വരൂ, കാണൂ ഗുജറാത്തിനെ' എന്ന മട്ടില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി അഭിപ്രായപ്രകടനം നടത്തിയിട്ട് അധിക നാളായില്ല. കര്‍ഷകരും ദരിദ്രരും സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന പരാതികള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രവഹിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്ന് മാത്രം ഇത്തരം പരാതികളില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ നിന്ന് പരിശീലനം നേടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് സുപ്രീം കോടതിക്ക് മുന്നിലെത്തുന്ന പരാതികള്‍ പരിഗണിക്കുമ്പോള്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. എന്നാല്‍ സ്ഥിതിവിവരക്കണക്കുകളെ മാത്രം അധികരിച്ച് വിലയിരുത്താവുന്ന രാഷ്‌ട്രീയ, സാമൂഹിക സാഹചര്യമാണോ ഗുജറാത്തില്‍ നിലനില്‍ക്കുന്നത് എന്നത് കൂടി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ തന്നെ അത് ഉറക്കെപ്പറയാന്‍ തയ്യാറാകുമോ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ ഒരു ഭരണ സംവിധാനം നിലനില്‍ക്കുന്ന ഗുജറാത്തിലെ നിവാസികള്‍! എന്നിട്ടും പരാതികളും പ്രക്ഷോഭങ്ങളുമുണ്ടാകുന്നുണ്ട്. ബി ജെ പിയുടെ മുന്‍ നേതാവ് കനുഭായ് കല്‍സാരിയയുടെ നേതൃത്വത്തില്‍ മധുവയിലും മറ്റും നടക്കുന്നത് ഉദാഹരണമാണ്. സിംഗൂര്‍, നന്ദിഗ്രാം, നോയിഡ, ജഗത്‌സിംഗ്‌പൂര്‍, നിയാംഗിരി തുടങ്ങിയ സ്ഥലങ്ങളിലേതിന് ലഭിച്ചതുപോലുള്ള മാധ്യമ ശ്രദ്ധ ഇവക്ക് ലഭിക്കുന്നില്ല. നര്‍മദയില്‍ ഉയര്‍ന്ന അണക്കെട്ടുകളാല്‍ പറിച്ചെറിയപ്പെട്ട ആദിവാസികള്‍ നടത്തിയ ചെറിയ (വലിയ) സമരങ്ങളാണ് ഭൂമി രാഷ്‌ട്രീയത്തിന് സമകാലിക ഇന്ത്യയില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്തത് എന്ന് ബഹുമാനപ്പെട്ട ന്യായാധിപന്‍മാര്‍ ഓര്‍ത്തതുമില്ല.
ഇത്തരം ഓര്‍മയില്ലായ്‌മകളും നിയമതത്വങ്ങളുടെയും വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടുകളുടെയും ഏകകോണിലൂടെ വീക്ഷണവും നീതി നിഷേധത്തിന് കാരണമാകുന്നുണ്ടോ എന്ന സംശയം ശക്തമാണ്. ഗുജറാത്ത് വംശഹത്യക്കിടെ കൊടിയ കൂട്ടക്കൊല അരങ്ങേറിയ ഗുല്‍ബര്‍ഗ സൊസൈറ്റിക്കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഈ സംശയം ബലപ്പെടുത്തുന്നു. മോഡിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ല എന്ന് സുപ്രീം കോടതി വിധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അഹമ്മദാബാദിലെ വിചാരണക്കോടതിയാണെന്ന് പറയുകയാണ് ചെയ്‌തത്. നിയമപരമായ നടപടിക്രമം ഇതായിരിക്കാം. അതുകൊണ്ട് തന്നെ കുറ്റക്കാരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നിയമത്തിന് മുന്നില്‍ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. എങ്കിലും ചില സംശയങ്ങള്‍ ബാക്കിവെക്കുന്നുണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്.
കൊലക്കും കൊള്ളിവെപ്പിനും മുഖ്യമന്ത്രിയും മന്ത്രിമാരായിരുന്നവരും പോലീസിലേതുള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും എല്ലാ സഹായവും ചെയ്‌തുവെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് മുന്‍ എം പി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. നരേന്ദ്ര മോഡി ഉള്‍പ്പെടെ 63 ആളുകളുടെ പേര് പരാമര്‍ശിച്ച് സാകിയ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അവര്‍ കോടതികളെ സമീപിച്ചത്. ഒടുവില്‍ സുപ്രീം കോടതി സഹായത്തിനെത്തി. സാകിയയുടെ പരാതി അടിസ്ഥാനമുള്ളതാണോ എന്ന് കണ്ടെത്തുന്നതിന് സുപ്രീം കോടതി തന്നെ നേരത്തെ നിയോഗിച്ച ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. നരേന്ദ്ര മോഡിയടക്കമുള്ളവരെ ചോദ്യം ചെയ്‌ത ശേഷം പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ തൃപ്‌തി തോന്നാതിരുന്ന കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനെ വീണ്ടും പഠനത്തിന് നിയോഗിച്ചു.
പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാനും വേണ്ടിവന്നാല്‍ കേസുമായി ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്താനും രാജു രാമചന്ദ്രനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം ഇദ്ദേഹം സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് സാകിയയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷിക്കേണ്ടതുണ്ടോ എന്ന് നിശ്ചയിക്കേണ്ട ചുമതല വിചാരണക്കോടതിക്ക് വിട്ടിരിക്കുന്നത്.
2006ല്‍ സാകിയ ആരംഭിച്ച നിയമ പോരാട്ടം കറങ്ങിത്തിരിഞ്ഞ് അഹമ്മദാബാദിലെ വിചാരണക്കോടതിയില്‍ തിരിച്ചെത്തുമ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല എന്ന് സാരം.
ഇക്കാലത്തിനിടെ വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഗുജറാത്തില്‍ നിന്ന് പുറത്തുവന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ച ദിവസം വൈകിട്ട് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തിലുള്ള പാഠം മുസ്‌ലിംകളെ പഠിപ്പിക്കണമെന്നും മോഡി പറഞ്ഞതായി ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്‌ജീവ് ഭട്ട് വെളിപ്പെടുത്തി. ഈ വിവരം പൗരാവകാശ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയ മുന്‍ ആഭ്യന്തര സഹമന്ത്ര ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും അതില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്നും ആരോപണമുണ്ടായി. ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും പിന്നീട് തുള്‍സി റാം പ്രജാപതിയെയും കൊലപ്പെടുത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ചത് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി പറഞ്ഞു.
ഈ കൊലപാതകങ്ങളില്‍ മോഡി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്കും പുറത്തുവന്നു. മുന്‍ മന്ത്രി അമിത് ഷായും ഏതാനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും ചെയ്‌തു. വംശഹത്യ നടക്കുന്ന സമയത്ത് നരേന്ദ്ര മോഡിയും മന്ത്രിസഭയിലെ ചില അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. കൊലക്കും കൊള്ളിവെപ്പിനും നേരിട്ട് നേതൃത്വം നല്‍കിയവരുമായി നേതാക്കളടക്കമുള്ളവര്‍ സംസാരിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ രേഖകള്‍. അക്രമം അടിച്ചമര്‍ത്താന്‍ പുറപ്പെട്ട തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലക്കാന്‍ ശ്രമിച്ചുവെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ പറഞ്ഞു. സര്‍ക്കാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് 2002ലെ വംശഹത്യ അരങ്ങേറിയത് എന്ന് ന്യായമായി സംശയിക്കാന്‍ ഇതിലപ്പുറം എന്തെങ്കിലും ആവശ്യമാണെന്ന് തോന്നുന്നില്ല.
ഗര്‍ഭിണിയെ വയറുപിളര്‍ന്ന് കൊന്നവരെയും മറ്റും സംരക്ഷിക്കാന്‍ നരേന്ദ്ര മോഡി അടക്കമുള്ളവര്‍ എങ്ങനെയാണ് ശ്രമിച്ചത് എന്ന് തെഹല്‍ക്കയുടെ ഒളിക്യാമറ വെളിപ്പെടുത്തുകയും ചെയ്‌തു. വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആസൂത്രിതമായി തെളിവ് നശിപ്പിക്കപ്പെട്ടതും പുറത്തുവന്നിട്ടുണ്ട്. വംശഹത്യ നടക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രകള്‍, വയര്‍ലെസ്സിലൂടെ കൈമാറിയ സന്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ നശിപ്പിച്ചത് ഉദാഹരണം. നിശ്ചിത കാലപരിധി കഴിഞ്ഞാല്‍ ഇത്തരം രേഖകള്‍ നശിപ്പിക്കുക പതിവാണെന്ന വിശദീകരണമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ നരേന്ദ്ര മോഡിയും കൂട്ടാളികളും വംശഹത്യക്ക് കൂട്ടുനിന്നുവോ ഇല്ലയോ എന്ന് കണ്ടെത്താന്‍ നിശ്ചിത രീതിയിലൊരു അന്വേഷണം നടത്തുന്നതിന് (അത് ഗുജറാത്ത് പോലീസ് നടത്തുന്നതാണെങ്കില്‍ കൂടി) നിര്‍ദേശം നല്‍കാന്‍ ഇനിയും കാലതാമസമുണ്ടാകുന്നുവെങ്കില്‍ അത് നീതിയുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.
അന്വേഷണം വേണമോ വേണ്ടയോ എന്ന് വിചാരണക്കോടതി തീരുമാനിക്കട്ടെ എന്ന സുപ്രീം കോടതിയുടെ ഉത്തരവ് ഇനിയും കാലവിളംബമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെയും അത് പഠിച്ച് രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് കോടതി പഠിച്ച് പരാതിക്കാരുടെയും മറ്റും വാദങ്ങള്‍ കേട്ട് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ തന്നെ അത് ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യാന്‍ നരേന്ദ്ര മോഡി സര്‍ക്കാറിന് സാധിക്കും. അങ്ങനെയൊരു നിയമയുദ്ധമുണ്ടായാല്‍ അത് കറങ്ങിത്തിരിഞ്ഞ് സുപ്രീം കോടതിയിലെത്തി അന്തിമ വിധിയുണ്ടാകാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും ഇപ്പോഴുള്ള തെളിവുകളുടെ തരിമ്പ് പോലും ബാക്കിവെക്കില്ല മോഡി ഭരണകൂടം എന്ന് ഒരു നേരം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.
വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ ഗുജറാത്ത് പോലീസ് നടത്തിയ അന്വേഷണം തൃപ്‌തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനപ്പെട്ട ഒമ്പത് കേസുകളില്‍ പുനരന്വേഷണം നടത്തുന്നതിന് സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ ഉത്തരവിട്ടത്. മുന്‍ മന്ത്രി മായാ കൊദ്‌നാനിയെയോ വി എച്ച് പി നേതാവ് ജയന്ത് പട്ടേലിനെയോ പോലെ താരതമ്യേന കുറഞ്ഞ നിലവാരത്തിലുള്ള നേതാക്കള്‍ ആരോപണവിധേയരായ കേസുകളില്‍ പോലും ഉചിതമായ അന്വേഷണം നടത്താന്‍ ഗുജറാത്ത് പോലീസിന് സാധിച്ചിരുന്നില്ല. കൊദ്‌നാനിയും ജയന്ത് പട്ടേലും അറസ്റ്റിലായത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ്. സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണ വിധേയരില്‍ പ്രഥമ സ്ഥാനീയന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്നെയാണ്. ആ പരാതിയില്‍, കോടതിയുടെ ഉത്തരവുണ്ടായാല്‍ കൂടി, ഗുജറാത്ത് പോലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്ന് വിചാരിക്കുന്നത് പോലും വിഡ്‌ഢിത്തമായിരിക്കും.
വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ ഗുജറാത്തിലെ കോടതികളില്‍ നിഷ്‌പക്ഷവും നീതിപൂര്‍വകവുമായ വിചാരണ നടക്കില്ലെന്ന ആരോപണവും പരിഗണിക്കണം. സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാന്‍ പരസ്യമായി ശ്രമം നടന്നതോടെ ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ മുംബൈയില്‍ നടത്താന്‍ സുപ്രീം കോടതി തന്നെ ഉത്തരവിട്ടത് ഈ സാഹചര്യം കണക്കിലെടുത്താണ്. ഈ ശ്രേണിയില്‍ വന്നേക്കാവുന്ന ഒരു കോടതിയുടെ പരിഗണനയിലേക്ക് സാകിയ ജഫ്‌രിയുടെ പരാതി തള്ളിവിടുമ്പോള്‍ സുപ്രീം കോടതി ഒന്നുകൂടി ചെയ്‌തു, ഈ കേസില്‍ പരമോന്നത കോടതിയുടെ മേല്‍നോട്ടം ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി.
വംശഹത്യ അരങ്ങേറിയിട്ട് വര്‍ഷം പത്ത് തികയാന്‍ പോകുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ നീതി ഇനിയും വൈകുന്നത് ആശാസ്യമാണോ എന്ന് ആലോചിക്കണ്ടവര്‍ തന്നെയാണ് കാലവിളംബത്തിന് വഴിയൊരുക്കിക്കൊടുക്കുന്നത്. തന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന 74കാരിയുടെ ആവശ്യമാണ് തീരുമാനം ആവശ്യപ്പെട്ട് ജഡ്‌ജിമാരുടെ മുന്നിലെത്തിയത്, ആരെയെങ്കിലും വിചാരണ ചെയ്യണമെന്ന ആവശ്യമല്ല. പരാതി യുക്തിസഹമാകുകയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് പറച്ചിലുകള്‍ നടത്തുകയും ചെയ്‌തിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ മടിയുണ്ടാകുമ്പോള്‍ അതിന് പിറകില്‍ നിയമ ബാഹ്യമായ എന്തെങ്കിലുമുണ്ടോ എന്ന് തോന്നിപ്പോകുന്നു. വരൂ, പരാതി രഹിതമായ ഗുജറാത്തിനെ കാണൂ എന്ന നിലപാട് ഭൂമി സംബന്ധമായ കേസിലാണെങ്കില്‍പ്പോലും സുപ്രീം കോടതി തന്നെ സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും
നന്നായി.നന്ദി..
ReplyDelete