പ്രകാശ രശ്‌മികളേക്കാള്‍ വേഗം പരമാണുകണമായ ന്യൂട്രിനോക്കുണ്ടെന്ന വാദം ഉയര്‍ന്നത് ഭൗതികശാസ്‌ത്ര ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചു. തുടര്‍പരീക്ഷണങ്ങളിലൂടെ തങ്ങളുടെ നിഗമനം തെറ്റല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ശാസ്‌ത്രജ്ഞര്‍. പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് പ്രകാശ രശ്‌മികളാണെന്ന നിഗമനം പല ശാസ്‌ത്ര സിദ്ധാന്തങ്ങളുടെയും അടിത്തറയാണ്. ഈ വേഗത്തെ സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം കൊണ്ട് ന്യൂട്രിനോ മറികടക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
സെക്കന്‍ഡിന്റെ ആയിരത്തിലൊരംശമെന്നത് സാമാന്യേന അവഗണനപോലും അര്‍ഹിക്കാത്തൊരു സമയഖണ്ഡമാണ്. പക്ഷേ, ശാസ്‌ത്രത്തിന് അതങ്ങനെ തള്ളിക്കളയാനാകില്ല. നിശ്ചിത അളവ് ദ്രവ്യത്തെ പൂര്‍ണമായും ഊര്‍ജമാക്കി മാറ്റുന്ന ഘട്ടത്തില്‍ ദ്രവ്യത്തിന്റെ ഭാരത്തെ പ്രകാശവേഗത്തിന്റെ വര്‍ഗം കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന തുകക്ക് തുല്യമായിരിക്കും ഊര്‍ജത്തിന്റെ തോത് എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിന്റെ അടിത്തറ ഇളകുമോ എന്ന ശങ്ക പുതിയ കണ്ടെത്തലോടെ ഉയര്‍ന്നിട്ടുണ്ട്. ന്യൂട്രിനോക്ക് പ്രകാശ രശ്‌മിയേക്കാള്‍ വേഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ ഇത് മാത്രമല്ല, ഭൗതിക ശാസ്‌ത്രത്തില്‍ എഴുതിയതും പഠിച്ചതുമായ പല കാര്യങ്ങളും മായ്‌ക്കേണ്ടിവരും. അതുകൊണ്ട് തന്നെ ഏറെ അത്ഭുതത്തോടെയാണ് ശാസ്‌ത്ര കുതുകികള്‍ പുതിയ നിഗമനത്തെ കാണുന്നത്.
ഇതിലും വലിയ അത്ഭുതമാണ് ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ് സൃഷ്‌ടിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കാന്‍ ലോക ബേങ്ക് തയ്യാറാകണമെന്ന പ്രസ്‌താവനയിലൂടെ ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രി സൃഷ്‌ടിച്ച അത്ഭുതത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്‌തു. ദീര്‍ഘകാലമായി പിന്തുടരുകയും 1991ല്‍ ഇന്ത്യയുടെ ധനമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ട നാള്‍ മുതല്‍ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്‌ത ആഗോളവത്‌കരണ നയങ്ങളെ വിമര്‍ശിച്ചതിലൂടെയാണ് മന്‍മോഹന്‍ സിംഗ് ഇന്ത്യക്കാരെയും വികസിത രാഷ്‌ട്രങ്ങളുടെ സാമ്പത്തിക നേതൃത്വങ്ങളെയും അമ്പരപ്പിച്ചത്. മഹ്‌മൂദ് അഹ്‌മദി നജാദുമായി കൂടിക്കാഴ്‌ച നടത്തിയ മന്‍മോഹന്‍ ഇറാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും പുറത്തു നിന്നുള്ള സൈനിക ഇടപെടലിലൂടെ സമൂഹത്തിന്റെ ക്രമം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു. നാറ്റോ നടത്തിയ ബോംബ് വര്‍ഷത്തിലൂടെ ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്‌ടനാക്കുകയും സിറിയയില്‍ സമാന നടപടിക്ക് അമേരിക്ക ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ് ഇന്ത്യ നല്‍കുന്നത്.
2003ല്‍ അകാരണമായി ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ അധികാരഭ്രഷ്‌ടനാക്കുകയും പിന്നീട് പിടികൂടി പ്രാകൃതമായി തൂക്കിലേറ്റുകയും ചെയ്‌തപ്പോഴും പരോക്ഷമായ സൈനിക ഇടപെടലിലൂടെ ലോകത്ത് പല ഭാഗങ്ങളിലും അമേരിക്ക ചോരപ്പുഴകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തപ്പോള്‍ തോന്നാതിരുന്ന രോഷം ഇന്ത്യക്ക് ഇപ്പോഴുണ്ടാകാന്‍ കാരണമെന്ത്? ഇറാനുമേലുള്ള ഉപരോധം പൂര്‍ണ തോതില്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ നിര്‍ദേശം പാലിച്ച് അവിടേക്കുള്ള ഇന്ധന കയറ്റുമതി നിര്‍ത്താന്‍ തീരുമാനിച്ച മന്‍മോഹന്‍ സിംഗ് നിലപാട് മാറ്റത്തിന്റെ സൂചന നല്‍കുന്നത് എന്തുകൊണ്ട്? സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാര്യത്തിലുള്ള നിഷ്‌കര്‍ഷ ബോധ്യപ്പെട്ടതിനാല്‍ ബരാക് ഒബാമ പോലും വണങ്ങി നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി പൊടുന്നനെ ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വാചാലനായത് എന്തുകൊണ്ട്? ആശ്ചര്യ ചിഹ്നങ്ങള്‍ അകമ്പടി സേവിക്കുന്ന ചോദ്യചിഹ്നങ്ങള്‍.
നിലപാട് മാറ്റം ദ്യോതിപ്പിക്കാന്‍ എന്ത് കൊണ്ട് തയ്യാറാകുന്നുവെന്നതിനുള്ള മറുപടി സൂചന മന്‍മോഹന്‍ സിംഗിന്റെ ഐക്യരാഷ്‌ട്ര സഭയിലെ പ്രസംഗത്തില്‍ തന്നെയുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥ പ്രശ്‌നച്ചുഴിയിലാണെന്നും അതില്‍ നിന്ന് കരയകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ പാകത്തിലുള്ള നയങ്ങള്‍ വികസിത രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചേക്കാമെന്നും ഭയക്കുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. സ്വന്തം വിപണി സംരക്ഷിക്കാന്‍ പാകത്തില്‍ വ്യാപാര, വാണിജ്യ ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷണത്തിന് ശ്രമങ്ങള്‍ ആരംഭിക്കുകയും അതിന്റെ ചൂട് സ്വന്തം ഇരിപ്പിടത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്.
ഡോളറിന്റെ കരുത്ത് നിലനിര്‍ത്താന്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ഇടപെട്ടതോടെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് അമ്പത് രൂപയോളം നല്‍കേണ്ട സ്ഥിതി. ആഭ്യന്തര ഉപഭോഗത്തിന് വേണ്ട അസംസ്‌കൃത എണ്ണയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വിനിമയ മൂല്യത്തിലുണ്ടായ ഇടിവ് വലിയ തലവേദന സൃഷ്‌ടിക്കും. വിലകള്‍ ഉയരുന്നത് തുടരുകയും ജനം ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. അതിന്റെ പ്രത്യാഘാതം താനും പാര്‍ട്ടിയും മുന്നണിയും പേറേണ്ടിവരുമെന്ന് രണ്ട് ദശകത്തെ രാഷ്‌ട്രീയ പരിചയം മന്‍മോഹന്‍ സിംഗിനെ ഓര്‍മിപ്പിക്കുന്നു. വികസിത രാഷ്‌ട്രങ്ങള്‍ ഈ നയം തുടര്‍ന്നാല്‍ വരും നാളുകളില്‍ ഇതര മേഖലകളിലും മുരടിപ്പ് ശക്തമാകും. അതിനൊക്കെ തടയിടാന്‍ പാകത്തില്‍ അന്താരാഷ്‌ട്ര സാമ്പത്തിക മേഖലയില്‍ ഇടപെടാനാണ് മന്‍മോഹന്‍ സിംഗ് ശ്രമിക്കുന്നത്.
സാമ്പത്തിക മേഖലയിലെ ഇടപെടലുകള്‍ വിദേശകാര്യത്തില്‍ സ്വീകരിക്കുന്ന നയങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത് അമേരിക്കയാണ്. സാമ്പത്തികത്തില്‍ അധിഷ്‌ഠിതമായ വിദേശനയം എന്ന കാഴ്‌ചപ്പാടിലേക്ക് ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങളെ നയിക്കുന്നതില്‍ വലിയ പങ്ക് അവര്‍ വഹിക്കുകയും ചെയ്‌തു. അതേത്തുടര്‍ന്നാണ് ചിരകാല സുഹൃത്തുക്കളെപ്പോലും തഴഞ്ഞ് അമേരിക്കക്കൊപ്പം തുഴയാന്‍ ഇന്ത്യ തയ്യാറായത്. കടക്കെണിയില്‍ ഉഴലുന്ന അമേരിക്കയടക്കമുള്ള വികസിത രാഷ്‌ട്രങ്ങളെ അന്താരാഷ്‌ട്ര നിയമ, കരാര്‍ മര്യാദകള്‍ പാലിക്കുന്നതിന് പ്രേരിപ്പിക്കാന്‍ വിദേശ നയത്തെ തന്നെ ആയുധമാക്കാനാണ് മന്‍മോഹന്‍ ശ്രമിക്കുന്നത് എന്ന് കരുതണം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള ഫലസ്‌തീന്‍ രാഷ്‌ട്രത്തിന് അത്യുച്ചത്തില്‍ പിന്തുണ പ്രഖ്യാപിച്ചതും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിച്ച് പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനെ വിമര്‍ശിച്ചതും അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കണ്ണിലെ കരടായ ഇറാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതുമൊക്കെ അതിന്റെ സൂചനകളാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്‌ടിക്കുന്നതിനുമൊക്കെ ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ സഹായം അമേരിക്കയും യൂറോപ്പും പ്രതീക്ഷിക്കുന്നുണ്ട്. ഒരു റെയില്‍ കോച്ച് ഫാക്‌ടറിയുടെ നിര്‍മാണച്ചുമതല അമേരിക്കന്‍ കമ്പനിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബരാക് ഒബാമ നടത്തിയ ശ്രമം മാത്രം മതി എത്രത്തോളം ഹതാശയരായാണ് അവര്‍ ഇന്ത്യന്‍ കമ്പോളത്തിന്റെ സാധ്യതകള്‍ക്ക് പിറകെ പരക്കംപായുന്നത് എന്ന് മനസ്സിലാക്കാന്‍. അമേരിക്കയും യൂറോപ്പും പുലര്‍ത്തുന്ന അമിത പ്രതീക്ഷകള്‍ സാക്ഷാത്‌കരിക്കുന്നതിനുള്ള ബാധ്യതയൊന്നും ഇന്ത്യക്കുണ്ടാകില്ലെന്നാണ്, ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളാണ് ഇപ്പോള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന പ്രഖ്യാപനത്തിലൂടെ മന്‍മോഹന്‍ പറഞ്ഞുവെക്കുന്നത്.
സാമ്പത്തിക, സമൂഹിക, രാഷ്‌ട്രീയ മേഖലകളില്‍ യോജിച്ചുള്ള വളര്‍ച്ചയായിരുന്നു ആഗോളവത്‌കരണത്തിന്റെ ലക്ഷ്യം. അതെല്ലായിപ്പോഴും ഗുണഫലങ്ങള്‍ നല്‍കുമെന്ന മുന്‍വിധിയില്‍ രാജ്യങ്ങള്‍ തുടരുകയും ചെയ്‌തു. ഇപ്പോള്‍ അനിവാര്യമായ ദുഷ്യഫലങ്ങളുണ്ടാകുമ്പോള്‍ അതും യോജിച്ച് പങ്കിടാന്‍ തയ്യാറാകണം. അല്ലാതെ സ്വന്തം തടി സംരക്ഷിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലാക്കി ചൂഷണ സന്നദ്ധത സ്വയം പ്രഖ്യാപിക്കാനുള്ള വിശാലമനസ്‌കത ഇന്ത്യ ഇനി കാണിക്കില്ലെന്ന് കൂടി മന്‍മോഹന്‍ വ്യക്തമാക്കുകയാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് അമേരിക്ക ശഠിക്കുന്നുണ്ടെന്നത് കൂടി ഓര്‍ക്കുമ്പോള്‍ മന്‍മോഹന്റെ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ഥങ്ങളുണ്ടാകുന്നു.
കടം കാര്‍ന്ന കാതലുമായി നില്‍ക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളേക്കാള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളുടെ മികവ് വൈകിയാണെങ്കിലും 89 തികഞ്ഞ സാമ്പത്തിക ശാസ്‌ത്രബുദ്ധി തിരിച്ചറിയുന്നു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സാമ്പത്തിക, വിദേശകാര്യ മേഖലകളില്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്നുള്ള അച്ചുതണ്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നുമുണ്ട്. സിറിയക്കെതിരായ സൈനിക നടപടിക്ക് രക്ഷാസമിതിയുടെ അംഗീകാരം വാങ്ങാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ ഈ രാജ്യങ്ങള്‍ക്കൊപ്പം നിന്ന് ചെറുക്കാന്‍ ഇന്ത്യ സന്നദ്ധമായത് ഭാവി ലോകക്രമത്തെക്കുറിച്ച് അവ്യക്തമായതെങ്കിലും ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഔദ്യോഗികമായി 2008ല്‍ ആരംഭിക്കുകയും അവസാനിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ മറികടന്ന് തുടരുകയും ചെയ്യുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും എട്ട് ശതമാനത്തോളം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിച്ച സമ്പദ്‌വ്യവസ്ഥ മന്‍മോഹന്‍ സിംഗിന് പിറകില്‍ കരുത്തായുണ്ട്. ഫ്രാന്‍സ്, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് ഇടിയുകയും ജര്‍മനി സ്‌തംഭനാവസ്ഥയിലെത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇന്ത്യക്ക് എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിക്കാനായത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ എഴുപതും എണ്‍പതും ശതമാനമായി പൊതുക്കടമുയര്‍ന്ന ജഗന്നിയന്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയും സഖ്യത്തിലെ പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളും സാമ്പത്തിക കരുത്തിന്റെ പാതയിലേക്ക് തിരിച്ചെത്തണമെങ്കില്‍ വര്‍ഷം കുറേ വേണ്ടിവരുമെന്ന് മന്‍മോഹന്‍ സിംഗിന് അറിയാം. അതുകൊണ്ട് കൂടിയാണ് പതിവില്‍ കവിഞ്ഞ ഉറപ്പോടെ സംസാരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് തയ്യാറായത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധയൂന്നാനും വികസ്വര രാഷ്‌ട്രങ്ങള്‍ക്ക് വേണ്ട മൂലധന പിന്തുണ നല്‍കാനും ലോക ബേങ്ക് തയ്യാറാകണമെന്ന ആവശ്യം പ്രണാബ് കുമാര്‍ മുഖര്‍ജി ഉന്നയിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇനി തങ്ങള്‍ പറയുന്നത് കൂടി കേള്‍ക്കേണ്ട ബാധ്യത ലോക സമ്പദ്‌വ്യവസ്ഥക്കുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ നേതാക്കള്‍. ലോകക്രമത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്ന അഭ്യൂഹമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിന്റെ നാന്ദി പോലെയാണ് മന്‍മോഹന്‍ സിംഗിന്റെ തള്ളിപ്പറച്ചിലുകള്‍. നയപരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ പ്രകാശ രശ്‌മിയുടെയോ ന്യൂട്രിനോയുടെയോ വേഗം തത്‌കാലം വേണ്ടെന്ന് മന്‍മോഹന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.
Good analysis. Antharashtra thalathil van sadhyathakalumayi Manmohan munnottu pokumpol, abhyanthara rashtreeya prashanangalkku munnil adheham pakachu nilkkukayanu
ReplyDelete