2011-02-24

വേട്ടക്കാര്‍ക്ക്‌ മുന്‍വിധിയുണ്ടാവുംകുറ്റക്കാരെന്ന്‌ ആരോപിച്ച്‌ ഒമ്പത്‌ വര്‍ഷത്തോളം തടവിലിട്ട 63 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ്‌ ഗോധ്ര സംഭവത്തില്‍ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്‌. ആരോപണവിധേയരായ 31 പേര്‍ കുറ്റക്കാരാണെന്നും കണ്ടെത്തി. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ നിരവധി വര്‍ഷം തടവില്‍ കഴിയേണ്ടിവന്നതിന്‌ എന്ത്‌ നഷ്‌ടപരിഹാരം എന്ന ചോദ്യം മറ്റ്‌ പല കേസുകളിലേതുമെന്നപോലെ ഇവിടെയും ഉയരുന്നു. പല കേസുകളിലും ഈ പ്രശ്‌നം ഉയര്‍ന്നുവെങ്കിലും യുക്തമായ ഒരു പരിഹാര നിര്‍ദേശം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഗോധ്ര കേസില്‍ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെവിട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരമൊന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്ക്‌ വരികയായിരുന്ന സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന്‌ തീവെച്ച്‌ 59 പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ്‌ 31 പേര്‍ കുറ്റക്കാരെന്ന്‌ പ്രത്യേക കോടതി കണ്ടെത്തിയത്‌. കോടതിയുടെ തീരുമാനത്തെക്കുറിച്ച്‌ ശ്രദ്ധേയമായ പ്രതികരണമുണ്ടായത്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജെ എം പഞ്ചലിന്റെ ഭാഗത്തുനിന്നാണ്‌. ഇത്രയും പേര്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ കോടതി വിധിയില്‍ തൃപ്‌തനാണോ എന്ന ചോദ്യത്തിന്‌ കോടതിയുടെ കണ്ടെത്തലില്‍ തൃപ്‌തിയോ അതൃപ്‌തിയോ തോന്നേണ്ട കാര്യമില്ലെന്നായിരുന്നു പഞ്ചലിന്റെ മറുപടി. കോടതി ഉത്തരവ്‌ അംഗീകരിക്കുകയാണ്‌ വേണ്ടതെന്നും പഞ്ചല്‍ പറഞ്ഞു. 63 പേരെ കുറ്റവിമുക്തരാക്കിയ സാഹചര്യം വിധിപ്പകര്‍പ്പ്‌ പരിശോധിച്ച്‌ മനസ്സിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്‌ പ്രോസിക്യൂട്ടറാണെന്നത്‌ കൂടി കണക്കിലെടുക്കുമ്പോഴാണ്‌ പഞ്ചലിന്റെ പ്രതികരണത്തിലെ പക്വത ശ്രദ്ധേയമാകുന്നത്‌. 


മുംബൈ ഭീകരാക്രമണക്കേസില്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ ശരിവെച്ച്‌ ബോംബെ ഹൈക്കോടതിയുടെ വിധിയും കഴിഞ്ഞ ദിവസം വന്നിരുന്നു. ആക്രമണം നടത്താന്‍ സഹായിച്ചുവെന്ന്‌ ആരോപിക്കപ്പെട്ട ഫഹീം അന്‍സാരി, സബാഹുദ്ദീന്‍ അഹമ്മദ്‌ എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തു. വിധി പുറത്തുവന്നയുടന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നികമിന്റെ പ്രതികരണമുണ്ടായി. ഫഹീം അന്‍സാരിക്കും സബാഹുദ്ദീന്‍ അഹമ്മദിനുമെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വേണ്ടവിധത്തില്‍ കോടതി കണക്കിലെടുത്തില്ലെന്നും വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും നികം പറഞ്ഞു. ഇവരെ കുറ്റവിമുക്തരാക്കിയത്‌ ശരിവെക്കാന്‍ ബോംബെ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ വിധിപ്പകര്‍പ്പ്‌ പരിശോധിച്ച്‌ കണ്ടെത്താനൊന്നും നികം മിനക്കെടുന്നില്ല. ഫഹീം അന്‍സാരിയെയും സബാഹുദ്ദീന്‍ അഹമ്മദിനെയും ഏത്‌ വിധേനയും ശിക്ഷിപ്പിക്കുക എന്നത്‌ അനിവാര്യമാണെന്ന നിലപാടിലാണ്‌ ഇവിടെ പ്രോസിക്യൂട്ടര്‍. ഇതൊരു തരം വേട്ടയാടലിന്റെ ഭാഗമാണ്‌. 


ഇതേ വേട്ട ഗുജറാത്ത്‌ പോലീസ്‌ നടത്തിയതിന്റെ ഫലമാണ്‌ 63 പേരുടെ വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവ്‌. ഗോധ്ര തീവെപ്പിലെ മുഖ്യ സൂത്രധാരനെന്ന്‌ ആദ്യം ഗുജറാത്ത്‌ പോലീസും പിന്നീട്‌ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (സി ബി ഐയുടെ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കുന്ന സംഘം) ആരോപിച്ചത്‌ മൗലവി ഉമര്‍ജിയെയായിരുന്നു. ഇദ്ദേഹത്തിനെതിരെ യാതൊരു തെളിവുമില്ലെന്ന്‌ പ്രത്യേക കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പിന്നെ എന്തുകൊണ്ടാണ്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന്‌ ആരോപിച്ചത്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതല്ലേ? മനഃപൂര്‍വം കേസില്‍ കുടുക്കിയിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടേണ്ടതുമല്ലേ? 


സംഭവം നടന്നതിന്‌ സമീപത്തെ മുസ്‌ലിം പള്ളിയിലെ ലൗഡ്‌ സ്‌പീക്കറുപയോഗിച്ച്‌ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന്‌ പോലീസ്‌ ആരോപിച്ചിരുന്നു. അത്‌ ശരിയല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മൗലാന അബ്‌ദുല്ല അബ്‌ദുല്ല എന്നയാളാണ്‌ പള്ളിയിലെ ലൗഡ്‌ സ്‌പീക്കറിലൂടെ സംസാരിച്ചതെന്നും പോലീസ്‌ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന 2002 ഫെബ്രുവരി 27ന്‌ അബ്‌ദുല്ല അബ്‌ദുല്ല വിദേശത്തായിരുന്നുവെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്‌ വെറുതെയല്ല. സബര്‍മതി എക്‌സ്‌പ്രസ്സില്‍ സഞ്ചരിച്ചിരുന്ന കര്‍സേവകരെ ആക്രമിച്ച്‌ കൂട്ടക്കൊല ചെയ്യാന്‍ മുസ്‌ലിംകള്‍ സംഘടിതമായി ശ്രമിച്ചുവെന്ന്‌ വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സബര്‍മതി എക്‌സ്‌പ്രസില്‍ കൊല്ലപ്പെട്ടവരെല്ലാം കര്‍സേവകരാണെന്നാണ്‌ പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്നത്‌. സ്‌ത്രീകളും കുട്ടികളുമടക്കം 59 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരില്‍ അയോധ്യയില്‍ നിന്ന്‌ മടങ്ങുകയായിരുന്ന കര്‍സേവകരുമുണ്ടായിട്ടുണ്ടാകും. സ്‌ത്രീകള്‍ കര്‍സേവികമാരായിരുന്നുവെന്ന്‌ വിശ്വസിക്കുക. കുട്ടികളോ? കൊല്ലപ്പെട്ടവരെ മുഴുവന്‍ കര്‍സേവകരാക്കി മാറ്റുന്നതും ആക്രമണം നടത്താന്‍ മുസ്‌ലിം പള്ളിയിലെ ലൗഡ്‌ സ്‌പീക്കറിലൂടെ ആഹ്വാനം നല്‍കിയെന്ന്‌ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തതും തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ ബലമേകാന്‍ മാത്രമാണെന്ന്‌ കരുതേണ്ടിവരും.

സബര്‍മതി എക്‌സ്‌പ്രസിന്‌ നേര്‍ക്കുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന്‌ പ്രത്യേക കോടതി വ്യക്തമാക്കുന്നുണ്ട്‌. 2002 ഫെബ്രുവരി 26ന്‌ നടന്ന ഗൂഢാലോചനയില്‍ സലീം പാന്‍വാല അടക്കം നാല്‌ പേര്‍ പങ്കെടുത്തുവെന്നാണ്‌ കോടതി പറയുന്നത്‌. ഗൂഢാലോചനയെക്കുറിച്ചും തുടര്‍ന്ന്‌ നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചും അറിയാമായിരുന്നുവെന്ന്‌ ജാബിര്‍ ബെഹ്‌റ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ ഗുഢാലോചന നടന്നുവെന്ന്‌ കോടതി സ്ഥിരീകരിക്കുന്നത്‌. ഈ കേസില്‍ പോട്ട (പ്രിവന്‍ഷന്‍ ഓഫ്‌ ടെററിസം ആക്‌ട്‌) നേരത്തെ ചുമത്തിയിരുന്നു. പുനരവലോകന സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച്‌ പോട്ട പ്രകാരം കുറ്റം ചുമത്തുന്നത്‌ ഗുജറാത്ത്‌ ഹൈക്കോടതി പിന്നീട്‌ റദ്ദാക്കി. പോട്ട പ്രകാരം ജാബിര്‍ ബെഹ്‌റ നല്‍കിയ മൊഴിയാണ്‌ കോടതി സ്വീകരിച്ചിരിക്കുന്നത്‌. പോട്ട അനുസരിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നല്‍കുന്ന കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാം. ഇത്തരമൊരു കേസില്‍ ഗുജറാത്ത്‌ പോലീസിലെ ഉദ്യോഗസ്ഥര്‍ ഏത്‌ വിധത്തിലാകും കുറ്റസമ്മത മൊഴി സമ്പാദിച്ചിട്ടുണ്ടാകുക എന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. പോട്ട പിന്നീട്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവിലില്ലാത്ത നിയമമനുസരിച്ച്‌ എടുത്ത മൊഴി എങ്ങനെയാണ്‌ കോടതി തെളിവായി സ്വീകരിക്കുക എന്ന ചോദ്യം അപ്പീല്‍ വേളയിലും മറ്റും ഉന്നയിക്കപ്പെടുമെന്നുറപ്പ്‌.

ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന്‌ വഴിമരുന്നിട്ട ഗോധ്ര തീവെപ്പ്‌ എന്നാണ്‌ പൊതുവിലുള്ള മറ്റൊരു പ്രയോഗം. ഗുജറാത്തിലെ വംശഹത്യക്ക്‌ വഴിമരുന്നിട്ടത്‌ ഈ തീവെപ്പ്‌ മാത്രമാണോ? ഗോധ്രയില്‍ മരിച്ചവരുടെ മൃതദേഹം അഹമ്മദാബാദില്‍ പൊതുദര്‍ശനത്തിന്‌ വെച്ച്‌ വര്‍ഗീയ വികാരം ഇളക്കിവിട്ടവരും പോലീസിനെ നിഷ്‌ക്രിയമാക്കുകയോ അക്രമികള്‍ക്ക്‌ സഹായം നല്‍കും വിധത്തില്‍ ഉപയോഗിക്കുകയോ ചെയ്‌തവരും വംശഹത്യയില്‍ യാതൊരു പങ്കും വഹിച്ചില്ല എന്ന തോന്നലാണ്‌ ഈ വഴിമരുന്നിടല്‍ പ്രയോഗം സൃഷ്‌ടിക്കുന്നത്‌. ഒരു മാസത്തിലധികം നീണ്ട കൊല, ബലാത്സംഗം, കൊള്ളിവെപ്പ്‌, കൊള്ള എന്നിവയെല്ലാം ഗോധ്ര സംഭവത്തിന്റെ പേരില്‍ ന്യായീകരിക്കാവുന്നതാണെന്ന ധാരണ ഈ വഴിമരുന്നിടല്‍ പ്രയോഗക്കാരുടെ മനസ്സില്‍ ഉണ്ടെന്നു തന്നെ കരുതണം. അവരുടെ മനസ്സില്‍ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലും ഇതേ ധാരണയുണ്ടാകണം. അതുകൊണ്ടാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ വംശഹത്യയിലുള്ള പങ്ക്‌ സൂചിപ്പിക്കുന്ന പ്രധാന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ശേഷവും ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന്‌ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബോധിപ്പിച്ചത്‌.

വംശഹത്യ ആരംഭിക്കുന്ന സമയത്ത്‌ രണ്ട്‌ മന്ത്രിമാരെ പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ നിയോഗിച്ചതില്‍ തുടങ്ങി വംശഹത്യാ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ സംഘ്‌ പരിവാര്‍ അഭിഭാഷകരെ നിയോഗിച്ചതില്‍ വരെ എത്തി നില്‍ക്കുന്ന മോഡി ചരിതമാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്‌. എന്നിട്ടും നരേന്ദ്ര മോഡിയുടെ പങ്കാളിത്തത്തെക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ല എന്നാണ്‌ പ്രത്യേക സംഘത്തിന്റെ നിലപാട്‌. ഗോധ്ര സംഭവത്തില്‍ 63 പേരെ കുറ്റവിമുക്തരാക്കിയത്‌ ചോദ്യം ചെയ്‌ത്‌ അപ്പീല്‍ നല്‍കുമെന്ന്‌ പ്രത്യേക സംഘം വ്യക്തമാക്കിയിട്ടുണ്ട്‌. നിയമപരമായി വേണ്ടതുതന്നെയാണ്‌ ഈ നടപടി. എന്നാല്‍, ഇതേ ശുഷ്‌കാന്തി നരേന്ദ്ര മോഡിയുടെയും മറ്റ്‌ ഉന്നതരുടെയും കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ്‌ വൈരുധ്യം. വേട്ടമൃഗങ്ങളെ സംബന്ധിച്ച്‌ മുന്‍ധാരണയുണ്ടെന്ന്‌ തന്നെ കരുതേണ്ടിവരും. 


ഫഹീം അന്‍സാരിയും സബാഹുദ്ദീന്‍ അഹമ്മദും വരച്ചു തയ്യാറാക്കി നേപ്പാളില്‍വെച്ച്‌ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറിയ മുംബൈയുടെ മാപ്പ്‌ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്‌മാഈലിന്റെ പോക്കറ്റില്‍ നിന്ന്‌ കണ്ടെത്തിയെന്ന്‌ വാദിച്ച്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഉജ്ജ്വല്‍ നികമിന്റെ മനസ്സിലും ഇതേ വികാരം തന്നെയാകണം. ഈ വാദം രണ്ട്‌ കോടതികള്‍ തള്ളിക്കളഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്‌തമിച്ചിട്ടില്ല. മുംബൈ ആക്രമണത്തില്‍ ഇന്ത്യക്കാരായ രണ്ട്‌ മുസ്‌ലിംകള്‍ പങ്കാളികളായെന്ന്‌ സമര്‍ഥിച്ചെടുക്കേണ്ടത്‌ പ്രോസിക്യൂഷന്‍ ദൗത്യം മാത്രമായല്ല നികം കാണുന്നത്‌ എന്ന്‌ വ്യക്തം. ഇത്‌ സമര്‍ഥിക്കപ്പെടുന്നതിലൂടെ തീവ്ര ഹിന്ദുത്വവാദികള്‍ക്ക്‌ ലഭിക്കാന്‍ ഇടയുള്ള രാഷ്‌ട്രീയ മേല്‍ക്കൈ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകണം. പ്രത്യേകിച്ച്‌ ഹിന്ദുത്വ ഭീകര ശൃംഖലകളെക്കുറിച്ചുള്ള കുറ്റസമ്മത മൊഴികള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍.

59 പേര്‍ വെന്തുമരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ക്ക്‌ ശിക്ഷ ലഭിക്കണം. ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കപ്പെട്ടതാണ്‌ ആ സംഭവമെങ്കില്‍ അതിന്‌ അര്‍ഹമായ ശിക്ഷയാകണം നല്‍കേണ്ടതും. പക്ഷേ, അതില്‍പ്പോലും വെള്ളം ചേര്‍ത്ത്‌ വര്‍ഗീയ, രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ 63 പേര്‍ ജയിലിന്‌ പുറത്തെത്തുമ്പോള്‍ ഉയരുന്നത്‌. നരേന്ദ്ര മോഡിയുടെ പങ്ക്‌ സംബന്ധിച്ച വലിയ സംശയങ്ങള്‍ ഉയര്‍ത്തിയ ശേഷം അന്വേഷണം തുടരേണ്ടതില്ല എന്ന്‌ റിപ്പോര്‍ട്ടില്‍ എഴുതിവെക്കുമ്പോഴും ഉയരുന്ന ചോദ്യം മറ്റൊന്നല്ല. ഫഹീം അന്‍സാരിയെയും സബാഹുദ്ദീന്‍ അഹമ്മദിനെയും വിട്ടയച്ചത്‌ ശരിവെക്കപ്പെടുമ്പോള്‍ തങ്ങളുടെ തെളിവുകള്‍ വേണ്ടവിധത്തില്‍ കോടതി പരിഗണിച്ചില്ല എന്ന പ്രോസിക്യൂട്ടറുടെ പൊടുന്നനെയുള്ള പ്രതികരണവും സമാനമായ ചോദ്യം ഉയര്‍ത്തും.
നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലിനുള്ളില്‍ അടക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ നീതിന്യായ സംവിധാനവും ഭരണകൂടവും അടിയന്തരമായി ആലോചിക്കേണ്ടതിന്റെ ആവശ്യകത ഗോധ്ര കേസിലെ വിധി ആവര്‍ത്തിച്ചുറപ്പിക്കുന്നുമുണ്ട്‌. ഇത്തരം കേസുകളില്‍ ആരോപണവിധേയരാകുന്നവരെ കോടതികള്‍ കുറ്റവിമുക്തരാക്കിയാലും ദുഷ്‌പേര്‌ തുടരും. സമൂഹത്തില്‍ അവരുടെ സ്ഥാനം എപ്പോഴും സംശയിക്കപ്പെടും. ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ നീതിനിര്‍വഹണം സുതാര്യവും കുറ്റമറ്റതുമാകണം. അത്‌ സാധിക്കണമെങ്കില്‍ നീതിനിര്‍വഹണത്തിന്റെ സമസ്‌ത മേഖലകളിലും മാറ്റം അനിവാര്യമാണുതാനും. നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ അസാധ്യവും അപ്രാപ്യവുമായ ആശയം.