2011-03-24

ഹസന്‍ അലി ഖാന്റെ ഡയറി



ആഫ്രിക്കാ ഭൂഖണ്ഡത്തിന്റെ തെക്കു കിഴക്കന്‍ തീരത്താണ്‌ മൗറീഷ്യസ്‌ എന്ന ദ്വീപ്‌ രാഷ്‌ട്രം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക്‌ പടിഞ്ഞാറും. വിനോദ സഞ്ചാരത്തിന്‌ കേള്‍വി കേട്ട നാട്‌. ഹിന്ദി, തമിഴ്‌ ചലച്ചിത്ര വ്യവസായം ഏറെ ആശ്രയിക്കുന്നുണ്ട്‌ ഈ സ്ഥലത്തെ. ഇത്‌ മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച്‌ മൗറീഷ്യസിനുള്ള സ്ഥാനം. ഇന്ത്യയിലേക്ക്‌ നേരിട്ട്‌ നിക്ഷേപം നടത്തുന്ന വിദേശരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്‌ വിവിധ ദ്വീപുകളുടെ സമാഹാരമായ ഈ രാജ്യം. ദ്വീപുകളുടെ സമാഹാരമായ, രണ്ട്‌ കോടിയില്‍ താഴെ ജനസംഖ്യയുള്ള ഈ രാജ്യത്തു നിന്ന്‌ ഇത്രയും വലിയ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്നത്‌ കൗതുകകരമായ ചോദ്യമാണ്‌. കൗതുകത്തിന്‌ അപ്പുറത്തുള്ള കള്ളക്കളികള്‍ ഇതിലുണ്ട്‌ താനും.

ക്രിക്കറ്റ്‌ വ്യവസായമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ക്രമക്കേട്‌ പുറത്തുവന്നപ്പോള്‍ വിവിധ ടീമുകളിലെ ഓഹരി പങ്കാളിത്തം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവിധ ടീമുകളില്‍ മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികള്‍ കോടികള്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളുടെ ഉടമസ്ഥര്‍ ഇന്ത്യക്കാര്‍ തന്നെയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചപ്പോഴും മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികളെക്കുറിച്ച്‌ പരാമര്‍ശമുണ്ടായി. ടെലികോം സേവനത്തിനുള്ള ലൈസന്‍സ്‌ ലഭിച്ച കമ്പനികളില്‍ ഓഹരിയെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികള്‍ക്ക്‌ ഓഹരിയുണ്ടായിരുന്നു. ചില കമ്പനികളുടെ ഓഹരികള്‍ പലകുറി കൈമാറ്റം ചെയ്‌തതായും കണ്ടെത്തി. ഇങ്ങനെയുള്ള കൈമാറ്റത്തില്‍ മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികളാണ്‌ പങ്കാളികളായത്‌. മിക്കവാറും കമ്പനികളുടെ മൗറീഷ്യസിലെ വിലാസം ഒന്ന്‌ തന്നെയാണെന്നും കണ്ടെത്തി. ഈ കമ്പനികളെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ സുപ്രീം കോടതിയെ അറിയിച്ചത്‌. സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്കിലുള്ള അക്കൗണ്ടില്‍ 806 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്‌ എന്ന ആരോപണം നേരിടുന്ന ഹസന്‍ അലി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌തു വരികയാണ്‌. ചോദ്യം ചെയ്യലിനിടെ ഹസന്‍ അലി ഖാന്‍ വെളിപ്പെടുത്തിയതായി പറയുന്ന ചില കാര്യങ്ങള്‍ മൗറീഷ്യസ്‌ കേന്ദ്രമായ ഈ കമ്പനികളെക്കുറിച്ച്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. അലി ഖാന്‍ പറഞ്ഞതായി പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച്‌ നടത്തുന്നത്‌ കൊടിയ തട്ടിപ്പാണ്‌. ഏറെക്കാലമായി ഊഹാപോഹമായി പ്രചരിച്ചിരുന്ന തട്ടിപ്പിന്‌ തെളിവായി മാറും ഹസന്‍ അലി ഖാന്റെ വാക്കുകള്‍ എന്നാണ്‌ കരുതേണ്ടത്‌.

അഴിമതിയിലൂടെയും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും കൈക്കലാക്കുന്ന കോടിക്കണക്കിന്‌ രൂപ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേരുന്ന മാഫിയ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക്‌ കടത്തും. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലൂടെ (ഇവ പേരിന്‌ മാത്രമുള്ളതായിരിക്കും) നേരിട്ടുള്ള വിദേശ നിക്ഷേപമായി ഈ പണം ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തും. കടത്തിക്കൊണ്ടുപോകുന്ന കള്ളപ്പണം വ്യവസായങ്ങളിലേക്ക്‌ വിദേശ നിക്ഷേപമായി എത്തുമ്പോള്‍ വെളുത്ത പണമാകും. രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമി പങ്കാളിത്തമുള്ള വ്യവസായങ്ങളിലേക്കാണ്‌ ഈ പണം തിരികെ എത്തുന്നത്‌. അതിന്‌ തെളിവുകള്‍ ഐ പി എല്ലിലും ടെലികോം രംഗത്തും ഉള്‍പ്പെട്ട കമ്പനികളുടെ ഉടമസ്ഥത നരീക്ഷിച്ചാല്‍ ലഭിക്കും. വലിയ അഴിമതികള്‍ പുറത്തുവന്നതിന്‌ ശേഷവും കള്ളപ്പണത്തിന്റെ ഈ ചാക്രിക വിനിമയം തടയാന്‍ എന്തുകൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്‌? മൗറീഷ്യസിലെ കമ്പനികളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്‌ തത്‌കാലത്തേക്കെങ്കിലും തടയിടുന്നത്‌ നന്നാവുമെന്ന്‌ അവര്‍ക്ക്‌ തോന്നാത്തത്‌ എന്തുകൊണ്ടാണ്‌? ഉത്തരം ഹസന്‍ അലി ഖാന്റെതായി പുറത്തുവന്ന മൊഴികളിലുണ്ട്‌. മഹാരാഷ്‌ട്രയിലെ മൂന്ന്‌ മുന്‍ മുഖ്യമന്ത്രിമാരുടെ പണം താന്‍ വെളിപ്പിച്ചുകൊടുത്തിട്ടുണ്ടെന്നാണ്‌ ഖാന്‍ പറയുന്നത്‌. ഈ മൂന്ന്‌ മുന്‍ മുഖ്യമന്ത്രിമാരും ഇന്ന്‌ കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ധന അച്ചുതണ്ടായ ഈ നേതാക്കളെ വെറുപ്പിച്ച്‌ അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍ സിംഗിന്‌ സാധിക്കുകയുമില്ല.

1991ല്‍ അധികാരത്തിലേറിയ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിംഗ്‌ 1992ല്‍ കൊണ്ടുവന്ന സംവിധാനമാണ്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌. ഇന്ത്യയില്‍ രജിസ്‌ട്രേഷനില്ലാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുവാദം നല്‍കുന്നതാണ്‌ ഈ സംവിധാനം. അന്നുമുതലിന്നോളം പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സമ്പാദിച്ച്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുകയും ലാഭമെടുത്ത്‌ മടങ്ങുകയും ചെയ്‌ത ധനകാര്യ സ്ഥാപനങ്ങള്‍ നിരവധിയാണ്‌. 


കള്ളപ്പണം ഓഹരി വിപണികളിലേക്ക്‌ ഒഴുകുന്നുവെന്ന ആരോപണം ഇടക്കാലത്ത്‌ ഉയര്‍ന്നിരുന്നു. ഭീകര വാദ സംഘടനകള്‍ ഓഹരി വിപണിയില്‍ ഇടപെട്ട്‌ തങ്ങളുടെ പ്രവര്‍ത്തനത്തിന്‌ വേണ്ട പണം സമ്പാദിക്കുന്നുവെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായിരുന്ന എം കെ നാരായണന്‍ പറയുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ വഴിയുള്ള ഇടപാടുകള്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. പാര്‍ട്ടിസിപ്പേറ്ററി നോട്ടിലൂടെ വിപണനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശ ധനകാര്യ സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 40 ശതമാനം വരുന്ന തുക മാത്രമേ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാകൂ എന്നതായിരുന്നു വ്യവസ്ഥ. ഈ നിയന്ത്രണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്‌ ഇന്ത്യന്‍ വിപണികള്‍ കുത്തനെ ഇടിഞ്ഞു. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ സൂചികയായ സെന്‍സെക്‌സ്‌ 1,700 പോയിന്റാണ്‌ ഒറ്റ ദിവസം ഇടിഞ്ഞത്‌. ഓഹരി വിപണിയിലേക്ക്‌ ഒഴുകിയിരുന്ന കണക്കില്ലാത്ത പണം എത്രയായിരുന്നുവെന്നും അത്‌ ഏതളവില്‍ നിയന്ത്രിക്കപ്പെട്ടുവെന്നും മനസ്സിലാക്കാന്‍ ഈ ഇടിവിന്റെ കണക്ക്‌ മാത്രം മതി. നിയന്ത്രണം വൈകാതെ ഒഴിവാക്കി സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു കൊടുത്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആര്‍ക്ക്‌ വേണ്ടി?

ഈ ചോദ്യത്തിനും ഹസന്‍ അലി ഖാന്റെ മൊഴി മറുപടി നല്‍കുന്നുണ്ട്‌. രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പക്കലുള്ള അനധികൃത സമ്പാദ്യത്തില്‍ ഒരു വിഹിതം പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സൗകര്യം ഉപയോഗപ്പെടുത്തി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ഇതോടെ കള്ളപ്പണം ഓഹരി കൈമാറ്റത്തിനായി നികുതി ഒടുക്കപ്പെട്ട വെളുത്ത പണമായി മാറി. ഇങ്ങനെ അലക്കിവെളുപ്പിച്ച പണം എത്ര കോടി വരും? 1992ല്‍ ആരംഭിച്ച പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്‌ 19 വയസ്സ്‌ പ്രായമായിരിക്കുന്നു. ഇടപാടുകള്‍ നടത്തുന്നത്‌ ഹസന്‍ അലി ഖാന്‍ മാത്രമായിരിക്കുകയുമില്ല. എന്നിട്ടും പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സമ്പ്രദായം തത്‌കാലത്തേക്ക്‌ നിര്‍ത്തലാക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗോ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയോ ആലോചിക്കുന്നതേയില്ല. 


ഇവിടെ കള്ളപ്പണം വെളുപ്പിക്കുക എന്നത്‌ മാത്രമല്ല നടക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഇത്തരം അധോലോക സാമ്പത്തിക ശക്തികള്‍ പ്രവഹിപ്പിക്കുന്ന പണം ഓഹരി വിപണികളെ പൊടുന്നനെ ത്രസിപ്പിക്കും. ഇടപാടുകള്‍ സജീവമാകുകയും വരുമാനം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ ഇവിടേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന സാധാരണക്കാരായ നിക്ഷേകര്‍ ധാരാളമാണ്‌. വിയര്‍പ്പിന്റെ മൂല്യം ഓഹരിയിലേക്ക്‌ തിരിച്ചുവിട്ട്‌ ലാഭത്തിന്‌ കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളെ പറ്റിച്ച്‌ ഈ കള്ളപ്പണക്കാര്‍ ലാഭമെടുത്ത്‌ മടങ്ങും. അതോടെ ചില സാധാരണക്കാരെങ്കിലും തിരിച്ചുകയറാന്‍ കഴിയാത്ത ഋണഗര്‍ത്തത്തിലേക്ക്‌ പതിക്കുകയും ചെയ്യും. ചുരുക്കത്തില്‍ കള്ളപ്പണക്കാര്‍ ജനത്തെ വീണ്ടും പിഴിയുന്ന മറ്റൊരു മേഖലയായി ഇവിടം മാറും.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്താനെന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നുണ്ട്‌ കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം 40,000 കോടിയുടെ ഓഹരി വില്‍പ്പനയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഓഹരി പൊതുജനങ്ങള്‍ക്ക്‌ കൈമാറുക മാത്രമാണ്‌ ചെയ്യുന്നത്‌ എന്നാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ മുന്‍ചൊന്ന കള്ളപ്പണക്കാര്‍ തന്നെയാണ്‌ ഈ ഓഹരികളും കൈക്കലാക്കുക. സര്‍ക്കാറിനെയും ജനങ്ങളെയും വെട്ടിച്ചുണ്ടാക്കിയ പണം കൊണ്ട്‌ പൊതുമുതലിന്റെ ഉടമസ്ഥരാകുകയാണ്‌ ഇവര്‍. ഈ സമാന്തര സമ്പദ്‌വ്യവസ്ഥയെ നയ വിരുദ്ധമായി കൊഴുക്കാന്‍ അനുവദിച്ചുകൊണ്ടാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ നേതൃത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന്‌ ആവര്‍ത്തിച്ച്‌ ഉദ്‌ഘോഷിക്കുന്നത്‌. 


മഹാത്‌മാ ഗാന്ധിയുടെ പേരില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുണ്ടാക്കി നൂറോ നൂറ്റമ്പതോ രൂപ വീതം വര്‍ഷത്തില്‍ 100 ദിനം നല്‍കി ജനങ്ങളെ അടക്കിയിരുത്തുന്നത്‌. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ള കരങ്ങളില്‍ തന്നെയാണോ എത്തുന്നത്‌ എന്ന്‌ ഉറപ്പാക്കാന്‍ യുനീഖ്‌ ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്‌. നൂറ്റമ്പത്‌ രൂപയുടെ തൊഴിലും കുറഞ്ഞ വിലക്കുള്ള അരിയും ലഭിക്കുന്നതിനാണ്‌ കര്‍ക്കശമായ അര്‍ഹതാ മാനദണ്ഡങ്ങള്‍. കുറഞ്ഞ വിലക്കുള്ള അരി അര്‍ഹതയില്ലാത്ത കരങ്ങളില്‍ എത്തിപ്പെട്ടാലുണ്ടാകാന്‍ ഇടയുള്ള വലിയ അപകടത്തെക്കുറിച്ച്‌ കൂലംകഷമായി ചിന്തിക്കുന്നുണ്ട്‌ നമ്മുടെ ഭരണകൂടം. അതുകൊണ്ടാണ്‌ ഭക്ഷ്യ സുരക്ഷാ ബില്ലിന്‌ ഇത്ര കാലമായിട്ടും അന്തിമ രൂപമാകാത്തത്‌.

അര്‍ഹതാ മാനദണ്ഡങ്ങളുടെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന കോടിക്കണക്കിനാളുകള്‍ അഞ്ചാണ്ട്‌ കൂടുമ്പോള്‍ വോട്ട്‌ ചെയ്യാന്‍ മാത്രമുള്ളവരാണ്‌. അധികാരം നിലനിര്‍ത്തണമെങ്കില്‍ പണം അനിവാര്യമാണ്‌. വിശ്വാസ വോട്ടെടുപ്പുകളില്‍ കോടികള്‍ മറിക്കാന്‍ ത്രാണിയുള്ളവരാണ്‌ ഇവിടെ ആവശ്യം. അവരെ പിണക്കി മുന്നോട്ടുപോകുക പ്രയാസമാണ്‌. മൗറീഷ്യസിലെ കമ്പനികളില്‍ നിന്ന്‌ ഒഴുകുന്ന കോടികള്‍ നിയന്ത്രിച്ചാലും പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ പിന്‍വലിച്ചാലും തടയപ്പെടുക ഇത്തരക്കാരുടെ പിന്‍ബലമാണ്‌. അതിന്‌ മന്‍മോഹന്‍ സിംഗോ പ്രണാബ്‌ മുഖര്‍ജിയോ തയ്യാറാകില്ല. അതേക്കുറിച്ച്‌ ആലോചിച്ചാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി സമ്മതിക്കുകയുമില്ല. കോടികളുടെ കോഴയും അന്വേഷണവും ഒരു ലളിത്‌ മോഡിയിലോ ഒരു എ രാജയിലോ തടഞ്ഞ്‌ നിന്നുകൊള്ളും. അതിലപ്പുറം കടക്കാതിരിക്കണമെങ്കിലും ഈ പണം തന്നെ തുണക്കണം.

3 comments:

  1. ഈ നാട് നന്നാവില്ല

    ഇനിയെങ്കിലും നാം മാറിയാലല്ലാതെ

    ReplyDelete
  2. 1991ല്‍ അധികാരത്തിലേറിയ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിംഗ്‌ 1992ല്‍ കൊണ്ടുവന്ന സംവിധാനമാണ്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌.

    രാജ്യം ഇന്നുനേരിടുന്ന സാമ്പത്തികഭീകരതുയുടെ മുഖമാണ് മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ട് പരിപാടി. ഇതു തുലച്ചതു ആയിരങ്ങളായിയുള്ള സാധരണനിക്ഷേപകരെയാണ്.ഇവിടെ പറഞ്ഞകാര്യങ്ങൾ നന്നായി അറിയുന്നവരാണ് നമ്മളെ ഭരിക്കുന്നവരും.ഒരു ജനസമൂഹത്തെ ഏതളവുവരെ പറ്റിക്കാം എന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇതൊക്കെ. ജനമെന്ന പൊതുകഴുത വീണ്ടും ഇവരുടെ ദയാവായ്പ്പിനായി കാത്തിരിക്കുക എന്നതു നിയോഗംപോലെ ആവർത്തിക്കപ്പെടുന്നതും. നല്ല ലേഖനം രാജീവ്.

    ReplyDelete