2011-09-07

റാന്‍, അടിയനാണേ ചെന്നിത്തല...



ഇന്ത്യന്‍ യൂനിയനില്‍ പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കിയിട്ട്‌ 40 ആണ്ട്‌ കഴിഞ്ഞു. കോണ്‍ഗ്രസ്‌ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്കാണ്‌ അതിന്റെ ക്രെഡിറ്റ്‌. പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കുകയും ബേങ്ക്‌ ദേശസാത്‌കരണം നടപ്പാക്കുകയും ചെയ്‌തതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ വലിയ സോഷ്യലിസ്റ്റായി അക്കാലത്ത്‌ ഇന്ദിര കൊണ്ടാടപ്പെടുകയും ചെയ്‌തിരുന്നു. ബ്രിട്ടീഷ്‌ ആധിപത്യം അവസാനിക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന നാട്ടു രാജാക്കന്‍മാരുടെ എണ്ണം അറുനൂറോളമായിരുന്നു. ഇന്ത്യന്‍ യൂനിയനിലോ പാക്കിസ്ഥാനിലോ ലയിക്കുക എന്ന നിര്‍ദേശം ഇവയില്‍ ഭൂരിഭാഗം പേരും സ്വീകരിച്ചു. അതിന്‌ പകരമായി അനുവദിക്കപ്പെട്ടതായിരുന്നു പ്രിവി പഴ്‌സ്‌. ഭരണാവകാശം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക്‌ കൈമാറിയതിന്‌ പ്രതിഫലമായി വര്‍ഷത്തില്‍ നിശ്ചിത തുക രാജ കുടുംബങ്ങള്‍ക്ക്‌ നല്‍കുന്നതായിരുന്നു രീതി. അയ്യായിരം മുതല്‍ ദശ ലക്ഷങ്ങള്‍ വരെ ഇങ്ങനെ വര്‍ഷത്തില്‍ വിതരണം ചെയ്‌തു. വര്‍ഷത്തില്‍ പത്ത്‌ ലക്ഷത്തിലധികം രൂപ കേന്ദ്ര സര്‍ക്കാറില്‍ നിന്ന്‌ ലഭിക്കാന്‍ അര്‍ഹതയുള്ള അപൂര്‍വം രാജ കുടുംബങ്ങളിലൊന്നായിരുന്നു തിരുവിതാംകൂറിലേത്‌.

പൗരന്‍മാരെയെല്ലാം തുല്യരായി പരിഗണിക്കണമെന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുകയും ജനാധിപത്യം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ജന്മിത്വത്തിന്റെയും രാജാധികാരത്തിന്റെയും ശേഷിപ്പുകളെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതിലെ അനൗചിത്യം വൈകാതെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇത്‌ അവസാനിപ്പിക്കാനുള്ള ആദ്യ ശ്രമം 1969ലാണുണ്ടായത്‌. അന്ന്‌ പാര്‍ലിമെന്റില്‍ വേണ്ടത്ര ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. 1971ല്‍ ഇത്‌ അംഗീകരിക്കപ്പെട്ടു. പ്രിവി പഴ്‌സ്‌ എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിക്കുക മാത്രമല്ല ഭരണഘടനാ ഭേദഗതിയിലൂടെ ചെയ്‌തത്‌. രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിക്കുക കൂടിയാണ്‌. രാജാവ്‌, റാണി, മഹാരാജാവ്‌ എന്ന്‌ തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും ഡി എം കെയുടെയും സമ്മര്‍ദഫലമായിട്ടാണെങ്കിലും ഈ മാറ്റം ഇന്ദിരാ ഗാന്ധി നടപ്പാക്കുമ്പോള്‍ ഇപ്പോഴത്തെ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ പ്രായം 15.

38 വര്‍ഷത്തിന്‌ ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി മറ്റൊരു തീരുമാനമെടുത്തു. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന രാജകീയ പ്രതീകങ്ങളെ ഇല്ലാതാക്കാന്‍. 2009 ജൂണ്‍ 15ന്‌ എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളോ പ്രവര്‍ത്തകരോ മഹാരാജ, മഹാറാണി, രാജ, റാണി, രാജ്‌കുമാര്‍, രാജകുമാരി എന്ന്‌ തുടങ്ങിയ വിശേഷണ പദങ്ങള്‍ പേരിനൊപ്പം ചേര്‍ക്കരുത്‌ എന്ന്‌ തീരുമാനിച്ചുവെന്നാണ്‌ ദ്വിവേദി പറഞ്ഞത്‌. ജന്മിത്വത്തിന്റെ ബാക്കിയായ `കുന്‍വര്‍' എന്ന വിശേഷണ പദം പോലും ഒഴിവാക്കണമെന്ന്‌ അന്ന്‌ നിര്‍ദേശിച്ചിരുന്നു. പദവി ദ്യോതിപ്പിക്കുന്ന ഇത്തരം വാക്കുകള്‍ പൊതു ജീവിതത്തില്‍ ഉപയോഗിക്കരുത്‌ എന്ന്‌ മുന്‍കാല രാജ കുടുംബങ്ങളില്‍ നിന്ന്‌ പാര്‍ട്ടിയിലെത്തിയവരോട്‌ നിര്‍ദേശിച്ചതായും ദ്വിവേദി വ്യക്തമാക്കിയിരുന്നു. 


പാര്‍ട്ടിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇത്തരം വിശേഷണ പദങ്ങള്‍ ഉപയോഗിക്കുന്നത്‌ വ്യാപകമാകുകയും അത്‌ ജന്മിത്വ മനോഭാവത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ ഈ തീരുമാനമെന്ന്‌ ദ്വിവേദി അന്ന്‌ വിശദീകരിച്ചിരുന്നു. ഈ തീരുമാനം കോണ്‍ഗ്രസ്‌ പാര്‍ട്ടിയെടുക്കുമ്പോള്‍ രമേശ്‌ ചെന്നിത്തലക്ക്‌ പ്രായം 53. 


ജനാധിപത്യ ഭരണകൂടമെടുത്ത വിപ്ലവകരമായ തീരുമാനത്തിന്റെ പ്രാധാന്യം 15 വയസ്സുകാരന്‌ മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ, 53-ാം വയസ്സില്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റായിരിക്കെ, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമെടുത്ത തീരുമാനം രമേശ്‌ ചെന്നിത്തല അറിയാതെ പോകാന്‍ ഇടയില്ല. ആ തീരുമാനത്തിന്റെ അര്‍ഥവും വ്യാപ്‌തിയും മനസ്സിലാക്കാന്‍ തക്ക ബുദ്ധിയും ചിന്താശേഷിയും രാഷ്‌ട്രീയ ബോധവും ഉണ്ടാകേണ്ടതുമാണ്‌.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിരാ ഗാന്ധി) ന്റെ പ്രവര്‍ത്തകനും നേതാവുമെന്ന നിലയില്‍ അതിന്റെ ചരിത്രമെങ്കിലും പഠിക്കേണ്ട ബാധ്യതയുണ്ട്‌ രമേശ്‌ ചെന്നിത്തലക്ക്‌. അതിന്‌ മെനക്കെടാന്‍ സമയമില്ലെങ്കില്‍ സ്വന്തം പാര്‍ട്ടി കാലാകാലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലറുകളെങ്കിലും വായിക്കണം. അത്തരം സര്‍ക്കുലറുകള്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ എത്തുന്നില്ലെങ്കില്‍ പത്രങ്ങളെങ്കിലും വായിക്കണം. അത്‌ ചെയ്‌തിരുന്നുവെങ്കില്‍ ജന്മിത്വ മനോഭാവം പ്രതിഫലിപ്പിക്കുന്ന വിശേഷണ പദങ്ങള്‍ ഒഴിവാക്കണമെന്ന പാര്‍ട്ടി തീരുമാനം അദ്ദേഹം അറിഞ്ഞേനെ!

ഇത്രയും പറയേണ്ടിവന്നത്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പദ്‌ശേഖരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മാര്‍ത്താണ്ഡവര്‍മയെയും കുടുംബത്തെയും പിന്തുണക്കാന്‍ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വലിയ വ്യഗ്രത കാട്ടുന്ന പശ്ചാത്തലത്തിലാണ്‌. ഏത്‌ വ്യക്തിക്കും ആരെയും പിന്തുണക്കാം. അതിനെ സമര്‍ഥിക്കും വിധത്തിലുള്ള വാദമുഖങ്ങള്‍ നിരത്തുകയുമാകാം. ഇടമലയാര്‍ കേസില്‍ അഴിമതിക്കാരനെന്ന്‌ സുപ്രീം കോടതി കണ്ടെത്തുകയും ഒരു വര്‍ഷത്തെ കഠിന തടവിന്‌ വിധിക്കുകയും ചെയ്‌ത ആര്‍ ബാലകൃഷ്‌ണ പിള്ളയെ പിന്തുണച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തിയിരുന്നുവല്ലോ. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ നിലപാടിനെ പിന്തുണക്കുന്നതിലല്ല, ഇല്ലാതായ പദവികള്‍ കല്‍പ്പിച്ചുകൊടുത്ത്‌ പൂജ്യരായി പ്രതിഷ്‌ഠിക്കാന്‍ ശ്രമിക്കുന്നതിലാണ്‌ പ്രശ്‌നം. അതിന്‌ പിന്നിലെ രാഷ്‌ട്രീയ ഉദ്ദേശ്യമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌.

ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കള്‍ മാര്‍ത്താണ്ഡ വര്‍മയോ കുടുംബാംഗങ്ങളില്‍ ചിലരോ കടത്തിക്കൊണ്ടുപോയെന്ന ആരോപണം പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഷേധവുമായെത്തിയവരുടെ മുന്‍ നിരയില്‍ രമേശ്‌ ചെന്നിത്തലയുണ്ടായിരുന്നു. `തിരുവിതാംകൂര്‍ രാജ കുടുംബ'(?!!) ത്തിന്റെ സത്യസന്ധതയിലും വിശ്വാസ്യതയിലും ഒരു സംശയവുമില്ലെന്ന മട്ടിലായിരുന്നു രമേശിന്റെ പ്രതികരണം. കെ പി സി സി പ്രസിഡന്റ്‌ എന്ന നിലയില്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രതികരണമായി വേണം കാണാന്‍. തനിക്ക്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണം വി എസ്‌ ആവര്‍ത്തിച്ചു. 


തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി മാര്‍ത്താണ്ഡവര്‍മ കുടുംബം സുപ്രീം കോടതിയിലെത്തിയെങ്കിലും അത്‌ പരിഗണിക്കപ്പെട്ടില്ല. ക്ഷേത്ര നിലവറയിലെ സ്വര്‍ണം ഉരുക്കിക്കടത്തുകയാണ്‌ ചെയ്യുന്നത്‌ എന്നും അതിന്‌ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വി എസ്‌ ആവര്‍ത്തിച്ചു. ഇതിന്‌ പിറകെയാണ്‌ സ്വത്തിലൊരു ഭാഗം നഷ്‌ടപ്പെട്ടുവെന്നും ഇത്‌ മറച്ചുവെക്കാന്‍ ശ്രമം നടന്നുവെന്നുമുള്ള അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌. സ്വര്‍ണവും രത്‌നങ്ങളും പരിശോധിച്ച്‌ കൃത്യമായ പട്ടികയുണ്ടാക്കി സൂക്ഷിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തെ മാര്‍ത്താണ്ഡവര്‍മ കുടുംബം ശക്തമായി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഥ ഇത്രത്തോളമെത്തിയപ്പോള്‍ രമേശ്‌ ചെന്നിത്തല പറയുന്നത്‌ `മഹാരാജാവി'(?!)നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ്‌. `മഹാരാജാവി'നെ ക്രൂശിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും. തിരുവിതാംകൂര്‍ രാജവംശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മാര്‍ത്താണ്ഡവര്‍മ `മഹാരാജാവായി' തുടരുന്നുവെന്നുമാണ്‌ രമേശ്‌ ചെന്നിത്തലയുടെ നിലപാടെന്ന്‌ വേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിരാഗാന്ധി) ല്‍ രമേശ്‌ ചെന്നിത്തല തുടരാന്‍ പാടില്ല. രാജവംശത്തിന്റെ അവകാശങ്ങളും ചിഹ്നങ്ങളും ഇല്ലാതാക്കി ഭരണഘടന ഭേദഗതി ചെയ്യാന്‍ മുന്‍കൈ എടുത്ത നേതാവ്‌ സ്ഥാപിച്ച പാര്‍ട്ടിയില്‍ രാജഭക്തി ഇപ്പോഴും നിലനിര്‍ത്തുന്ന ഒരാള്‍ക്ക്‌ തുടരാനാകുമോ! ഈ നിലപാടുള്ള ഒരാളെ പാര്‍ട്ടിയിലെ ഒരു സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷ പദവിയിരുത്തുന്നത്‌ ഉചിതമാണോ എന്ന്‌ കോണ്‍ഗ്രസും ചിന്തിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ പാര്‍ട്ടി 2009ല്‍ ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഒരു നിലപാട്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍. 


ഒരു നായര്‍ മാത്രമായി ചിത്രീകരിച്ച്‌ തന്നെ മാറ്റിനിര്‍ത്താന്‍ ഗുഢ ശ്രമം നടക്കുന്നുവെന്ന ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ചിരുന്നു. അതൊരു ആരോപണം മാത്രമാണോ എന്ന സംശയം മറ നീക്കുന്ന രാജഭക്തി ജനിപ്പിക്കുന്നുണ്ട്‌. തിരുവിതാംകൂറില്‍ രാജാധികാരം നിലനിന്ന കാലത്ത്‌ അധികാര ശ്രേണിയുടെ കീഴറ്റത്ത്‌ നായന്‍മാരുണ്ടായിരുന്നു. അതിന്റെ കൂറോ രാജദാസന്‍മാരുടെ പിന്‍തലമുറക്കാരനെന്ന `അഭിമാന ബോധ'മോ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകണം. അല്ലെങ്കില്‍ പിന്നെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ്‌ `മഹാരാജാവി'നെ പിന്തുണക്കാന്‍ ഇത്ര തിടുക്കമെന്തിന്‌? അതുമല്ലെങ്കില്‍ സവര്‍ണ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ പറ്റിയ ആയുധമായി കെ പി സി സി പ്രസിഡന്റ്‌ ഈ പ്രശ്‌നത്തെ കാണുന്നുണ്ടാകണം. രമേശ്‌ ചെന്നിത്തലയുടെ ആര്‍ എസ്‌ എസ്‌ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നത്‌ അധിക കാലം മുമ്പല്ല എന്നത്‌ കണക്കിലെടുത്താല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നിലവറ തുറന്നതും കണക്കെടുത്തതും ക്ഷേത്ര കാര്യത്തിലും വിശ്വാസത്തിലുമുള്ള കൈകടത്തലായി വ്യഖ്യാനിച്ച്‌ വര്‍ഗീയ പ്രചാരണം നടത്താന്‍ സംഘ്‌പരിവാര്‍ ഇതിനകം തന്നെ ശ്രമിക്കുന്നുണ്ട്‌. ദേവ പ്രശ്‌നം പോലുള്ളവ സംഘടിപ്പിക്കപ്പെട്ടത്‌ ആ പ്രചാരണത്തിന്‌ കരുത്തേകാനാണ്‌. ഇതിനിടയില്‍ `മഹാരാജാവി'നെ താറടിക്കുന്നതില്‍ പ്രതിഷേധിക്കാനും `തിരുവിതാംകൂര്‍ രാജവംശ'ത്തിന്റെ സത്യസന്ധതയെ പ്രകീര്‍ത്തിക്കാനും തയ്യാറാകുക വഴി കുളം ഒന്നുകൂടി കലക്കുകയാണ്‌ ചെന്നിത്തല; വര്‍ഗീയ ധ്രുവീകരണമുണ്ടായാലൊരു മീന്‍ പിടിത്തത്തിന്റെ സാധ്യത തേടി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ചെറു ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കേരള കോണ്‍ഗ്രസ്‌ (മാണി) - മുസ്‌ലിം ലീഗ്‌ അച്ചുതണ്ടിന്റെ പിടിയിലാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്‌. `തിരുവിതാംകൂര്‍ മഹാരാജാവി'ന്റെ ദാസന്‍ കരുക്കള്‍ നീക്കുന്നത്‌ ഇത്‌ കൂടി മനസ്സില്‍വെച്ചാകണം. അതിനൊരു മറ വി എസ്സില്‍ കാണുന്നുവെന്ന്‌ മാത്രം.

2 comments:

  1. @രാജീവ്,
    നന്നായി പറഞ്ഞു. അഭിനന്ദനം. ഈ പോസ്റ്റ് ഷെയര്‍ ചെയ്യാനുള്ള ബട്ടന്‍ ദയവായി ചേര്‍ക്കുക.Design-Add a Gadget-(Featured)_Share it എന്ന മട്ടില്‍ വളരെ നിസ്സാരമായി ഇതു ചെയ്യാവുന്നതാണ്.

    ReplyDelete
  2. റാന്‍, അടിയനാണേ ചെന്നിത്തല...

    തന്നെ...

    ReplyDelete