2011-03-01

സബ്‌സിഡിക്കാരനെന്ന പുതിയ ജാതിബജറ്റ്‌ എന്നത്‌ കേവലം കണക്കുകള്‍ക്ക്‌ അപ്പുറത്ത്‌ ധനകാര്യ പ്രസ്‌താവന കൂടിയാണ്‌. ആ നിലക്ക്‌ ബജറ്റിന്റെ ആഘാതം (നല്ല അര്‍ഥത്തിലും മോശം അര്‍ഥത്തിലും) അത്‌ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. രണ്ടാം യു പി എ സര്‍ക്കാറിന്റെ റെയില്‍, പൊതു ബജറ്റുകള്‍ ഇതുവരെ അവതരിപ്പിച്ചത്‌ പശ്ചിമ ബംഗാളുകാരാണ്‌. മമതാ ബാനര്‍ജിയും പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും. റെയില്‍ ബജറ്റുകള്‍ ലോക്‌സഭയില്‍ വലിയ ബഹളത്തിനും മമതയുടെ രൂക്ഷമായ പ്രതികരണത്തിനും വഴിവെച്ചു. എന്നാല്‍ പ്രണാബിന്റെ ബജറ്റുകള്‍ ഇത്തരം യാതൊരു ഇളക്കത്തിനും കാരണമായിരുന്നില്ല. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. മുതിര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും ലോകത്തെ തന്നെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന ഖ്യാതി 1984ല്‍ തന്നെ നേടിയെടുത്ത വ്യക്തി എന്ന നിലക്കും അദ്ദേഹത്തിനുള്ള കൈയടക്കമാണ്‌ ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്‌ കാര്യങ്ങള്‍ അച്ചടക്കത്തോടെ അവതരിപ്പിക്കാനും ആശങ്കക്ക്‌ വഴിവെച്ചേക്കാവുന്ന കാര്യങ്ങളെ പരമാവധി മധുരം പുരട്ടി നല്‍കാനും അദ്ദേഹത്തിന്‌ കഴിയുന്നുവെന്നതാണ്‌.
]

കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച അതേ നയം തുടര്‍ന്നിട്ടുണ്ട്‌ ഇക്കുറിയും. ഗ്രാമീണ തൊഴിലുറപ്പ്‌, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള ബഹുമുഖ പദ്ധതിയായ ഭാരത്‌ നിര്‍മാണ്‍ തുടങ്ങിയ പദ്ധതികള്‍ക്ക്‌ കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്‌. ഗ്രാമീണ ഭവന നിര്‍മാണത്തിന്‌ മൂവായിരം കോടി അനുവദിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മാണത്തിന്‌ പുതിയ ഫണ്ട്‌ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. പിന്നാക്ക മേഖലകള്‍ക്ക്‌ 10,000ത്തോളം കോടി രൂപ നീക്കിവെച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചു എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ജനപ്രിയമെന്ന്‌ തോന്നാവുന്ന നിരവധി പ്രഖ്യാപനങ്ങള്‍. പ്രത്യക്ഷ നികുതി പരിഷ്‌കരണം അടുത്ത 2012 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നു, ചരക്ക്‌, സേവന നികുതി സമ്പ്രദായം രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്നു എന്നിവ കണക്കിലെടുത്ത്‌ നികുതി മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്ക്‌ ബജറ്റില്‍ ശ്രമിച്ചിട്ടില്ല. 


മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി എക്‌സൈസ്‌ തീരുവ ഇളവ്‌ നല്‍കിയിരുന്ന 130 ഉത്‌പന്നങ്ങളെ വീണ്ടും നികുതി പരിധിയില്‍ കൊണ്ടുവന്ന്‌ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. സേവന മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇവയൊഴിച്ചാല്‍ ജനങ്ങളെ നേരിട്ട്‌ ബാധിക്കുംവിധത്തില്‍ നികുതി വര്‍ധനയുണ്ടെന്ന്‌ പറയാനും സാധിക്കില്ല. ആദായ നികുതി പരിധിയില്‍ പുരുഷന്‍മാര്‍ക്ക്‌ 20,000 രൂപയുടെ വര്‍ധനയുണ്ട്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ രണ്ടര ലക്ഷം രൂപ വരെ നികുതിയില്ല. നേരത്തെ 65 വയസ്സുള്ളവര്‍ക്കായിരുന്നു ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്‌. ഇനിമുതല്‍ അത്‌ 60 വയസ്സുള്ളവര്‍ക്ക്‌ വരെ ലഭിക്കും. ഇത്‌ കണക്കാക്കുമ്പോഴും ബജറ്റ്‌ ജനപ്രിയം തന്നെ.

ഈ ജനപ്രിയ മധുരത്തില്‍ പൊതിഞ്ഞ്‌ ചിലത്‌ പ്രണാബ്‌ പ്രഖ്യാപിച്ചു. അതാകും ഈ ധനകാര്യ പ്രസ്‌താവനയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഘാതത്തെ നിശ്ചയിക്കുക. അതില്‍ ഏറ്റവും പ്രധാനം പാചക വാതകം, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡി ഉപഭോക്താവിന്‌ നേരിട്ട്‌ നല്‍കുന്ന സമ്പ്രദായം 2012 മാര്‍ച്ച്‌ മുതല്‍ ആരംഭിക്കുമെന്നതാണ്‌. നിലവില്‍ രാജ്യത്ത്‌ നേരിട്ട്‌ സബ്‌സിഡി നല്‍കുന്ന സമ്പ്രദായമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെയുള്ള പൊതു വിതരണ ശൃംഖലയിലൂടെയാണ്‌ മണ്ണെണ്ണ വിതരണം ചെയ്യുന്നത്‌. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണ ശൃംഖലക്ക്‌ കൈമാറും. 


പാചക വാതകത്തിനുള്ള സബ്‌സിഡി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ്‌ നല്‍കുന്നത്‌. അവര്‍ സബ്‌സിഡി നിരക്കില്‍ വാതക സിലിന്‍ഡറുകള്‍ വിതരണം ചെയ്യും. വളം സബ്‌സിഡി പൊതുമേഖലാ കമ്പനികള്‍ക്കാണ്‌ നല്‍കുന്നത്‌. കുറഞ്ഞ നിരക്കില്‍ കമ്പനികളില്‍ നിന്ന്‌ കര്‍ഷകന്‌ വളം വാങ്ങാനാകും. നേരിട്ടുള്ള സബ്‌സിഡി എന്ന സമ്പ്രദായത്തിലേക്ക്‌ മാറുമ്പോള്‍ ഗുണഭോക്താക്കള്‍ ആരൊക്കെ എന്ന്‌ നിശ്ചയിക്കേണ്ടതുണ്ട്‌. അതിന്‌ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കും. അതായത്‌ നേരിട്ടുള്ള സബ്‌സിഡി എന്ന സമ്പ്രദായത്തിലേക്ക്‌ മാറുമ്പോള്‍ സബ്‌സിഡി കര്‍ശനമായി പരിമിതപ്പെടുമെന്ന്‌ അര്‍ഥം. ഗുണഭോക്താവിന്‌ സബ്‌സിഡിപ്പണം നേരിട്ട്‌ നല്‍കുമ്പോള്‍ അയാള്‍ക്ക്‌ എവിടെ നിന്ന്‌ വേണമെങ്കിലും ഉത്‌പന്നം വാങ്ങാനാകും. അതായത്‌ ഇപ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ ലഭിക്കുന്ന സബ്‌സിഡിയുടെ പ്രയോജനം ഭാവിയില്‍ പാചകവാതക, മണ്ണെണ്ണ വിതരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്‌ കൂടിയാകും. ഒരു ഭാഗത്ത്‌ സബ്‌സിഡി പരിമിതപ്പെടുത്തുകയും മറുഭാഗത്ത്‌ അതിന്റെ പ്രയോജനം സ്വകാര്യ കമ്പനികള്‍ക്ക്‌ കൂടി വീതിച്ചു നല്‍കുകയുമാകും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുക.

ഗുണഭോക്താക്കളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതും പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടും. യൂനീഖ്‌ ഐഡന്റിറ്റി നമ്പര്‍ (ആധാര്‍) പോലുള്ളവയുടെ അടിസ്ഥാനത്തിലാകും ഗുണഭോക്താവിനെ നിശ്ചയിക്കുക. ആധാറിനായി വിവരങ്ങള്‍ ശേഖരിക്കപ്പെടുമ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ള ഒരാള്‍ പിന്നീട്‌ മോശം അവസ്ഥയിലേക്ക്‌ വന്നാലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സബ്‌സിഡി വാങ്ങുന്നവര്‍ എന്നൊരു പുതിയ ജാതി സൃഷ്‌ടിക്കപ്പെടുമെന്നതാണ്‌ സാമൂഹികമായ പ്രത്യാഘാതം. പൊതു വിതരണ ശൃംഖലയിലൂടെ സബ്‌സിഡിയുള്ള വസ്‌തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ അത്‌ പൊതുസമൂഹത്തെയാകെ ലക്ഷ്യമിട്ടാണ്‌. (ഇപ്പോള്‍ ദാരിദ്ര്യരേഖക്ക്‌ മുകളില്‍, താഴെ എന്ന ഭിന്നതയുണ്ടെങ്കിലും) ഇതില്‍ നിന്ന്‌ മാറി നേരിട്ടാകുമ്പോള്‍ സബ്‌സിഡി വാങ്ങുന്നവനെന്ന അപകര്‍ഷതാബോധം ശക്തമാകും. യാത്രാ നിരക്കില്‍ ഇളവ്‌ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സ്വകാര്യ ബസുകളില്‍ സീറ്റിന്‌ അര്‍ഹതയില്ലെന്ന അലിഖിത ചട്ടം പലേടത്തും നടപ്പാകുന്നുണ്ട്‌. ഇതിന്റെ വിശാലമായൊരു രൂപം ആലോചിച്ചു നോക്കുക.

സബ്‌സിഡിക്കാരനെന്ന `തൊട്ടുകൂടാത്തവന്റെ' സൃഷ്‌ടിക്ക്‌ തുടക്കമാകുകയാണ്‌ 2012 മാര്‍ച്ചില്‍. അമേരിക്കയിലും മറ്റും നേരിട്ടുള്ള സബ്‌സിഡിയാണ്‌ പ്രാബല്യത്തിലുള്ളത്‌. അവിടെ അതിന്റെ ഗുണഭോക്താക്കളിലേറെയും ആഫ്രിക്കന്‍ വംശജരോ വെള്ളക്കാരല്ലാത്തവരോ ആണ്‌. ഇവരില്‍ ഭൂരിഭാഗവും ചേരിനിവാസികളോ മാലിന്യ നിര്‍ഗമന കുഴലുകളില്‍ ജീവിക്കുന്നവരോ ആണുതാനും. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള വിവിധ പദ്ധതികളുടെ ആനുകൂല്യം ഒരേ ആളുകള്‍ തന്നെ അനുഭവിക്കുന്നത്‌ ഇല്ലാതാക്കണമെന്നും സബ്‌സിഡികള്‍ യഥാര്‍ഥ ഗുണഭോക്താവിലെത്തുന്നുവെന്ന്‌ ഉറപ്പാക്കണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്‌ നേരിട്ടുള്ള സബ്‌സിഡി സമ്പ്രദായം. ഇപ്പോള്‍ പാചകവാതകം, മണ്ണെണ്ണ, വളം എന്നിവയില്‍ തുടങ്ങുന്നു. നാളെ അരി, ഗോതമ്പ്‌, ഡീസല്‍ തുടങ്ങി എല്ലാറ്റിലേക്കും വ്യാപിപ്പിക്കും. ഉയര്‍ന്ന വില നല്‍കി ഇവ വാങ്ങുന്നവന്‌ സമൂഹത്തില്‍ പുതിയൊരു അന്തസ്സ്‌ സൃഷ്‌ടിക്കപ്പെടും. ജന്മിത്വത്തിന്റെ കാലങ്ങളില്‍ സര്‍ക്കാറിലേക്ക്‌ നികുതിയൊടുക്കിയിരുന്നവര്‍ക്ക്‌ ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങളെപ്പോലെ. നേരിട്ടുള്ള സബ്‌സിഡി വ്യാപകമാകുന്നതോടെ പൊതുവിതരണ ശൃംഖല എന്നത്‌ ഇല്ലാതാകും. ബജറ്റ്‌ പ്രസംഗത്തില്‍ പൊതു വിതരണ ശൃംഖലയെന്ന്‌ ഒരിക്കല്‍ പോലും പ്രണാബ്‌ മുഖര്‍ജി പറയാതിരുന്നതിന്റെ കാരണം ഇതാണ്‌.

ഓഹരി വിറ്റൊഴിക്കലിലൂടെ 40,000 കോടി രൂപ 2011-12 സാമ്പത്തിക വര്‍ഷത്തിലും സമാഹരിക്കുന്നുണ്ട്‌. പൊതു സ്വത്തുക്കള്‍ സ്വകാര്യവത്‌കരിക്കുന്ന നയം തുടരുമെന്ന്‌ അര്‍ഥം. ബേങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌, പെന്‍ഷന്‍ ഫണ്ട്‌ എന്നിവയുടെ കാര്യത്തിലെല്ലാം പരിഷ്‌കാരം ലക്ഷ്യമിട്ട്‌ നിയമ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മേഖലയിലെല്ലാം വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ ഫണ്ട്‌ ഓഹരി വിപണി പോലുള്ളവയില്‍ നിക്ഷേപിക്കാന്‍ അനുവാദം നല്‍കുകയുമൊക്കെയാകും ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിധിയിലേക്ക്‌ പരോക്ഷ വിദേശ നിക്ഷേപം സ്വാഗതം ചെയ്യും. ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ഇന്ത്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്‌തപ്പോള്‍ പ്രഖ്യാപിച്ചതിനെ ഇവിടെ ചേര്‍ത്തു വായിക്കണം.

ഭക്ഷ്യവസ്‌തുക്കളുള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം ആശങ്കാജനകമാണെന്ന്‌ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന്‌ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ഒന്നുമുണ്ടായില്ല. ആഫ്രിക്കന്‍, അറബ്‌ രാജ്യങ്ങളിലെ കലുഷിതമായ രാഷ്‌ട്രീയ കാലാവസ്ഥ എണ്ണവില കുറച്ച്‌ കാലത്തേക്കെങ്കിലും ക്രമാതീതമായി ഉയര്‍ന്ന്‌ നില്‍ക്കാന്‍ കാരണമാകുമെന്ന ശങ്ക ശക്തമാണ്‌. ഇത്‌ കണക്കിലെടുത്തിട്ടുപോലുമില്ല ധനമന്ത്രി. വിപണിയിലെ പണത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കുന്നത്‌ പോലുള്ള സാമ്പത്തിക നടപടികളിലൂടെ (റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കിലെ മാറ്റവും മറ്റും) വിലക്കയറ്റം നിയന്ത്രിച്ച്‌ നിര്‍ത്താനാകും ശ്രമിക്കുക എന്ന്‌ വ്യക്തം. ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനം സര്‍വകാല റെക്കോര്‍ഡിലെത്തുകയും സംഭരണകേന്ദ്രങ്ങളില്‍ ഉത്‌പന്നം കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലും വിലക്കയറ്റമുണ്ടാകുന്നുവെന്ന വൈരുധ്യമാണ്‌ നിലനില്‍ക്കുന്നത്‌. ഇക്കാര്യം ബജറ്റ്‌ പ്രസംഗത്തില്‍ മുഖര്‍ജി ചൂണ്ടിക്കാട്ടുകയും ചെയ്‌തു. എന്നിട്ടും ഈ സ്ഥിതി ഒഴിവാക്കുന്നതിന്‌ നടപടിയൊന്നുമില്ല. ഈ വൈരുധ്യത്തിന്റെ പ്രധാന കാരണം അവധി വ്യാപാരം നിലനില്‍ക്കുന്നുവെന്നതാണ്‌. അതിന്‌ കടിഞ്ഞാണിട്ടാല്‍ ചെന്നുകൊള്ളുക റിലയന്‍സ്‌ പോലുള്ള വന്‍കിടക്കാരുടെ ദേഹത്താണ്‌. അതിന്‌ മിനക്കെടാന്‍ പ്രണാബിന്‌ തത്‌കാലം ധൈര്യമുണ്ടാകില്ല തന്നെ.

ഇതൊക്കെയാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സാമ്പത്തിക ഉത്തേജക പാക്കേജ്‌ പൂര്‍ണമായി പിന്‍വലിച്ച്‌ സ്വകാര്യ കമ്പനികളുടെ സൗകര്യം ഇല്ലാതാക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ധനക്കമ്മിയും വരുമാനക്കമ്മിയും കുറയുമെന്നാണ്‌ കണക്കുകളിലെ പ്രതീക്ഷ. അതും മികച്ച സമ്പദ്‌വ്യവസ്ഥയുടെ സൂചകമാണ്‌. വളര്‍ച്ചാ നിരക്ക്‌ രണ്ടക്കത്തിലേക്ക്‌ നീങ്ങുകയും മറ്റ്‌ സാമ്പത്തിക സൂചകങ്ങള്‍ വിയര്‍പ്പൊഴുകാത്ത സുന്ദരമുഖം നല്‍കുകയും ചെയ്യുമ്പോള്‍ പുറത്തേക്ക്‌ തള്ളപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന്‌ ഉറപ്പാണ്‌. ഭാവിയില്‍ ഇപ്പോഴത്തെ ഇടത്തരക്കാരൊക്കെ ദരിദ്രരായി മാറും. അവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃപട്ടികയില്‍ ഇടം കിട്ടുകയുമില്ല. ഇവര്‍ക്കൊന്നും വേണ്ടിയല്ല ഭരണവും ബജറ്റുമെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്‌.