2018-02-02

മോദിയുടെ വങ്കത്തത്തിന് ജെയ്റ്റ്‌ലിയുടെ പിഴ മൂളല്‍


പൊതു തിരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കുകയും ജനപിന്തുണയില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് മനസ്സിലാകുകയും ചെയ്യുന്ന ഘട്ടത്തില്‍ ജനപ്രിയമാകാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുക സ്വാഭാവികം. അതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ കാണുന്നത്. ബി ജെ പിയുടെയും ഇതര സംഘ്പരിവാര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സാമഗ്രികളാക്കാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങള്‍ എന്ന് മാത്രമേ ഇതിനെ അര്‍ഥമാക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിനപ്പുറത്ത് യാഥാര്‍ഥ്യബോധം ഈ നിര്‍ദേശങ്ങളിലുണ്ടെന്ന് കരുതാന്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി തന്നെ വരച്ചിടുന്ന ചിത്രം സമ്മതിക്കുന്നില്ല. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ മറ്റ് ചില യാഥാര്‍ഥ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നുമുണ്ട്, ബജറ്റ് പ്രസംഗത്തില്‍ പ്രത്യക്ഷമായി പരാമര്‍ശിച്ചില്ലെങ്കില്‍പ്പോലും.


ആദ്യം ധനസ്ഥിതി നോക്കാം. നടപ്പ് സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 5.95 ലക്ഷം കോടിയാകുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കണക്ക്. അതായത് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം. കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടത് പോലെ ധനക്കമ്മി കുറക്കാനായിട്ടില്ലെന്ന് ചുരുക്കം. ഈ കണക്ക്, 2017 ഡിസംബര്‍ വരെയുള്ള ചെലവിനെ അധികരിച്ചുള്ളതാണ്. ശേഷിക്കുന്ന മൂന്ന് മാസത്തെ കണക്കുകള്‍ കൂടി എത്തുമ്പോള്‍ ധനക്കമ്മി 3.5 ശതമാനത്തില്‍ നിന്ന് വര്‍ധിക്കാനാണ് സാധ്യത. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സാമ്പ്രദായികരീതി വിട്ടുള്ള മൂലധനച്ചെലവൊന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ധനക്കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം (2018-19) ധനക്കമ്മി 3.3 ശതമാനമാക്കി ചുരുക്കുമെന്നാണ് വാഗ്ദാനം. ഇതിനൊപ്പം പൊതുക്കടം, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനമാക്കി നിജപ്പെടുത്തും. വെറുതെയങ്ങനെ നിജപ്പെടുത്തുകയല്ല, അങ്ങനെ നിജപ്പെടുത്താന്‍ സര്‍ക്കാറിനെ ബാധ്യതപ്പെടുത്തി നിയമം കൊണ്ടുവരുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.


ധനക്കമ്മി 3.3 ശതമാനത്തിലേക്ക് ചുരുക്കുകയും ആകെ കടം ജി ഡി പിയുടെ 40 ശതമാനമാക്കുകയും ചെയ്യുന്നുവെന്നാല്‍ സര്‍ക്കാറിന്റെ ചെലവിടല്‍ ശേഷി കൂടുതല്‍ പരിമിതപ്പെടുന്നുവെന്നാണ് അര്‍ഥം. അങ്ങനെ പരിമിതപ്പെടുത്താന്‍ തയ്യാറുള്ള സര്‍ക്കാര്‍ സാമൂഹിക സുരക്ഷ ലാക്കാക്കി പല കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടാകും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറികിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാനുമുദ്ദേശിച്ചാണ് പ്രഖ്യാപനങ്ങള്‍.


ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കും വിധത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആരോഗ്യ മേഖലയില്‍ ഏറ്റം പ്രധാനം. പത്ത് കോടി ദരിദ്ര കുടുംബങ്ങളിലായി 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ പ്രതിവര്‍ഷം 30,000 രൂപ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് അഞ്ച് ലക്ഷത്തിന്റേതായി മാറ്റുന്നത്. രാജ്യത്താകെയുള്ള ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി വ്യാപിപ്പിക്കാനും രണ്ടും മൂന്നും ഘട്ടത്തിലെ ആരോഗ്യ സംരക്ഷണം ഇന്‍ഷുറന്‍സ് ബന്ധിതമാക്കാനുമാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യമിടുന്നു. എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. നാല് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ഈ രംഗത്ത് നിര്‍ദേശിക്കുന്നത്. 2018 -19ല്‍ 25,000 കോടി രൂപ കാണേണ്ടിവരുമെന്ന് ചുരുക്കം.


ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സാമൂഹിക സംരക്ഷണ പരിപാടികള്‍ എന്നിവക്കാകെ (ബജറ്റിന് പുറമെയുള്ളത് കൂടി ചേര്‍ത്ത്) 1.38 ലക്ഷം കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലക്കാകെ ചെലവായി കണക്കാക്കിയത് 1.22 ലക്ഷം കോടി രൂപയാണ്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപ ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്ന കാലത്തു നിന്ന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്ന കാലത്തേക്ക്, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹിക സംരക്ഷണ പദ്ധതികള്‍ക്കുമായി ആകെ കൂട്ടിയത് 16,000 കോടി രൂപ മാത്രം. സംഘ്പരിവാര പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന മുദ്രാവാക്യമാണോ അതോ ആത്മാര്‍ഥമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ ബജറ്റിലെ പ്രഖ്യാപനമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ബജറ്റില്‍ വിഹിതം നീക്കിവെച്ചിട്ടുള്ളതിനാല്‍ ആവശ്യമനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാനാകുമെന്ന് വാദിച്ച് നില്‍ക്കാനാകും അരുണ്‍ ജെയ്റ്റ്‌ലിക്കും  സംഘ് പ്രവര്‍ത്തകര്‍ക്കും. യാഥാര്‍ഥ്യം ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്.


ഗ്രാമീണ മേഖലയിലുള്ളവരുടെ ഉപജീവനത്തിനും അവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 14.34 ലക്ഷം കോടി രൂപയാണ് ചെലവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലൂടെയും അല്ലാതെയും കിട്ടുന്ന 11.98 ലക്ഷം കോടിയുള്‍പ്പെടെയാണിത്. ഇതുവഴി 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. കൃഷി, സ്വയം തൊഴില്‍ തുടങ്ങിയവ കൂട്ടാതെയാണ് ഇത്രയും തൊഴില്‍ ദിനങ്ങള്‍. ദേശീയ തൊഴിലുറപ്പ്, ഗ്രാമീണ റോഡ് നിര്‍മാണം, ഗ്രാമീണ ഭവന നിര്‍മാണം തുടങ്ങി ഇതിനകം നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ ചേര്‍ത്താകണം ഇത്രയും തുക അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിക്കുന്നത്. തൊഴിലുറപ്പുള്‍പ്പെടെ ഗ്രാമങ്ങളില്‍ നടപ്പാക്കപ്പെടുന്ന വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം കുറഞ്ഞുവരുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ആ നിലക്ക് ഇത്രയും തുക അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമീണ മേഖലയിലേക്ക് എത്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് ചെറുതല്ലാത്ത അബദ്ധമാകും.


അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണമുള്‍പ്പെടെ) 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 4.94 ലക്ഷം കോടി ചെലവിടുമെന്നാണ് കണക്ക്. അടുത്ത സാമ്പത്തിക വര്‍ഷം 5.97 കോടിയായി ഇത് വര്‍ധിപ്പിച്ചിരിക്കുന്നു. ഇതിലൊരു വിഹിതം സ്വാഭാവികമായും ഗ്രാമീണ മേഖലയിലായിരിക്കും. അത് കൂടി കൂട്ടിയാണോ 14.34 ലക്ഷം കോടിയുടെ കണക്ക് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അത് കൂടി ചേര്‍ത്ത കണക്കാണെങ്കില്‍ ബജറ്റിന്റെ സാങ്കേതികതകളിലൂടെ ജനത്തെ സമര്‍ഥമായി കബളിപ്പിക്കുന്നുണ്ട് ജെയ്റ്റ്‌ലി. ആദ്യമായല്ല ഇത് ചെയ്യുന്നത് എന്നതിലും ഇത് ചെയ്യുന്ന ആദ്യത്തെ ധനമന്ത്രിയല്ല എന്നതിലും ആശ്വസിക്കാമെന്ന് മാത്രം.


ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മറ്റൊരു മേഖല, ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങളാണ്. വായ്പ ലഭ്യമാക്കുന്നതിന് 3794 കോടി രൂപ നീക്കിവെച്ചിരിക്കുന്നു ധനമന്ത്രി. ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും വായ്പ നല്‍കുന്നതിനുള്ള മുദ്രാ പദ്ധതിയില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പാ വിതരണം ലക്ഷ്യമിടുകയും ചെയ്യുന്നു. ഇത്തരം വ്യവസായങ്ങളുടെ കടബാധ്യത പരിഗണിക്കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുമെന്നും പ്രഖ്യാപനമുണ്ട്.


കൃഷിക്കുമുണ്ട് വാരിക്കോരിയുള്ള പ്രഖ്യാപനങ്ങള്‍. ഉത്പാദനച്ചെലവിന്റെ അമ്പത് ശതമാനമെങ്കിലും അധികം വില വിളക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് പറയുന്ന ധനമന്ത്രി, താങ്ങുവില പ്രഖ്യാപിച്ച വിളകള്‍ക്കെല്ലാം ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരുത്തിക്കും തുവരക്കും നിലക്കടലക്കുമൊക്കെ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ വില കൊടുത്ത് ഉത്പന്നം കൃത്യസമയത്ത് സംഭരിക്കാന്‍ സാധിക്കാഞ്ഞത്, ആ കര്‍ഷകരെ ഏത് വിധത്തിലാണ് ബാധിച്ചത് എന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍, തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിയിട്ടുണ്ടാകും. കൃത്യസമയത്ത് സംഭരിക്കാന്‍ സംവിധാനമില്ലാതിരിക്കെ, വില പ്രഖ്യാപിച്ചതു കൊണ്ട് മാത്രം ഒന്നുമാകില്ല. വിളയേറ്റെടുക്കുന്ന സ്വകാര്യ കമ്പനികളോ കച്ചവടക്കാരോ അല്‍പ്പം കൂടുതല്‍ തുക നല്‍കിയാല്‍ ആയെന്ന് മാത്രം.


പ്രായോഗികമല്ലാത്ത ഇത്തരം നിര്‍ദേശങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന യാഥാര്‍ഥ്യം, കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ വലിയ തകര്‍ച്ചയിലാണെന്നതാണ്. നോട്ട് നിരോധനവും മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതും ഈ മേഖലകളുടെ നടുവൊടിച്ചുവെന്നത് വസ്തുതകളുടെ അകമ്പടിയോടെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായ മേഖലയില്‍ വലിയ പ്രതിസന്ധിയാണ്, നോട്ട് നിരോധനം സൃഷ്ടിച്ചത്. വലിയൊരളവ് പൂട്ടിപ്പോയി, ബാക്കിയുള്ളവ ഉത്പാദനം പരിമിതപ്പെടുത്തുകയും തൊഴില്‍ ശേഷി കുറക്കുകയും ചെയ്തു. എന്നാല്‍ ഇവ്വിധമൊന്നും സംഭവിച്ചിട്ടില്ലെന്നും നോട്ട് നിരോധവും ജി എസ് ടി നടപ്പാക്കലും സൃഷ്ടിച്ച താത്കാലിക പ്രയാസങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാര തീവ്രമായ ശബ്ദത്തില്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ആവര്‍ത്തനം നടത്തി, മന്ത്രിമാരും സംഘ് നേതാക്കളും പ്രവര്‍ത്തകരും. ബജറ്റില്‍ ഈ മേഖലയെ ഉത്തേജിപ്പിക്കാന്‍ പാകത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ (പ്രാവര്‍ത്തികമാകുമെന്നത് പ്രതീക്ഷ മാത്രം) ഗുരുതരമായ പ്രതിസന്ധി ഈ മേഖല നേരിടുന്നുവെന്ന് വിളിച്ചുപറയുകയാണ്. അതിന്റെ പ്രധാന കാരണം നോട്ട് നിരോധനമല്ലാതെ മറ്റൊന്നല്ല താനും. ആ നിലക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 നവംബര്‍ എട്ടിലെ ചരിത്രപരമായ വങ്കത്തത്തിന് പിഴമൂളുകയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഈ ബജറ്റ്. അതിന്റെ ഭാരം സാധാരണക്കാരുടെ ചുമലില്‍ വെക്കുകയും ചെയ്യുന്നു. പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള ജനപ്രിയതയുടെ ആവരണം അതിനുണ്ടെന്ന് മാത്രം.


മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങി പ്രധാനമന്ത്രി പലകാലത്തായി പ്രഖ്യാപിച്ച 'സ്വപ്‌ന പദ്ധതികളെ'ന്ന് വിശേഷിപ്പിക്കപ്പെട്ടവയുടെ പരാജയത്തെക്കുറിച്ചും സൂചിപ്പിക്കുന്നു ഈ ബജറ്റ്. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇത്തരം കമ്പനികളെ ഇന്ത്യയില്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. തീരുവ ചുമത്തി, കമ്പോളം അപ്രാപ്യമാക്കാതെ മേക്ക് ഇന്ത്യയൊന്നും പച്ചപിടിക്കില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു സര്‍ക്കാര്‍.


250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചുകൊടുത്തും (ഇത്രയും വിറ്റുവരവുള്ള കമ്പനികള്‍ ചെറുകിട - ഇടത്തരം - സുക്ഷ്മ വ്യവസായങ്ങളാണെന്ന് മോദിയും ജെയ്റ്റ്‌ലിയും പറയുന്നു) ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തും മൂലധന ശക്തികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഒപ്പം ജനപ്രിയമെന്ന് പ്രചരിപ്പിക്കാനുള്ള അവസരമുണ്ടാക്കുകയും. അതുകൊണ്ടൊക്കെ ജനപിന്തുണ നിലനിര്‍ത്താനാകുമോ? രാജസ്ഥാനില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, കാല്‍ ചുവട്ടില്‍ നിന്ന് മണ്ണൊലിച്ച് പോകുന്നതിന്റെ വേഗം കൂടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ജനപ്രിയ നിര്‍ദേശങ്ങളിലെ കബളിപ്പിക്കല്‍ ഏറ്റവും പെട്ടെന്ന് തിരിച്ചറിയുക ഗ്രാമീണരാണ്. അവരാണ് രാജ്യ ജനസംഖ്യയില്‍ ഇപ്പോഴും ഭൂരിപക്ഷം.

No comments:

Post a Comment