2011-08-06

പുരപ്പുറത്തെ കൗപീനം




അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടുമൊരു മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും അമേരിക്കയുടെതായതിനാല്‍ ഈ മാന്ദ്യം ആഗോളതലത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. 1929 മുതല്‍ 1933 വരെ നീണ്ടുനിന്ന മാന്ദ്യമാണ് പോയ നൂറ്റാണ്ടില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക അഭിമുഖീകരിച്ച വലിയ മാന്ദ്യം. അതിന് ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ മാന്ദ്യം 2007 ഡിസംബറില്‍ ആരംഭിച്ച് 2009 വരെ നീണ്ടതായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഇവ രണ്ടിനെയും കവച്ചു വെക്കുന്ന ഒന്നിനെയാണ് മുന്നില്‍ കാണുന്നതെന്നാണ് അമേരിക്കയിലെ മുന്‍ ധന സെക്രട്ടറി ലോറന്‍സ് സമ്മേഴ്‌സ് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിവിധ ധനകാര്യ ഏജന്‍സികളും ഈ ആശങ്ക പങ്ക് വെക്കുന്നുണ്ട്. 


അമേരിക്ക വലിയ മാന്ദ്യത്തിന്റെ അരികിലാണെന്നതല്ല മാന്ദ്യം അവരെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത. 2007ലെ മാന്ദ്യത്തില്‍ നിന്ന് കര കയറാന്‍ സാധിച്ചില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കുറേക്കൂടി തെളിച്ച് പറഞ്ഞാല്‍ സാമ്പത്തിക രംഗത്ത് അമേരിക്കക്കുണ്ടായിരുന്ന മേല്‍ക്കൈ അവസാനിച്ചിരിക്കുന്നു, ഇക്കാര്യം സമ്മതിക്കാന്‍ അവര്‍ക്ക് മടിയുണ്ടാകും. സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെയും ഇതര അന്താരാഷ്ട്ര സംഘടനകളെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ആ പതിവ് അവസാനിക്കുമോ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് മേല്‍ക്കൈ അവസാനിച്ചുവെന്ന് തുറന്ന് സമ്മതിക്കാന്‍ മടി കാണിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുകയോ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്ത രാജ്യങ്ങളും ഇതേ മടി കാണിക്കുന്നുണ്ട്. 


2007ലെ മാന്ദ്യം ലോകത്തെ അറിയിച്ചത് ലീമാന്‍ ബ്രദേഴ്‌സ് ബേങ്കിന്റെ തകര്‍ച്ചയാണ്. ഭവന നിര്‍മാണ വായ്പകളുടെ തിരിച്ചടവ് വന്‍തോതില്‍ മുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ബെയര്‍ സ്റ്റേണ്‍സ്, ഫ്രഡ്ഡി മാക് എന്ന് തുടങ്ങി നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ പാപ്പരായി. ഈ പ്രതിസന്ധി ഓട്ടോമൊബൈല്‍ വ്യവസായം പോലുള്ള ഇതര മേഖലകളെ ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗം ഏറെക്കുറെ നിശ്ചലമായി. പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക കണ്ട വഴി വന്‍തോതില്‍ പണം വിപണിയിലേക്ക് ഒഴുക്കുക എന്നതായിരുന്നു. സാമ്പത്തിക സ്ഥാപനങ്ങളില്‍ പലതിന്റെയും ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ പണം നല്‍കി. നികുതി ഇളവിലൂടെയും മറ്റ് സാമ്പത്തിക പാക്കേജുകളിലൂടെയും പൗരന്‍മാരുടെ കൈകളില്‍ പണമുണ്ടാകുന്ന അവസ്ഥ സൃഷ്ടിച്ചു. 


ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കെ ആരംഭിച്ച ഉത്തേജന പാക്കേജുകള്‍ ബരാക് ഒബാമ വന്നതിന് ശേഷവും തുടര്‍ന്നു. ഇതിന്റെയൊക്കെ ഒടുവിലാണ് മാന്ദ്യത്തെ അതിജീവിച്ചുവെന്ന പ്രഖ്യാപനം അവര്‍ നടത്തിയത്. യഥാര്‍ഥത്തില്‍ തകര്‍ന്ന തറവാടിന്റെ പൂമുഖം പുതുക്കിപ്പണിത് പഴയ പ്രൗഢി വീണ്ടെടുത്തുവെന്ന് അവകാശപ്പെടുകയായിരുന്നു അവര്‍.  അത്തരമൊരു അവകാശവാദത്തിന് ഏറെയൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അതാണ് ഇപ്പോള്‍ വലിയ മാന്ദ്യമെന്ന വിശേഷണത്തോടെ പുറത്തേക്ക് വരുന്നത്. 
2007ലെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജുകളായി എണ്‍പതിനായിരവും തൊണ്ണൂറായിരവും കോടികള്‍ അനുവദിച്ചിരുന്നു ജോര്‍ജ് ബുഷും ബരാക് ഒബാമയുമൊക്കെ. തകര്‍ന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് ചെലഴിച്ച കോടികള്‍ വേറെ. ഇതൊന്നും അമേരിക്കയുടെ മടിശ്ശീലയില്‍ നിന്ന് എടുത്തതായിരുന്നില്ല, കടമെടുത്തതായിരുന്നു. കടം കൊടുക്കാന്‍ ശേഷിയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഇതര രാജ്യങ്ങളില്‍ നിന്നോ ഒക്കെ അമേരിക്ക കടമെടുത്തു. 


കടമെടുപ്പും സാമ്പത്തിക ഉത്തേജനവും തുടരുകയും മാന്ദ്യകാലം മാറിയെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ അവിടുത്തെ വിവിധ ബേങ്കുകള്‍ പൂട്ടുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. കെട്ടിടങ്ങള്‍ക്ക് മുന്നില്‍ ലേലത്തിന് വെച്ചിരിക്കുന്നുവെന്ന ബോര്‍ഡുകള്‍ തൂങ്ങുന്നത് പതിവായി. ലേലം കൊള്ളാന്‍ ആളില്ലാത്തതുകൊണ്ട് ബോര്‍ഡുകള്‍ ദ്രവിച്ച് നശിച്ചു. നാള്‍ക്കുനാള്‍ ജീര്‍ണിച്ചുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനായി വാങ്ങിക്കൂട്ടിയ കടം രാജ്യത്തിന് താങ്ങാവുന്നതിനപ്പുറത്തുള്ള ഭാരമായി മാറുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 


അമേരിക്കന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച കടത്തിന്റെ പരിധി 14.3 ലക്ഷം കോടി ഡോളറായിരുന്നു. ഈ പരിധി കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ എത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ട് മാസം ചെലവുകള്‍ ചുരുക്കിയും ആഭ്യന്തര ബില്ലുകളനുസരിച്ചുള്ള തുക അനുവദിക്കുന്നത് നീട്ടിവെച്ചും രണ്ട് മാസം ഒബാമ ഭരണകൂടം കഴിച്ചുകൂട്ടി. അതിന് ശേഷമാണ് കടത്തിന്റെ പരിധി ഉയര്‍ത്താന്‍ ശ്രമിച്ചതും ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2.4 ലക്ഷം കോടിയായി പരിധി ഉയര്‍ത്തിയതും. പതിനെട്ട് മാസത്തിനിടെ ഇത്രയും തുക കൂടി കടമെടുക്കാന്‍ അമേരിക്കക്ക് സാധിക്കും. പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പ് വെച്ചതിന് തോട്ടുപിറകെ നടത്തിയ കടമെടുക്കല്‍ പൂര്‍ത്തിയായതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന് മുകളിലേക്ക് കടമെത്തി. വായ്പകളുടെ തിരിച്ചടവിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ നിന്ന് പ്രതിവര്‍ഷം അമേരിക്ക നീക്കിവെക്കേണ്ടിവരുന്ന തുക വന്‍തോതില്‍ ഉയരുമെന്നാണ് ഇതിനര്‍ഥം. അതായത് ഇതര മേഖലകള്‍ക്കായി നീക്കിവെക്കേണ്ടിവരുന്ന തുക കുറയും. മാന്ദ്യവിരുദ്ധ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ പ്രയാസപ്പെടും. കരകയറല്‍ പ്രയാസമാകുമെന്ന് ചുരുക്കം. 


യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നുവെന്നതും ഇവിടെ പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളിലൊന്ന് ചെലവ് വന്‍തോതില്‍ ചുരുക്കുക എന്നതാണ്. മറ്റൊന്ന് നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടുക എന്നത്. ആരോഗ്യ രക്ഷാ മേഖലകളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കുറക്കുക, വയോജന പെന്‍ഷന്‍ വെട്ടിച്ചുരുക്കുക, ഇതര സാമൂഹിക ക്ഷേമ പദ്ധതികള്‍ ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്യുക എന്നിവയാണ് ചെലവ് ചുരുക്കാന്‍ ചെയ്യേണ്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ച്  തങ്ങളെ പിന്തുണക്കുന്നവരുടെ അപ്രീതി സമ്പാദിക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയോ പ്രസിഡന്റ് ബരാക് ഒബാമയോ താത്പര്യം കാട്ടില്ല. ആദായ നികുതി ഉള്‍പ്പെടെയുള്ളവയില്‍ വര്‍ധന വരുത്തി വേണം വരുമാനം കൂട്ടാന്‍. നികുതി വര്‍ധിപ്പിച്ച് തങ്ങളുടെ വോട്ടര്‍മാരെ പിണക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും താത്പര്യമുണ്ടാവില്ല. ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായതിനാല്‍ ഒറ്റക്കൊരു തീരുമാനമെടുത്ത് നടപ്പാക്കാന്‍ പ്രസിഡന്റ് ഒബാമക്ക് സാധിക്കുകയുമില്ല. 


അതായത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയും വരെ സാമ്പത്തിക മേഖലയില്‍ ഇടപെടലുണ്ടാവില്ല. നിര്‍ണായകമായ ഒരു വര്‍ഷത്തെ നിശ്ചലാവസ്ഥ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക തന്നെ ചെയ്യും. ഇനി ഇക്കാലയളവില്‍ നടപടികള്‍ സ്വീകരിച്ചാലും രക്ഷപ്പെടല്‍ എളുപ്പമല്ലെന്നതിന് ഗ്രീസ്, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ തെളിവ്. 


ഉത്തമമായ ഉദാഹരണം ഗ്രീസാണ്. അവിടെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഏറെ വലുതായിരിക്കുന്നു കടം. വായ്പ നല്‍കിയാല്‍ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. അതുകൊണ്ട് ആരും കടം നല്‍കാന്‍ തയ്യാറല്ല. ശമ്പളവും, പെന്‍ഷനുമടക്കം വെട്ടിക്കുറച്ച് ചെലവ് ചുരുക്കാന്‍ യൂറോപ്യന്‍ യൂനിയനും ലോക ബേങ്കും നിര്‍ദേശിച്ചു. വലിയ പ്രതിഷേധങ്ങളെ അവഗണിച്ച് സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. അതിനു ശേഷമാണ് ആ രാജ്യത്തിന് വായ്പ നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ലോക ബേങ്കും തയ്യാറായത്. ഇതേ സ്ഥിതി അമേരിക്കക്കുമുണ്ടായേക്കാം. വായ്പാ തിരിച്ചടവിനുള്ള ശേഷി കുറഞ്ഞിരിക്കുന്നുവെന്ന് ആഭ്യന്തര ധനകാര്യ ഏജന്‍സികളും ചൈനയെപ്പോലുള്ള രാജ്യങ്ങളും വിലയിരുത്തുന്നു. അതുകൊണ്ടാണ് കട നിലവാരപ്പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം താഴേക്ക് കൊണ്ടുവരാന്‍ ചൈന തീരുമാനിച്ചത്. കാര്യങ്ങള്‍ പ്രതികൂലമാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രം നിലവിലുള്ള നിലവാരം തുടരാന്‍ യു എസ്സിലെ ആഭ്യന്തര ഏജന്‍സികളില്‍ രണ്ടെണ്ണം നിശ്ചയിച്ചത്.  


ഗ്രീസിലുണ്ടായതുപോലെ ചെലവ് ചുരുക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായാല്‍ അത് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പ്. ഇത്രനാളും അനുഭവിച്ച സൗഭാഗ്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ അമേരിക്കന്‍ ജനതയിലുണ്ടാകുന്ന രോഷം ഗ്രീസിലുണ്ടായതിനേക്കാള്‍ വലുതാകും. സാമൂഹിക രംഗത്ത് പ്രശ്‌നങ്ങള്‍ ആരംഭിച്ചാല്‍ സാമ്പത്തിക സ്ഥിതി ഭദ്രമാക്കി നിര്‍ത്താന്‍ ഒരു സര്‍ക്കാറിനും സാധിക്കുകയുമില്ല. എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്നതല്ല അമേരിക്ക ഇപ്പോള്‍ പെട്ടിരിക്കുന്ന കെണി. സാമ്പത്തിക രംഗത്തെ മേല്‍ക്കൈ എന്നത് അമേരിക്കയെ സംബന്ധിച്ച്  ഭൂതകാലം മാത്രമായിരിക്കുന്നുവെന്ന് പറയാന്‍ കാരണം അതാണ്. 


യൂറോപ്പിലെ സഖ്യ ശക്തികളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഏകീകൃത കറന്‍സി ഉപയോഗിക്കുന്ന യൂറോ സോണിന് പുറത്തേക്ക് പ്രതിസന്ധി വ്യാപിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കുന്നത് യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് തന്നെയാണ്. അതായത് ബ്രിട്ടനും ജര്‍മനിക്കുമൊക്കെ ഭീഷണിയുണ്ടെന്ന് അര്‍ഥം. ഇവ രണ്ടുമാകുമ്പോള്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ മുന്നില്‍ കാണണം. അമേരിക്കന്‍ സമ്പദ് ശൃംഖല ഏറെ സ്വാധീനിക്കുന്ന ഇന്ത്യയില്‍ ഇത് ആഘാതമുണ്ടാക്കാതിരിക്കില്ല എന്നുറപ്പ്. ആദ്യം പ്രശ്‌നങ്ങള്‍ നേരിടുക കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമ്പത്തിന്റെ വിളനിലമായി അറിയപ്പെടുന്ന വിവര സാങ്കേതിക വിദ്യാ മേഖലയാണ്. അത് നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നുവെന്നതിന്റെ സൂചനയാണ് ഇന്നലെ ഓഹരി വിപണിയില്‍ ഐ ടി കമ്പനികളുടെ മൂല്യം കുത്തനെ കുറഞ്ഞത്. 


അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ജോലികള്‍ ഏറ്റെടുക്കുകയാണ് ഇന്ത്യയിലെ ഐ ടി കമ്പനികള്‍ പ്രധാനമായും ചെയ്യുന്നത്. ഇത്തരം ജോലികള്‍ വരും മാസങ്ങളില്‍ വലിയ തോതില്‍ കുറയുമെന്ന് തന്നെ ഭയക്കണം. ഐ ടി കമ്പനികളുടെ സമ്പന്നതയാണ് വിവിധ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിലനിര്‍ത്തുന്നത്. ഐ ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല തളരും. റിയല്‍ എസ്റ്റേറ്റ് മേഖലയെയും ഐ ടി ഉള്‍ക്കൊള്ളുന്ന സേവന മേഖലയെയുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നടുംതൂണായി ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന സാമ്പത്തിക പരിഷ്‌കാരവാദികള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവ തളരുന്നതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ ശതമാനക്കണക്ക് നിരത്തിയുള്ള പുരോഗമനത്തിന്റെ മേനി പറച്ചില്‍ അവസാനിപ്പിക്കേണ്ടിവരും. ഇവയെ മുഖ്യ സ്ഥാനത്തു നിര്‍ത്തി, ഏതാണ്ട് അമേരിക്കയുടെതിന് സമാനമായി സൃഷ്ടിച്ചെടുക്കുന്ന ധനകാര്യ ശൃംഖല ഉലയുകയും ചെയ്യും. ആ ഉലച്ചിലായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ സാധാരണക്കാര്‍ക്കുണ്ടാക്കുക. 


തങ്ങളുടെ പ്രതിസന്ധി മാറാതെ ആഗോള പ്രതിസന്ധി മാറില്ലെന്ന് വാദിച്ച് മുന്‍കാലത്തെപ്പോലെ ഇതര രാഷ്ട്രങ്ങളുടെ സമ്പത്തും വിഭവങ്ങളും കൂടുതല്‍ ചൂഷണം ചെയ്യാന്‍ അമേരിക്ക ശ്രമിക്കുമെന്നത് ഉറപ്പാണ്. പ്രതിരോധവും ചില്ലറ വില്‍പ്പനയുമുള്‍പ്പെടെ മേഖലകള്‍ തുറന്നുകൊടുത്ത് അവരെ സഹായിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ മുന്നിലുണ്ടാകും. അത് സൃഷ്ടിക്കുന്ന ആഘാതവും അരവയര്‍ നിറയാത്ത ബഹൂഭൂരിപക്ഷം ഇന്ത്യക്കാര്‍ നേരിടേണ്ടിവരും.


മൂലാധാരം: സാമ്പത്തിക പ്രതിസന്ധിയിലേക്ക് അമേരിക്കയെ നയിച്ചത് രണ്ട് ആക്രമണങ്ങളാണ്. അഫ്ഗാനിസ്ഥാനില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന ആക്രമണവും ഇറാഖ് ആക്രമണവും. അമേരിക്ക പിരിച്ചെടുത്ത കയറില്‍ തൂങ്ങിയാടിയ സദ്ദാം ഹുസൈന്റെ അവസാന ശ്വാസം ശാപം പോലെ ഫലിക്കുന്നുണ്ടാകണം.

2 comments:

  1. നല്ല നിരീക്ഷണം..നല്ല പോസ്റ്റ്, ആശംസകള്‍.

    ReplyDelete
  2. >>>തങ്ങളുടെ പ്രതിസന്ധി മാറാതെ ആഗോള പ്രതിസന്ധി മാറില്ലെന്ന് വാദിച്ച് മുന്‍കാലത്തെപ്പോലെ ഇതര രാഷ്ട്രങ്ങളുടെ സമ്പത്തും വിഭവങ്ങളും കൂടുതല്‍ ചൂഷണം ചെയ്യാന്‍ അമേരിക്ക ശ്രമിക്കുമെന്നത് ഉറപ്പാണ്. പ്രതിരോധവും ചില്ലറ വില്‍പ്പനയുമുള്‍പ്പെടെ മേഖലകള്‍ തുറന്നുകൊടുത്ത് അവരെ സഹായിക്കാന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ മുന്നിലുണ്ടാകും. അത് സൃഷ്ടിക്കുന്ന ആഘാതവും അരവയര്‍ നിറയാത്ത ബഹൂഭൂരിപക്ഷം ഇന്ത്യക്കാര്‍ നേരിടേണ്ടിവരും.<<<
    ചേട്ടനൊരു ബുദ്ധിമുട്ടുവരുമ്പോൾ നമ്മൾ സഹായിക്കുന്നത് തെറ്റാണോ..ഡാക്ട്രർ..?

    ReplyDelete