അധികാര രാഷ്‌ട്രീയത്തിന്റെ സാധ്യതകള്‍ പരിഗണിച്ച് പ്രതിച്ഛായാ നിര്‍മിതിയും അതിന്റെ ഉടച്ചുവാര്‍ക്കലും പതിവുള്ള പാര്‍ട്ടിയാണ് ബി ജെ പി. ചില അജന്‍ഡകള്‍ തത്‌കാലത്തേക്ക് മാറ്റിവെക്കുന്നതും പതിവാണ്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം രൂപം കൊണ്ട കാലത്ത് ഘടകകക്ഷികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അയോധ്യയിലെ രാമ ക്ഷേത്രം, ഏക സിവില്‍ കോഡ്, ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി തുടങ്ങി തങ്ങള്‍ക്ക് പ്രിയപ്പെട്ട അജന്‍ഡകള്‍ മാറ്റിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ കാലാകാലത്ത് സ്വീകരിക്കുന്ന തന്ത്രങ്ങള്‍ മാത്രം, അടിസ്ഥാനശിലയായ വര്‍ഗീയ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ല തന്നെ.
എ ബി വാജ്‌പയ് ബി ജെ പിയുടെ മിത മുഖവും എല്‍ കെ അഡ്വാനി തീവ്ര മുഖവുമാണെന്ന മട്ടിലൊരു പ്രചാരണം മുന്‍കാലത്ത് നടന്നിരുന്നു. പൊതുവില്‍ മതേതര നിലപാടുകള്‍ പുലര്‍ത്തിയിരുന്ന പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളുമായുള്ള ബാന്ധവമുറപ്പിക്കലിന് ഈ പ്രചാരണം ഏറെ ഗുണം ചെയ്‌തു. അഡ്വാനിയെ നേതാവായി അംഗീകരിക്കാനാകില്ല വാജ്‌പയ് ആണെങ്കില്‍ നോക്കാമെന്ന് ഇത്തരം പാര്‍ട്ടികളുടെ നേതാക്കള്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് എല്‍ കെ അഡ്വാനി നിലപാട് മയപ്പെടുത്തിയതായി പ്രചാരണം വന്നു. കറാച്ചിയില്‍ മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദര്‍ശിക്കുകയും ജിന്ന മതേതരവാദിയായ നേതാവായിരുന്നുവെന്ന് പറയുകയും ചെയ്‌തതോടെയാണ് ഈ പ്രചാരണം ശക്തമായത്. ജിന്നയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് എല്‍ കെ അഡ്വാനിയെ നീക്കാന്‍ രാഷ്‌ട്രീയ സ്വയം സേവക് സംഘ് നിര്‍ദേശിക്കുകയും അത് നടപ്പാകുകയും ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളോടെ `തീവ്ര' യില്‍ നിന്ന് `മിത' യിലേക്കുള്ള അഡ്വാനിയുടെ രൂപാന്തരം പൂര്‍ണമാകുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അണി നിരക്കാന്‍ ജനതാദള്‍ (യുനൈറ്റഡ്) അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകുകയും ചെയ്‌തുവെന്നത് ചരിത്രത്തിലേക്ക് ഇന്നലെ മറിഞ്ഞ ഏടാണ്.
ഇപ്പോഴിതാ സദ്‌ഭാവന ദൗത്യവും അതിന്റെ ഭാഗമായ ഉപവാസവുമൊക്കെയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തിയിരിക്കുന്നു. ഉപവാസ വേദിയില്‍ മുസ്‌ലിംകളടക്കം എല്ലാ മത വിഭാഗങ്ങളുടെയും മുഴുവന്‍ സമയ പ്രാതിനിധ്യം ഉറപ്പാക്കി, താന്‍ ആരോടും വിവേചനം കാട്ടുന്നവല്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തന്നോടുണ്ടായിരുന്ന അകല്‍ച്ച മാറിയെന്നും തെളിയിക്കാന്‍ മോഡി ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലോഭമില്ലാതെ ഒഴുകിയ പണവും മോഡിയുടെയും കൂട്ടരുടെയും സംഘാടന മികവും ചേര്‍ന്നപ്പോള്‍ ഉപവാസം ആഘോഷമായിത്തന്നെ മാറി. പാര്‍ട്ടിയുടെയും ഒരു പക്ഷേ, കേന്ദ്ര സര്‍ക്കാറിന്റെയും അമരക്കാരനാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാവിനെ കണ്ട് വണങ്ങാന്‍ എല്‍ കെ അഡ്വാനി മുതല്‍ താഴേക്ക് ഭാവി സാധ്യതകളില്‍ താത്‌പര്യമുള്ള ബി ജെ പി നേതാക്കളെല്ലാമെത്തി.
ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ നേരിട്ടെത്തുകയും എ ഐ എ ഡി എം കെയുടെ പ്രതിനിധികളെ അയക്കാന്‍ ജയലളിത സന്നദ്ധയാകുകയും ചെയ്‌തത് മോഡിയെ സംബന്ധിച്ച് ശുഭ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്‌തു. ഉപവാസാരംഭത്തിലും അന്ത്യത്തിലും ഹിന്ദിയില്‍ നടത്തിയ സുദീര്‍ഘ പ്രഭാഷണത്തില്‍ `ആറ് കോടി ഗുജറാത്തി'കളെ നരേന്ദ്ര മോഡി പേര്‍ത്തും പേര്‍ത്തും വിളിച്ചിരുന്നു. എന്നാല്‍ തന്റെ അജണ്ടകള്‍ രാജ്യത്തിന് മുമ്പാകെ അവതരിപ്പിക്കുയായിരുന്നു ഉദ്ദേശ്യമെന്ന് ഹിന്ദി തിരഞ്ഞെടുത്തതില്‍ നിന്ന് വ്യക്തം. ആറ് കോടി ഗുജറാത്തികളേ എന്ന വിളി ഭാവിയില്‍ 125 കോടി ഇന്ത്യക്കാരേ എന്നാക്കി മാറ്റാന്‍ പാകത്തില്‍ എന്നെ ഉയര്‍ത്തൂ എന്നാണ് നരേന്ദ്ര മോഡി പറയാതെ പറഞ്ഞത്.
സദ്‌ഭാവന ദൗത്യത്തിനും അതിന് മുന്നോടിയായ ഉപവാസത്തിനും മോഡി തിരഞ്ഞെടുത്ത സമയം ഏറെ പ്രസക്തമാണ്. സാകിയ ജഫ്‌രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വംശഹത്യയില്‍ മോഡിക്കും മറ്റ് ഉയര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക് പരിശോധിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു, സഞ്‌ജീവ് ഭട്ട്, രാഹുല്‍ ശര്‍മ, രജനീഷ് റായ് എന്നീ ഐ പി എസ് ഉദ്യോഗസ്ഥ ത്രയം വലിയ തുറന്ന് പറച്ചിലുകള്‍ക്ക് തയ്യാറാകുന്നു, ഏഴര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെ ലോകായുക്തയെ നിയമിച്ച് ഗവര്‍ണര്‍ കമല ബെനിവാള്‍ പോര്‍ മുഖം തുറക്കുന്നു, മോഡി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ധൈര്യം കാട്ടുന്നു എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ മോഡിയും കൂട്ടരും നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഒപ്പമുണ്ടായിരുന്നവരില്‍ ചിലരെങ്കിലും (മായാ കൊദ്‌നാനി, അമിത് ഷാ) നിയമത്തിന്റെ വാളിന് മുന്നില്‍ നില്‍ക്കുകയുമാണ്. പത്ത് വര്‍ഷത്തോളം നിശ്ശബ്‌ദ സഹനം തുടര്‍ന്നിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തില്‍ നിന്നുയര്‍ന്ന ചെറിയ അപശബ്‌ദമാകണം കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഈ പാത പിന്തുടര്‍ന്ന് കൂടുതല്‍ പേര്‍ രംഗത്തുവന്നാല്‍ താന്‍ കെട്ടിയുയര്‍ത്തിയ രക്തം മണക്കുന്ന കോട്ടയില്‍ വിള്ളലുണ്ടാകുമെന്ന് മോഡിക്ക് വ്യക്തമായറിയാം. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തും മുമ്പ് പരിവര്‍ത്തനം സംഭവിച്ച ഒരാളായി സ്വയം ചിത്രീകരിക്കുന്നത് ഗുണകരമാകുമെന്ന് കണക്ക് കൂട്ടുന്നുമുണ്ടാകും.
മുസ്‌ലിംകളടക്കം വിവിധ മത, സമുദായ പ്രതിനിധികളെ ഉപവാസപ്പന്തലിലെത്തിച്ച് തന്റെ ഭരണകാലത്ത് ഗുജറാത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ഉച്ചത്തില്‍ അവകാശ വാദം നടത്തിയതിന് അപ്പുറത്ത് പ്രത്യേകിച്ച് എന്തെങ്കിലും പരിവര്‍ത്തനം മോഡിക്ക് സംഭവിച്ചുവെന്നോ സംഭവിക്കുമെന്നോ കരുതുന്നത് മൗഢ്യമാണ്. വിഭാഗീയ ചിന്താഗതിയുള്ള, ചോര കൊണ്ട് കണക്ക് തീര്‍ക്കണമെന്ന് വാദിച്ച, അങ്ങനെ കണക്ക് തീര്‍ക്കാന്‍ യത്‌നിച്ചവരെയും അതിന് അവസരമൊരുക്കാന്‍ കൂട്ടുനിന്നവരെയും ഇപ്പോഴും സംരക്ഷിക്കുന്ന, അങ്ങനെ ഒഴുകിയ ചോരയില്‍ തന്റെ കസേര ഉറപ്പിച്ച ഒരു വര്‍ഗീയ വാദി മനുഷ്യത്വത്തിന്റെയും സദ്‌ഭാവനയുടെയും പാതയില്‍ നിന്ന് ഏറെ അകലെത്തന്നെയാണ്. ഉപവാസത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും നടത്തിയ പ്രസംഗങ്ങള്‍ ഇത് ശരിവെക്കുകയും ചെയ്യുന്നു.
ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി തന്റെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, ഭൂരിപക്ഷങ്ങള്‍ക്ക് വേണ്ടിയും ചെയ്യില്ല. ഗുജറാത്തികള്‍ക്ക് വേണ്ടി മാത്രമാണ് ഭരണം നടത്തുക. ഇതാണ് തന്റെ സിദ്ധാന്തമെന്ന് മോഡി പറഞ്ഞു. സംഘ് പരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ അജന്‍ഡ ഇതിലും ഭംഗിയായി പൊതിഞ്ഞ് അവതരിപ്പിക്കാന്‍ അറിയാത്തതുകൊണ്ടാണ് ശബ്‌ദ നിയന്ത്രണത്തിലൂടെ നാടകീയത സൃഷ്‌ടിച്ച് താന്‍ ആറ് കോടി ഗുജറാത്തികള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത് എന്ന് മോഡി പറഞ്ഞുവെക്കുന്നത്. എല്ലാവരെയും തുല്യരായി കാണുന്ന ഭരണാധികാരി എന്നത് ക്ലാസിക്കല്‍ സങ്കല്‍പ്പമാണ്. മറിച്ച് വോട്ട് ബേങ്കുകള്‍ സൃഷ്‌ടിച്ച് തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ പ്രതിനായകരും. അറുപത് വര്‍ഷമായി രാജ്യത്ത് നടക്കുന്നത് വോട്ട് ബേങ്ക് രാഷ്‌ട്രീയമാണെന്നും അതിന് വിരാമം കുറിക്കാനാണ് തന്റെ ശ്രമമെന്നും മോഡി പറയുന്നു.
രാജ്യത്തെ സാമൂഹിക, സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായതും സവര്‍ണ വര്‍ഗീയതയില്‍ അധിഷ്‌ഠിതവുമാണ് ഈ ചിന്താഗതി. ആ നിലക്ക് മുസ്‌ലിംകളടക്കം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ദളിത്, പട്ടിക വിഭാഗങ്ങള്‍ക്ക് കൂടി വെല്ലുവിളിയാകുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സവര്‍ണ വിഭാഗത്തില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. ആ എതിര്‍പ്പിന്റെ മുന്‍നിരയിലുണ്ടായിരുന്നു സംഘ് പരിവാര്‍. അവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവരണ വിരുദ്ധ വിഭാഗം (യൂത്ത് ഫോര്‍ ഇക്വാളിറ്റി) ഇന്നും സജീവമാണ്. അന്നാ ഹസാരെയുടെ സമരത്തിലും മറ്റും ഈ വിഭാഗത്തിനുണ്ടായിരുന്ന പങ്കാളിത്തം പലരും പരാമര്‍ശിച്ചിട്ടുമുണ്ട്.
മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയത് പുതിയ വോട്ട് ബേങ്ക് സൃഷ്‌ടിച്ചുവെന്നത് വസ്‌തുതയാണ്. പക്ഷേ, വോട്ട് ബേങ്കിന്റെ സൃഷ്‌ടിക്ക് കാരണമാകുമെന്നതുകൊണ്ട് സാമൂഹികമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ സാധിക്കുമോ? വോട്ട് ബേങ്ക് രാഷ്‌ട്രീയത്തിന് താനെതിരാണെന്ന മോഡിയുടെ പ്രഖ്യാപനത്തിന്റെ അന്തരാര്‍ഥം താന്‍ ഇത്തരം സംവരണ വ്യവസ്ഥകള്‍ക്കും മറ്റുമെതിരാണെന്നതാണ്. ആര്‍ഷ ഭാരത സംസ്‌കൃതി എന്നൊക്കെയുള്ള പേരില്‍ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വര്‍ണാശ്രമ ധര്‍മത്തില്‍ അധിഷ്‌ഠിതമായ ആശയങ്ങളോട് എത്രമാത്രം പ്രതിജ്ഞാ ബദ്ധനാണെന്ന് മോഡി വ്യക്തമാക്കുകയാണ് ഇതിലൂടെ. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് നരേന്ദ്ര മോഡിക്കുള്ള എതിര്‍പ്പും വിയോജിപ്പും പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. അതിനപ്പുറത്തൊരു ചുവടുകൂടി വെക്കുകയാണ് ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി തന്റെ നയം വ്യക്തമാക്കുമ്പോള്‍ ഈ `വിരാട് പുരുഷ'ന്‍. ദളിതര്‍ക്ക് സവര്‍ണര്‍ക്കൊപ്പം ഇരിക്കാന്‍ ഇന്നും അനുവാദമില്ലാത്ത ഗുജറാത്തിലെ സാമൂഹിക വ്യവസ്ഥ രാജ്യത്താകെ നടപ്പായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകണം അദ്ദേഹം. ഗുജറാത്തിനെപ്പോലെ രാജ്യത്തെ മാറ്റുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകിച്ചും.
2002ലെ വംശഹത്യ (മോഡിയുടെ ഭാഷയില്‍ വര്‍ഗീയ കലാപം) തന്നെ വേദനിപ്പിച്ചുവെന്നും ആ വേദന ഇപ്പോഴുമുണ്ടെന്നാണ് മോഡി അവകാശപ്പെടുന്നത്. വംശഹത്യയുടെ ഇരകളെ സഹായിക്കുന്നതില്‍ വരുത്തിയ അലംഭാവം സര്‍ക്കാര്‍ സംവിധാനത്തിന്റെ പതിവ് രീതികൊണ്ട് സംഭവിച്ചതാണെന്ന് വകവെച്ച് കൊടുക്കുക. എന്നാല്‍ കൊടും ക്രൂരതകള്‍ക്ക് ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഇത്രയും കാലം നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുത്താല്‍ വേദനയുടെ തരിമ്പ് പോലും ഈ `മനുഷ്യ സ്‌നേഹി'ക്ക് ഉണ്ടായിട്ടില്ല എന്ന് വ്യക്തം. വംശഹത്യയുടെ കാര്യത്തില്‍ മാത്രമല്ല, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം നടന്നത്. മോഡിയെ വധിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന പേരില്‍ പോലീസ് വെടിവെച്ച് കൊന്ന നിരപരാധികളുടെ കാര്യത്തിലും ആരോപണ വിധേയരെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു ഈ മുഖ്യമന്ത്രി. എന്തിന് സ്വന്തം സഹപ്രവര്‍ത്തകനായിരുന്ന ഹരേണ്‍ പാണ്ഡ്യയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പോലൂം (കൊലക്ക് പിന്നില്‍ മോഡിയുടെ കൈകളാണെന്ന പാണ്ഡ്യയുടെ പിതാവ് വിതല്‍ഭായിയുടെ ആരോപണം ഓര്‍മിക്കുന്നു) സര്‍വശക്തനായ ഈ നേതാവിന് സാധിച്ചില്ല. സംഘ് പരിവാറില്‍ ഭാഗമായിരുന്ന തനിക്കൊപ്പമിരുന്നിരുന്ന മുന്‍ മന്ത്രിയുടെ കൊലയാളികളെപ്പോലും പിടികൂടാന്‍ സാധിക്കാത്ത ഒരു നേതാവാണ് തന്റെ സുവര്‍ണ ഭരണകാലത്തെക്കുറിച്ച് സ്വയം സ്‌തുതി ഗീതം പാടുന്നത്.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് പതിനൊന്ന് ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു, കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ച് തൊഴിലവസരം വര്‍ധിപ്പിക്കാനായി, കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിച്ചു എന്ന് തുടങ്ങി നിരവധി മേഖലകളിലെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു മോഡി. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, ഇതിന് നല്‍കേണ്ടി വന്ന വിലയെക്കുറിച്ചുള്ള കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല. 1947 മുതല്‍ 2004 വരെ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ മൂലം 20 ലക്ഷം പേര്‍ സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ടുവെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷത്തിനും പുനരധിവാസമൊരുക്കാന്‍ ഭരണകൂടം തയ്യാറായില്ലെന്നും. 2002 മുതലുള്ള പത്ത് വര്‍ഷം കൊണ്ട് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 11 ശതമാനത്തില്‍ നിലനിര്‍ത്താന്‍ പാകത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയെങ്കില്‍ പിഴുതെറിയപ്പെട്ട ജനങ്ങളുടെ എണ്ണം കുറവാകാന്‍ ഇടയില്ലല്ലോ! `നാവടക്കൂ, പണിയെടുക്കൂ' എന്ന് ഭരണകൂടം മുദ്രാവാക്യം മുഴക്കിയ അടിയന്തരാവസ്ഥക്കാലത്തും അച്ചടക്കവും വികസന മുന്നേറ്റവുമുണ്ടായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആറ് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ നല്ല ഭരണം കാഴ്‌ചവെക്കാന്‍ സാധിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് താനെന്ന് അവകാശപ്പെട്ടാണ് സദ്‌ഭാവനാ ദൗത്യവുമായി മോഡി മുന്നോട്ടുപോകുന്നത്. ``ചെറിയൊരു കൂട്ടത്തെ അപേക്ഷിച്ച് വന്‍ ജനക്കൂട്ടം ഏറെ എളുപ്പത്തില്‍ വലിയ നുണകളുടെ ഇരകളായി മാറും.'' അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഈ ഉദ്ധരണി മോഡിക്ക് കൂട്ടായിരിക്കും.
//എന്നാല്‍ കൊടും ക്രൂരതകള്‍ക്ക് ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഇത്രയും കാലം നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുത്താല്‍ വേദനയുടെ തരിമ്പ് പോലും ഈ `മനുഷ്യ സ്‌നേഹി'ക്ക് ഉണ്ടായിട്ടില്ല എന്ന് വ്യക്തം//
ReplyDeleteRajeev ji, വളരെ വിലപെട്ട നീരീക്ഷണം...