2011-09-15

അടിമയുടെ വില



ഉപജീവന മാര്‍ഗം തേടിയുള്ള കുടിയേറ്റവും അത്‌ സൃഷ്‌ടിക്കുന്ന ദുരിതങ്ങളും വ്യക്തമായി അറിയുന്ന ജനതതിയുടെ മുന്‍നിരയില്‍ തന്നെയായിരിക്കും മലയാളികളുടെ സ്ഥാനം. കൊളംബിലേക്കും മലയായിലേക്കും ബര്‍മയിലേക്കുമൊക്കെയുണ്ടായ കുടിയേറ്റം നമ്മുടെ സാമ്പത്തിക, സമൂഹിക സാഹചര്യങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. പ്രവാസം മതിയാക്കി നാട്ടിലെ മണ്ണിലേക്ക്‌ മടങ്ങിയവര്‍ ധാരാളം. പ്രവാസിയായി തുടങ്ങി കുടിയേറ്റക്കാരനിലേക്ക്‌ വളര്‍ന്ന്‌ പൗരത്വത്തിലുറച്ചവരും കുറവല്ല.

വിദേശ മണ്ണിലേക്കുള്ള പറച്ചുനടല്‍ മാത്രമല്ല നടന്നതും നടക്കുന്നതും. ആഭ്യന്തരമായും അത്‌ നടക്കുന്നു. കേരളത്തിന്റെ ഒരു ഭാഗത്തു നിന്ന്‌ മറു ഭാഗത്തേക്ക്‌, അല്ലെങ്കില്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ഒക്കെ. ലഭ്യമായ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാനഭ്രംശത്തിനപ്പുറത്ത്‌ വളക്കൂറുണ്ടെന്ന്‌ തോന്നിക്കുന്ന മണ്ണിലേക്ക്‌ കുടുംബത്തോടെയുള്ള പറിച്ചുനടലുകളും വ്യാപകമാണ്‌. ഇത്തരം കുടിയേറ്റങ്ങളില്‍ പലതും കൈയേറ്റമായിരുന്നുവെന്ന്‌ പിന്നീട്‌ തിരിച്ചറിയപ്പെടുന്നു. 1970കളോടെ ഗള്‍ഫ്‌ രാജ്യങ്ങള്‍ മലയാളികളുടെ പ്രധാന ലക്ഷ്യങ്ങളായി. കാനഡ, അമേരിക്ക, ആസ്‌ത്രേലിയ എന്നു വേണ്ട മലയാളികളുടെ കുടിയേറ്റ ബാന്ധവമില്ലാത്ത അതിരുകള്‍ കുറവ്‌. `വിഷകന്യക' മുതല്‍ `പ്രവാസ'വും `ആട്‌ ജീവിത'വും വരെ നീളുന്ന ലക്ഷണയുക്തമായ സാഹിത്യ രചനകള്‍ കൂടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും മടങ്ങിവരവിന്റെയുമൊക്കെ പ്രതീക്ഷകളും ദുരിതങ്ങളും അനുഭവിപ്പിച്ച്‌ നമ്മുടെ മുന്നിലുണ്ട്‌.

ഒരിടത്ത്‌ ഒഴിവുകളുണ്ടാകുമ്പോള്‍ അത്‌ മറ്റൊരിടത്തു നിന്നത്‌ മൂലമുള്ള നികത്തലിന്‌ വിധേയമാകും. അത്‌ നാം നേരില്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട്‌ മൂന്ന്‌ ദശകങ്ങളെങ്കിലുമായിട്ടുണ്ട്‌. ഇവിടുത്തെ മനുഷ്യവിഭവ ശേഷി അന്യ ദേശങ്ങളിലേക്ക്‌ പോകുകയും അഭ്യസ്‌തവിദ്യരെന്ന്‌ സ്വയം അവകാശപ്പെടുന്നവര്‍ കായിക ജോലികളോട്‌ വിമുഖത പ്രകടിപ്പിക്കുകയും ചെയ്‌തപ്പോഴുണ്ടായ ശൂന്യത നികത്താന്‍ ആദ്യമെത്തിയത്‌ തമിഴ്‌നാട്ടുകാരായിരുന്നു. വൃത്തിഹീനരായ പാണ്ടികളെന്ന്‌ ആക്ഷേപിച്ചുവെങ്കിലും അവരെക്കൊണ്ട്‌ കാര്യങ്ങള്‍ നിവര്‍ത്തിച്ചെടുക്കുന്നതില്‍ നമ്മള്‍ മടി കാണിച്ചില്ല. ആദ്യകാലത്തുണ്ടായിരുന്ന വരുമാനമികവ്‌ പിന്നെപ്പിന്നെ ഇല്ലാതായെന്ന്‌ തോന്നിയതോടെ ഇവരുടെ വരവ്‌ കുറഞ്ഞു. 


അപ്പോഴാണ്‌ രാജ്യത്തിന്റെ വടക്കും വടക്ക്‌ കിഴക്കും മേഖലയില്‍ നിന്നും ആളുകളെത്തിത്തുടങ്ങിയത്‌. പശ്ചിമ ബംഗാള്‍, ഒറീസ, അസം, ഉത്തര്‍ പ്രദേശ്‌, ഝാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ഇന്ന്‌ മലയാളികളുടെ തൊഴിലാളികള്‍. ഇവരില്ലെങ്കില്‍ സംസ്ഥാനത്ത്‌ സ്‌തംഭിക്കുന്ന മേഖലകള്‍ ഏതൊക്കെയായിരിക്കുമെന്ന്‌ പ്രവചിക്കുക എളുപ്പമല്ല.

തൊഴില്‍ തേടി വിദേശ രാജ്യങ്ങളില്‍ എത്തിയ മലയാളികള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന കഷ്‌ടതകളെക്കുറിച്ച്‌ വാചാലരാണ്‌ നമ്മള്‍. അവിടെ കാണാതായവര്‍, ഏജന്റോ സ്‌പോണ്‍സറോ ചതിച്ചത്‌ മൂലം ജയിലില്‍ അടക്കപ്പെട്ടവര്‍, കൊടിയ ക്രൂരതകള്‍ക്ക്‌ വിധേയരായവര്‍, മൃതദേഹമായിപ്പോലും നാട്ടിലെ മണ്ണിലേക്ക്‌ എത്താന്‍ സാധിക്കാത്തവര്‍, മരിച്ച്‌ മാസങ്ങളോളം അന്യരാജ്യത്തെ മോര്‍ച്ചറിയില്‍ കിടക്കാന്‍ വിധിക്കപ്പെട്ടവര്‍, ലൈംഗിക പീഡനത്തിന്‌ ഇരയായവര്‍ എന്ന്‌ തുടങ്ങി പലരെക്കുറിച്ചും വ്യാകുലപ്പെടുന്നുമുണ്ട്‌. ഇത്തരം സംഗതികളെക്കുറിച്ചുള്ള പൊതു ധാരണ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്‌ താനും. ഏതാണ്ട്‌ സമാനമാണ്‌ അന്യ സംസ്ഥാനത്തു നിന്ന്‌ തൊഴില്‍ തേടി ഇവിടെ എത്തുന്നവരുടെ സ്ഥിതിയും. 


അതിന്റെ മറ്റൊരു അധ്യായമാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായത്‌. തൃശൂരിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ നിന്നുണര്‍ന്നുവെങ്കിലും ഭയത്തിന്റെ പിടിയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ സ്ഥിതിയും അതുതന്നെ. രണ്ട്‌ പേരും ഒറീസ സ്വദേശികളാണെന്നത്‌ യാദൃച്ഛികം.
അപകടത്തില്‍പ്പെട്ട്‌ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കൊളജ്‌ ആശുപത്രിയിലെത്തിച്ച യുവാവിന്‌ ചോദിക്കാനും പറയാനും ആരുമില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍ വരെയുള്ളവര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ കൈകൊണ്ട്‌ പ്രവര്‍ത്തിപ്പിക്കേണ്ട ശ്വസന സഹായി കൂട്ടിനെത്തിയ ഒറീസക്കാരന്റെ കൈയില്‍ പിടിപ്പിച്ച്‌ അവര്‍ കൈ കഴുകിയത്‌. അതിജീവിക്കാന്‍ ശേഷിയുണ്ടെങ്കില്‍ അതിജീവിക്കും, അല്ലെങ്കില്‍ മരിക്കും. അതിലപ്പുറം ചികിത്സയിലൂടെ പിടിച്ചുനിര്‍ത്താന്‍ മാത്രം `വില' ആ പാവത്തിന്റെ ജീവനുണ്ടെന്ന്‌ ആര്‍ക്കും തോന്നിയില്ല. 



ട്രെയിനില്‍ നിന്ന്‌ വീണ നിലയില്‍ ആശുപത്രിയിലെത്തിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ ചികിത്സ ലഭിച്ചുവെന്ന ആശ്വാസമുണ്ട്‌. പക്ഷേ, അവളോട്‌ ക്രൂരത കാട്ടിയത്‌ ആരെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായിട്ടില്ല. ഈ കുടുംബത്തിനൊപ്പമുണ്ടായിരുന്ന ഒറീസക്കാരന്‍ തന്നെയായ യുവാവാണ്‌ ഉത്തരവാദിയെന്ന്‌ പോലീസ്‌ പറയുന്നു. അത്‌ ശരിയാണെന്ന്‌ തന്നെ വിശ്വസിക്കാം, പക്ഷേ, ഈ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പാകത്തിലുള്ള സാമൂഹിക അന്തരീക്ഷം ഇവിടെയില്ലാത്തതു കൊണ്ട്‌ കൂടിയാണ്‌ ഉപദ്രവിക്കപ്പെട്ടത്‌ എന്നത്‌ ഓര്‍ക്കേണ്ടതുണ്ട്‌.

ഏതാനും വര്‍ഷം മുമ്പ്‌ എറണാകുളം നഗരത്തില്‍ അത്യപൂര്‍വമായ ഒരു പ്രകടനം നടന്നു. കെട്ടിടം വീണ്‌ മരിച്ച രണ്ട്‌ അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹവും വഹിച്ചായിരുന്നു പ്രകടനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം ആവശ്യപ്പെട്ടായിരുന്നു ഇത്‌. മരിച്ചവര്‍ മരിച്ചു, അവന്റെ ശരീരം നാട്ടിലെത്തിക്കാനുള്ള ബാധ്യത തനിക്കില്ലെന്ന്‌ കെട്ടിടമുടമ കൈയൊഴിഞ്ഞു. തൊഴിലിന്‌ കൊണ്ടുവരിക എന്നതൊഴിച്ചാല്‍ അതിനിടെയുണ്ടാകുന്ന അപകടത്തിനോ ജീവഹാനിക്കോ തങ്ങള്‍ക്ക്‌ ബാധ്യതയില്ലെന്ന്‌ തൊഴിലാളികളെ കൊണ്ടുവന്ന ഇടനിലക്കാരും പറഞ്ഞു. ഇത്തരം കേസുകളില്‍ ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം നല്‍കാന്‍ വകുപ്പില്ലെന്ന്‌ സര്‍ക്കാര്‍ വകുപ്പുകളും. പ്രകടനം നടത്തിയ മലയാളികളായ തൊഴിലാളികള്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടായി. 


അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന്‌ അന്ന്‌ അധികാരത്തിലിരുന്ന ഇടത്‌ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, ഒന്നും നടന്നില്ല.

ഇപ്പോള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും നടക്കുമെന്ന്‌ കരുതുകയും വേണ്ട. കാരണം ഇങ്ങനെ എത്തുന്ന തൊഴിലാളിസഞ്ചയം ഇവിടുത്തെ വോട്ടര്‍മാരല്ല. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയോ മനുഷ്യാവകാശം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ക്ക്‌ വേണ്ടി വാദിക്കുകയോ ചെയ്യാന്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും തയ്യാറാകില്ല. ഇത്തരം പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളോ ലോക തൊഴിലാളി ഐക്യത്തെക്കുറിച്ച്‌ വാചാലരാകുന്നവരോ ഇവരെക്കുറിച്ച്‌ ചിന്തിക്കുകയുമില്ല.

എങ്കിലും സര്‍ക്കാറിന്റെ മറ്റ്‌ ചില വിഭാഗങ്ങള്‍ ഇവരെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്‌ എന്നത്‌ പറയാതിരുന്നുകൂടാ. പോലീസാണത്‌. ഇങ്ങനെ എത്തുന്നവരില്‍ എത്ര പേര്‍ മാവോയിസ്റ്റുകളുണ്ട്‌ എന്ന്‌ അവര്‍ പരിശോധിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളിലേതെങ്കിലും തീവ്ര ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്ന്‌ കണ്ടാല്‍ പിടികൂടും. മര്‍ദിക്കും. മാവോയിസ്റ്റ്‌ പാര്‍ട്ടിയുടെ ദക്ഷിണ മേഖലയിലെ `സ്വയം പ്രഖ്യാപിത കമാന്‍ഡറെ' പിടികൂടിയെന്ന്‌ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്യും. കണ്ടെടുത്ത കടലാസില്‍ ഉണ്ടായിരുന്ന വിധ്വംസക പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച്‌ തത്സമയ വിവരണവുമായി ചില മാധ്യമ പ്രവര്‍ത്തകരെങ്കിലും രംഗത്തെത്തുകയും ചെയ്യും. 


പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ടാകണം. ഇവര്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി പോലുള്ള അല്‍ഖാഇദ ബന്ധമുള്ള സംഘടനകളുടെ പ്രവര്‍ത്തകരാകാനുള്ള സാധ്യതയെക്കുറിച്ച്‌ പോലീസും ഇന്റലിജന്‍സ്‌ വിഭാഗവും ആഭ്യന്തര വകുപ്പും ഭരണകൂടമാകെയും കൂലങ്കഷമായി ചിന്തിക്കും. ഇവരിലൂടെ ഹവാല പണം എത്താനുള്ള സാധ്യത റവന്യൂ ഇന്റലിജന്‍സ്‌ മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വരെയുള്ള ഏജന്‍സികള്‍ പഠിക്കും. അതിന്‌ വേണ്ടി ഇത്തരക്കാരെ തൊഴിലിന്‌ വെക്കുന്നവരുമായും ഇടനിലക്കാരുമായും ബന്ധം സ്ഥാപിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യും. 


രാജ്യ സുരക്ഷ പരമപ്രധാനമായതിനാല്‍ ഇതൊക്കെ വേണ്ടത്‌ തന്നെ എന്ന്‌ സമ്മതിക്കാം. പക്ഷേ, ഇതിനൊപ്പം തന്നെ പ്രധാനമല്ലേ നിസ്സഹായരായ ഇവരുടെ ജീവനും. ജോലിക്കിടെ അപകടമുണ്ടായാല്‍ പരിമിതമായ ചികിത്സാ സഹായത്തിനെങ്കിലും ഇവര്‍ക്ക്‌ അര്‍ഹതയില്ലേ? റോഡപകടത്തല്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൗജന്യ ചികിത്സയെങ്കിലും നല്‍കേണ്ട ബാധ്യതയില്ലേ? തൊഴില്‍ തേടിയെത്തുന്ന ഇത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്‌ സൈ്വരമായി പുറത്തിറങ്ങി നടക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം ഉറപ്പാക്കേണ്ടതുമല്ലേ?

ഇത്തരം അവകാശങ്ങളെക്കുറിച്ചെല്ലാം വാതോരാതെ സംസാരിക്കാന്‍ മടിക്കാത്ത കൂട്ടരാണ്‌ നമ്മള്‍. എന്നിട്ടും കണ്‍മുന്നില്‍ അടിമ വ്യവസ്ഥക്ക്‌ സമാനമായ ഒരു സമ്പ്രദായം തഴച്ചുവളരുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ജനാധിപത്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണകൂടം അടിമ വ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിക്കും വിധത്തില്‍ മാറിനില്‍ക്കുന്നു. എന്തൊക്കെ അപകടങ്ങള്‍ സംഭവിച്ചാലും എത്രയൊക്കെ ക്രൂരമായി പെരുമാറിയാലും ഇനിയും തൊഴിലാളികള്‍ ഇങ്ങോട്ടെത്തുമെന്നത്‌ ഉറപ്പുണ്ട്‌ എല്ലാവര്‍ക്കും. ബംഗാളിലോ അസമിലോ ഝാര്‍ഖണ്ഡിലോ കിട്ടുന്നതിനേക്കാള്‍ ഭേദപ്പെട്ട കൂലി ഇവിടെ ലഭിക്കും. ആ പ്രലോഭനം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കുറേക്കാലത്തേങ്കിലും ഇങ്ങോട്ട്‌ ആകര്‍ഷിക്കും. അതുള്ളിടത്തോളം തൊഴിലാളി പ്രവാഹത്തിന്‌ തടയുണ്ടാകില്ല. അതിനിടെ മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്യുന്നവരെക്കുറിച്ച്‌ ആലോചിക്കുന്നത്‌ എന്തിന്‌?

പല കാരണങ്ങളാല്‍ പുറം ലോകം അറിഞ്ഞ ഏതാനും സംഭവങ്ങള്‍ മാത്രമാണ്‌ പരാമര്‍ശിച്ചത്‌. അറിയപ്പെടാതെ നടക്കുന്ന ക്രൂരതകള്‍ എത്രയായിരിക്കും. പ്രവാസികള്‍ നേരിടേണ്ടിവരുന്ന ക്രൂരതകള്‍ നമ്മളിവിടെ ചര്‍ച്ച ചെയ്യുകയും പ്രവാസി, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഇടപെടലിന്‌ വേണ്ടി ആവശ്യപ്പെടുകയും ചെയ്യാറുണ്ട്‌. അതു പോലെ ഒറീസയിലും പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും നടക്കുന്നുണ്ടാകണം. 

No comments:

Post a Comment