2011-08-18

ഉണ്ണാവ്രതം (ദേശീയതയില്‍ മുക്കിയത്‌)



ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരത്തെയും ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുകയാണ്‌ അന്നാ ഹസാരെ. തന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന്‌ ശക്തമായ ലോക്‌പാല്‍ ആവശ്യപ്പെട്ടുള്ള ആദ്യത്തെ സത്യഗ്രഹ സമരത്തിന്‌ പിറകെ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ സത്യഗ്രഹ സമരം സ്വാതന്ത്ര്യ ദിനത്തിന്‌ പിറ്റേന്ന്‌ ആരംഭിക്കാനുള്ള തീരുമാനത്തിന്‌ പ്രേരണയായതും ഇത്തരം സൂചകങ്ങളെ ഉപയോഗിക്കാനാകുമെന്ന തോന്നലാകണം. കരുതല്‍ തടങ്കല്‍, അറസ്റ്റ്‌, തിഹാര്‍ ജയിലിലെ താമസം, മോചിപ്പിക്കാനുള്ള ഉത്തരവ്‌ എത്തിയതിനു ശേഷവും ജയിലില്‍ തന്നെ തുടരാനുള്ള തീരുമാനം ഇതൊക്കെ ജനങ്ങള്‍ക്കിടയില്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ളതായിരിക്കും. ഒരു സമരത്തിന്‌ തുടക്കമിടാനും സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിനിര്‍ത്താനും ഇതിലധികം വികാരവാഹിയായ ഒരു തൂണ്‌ അന്നാ ഹസാരെക്ക്‌ കിട്ടാനില്ല.

അഴിമതി അതിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ്‌ നഗരവാസികളിലും ഇടത്തരക്കാരിലും ശക്തമായുണ്ട്‌. ഇവര്‍ അഴിമതിയെ തിരിച്ചറിയുകയോ സ്വയം അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയോ ചെയ്യാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. എങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. അവര്‍ക്കിടയിലേക്കാണ്‌ അന്നാ ഹസാരെ എന്ന താരതമ്യേന ഗ്രാമീണനായ ഒരാള്‍ പഴയ സമരമുറ പൊടിതട്ടിയെടുത്ത്‌ രംഗപ്രവേശം ചെയ്യുന്നത്‌. അഴിമതിയും ക്രമക്കേടും തടയുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ഭാഗത്ത്‌. സ്വന്തം കാലുകള്‍ ചെളിയില്‍ നിന്ന്‌ വലിച്ചെടുക്കാന്‍ തത്രപ്പെടുന്നതിനിടെ എതിരാളിയുടെ അഴിമതിക്കെതിരെ ശബ്‌ദിക്കാന്‍ അര്‍ഹത നഷ്‌ടപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റൊരു ഭാഗത്ത്‌. ഇവ രണ്ടും കൂടിയായപ്പോള്‍ ഹസാരെയുടെ സ്വീകാര്യത പൊടുന്നനെ വര്‍ധിക്കുകയും ചെയ്‌തു. 
നഗരവാസികളും ഇടത്തരക്കാരുമാണ്‌ തങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്ന്‌ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്ന മാധ്യമ ശൃംഖലകള്‍ ഹസാരെയുടെ സമരത്തെ ഉപയോഗിക്കാന്‍ നിശ്ചയിക്കുക കൂടി ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 


കാര്യങ്ങള്‍ ഇത്രയൊന്നും അനുകൂലമല്ലാതിരുന്ന ഒരു കാലത്ത്‌ അഴിമതി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അലയൊലി സൃഷ്‌ടിച്ചിരുന്നു. 1984ല്‍ 49.01 ശതമാനം വോട്ടും 404 സീറ്റുമായി രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലിരുന്ന കാലം. ബൊഫോഴ്‌സ്‌ തോക്കിടപടില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നു. അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്തും ദുര്‍ബലമായിരുന്ന പ്രതിപക്ഷം 1987 മുതല്‍ 89 വരെയുള്ള രണ്ട്‌ വര്‍ഷം രാജീവ്‌ ഗാന്ധി സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചു. സംയുക്ത പാര്‍ലിമെന്ററി സമിതിയെ അന്വേഷണത്തിന്‌ നിയോഗിക്കേണ്ടിവന്നു. വ്യക്തി വൈശിഷ്‌ട്യവും ഉയര്‍ന്ന ധാര്‍മിക നിലവാരവും പ്രകടിപ്പിച്ച വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ എന്ന നേതാവിന്റെ ചുറ്റും പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുനിന്നു. 


1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയം രുചിച്ചു. പിന്നീടിന്നോളം കോണ്‍ഗ്രസിന്‌ ഒറ്റക്ക്‌ ഭൂരിപക്ഷം കിട്ടുന്ന സ്ഥിതി ഉണ്ടായിട്ടുമില്ല. കേവലം അഴിമതി എന്ന ഒരൊറ്റ അജന്‍ഡയില്‍ അധിഷ്‌ഠിതമല്ല തന്റെ രാഷ്‌ട്രീയമെന്ന്‌ വി പി സിംഗ്‌ പിന്നീട്‌ തെളിയിച്ചു. അതോടെ ഒപ്പം നിന്നിരുന്ന പല പാര്‍ട്ടികളുടെയും തനിനിറം പുറത്തുവന്നു. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ പിന്നാക്കം നിന്നിരുന്ന വിഭാഗങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ വി പി സിംഗ്‌ തീരുമാനിച്ചപ്പോള്‍ അത്‌ ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക സംഭവമായി. എന്നാല്‍ ഈ രാഷ്‌ട്രീയത്തെ, അധഃസ്ഥിതനെ അധികാരത്തിന്റെ ഭാഗമാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ചിന്താധാരയെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി ജെ പി അയോധ്യ പ്രശ്‌നം ഉയര്‍ത്തി, എല്‍ കെ അഡ്വാനി രഥയാത്ര ആരംഭിച്ചു. വര്‍ഗീയ വിഷം വമിപ്പിക്കുകയും പലേടത്തും കാലപത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത രഥയാത്ര ബീഹാറില്‍ വെച്ച്‌ തടയുകയും അഡ്വാനിയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തതോടെ കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചു. ഒരു വര്‍ഷവും ഒരു മാസവും അധികാരത്തിലിരുന്ന വി പി സിംഗ്‌ സര്‍ക്കാര്‍ നിലം പതിക്കാന്‍ കാരണം അത്‌ മുന്നോട്ടുവെച്ച രാഷ്‌ട്രീയ ചിന്താധാരയോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു.

കാല്‍ നൂറ്റാണ്ടിന്‌ ശേഷം അഴിമതി വീണ്ടും കേന്ദ്ര പ്രശ്‌നമായി വരുമ്പോള്‍, അതിന്‌ ഏറെ വലിപ്പം വെച്ചിരിക്കുന്നു. ഈ കാല്‍ നൂറ്റാണ്ടിനിടെ ബൊഫോഴ്‌സ്‌ കോഴക്കേസില്‍ ഒരാളെപ്പോലും ശിക്ഷിക്കാന്‍ നമ്മുടെ ഭരണ സംവിധാനത്തിന്‌ സാധിച്ചില്ല. മുഖ്യ ഇടനിലക്കാരനെന്ന്‌ ആരോപിക്കപ്പെട്ടിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയെ വിചാരണക്ക്‌ ഹാജരാക്കാന്‍ പോലും കഴിഞ്ഞില്ല. ബൊഫോഴ്‌സ്‌ ഇടപാടില്‍ കൈമറിഞ്ഞ കോഴപ്പണം നിക്ഷേപിക്കപ്പെട്ടുവെന്ന്‌ കരുതപ്പെടുന്ന സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കപ്പെട്ടതുമില്ല. ഇപ്പോള്‍ അഴിമതിയെ വേരോടെ പിഴുതെറിയാന്‍ പാകത്തിലുള്ള ലോക്‌പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി അന്നാ ഹസാരെ സമരം ചെയ്യുമ്പോള്‍ ഇതിനപ്പുറമുള്ള രാഷ്‌ട്രീയ അജന്‍ഡയൊന്നും പ്രത്യക്ഷത്തില്‍ ഇല്ല. എന്നാല്‍ ഇത്തരമൊരു സമരത്തിന്‌ അരങ്ങൊരുക്കുകയോ അതിന്റെ ഫലം കൊയ്യാന്‍ തയ്യാറാകുകയോ ചെയ്യുന്ന രാഷ്‌ട്രീയ അജന്‍ഡകള്‍ പ്രത്യക്ഷമാണ്‌ താനും.

ലോക്‌പാലെന്ന ആവശ്യവുമായി ഹസാരെ സമരത്തിനൊരുങ്ങും മുമ്പ്‌ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്ത്‌ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്ന്‌ അഭ്യര്‍ഥിച്ച്‌ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. ബി ജെ പി നേതാവ്‌ കൂടിയായ പ്രമുഖ അഭിഭാഷകന്‍ രാം ജെത്‌മലാനി, സിഖ്‌ തീവ്രവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ നിര്‍ദാക്ഷിണ്യം കൂട്ടക്കുരുതികള്‍ നടത്താന്‍ നേതൃത്വം നല്‍കിയ പോലീസ്‌ ഉദ്യോഗസ്ഥന്‍ കെ പി എസ്‌ ഗില്‍, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ എം ലിംഗ്‌ദോ തുടങ്ങിയവരായിരുന്നു കോടതിയെ സമീപിച്ചത്‌. അതിന്‍മേല്‍ കോടതി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇതര അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായതും ലോക്‌പാലെന്ന ആവശ്യവുമായി അന്നാ ഹസാരെ രംഗത്തുവന്നതും. 


ലോക്‌പാല്‍ ബില്‍ കൊണ്ടുവരാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമം തുടങ്ങിയ ശേഷമാണ്‌ ഹസാരെയുടെ സമരം ആരംഭിച്ചത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഏപ്രിലിലെ സമര കാലത്തും ഇപ്പോഴും ഹസാരെയുടെ ശ്രമങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നത്‌ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘായിരുന്നു. കര്‍ണാടകത്തിലും ഭരണത്തിലിരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും അഴിമതി, അടിച്ചമര്‍ത്തല്‍, കൂട്ടക്കുരുതി ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ബി ജെ പിക്ക്‌ രംഗത്തുവരിക പ്രയാസമായിരുന്നു. അതുകൊണ്ടാവണം ആര്‍ എസ്‌ എസ്‌ ആ ചുമതല ഏറ്റെടുത്തത്‌. സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയല്ലാതെ നേരിട്ട്‌ രംഗത്തുവരാന്‍ ആര്‍ എസ്‌ എസ്‌ തയ്യാറായില്ല. ആര്‍ എസ്‌ എസ്‌ നേരിട്ട്‌ രംഗത്തുവരികയോ ആ പിന്തുണ പ്രത്യക്ഷത്തില്‍ സ്വീകരിക്കുകയോ ചെയ്യുന്നത്‌ സമരത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നത്‌ വ്യക്തമായിരുന്നു. എന്നാല്‍ ചില വ്യക്തികളുടെ സാന്നിധ്യത്തിലൂടെ, സമര വേദിയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിലൂടെ കപട ദേശീയതയുടെ പരിസരം സൃഷ്‌ടിക്കപ്പെട്ടിരുന്നുവെന്നത്‌ ഒരൊറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്‌.

ബാബ രാം ദേവിന്റെ സമര പ്രഹസന വേദിയിലും ഇതേ സൂചകങ്ങള്‍ ശക്തമായിരുന്നു. രാം ദേവിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ എത്തിയത്‌ ശ്രീ ശ്രീ രവിശങ്കര്‍ എന്ന `ആള്‍ ദൈവ'മായിരുന്നു. ഇവിടെ അന്നാ ഹസാരെയുടെ സമര മുഖത്തും രവിശങ്കറിന്റെ സാന്നിധ്യമുണ്ട്‌. അഴിമതി എന്ന ഒരൊറ്റ അജന്‍ഡയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അന്നാ ഹസാരെ സംഘത്തിന്‌ (കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ തുടങ്ങിയവര്‍) സമാന്തരമായി നടക്കുന്ന രാഷ്‌ട്രീയ നീക്കങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോധ്യമുണ്ടെങ്കില്‍ തന്നെ അതിനെ അവഗണിക്കാനാണ്‌ സാധ്യത. 


സമര വേദികളില്‍ വന്ദേ മാതരം, മുദ്രാവാക്യം പോലെ ഉയരുന്നത്‌ ജനങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന ആശയത്തെ സര്‍വാത്മനാ സ്വീകരിച്ചതിന്റെ തെളിവായി അവര്‍ വിലയിരുത്തുന്നുണ്ടാകണം. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയ പരിപാടിയുടെ അടിസ്ഥാനത്തിലല്ലാതെ സൃഷ്‌ടിക്കപ്പെടുന്ന ആള്‍ക്കൂട്ടത്തെ സ്വന്തം ആശയ ധാരയിലേക്ക്‌ എത്തിക്കുക എന്നത്‌ പ്രയാസമില്ലാത്ത സംഗതിയാണെന്ന്‌ തിരിച്ചറിയുന്നവരുടെ ബോധപൂര്‍വമായ ഇടപെടല്‍ ഇതിന്‌ പിന്നിലുണ്ട്‌ എന്നത്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരമൊരു രാഷ്‌ട്രീയ ചേരിതിരിവിന്‌ അനുഗുണമാകും വിധത്തിലുള്ള വിഡ്‌ഢിത്തരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ആദ്യത്തെ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ബില്ലിന്‌ രൂപം നല്‍കുന്നതിന്‌ അന്നാ പക്ഷത്തെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്‌കരിച്ചത്‌ തന്നെ യു പി എയുടെ രാഷ്‌ട്രീയ പരാജയമായിരുന്നു. ആ പരാജയത്തിന്റെ രണ്ടാം ഖണ്ഡമാണ്‌ രാം ദേവിന്റെ കാര്യത്തില്‍ കണ്ടത്‌. ഇപ്പോള്‍ അതിന്റെ മൂന്നാം ഖണ്ഡം ആവര്‍ത്തിക്കുന്നു. അഴിമതിക്കെതിരായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്‌ ഭരണകൂടമെന്നും അത്‌ സ്വന്തം തെറ്റുകളെ മറച്ചുവെക്കാനാണെന്നുമുള്ള വിശ്വാസം ജനങ്ങളില്‍ ദൃഢമാകാന്‍ കാരണമായി. അതിനെ ദേശീയതയില്‍ ചാലിച്ച്‌ മുതലെടുക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടക്കുന്നത്‌. ആ നിയോഗം ഏറ്റെടുക്കുക എന്നത്‌ മാത്രമാണ്‌ അന്നാ ഹസാരെയില്‍ നിക്ഷിപ്‌തമായിരിക്കുന്നത്‌. 


ബി ജെ പി അവരുടെ രാഷ്‌ട്രീയ സ്വാധീനം ഉറപ്പിച്ചത്‌ നഗരങ്ങളിലാണെന്നത്‌ അവര്‍ക്ക്‌ ലഭിക്കുന്ന വോട്ട്‌ പരിശോധിച്ചാല്‍ മനസ്സിലാകും. ഇടത്തരക്കാരാണ്‌ അവരുടെ വോട്ട്‌ ബേങ്ക്‌ എന്നതും. അതുകൊണ്ടാണ്‌ രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സമരം എന്ന ആശയം ഉടലെടുക്കുന്നതും. ആദ്യത്തെ സമരത്തിലൂടെ ലഭിച്ച പ്രതിച്ഛായ നിലനില്‍ക്കുന്നതിനാല്‍ പുനെക്ക്‌ സമീപമുള്ള സ്വന്തം ഗ്രാമത്തില്‍ ഹസാരെ രണ്ടാം സമരം ആരംഭിച്ചാലും വാര്‍ത്താ പ്രാധാന്യം ലഭിക്കുമായിരുന്നു. പക്ഷേ, നാമിപ്പോള്‍ കാണുന്ന വിധത്തിലുള്ള നഗര വാസികളുടെ പങ്കാളിത്തം ലഭിക്കുമായിരുന്നില്ല. അത്തരം പിന്തുണ ഉറപ്പാക്കുകയും ദേശീയതയുടെ അന്തരീക്ഷം ബോധപൂര്‍വം സൃഷ്‌ടിക്കുകയും ചെയ്യുക എന്നത്‌ രാഷ്‌ട്രീയ ആവശ്യമായിരുന്നു. അതിന്‌ അന്നാ ഹസാരെയും കൂട്ടരും നിന്നുകൊടുത്തുവെന്നതാണ്‌ വസ്‌തുത. അതിനപ്പുറത്ത്‌ അഴിമതി തുടച്ചു നീക്കാനൊന്നും ആരും ഉദ്ദേശിക്കുന്നില്ല. 


അന്നാ ഹസാരെ മുന്നോട്ടുവെക്കുന്ന രീതിയില്‍ ലോക്‌പാല്‍ നിയമം കൊണ്ടുവന്നാലും അഴിമതി നിലനില്‍ക്കുമെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. അന്നാ ഹസാരെ ഉദ്ദേശിക്കുന്ന വിധത്തില്‍ ലോക്‌പാലിന്‌ പരമാധികാരം നല്‍കുന്നത്‌ തന്നെ അഴിമതിക്ക്‌ കളമൊരുക്കലായി മാറുകയും ചെയ്യും.
അഴിമതി എന്നത്‌ ടെലികോം, ആദര്‍ശ്‌, കോമണ്‍വെല്‍ത്ത്‌ എന്ന്‌ തുടങ്ങിയ ബിംബങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ മാത്രമല്ല. ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി ബലം പ്രയോഗിച്ച്‌ ഏറ്റെടുക്കുന്നതും സ്വകാര്യ കുത്തക കമ്പനികള്‍ക്ക്‌ കൈമാറുന്നതും അഴിമതിയാണ്‌. അതിനെതിരെ കൂടിയാണ്‌ സമരമെന്ന്‌ അന്നാ ഹസാരെയും കൂട്ടരും പ്രഖ്യാപിച്ചാല്‍ ഇപ്പോള്‍ തുണയേകുന്നവരില്‍ എത്ര പേര്‍ ഒപ്പമുണ്ടാകും? സ്വകാര്യ ഗുണ്ടാ സേനയുണ്ടാക്കി ആളുകളെ കൊന്നൊടുക്കാന്‍ ലൈസന്‍സ്‌ നല്‍കിയ ഭീകരതയിലേക്ക്‌ വഴിമാറിയ ഭരണകൂട അഴിമതിക്കെതിരെയാണ്‌ സമരമമെന്ന്‌ പ്രഖ്യാപിച്ചാല്‍ ആര്‍ എസ്‌ എസ്‌ തുടര്‍ന്ന്‌ പിന്തുണക്കുമോ? കൊടിയ അഴിമതിയുടെ ചരിത്രത്തെ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ച്‌ കുഴിച്ചുമൂടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടിയാണ്‌ സമരമെന്ന്‌ പ്രഖ്യാപിച്ചാല്‍ സുഷമ സ്വരാജും അരുണ്‍ ജെയ്‌റ്റ്‌ലിയും വാതോരാതെ അന്നാ മന്ത്രമുരുവിടുന്നത്‌ തുടരുമോ?

4 comments:

  1. ൈതൊക്കെതന്നെയാ അണ്ണയെ എതിർക്കാനുള്ള കാരണം

    ReplyDelete
  2. Rajeev G, As usual a different write-up on the subject...

    ReplyDelete
  3. Congrats Rajeev. vasthunishtamaya neereekshnanaglaum vilayiruthalukalum

    ReplyDelete
  4. തന്നേ തന്നേ സംഘ പ്രിവാറും ബിജേപീക്കരുമൊക്കെ പാക്കിസ്ഥാന്‍കാരല്ലേ... ഇറ്റലിക്കാരും ഖലീഫാക്കരുമൊക്കെയല്ലേ നമുക്കു നക്കാ‍പ്പിച്ച തരുന്നത്.. അത്ഉകൊണ്ട് അവര്‍ ജൈയ്. ഹസാരമ്മാര്‍ തുലയട്ടെ.. ഇമാം ഭുഹാരിയെപ്പോലുള്‍ലവര്‍ ജയിക്കട്ടേ... സാമൂഹ്യ നീതി ന്‍അടപ്പാക്കനുള്‍ല ജസിയ നികുതി വീണ്ടും വരട്ടേ... കൂപ്പന്മാര്‍ ജയിക്കട്ടേ

    ReplyDelete