്ന ചെറിയ കഥകളുണ്ട് നമ്മുടെ ദൈനം ദിന ജിവീതത്തില്‍. അതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഗാന്ധിയനും ലോഹപുരുഷനും നടത്തുന്ന പ്രഹസനങ്ങളുടെ കാതല്‍ കുറേക്കൂടി പുറത്തുവന്നേക്കാം.
റെയില്‍വേ ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചിട്ട് കാലം അധികമായില്ല. റിസര്‍വേഷന്‍ ടിക്കറ്റുകളാണ് ആദ്യം സ്വകാര്യ മേഖലക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്. പിന്നീട് പ്രതിദിന ടിക്കറ്റുകളുടെ വില്‍പ്പനയിലും സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ടിക്കറ്റ് റിസര്‍വേഷന് ലൈസന്‍സ് ലഭിച്ച സ്വകാര്യ ഏജന്‍സി ഇവിടെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ ആര്‍ സി ടി സി) വെബ് സൈറ്റിലൂടെയാണ്. കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിന് സേവന ഫീസായി പത്ത് രൂപ നല്‍കണം. സ്വകാര്യ ഏജന്‍സിയുടെ സര്‍വീസ് ചാര്‍ജ് സെക്കന്‍ഡ് ക്ലാസ്സിലെ ടിക്കറ്റിന് പത്ത് രൂപയും ഉയര്‍ന്ന ക്ലാസ്സുകളിലേതിന് 20 രൂപയും. ഇതാണ് അംഗീകൃത രീതി. 100 രൂപയാണ് രണ്ടാം ക്ലാസ്സ് റിസര്‍വേഷന്‍ ടിക്കറ്റിന്റെ നിരക്കെങ്കില്‍ കോര്‍പ്പറേഷന്റെയും സ്വകാര്യ ഏജന്‍സിയുടെയും സേവന ഫീസ് കൂടി ഉള്‍പ്പെടുത്തി 120 രൂപ നല്‍കണം. റെയില്‍വേ സ്റ്റേഷനിലെ കൗണ്ടറിന് മുന്നില്‍ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാകുമെന്നതാണ് യാത്രക്കാരനുള്ള സൗകര്യം.
ഇത്തരമൊരു സ്വകാര്യ കേന്ദ്രത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ചെന്നാല്‍ സ്വകാര്യ ഏജന്‍സി തങ്ങളുടെ കമ്മീഷനായി ഈടാക്കുന്നത് 20 രൂപയായിരിക്കും. നിയമപ്രകാരം ഈടാക്കാവുന്നിന്റെ ഇരട്ടി. ഏജന്‍സിക്ക് വാങ്ങാവുന്ന കമ്മീഷന്‍ തുക രണ്ടാം ക്ലാസ് ടിക്കറ്റിന് 10 രൂപയും ഉയര്‍ന്ന ക്ലാസ്സിന് 20 രൂപയുമാണെന്ന് നിങ്ങള്‍ക്ക് നല്‍കുന്ന ടിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാല്‍ ഏജന്‍സി ഉടമ ആദ്യം പറയുക ഇത് ഐ ആര്‍ സി ടി സിക്കുള്ള സേവന ചാര്‍ജാണെന്നും തങ്ങളുടെ പത്ത് രൂപ വേറെ വേണമെന്നുമായിരിക്കും. ഒരുമാതിരിപ്പെട്ട യാത്രക്കാരൊക്കെ ഇത് വിശ്വസിക്കും. എന്നാല്‍ ടിക്കറ്റ് വിശദമായി പരിശോധിക്കാന്‍ തയ്യാറാകുന്നയാളിന് ഐ ആര്‍ സി ടി സിയുടെ സര്‍വീസ് ചാര്‍ജ് ഈടാക്കിക്കഴിഞ്ഞ ശേഷമാണ് സ്വകാര്യ ഏജന്‍സി ഇരട്ടിത്തുക ചോദിക്കുന്നത് എന്ന് മനസ്സിലാകും. ഇത് ചോദിച്ചാല്‍ ടിക്കറ്റ് പ്രിന്റെടുക്കുന്നതടക്കമുള്ള ചെലവ് താങ്ങാനാകില്ലെന്നും അതിനാലാണ് പത്ത് രൂപ അധികം വാങ്ങുന്നതെന്നും മറുപടി ലഭിക്കും. ഇങ്ങനെ അധികം വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞാല്‍ കശപിശയാകും ഫലം. സ്വകാര്യ ഏജന്‍സി ടിക്കറ്റ് റദ്ദാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അധികമാളുകളും തര്‍ക്കത്തിന് നില്‍ക്കാതെ പറഞ്ഞ പണം കൊടുത്ത് മടങ്ങും.
യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചത്. എന്നാല്‍ പ്രാബല്യത്തിലായതോ ചൂഷണവും. ഒരു ടിക്കറ്റിന് പത്ത് രൂപ അധികം നല്‍കുമ്പോള്‍ യാത്രക്കാരന് വലിയ ബാധ്യതയായി തോന്നില്ല. ഇത്തരത്തില്‍ നൂറോ ഇരുന്നൂറോ അഞ്ഞൂറോ ടിക്കറ്റുകള്‍ ഒരു ദിവസം റിസര്‍വ് ചെയ്യുന്നുണ്ടാകും. സ്വകാര്യ ഏജന്‍സി അനര്‍ഹമായി പിഴിഞ്ഞെടുക്കുന്നത് ആയിരമോ രണ്ടായിരമോ അയ്യായിരമോ ഒക്കെയാകും. ഇത്തരമൊരു ഏജന്‍സിയെക്കുറിച്ച് പരാതി നല്‍കാമെന്ന് വെച്ചാല്‍ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ്. പ്രതിദിനം ആയിരം രൂപ അനധികൃതമായി സമ്പാദിക്കുന്ന ഏജന്‍സി അതിലൊരു വിഹിതം റെയില്‍വേയിലെ വേണ്ടപ്പെട്ടവര്‍ക്കായി നീക്കിവെക്കുന്നുണ്ടാകും. അത് കൃത്യമായി ചെല്ലുന്നതുകൊണ്ട് പരാതികള്‍ ചവറ്റുകുട്ടയിലേക്ക് എറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയുണ്ടാകില്ല.
കഴിഞ്ഞ ദിവസം ഇത്തരമൊരു അനുഭവമുണ്ടായപ്പോള്‍ ചോദ്യം ചെയ്തു. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പറഞ്ഞു. തന്റെ പൂര്‍ണ വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ള വിസിറ്റിംഗ് കാര്‍ഡ് എടുത്തുനീട്ടിയിട്ട് പോയി പരാതിപ്പെടാന്‍ ധിക്കാരത്തോടെ പറഞ്ഞു സ്വകാര്യ ഏജന്‍സി ഉടമ. താന്‍ അനധികൃതമായി ഈടാക്കുന്ന പണത്തിന്റെ വിഹിതം ഉദ്യോഗസ്ഥരുടെ പക്കല്‍ പതിവായി എത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പരാതിപ്പെട്ടാല്‍ നടപടിയുണ്ടാവില്ലെന്ന് ഉറപ്പാണെന്നും ഇതിലും പരസ്യമായി ഏജന്‍സിയുടമക്ക് പറയാനാകില്ല. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന, ഉപഭോക്തൃ സംരക്ഷണത്തിന് നിയമപരമായ സംവിധാനങ്ങളുള്ള, ചോദ്യം ചെയ്യാന്‍ സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലാണിത് ഒരു തടസ്സവുമില്ലാതെ ഈ ചൂഷണവും അതിന്റെ നിലനില്‍പ്പിന് ആധാരമായ അഴിമതിയും അരങ്ങേറുന്നത്. രാജ്യത്തെ ഇതര സ്ഥലങ്ങളിലെ സ്ഥിതിയെന്തായിരിക്കും?
ഇതേ ഏജന്‍സികള്‍ തന്നെ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതും പതിവാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഏജന്‍സികള്‍ക്ക് അവരുടെ പേരുപയോഗിച്ച് ഒരു മാസത്തില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം നിജപ്പെടുത്തി റെയില്‍വേ ഉത്തരവിറക്കി. പല പേരുകളില്‍ ഐ ആര്‍ സി ടി സിയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്ന പതിവ് നിര്‍ബാധം തുടരുന്നു. ഇതും ഉദ്യോഗസ്ഥര്‍ക്ക് അറിയാതെയല്ല. പക്ഷേ, മാസമാസം കൃത്യമായി ലഭിക്കുന്ന കോഴപ്പണം നടപടികളില്‍ നിന്ന് വിലക്കുമെന്ന് മാത്രം. സാധാരണക്കാരാന്‍ ചൂഷണത്തിന് ഇരയാകുകയും ചൂഷണോപാധി അഴിമതിയാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നിരവധിയായ മേഖലകളില്‍ ഒന്നുമാത്രമാണിത്. ഏത് ലോക് പാല്‍ വന്നാലാണ് ഈ അഴിമതി തടയാനാകുക എന്ന് സത്യഗ്രഹവും രഥയാത്രയും നടത്തുന്നവര്‍ പറയണം. അഴിമതി ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടിയെടുത്തുവെന്നും ആരോപണ വിധേയരായ ഉന്നതരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഇച്ഛാശക്തി കാട്ടിയെന്നും അവകാശപ്പെടുന്നവരും മറുപടി പറയണം.
ടിക്കറ്റിംഗ് സമ്പ്രദായം സ്വകാര്യവത്കരിച്ചതിലൂടെ ചൂഷണത്തിന്റെ വ്യാപ്തിയും അഴിമതിയുടെ വലുപ്പവും വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ചൂഷണം ചെയ്യപ്പെടുന്നുവെന്ന തിരിച്ചറിവോടെയാണെങ്കിലും സമയ ലാഭത്തിന്റെ കണക്കില്‍ അത് അവഗണിക്കുകയാണ് ഉപഭോക്താവ്. ഏതാണ്ട് ഇതേ രീതിയാണ് എല്ലാ മേഖലയിലും നിലനില്‍ക്കുന്നത്. ടെലികോം മേഖല സ്വകാര്യവത്കരിച്ചതിലൂടെ അവടെയും ചൂഷണത്തിന്റെ വ്യാപ്തിയും അഴിമതിയുടെ തോതും വര്‍ധിച്ചു. അതാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സിന്റെ കാര്യത്തിലൂടെ പുറത്തുവന്നത്. അതില്‍ തന്നെ ഏതൊക്കെ വിധത്തില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ല. ഇനി സാധിക്കുമെങ്കില്‍ കൂടി അവര്‍ താത്പര്യം കാട്ടാന്‍ ഇടയില്ല. റിലയന്‍സില്‍ നിന്നോ ടാറ്റയില്‍ നിന്നോ ലഭിക്കാനിടയുള്ള കോഴയുടെ തോത് അത്രത്തോളം വലുതാണ്. അതുകൊണ്ടാണ് അനില്‍ അംബാനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അന്വേഷണ ഏജന്‍സി തയ്യാറായത്.
കൃഷ്ണ ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനത്തിന്റെ കാര്യത്തിലായാലും വിക്ഷേപിക്കാന്‍ പോകുന്ന ഉപഗ്രഹത്തിന്റെ ബാന്‍ഡ്‌വിഡ്ത് കുറഞ്ഞ തുകക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കരാറൊപ്പിട്ട ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ കാര്യത്തിലായാലും നടന്നതും നടക്കുന്നതും ഇത് തന്നെയാണ്. എന്ത് ചൂഷണത്തിലൂടെയും ലാഭം വര്‍ധിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍, കോഴിക്കോട്ടെ ടിക്കറ്റ് റിസര്‍വേഷന്‍ ഏജന്‍സി മുതല്‍ അംബാനിയുടെ ടെലികോം കമ്പനി വരെ, ശ്രമിക്കുന്നു. അതിന് അരു നില്‍ക്കുന്നവര്‍ക്കെല്ലാം കോഴയുടെ പങ്ക് ലഭിക്കുന്നു.
അഴിമതി തടഞ്ഞ് സംശുദ്ധ ഭരണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രഥയാത്ര നടത്തുന്ന ദേശീയ വാദി നേതാവ് സ്വകാര്യവത്കരണ നയങ്ങളെ തള്ളിപ്പറയുമോ? അഴിമതിക്ക് കളമൊരുക്കാന്‍ പാകത്തിന് തയ്യാറാക്കുന്ന നയങ്ങള്‍ പൊളിച്ചെഴുതാന്‍ തയ്യാറാകുമോ? രോഗത്തിനല്ല രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സക്ക് വേണ്ടിയാണ് വാദിക്കുന്നത്. അതില്‍ അഡ്വാനിയെന്നോ അന്നാ ഹസാരെയെന്നോ ഭേദമില്ല. അഴിമതി പെരുകാനും കള്ളപ്പണത്തിന്റെ ഉത്പാദനവും കടത്തലും സ്വതന്ത്രമായി നടത്താനും പാകത്തില്‍ എല്ലാം തയ്യാറാക്കി നിര്‍ത്തിയ ഡോ. മന്‍മോഹന്‍ സംഗിനും കൂട്ടര്‍ക്കും താത്പര്യം ലക്ഷണങ്ങളെ ചികിത്സിക്കാനാകും. അതുകൊണ്ടാണ് അവര്‍ എ രാജയില്‍ തുടങ്ങിയ പട്ടിക ദയാനിധി മാരനില്‍ അവസാനിക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാട്ടുന്നത്. കോമണ്‍വെല്‍ത്തില്‍ സുരേഷ് കല്‍മാഡിക്കപ്പുറത്ത് ആര്‍ക്കും ഉത്തരവാദിത്വമില്ലാത്തതും അതുകൊണ്ടാണ്.
ചെറിയ ചൂഷണങ്ങള്‍ സഹിക്കുകയും അതിന് പിറകിലെ അഴിമതിയെ അറിഞ്ഞുകൊണ്ട് അനുവദിക്കുകയും ചെയ്യുന്ന ഒരു ജനത ഇപ്പോഴത്തെ അഴിമതിക്കഥകളെ വൈകാതെ മറക്കുമെന്ന് ഇവരെല്ലാം പ്രതീക്ഷിക്കുന്നു. ആ മറവിക്കുള്ള മരുന്ന് മാത്രമാണ് ലോക് പാലിന്റെ പേരില്‍ നടക്കുന്ന വാദ പ്രതിവാദങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും. അതില്‍ ഓരോരുത്തരും തങ്ങളുടെ പങ്ക് സമര്‍ഥമായി അഭിനയിക്കുന്നുവെന്ന് മാത്രം.
No comments:
Post a Comment