മാലിക് മഹ്‌മൂദ് ഹസനെന്ന് പറഞ്ഞാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പാടാണ്. എം എം ഹസനെന്ന് പറഞ്ഞാല്‍ ആരും അറിയും. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത ഹര്‍ത്താല്‍വിരുദ്ധ സമരം പോലുള്ള പ്രഹസനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് സ്വയം അപഹാസ്യനാകാന്‍ മടിയില്ലാത്ത കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വക്താവ്. പക്ഷേ, മാലിക് മഹ്‌മൂദ് ഹസന്‍, എം എം ഹസനിലേക്ക് വളര്‍ന്നത് ഒന്ന് ഇരുട്ടിവെളുത്തപ്പോഴല്ല. കെ എസ് യുവിലൂടെ സംഘടനയിലെത്തി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ്.
ഹസന്‍ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തിരുന്നത് മുസ്‌ലിം ലീഗായിരുന്നു. അക്കാലത്ത് ഖലീഫ ഉമറിനെക്കുറിച്ചുള്ള ഒരു കഥ പാഠപുസ്‌തകത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. ഇന്നായിരുന്നുവെങ്കില്‍ `ലൗ ജിഹാദി'ന്റെ കാര്യത്തിലെന്ന പോലെ സംഘ് പരിവാറും ക്രിസ്‌തീയ സഭാ നേതൃത്വവും യോജിച്ച് രംഗത്തെത്താന്‍ യാതൊരു പ്രയാസവുമില്ലാത്ത വിഷയം. അന്ന് ഇതിനെതിരെ രംഗത്തുവന്നത് മാലിക് മഹ്‌മൂദ് ഹസനായിരുന്നു. പാഠപുസ്‌തകത്തെ വര്‍ഗീയവത്‌കരിക്കാന്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് നിലപാടെടുത്തു. ഹസന്റെ സംഘാടന മികവില്‍ കെ എസ് യു സമരരംഗത്തിറങ്ങി. ഖലീഫ ഉമറിനെക്കുറിച്ചുള്ള പാഠഭാഗം പിന്‍വലിച്ചതിനു ശേഷമേ ഹസന്‍ പിന്‍മാറിയുള്ളൂ. ഇത്തരമൊരു ചരിത്രമുള്ള നേതാവിനെ നാം ഇന്ന് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയണമെങ്കില്‍ ശീതീകരിച്ച ടെലിവിഷന്‍ സ്റ്റുഡിയോയിലേക്ക് നോക്കണം.
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹെലിക്കോപ്‌റ്റര്‍ യാത്ര ചര്‍ച്ചാവിഷയമായ ദിവസം. പ്രമുഖ ചാനലിലെ അത്താഴച്ചര്‍ച്ചക്ക് ഹസനാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നത്. അവതാരകന്‍ ഏറെക്കുറെ സി ബി ഐ ഡയറക്‌ടറുടെ റോളിലാണ്. (കാലം മാറി, സി ബി ഐ ഇപ്പോള്‍ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നത് ശീതീകരിച്ച മുറിയിലൊക്കെയാണ്) കള്ളപ്പണക്കേസില്‍ ആരോപണവിധേയനായി അറസ്റ്റ് ചെയ്‌ത് കൊണ്ടുവന്നയാളോടെന്ന പോലെയാണ് ഹസനോടുള്ള പെരുമാറ്റം. രമേശ് ചെന്നിത്തല ഹെലിക്കോപ്‌റ്റര്‍ ഉപയോഗിക്കുന്നതിലെ ധര്‍മാധര്‍മങ്ങള്‍ അവതാരകന്‍ തിരിച്ചും മറിച്ചും ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ചു ഹസന്‍. ഒരുപക്ഷേ, വ്യക്തി എന്ന നിലക്ക് ഹസന് മറിച്ചൊരു അഭിപ്രായമുണ്ടായേക്കാം. പക്ഷേ, കോണ്‍ഗ്രസിന്റെ വക്താവായ അദ്ദേഹത്തിന് ആ പാര്‍ട്ടിയുടെ നിലപാടേ പറയാനാകൂ. അതൊന്ന് മാറ്റിപ്പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു അവതാരകന്‍.
ഒരു ചോദ്യം, മറുപടി പറയാന്‍ ഹസന്‍ ഒരുങ്ങുമ്പോഴേക്കും അടുത്ത ചോദ്യം. മറുപടി തുടങ്ങിയ ശേഷം ടോക്ക് ബാക്കിലൂടെ (അവതാരകന്റെ ചോദ്യം കേള്‍ക്കാന്‍ മറുപടി പറയേണ്ടയാളുടെ ചെവിയില്‍ ഘടിപ്പിക്കുന്നത്) രണ്ടാം ചോദ്യം കേള്‍ക്കുമ്പോള്‍ സംസാരം തുടരാനാകാതെ ഹസന്‍ വിഷമിക്കുന്നു. ഇത് ഉടന്‍ പ്രേക്ഷകരെ കാണിച്ച്, ഹസന്‍ വിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന `ഔചിത്യ ബോധ'മുള്ള ഓണ്‍ലൈന്‍ എഡിറ്റര്‍. വെറുതെ വീട്ടിലിരിക്കുന്ന നേരത്ത് അത്താഴച്ചര്‍ച്ചയിലൊന്ന് പങ്കെടുത്തേക്കാമെന്ന് വിചാരിച്ച് എത്തിയയാളല്ല ഹസന്‍. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ ചാനലിന്റെ ക്ഷണമനുസരിച്ച് എത്തിയയാളാണ്. എന്നിട്ടും ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടെന്ന് ചോദിക്കരുത്. ചാനലിന്റെ രാഷ്‌ട്രീയം, ചര്‍ച്ചക്കെത്തുന്നവനെ ഉത്തരം മുട്ടിക്കുന്നതിലാണ് തന്റെ മികവെന്ന മാധ്യമ പ്രവര്‍ത്തകന്റെ ധാരണ ഇവയെല്ലാം ഘടകങ്ങളായിട്ടുണ്ടാവാം.
മറ്റൊരു തിരഞ്ഞെടുപ്പ് പരിപാടി. തത്സമയം നടക്കുന്ന അത്താഴച്ചര്‍ച്ചയല്ല ഇത്. മുന്‍കൂട്ടി നിശ്ചയിച്ച് നടത്തി എഡിറ്റ് ചെയ്‌ത് പ്രക്ഷേപണം ചെയ്യുന്നത്. കുത്തകകളോടുള്ള നിലപാട് എന്തെന്ന് സി പി എം നേതാവ് എ വിജയരാഘവന്‍ വ്യക്തമാക്കണമെന്ന് ശഠിക്കുന്ന അവതാരകന്‍. 1957ല്‍ അന്ന് ഇന്ത്യയിലെ അപൂര്‍വം കുത്തകളിലൊന്നായ ബിര്‍ള ഗ്രൂപ്പിനെ ഇ എം എസ് നമ്പൂതിരിപ്പാട് കേരളത്തിലേക്ക് വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചിരുന്നു. പിന്നീട് സി പി ഐ നേതാവ് ടി വി തോമസ് വ്യവസായ മന്ത്രിയായിരിക്കെയാണ് ജപ്പാനിലെ തോഷിബ ആനന്ദിനെ കൊച്ചിയിലേക്ക് ക്ഷണിച്ചത്. ഇതൊന്നും അവതാരകന്‍ അറിഞ്ഞുകൊള്ളണമെന്നില്ല. പഴയ കാര്യങ്ങളല്ലേ! പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തക കമ്പനികളുടെ കാര്യത്തില്‍ ഇടത് മുന്നണി സര്‍ക്കാര്‍ എന്ത് നിലപാടെടുത്തുവെന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? അത് അറിഞ്ഞിരുന്നാല്‍, ചോദ്യം കുറേക്കൂടി കൃത്യമാക്കാന്‍ സാധിക്കും. സി ഡിറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതാണ് വിഷയമെങ്കില്‍ അതേക്കുറിച്ച് നേരിട്ട് ചോദിക്കാം. അതിന് പകരം കുത്തകകളെക്കുറിച്ചുള്ള നിങ്ങളുടെ നിലപാട് എന്തെന്ന ചോദ്യത്തിനുള്ള മറുപടിക്കായി ശഠിക്കുമ്പോള്‍ സ്വന്തം മേധാവിത്വം സ്ഥാപിച്ചെടുക്കുക എന്നതിനപ്പുറം യാതൊന്നുമുണ്ടാകുന്നില്ല.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന സംവാദ പരിപാടികളിലൊന്നില്‍ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിനോട് ചോദ്യം. ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ എന്നിവയുടെ കാര്യത്തില്‍ താങ്കള്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ഈ രണ്ട് സംഘടനകളുടെയും ആശയങ്ങളെ താന്‍ ഇപ്പോഴും ശക്തമായി എതിര്‍ക്കുന്നുവെന്ന് മുനീറിന്റെ വ്യക്തമായ മറുപടി. ഈ രണ്ട് സംഘടനകളുടെയും വോട്ട് വേണ്ടെന്ന് പറയുമോ എന്ന് അടുത്ത ചോദ്യം. വോട്ടര്‍മാരെ കാണുമ്പോള്‍ ലീഗാണോ ബി ജെ പിയാണോ ജമാഅത്തെ ഇസ്‌ലാമിയാണോ എന്ന് ചോദിച്ചല്ല വോട്ട് ചോദിക്കുന്നത് എന്ന് മുനീറിന്റെ മറുപടി. വീണ്ടും ചോദ്യം. `അപ്പോള്‍ ജമാഅത്തിന്റെയും എസ് ഡി പി ഐയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് തൊട്ടുകൂടായ്‌മയില്ല അല്ലേ എന്ന്?' സ്വതേ സൗമ്യനായതുകൊണ്ടും അതിലുമധികം സൗമ്യനാണെന്ന് ഭാവിക്കുന്നതുകൊണ്ടും മുനീര്‍ വീണ്ടും മറുപടി പറഞ്ഞു.
എവിടെയോ എന്തോ കുഴപ്പമുണ്ട്. ചോദ്യങ്ങള്‍ സ്വാഭാവികമായ മറുപടിക്ക് വേണ്ടിയുള്ളതല്ല. മറിച്ച് ചോദ്യകര്‍ത്താവിന് ഇഷ്‌ടമുള്ള മറുപടിക്ക് വേണ്ടിയുള്ളതാണ്. അത് തന്നെയാണ് പ്രശ്‌നവും. നമ്മുടെ ചാനലുകളില്‍ ഇപ്പോള്‍ നിറഞ്ഞു കവിയുന്ന കാക്കത്തൊള്ളായിരം തിരഞ്ഞെടുപ്പ് പരിപാടികളിലൊക്കെ ആവര്‍ത്തിക്കപ്പെടുന്നതും ഇത് തന്നെയാണ്. ദൂരദര്‍ശനിലെ പാനല്‍ ചര്‍ച്ചകള്‍ (അതില്‍ മിക്കവയും തീര്‍ത്തും മുഷിപ്പിക്കുന്നതുമായിരുന്നു) കണ്ട് മടുത്തവര്‍ക്ക് പുതുമ സമ്മാനിച്ചാണ് പൊതു ചര്‍ച്ചകള്‍ക്ക് സ്വകാര്യ ചാനലുകള്‍ വേദിയൊരുക്കിയത്. പുതുമ മാറിയിരിക്കുന്നു. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നുവെങ്കില്‍ അത് കുറേക്കൂടി പ്രൊഫനലായി നടത്താന്‍ ശ്രമിക്കേണ്ട സമയവുമായി. എന്നിട്ടും അതിന് ശ്രമങ്ങളുണ്ടാകുന്നില്ല. അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വേദികളായി മാറുകയും ചെയ്യുന്നു.
ബാര്‍ബര്‍ ഷോപ്പിലും ചായക്കടകളിലും രാഷ്‌ട്രീയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു മുമ്പ്. ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ഈ പതിവ് തുടരുന്നുമുണ്ട്. ഇവിടെ നിയന്ത്രണാധികാരമുള്ള വ്യക്തിയുടെ ഇടപെടലില്ല. കാര്യം കൈവിട്ടുപോകുമെന്ന് തോന്നിയാല്‍ കടയുടമ സൗഹൃദമെന്ന അധികാരം പ്രയോഗിച്ചേക്കാമെന്ന് മാത്രം. യാതൊരു ക്രമസമാധാന പ്രശ്‌നവും എവിടെയുമുണ്ടാകാറില്ല. ഏതെങ്കിലും പക്ഷത്തിന് ശക്തിയുണ്ടെന്ന് തോന്നിയാല്‍ എതിര്‍പക്ഷം സമാധാനപരമായി വാക്കൗട്ട് നടത്തിയേക്കാമെന്ന് മാത്രം. ഇതിന്റെയൊരു വലിയ രൂപമാണ് ഇന്ന് പൊതു സ്ഥലത്ത് അരങ്ങേറുന്ന ടെലിവിഷന്‍ ചര്‍ച്ചകളെന്നാണ് സങ്കല്‍പ്പം.
പങ്കെടുക്കാനെത്തുന്നവരുടെ ചോദ്യോത്തരങ്ങളിലൂടെ സംവാദം സുഗമമായി മുന്നോട്ട് നയിക്കുകയും വിശദീകരണം അനിവാര്യമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ ഇടപെടുകയും ചെയ്യുക എന്നതാണ് ഉത്തമനായ മോഡറേറ്ററുടെ കടമ. എന്നാല്‍ ഇതല്ല നിര്‍വഹിക്കപ്പെടുന്നത് എന്ന് ചര്‍ച്ചകള്‍ സൂക്ഷ്‌മമായി വീക്ഷിച്ചാല്‍ മനസ്സിലാകും. ചാനലിന്റെ രാഷ്‌ട്രീയം, മോഡറേറ്ററുടെ രാഷ്‌ട്രീയം ഇതെല്ലാം പ്രകടമാകുകയാണ്. പലപ്പോഴും സ്വന്തം അഭിപ്രായങ്ങള്‍ മടികൂടാതെ പറയാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്യും. അല്ലെങ്കില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കും. നേരത്തെ പരാമര്‍ശിച്ച സംഭവങ്ങളിലേത് പോലെ താനുദ്ദേശിക്കുന്ന മറുപടി കിട്ടാനുള്ള ചോദ്യങ്ങള്‍.
എം എം ഹസനെപ്പോലൊരാളെ സ്റ്റുഡിയോയിലിരുത്തി `ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നിങ്ങള്‍ക്ക് പോകാന്‍ കഴിയില്ല' എന്ന മട്ടില്‍ പെരുമാറാന്‍ എന്ത് അധികാരമാണ് ഇവര്‍ക്കുള്ളത്? പിന്തിരിഞ്ഞു നോക്കിയാല്‍ ഹസന് പറയാന്‍ ഒരു സമരത്തിലെ വിജയമെങ്കിലുമുണ്ട്. നിങ്ങള്‍ക്ക് എന്താണ് സ്വന്തമായുള്ളത്? ആ സമരത്തെക്കുറിച്ച് പോലുമുള്ള അറിവില്ലായ്‌മയല്ലാതെ! കുത്തകകളെക്കുറിച്ചുള്ള സി പി എം നിലപാട് പറഞ്ഞേ പറ്റൂ എന്ന് ശഠിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അവസരം നല്‍കിയത്? ഈ നേതാക്കളോ അവരുടെ മുന്‍ഗാമികളോ ചെയ്‌ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അവസരം. അത് മറന്നുപോകുമ്പോഴാണ് ഷഷ്‌ഠിപൂര്‍ത്തി കഴിഞ്ഞ നേതാവിനെ ചോദ്യശരങ്ങളുതിര്‍ത്ത് വിയര്‍പ്പിച്ചതില്‍ ഊറ്റം കൊള്ളാന്‍ സാധിക്കുക.
മറിച്ച് ഈ നേതാക്കള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍. ജനങ്ങളോട് നേരിട്ട് സംസാരിച്ചിരുന്നു ഇവര്‍, മുമ്പ്. പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു, കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇന്ന് അതിനെല്ലാം ഉപാധിയായി നേതാക്കളും പ്രവര്‍ത്തകരും കാണുന്നത് ടെലിവിഷന്‍ ക്യാമറകളെയാണ്. അങ്ങനെ കാണുമ്പോള്‍ ഇത്തരം അവഹേളനങ്ങള്‍ സഹിക്കാന്‍ ബാധ്യസ്ഥരുമാകും.
അവഹേളനങ്ങളുടെ നൈരന്തര്യം ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കും. അത്തരമൊരു ക്ലൈമാക്‌സാണ് കണ്ണൂരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കൈയേറ്റ ശ്രമമുണ്ടാകാന്‍ (കൈയേറ്റ ശ്രമമെന്നത് ആ മാധ്യമ പ്രവര്‍ത്തന്‍ പ്രതിനിധാനം ചെയ്യുന്ന ചാനല്‍ തന്നെ ഉപയോഗിച്ചതാണ്) കാരണം. കൈയേറ്റ ശ്രമം അത് ആരുടെ നേര്‍ക്കായാലും എതിര്‍ക്കപ്പെടേണ്ടതാണ്. വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നതില്‍ മാധ്യമങ്ങളും അതിലെ പ്രവര്‍ത്തകരും ഏതളവില്‍ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട് എന്ന് ആലോചിക്കുന്നതും നല്ലതാണ്. ഹസനും വിജയരാഘവനും മുനീറുമൊക്കെ അത്തരം സംഭാവനകളുടെ ഇരകളാണ്.
അവഹേളനങ്ങളും കൈയാങ്കളിയും കൈയേറ്റ ശ്രമവുമൊക്കെക്കഴിഞ്ഞ് ആകെ നോക്കിയാല്‍ ഉള്ളി പൊളിച്ചപോലെയാണ്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ എല്ലായിടത്തും ഒരേ പ്രശ്‌നങ്ങള്‍. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങളും. പിന്നെ എന്തിനാണ് ഈ പ്രഹസനം?
പ്രിയഹസന്റെ ലക്ഷണം കണ്ടിട്ടില്ലേ വാകീറിയ തവളയെപോലാണ്. പ്രവർത്തിയും മറ്റൊന്നല്ല
ReplyDeleteരാജീവിന്റെ നിരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ശരിയുമാണ്. (എം.എം.ഹസ്സൻ എന്ന ഒരു പോഴനെ ഡിഫൻഡ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലെങ്കിലും). ഇവിടെ ചാനൽ ചർച്ചയല്ല നടക്കുന്നത്. ചാനലിന്റെയും മോഡറേറ്ററിന്റെയും അഭിപ്രായങ്ങളിലേക്ക്, അവർ പ്രതീക്ഷിക്കുന്ന, അവർക്കിഷ്ടപ്പെട്ട ഉത്തരങ്ങളിലേക്ക്, ഇതര രാഷ്ട്രീയ വീക്ഷണക്കാരെയും (പ്രേക്ഷകരെയും) എത്തിക്കാനുള്ള ഒരു ശ്രമം. അത്രയേ ഉള്ളു. ഇപ്പോൾ മറ്റൊരു രസം കൂടി കാണാം. ഒരേ സമയം ഒരേ പ്രോഗ്രാമുകളാണ് മിക്ക ചാനലുകളിലും. ഉദാ. നേതാവിന്റെ കൂടെ ഒരു ദിവസം. ഒരേ സമയത്താണ് വിവിധ ചാനലുകൾ (വിവിധ പേരുകളിൽ) ഈ ആഭാസം നടത്തുന്നത്. അതും, ഏതൊക്കെയാണ് നേതാക്കൾ? മാണിയെപ്പോലെയുള്ള കൂടിയ ഇനങ്ങൾ. നന്നാവുന്നുണ്ട് എന്തായാലും..സഹിക്കുക തന്നെ.
ReplyDeleteഅഭിവാദ്യങ്ങളോടെ