2011-08-11

ഉമ്മന്റെ സുവിശേഷം




പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടിയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസില്‍ ഇറക്കുമതി നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്ക് കൃത്യമായി അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി കെ ഹനീഫ നല്‍കിയ നിര്‍ദേശം പതിവ് പോലെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. അന്നത്തെ ധനമന്ത്രി ഇന്ന് മുഖ്യമന്ത്രിയാണ്. ഇതിന് മുമ്പ് മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചയാള്‍. കോടതി നിര്‍ദേശമനുസരിച്ച് സംസ്ഥാന വിജിലന്‍സ് നടത്തുന്ന തുടരന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കും വിധത്തിലുള്ള അധികാര സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി തുടരരുത് എന്നും അതിനാല്‍ രാജിയല്ലാതെ പോംവഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. 


വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പ്രാഥമികമായി ആവശ്യപ്പെട്ട ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ആ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതിന് പിറകെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി ആവശ്യപ്പെടുന്നു. വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ തീരുമാനിച്ചതിലൂടെ കോടതി ഉത്തരവിനെ ഉമ്മന്‍ ചാണ്ടി അംഗീകരിച്ചിരിക്കയാണെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് അര നിമിഷം തുടര്‍ന്ന് കൂടെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജി ആവശ്യവുമായി ഇടതു ഘടകകക്ഷികളും രംഗത്തുണ്ട്. കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രാജി വേണ്ടെന്ന് നിലവില്‍ ഹൈക്കമാന്‍ഡിന്റെ ചുമതല കൂടി വഹിക്കുന്ന എ കെ ആന്റണി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി അങ്ങനെ പറഞ്ഞ സാഹചര്യത്തില്‍ 'അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിത'മെന്ന ധാര്‍മികതാ വാദവുമായി വി എം സുധീരന്‍ രംഗത്തുവരാന്‍ സാധ്യതയില്ലെന്ന് കരുതാം. 


അല്ലെങ്കില്‍ തന്നെ ഇത്രയും ചെറിയൊരു കേസില്‍, കൂടുതല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചുവെന്ന ഒറ്റക്കാരണത്താല്‍ രാജി വെക്കേണ്ട കാര്യമുണ്ടോ? പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെ യോഗത്തില്‍ വെച്ച് രാജി സന്നദ്ധത അറിയിച്ചതു തന്നെ മണ്ടത്തരമാണ്. അതൊരു പഴുതായി എടുക്കാന്‍ താത്പര്യമുള്ളവര്‍ കുറവല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. അഴിമതി ആരോപണമുയര്‍ന്നാല്‍ ഭീരുക്കളെപ്പോലെ രാജി വെച്ച് പോകുന്ന ചരിത്രമല്ല കോണ്‍ഗ്രസ് നേതാക്കളുടെത് എന്നതെങ്കിലും ഉമ്മന്‍ ചാണ്ടി മനസ്സിലാക്കേണ്ടതുണ്ട്. പഞ്ചസാര കുംഭകോണമെന്ന വാക്ക് കേട്ടതോടെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച എ കെ ആന്റണി പോലും നിലപാട് മാറ്റിയിരിക്കുന്നു. അദ്ദേഹം അംഗമായ കേന്ദ്ര മന്ത്രിസഭക്കെതിരെ ഉയരാത്ത കോഴയാരോപണങ്ങള്‍ കുറവ്. എന്നിട്ടെന്തെങ്കിലും ഈഷല്‍ ഇപ്പോള്‍ എ കെ ആന്റണിക്കുണ്ടോ? കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കണക്കില്‍ ആന്റണിയുമായി അകന്നിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കാവുന്നതാണ്. 


ആദര്‍ശ് ഫഌറ്റ് കുംഭകോണം കത്തിയുയര്‍ന്നപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതാണ് സമീപകാല കോണ്‍ഗ്രസ് ചരിത്രത്തിലെ ഏക അപവാദം. ചവാന്‍ രാജി സന്നദ്ധത അറിയിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്തതല്ല. മറിച്ച് കോലാഹലങ്ങള്‍ പരിധി വിടുകയാണെന്ന് കണ്ടപ്പോള്‍ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതാണ്. അത് കടന്ന കൈയായിപ്പോയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. നേതാക്കളില്‍ ചിലര്‍ അത് പരസ്യമായി പറയുകയും ചെയ്യുന്നുണ്ട്. ഇതേ കേസില്‍ ആരോപണം നേരിടുന്ന വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡെയും കേന്ദ്ര മന്ത്രിമാരായി തുടരുന്നു. 


ലോക്‌സഭാംഗവും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുടെ മുന്‍ ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്യമെടുക്കുക. ആരോപണങ്ങളുടെ നീണ്ട നിര ഉയരുകയും കോടികളുടെ കോഴ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ തന്നെ അഴിമതി അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടും സുരേഷ് കല്‍മാഡിയെ സംഘാടക സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നിയമപരമായ തടസ്സങ്ങളുണ്ടെന്നായിരുന്നു വാദം. കഴിഞ്ഞ ജനുവരിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും അജയ് മാക്കന്‍ കായിക മന്ത്രിയാകുകയും ചെയ്തതിന് തൊട്ടുപിറകെ സംഘാടക സമിതി പിരിച്ചുവിട്ടു. അറസ്റ്റിലാകുവോളം കല്‍മാഡി കോണ്‍ഗ്രസ് നേതാവായി തുടര്‍ന്നു. അറസ്റ്റിലായപ്പോള്‍ എം പി സ്ഥാനം രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. പകരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കല്‍മാഡി ഇപ്പോഴും എം പിയായി തുടരുന്നുണ്ട്. ഇതേ കേസില്‍ ആരോപണം നേരിടുന്നുണ്ട് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്ലു കമ്മിറ്റിയും ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും പറയാവുന്ന ഭാഷയില്‍ ഷീലയുടെ പങ്ക് പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ട് ഷീല ദീക്ഷിത് രാജിവെച്ചോ? 


പാമോലിന്‍ കേസ് തന്നെ എടുത്താലും കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്. ഈ കേസില്‍ ആരോപണവിധേയനായി വിചാരണ നേരിടാന്‍ തയ്യാറായി നില്‍ക്കെയാണ് പി ജെ തോമസിനെ, അഴിമതി നിയന്ത്രിക്കുന്നതിന് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ ഏജന്‍സിയായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ സി വി സിയായി നിയമിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിമര്‍ശം പ്രധാമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ആഭ്യന്തര മന്ത്രി പി ചിദംബരവും കണക്കിലെടുത്തതേയില്ല. ഒടുവില്‍ സുപ്രീം കോടതി വിധി വന്നപ്പോഴാണ് തോമസ് പുറത്തേക്ക് പോയത്. അഴിമതിക്കേസില്‍ ആരോപണവിധേയനാണെന്നത്  കണക്കിലെടുത്തല്ല, മറിച്ച് നിയമനം നിയമപരമല്ലെന്ന് കണ്ടെത്തിയാണ് തോമസിനെതിരെ സുപ്രീം കോടതി വിധിച്ചത്. പിന്നെ വെറും 2.32 കോടി ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് പരിഗണിച്ച് ഉമ്മന്‍ ചാണ്ടി രാജി വെക്കേണ്ടതുണ്ടോ? 


നിലവിലുള്ള രാഷ്ട്രീയ അഴിമതി സാഹചര്യത്തെക്കുറിച്ച് വേണ്ട വിധത്തില്‍ ബോധ്യമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷ നേതാക്കള്‍ രാജി ആവശ്യമുന്നയിക്കുന്നത്. അത് പ്രതിപക്ഷത്തിന്റെ കടമയും ബാധ്യതയും എന്ന നിലയില്‍ മാത്രമേ കാണേണ്ടതുള്ളൂ. പാവപ്പെട്ട മലയാളികള്‍ ഭക്ഷ്യ എണ്ണയുടെ ദൗര്‍ലഭ്യം മൂലം ദസറയും ദീപാവലിയും ആഘോഷിക്കാന്‍ ബുദ്ധിമുട്ടുമല്ലോ എന്ന തീവ്ര മനോവിഷമം മൂലമാണ് 1991-92 കാലത്ത് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതിലെന്ത് ക്രമക്കേടുണ്ടായാലും ഉദ്ദേശ്യശുദ്ധി ഒന്നു കൊണ്ട് തന്നെ മലയാളികള്‍ ക്ഷമിക്കും. ഗണേശോത്സവത്തെ ദേശീയ ബോധത്തിന്റെ ഭാഗമാക്കി ഹൈന്ദവ ദേശീയ ബോധത്തിന് വിത്തിട്ട ബാലഗംഗാധര തിലകിന്റെ പാത അനുകരിച്ച് എല്ലാ ഹൈന്ദവ ഉത്സവങ്ങളെയും മാര്‍ക്കറ്റ് ചെയ്ത് രാഷ്ട്രീയ അടിത്തറ വ്യാപിപ്പിക്കാന്‍ സംഘ് പരിവാര്‍ ശ്രമം തുടങ്ങിയ ഒരു കാലത്താണ് ദസറയും ദീപാവലിയും ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് ഭക്ഷ്യ എണ്ണ വേണ്ടുവോളമില്ലല്ലോ എന്ന മനോവേദന കെ കരുണാകരനെന്ന മുഖ്യമന്ത്രിക്കുണ്ടായത്. അത്തരമൊരു തീരുമാനമെടുത്തതില്‍ രാഷ്ട്രീയമായ തെറ്റ് സംഭവിച്ചോ ഇല്ലയോ എന്ന് വേണമെങ്കില്‍ ഇപ്പോള്‍ കാര്യവിചാരം ചെയ്യാം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും യശശ്ശരീരനായ പി വി നരസിംഹറാവുവിന്റെ മേല്‍ ചൊരിഞ്ഞതുപോലൊരു തന്ത്രം ഇവിടെയും സ്വീകരിക്കാം. അതിനപ്പുറത്ത് അഴിമതിയെക്കുറിച്ചോ ക്രമക്കേടിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ല. 


ഇനി രാജി ആവശ്യമുയര്‍ത്തുന്ന സി പി എമ്മാദി പ്രതിപക്ഷകക്ഷികള്‍ ഈ കേസില്‍ ചില്ലറ രാഷ്ട്രീയത്തിനപ്പുറത്ത് കാണുന്ന ഭാവി എന്താണ്? ഇപ്പോള്‍ തന്നെ കേസിന് പ്രായം 20 പൂര്‍ത്തിയായി. അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടിക്ക് പങ്കൊന്നുമില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിക്കും. ഇനി ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തലെങ്കിലോ? അദ്ദേഹത്തെ ആരോപണവിധേയരുടെ പട്ടികയില്‍ ഉചിതമായ സ്ഥാനത്തു ചേര്‍ത്ത് കുറ്റപത്രം പുതുക്കി നല്‍കി വിചാരണ തുടങ്ങാം. അതിന്റെ വിധി വരുമ്പോള്‍ കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അവിടെയും തീര്‍ന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം. ഇതിനിടയില്‍ നേരത്തെ, കെ കരുണാകരന്‍ ചെയ്തത് പോലെ നിരവധിയായ നിയമ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കുകയും ആകാം. അങ്ങനെ കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായി അവസാന തീര്‍പ്പാകുമ്പോഴേക്കും കൊല്ലം പലതെടുക്കും. 


ഇടമലയാര്‍ കേസില്‍ സംഭവിച്ചത് പോലെ കേസിന്റെ പഴക്കവും ആരോപണവിധേയരുടെ പ്രായാധിക്യവും കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്താകും സുപ്രീം കോടതിയുടെ വിധിയുണ്ടാകുക. ഇപ്പോള്‍ ബാലകൃഷ്ണ പിള്ളക്ക് അനുവദിക്കുന്നത് പോലെ പരോളിന്റെ മേല്‍ പരോളും പിന്നെ സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര ചികിത്സയുമൊക്കെ അനുവദിച്ച് തരാന്‍ അന്നുമാളുണ്ടാകും. ഇതേ പരമാവധി സംഭവിക്കാനുള്ളൂ. അതിന് വേണ്ടി ഇന്ന് ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിന് മുറിപ്പത്തല്‍ മാത്രമേ ഉത്തരമായുള്ളൂ. 


അല്‍പ്പം കടന്ന ചിന്തയാണെങ്കിലും മറ്റു സാധ്യതകള്‍ കൂടി മുന്നിലുണ്ട്. പാമൊലിന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തുന്നത് എന്ന് കരുതുക. പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണമെങ്കില്‍  ഗവര്‍ണറുടെ അനുമതി വേണം. അത് നല്‍കാതിരിക്കാം. മന്ത്രിയായിരിക്കെ, ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത് എന്ന് ബോധ്യപ്പെട്ടുവെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്നും മന്ത്രിസഭ ഗവര്‍ണറോട് ശിപാര്‍ശ ചെയ്താല്‍ മതി. ഇന്നത്തെ സാഹചര്യത്തില്‍ മന്ത്രിസഭയുടെ ശിപാര്‍ശ തള്ളി അനുമതി നല്‍കാന്‍ ഗവര്‍ണര്‍ സന്നദ്ധനാകില്ല. ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദനോ വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ നിര്‍മിതി അനുകരിക്കാന്‍ തയ്യാറാകുന്ന സി പി എം നേതാക്കളില്‍ ആരെങ്കിലുമോ കോടതിയില്‍ പോകും. 


സംഗതി ഭരണഘടനാ പ്രശ്‌നമായതിനാല്‍ തീരുമാനം വൈകുമെന്ന് ഉറപ്പ്. ഇതില്‍ തീര്‍പ്പുണ്ടാകുകയും ഗവര്‍ണറുടെ തീരുമാനം അസാധുവാക്കപ്പെടുകയും ചെയ്താല്‍ തന്നെ വിചാരണ തടസ്സപ്പെടുത്താന്‍ പാകത്തിലുള്ള മറ്റ് ഹരജികള്‍ തയ്യാറാക്കാവുന്നതേയുള്ളൂ. അത് ഏതൊക്കെ വിധത്തിലാകാമെന്നത് ഇതേ കേസില്‍ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹരജികളുടെ മാതൃകകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അങ്ങനെ ഹരജികള്‍ സമര്‍പ്പിച്ച് സമര്‍ഥമായി മുന്നോട്ടുനീങ്ങിയാല്‍ ആരോപണവിധേയ സ്ഥാനത്തു നിന്ന് സ്വാഭാവികമായി ഒഴിവാകാന്‍ സാധിക്കുമെന്ന് കെ കരുണാകരന്‍ തെളിയിച്ചിട്ടുമുണ്ട്. 
പ്രതിപക്ഷം രാജി ആവശ്യം ആവര്‍ത്തിക്കും. രാജി വെക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കും. സെക്രട്ടേറിയറ്റിന് മുന്നിലേക്കും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലേക്കും പ്രകടനം നടത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കരിങ്കൊടി കാണിക്കും. അത് പതിവില്ലാത്തതല്ലല്ലോ! എല്ലാറ്റിനും ഒരു മറുപടി മാത്രം നല്‍കിയാല്‍ മതിയാകും ''നിയമം നിയമത്തിന്റെ വഴിക്ക് പോകും, നീതിന്യായ സംവിധാനത്തില്‍ എനിക്ക് വിശ്വാസമുണ്ട്!''

No comments:

Post a Comment