2011-08-10

കീറിയ മടിശ്ശീലയെങ്കിലും വേണം...
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാനും പിന്‍മാറ്റം 2014ല്‍ പൂര്‍ത്തിയാക്കാനും യു എസ് പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ തീരുമാനിക്കുന്നു. 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സേനാ പിന്‍മാറ്റം ഒബാമയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2014ല്‍ പൂര്‍ത്തിയാകും വിധത്തില്‍ പിന്‍മാറ്റ പദ്ധതി പ്രഖ്യാപിച്ചത് എന്ന് വേണമെങ്കില്‍ വിശ്വസിക്കാം. ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയും പിന്നീട് പിടികൂടി തൂക്കിലേറ്റുകയും ചെയ്തതിന് ശേഷവും അവിടെ അമേരിക്കന്‍ സേന തുടര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള സേനാ പിന്‍മാറ്റവും പൂര്‍ത്തിയാക്കുമെന്നായിരുന്നു ഒബാമയുടെ വാഗ്ദാനം. ഇതനുസരിച്ച് ആക്രമണമുഖത്ത് നിന്ന് പിന്‍വലിച്ചുവെങ്കിലും യു എസ് സേന അവിടെ തുടര്‍ന്നു. സൈന്യം അവിടെ തുടരാന്‍ അനുവദിക്കുന്ന കരാറിലൊപ്പിടാന്‍ നൂറി അല്‍ മാലിക്കി ഭരണകൂടത്തില്‍ അമേരിക്കന്‍ ഭരണ നേതൃത്വം സമ്മര്‍ദം ചെലുത്തുകയാണ് ചെയ്തത്. ഇപ്പോള്‍ ആ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ ഇറാഖ് ഭരണകൂടത്തിന് വേണമെങ്കില്‍ സൈനികര്‍ തുടരാമെന്ന നിലപാടാണ് അമേരിക്കക്ക്. 
ഇതിനിടെയാണ് ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സേന ആക്രമണം തുടങ്ങിയത്. അഫ്ഗാനിലോ ഇറാഖിലോ ആദ്യ കാലങ്ങളില്‍ പ്രകടിപ്പിച്ച ഉത്സുകത ലിബിയയില്‍ കാണുന്നില്ല. 


പ്രകൃതി വിഭവങ്ങള്‍ വേണ്ടുവോളമുള്ള ഒരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ പതിവായി കാണുന്ന ഉത്സാഹം കാണുന്നില്ല. ആക്രമണത്തില്‍ പങ്കെടുത്തിരുന്ന ഇറ്റലി ഇടക്ക് ഉടക്കുകയും ചെയ്തു. സാധാരണക്കാരെ കൊന്നൊടുക്കുന്ന ആക്രമണം അവസാനിപ്പിച്ച് മുഅമ്മര്‍ ഗദ്ദാഫിയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. പതിവില്ലാത്ത വിധത്തില്‍ യു എസ് പ്രതിനിധികള്‍ ഗദ്ദാഫി ഭരണകൂടത്തിലെ അംഗങ്ങളുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തു. 


അമേരിക്കന്‍ ഭരണകൂടത്തിന്റെ ആക്രമണ ത്വര കുറയുകയാണോ എന്ന് സംശയം തോന്നും. ആക്രമണ ത്വര കുറഞ്ഞതല്ല, അതിനുള്ള ശേഷി ഇടിയുന്നതാണ് കാരണമെന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പറഞ്ഞുതരുന്നു. ആക്രമണം അവസാനിപ്പിച്ച് ചര്‍ച്ച നടത്തണമെന്ന് ഇറ്റലിയെ പ്രേരിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇവര്‍ മാത്രമല്ല, സഖ്യശക്തികളായ ഇതര രാജ്യങ്ങളും കടക്കെണിയിലാണ്. ആക്രമണത്തിനല്ല, അഷ്ടി നടത്താന്‍ പോലുമുള്ള പണം കൈയിലില്ലെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി കടത്തിന്റെ പരിധി ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ലെങ്കില്‍ കുടിശ്ശികക്കാരായി മാറുമായിരുന്നു അമേരിക്ക. യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് കടപ്പത്രം വാങ്ങി പണം നല്‍കിയില്ലെങ്കില്‍ ഇറ്റലിയുടെ അവസ്ഥയും ഇത് തന്നെ. 


ഇറ്റലിയും ചില ഇതര യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന വിവരം പരസ്യമായിട്ട് മാസങ്ങളായി. എന്നാല്‍ വലിയ കടക്കെണി കുറേക്കാലം മറച്ചുവെക്കാന്‍ അമേരിക്കക്ക് സാധിച്ചു. അത് പരസ്യമായതിന് തൊട്ടുപിറകെ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ അമേരിക്കയെ നമ്പാനാകില്ലെന്ന സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ സര്‍ട്ടിഫിക്കറ്റും വന്നു. 


ഇതൊന്നും കൂസേണ്ട കാര്യമില്ലെന്നാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും കൂട്ടരും പറയുന്നത്. അമേരിക്ക സാമ്പത്തിക ശക്തിയായി തുടരുമെന്നും തുടര്‍ന്നും ലോക മേധാവിയായി നിലനില്‍ക്കുമെന്നും അവകാശപ്പെടുകയും ചെയ്യുന്നു. ഏതാണ്ട് ഇതേ വിശ്വാസമാണ് നമ്മുടെ ധനകാര്യ നേതാക്കളും പ്രകടിപ്പിക്കുന്നത്. ഇനി അഥവാ അമേരിക്ക മാന്ദ്യം നേരിടുകയും അത് ആഗോള മാന്ദ്യമായി വളരുകയും ചെയ്താലും അത് നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നു. സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍ വിലയിരുത്തി, വിവിധ മേഖലകളിലെ വളര്‍ച്ചയുടെ തോത് പരിഗണിച്ച് ഒക്കെയാണ് ഇത്തരക്കാര്‍ അവകാശവാദങ്ങള്‍ നിരത്തുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ തന്നെ ഈ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നുവെന്നതാണ് വസ്തുത. 


കടമെടുക്കാനുള്ള അമേരിക്കയുടെ ശേഷി കുറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കിയ യു എസ് ധനകാര്യ ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ മറ്റ് ചില വിവരങ്ങള്‍ കൂടി വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ, അമേരിക്കയെയും ആ സമ്പദ്‌വ്യവസ്ഥയെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നവരെ അലട്ടുന്നത് അതായിരിക്കും. കടം തിരിച്ചടക്കാനുള്ള രാജ്യത്തിന്റെ ശേഷി വിലയിരുത്തുന്നത് ഭാവിയില്‍ സമ്പദ്സ്ഥിതി എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തിയാണ്. 2015ലെ അമേരിക്കയുടെ സ്ഥിതി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ വിശദീകരിക്കുന്നു. 2015ല്‍ അമേരിക്കയുടെ പൊതു കടം അവരുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 79 ശതമാനമോ 81 ശതമാനമോ ആയിരിക്കും. പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ 2011ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനമോ 93 ശതമാനമോ ആയിരിക്കും പൊതു കടം. അഫ്ഗാനിലെ ആക്രമണത്തിന് നിലവില്‍ ചെലവഴിക്കുന്ന വന്‍തുക 2014ല്‍ സേനാ പിന്‍മാറ്റം പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകും. 


അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം നല്‍കുന്ന കണക്കനുസരിച്ച് അഫ്ഗാന്‍ ആക്രമണത്തിന് ഒരു മാസത്തില്‍ ഖജനാവില്‍ നിന്ന് ചെലവാകുന്നത് 360 കോടി ഡോളറാണ്- വര്‍ഷത്തില്‍ 4320 കോടി ഡോളര്‍. പരുക്കേല്‍ക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന ധനസഹായം, കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാരം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ പുറമെ വരും. ഇതെല്ലാം 2014ഓടെ ഇല്ലാതാകും. ഇത്രയും ചെലവ് കുറഞ്ഞാല്‍ പോലും 2015ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 79 ശതമാനമെങ്കിലും പൊതു കടമുണ്ടാകും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് അധികരിക്കുകയും ചെയ്യുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ പ്രവചനം. ഈ പ്രവചനത്തിന് ധനകാര്യ ഏജന്‍സി ആധാരമാക്കുന്നത് കോണ്‍ഗ്രസിന്റെ ഗവേഷണ സമിതികള്‍ നല്‍കുന്ന കണക്കുകള്‍ തന്നെയാണ്. കണക്കുകള്‍ വിലയിരുത്തി മുന്‍കാലത്ത് ഈ ഏജന്‍സി നടത്തിയ പ്രവചനങ്ങള്‍  പാളിയിട്ടുമില്ല. അതുകൊണ്ടാണല്ലോ ലോകത്താകെയുള്ള ഊഹ വിപണികള്‍ ഈ ധനകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍ വന്നതോടെ ആടിയുലഞ്ഞത്. 


ഒബാമയോ ഇതര ധനകാര്യ വിദഗ്ധരോ വൈറ്റ് ഹൗസിലെ കസേര ലക്ഷ്യമിട്ട് രംഗത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും പറയുന്നതുപോലെ ഒന്നുറങ്ങിയെണീറ്റാല്‍ തീരാവുന്ന ക്ഷീണമല്ല അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്കുണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കടം കുറക്കണമെങ്കില്‍ കടുത്ത നടപിടകള്‍ സ്വീകരിക്കേണ്ടിവരും. അതിന് നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തില്‍ അമേരിക്കയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചങ്കുറപ്പുണ്ടാകില്ല. ഇനി ആരെങ്കിലും അതിന് തയ്യാറായാല്‍ തന്നെ വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും. ഇല്ലാത്ത പണത്തിന്റെ മേല്‍ അമേരിക്ക എന്ന രാജ്യം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവിടുത്തെ ജനങ്ങളും ഇതേ രീതിയിലാണ് നിലനില്‍ക്കുന്നത്. ക്രഡിറ്റ് കാര്‍ഡുകളുടെ ബലത്തില്‍. സ്വന്തമായി പണമില്ലെങ്കിലും ജീവിക്കാമെന്ന ഉറപ്പില്‍. ക്രഡിറ്റ് എത്രത്തോളമുയര്‍ന്നാലും പ്രശ്‌നമില്ലെന്ന അഹങ്കാരത്തില്‍. അത് കുറയുന്ന സ്ഥിതിയുണ്ടായാല്‍ എതിര്‍പ്പുയരുക സ്വാഭാവികം. 


സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മൂലം സുഖശീതളിമ നഷ്ടമാകാന്‍ ഇടയായാല്‍ ചുവപ്പു കലര്‍ന്ന വെളുത്ത നിറക്കാര്‍ എത്തിച്ചേരുക ഉന്മാദാവസ്ഥയിലായിരിക്കും. ഇത്തരം സാമൂഹിക സാഹചര്യങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ബജറ്റ് കമ്മിയും കടത്തിന്റെ തോതും കുറച്ചുകൊണ്ടുവരാന്‍ പാകത്തിലുള്ള മാന്ത്രിക ദണ്ഡൊന്നും ഒരു നേതാവിന്റെ പക്കലുമുണ്ടാവില്ല. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ശരാശരി 85 ശതമാനം കടമുള്ള അവസ്ഥ ഒരു ദശത്തോളം തുടരുക എന്നാല്‍ ഇതര മേഖലകളില്‍ ചെലവ് ചെയ്യാനുള്ള ശേഷി പരിമിതപ്പെടുക എന്നാണ് അര്‍ഥം. അതായത് വിവിധ മേഖലകളിലുള്ള വളര്‍ച്ച കുറയും. തൊഴിലവസരങ്ങള്‍ എല്ലായിടത്തും ഇല്ലാതായിക്കൊണ്ടിരിക്കും. അതിന് ആനുപാതികമായി അസംതൃപ്തി വര്‍ധിക്കും. ഇവിടെ ഒന്നു മാത്രമേ ആശ്വാസമായുള്ളൂ. കുന്നുകൂട്ടിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും അന്യ രാജ്യത്തിന്റെ വിഭവ സ്രോതസ്സ് കൈപ്പിടിയിലൊതുക്കുന്നതിനുമായി മറ്റൊരു സമ്പൂര്‍ണ ആക്രമണത്തിന് അടുത്തകാലത്തൊന്നും അമേരിക്ക തയ്യാറാകാന്‍ ഇടയില്ല എന്നത്. 


അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി നേരിടാന്‍ പാകത്തില്‍ ശക്തമാണ് ഇന്ത്യന്‍ വ്യവസ്ഥയെന്ന അവകാശവാദത്തിലും പൊരുത്തക്കേടുകള്‍ ഏറെയാണ്. പ്രതിസന്ധിയുടെ അഗ്രഭാഗം പുറത്തുവരികയും ഓഹരി വിപണികള്‍ ഇടിയുകയും ചെയ്തതോടെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 40,000 കോടി രൂപ കണ്ടെത്താനുള്ള പരിപാടി കേന്ദ്ര സര്‍ക്കാര്‍ അട്ടത്തുവെച്ചു. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യവത്കരിക്കാനുള്ള നീക്കം കുറച്ചുകാലത്തേക്ക് തടയപ്പെടുന്നുവെന്നത് നല്ലത് തന്നെ. പക്ഷേ, അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗമായി ബജറ്റില്‍ പ്രണാബ് പ്രഖ്യാപിച്ച പ്രധാന ഇനമായ ഓഹരി വിറ്റഴിക്കല്‍ തത്കാലത്തേക്ക് മാറ്റിവെക്കുമ്പോള്‍ അത് അടുത്ത ധനകാര്യ വര്‍ഷത്തിലുണ്ടാക്കുന്ന പ്രതിസന്ധി എന്തായിരിക്കും. 


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കമ്മി കഴിഞ്ഞ ബജറ്റില്‍ പ്രണാബ് കണക്കാക്കിയിട്ടുണ്ട്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 40,000 കോടി കൂടി കണക്കിലെടുത്താണ് കമ്മി നിശ്ചയിച്ചത്. ഓഹരി വില്‍പ്പന മാറ്റിവെക്കുന്നതോടെ നടപ്പ് വര്‍ഷത്തെ കമ്മി ഉയരും. അടുത്ത വര്‍ഷത്തെ ബജറ്റില്‍ കമ്മി വീണ്ടും വര്‍ധിക്കാനും കാരണമാകും. ബജറ്റ് കമ്മി കുറക്കാനായി നിലവില്‍ നടപ്പാക്കുകയോ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്ത തൊഴിലുറപ്പ് മുതല്‍ സേനാ നവീകരണം വരെയുള്ള കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനാകില്ല. അപ്പോള്‍ കൂടുതല്‍ തുക കടമെടുക്കേണ്ടിവരും. കമ്മിയും കടവും കൂടുന്ന അമേരിക്കന്‍ പ്രതിഭാസം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധ്യത ഏറെയാണ്. 


ലാഭമുറപ്പ് നല്‍കുന്ന നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നതാണ് മറ്റൊരു വാദം. ലാഭമുറപ്പുള്ള സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമുണ്ടാകും. പക്ഷേ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുന്ന അമേരിക്ക മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള രാജ്യങ്ങള്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സര്‍വ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കി ഇതിനകം പ്രാബല്യത്തിലാക്കിയ ആഗോളവത്കരണ നയങ്ങളില്‍ നിന്നെല്ലാം പിന്‍മാറാന്‍ ആ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും. 2008ലെ മാന്ദ്യ കാലത്ത് അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിരുദ്ധമായി നിക്ഷേപങ്ങളും പുറം ജോലി കരാറുകളും നിയന്ത്രിക്കാന്‍ അമേരിക്ക നടപടി സ്വീകരിച്ചത് ഉദാഹരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജോലി കരാറുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉണ്ടാകില്ലെന്ന് അന്ന് പ്രഖ്യാപിച്ചത് ബരാക് ഒബാമ തന്നെയാണ്. 2008ലുണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തന്നെ കരുതണം. അതായത് ലാഭമുറപ്പേകുന്ന ലക്ഷ്യസ്ഥാനമായതുകൊണ്ട് മാത്രം ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ഒഴുകിക്കൊള്ളണമെന്നില്ല. 


വിപണിയെ ആധാരമാക്കി സമ്പദ് ഘടന ആവിഷ്‌കരിക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ ധനകാര്യ ഉത്പന്നങ്ങളുടെ സൃഷ്ടിക്കും വിപണനത്തിനും വഴിയൊരുക്കുകയും ചെയ്ത നയങ്ങള്‍ പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. ഇതിന് പകരം മുതലാളിത്ത സമ്പദ് വ്യവസ്ഥ പുതിയതൊന്ന് കണ്ടെത്തി പ്രതിഷ്ഠിക്കും. അല്ലെങ്കില്‍ ബദല്‍ രൂപങ്ങള്‍ ഉയര്‍ന്നുവരും. അതിലെത്തും മുമ്പുണ്ടാകുന്ന ആശയക്കുഴപ്പത്തിന്റെ തീവ്രത ഗണിക്കാനാകില്ല.