2011-08-25

പ്രേതങ്ങളുടെ താഴ്‌വരജസ്വന്ത്‌ സിംഗ്‌ ഖര്‍ലയെ ഓര്‍മയുണ്ടോ? തട്ടുതകര്‍പ്പന്‍ ചലച്ചിത്രത്തിലെ സംഭാഷണം പോലെ ഓര്‍മ കാണില്ല എന്ന്‌ തന്നെയാണ്‌ മറുപടി. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഭരണകൂടത്തിന്റെ കാര്യത്തിലും മറുപടിയില്‍ മാറ്റമുണ്ടാകില്ല. അഴിമതിവിരുദ്ധ നിരാഹാര സമരം ദേശീയ ചിഹ്നങ്ങളുടെ അകമ്പടിയോടെ ഉന്മാദത്തോടടുത്ത ആഘോഷമായി കൊണ്ടാടിക്കൊണ്ടിരിക്കെ തീരെ ഓര്‍മ കാണില്ല. പക്ഷേ, ചില കുഴിമാടങ്ങള്‍ ഇത്തരമാളുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണമാകും. ജമ്മു കാശ്‌മീരില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ്‌ ചെയ്‌ത 38 സ്ഥലങ്ങള്‍ കണ്ടെത്തിയെന്ന്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുമ്പോഴാണ്‌ ജസ്വന്ത്‌ സിംഗ്‌ ഖര്‍ലയെന്ന മുന്‍ ബേങ്കര്‍ ഓര്‍മകളില്‍ പുനര്‍ജനിക്കുന്നത്‌. ഖര്‍ലയുടെ കുഴിമാടത്തിന്‌ (അങ്ങനെയൊന്ന്‌ എവിടെയെങ്കിലും കാണുമായിരിക്കും) അന്നാ ഹസാരെയുടെ നിരാഹാര സമര വേദിയായ രാംലീല മൈതാനവുമായി പരോക്ഷമായ ഒരു ബന്ധമുണ്ട്‌. അവിടെ പാറിപ്പറപ്പിക്കുന്ന പതാകകളിലുടെ ധ്വനിപ്പിക്കുന്ന ദേശീയത നിലനിര്‍ത്താന്‍ വേണ്ടി ഭരണകൂടം കാട്ടിയ ഭീകരതയുമായും ബന്ധമുണ്ട്‌.

അഴിമതി വേരോടെ പിഴുതെറിയാന്‍ പാകത്തിലുള്ള ലോക്‌പാലെന്ന മുദ്രാവാക്യത്തിലേക്ക്‌ അന്നാ ഹസാരെയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു കേസ്‌ സുപ്രീം കോടതിയില്‍ നിലവിലുണ്ട്‌. ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ച കള്ളപ്പണം കണ്ടെത്താനും അത്‌ നാട്ടിലേക്ക്‌ കൊണ്ടുവരാനും നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന്‌ വിരമിച്ചവരും ചില അഭിഭാഷകരും ചേര്‍ന്ന്‌ നല്‍കിയ ഹരജിയാണ്‌ കേസിന്‌ ആധാരം. ഹരജി സമര്‍പ്പിച്ചവരില്‍ ഒരാള്‍ പഞ്ചാബിലെ മുന്‍ ഡി ജി പി കന്‍വര്‍ പാല്‍ സിംഗ്‌ ഗില്‍ (കെ പി എസ്‌ ഗില്‍) ആണ്‌. ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തി പഞ്ചാബിനെ സമാധാനത്തിലേക്ക്‌ നയിച്ച സൂപ്പര്‍ പോലീസ്‌ ഉദ്യോഗസ്ഥനെന്ന വിശേഷണം ഗില്ലിനുണ്ട്‌. എന്നാല്‍ ഈ അടിച്ചമര്‍ത്തിലിനിടെ എത്ര നിരപരാധികളെ കൊന്നൊടുക്കിയെന്നതിന്‌ കണക്കില്ല. ഗില്ലിന്‌ മുമ്പ്‌ തന്നെ ഇത്തരം കൊലപാതകങ്ങള്‍ പഞ്ചാബില്‍ ആരംഭിച്ചിരുന്നു. 1984 മുതല്‍ 1995 വരെ ഇത്തരത്തില്‍ പോലീസ്‌ നടത്തിയ കൊലപാതകങ്ങളുടെ കണക്കെടുപ്പ്‌ നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പിന്നീട്‌ ശ്രമിച്ചിരുന്നു. ഒരിക്കലും കൃത്യമായി നടത്താനാകാത്ത കണക്കെടുപ്പ്‌. 


1988 മുതല്‍ 1990 വരെയും 1991 മുതല്‍ 1995ല്‍ സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്നത്‌ വരെയും പഞ്ചാബില്‍ ഡി ജി പിയായിരുന്നു ഗില്‍. അക്കാലത്താണ്‌ കൊടും ക്രൂരതകള്‍ തുടര്‍ച്ചയായി അരങ്ങേറിയതും. വീടുകളില്‍ നിന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ വിളിച്ചിറക്കിക്കൊണ്ടുപോകുന്ന യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്ത ദിവസങ്ങള്‍ക്ക്‌ ശേഷം ബന്ധുക്കള്‍ പത്രങ്ങളില്‍ വായിക്കും. അങ്ങനെ വായിച്ചറിയാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്‍മാരാണെന്ന്‌ കാലം തെളിയിച്ചു. കാരണം പോലീസ്‌ ഉദ്യോഗസ്ഥര്‍ വിളിച്ചിറക്കിക്കൊണ്ടുപോയ മക്കള്‍/സഹോദരര്‍/ഭര്‍ത്താക്കന്‍മാര്‍ എവിടെയെന്നറിയാതെ വര്‍ഷങ്ങള്‍ മനമുരുകിക്കഴിയേണ്ട അവസ്ഥ അവര്‍ക്കുണ്ടായില്ലല്ലോ! ഇങ്ങനെ കഴിയുന്ന മാതാപിതാക്കള്‍ ഇപ്പോഴും പഞ്ചാബിലുണ്ട്‌. സര്‍ക്കാറിന്റെയും കോടതിയുടെയും മുന്നില്‍ അപേക്ഷകളുമായി അലയുന്നുമുണ്ട്‌. 


ഇങ്ങനെ കാണാതായ മൂന്ന്‌ സഹപ്രവര്‍ത്തകരെ അന്വേഷിക്കാനിറങ്ങിയതോടെയാണ്‌ ജസ്വന്ത്‌ സിംഗ്‌ ഖര്‍ലയുടെ ജീവിതം മാറിമറിഞ്ഞത്‌. കാണാതായവരുടെ എണ്ണം ആയിരങ്ങള്‍ വരുമെന്ന്‌ കണ്ടെത്തി. പോലീസുകാര്‍ കൊന്ന്‌ കത്തിച്ചുകളഞ്ഞവരുടെ പേരും വയസ്സും വിലാസവുമടങ്ങുന്ന ഫയല്‍ അമൃത്‌സറിലെ ഓഫീസില്‍ നിന്ന്‌ പുറത്തെത്തിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പിന്നീട്‌ കണക്കെടുപ്പ്‌ നടത്തിയത്‌.

ദേശീയ അഖണ്ഡത നിലനിര്‍ത്തുന്നതിന്‌ ഭരണകൂടം സ്വീകരിച്ച ലഘുമാര്‍ഗങ്ങളിലൊന്നായിരുന്നു ഈ കാണാതാക്കല്‍. ജീവന്‍ നഷ്‌ടപ്പെടുമെന്ന ഭീതി സൃഷ്‌ടിച്ച്‌ ഖാലിസ്ഥാന്‍ വാദത്തില്‍ നിന്ന്‌ ജനങ്ങളെ അകറ്റുക എന്ന രീതി. ഖാലിസ്ഥാന്‍ വാദവുമായോ അതിന്‌ വേണ്ടി പ്രവര്‍ത്തിച്ച തീവ്രവാദികളുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന ആയിരക്കണക്കിന്‌ യുവാക്കള്‍ ഇതിന്‌ ബലിയാടായി. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയതുകൊണ്ടാണ്‌ കെ പി എസ്‌ ഗില്‍ സൂപ്പര്‍ പോലീസ്‌ ഉദ്യോഗസ്ഥനായത്‌. ഒന്നാം ലോക മഹായുദ്ധ കാലത്ത്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ സായുധ കലാപത്തിന്‌ പദ്ധതിയിട്ട ഘദര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്ന ഹര്‍ണാം സിംഗിന്റെ ചെറുമകനായ ഖര്‍ലക്ക്‌ ആയിരങ്ങളെ കൊന്ന്‌ ചുട്ടെരിച്ച ക്രൂരത സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനുത്തരവാദികളായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹം ഉറച്ചു. 


1995ല്‍ സ്വന്തം വീടിന്റെ മുന്നില്‍ നിന്ന്‌ പോലീസിന്റെ ഏജന്റുമാര്‍ ഖര്‍ലയെ തട്ടിക്കൊണ്ടുപോയി. പിന്നീട്‌ ഖര്‍ലയെ ആരും കണ്ടിട്ടില്ല. കൊന്ന്‌ കത്തിച്ചിട്ടുണ്ടാകണം. ഈ കേസില്‍ ഏതാനും പോലീസ്‌ ഉദ്യോഗസ്ഥരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കോടതി ശിക്ഷിച്ചു. ഖര്‍ലയെ തട്ടിക്കൊണ്ടുപോയി വധിച്ചതിന്റെ മുഖ്യ ആസൂത്രകന്‍ കെ പി എസ്‌ ഗില്ലാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇതിന്‌ തെളിവായി സാക്ഷിമൊഴികളുമുണ്ടായി. പക്ഷേ, സൂപ്പര്‍ ഉദ്യോഗസ്ഥനെതിരെ കേസുണ്ടായില്ല. ചുട്ടെരിക്കപ്പെട്ട ആയിരങ്ങളുടെ ജീവനെടുത്തതിന്‌ ഇപ്പോഴും ഉത്തരവാദികളുമില്ല.

ഇതിന്റെ ആവര്‍ത്തനമാണോ ജമ്മു കാശ്‌മീരിലുമുണ്ടായത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടമായി മൃതദേഹം മറവ്‌ ചെയ്‌ത 38 സ്ഥലങ്ങള്‍ വടക്കന്‍ കാശ്‌മീരില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്‌. രണ്ടായിരത്തിലേറെപ്പേരെ ഇവിടെ മറവ്‌ ചെയ്‌തതായും കണ്ടെത്തി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജ്ഞാതരായ തീവ്രവാദികളാണിവരൊക്കെ എന്ന്‌ പോലീസും സൈന്യവും വാദിച്ചു. എന്നാല്‍ ഇവരില്‍ 574 പേര്‍ പ്രദേശവാസികളായ സാധാരണക്കാരായിരുന്നുവെന്ന്‌ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൃതദേഹങ്ങളുടെ ശേഷഭാഗങ്ങള്‍ കണ്ട്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാണ്‌ ഇവരെ. തീവ്രവാദം ശക്തമാകുകയും അടിച്ചമര്‍ത്തലിന്‌ സൈന്യം നിയോഗിക്കപ്പെടുകയും ചെയ്‌തതിനു ശേഷം ആയിരക്കണക്കിന്‌ യുവാക്കളെ കാശ്‌മീരില്‍ നിന്ന്‌ കാണാതായിട്ടുണ്ട്‌. 


പഞ്ചാബിലുണ്ടായത്‌ പോലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന്‌ കൂട്ടിക്കൊണ്ടു പോയതിന്‌ ശേഷം കാണാതായവരും കുറവല്ല. ഇവരില്‍ എത്ര പേര്‍ ഈ കുഴിമാടങ്ങളിലേക്ക്‌ തള്ളപ്പെട്ടുവെന്നാണ്‌ ഇനിയത്തെ ചോദ്യം. വടക്കന്‍ മേഖലയില്‍ മാത്രമല്ല ജമ്മു കാശ്‌മീരിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇതേക്കുറിച്ച്‌ അന്വേഷിച്ചാല്‍ അജ്ഞാതമായ കുഴിമാടങ്ങള്‍ കൂടുതല്‍ കണ്ടെത്തിയേക്കാം, അവിടെ അന്ത്യനിദ്ര കൊള്ളുന്ന അജ്ഞാതരായ നിരവധി പേര്‍ വെറെയുമുണ്ടാകാം.

പോലീസും സൈന്യവും പറയുന്നത്‌ പോലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജ്ഞാതരായ തീവ്ര/ഭീകര വാദികള്‍ ഇതിലുണ്ടാകും. എന്നാല്‍ ഇത്രയുമധികം പേര്‍ ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌. കാരണം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട തീവ്ര/ഭീകര വാദികളെക്കുറിച്ചുള്ള കണക്കുകള്‍ അഭിമാനത്തോടെ പുറത്തുവിടാറുണ്ട്‌ നമ്മുടെ സൈന്യം. അതുകൊണ്ട്‌ അത്തരക്കാരുടെ കണക്ക്‌ കൃത്യമായി അധികൃതരുടെ കൈകളിലുണ്ടാകും. മാത്രമല്ല, പണത്തിനും സ്ഥാനക്കയറ്റത്തിനുമൊക്കെ വേണ്ടി നിരപരാധികളായ യുവാക്കളെ അതിര്‍ത്തി പ്രദേശത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി വെടിവെച്ച്‌ കൊന്ന്‌ നുഴഞ്ഞുകയറിയ ഭീകരവാദികളായി ചിത്രീകരിച്ച സംഭവങ്ങളും കുറവല്ല. അടുത്തിടെയായി അത്തരം സംഭവങ്ങള്‍ ചിലതെങ്കിലും പുറത്തുവരുന്നുണ്ട്‌ എന്ന്‌ മാത്രം. ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനം പേരിന്‌ മാത്രമായെങ്കിലും നിലനില്‍ക്കാന്‍ തുടങ്ങിയതിന്‌ ശേഷമാണ്‌ ഇത്തരം സംഭവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്‌. ജഗ്‌മോഹനെപ്പോലുള്ള ഗവര്‍ണര്‍മാരെ സര്‍വാധികാരികളാക്കി രാഷ്‌ട്രപതി ഭരണം നടക്കുകയും സൈന്യം ക്രമസമാധാന പാലനം നടത്തുകയും ചെയ്‌തിരുന്ന കാലത്ത്‌ ഇത്തരം എത്ര സംഭവങ്ങളുണ്ടായിട്ടുണ്ടാകും! അതിന്റെ ഇരകളാണ്‌ കാണാതായവരും ഇന്നും മനമുരുകിക്കഴിയുന്ന അവരുടെ ബന്ധുക്കളും.

കുഴിമാടങ്ങള്‍ കഥ പറയാന്‍ തുടങ്ങിയാല്‍ അത്‌ പഞ്ചാബിലും കാശ്‌മീരിലും മാത്രമായി ഒതുങ്ങില്ല. മണിപ്പൂര്‍, അസം, നാഗാലാന്‍ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രേതങ്ങള്‍ ഉയര്‍ന്ന്‌ വന്നേക്കാം. വിഘടന ആവശ്യം തീവ്രമായി ഉന്നയിക്കുകയും ആ ആവശ്യം നേടിയെടുക്കാന്‍ സായുധമായി സമരം ചെയ്യാന്‍ മടിക്കാതിരിക്കുകയും ചെയ്‌ത സംഘടനകളുടെ സാന്നിധ്യം ഈ പ്രേതസൃഷ്‌ടിയുടെ കാരണമായി ഭരണകൂടത്തിന്‌ ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും മഹാരാഷ്‌ട്രയിലുമൊക്കെ ഇത്തരം കുഴിമാടങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. മറവ്‌ ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. സുഹ്‌റാബുദ്ദീന്‍ ശൈഖ്‌, തുള്‍സി റാം പ്രജാപതി എന്നീ പേരുകളില്‍ ചിലതൊക്കെ ഇടക്ക്‌ പുറത്തുവരുന്നുണ്ട്‌ എന്ന്‌ മാത്രം. കുറ്റവാളികളാരെന്ന്‌ കണ്ടെത്തുന്ന കേസുകള്‍ തുലോം കുറവാണെന്നതാണ്‌ ഇത്തരം സംഭവങ്ങളിലെ പ്രത്യേകത.

കൂട്ടക്കൊലകളില്‍ ആരോപണ വിധേയനായ ഗില്‍ ഇന്ന്‌ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കുരിശുയുദ്ധം നടത്തുന്നയാളാണ്‌. അഴിമതിക്കെതിരായ സഹന സമരം ആഘോഷിക്കപ്പെടുന്ന വേളയായിരുന്നില്ലെങ്കില്‍ കാശ്‌മീരില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുറേക്കൂടി വലിയ വാര്‍ത്തയെങ്കിലുമാകുമായിരുന്നു. ഇവിടെ മറവ്‌ ചെയ്യപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിയെങ്കിലും വേഗത്തിലുണ്ടാകുമായിരുന്നു. കൊലകളുടെ ഉത്തരവാദികളെ കണ്ടെത്തുക എന്നത്‌ വിദൂരത്തില്‍ പോലുമുള്ള സാധ്യതയല്ല. മറവ്‌ ചെയ്യപ്പെട്ടവരെ തിരിച്ചറിഞ്ഞാല്‍ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ കുറേപ്പേര്‍ തുടരുന്ന അലച്ചിലെങ്കിലും ഒഴിവാക്കാനാകും.