ശ്രീ പപ്പനാവന്റെ നാല് ചക്രമെന്നത് തിരുവിതാംകൂറില്‍ അന്തസ്സിന്റെ പ്രതീകമായിരുന്നു. രാജാവിന്റെ വേലക്കാരനാണ് എന്നതിന്റെ തെളിവായിരുന്നു ചക്രം. അതാണ് അന്തസ്സിന്റെ അടിസ്ഥാനം. രാജഭരണം ഇല്ലാതായിട്ടും ഈ അന്തസ്സ് നിലനിന്നു. ജനാധിപത്യ ഭരണ സംവിധാനത്തിന് കീഴിലുള്ള ജോലിക്ക് ലഭിക്കുന്ന വേതനം ശ്രീ പപ്പനാവന്റെ ചക്രമായി സങ്കല്‍പ്പിച്ച് സംതൃപ്‌തി അടയുന്നവര്‍ കുറവല്ല. അടിയാള മനോഭാവമോ രാജാധികാരത്തെക്കുറിച്ചുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങളില്‍ രമിക്കലോ തുടരുന്നുവെന്നതിന് തെളിവാണിത്. ഈ തുടര്‍ച്ച സവര്‍ണ ഹൈന്ദവ ചിന്താധാരയുമായി ബന്ധപ്പെട്ടതാണ്. കാരണം തീണ്ടലും തൊടീലുമൊക്കെ നിലനിന്ന കാലത്ത് രാജാവിന്റെ വേലക്കാരനാകാനും ചക്രം ലഭിക്കാനും `ഭാഗ്യ'മുണ്ടായിരിക്കുക സവര്‍ണര്‍ക്ക് മാത്രമാണ്. അതേ ചിന്താധാര തന്നെയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കളുടെ കാര്യത്തിലും പുലരുന്നത് എന്ന് നിസ്സംശയം പറയാം.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സഹസ്ര കോടികള്‍ മൂല്യം വരുന്ന സ്വത്തുക്കള്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നത് സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നില്ല. സ്വത്ത് ക്ഷേത്രത്തിന്റെ വകയാണെന്നും അത് അവിടെ നിന്ന് നീക്കരുത് എന്നും വാദിക്കുന്നവര്‍ പോലും ഇത് സമാഹരിക്കപ്പെട്ടത് ദരിദ്ര ജനങ്ങളുടെ മേല്‍ ചുമത്തപ്പെട്ട മനുഷ്യത്വരഹിതമായ ചുങ്കങ്ങളിലൂടെയാണെന്ന് സമ്മതിക്കും. പത്മനാഭദാസന്‍മാരായി ഭരണം നടത്താന്‍ തീരുമാനിച്ചതു കൊണ്ടാണ് സ്വത്തുക്കള്‍ ക്ഷേത്ര നിലവറയില്‍ സൂക്ഷിക്കാന്‍ തിരുവിതാംകൂര്‍ രാജവംശം തീരുമാനിച്ചത് എന്നാണ് ഒരു വാദം. രാജാക്കന്‍മാര്‍ കാണിക്കയായി നല്‍കിയതാണ് ഇത്രയും സ്വത്തുക്കളെന്ന മറ്റൊരു വാദവും നിലവിലുണ്ട്. ഇത് രണ്ടും വിശ്വാസത്തിന്റെ പേരില്‍ സമ്മതിച്ചാല്‍പ്പോലും അന്ന് ലഭ്യമായ ഏറ്റവും നല്ല ലോക്കര്‍ എന്ന നിലയിലാണ് നിലവറകള്‍ ഉപയോഗിക്കപ്പെട്ടത് എന്നത് അംഗീകരിക്കേണ്ടിവരും. വിവിധ രാജവംശങ്ങള്‍ ക്ഷേത്രങ്ങളെ സുരക്ഷിതമായ ലോക്കറുകളായി സൂക്ഷിച്ചിരുന്നുവെന്നതിന് ഇതര ദേശങ്ങളില്‍ നിന്ന് തെളിവുകള്‍ ലഭ്യവുമാണ്.
പത്മനാഭദാസന്‍മാരായി ഭരണം നടത്താന്‍ തീരുമാനിക്കുകയും സ്വത്തുക്കള്‍ ക്ഷേത്ര നിലവറയിലേക്ക് മാറ്റുകയും ചെയ്‌തതാണെങ്കില്‍ ഭരണകാര്യങ്ങള്‍ക്ക് ആവശ്യമായി വന്ന ഘട്ടങ്ങളില്‍ ഇതെടുത്ത് ഉപയോഗിച്ചിട്ടുണ്ടാകണം. കാണിക്കയായി നല്‍കി എന്ന വാദം വിശ്വസിക്കുക പ്രയാസമാണ്. നിലവറകളിലെ സ്വത്തിന്റെ കൃത്യമായ കണക്ക് തങ്ങളുടെ പക്കലുണ്ടെന്നാണ് രാജവംശത്തിന്റെ ഇപ്പോഴത്തെ തലമുറ പറയുന്നത്. അങ്ങനെയെങ്കില്‍ പത്മനാഭസ്വാമിക്ക് കാണിക്കയായി നല്‍കിയ വകകള്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ തന്നെ അളന്ന് തിട്ടപ്പെടുത്തിക്കാണണം. അല്ലെങ്കില്‍ കാണിക്കയായി നല്‍കുന്നതിന്റെ കണക്ക് രേഖപ്പെടുത്തിവെച്ചിട്ടുണ്ടാകണം. രണ്ടായാലും നിലവറയിലെ സ്വത്ത് തിട്ടപ്പെടുത്തുന്നതിന് രാജഭരണം മടികാണിച്ചിരുന്നില്ല. അപ്പോള്‍ പിന്നെ ഇപ്പോള്‍ നടക്കുന്ന തിട്ടപ്പെടുത്തലിനെ എതിര്‍ക്കുന്നതിന് അടിസ്ഥാനമില്ലെന്ന് സമ്മതിക്കേണ്ടിവരും.
ക്ഷേത്ര നിലവറകളെ ഖജനാവാക്കി തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചുവെന്ന വാദത്തിനാണ് കുറേക്കൂടി യുക്തിഭദ്രതയുള്ളത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഭരണ സംവിധാനത്തിനും ഇത് ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതിനൊന്നും വഴങ്ങാതെ നിലവറകളിലെ സ്വത്തിന്റെ കണക്ക് താലോലിച്ച് നിര്‍വൃതി അടയുകയാണ് ഇപ്പോഴത്തെ മാര്‍ത്താണ്ഡവര്‍മയും ബന്ധുക്കളും. ജനക്ഷേമം മുന്‍നിര്‍ത്തി ഭരണം നടത്തിയവരാണ് തിരുവിതാംകൂര്‍ രാജവംശമെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ആ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ജനക്ഷേമകരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് നിലവറകളിലെ സ്വത്ത് ഉപയോഗിക്കാമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യേണ്ടത്.
മൂല്യം കണക്കാക്കാന്‍ സാധിക്കാത്ത സ്വത്ത് തങ്ങളുടെ അധീനതയില്‍ ഇപ്പോഴുമുണ്ടെന്ന നിര്‍വൃതിയില്‍ മാര്‍ത്താണ്ഡ വര്‍മയും കൂട്ടരും തുടരുമ്പോള്‍ നിലവറകളിലെ പരിശോധന പോലും ഹൈന്ദവ വിശ്വാസത്തിനെതിരായ നീക്കമായി ചിത്രീകരിക്കാനാണ് സംഘ് പരിവാര്‍ സംഘടനകളുടെ ശ്രമം. ഈ രണ്ട് കൂട്ടരും യോജിച്ചതിന്റെ ഫലമായിരുന്നു അടുത്തിടെ അരങ്ങേറിയ ദേവപ്രശ്‌നം. സ്വത്തിന്റെ സംരക്ഷണം ദേവന്റെ പ്രശ്‌നമല്ല, മനുഷ്യന്റെ പ്രശ്‌നമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ക്ഷേത്ര നിലവറകളിലെ സ്വത്തുക്കള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചത് വലിയ പിഴയായി പ്രശ്‌നത്തില്‍ കണ്ടു. ബി നിലവറ തുറക്കുന്നത് കൊടിയ ദുരന്തത്തിന് വഴിവെക്കുമെന്നും പ്രശ്‌ന വിധിയുണ്ടായി. ഇങ്ങനെ വിധിക്കാന്‍ പ്രശ്‌നം നടത്തിയ പണ്ഡിതര്‍ക്ക് കാരണങ്ങളുണ്ടാകാം. അതിനെല്ലാം അടിസ്ഥാനം വിശ്വാസങ്ങളാണ്. വിശ്വാസമെന്നാല്‍ അടിസ്ഥാനപരമായി ദൈവത്തിലുള്ള വിശ്വാസം. അതിന് ശേഷമേ നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും ഗണിച്ചുള്ള ജ്യോതിഷത്തിലുള്ള വിശ്വാസത്തിന് സ്ഥാനമുണ്ടാകൂ. തന്റെ വിശ്വാസത്തെ ചോദ്യം ചെയ്‌ത ഹിരണ്യ കശിപുവിനോട് പ്രഹ്‌ളാദന്‍ പറയുന്നത് ദൈവം എവിടെയുമുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ അവന്‍ വന്ന് നിന്നെ രക്ഷിക്കട്ടെ എന്ന് വെല്ലുവിളിക്കുന്ന ഹിരണ്യ കശിപുവിനെ വധിക്കാന്‍ നരസിംഹാവതാരം എത്തുന്നത് തൂണ് പിളര്‍ന്നാണ്.
തൂണിലും തുരുമ്പിലുമിരിക്കുന്ന ദൈവത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ (നരസിംഹമായി അവതരിച്ച വിഷ്‌ണു ഭഗവാന്‍ തന്നെയാണത്രേ ശ്രീ പത്മനാഭ സ്വാമി) ഏതാനും നിലവറകളുടെ കാര്യത്തിലും അതിലെ സ്വത്തുക്കളിരിക്കുന്ന സ്ഥാനത്തിന്റെ കാര്യത്തിലും പ്രത്യേകിച്ച് നിര്‍ബന്ധങ്ങളുണ്ടെന്ന് ഏത് പണ്ഡിതന്‍ പറഞ്ഞാലും അതിന് എന്തൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാലും വിശ്വാസിയായ ഒരാള്‍ക്ക് ബോധ്യപ്പെടില്ല തന്നെ.
അപ്പോള്‍ പ്രശ്‌നം ദേവന്റെയോ വിശ്വാസത്തിന്റെയോ അല്ല. കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും സ്വത്തുണ്ടെന്ന വിശ്വാസത്തില്‍ രമിക്കുന്ന, രാജരക്തത്തിന്റെ വരേണ്യതയില്‍ ഇപ്പോഴും ഊറ്റം കൊള്ളുന്ന ഒരു വിഭാഗത്തിന്റെയും ക്ഷേത്ര നിലവറയാണെന്നത് കൊണ്ടു തന്നെ അതിനെ വിശ്വാസവുമായി ബന്ധിപ്പിച്ച് മുതലെടുക്കാന്‍ അവസരമുണ്ടാകുമെന്ന് കരുതുന്ന വര്‍ഗീയവാദികളുടെയും പ്രശ്‌നമാണ്. താണ ജാതിയെന്നും അന്യ മതക്കാരെന്നും പറഞ്ഞ് അകറ്റിനിര്‍ത്തുമ്പോള്‍ തന്നെ അവരെ പിഴിഞ്ഞൂറ്റാന്‍ മടി കാട്ടാതിരുന്ന പഴയ സവര്‍ണ മേല്‍ക്കോയ്‌മയുടെ പുതുമുഖമാണിത്.
പായസമെന്ന പേരില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വത്തുക്കള്‍ മാര്‍ത്താണ്ഡവര്‍മ കടത്തിയിരുന്നുവെന്ന പരാതിയെക്കുറിച്ച് വി എസ് അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ പുറപ്പെട്ടവരുടെ മനസ്സുകളിലും ഈ സവര്‍ണ മനോഭാവം തന്നെയാണ് നിലനില്‍ക്കുന്നത്. അങ്ങനെയൊരു പരാതി ഉയരാന്‍ ഇടയുണ്ടോ എന്ന ആലോചനപോലുമില്ലാതെ എതിര്‍പ്പുമായി രംഗത്തുവന്നതിന്റെ അര്‍ഥം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനേക്കാളേറെ ഇവര്‍ രാജവംശത്തെ വിശ്വസിക്കുന്നുവെന്നതാണ്.
ക്ഷേത്ര നിലവറകള്‍ തുറക്കുകയും സ്വത്തുക്കളുടെ കണക്ക് പുറത്തുവരികയും ചെയ്‌ത സമയത്ത് ഇതേക്കുറിച്ചെല്ലാം തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് പറഞ്ഞത് ഇതേ മാര്‍ത്താണ്ഡവര്‍മ തന്നെയാണ്. സ്വത്തുക്കളുടെ കണക്ക് തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞതും മറ്റാരുമല്ല. സ്വത്ത് വിവരം ഇത്രകാലം രഹസ്യമാക്കിവെച്ചത് എന്തിനാണെന്ന് മാത്രം പറഞ്ഞില്ല. പുറത്തറിഞ്ഞാല്‍ മോഷ്‌ടിക്കപ്പെട്ടാലോ എന്ന ഭീതിമൂലമാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. നിലവറ തുറന്ന് സ്വത്ത് തിട്ടപ്പെടുത്തണമെന്ന് ഉത്തരവിട്ടത് സുപ്രീം കോടതിയാണ്. അതിന് വേണ്ടിയുള്ള ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സ്വത്തുക്കളുടെ കണക്ക് തങ്ങളുടെ പക്കലുണ്ടെന്ന് കോടതിയെ അറിയിക്കാന്‍ ഇവര്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്? വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് കോടതി കണക്കിലെടുക്കുമായിരുന്നുവല്ലോ. അതിന് തയ്യാറാകാതിരുന്നത് കോടതിയില്‍ വിശ്വാസമില്ലാത്തതു കൊണ്ടാകണം. സ്വത്ത് തിട്ടപ്പെടുത്തുന്നതില്‍ പത്മനാഭ സ്വാമിയുടെ പേരില്‍ എതിര്‍പ്പുന്നയിക്കുന്നതിന്റെ പിറകില്‍ മറ്റ് കാരണങ്ങളുണ്ടോ എന്ന ചിന്തയാണ് നേരത്തെ പറഞ്ഞ പരാതി ജനിപ്പിക്കുന്നത്. തിട്ടപ്പെടുത്തപ്പെട്ടാല്‍ പിന്നെ പായസ രൂപത്തില്‍ അത് പുറത്തേക്ക് കൊണ്ടുവരിക പ്രയാസമാകുമല്ലോ!
കാണിക്കയായി ലഭിക്കുന്ന സ്വത്തുക്കള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നതിന് ചിലയിടത്തെങ്കിലും പ്രശ്‌നങ്ങളില്ല എന്ന് കരുതണം. അതുകൊണ്ടാണല്ലോ ശബരി മലയിലെ കോടികളുടെ നടവരവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായി ചെലവഴിക്കുന്നത്. ആ നടവരവുള്ളതുകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കിപ്പോരുന്നത്. ഒരു വ്യത്യാസമുണ്ട്; ശബരിമലയില്‍ കാണിക്ക നല്‍കുന്നത് സാധാരണക്കാരാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാജാവിന്റെ കാണിക്കയാണ്. സാധാരണക്കാരന്റെ കാണിക്കയും രാജാവിന്റെ കാണിക്കയും തമ്മില്‍ വ്യത്യാസമുണ്ടോ?
ഉണ്ടെന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണിക്ക മുതല്‍ തിട്ടപ്പെടുത്തുന്നതില്‍പ്പോലും എതിര്‍പ്പുയരേണ്ട കാര്യമില്ലല്ലോ. സ്ഥിതി ഇതാണെങ്കില്‍ മാര്‍ത്താണ്ഡവര്‍മയും പരിവാരങ്ങളും സംഘ്‌പരിവാര്‍ സംഘടനകളുടെ പ്രഭൃതികളും രാജവംശത്തിന്റെ വിശ്വാസ്യതയില്‍ ഇപ്പോഴും കുറവില്ലാത്ത രാഷ്‌ട്രീയക്കാരും ശ്രീ പത്മനാഭ സ്വാമിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. രാജാവിന്റെ കാണിക്കക്ക് മൂല്യം കൂടുതല്‍ കണക്കാക്കുകയും അത് സ്ഥലം മാറ്റിവെക്കുന്നതില്‍ പോലും അനിഷ്‌ടം പ്രകടിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനം കാണിക്കുന്ന ദൈവമായി താറടിക്കുകയാണ്. കുചേലന്റെ ഒരു പിടി അവിലിനെപ്പോലും അമൂല്യമായി കണ്ട ദൈവാംശത്തെ നിഷേധിക്കുകയാണ്. ഇതിനെതിരെ രംഗത്തുവരികയാണ് യഥാര്‍ഥ വിശ്വാസികളുടെ കടമ. ഒരു പിടി അവിലിന് പകരമായി സമ്പത്തും സമൃദ്ധിയും നല്‍കിയ ദൈവത്തെയാണ് (അതും ശ്രീ പത്മനാഭ സ്വാമി തന്നെയാണ്) വിശ്വസിക്കുന്നത് എങ്കില്‍ ഈ സ്വത്ത് അതിന്റെ യഥാര്‍ഥ അവകാശികളുടെ പിന്‍മുറക്കാരുടെ ഉന്നമനത്തിന് വേണ്ടി കൈമാറുകയാണ് വേണ്ടത്. അതാണ് യഥാര്‍ഥ വിശ്വാസിക്ക് ചെയ്യാവുന്ന സ്വാമി സേവ. അതിന് വേണ്ടി ശ്രമിക്കാത്തവരോട് ശ്രീ പത്മനാഭ സ്വാമീ പൊറുക്കണേ!
No comments:
Post a Comment