ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്കില്‍ നിന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയിലേക്ക് എത്ര ദൂരമുണ്ട്? ആര്യ വംശശുദ്ധി ഉറപ്പാക്കാന്‍ ജൂതരെ മുഴുന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ച അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയില്‍ നിന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിലേക്ക് ദുരം എത്രയുണ്ടാകും? ഹിറ്റ്‌ലറില്‍ നിന്നും നാസി പ്രസ്ഥാനത്തില്‍ നിന്നും ആര്‍ എസ് എസ് പഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവരുടെ നേതാക്കള്‍ തന്നെ തുറന്ന് എഴുതിയിട്ടുണ്ട്. അത് ഏറെ പരിശോധിക്കപ്പെട്ട കാര്യവുമാണ്. യാദൃച്ഛികമായി പുറത്തുവരുന്ന ചില സംഗതികള്‍ ഇക്കാര്യത്തില്‍ പുതിയ അറിവുകള്‍ പ്രദാനം ചെയ്യും.
2080ല്‍ യൂറോപ്പിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം സാധ്യമാക്കുന്നതിന് നോര്‍വേക്കാരനായ ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്ക് തയ്യാറാക്കിയ ആയിരത്തിയഞ്ഞൂറിലധികം പേജ് വരുന്ന രേഖ ആശയതലത്തിലുള്ള യോജിപ്പിന്റെ പുതിയ കഥകള്‍ പറയുന്നു. ജര്‍മനിയില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ആര്‍ എസ് എസ് നേതാക്കള്‍ പങ്ക് വെച്ചത് ഇതേ യോജിപ്പിന്റെ തലമായിരുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്യും.
ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്ക് എന്ന ചെറുപ്പക്കാരന്‍ ഒരു അക്രമി മാത്രമായിരുന്നു ആദ്യം, മാനസിക അസ്വാസ്ഥ്യമോ മറ്റ് സമ്മര്‍ദങ്ങളോ മൂലം അക്രമത്തിന് ഒരുമ്പെട്ടിറങ്ങുകയും എണ്‍പതോളം പേരെ വെടിവെച്ചിട്ട കൊടും ക്രൂരത കാട്ടുകയും ചെയ്ത ഒരാള്‍. ഈ സംഭവം ആലോചിച്ചുറപ്പിച്ച് ചെയ്ത ഒന്നാണെന്ന് കണ്ടെത്താന്‍ നോര്‍വേ പോലീസിന് സമയം വേണ്ടിവന്നു. താന്‍ തുടങ്ങുകയും തന്റെ പിന്‍ഗാമികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ആഗോള യുദ്ധത്തെക്കൂടി വിവരിക്കുന്ന ബ്രീവിക്കിന്റെ പ്രഖ്യാപനം പോലീസ് കണ്ടെടുത്തു.
ഈ പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയം യുദ്ധത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ള സംഘടനകളെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്നതാണ്. അതില്‍ തന്നെ പ്രമുഖ സ്ഥാനം ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകള്‍ക്കും തീവ്ര ദേശീയവാദികളായ സംഘടനകള്‍ക്കും നല്‍കിയിട്ടുണ്ട്. യൂറോപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ബ്രീവിക്ക് കരുതുന്ന മുസ്‌ലിംകളെ ഇല്ലാതാക്കുക എന്നതാണ് ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ആരംഭിച്ച് ആഗോള യുദ്ധത്തിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഹിന്ദുത്വ സംഘടനകളും തീവ്ര ദേശീയവാദ സംഘടനകളും തന്റെ ആശയഗതി പങ്ക് വെക്കുന്നുവെന്ന് കണ്ടെത്തുകയാണ് ബ്രീവിക്ക്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെയാകെ പുറത്താക്കാന്‍ യത്‌നിക്കുന്ന സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്ന ഹിന്ദുത്വ സംഘടനകളോടും തീവ്ര ദേശീയ സംഘടനകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട് ബ്രീവിക്ക്. ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് പകരം നിലവിലുള്ള ഭരണ സംവിധാനത്തിനെതിരെ യുദ്ധം തുടങ്ങാന്‍ ഈ സംഘടനകളെ ഉപദേശിക്കുകയും ചെയ്യുന്നു. ബി ജെ പി, ആര്‍ എസ് എസ്, വി എച്ച് പി, എ ബി വി പി തുടങ്ങിയ പേരുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ബ്രീവിക്ക് കൂടുതല്‍ അറിവുകള്‍ക്കായി ഈ സംഘടനകളുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
മുംബൈയില്‍ മൂന്നിടത്തുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകെ സുബ്രഹ്മണ്യം സ്വാമി എഴുതിയ ലേഖനത്തില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ബ്രീവിക്കിന്റെത് തന്നെയാണ്. യൂറോപ്പ് മുസ്‌ലിംകളില്‍ നിന്ന് വെല്ലുവിളി നേരിടുന്നുവെന്ന് ബ്രീവിക്ക് പറയുമ്പോള്‍ ഒരു വര്‍ഷത്തിനകം ഹിന്ദൂയിസത്തെ നേരിടാന്‍ ഇസ്‌ലാം തയ്യാറാകുമെന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇസ്‌ലാമിന്റെ അധിനിവേശം ആരംഭിച്ച രാജ്യങ്ങളിലെല്ലാം രണ്ട് ദശകത്തിനുള്ളില്‍ മതപരിവര്‍ത്തനം പൂര്‍ത്തിയായെന്ന് വാദിക്കുന്ന സുബ്രഹ്മണ്യം സ്വാമി ഇന്ത്യ ഇതില്‍ നിന്ന് ഭിന്നമായി നിന്നുവെന്നത് മുസ്‌ലിം മത മൗലികവാദികളെ പ്രകോപിപ്പിക്കുന്നുവെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ശക്തമായ നടപടികള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും.
ഇത് തടയാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ പ്രധാനം ഹൈന്ദവ പാരമ്പര്യം അഭിമാനത്തോടെ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നതാണ്. ഏകീകൃത സിവില്‍ നിയമം കൊണ്ടുവരിക, സംസ്‌കൃത പഠനവും വന്ദേ മാതരത്തിന്റെ ആലാപനവും നിര്‍ബന്ധമാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച് പേര് ഹിന്ദുസ്ഥാന്‍ എന്നാക്കുക എന്നീ നിര്‍ദേശങ്ങളും സ്വാമി മുന്നോട്ടുവെക്കുന്നുണ്ട്. ഹിന്ദു മതത്തില്‍ നിന്ന് മറ്റേതെങ്കിലും മതത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ തടഞ്ഞ് ദേശീയ നിയമം കൊണ്ടുവരണം. പുനഃപരിവര്‍ത്തനം നിരോധിക്കരുത്. വര്‍ണാശ്രമത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥ തിരികെക്കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നു.
ജാതിയുടെ കാര്യത്തില്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ പരിശോധിച്ചാല്‍ ബ്രീവിക്കിനേക്കാള്‍ യാഥാസ്ഥിതിക, മൗലികവാദ നിലപാടുകളാണ് സ്വാമി പുലര്‍ത്തുന്നത് എന്ന് കാണാം. ജീവിതരീതിയെ ആസ്പദമാക്കി ജാതി നിര്‍ണയിക്കുക എന്നത് തൊഴിലിനെ അടിസ്ഥാനമാക്കി ജാതി നിശ്ചയിച്ച പഴയ രീതിയില്‍ നിന്ന് ഭിന്നമല്ല. ഇതിന് വേണ്ടി വാദിക്കുന്നവര്‍ സവര്‍ണ മേല്‍ക്കോയ്മയുടെ വക്താക്കളാണെന്ന് നിസ്സംശയം പറയാം. ആര്യ രക്തത്തിന്റെ മേന്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചവരുമായി വലിയ അകലം ഇത്തരക്കാര്‍ക്കില്ല. അടിസ്ഥാനപരമായി ഭിന്നതയുള്ള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും യോജിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനി നമ്മെ പഠിപ്പിക്കുന്നുവെന്ന് ആര്‍ എസ് എസ്സിന്റെ സര്‍ സംഘ് ചാലകായിരുന്ന മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ എഴുതിയതില്‍ നിന്ന് വലിയ അകലമൊന്നും സുബ്രഹ്മണ്യം സ്വാമിയിലേക്കും ബ്രീവിക്കിലേക്കുമില്ല തന്നെ.
''ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കാന്‍ തയ്യാറാകണം. ഹിന്ദു മതത്തെ ആദരിക്കാന്‍ പഠിക്കണം. ഹിന്ദു വംശത്തെയും സംസ്‌കാരത്തെയും മാത്രമേ പ്രകീര്‍ത്തിക്കാന്‍ പാടുള്ളൂ. അവര്‍ പ്രത്യേക അസ്തിത്വം ഉപേക്ഷിച്ച് ഹിന്ദു വംശത്തില്‍ ലയിക്കാന്‍ സന്നദ്ധരാകണം. ഹിന്ദു രാജ്യത്തോട് വിധേയത്വം കാട്ടി ജീവിക്കണം. ഒന്നും അവകാശപ്പെടാതെ പ്രത്യേക മുന്‍ഗണനകള്‍ക്കൊന്നും അവകാശമില്ലാതെ പൗരനെന്ന അവകാശം പോലും ഇല്ലാതെ ജീവിക്കണം'' - ഗോള്‍വള്‍ക്കറുടെ പുസ്തകത്തില്‍ തുടരുന്നു. ഇത് തന്നെയാണ് നടപ്പായി കാണണമെന്ന് ബ്രീവിക്ക് ആഗ്രഹിക്കുന്നത്. തീര്‍ത്തും വിധേയരായി ഒരു ജനത തുടരുമെന്ന പ്രതീക്ഷ ഗോള്‍വള്‍ക്കര്‍ക്കുണ്ടായിരുന്നില്ല. അത് ബ്രീവിക്ക് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് മുസ്‌ലിംകളെ മുഴുവന്‍ ഇല്ലാതാക്കണമെന്ന് വാദിക്കുന്നത്.
ഹൈന്ദവ പാരമ്പര്യം അഭിമാനത്തോടെ പ്രഖ്യാപിച്ച് രാജ്യത്ത് തുടരാന്‍ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഇതര മത വിഭാഗങ്ങള്‍ക്കോ സാധിക്കില്ലെന്ന് സുബ്രഹ്മണ്യം സ്വാമിക്കറിയാം. അതറിഞ്ഞുകൊണ്ട് ഹൈന്ദവ പാരമ്പര്യം അംഗീകരിക്കാത്തവര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഹിന്ദുക്കളല്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്നാണ് സുബ്രഹ്മണ്യം സ്വാമി ഉദ്ദേശിക്കുന്നത്. അത് സാധ്യമാക്കാന്‍ പാകത്തിലുള്ള ഭരണ വ്യവസ്ഥയുടെ ആവശ്യകത പ്രഘോഷിക്കുകയാണ്.
ബ്രീവിക്കും സുബ്രഹ്മണ്യം സ്വാമിയും തമ്മില്‍ അകലമുണ്ടാകുന്നത് ഇവിടെയാണ്. രണ്ട് കൂട്ടരും ഊര്‍ജോപാധിയായി കാണുന്ന ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ കരുതലോടെ വീക്ഷിക്കപ്പെടേണ്ടിവരുന്നതും ഇവിടെയാണ്.
ബ്രീവിക്ക് തന്റെ ആശയങ്ങളെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൗര്യത്തോടെ പുറമേക്ക് പ്രകടിപ്പിച്ചു. ആശയങ്ങള്‍ ക്രോഡീകരിച്ചതും സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടക്കമെന്ന നിലയില്‍ ആക്രമണം നടത്തിയതും ബ്രീവിക്ക് ഒറ്റക്കാകാന്‍ തരമില്ല. സമാന ആശയഗതിക്കാരായ നിരവധി പേരുടെ പങ്കാളിത്തം ഇതിലുണ്ടാകാം. രാജ്യാതിര്‍ത്തികളുടെ പരിമിതികളില്ലാതെ പലരും ഇതില്‍ പങ്കാളികളായിട്ടുണ്ടാകും. പരിഷ്‌കൃതരെന്നും സംസ്‌കാരചിത്തരെന്നും അവകാശപ്പെടുകയും ആ അവകാശവാദം പൊതുവില്‍ വിശ്വസിക്കപ്പെടണം എന്ന നിര്‍ബന്ധ ബുദ്ധി കാട്ടുകയും ചെയ്യുന്നുവെന്നതു കൊണ്ട് തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരം ഭീകരവാദികളുടെ കാര്യത്തില്‍ ജാഗ്രത കാട്ടിയേക്കും. അങ്ങനെ ജാഗ്രത കാട്ടുന്നില്ലെങ്കില്‍ തങ്ങളുടെ അളവുകോലുകൊണ്ട് ലോകത്തെയാകെ അളക്കുക എന്ന പദ്ധതി സാധ്യമാകില്ലെന്ന തിരിച്ചറിവ് ഈ ഭരണകൂടങ്ങള്‍ക്കുണ്ടാകും.
എന്നാല്‍ സുബ്രഹ്മണ്യം സ്വാമിയും ഹിന്ദുത്വ വര്‍ഗീയ വാദികളും നടത്തുന്നത് മറ്റു ചില നീക്കങ്ങളാണ്. ആദ്യം അധികാരം പിടിക്കുകയും അധികാരത്തിന്റെ തണലുപയോഗിച്ച് തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ നടപ്പാക്കുകയുമാണ് ഇവരുടെ തന്ത്രം. വര്‍ഗീയ വിഭജനത്തിലൂടെ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാന്‍ ശ്രമിക്കും. അതിന് പാകത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും. അധികാരത്തിലെത്തിയാല്‍ ഉന്‍മൂലനത്തിലേക്ക് ശ്രദ്ധ തിരിക്കാം. ഗുജറാത്തില്‍ നരേന്ദ്ര മോഡി പരീക്ഷിച്ചതിനോളം മികച്ച ഉദാഹരണം ഇതിനില്ല തന്നെ. സുബ്രഹ്മണ്യം സ്വാമിയെപ്പോലുള്ളവര്‍ നടത്തുന്നത് അധികാരത്തിലേക്കുള്ള പാത സുഗമമാക്കുന്നതിനുള്ള പ്രചാരണങ്ങളാണ്. ഭൂരിപക്ഷത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കുന്ന കാലത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പറയുകയും അതിലൂടെ ന്യൂനപക്ഷങ്ങളെ ഭീതിയില്‍ ആഴ്ത്തുകയും ചെയ്യുക. ഭീതിയില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിഭാഗം എപ്പോഴെങ്കിലും പ്രതികരിക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ ഒറ്റക്കും തെറ്റക്കും പ്രതികരണങ്ങളുണ്ടായാല്‍ വര്‍ഗീയ വിഭജനം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
ബ്രീവിക്ക് തന്റെ ആശയ പദ്ധതികളുടെ ക്രൂര സ്വഭാവം പുറമേക്ക് പ്രകടിപ്പിച്ചുവെങ്കില്‍ ഇവര്‍ അത് മറച്ചുവെക്കുന്നു. ഈ മറച്ചുവെക്കലാണ് ഹിന്ദുത്വ സംഘടനകളോടും തീവ്ര ദേശീയവാദ സംഘടനകളോടും വിയോജിക്കാന്‍ ബ്രീവിക്കിനെ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെട്ട കലാപങ്ങള്‍ സൃഷ്ടിക്കുന്നതും മറ്റും ദോഷഫലമാണ് സൃഷ്ടിക്കുക എന്ന് വിശദീകരിക്കുന്ന ബ്രീവിക്ക് സൈനികമായി സംഘടിക്കാനും നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനുമാണ് ആവശ്യപ്പെടുന്നത്. അത് ഇന്ത്യന്‍ സാഹചര്യത്തില്‍ എളുപ്പമല്ലെന്ന് ആര്‍ എസ് എസ് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജനസംഘ്, ബി ജെ പി എന്നീ വ്യവസ്ഥാപിത രാഷ്ട്രീയ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറായത്.
ബ്രീവിക്ക് നടത്തിയതുപോലുള്ള അക്രമങ്ങളേക്കാള്‍ ആദ്യം നടക്കേണ്ടത് സാംസ്‌കാരികമായ അധിനിവേശമാണെന്ന തിരിച്ചറിവും സംഘ് നേതൃത്വത്തിനുണ്ട്. ഭൂരിപക്ഷ മതത്തെ മാത്രം പ്രകീര്‍ത്തിക്കുന്ന സ്ഥിതി രാജ്യത്ത് സംജാതമാകുകയാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകും. അതിനോട് യോജിക്കാത്തവരെ പുറംതള്ളാന്‍ എളുപ്പമാകും. എതിര്‍ത്തു നില്‍ക്കുന്നവരെ മാത്രമേ കായികമായി നേരിടേണ്ടിവരികയുള്ളൂ. ആ വഴിക്കാണ് സംഘ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. സംസ്‌കൃത പഠനവും വന്ദേമാതരവും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി വാശി പിടിക്കുന്നതും അതിനാലാണ്. 'വിദേശ വംശ'ങ്ങള്‍ യാതൊരു മുന്‍ഗണനകളും അവകാശപ്പെടാന്‍ പാടില്ലെന്നത് സ്വന്തം ആശയമായി സ്വീകരിച്ചിരിക്കുന്നതുകൊണ്ടാണ് ന്യൂനപക്ഷ പ്രീണനങ്ങളെക്കുറിച്ച് പ്രലപിക്കുന്നത്.
ഹിന്ദുത്വ തീവ്രവാദത്തിന് അധികാരം കൈയാളാന്‍ പാകത്തിലുള്ള അന്തരീക്ഷ സൃഷ്ടിയാണ് ആദ്യം വേണ്ടതെന്ന് നിശ്ചയിച്ച് അതിനായി യത്‌നിക്കുമ്പോള്‍ ബ്രീവിക്കിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനത്തേക്കാള്‍ അപകടമുണ്ട്. കാരണം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെയാകെ അധിനിവേശിച്ച ശേഷമേ അവര്‍ യഥാര്‍ഥ മുഖം പുറത്ത് കാണിക്കൂ. ഈ അധിനിവേശത്തിനിടെ ഉയരുന്ന ആശങ്കകളെ അടിസ്ഥാനമില്ലാത്തതായി ചിത്രീകരിക്കാനും ഇക്കൂട്ടര്‍ക്ക് സാധിക്കും. അത് പലവട്ടം കണ്ട് കഴിഞ്ഞതുമാണ്. മിത, തീവ്ര ദ്വന്ദ്വം സൃഷ്ടിച്ച് ബി ജെ പി നടത്തിയ രാഷ്ട്രീയ പരീക്ഷണം ഉദാഹരണമാണ്.
ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്കും സുബ്രഹ്മണ്യം സ്വാമിയും പേരില്‍ മാത്രമേ വേറിട്ട് നില്‍ക്കുന്നുള്ളൂ. ആശയ അടിത്തറ ഒന്നാണ്. അതിന്റെ പ്രയോഗത്തില്‍ മാറ്റം വരുന്നുവെന്ന് മാത്രം. കൂടുതല്‍ സമര്‍ഥമായ പ്രയോഗം ഒരുപക്ഷേ സുബ്രഹ്മണ്യം സ്വാമിയുടെതാണ് അദ്ദേഹത്തിന് ഊര്‍ജമായി നില്‍ക്കുന്ന സംഘ്പരിവാരത്തിന്റെതാണ്.
താലിബാന്‍ ആണെങ്കില്‍ നമുക്ക് പഥ്യമായേനെ... ബിന്‍ലാദന്നണെന്ന്കില്‍ നമൂക്ക് ജയ് വിളിക്കാമായിരുന്നു.. വറ്റിപ്പിഴപ്പിനു വേണ്ടി എന്തെളാമ്ം എഴുതിക്കൂട്ടിയാലാ...
ReplyDeleteനല്ലൊരു ലേഖനം മിസ്റ്റര്‍ രാജീവ് ....താങ്ക്സ് ..
ReplyDeleteVEry good article.. have thorough knowledge.
ReplyDelete