2011-10-27

ടൈറ്റാനിയത്തിലെ മായാജാലങ്ങള്‍




പാലിനേക്കാള്‍ വെളുപ്പുണ്ട് ടൈറ്റാനിയം ഡയോക്‌സൈഡിന്. സുര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. വെയിലേറ്റാല്‍ നിറം മങ്ങുന്നതിന് കാരണം അള്‍ട്രാവയലറ്റ് രശ്മികളാണ്. സൂര്യപ്രകാശമേറ്റ് വസ്തുക്കളുടെ നിറം മങ്ങാതിരിക്കാന്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാം. അതുകൊണ്ട് പെയിന്റിലും മറ്റും ടൈറ്റാനിയം ഡയോക്‌സൈഡ് അവിഭാജ്യ ഘടകമാണ്. വെയിലേല്‍ക്കാന്‍ സാധ്യതയുള്ള നിറമുള്ള വസ്തുക്കളിലെല്ലാം ഇത് പ്രയോഗിക്കാന്‍ സാധിക്കും. സണ്‍ സ്‌ക്രീനുകളില്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ചേര്‍ക്കുന്നത് അള്‍ട്രാ വയലറ്റ് രശ്മികളേറ്റ് തൊലിയുടെ നിറം മങ്ങാതിരിക്കാനാണ്. ചികിത്സയുള്‍പ്പെടെ ഇതര ശാസ്ത്ര മേഖലകളിലും ഈ വസ്തുവിന്റെ പ്രയോജനം ഏറെയാണ്. കെട്ടിട നിര്‍മാണം പൊടിപൊടിക്കുന്ന കേരളത്തില്‍ പെയിന്റിന് സാമാന്യം മെച്ചപ്പെട്ട മാര്‍ക്കറ്റുള്ളതിനാല്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ആവശ്യവും പതിവിലും ഏറും. ധാവള്യമേറിയ ഈ പൊടിയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് (ടി ടി പി) ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത്. 

നിറം കെടാതെ നോക്കാനുള്ള കഴിവ് ടൈറ്റാനിയം ഡയോക്‌സൈഡിനുണ്ടെന്നത് രാഷ്ട്രീയത്തില്‍ കൂടി പരീക്ഷിച്ച് തെളിയിക്കപ്പെട്ടിരിക്കുന്നു. ടി ടി പിയില്‍ മാലിന്യ നിര്‍മാജന പ്ലാന്റ് സ്ഥാപിക്കുന്നതിന് അഞ്ച് കൊല്ലം മുമ്പ് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും ഉയര്‍ന്നപ്പോള്‍ ഒട്ടും നിറം കെട്ടിട്ടില്ല. ഇനി കുറേക്കാലത്തേക്ക് ഇതിന്റെ നിറം കെടുകയുമില്ല. പാമോലിന്‍ ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ കേസ് പോലെ ഇത് ദശകങ്ങള്‍ കഴിഞ്ഞും നിറം കെടാതെ നില്‍ക്കാനുള്ള സാധ്യതയും കുറവല്ല. ആഗോളതലത്തില്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ആവശ്യം വര്‍ഷത്തില്‍ 2.7 ശതമാനം കണ്ട് വര്‍ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണക്ക്. 2019വരെ ഈ തോതില്‍ വര്‍ധനയുണ്ടാകും. വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയാണ് ഇതിന്റെ വലിയ ഉപഭോക്താവായി ഉണ്ടാകുക. വളര്‍ച്ചയില്‍ ചൈനക്ക് തൊട്ടുപിറകിലെത്താന്‍ കുതിക്കുന്ന ഇന്ത്യയിലും ആവശ്യക്കാര്‍ ഏറെയുണ്ടാകും. അതായത് ടി ടി പി എന്ന സ്ഥാപനത്തിന്റെ വികസനം ഒരു ദശകത്തേക്കെങ്കിലും കേരളത്തിന് ഗുണം ചെയ്യുമെന്ന് അര്‍ഥം.



പക്ഷേ, ടൈറ്റാനിയം ഡയോക്‌സൈഡ് ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മാലിന്യം ഗുരുതരമായ പ്രശ്‌നമാണ്. ഖരമാലിന്യത്തിന് പുറമെ വീര്യമുള്ളതും ഇല്ലാത്തതുമായ അമ്ലാംശമുള്‍ക്കൊള്ളുന്ന ദ്രവ മാലിന്യവുമുണ്ടാകും. പിന്നെ പൊടിയും. ടി ടി പിയുടെ കാര്യത്തില്‍ മാലിന്യം കടലിലേക്ക് ഒഴുക്കുകയാണ് ചെയ്തിരുന്നത്. ഇത് തുടരുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും ഇല്ലെങ്കില്‍ പൂട്ടണമെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്. രാജ്യത്ത് പലഭാഗത്തുമായി നൂറ് കണക്കിന് വ്യവസായ ശാലകള്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. 


ടി ടി പിയെ നിലനിര്‍ത്തുന്നതിന് വേണ്ടി മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അഴിമതിയുടെയും ക്രമക്കേടിന്റെയും നിറം മങ്ങാത്ത കഥകളുടെ ഉത്പാദനത്തിന് വഴിവെച്ചത്. മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കാന്‍ ആദ്യം നടപടി തുടങ്ങിയത് 1996 - 2001ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ സുശീല ഗോപാലന്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്. മാലിന്യ പ്ലാന്റ് സ്ഥാപിച്ചാല്‍ മാത്രം പോര കമ്പനിതന്നെ വികസിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു തുടര്‍ന്ന് വന്ന യു ഡി എഫ് സര്‍ക്കാറിന്റെ നിലപാട്. ഇതിനായി സ്ഥാപനത്തില്‍ തൊഴിലാളി സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. 2001ല്‍ അധികാരത്തില്‍ വന്ന എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. പിന്നീട് അധികാരത്തില്‍വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 256 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഇത് നടപ്പാക്കുന്നതില്‍ അനാവശ്യ ധൃതി കാണിച്ചുവെന്നും പദ്ധതി നടപ്പാക്കാന്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ മാത്രം ഇറക്കേണ്ട ഉപകരണങ്ങള്‍ നേരത്തെ ഇറക്കുമതി ചെയ്തുവെന്നുമാണ് ആരോപണം. 


2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ മുമ്പാണ് കരാറുപ്പിക്കലും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കലുമൊക്കെയുണ്ടായത്. പിന്നീട് വന്ന ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്ത് ടൈറ്റാനിയം ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിലെ ഇതര അഴിമതിക്കേസുകളുടെ കാര്യത്തിലെന്ന പോലെ ഇവിടെയും വിജിലന്‍സ് അന്വേഷണം ഇഴഞ്ഞാണ് മുന്നോട്ടുനീങ്ങിയത്. അന്വേഷണം ഇഴയുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. 


2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് പൊട്ടിക്കരഞ്ഞ കെ കെ രാമചന്ദ്രന്‍ എന്ന മുന്‍ മന്ത്രിയാണ് പിന്നീട് ടൈറ്റാനിയത്തിന്റെ നിറം മങ്ങിയിട്ടില്ലെന്ന് ഓര്‍മിപ്പിച്ചത്. 2006ല്‍ അധികാരമൊഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭാഗമായിരുന്നു കുറച്ചു കാലം രാമചന്ദ്രന്‍. ടൈറ്റാനിയം പദ്ധതിക്ക് അനുവാദം നല്‍കുന്നതിന് തനിക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അതിന് വഴങ്ങാതെ വന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല തന്നില്‍ നിന്ന് എടുത്തുമാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. രാമചന്ദ്രനില്‍ നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതല എടുത്തുമാറ്റിയ അന്നു തന്നെ നിര്‍ദിഷ്ട പദ്ധതിക്ക് ബോര്‍ഡിന്റെ അനുവാദം ലഭിക്കുമെന്ന് കാണിച്ച് സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിക്ക് ഉമ്മന്‍ ചാണ്ടി കത്തെഴുതുന്നു. 


സ്വയംഭരണാവകാശമുള്ള സ്ഥാപനമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുവാദം ലഭിക്കുമെന്ന വിവരം മുന്‍കൂട്ടി മുഖ്യമന്ത്രി അറിഞ്ഞത് എങ്ങനെ എന്നതാണ് രാമചന്ദ്രനും പ്രതിപക്ഷവും ഉന്നയിക്കുന്ന ഒരു ചോദ്യം. ഇതിനുള്ള ഉത്തരം ഉമ്മന്‍ ചാണ്ടി ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മൈക്കോണിനെ കണ്‍സല്‍ട്ടന്‍സിയായി വെക്കുകയും പദ്ധതി നടപ്പാക്കുന്നതിന് വിദേശ കമ്പനികളെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. ഈ കമ്പനികള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കിയത് എന്തിനെന്നതാണ് രണ്ടാമത്തെ ചോദ്യം. അഴിമതിക്കുള്ള സാധ്യത രണ്ടിടത്തും തുറന്ന് കിടക്കുന്നുവെന്നത് ആരും സമ്മതിക്കും. ആരോപണം ഉന്നയിക്കുന്നത് ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രിസഭയില്‍ ഇരുന്ന ഒരാളായതുകൊണ്ട് പ്രത്യേകിച്ചും. 


ഈ കരാര്‍ ഒഴിവാക്കിക്കൊണ്ടാണ് 83 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ 2007ല്‍ വി എസ് അച്യുതാനന്ദനന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അപാകങ്ങളുണ്ടെന്ന് കണ്ടതിനാലാകണമല്ലോ കരാര്‍ റദ്ദാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം തങ്ങള്‍ മുന്‍കൈ എടുത്ത് പ്രഖ്യാപിച്ചതല്ലെന്നും സുനില്‍ എന്നയാളുടെ പരാതി പരിഗണിച്ച് കോടതി ഉത്തരവിട്ടതനുസരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്നുമാണ് വി എസ് സര്‍ക്കാറില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എളമരം കരീം പറയുന്നത്. അപാകങ്ങളുണ്ടെന്ന് കണ്ടെത്തി കരാര്‍ റദ്ദാക്കിയ ശേഷവും അന്വേഷണം നടത്തുന്നതില്‍ അന്നത്തെ സര്‍ക്കാറിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. വിജിലന്‍സ് മതിയാകില്ലെന്ന് തോന്നിയതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്ന് സംസ്ഥാന മന്ത്രിസഭ രണ്ട് തവണ ആവശ്യപ്പെട്ടുവെന്നും കരീം വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചില്ല എന്നതിനാല്‍ സി ബി ഐ അന്വേഷണമുണ്ടായില്ലെന്നും. വി എസ് സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടും സി ബി ഐ അന്വേഷണമുണ്ടായില്ലെന്ന വിശ്വാസം ഈ വാദം സൃഷ്ടിക്കുന്നതേയില്ല. ലാവ്‌ലിന്‍ കേസില്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തെ എതിര്‍ക്കുന്ന നിലപാട് സി പി എമ്മും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ടൈറ്റാനിയം കേസില്‍ സി ബി ഐ അന്വേഷണത്തിന് വേണ്ടി സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമായിരുന്നില്ല എന്നതാകണം പരമാര്‍ഥം. 


അഞ്ചാണ്ട് കൂടുമ്പോള്‍ അധികാരം മാറുന്നത് പതിവായത് നയനിലപാടുകളുടെ കാര്യത്തില്‍ മുന്നണികളില്‍ ഏകരൂപമുണ്ടാകാന്‍ കാരണമായിട്ടുണ്ട്. അഴിമതിയുടെയും ക്രമക്കേടുകളുടെയും കാര്യത്തില്‍ പരസ്പരസഹായസഹകരണ മനോഭാവം വളരാനും അഞ്ചാണ്ടില്‍ അധികാരം മാറുന്ന പതിവ് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ സഹായസഹകരണ മനോഭാവം വലിയ തോതില്‍ വളര്‍ന്നിട്ടില്ലെങ്കിലും ഭരണ സംവിധാനത്തില്‍, പ്രത്യേകിച്ച് ഉദ്യോഗസ്ഥരില്‍ അത് സുദൃഢമാണ്. ഇപ്പോള്‍ ആരോപണവിധേയനായ നേതാവ് അടുത്ത തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയോ ഭീതിയോ ഉദ്യോഗസ്ഥരെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ് അഴിമതിക്കേസുകളിലെല്ലാം അന്വേഷണം ഇഴയുന്നത്. നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടുന്നത്. 


2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ടൈറ്റാനിയം പദ്ധതിയിലെ അപാകങ്ങള്‍ ആ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതുവരെ ആരും പരാതികള്‍ നല്‍കിയിരുന്നില്ലെന്നാണ് ഇതിന് ഇളമരം കരീം നല്‍കുന്ന വിശദീകരണം. 2006ല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച ഒരു പരാതി തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ആണയിടുന്നു. ഭാവിയിലെ സാധ്യതകളോ സംഭവിക്കാവുന്ന അപകടങ്ങളോ മുന്‍കൂട്ടിക്കാണുന്ന ഉദ്യോഗസ്ഥരുണ്ടായതു കൊണ്ടാണ് ഈ  പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യവസായ മന്ത്രിയുടെ ഓഫീസില്‍ എത്താതിരുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇത് ഉദ്യോഗസ്ഥരുടെ മാത്രം താത്പര്യമായിരുന്നോ എന്നതിലേ സംശയമുള്ളൂ. 


ഇതെല്ലാം മറികടന്ന് ടൈറ്റാനിയം കേസ് ഇത്രയും ദൂരമെത്തിയ സ്ഥിതിക്ക് പാമോലിന്‍ പോലെ ദശകങ്ങളുടെ യാത്ര ആശംസിക്കാന്‍ മടിക്കേണ്ടതില്ല. അതിനിടയിലൊരിക്കലും യഥാര്‍ഥത്തില്‍ നടന്നത് എന്ത് എന്നതില്‍ വ്യക്തത പ്രതീക്ഷിക്കേണ്ടതുമില്ല. ഇരു മുന്നണികളുടെയും നേതാക്കള്‍ തങ്ങളുടെ ഭാഗം മാത്രം വാദിക്കുകയും ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയും ചെയ്യും. ഇറക്കുമതി ചെയ്ത 62 കോടിയുടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ ആ മാലിന്യം എങ്ങനെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ച് ചര്‍ച്ചകളുണ്ടാകും. അപ്പോഴും സംഗതികളുടെ നിറം കെടാതെ സൂക്ഷിക്കാന്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉത്പാദനം തുടരുന്നുണ്ടാകും. 


റോഡരികില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നതുള്‍പ്പെടെ മുന്‍കാലത്ത് ഉന്നയിക്കപ്പെട്ടതോ പുതുതായി ഉന്നയിക്കപ്പെടാന്‍ പോകുന്നതോ ആയ അഴിമതി ആരോപണങ്ങളുടെ കാര്യത്തിലായാലും സ്ഥിതി ഭിന്നമാകില്ല.  ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് ചക്ക വീണപ്പോള്‍ മുയല്‍ ചത്ത യാദൃച്ഛികത മാത്രമെന്ന് കണക്കാക്കിയാല്‍ മതി. ഒന്നേ ആവശ്യമുള്ളൂ, സംഗതികളുടെ നിറം കെട്ടുപോകരുത്. നിറം കെട്ടാല്‍ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ അധികാരമാറ്റമെന്ന ചാക്രികപ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത ഏറെയാണ്.

1 comment:

  1. രണ്ട് ദിവസം മുൻപ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ സർക്കാർ അന്വേഷികാത്തത് കൊണ്ട് ഈ സർക്കാരും അന്വേഷണം നടത്തുന്നില്ല എന്നാണ്. നമുക്ക് എന്തു വേണം ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ലോ..അല്ലേ

    ReplyDelete