2011-10-27

ശിങ്കങ്ങളാണേ, ഇളവ് വേണം
ശക്തമായ ലോക്പാല്‍ പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ജന്തര്‍ മന്തറിലും പിന്നീട് രാം ലീല മൈതാനത്തും നിരാഹാര സത്യഗ്രഹം നടത്തിയപ്പോള്‍ അതിന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാമുഖ്യം നല്‍കുന്നതില്‍ രാജ്യത്തെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്രക്കപ്പുറത്ത് വലിയതോതില്‍ അറിയപ്പെടാതിരുന്ന അന്നാ ഹസാരെക്ക് ജന്തര്‍ മന്തറിലെ സത്യഗ്രഹത്തോടെ അഭിനവ ഗാന്ധി എന്ന വിശേഷണം ചാര്‍ത്തി നല്‍കി ദേശീയതലത്തില്‍ പരിചയപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. രാംലീലയില്‍ അരങ്ങേറിയ രണ്ടാം വട്ട സത്യഗ്രഹത്തെ ഭ്രാന്തമായ ആവേശത്തോടെ ദേശീയ ദൃശ്യമാധ്യമങ്ങള്‍ സമീപിച്ചു. 


തത്സമയ സംപ്രേഷണം രാംലീലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തിന്റെ ഇതര നഗരങ്ങളില്‍ ഉയര്‍ന്ന പന്തലുകളില്‍ നിന്ന് കൂടി തത്സമയ സംപ്രേഷണമുണ്ടായി. സമരത്തിന് പാന്‍ ഇന്ത്യന്‍ പിന്തുണയുണ്ടെന്ന് ഉറപ്പാക്കും വിധത്തില്‍ വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യം തത്സമയ സംപ്രേഷണത്തില്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചുവെന്ന് മാത്രം. 
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നേരിട്ടുള്ള ഇടപെടല്‍ സമരത്തില്‍ ഉണ്ടായിരുന്നുവെന്നത് കൂടിയാകണം ചില മാധ്യമങ്ങളുടെയെങ്കിലും അമിതമായ ആവേശത്തിന് കാരണമായത്. ദൃശ്യമാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശത്തെ ഒട്ടുംകുറയാതെ പ്രതിഫലിപ്പിച്ചു അച്ചടി മാധ്യമങ്ങള്‍. വിവര സാങ്കേതിക വിദ്യാ മേഖലയിലുള്ളവരുള്‍പ്പെടെ സമുഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ (നഗരവാസികളായ ഇടത്തരക്കാരോ സമ്പന്ന വിഭാഗമോ മാത്രം) അന്നാ ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും രാജ്യത്ത് നടമാടുന്ന അഴിമതിയില്‍ അവര്‍ക്കുള്ള കടുത്ത നിരാശ പ്രകടിപ്പിക്കുന്നതും വിസ്തരിച്ച് പ്രതിപാദിച്ചു അച്ചടി മാധ്യമങ്ങള്‍. അഴിമതിക്കെതിരായ സമരത്തോടുള്ള ആഭിമുഖ്യത്തിനപ്പുറത്ത് അതിന് കാരണമായ രാഷ്ട്രീയ - ഭരണ വ്യവസ്ഥയോടുള്ള കലഹമോ അഴിമതി ഒരു കഴഞ്ച് പോലും സഹിക്കാനാകില്ലെന്ന വികാര പ്രകടനമോ ഒക്കെയാണ് ദേശീയ, പ്രാദേശിക ഭേദമില്ലാതെ അച്ചടി മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. 


ലോക്പാല്‍ ബില്ല് പരിഗണിക്കുന്ന പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികള്‍ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനം ഈ ആവേശത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണ്. മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലായതിനാല്‍ അവയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരരുത് എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികളായി കമ്മിറ്റി മുമ്പാകെ എത്തിയ പ്രസിഡന്റ് ടി എന്‍ നൈനാനും (ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറും) കൂമി കപൂറും (ഇന്ത്യന്‍ എക്‌സ്പ്രസ്) സുരേഷ് ബഫ്‌നയും (നയി ദുനിയ) പറഞ്ഞത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളല്ല മറിച്ച് മാധ്യമ പ്രവര്‍ത്തക സമൂഹത്തില്‍ ഉള്‍പ്പെടുന്ന പത്രാധിപന്‍മാരാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 


മാധ്യമങ്ങളെയും സര്‍ക്കാറിതര സംഘടനകളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പാര്‍ലിമെന്റിലെ ഒരു വിഭാഗം അംഗങ്ങളും ചില സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ശക്തമായ ലോക് പാലിന് വേണ്ടി ഉണ്ണാവ്രതം അനുഷ്ഠിച്ച അന്നാ ഹസാരെയോ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരോ സര്‍ക്കാറിതര സംഘടനകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ചിരുന്നില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സര്‍ക്കാറിതര സംഘടനകളുടെ പേരിലാണ് പലരും ക്രമക്കേടുകള്‍ കാട്ടുന്നത് എന്ന് കിരണ്‍ ബേദിയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് തര്‍ക്കം ഇപ്പോള്‍ മനസ്സിലാക്കിത്തരുന്നു. അതുകൊണ്ടാവണം സര്‍ക്കാറിതര സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അന്നാ സംഘം ഉന്നയിക്കാതിരുന്നത്. ഏതാണ്ട് സമാനമായ നിലപാടാണ് ഇപ്പോള്‍ എഡിറ്റേഴ്‌സ് ഗില്‍ഡും സ്വീകരിക്കുന്നത്. 


മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലുള്ളതാണെന്ന ന്യായമാണ് അവരതിന് മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് മാത്രം. ഇതര മേഖലകളിലെ അഴിമതി മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രശ്‌നമാകുന്നുള്ളൂ. സ്വന്തം കുടുംബത്തില്‍ അഴിമതി നടന്നാല്‍ അത് മറ്റാരും അറിയുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നതില്‍ അവര്‍ക്ക് താത്പര്യമില്ല എന്ന് കരുതേണ്ടിവരും. 


മാധ്യമ സ്ഥാപനങ്ങളെ വ്യവസായം എന്ന നിലക്ക് ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. അതായത് വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒഴിവാക്കി നിര്‍ത്തുക എന്ന് അര്‍ഥം. ഇത് പോലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ചിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ഭാഗമായി നില്‍ക്കേണ്ട പത്രാധിപന്‍മാര്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാടെടുക്കുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്. 


പണം നല്‍കി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച ആരോപണങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തും മറ്റും ഏതെങ്കിലും നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ വാര്‍ത്താ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി പണം വാങ്ങുന്ന രീതി പുറത്ത്  വന്നതോടെയാണ് ഈ ആരോപണം ശക്തമായി ഉയര്‍ന്നത്. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരുകളുമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങുന്നതിലും ഏറെ ഗൗരവമുള്ളതായിരുന്നു ഈ ആരോപണങ്ങള്‍. അഴിമതിക്കോ സ്വജനപക്ഷപാതത്തിനോ വഴിയൊരുക്കാന്‍ പാകത്തില്‍ കുത്തക കമ്പനികള്‍ക്ക് താത്പര്യമുള്ളയാളുകള്‍ക്ക് മന്ത്രി സ്ഥാനം നേടിക്കൊടുക്കാന്‍ നടന്ന ചരട് വലികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കാളികളായി. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുമ്പോള്‍ കുത്തക കമ്പനികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നതിന് നടന്ന അണിയറ നീക്കങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ പങ്കുണ്ടായിരുന്നു. കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമായതുമാണ്. 


ഇത്തരം ഇടപെടലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ താത്പര്യ സംരക്ഷണത്തിനോ വേണ്ടി മാത്രമാണെന്ന് ധരിക്കുന്നത് മൗഢ്യമാകും. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ ടെലികോം ഉള്‍പ്പെടെ ഇതര വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലകളില്‍ കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട ഇടപെടല്‍ മാധ്യമ പ്രവര്‍ത്തകരിലൂടെ നടത്തിയെന്ന് മാത്രം. അതിന് തയ്യാറായതിലൂടെ വ്യക്തിപരമായ നേട്ടങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുമുണ്ടാകും. ഇങ്ങനെ അഴിമതിയുടെ ഉത്പാദകരോ പങ്കാളികളോ ഒക്കെയാണ് ഇന്ത്യയിലെ വിവിധ മാധ്യമ സ്ഥാപനങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയിലാണെന്ന ഒറ്റക്കാരണത്താല്‍ ലോക്പാലിന്റെ പരിധിയില്‍ നിന്ന് നീക്കിനിര്‍ത്തണമെന്ന് പത്രാധിപന്‍മാര്‍ തന്നെ ആവശ്യപ്പെടുന്നത് ആ സമൂഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. 


രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് പൊതു ജനങ്ങളെ ഉദ്ദേശിച്ചാണ്. വിദേശ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും പരോക്ഷമായി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖല എന്നത് ഉടസ്ഥതയില്‍ മാത്രമോ ലാഭ നഷ്ടക്കണക്കുകളിലോ ഒതുങ്ങിനില്‍ക്കുന്നതാണ്. പൊതു താത്പര്യങ്ങളോട് എത്രമാത്രം കാര്യക്ഷമമായി പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉടമസ്ഥതയുടെ നിലനില്‍പ്പ്. ലാഭ നഷ്ടക്കണക്കുകളെ നിര്‍ണയിക്കുന്നതും അതുതന്നെ. മാധ്യമ സ്ഥാപനങ്ങളാകുമ്പോള്‍ ഇതര സ്വകാര്യ മേഖലകളെ അപേക്ഷിച്ച് പൊതു ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നു. കാരണം അവിടെ വിപണം ചെയ്യപ്പെടുന്നത് വിവരങ്ങളോ വാര്‍ത്തകളോ ആണ്, അവയുടെ വിശ്വാസ്യതയാണ്. വിവരങ്ങളിലോ വാര്‍ത്തകളിലോ കൃത്രിമം കാട്ടിയാല്‍ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം ഏറെ വലുതായിരിക്കും. 


അത്തരം കബളിപ്പിക്കലിന്റെ കഥയാണ് പണം സ്വീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവം പറഞ്ഞുതരുന്നത്. ഇത്തരം കബളിപ്പിക്കലുകള്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെ സ്വാധീനിക്കുകയും ഭരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. അതിന്റെ പ്രത്യുപകാരം പിന്നീട് മാധ്യമ സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ലഭിക്കുന്നുണ്ടാകും. അത്തരമൊരു അഴിമതിയുടെ ശൃംഖലയുണ്ടെങ്കില്‍ അത് കൂടി ഇല്ലാതാക്കേണ്ടതുണ്ടെന്ന നിര്‍ബന്ധബുദ്ധി പത്രാധിപന്‍മാര്‍ക്കെങ്കിലും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, മോന്തായം വളഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെ കണ്ടത്. 
രാഷ്ട്രീയ നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ പ്രസിദ്ധീകരിച്ച് പണം വാങ്ങാന്‍ മടിക്കാത്ത മാധ്യമ സ്ഥാപനങ്ങള്‍ കുത്തക കമ്പനികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നേട്ടങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അത്തരം തെറ്റായ വിവരങ്ങളുടെ പ്രസിദ്ധീകരണം ഉപഭോക്താക്കളെ ചതിക്കുഴികളില്‍ കൊണ്ടുചെന്നിത്താക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. 


അഴിമതി എന്ന് വ്യവഹരിക്കപ്പെടാവുന്ന ഇത്തരം സംഗതികള്‍ തടയാന്‍ നിലവില്‍ എന്താണ് സംവിധാനമുള്ളത്. ഉപഭോക്താവിന് വേണമെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിപ്പെടാം. ഏതെങ്കിലും പരാതിയില്‍ കര്‍ക്കശമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ച ചരിത്രമില്ലാത്ത സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍. അതുകൊണ്ട് തന്നെ വ്യവസ്ഥാപിതമായ മറ്റൊരു മാര്‍ഗമുണ്ടാകേണ്ടതുണ്ട്. ആ സാധ്യത പോലും അടക്കുന്ന വിധത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് നലപാടെടുത്തിരിക്കുന്നത്. 


സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് മറ്റുള്ളവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള അര്‍ഹതയുണ്ടാകുമോ? സുതാര്യമായ പ്രവര്‍ത്തനപഥത്തിലാണ് ചരിക്കുന്നതെങ്കില്‍ ഏതെങ്കിലും നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരുന്നതിനെ ഭയക്കുന്നത് എന്തിന്? സ്ഥാപനം നടത്തുന്നവരേക്കാള്‍ ഭയം മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത് എന്തിന്? ഇതിന്റെ ഭാഗമാകാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ ശക്തമായ ലോക് പാലിന് വേണ്ടിയുള്ള സമരത്തിന് ആവശ്യത്തിലധികം പ്രാമുഖ്യം കൊടുത്തത് എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരും. രാംലീലയിലെ സത്യഗ്രഹത്തെ ഉന്മാദത്തോട് അടുത്ത ആവേശത്തോടെ പിന്തുണച്ചതിന് പിറകില്‍ അന്നാ ഹസാരെയുടെ സമരത്തില്‍ സജീവമായിരുന്ന സംഘ് പരിവാറിന്റെ താത്പര്യ സംരക്ഷണം മാത്രമേ ഈ മാധ്യമങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടാകൂ. 'ദേശീയ'മെന്ന വിശേഷണ പദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഹിന്ദുത്വ അംശങ്ങള്‍ ഈ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തുന്ന മാധ്യമങ്ങള്‍ക്കുമുണ്ടാകാതെ വയ്യല്ലോ.