ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡി വൈ എഫ് ഐ) കണ്ണൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെ ലോക്‌സഭാംഗം കൂടിയായ എം ബി രാജേഷ് നടത്തിയ പ്രസംഗം ചര്‍ച്ചയായത് അതിന്റെ വ്യാഖ്യാനത്തെച്ചൊല്ലിയായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ലെന്നും കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കും വിധത്തില്‍ അവതരിപ്പിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയ രാജേഷ്, കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്‌ണ പിള്ള തുടങ്ങിയവരുടെ കാര്യങ്ങള്‍ പറഞ്ഞ് കൈയടി നേടാന്‍ ശ്രമിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്‌തു. ഇത്തരം വിഷയങ്ങളുണ്ടെങ്കിലും ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന നയപരമായ പ്രശ്‌നങ്ങള്‍ പഠിച്ച് നെല്ലും പതിരും തിരിച്ച് ജനമനസ്സുകളില്‍ എത്തിക്കുകയും അതിലൂടെ അവരില്‍ രാഷ്‌ട്രീയ മാറ്റം സൃഷ്‌ടിക്കുകയും ചെയ്യുന്നതിന് പ്രാമുഖ്യം നല്‍കണമെന്നാണ് രാജേഷ് ഉദ്ദേശിച്ചത്.
പക്ഷേ, കുഞ്ഞാലിക്കുട്ടി, ആര്‍ ബാലകൃഷ്‌ണ പിള്ള തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുന്നത് എളുപ്പത്തില്‍ കൈയടി നേടാനാണെന്ന പരാമര്‍ശം വി എസ് അച്യുതാനന്ദനു നേര്‍ക്കുള്ള ഒളിയമ്പായി വ്യാഖ്യാനിക്കപ്പെട്ടു. ഈ രണ്ട് പേരുടെ കാര്യത്തില്‍ വി എസ് അച്യുതാനന്ദനോളം താത്‌പര്യം സി പി എമ്മോ ആ പാര്‍ട്ടിയിലെ മറ്റ് നേതാക്കളോ കാണിക്കാതിരിക്കുന്ന പശ്ചാത്തലത്തില്‍ അത്തരമൊരു വ്യാഖ്യാനമുണ്ടായത് സ്വാഭാവികം മാത്രം.
വ്യാഖ്യാതാവോ വ്യാഖ്യാനം വലിയ വാര്‍ത്തയാക്കാന്‍ ശ്രമിച്ച മാധ്യമങ്ങളിലെ ഉന്നതസ്ഥാനീയരോ പ്രതീക്ഷിച്ച വിധത്തില്‍ ദിവസങ്ങള്‍ നീളുന്ന ഒരു ചൂടന്‍ ചര്‍ച്ചക്ക് അത് വഴിയൊരുക്കിയില്ലെന്നതാണ് പരമാര്‍ഥം. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്‌ണ പിള്ള പ്രശ്‌നങ്ങള്‍ കൈയടി നേടാനുള്ളതാണെന്ന് കരുതുന്നവര്‍ പരമ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചതോടെ വ്യാഖ്യാതാക്കളുടെ നിലപാട് ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്‌തു.
വ്യാഖ്യാനം മാറ്റി നിര്‍ത്തി പ്രസംഗത്തിന്റെ ഉള്ളടക്കമെടുക്കാം. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടന തയ്യാറാകുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ എം ബി രാജേഷിനെ സംബന്ധിച്ച് സ്വയം വിമര്‍ശം കൂടിയാണ്. കാരണം അദ്ദേഹം ഇപ്പോഴും ഡി വൈ എഫ് ഐയുടെ തലപ്പത്തുണ്ടെന്നത് തന്നെ. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് സംഘടനയെയും പ്രവര്‍ത്തകരെയും ഉത്തേജിപ്പിക്കാന്‍ സാധിച്ചില്ല എന്ന കുറ്റസമ്മതം കൂടിയാണ് രാജേഷ് നടത്തിയത്.
പനി, മരുന്നുക്ഷാമം, മരുന്ന് വില തുടങ്ങിയ പ്രശ്‌നങ്ങളെച്ചൊല്ലി നിയമസഭയില്‍ ഇടതുപക്ഷ എം എല്‍ എമാര്‍ നടത്തിയ പ്രകടനം മേല്‍ച്ചൊന്ന കുറ്റസമ്മതത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതായിരുന്നു. പനി ബാധിച്ച് മരിച്ചവരില്‍ ഏറെയും മദ്യപാനികളായിരുന്നുവെന്ന കേന്ദ്ര വിദഗ്‌ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ധരിച്ചതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്. മരിച്ചവരെ മദ്യപാനികളെന്ന് ആക്ഷേപിക്കുന്നതിലെ ഭരണകൂട ക്രൂരത തര്‍ക്കിക്കേണ്ട വിഷയം തന്നെയാണ്. ഇതിനിടയില്‍ മരുന്നിന്റെ വലിയ വില സംബന്ധിച്ച പരാമര്‍ശങ്ങള്‍ സഭയില്‍ നടന്നിരുന്നു. തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് 702 രൂപക്ക് ലഭിക്കുന്ന മരുന്ന് പുറത്തെ വിപണിയില്‍ ലഭിക്കുന്നത് പതിനായിരത്തിലേറെ രുപക്കാണെന്ന് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികള്‍ വിട്ടുനിന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇതേ പ്രശ്‌നം വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അന്നും ഇന്നും എം എല്‍ എയായ എ ഐ വൈ എഫ് നേതാവ് വി എസ് സുനില്‍കുമാറാണ് പ്രശ്‌നം സജീവമായി ഏറ്റെടുത്തിരുന്ന ഒരാള്‍. മറ്റൊന്ന് സി പി എം നേതാവ് എം വി ജയരാജനും. മരുന്നുകളുടെ ചില്ലറ വില്‍പ്പനക്കാരുടെ സംഘടനയുണ്ടാക്കി മൊത്ത വിതരണക്കാരുടെ സംഘടനയുടെ കളികള്‍ അവസാനിപ്പിക്കാനായിരുന്നു ജയരാജന്റെ നേതൃത്വത്തില്‍ സി പി എം ശ്രമിച്ചത്. സുനില്‍ കുമാറാകട്ടെ നിയമസഭക്കകത്തും പുറത്തും പരാതിയും നിവേദനവുമൊക്കെയായി നടന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സി പി എമ്മിന്റെ മുന്‍കൈയില്‍ ഏറ്റെടുത്ത വിഷയത്തില്‍ ഒന്നും സംഭവിച്ചില്ല എന്നത് ഇന്ന് വസ്‌തുതയായി മുന്നിലുണ്ട്. പാവപ്പെട്ട രോഗികളെ പിഴിയുന്ന കുത്തക കമ്പനികളെയും അവരുടെ മൊത്ത വിതരണ എജന്റുമാരെയും നിലക്ക് നിര്‍ത്താന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഡി വൈ എഫ് ഐ അടക്കമുള്ള യുവജന സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?
വ്യാപാരാധിഷ്‌ഠിത ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ലോക വ്യാപാര സംഘടനയുടെ നിബന്ധനകളും അതില്‍ വരുത്തിയ ഭേദഗതികളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് മരുന്നിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 702 രൂപക്ക് ലഭിക്കുന്ന മരുന്നിന് പുറത്തെ വിപണിയില്‍ പതിനായിരത്തിലേറെ രൂപ നല്‍കേണ്ടി വരുന്ന സാഹചര്യം അതുകൊണ്ടുണ്ടായതല്ല. ആര്‍ക്കും എന്തുമാകാമെന്ന അവസ്ഥ സംജാതമായതുകൊണ്ടാണ്. അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം പോലെ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രശ്‌നമാണിത്. പുതിയ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു പ്രചാരണ വിഷയമായി തിരഞ്ഞെടുത്ത് ജനകീയ പ്രതിരോധം സൃഷ്‌ടിക്കാന്‍ ഡി വൈ എഫ് ഐയോ മറ്റേതെങ്കിലും യുവജന സംഘടനകളോ തയ്യാറാകുമോ?
തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഇന്ന് മാത്രമല്ല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ വലിയ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് തകര്‍ന്ന റോഡുകളാണെന്ന് സി പി എം തന്നെ വിലയിരുത്തുകയും ചെയ്‌തു. ഇപ്പോള്‍ വീണ്ടും റോഡുകളാകെ തകര്‍ന്ന് തരിപ്പണമായപ്പോള്‍ മലബാറിലെ ചില പ്രദേശങ്ങളിലെങ്കിലും സാധാരണക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കുഴികള്‍ മണ്ണിട്ട് നികത്താന്‍ തയ്യാറായി. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ യൂനിറ്റ് കമ്മിറ്റിയുള്ള ഡി വൈ എഫ് ഐക്ക് എന്തുകൊണ്ട് ഇത്തരമൊരു പ്രതിഷേധത്തെ വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തെ ശ്രമദാന പ്രതിഷേധത്തിന് സംഘടനാ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നുവെങ്കില്‍ നാട്ടിലെ കുറച്ച് റോഡുകളിലെ കുഴികളെങ്കിലും മണ്ണിട്ട് തൂര്‍ക്കാമായിരുന്നു. അല്‍പ്പ ദിവസത്തേക്കെങ്കിലും നാട്ടുകാര്‍ക്ക് ഒരാശ്വാസമാകുകയും ചെയ്‌തേനെ. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മാത്രമല്ല അതിനോട് പ്രതികരിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ഇത്തരം സംഘടനകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടു നല്‍കിയതിനെത്തുടര്‍ന്ന് അടിക്കടി വില ഉയരുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവണ ലിറ്ററിന് 3.14 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ രാത്രിക്ക് രാത്രി ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം രേഖപ്പെടുത്താന്‍ മടി കാട്ടിയില്ല ഡി വൈ എഫ് ഐ. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി എന്‍ജിന്റെ മുന്നില്‍ പ്രതിഷേധത്തിന്റെ കനലിനിടയിലും അഭിമാനം സ്‌ഫുരിക്കുന്ന മുഖവുമായി യുവജന നേതാക്കള്‍ നില്‍ക്കുന്ന ചിത്രവും ദൃശ്യവും ജനങ്ങള്‍ക്ക് മുന്നിലെത്തി. മോട്ടോര്‍ വാഹന പണിമുടക്ക്, ഹര്‍ത്താല്‍, ആദായ നികുതി ഓഫീസിലേക്ക് (കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇതര ഓഫീസുകളിലേക്കുമാകാം) മാര്‍ച്ച് എന്നിവയോടെ പെട്രോള്‍ വില വര്‍ധനയിലുള്ള പ്രതിഷേധം അവസാനിച്ചു.
സമരം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കുന്ന അരാഷ്‌ട്രീയ വാദികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കിയതിനപ്പുറത്ത് യാതൊരു ആഘാതവും സൃഷ്‌ടിക്കപ്പെട്ടില്ല. വില ഉയര്‍ന്നു തുടരുന്നു. സമരങ്ങള്‍ അവസാനിക്കുകയും ചെയ്‌തു. ട്രെയിനുകളില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത് വില വര്‍ധനക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡി വൈ എഫ് ഐയെ പോലുള്ള യുവജന സംഘടനകള്‍ക്ക് സാധിക്കില്ലേ! അത്തരമൊരു സമരം സംഘടിപ്പിച്ച് വിജയിപ്പിക്കാന്‍ മാത്രമുള്ള സംഘടനാ ശേഷിയില്ലെങ്കില്‍ പിന്നെ സമരങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടും. അവിടെ അന്നാ ഹസാരെമാര്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുകയും ചെയ്യും.
രാജേഷിന്റെ പ്രസംഗത്തില്‍ കുറ്റസമ്മതത്തിന് പുറമെ ശ്രദ്ധേയമായത് ഡി വൈ എഫ് ഐ അംഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തിയെക്കുറിച്ചായിരുന്നു. സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കൊടിയും പിടിച്ച് മദ്യഷാപ്പിന് മൂന്നില്‍ വരി നിന്ന സംഭവം വരെയുണ്ടായെന്ന് രാജേഷ് തുറന്ന് പറഞ്ഞു. യുവാക്കളുടെ കര്‍മശേഷിയെ പുരോഗമനോന്മുഖമായി വളര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപവത്‌കരിച്ച സംഘടന ദയനീയമായ പരാജയമാണെന്ന് ഇതിലും ഭംഗിയായി പറയാന്‍ സാധിക്കില്ല. ആ പരാജയത്തിന് താനടക്കമുള്ള നേതാക്കള്‍ക്കുള്ള പങ്ക് സമ്മതിക്കാനും ഇതിലും ഉചിതമായ മാര്‍ഗമില്ല.
അംഗങ്ങള്‍ക്ക് സംഘടനയെയോ അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയോ കുറിച്ച് ബോധ്യമില്ലാതിരിക്കുമ്പോഴാണല്ലോ കൊടിയും പിടിച്ച് മദ്യഷാപ്പിന് മുന്നിലെ വരിയില്‍ അണിയാകുക. ഒന്നുകില്‍ ഇത്തരം കാര്യങ്ങള്‍ സംഘടനാ നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്തവര്‍ മറ്റ് കാരണങ്ങളാല്‍ സംഘടനയില്‍ അംഗങ്ങളായി. രണ്ടായാലും മോശം സംഘടനക്ക് തന്നെ. രാജേഷ് തുറന്നു പറഞ്ഞതുകൊണ്ട് ഡി വൈ എഫ് ഐയുടെ കാര്യം ജനമറിഞ്ഞു. യൂത്ത് കോണ്‍ഗ്രസൊഴികെ, മറ്റ് യുവജന സംഘടനകളിലും വലിയ മാറ്റത്തിന് സാധ്യതയില്ല. പി സി ചാക്കോ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനു ശേഷം വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച ചരിത്രം യൂത്ത് കോണ്‍ഗ്രസിനില്ല. അതുകൊണ്ട് അവിടെ ആരും ഒന്നും കാര്യമാക്കാനിടയില്ല, ഭാരവാഹി തര്‍ക്കമൊഴിച്ച്.
വി എസ് അച്യുതാനന്ദനെതിരായ ഒളിയമ്പെന്ന വ്യാഖ്യാനത്തില്‍ തട്ടി ചര്‍ച്ചകള്‍ വഴിമാറിപ്പോയി. അതിനപ്പുറത്ത് രാജേഷിന്റെ കുറ്റപ്പെടുത്തലും ആത്മവിമര്‍ശവും കുറേക്കൂടി ഭേദപ്പെട്ട ആശയ സംഘട്ടനത്തിന് വഴിയൊരുക്കേണ്ടതായിരുന്നു. ജനകീയ പ്രശ്‌നമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? അത് മുന്‍കാലത്ത് ഏതളവില്‍ ഏറ്റെടുത്തിരുന്നു? ഏത് ഘട്ടത്തിലാണ് മാന്ദ്യമുണ്ടായത്? മാന്ദ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടേ? ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന് കാരണമായ നയനിലപാടുകളെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്‌കരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെ? തുടങ്ങി നിരവധിയായ ചോദ്യ കോണുകള്‍ നിലനിന്നിരുന്നു. സ്വാശ്രയവും കല്ലേറും പോലീസിന്റെ കിരാത നടപടിയും മാത്രമായി അധികകാലം മുന്നോട്ടുപോകുക പ്രയാസമാണ്. ഇന്ധനവിലയില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലുകള്‍ ക്രമാതീതമായി ഉയരാനും സാധിക്കില്ല. അപ്പോള്‍ പുതിയ വഴികള്‍ വേണം. കുറ്റപ്പെടുത്തലിനും സ്വയം വിമര്‍ശത്തിനുമിടയില്‍ ഭാവനാ സമ്പത്ത് കൂടി അനിവാര്യം.
No comments:
Post a Comment