അന്താരാഷ്ട്ര കരാറുകള്‍ക്ക് മുകളില്‍ ആഭ്യന്തര നിയമങ്ങള്‍ക്ക് വിലയുണ്ടോ? ആണവ ബാധ്യതാ നിയമവും ആണവ ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര കരാറും വരും നാളുകളില്‍ മുന്നില്‍ വരുമ്പോള്‍ ഈ ചോദ്യമുയരുമെന്ന് ഉറപ്പ്. അല്ലെങ്കില്‍ അന്താരാഷ്ട്ര കരാറിന് അനുസരിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുക എന്ന നിര്‍ദേശം ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മുന്നോട്ടുവെക്കണം. നിലവിലുള്ള നിയമം തന്നെ വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് പാസ്സാക്കിയത് എന്നതിനാല്‍ നിയമ ഭേദഗതി എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കാന്‍ ഇടയില്ല. രാജ്യസഭയില്‍ യു പി എക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ അഭിപ്രായൈക്യമുണ്ടാക്കിയാലേ നിയമ ഭേദഗതി പാസ്സാക്കാന്‍ സാധിക്കൂ എന്നതും ഭേദഗതി നീക്കത്തിന് തടസ്സമാകും. ആഭ്യന്തര നിയമത്തെ നിലവിലുള്ള നിലയില്‍ തുടരാന്‍ അനുവദിക്കുകയും അന്താരാഷ്ട്ര കരാറില്‍ ഒപ്പ് വെക്കുകയുമാകും ചെയ്യുക. വര്‍ഷാവസാനത്തോടെ കരാര്‍ അംഗീകരിക്കണമെന്ന അമേരിക്കന്‍ കല്‍പ്പന ഹിലാരി ക്ലിന്റണ്‍ നേരിട്ടെത്തി അറിയിച്ച സാഹചര്യത്തില്‍ അമാന്തമുണ്ടാകില്ല.
അന്താരാഷ്ട്ര കരാറുകള്‍ക്ക് ആഭ്യന്തര നിയമങ്ങളേക്കാള്‍ വിലയുണ്ടോ എന്ന ചോദ്യം ഇപ്പോഴുയരുന്നത് ആണവ പദ്ധതി പോലെ കാര്യപ്പെട്ട കാര്യത്തെച്ചൊല്ലിയല്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായിക വിനോദവുമായി ബന്ധപ്പെട്ടാണ്. ഗെയിംസ് ഇന്ത്യയില്‍ നടത്തുന്നതിന് അവകാശവാദം ഉന്നയിച്ചപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും കേന്ദ്ര സര്‍ക്കാറും തമ്മില്‍ കരാറുണ്ടാക്കി. 2003 നവംബറില്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍. കളിസ്ഥലമായി തിരഞ്ഞെടുത്ത ഡല്‍ഹിയിലെ പ്രാദേശിക ഭരണകൂടവും ഫെഡറേഷനും തമ്മിലാണ് കരാറുണ്ടാക്കേണ്ടിയിരുന്നത്. അത് പാലിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കരാറിന്റെ ഭാഗമായി. അതുകൊണ്ട് അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ എല്ലാ സാമ്പത്തിക ബാധ്യതകളും കേന്ദ്ര സര്‍ക്കാറിന്റെ ചുമലിലായി. ലോഭമൊന്നും കൂടാതെ പണം അനുവദിക്കേണ്ടിവന്നു. ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ഗെയിംസ് സംഘാടക സമിതിയുടെ ചെയര്‍മാനാകുമെന്ന കരാറിലെ വ്യവസ്ഥ എന്‍ ഡി എ സര്‍ക്കാര്‍ അംഗീകരിച്ചു. അതുകൊണ്ട് സുരേഷ് കല്‍മാഡി ചെയര്‍മാനായി.
കേന്ദ്ര സര്‍ക്കാര്‍ ലോഭമില്ലാതെ നല്‍കിയ പണം തന്റെയും കൂട്ടാളികളുടെയും ലാഭം ലാക്കാക്കി കല്‍മാഡി ചെലവഴിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകള്‍ക്കും അഴിമതിക്കും കാരണം അന്നുണ്ടാക്കിയ കരാറാണ്. കായിക മന്ത്രി അജയ് മാക്കന്‍ പാര്‍ലിമെന്റില്‍ സ്വമേധയാ നടത്തിയ പ്രസ്താവനയിലാണ് ഇതൊക്കെ വിശദീകരിച്ചത്. മന്ത്രി സ്വമേധയാ പ്രസ്താവന നടത്തുക എന്നത് നടപടിക്രമമേ ആകുന്നുള്ളൂ. സുരേഷ് കല്‍മാഡിക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയ പ്രധാനമന്ത്രിയുടെ ഓഫീസ് അഴിമതിക്ക് കളമൊരുക്കിയെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതാണ് സ്വമേധയാ പ്രസ്താവന നടത്താന്‍ പ്രേരകമായത്.
പ്രസ്താവന മാക്കന്‍ സ്വമേധയാ തയ്യാറാക്കിയതുമല്ല. സി എ ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കായിക മന്ത്രി ധരിപ്പിച്ചു. അവിടെ നടന്ന ആലോചനകളുടെ കൂടി ഫലമാണ് മുന്‍ സര്‍ക്കാറുണ്ടാക്കിയ കരാറിനെ കുറ്റം പറയുന്ന പ്രസ്താവന മുന്‍കൂട്ടി നടത്തി പ്രതിരോധം തീര്‍ത്തത്. കായിക മേള നടത്താനാണ് കോമണ്‍വെല്‍ത്ത് ഫെഡറേഷനുമായി കരാറുണ്ടാക്കിയത്. അതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കാനും. അതിന്റെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് ഫെഡറേഷനും കേന്ദ്ര സര്‍ക്കാറും തമ്മിലുണ്ടാക്കിയ കരാറില്‍ നിര്‍ദേശിക്കാന്‍ ഇടയില്ല. മത്സര ഫലം രേഖപ്പെടുത്തുന്ന യന്ത്ര സംവിധാനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കമ്പനിക്ക് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞിട്ടുണ്ടാവില്ല. വിപണി വിലക്ക് തുല്യമായ തുക വാടകയായി നല്‍കി വാഷിംഗ് മെഷീന്‍ സംഘടിപ്പിക്കാനും പറയില്ല. ഗെയിംസ് ദീപശിഖ ലണ്ടനില്‍ നിന്ന് പര്യടനം തുടങ്ങുന്ന ചടങ്ങിന്റെ ആവശ്യങ്ങള്‍ക്കായി ആഡംബര കാറുകള്‍ വാടകക്കെടുക്കുമ്പോള്‍ നിലനില്‍ക്കുന്ന വാടകയുടെ ഇരട്ടിത്തുക നല്‍കണമെന്നും പറഞ്ഞിരിക്കാനിടയില്ല. ഇത്തരം അനവധിയായ ഇടപാടുകളെക്കുറിച്ചാണ് ആരോപണമുയര്‍ന്നതും അന്വേഷണം നടക്കുന്നതും. അതില്‍ ചില കേസുകളിലാണ് കല്‍മാഡി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ഇത്തരം ഇടപാടുകള്‍ നടത്താന്‍ പാകത്തിലുള്ള സ്വാതന്ത്ര്യം കല്‍മാഡിക്കും കൂട്ടര്‍ക്കും നല്‍കിയത് ആരാണെന്നതാണ് ചോദ്യം. ഗെയിംസ് ഗ്രാമത്തിന്റെ കരാറേറ്റെടുത്ത വിദേശ കമ്പനി ഇടക്കാലത്ത് കടബാധ്യതയെക്കുറിച്ച് വിലപിച്ചപ്പോള്‍ ഉയര്‍ന്ന വില നല്‍കി അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങി സഹായിച്ചതുപോലുള്ള നടപടികളെടുക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് അനുമതി നല്‍കിയത് ആരെന്നതും. വാഷിംഗ്‌മെഷീന്‍ വാടകക്കെടുത്തത് പോലുള്ള ഇടപാടുകള്‍ സംഘാടക സമിതിയിലെ താഴേക്കിടയിലുള്ളവര്‍ ചെയ്തതാകാനേ തരമുള്ളൂ. അതേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസോ പണമിടപാടുകള്‍ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്ത്രാലയമോ (മാക്കന്‍ പറയുന്ന കരാറനുസരിച്ച് സാമ്പത്തിക ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്) അറിഞ്ഞിരിക്കാന്‍ ഇടയില്ല. എന്നാല്‍ വിദേശ നിര്‍മാണ കമ്പനിക്ക് അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയായി കോടികള്‍ മുന്‍കൂര്‍ നല്‍കിയ ഇടപാട് അറിയാതെപോയെന്നും ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാറുണ്ടായിരുന്നതുകൊണ്ട് ഇടപെടാന്‍ സാധിച്ചില്ലെന്നും വിശദീകരിച്ചാല്‍ അജയ് മാക്കനോടും നേതാവായ മന്‍മോഹന്‍ സിംഗിനോടും സഹതപിക്കാന്‍ മാത്രമേ സാധിക്കൂ.
നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മറ്റും ക്രമക്കേടുകളുണ്ടെന്ന വാര്‍ത്ത 2010ല്‍ ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യവേദിക്ക് മുന്നിലെ പാലം തകര്‍ന്ന് വീണപ്പോള്‍ മാത്രം പുറത്തുവന്നതല്ല. അതിന് മുമ്പ് തന്നെ പദ്ധതികള്‍ ഇഴയുന്നതിനെക്കുറിച്ചും കരാറുകള്‍ നല്‍കിയതിലെ അപാകങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതറിഞ്ഞുവെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കുമയിരുന്നില്ലെന്നാണ് അജയ് മാക്കന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. അത്തരം ഘട്ടങ്ങളിലൊന്നും ഇടപെടാന്‍ സാധിക്കാത്തത്ര കടുത്തതായിരുന്നോ കരാര്‍? ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് സംഘാടക സമിതിയുടെ ചെയര്‍മാനാകുമെന്ന് കരാറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സുരേഷ് കല്‍മാഡിയെ മാറ്റാന്‍ കഴിയുമായിരുന്നില്ല എന്നും മാക്കന്‍ വാദിക്കുന്നു. പിന്നെ എന്തിനാണ് പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട മന്ത്രിതല സമിതി 2004ല്‍ യോഗം ചേര്‍ന്ന് കായിക മന്ത്രിയെ ചെയര്‍മാനാക്കാന്‍ നിശ്ചയിച്ചത് എന്ന് വ്യക്തമാക്കേണ്ടിവരും.
ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് സംഘാടക സമിതി ചെയര്‍മാനാകണമെന്ന വ്യവസ്ഥ കരാറിലുണ്ടെന്നത് പിന്നീടാണ് അറിഞ്ഞതെന്ന് വാദിക്കാം. കായിക മേളയുടെ സുഗമമായ നടത്തിപ്പിന് മന്ത്രി ചെയര്‍മാനാകുന്നതാണ് നല്ലതെന്ന് കോമണ്‍വെല്‍ത്ത് ഫെഡറേഷനെ ബോധ്യപ്പെടുത്താന്‍ പോലും ത്രാണിയില്ലായിരുന്നു മന്‍മോഹനും പ്രണാബും ചിദംബരവുമെല്ലാമടങ്ങുന്ന കേന്ദ്ര മന്ത്രിസഭക്ക് എന്നത് മൂന്ന് നേരം ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ക്ക് ദഹിക്കാന്‍ ഇടയില്ല.
ഗെയിംസ് നടത്തിപ്പിനുണ്ടാക്കിയ കരാറിന് മുന്നില്‍ ആഭ്യന്തര നിയമങ്ങളും മേല്‍നോട്ട സംവിധാനങ്ങളുമൊക്കെ നിര്‍വീര്യമായിപ്പോയെന്നാണ് മാക്കന്‍ മുഖാന്തിരം ഡോ. മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റിനെയും തദ്വാരാ രാജ്യത്തെ ജനങ്ങളെയും അറിയിച്ചത്. അങ്ങനെയെങ്കില്‍ ആണവ ബാധ്യതയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗും കൂട്ടരും അന്താരാഷ്ട്ര കരാറില്‍ ഒപ്പിടുന്നതോടെ ആഭ്യന്തര നിയമത്തിന്റെയും മേല്‍നോട്ട സംവിധാനങ്ങളുടെയും സ്ഥിതി എന്തായിരിക്കും? വിദേശ കമ്പനി വിതരണം ചെയ്ത സാമഗ്രികളുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ബോധ്യപ്പെട്ടാല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ആണവോര്‍ജ പദ്ധതിയുടെ നടത്തിപ്പുകാരായ ആണവോര്‍ജ കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കുമെന്ന് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തില്‍ പറയുന്നു. അപകടത്തിന്റെ കാരണം എന്തായാലും ബാധ്യത നടത്തിപ്പുകാര്‍ക്കായിരിക്കുമെന്നാണ് ഒപ്പിടാന്‍ പോകുന്ന അന്താരാഷ്ട്ര കരാറില്‍ പറയുന്നത്.
കളിക്കരാറിന് മുന്നില്‍ മുട്ടുവിറച്ച മന്‍മോഹനും അദ്ദേഹത്തിന്റെ പിന്‍മാഗികളും ആണവക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും? ആഭ്യന്തര നിയമത്തിന്റെ സാധുത ഉറപ്പിച്ച് പറയുമോ അന്താരാഷ്ട്ര കരാറുള്ളതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കൈ മലര്‍ത്തുമോ?
എന്‍ ഡി എ സര്‍ക്കാറുണ്ടാക്കിയ കരാറാണ് കോമണ്‍വെല്‍ത്ത് അഴിമതിക്ക് കാരണമെങ്കില്‍ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് ആവിഷ്‌കരിച്ച നയമാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിലെ അഴിമതിക്ക് കാരണമായത്. ഇത് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു മന്‍മോഹന്‍ മുതല്‍ കപില്‍ സിബല്‍ വരെയുള്ളവര്‍. ബി ജെ പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഒപ്പ് വെച്ച കരാറും അവര്‍ ആവിഷ്‌കരിച്ച നയങ്ങളും അതേപടി തുടരാനായിരുന്നോ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ എന്ന മുന്നണിയുണ്ടാക്കി ഇടത് പക്ഷത്തിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ മന്‍മോഹന്‍ സിംഗ് അധികാരത്തിലേറിയത്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രിനൊപ്പം മറുപടി പറയേണ്ട ബാധ്യത ഇടത് പാര്‍ട്ടികള്‍ക്കുമുണ്ട്. മന്‍മോഹന്‍ സിംഗിന്റെ നവ ഉദാരവത്കരണ നയങ്ങളെ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഫലപ്രദമായി ചെറുത്തുനിന്നുവെന്ന വാദം ഇപ്പോഴും ഇടത് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അന്ന് തങ്ങളുടെ കടിഞ്ഞാണുണ്ടായിരുന്നുവെന്നാണ് പറയുക. ഈ കടിഞ്ഞാണുള്ള കാലത്ത് തന്നെയാണ് ടെലികോം ഇടപാടും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കരാറുറപ്പിക്കലുമൊക്കെ നടന്നത്. അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന് അന്ന് ഇടത് നേതാക്കള്‍ ഒറ്റക്കും തെറ്റക്കും പറഞ്ഞിരുന്നുവെന്നത് ശരി തന്നെ. പക്ഷേ, അത് നിയന്ത്രിക്കാനും കാര്യങ്ങള്‍ നേര്‍വഴിക്ക് നടത്താനുമുള്ള ഉത്തരവാദിത്വവും അധികാരവും അവര്‍ക്ക് അന്നുണ്ടായിരുന്നു. അത് ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച സ്വയംവിമര്‍ശനപരമായി വിലയിരുത്തുമോ ഇടത് പാര്‍ട്ടികളും നേതാക്കളും?
എന്‍ ഡി എ സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. ശവപ്പെട്ടി മുതലിങ്ങോട്ട് പാര്‍ട്ടി പ്രസിഡന്റ് കൈയോടെ പിടിക്കപ്പെട്ട ആയുധക്കോഴ വരെ. അത്തരം പതിവുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നത് കൂടിയായിരുന്നുവല്ലോ 2004ലെ അത്യപൂര്‍വ ഭരണ മുന്നണിയുടെ ലക്ഷ്യം. അതില്‍ പാളിച്ചകള്‍ പുറത്തുവരുമ്പോള്‍ കഴുത്തോളം ചെളിയില്‍ നില്‍ക്കും മന്‍മോഹനും കൂട്ടരും. മുട്ടോളം ചെളി ഇടത് കൂട്ടാളികളിലുമുണ്ട്.
No comments:
Post a Comment