വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം ഒപ്പുവെച്ച സിവിലിയന്‍ ആണവ സഹകരണ കരാറുകളുടെ ആദ്യത്തെ പരീക്ഷണ ഭൂമിയാണ് മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ജയ്‌താപൂര്‍. ആറ് റിയാക്‌ടറുകള്‍ ഉള്‍ക്കൊള്ളുന്ന ആണവ പാര്‍ക്കാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായി ഇവിടേക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ഗ്രാമങ്ങളില്‍ നിന്നായി 938 ഹെക്‌ടര്‍ ഭൂമിയിലാണ് പദ്ധതി വരിക. ആറ് റിയാക്‌ടറുകളും സ്ഥാപിച്ച് പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാവണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാറും കേന്ദ്രത്തിലെ യു പി എ സര്‍ക്കാറും പറയുന്നു. കടുത്ത ഉപാധികളോടെയാണെങ്കിലും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്. ഉപാധികള്‍ വെക്കുന്നത് തന്നെ ലംഘിക്കപ്പെടാനാണെന്ന് പല പദ്ധതികളിലൂടെയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്.
എന്തുവില കൊടുത്തും രാജ്യം ഊര്‍ജ സുരക്ഷ കൈവരിക്കേണ്ടതിന്റെ ആവശ്യകതയാണ് പദ്ധതിക്ക് വേണ്ടി വാദിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. നിലവില്‍ എട്ട് ശതമാനത്തിലധികം വളര്‍ച്ചാനിരക്കുണ്ട്. വരും വര്‍ഷങ്ങളില്‍ അത് ഒമ്പതിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നിക്ഷേപങ്ങളുടെ കേന്ദ്രമാവുമെന്നും അപ്പോള്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിന് വേണ്ടിയാണ് കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് അമേരിക്കയുമായുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമാക്കിയത്.
കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡ കരാറില്‍ ഒപ്പുവെച്ചു. ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടന എര്‍പ്പെടുത്തിയിരുന്ന വാണിജ്യ വിലക്ക് നീക്കുകയും ചെയ്‌തു. അതോടെയാണ് ഫ്രാന്‍സ് മുതല്‍ കസാഖ്‌സ്ഥാന്‍ വരെയുള്ള രാജ്യങ്ങളുമായി ആണവ കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചത്.
ജയ്‌താപൂരിലെ നിര്‍ദിഷ്‌ട നിലയത്തിലേക്കുള്ള രണ്ട് റിയാക്‌ടറുകള്‍ ഫ്രാന്‍സിലെ അരേവ എന്ന കമ്പനിയാണ് നല്‍കുന്നത്. ഈ റിയാക്‌ടറുകളിലേക്കുള്ള ഇന്ധനവും അവര്‍ ലഭ്യമാക്കും. പശ്ചിമ ബംഗാളിലും ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും റിയാക്‌ടറുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശ്യമുണ്ട്. ഇതില്‍ രണ്ടെണ്ണം അമേരിക്കയിലെ കമ്പനികളാണ് നല്‍കുക. ആണവോര്‍ജത്തെ കൂടുതലായി ആശ്രയിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് മറ്റു ന്യായങ്ങളുണ്ട്. ജല വൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്നവയാണ്. താപ വൈദ്യുത പദ്ധതികള്‍ക്ക് കല്‍ക്കരി ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാവും. കല്‍ക്കരിയെ കൂടുതല്‍ ആശ്രയിക്കുന്നത് വന നശീകരണത്തിനും കാരണമാവും. ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത `ശുദ്ധമായ' ഊര്‍ജം എന്ന വിശേഷണം ആണവോര്‍ജത്തിനുണ്ട്. ഇത്രയും സവിശേഷമായ പദ്ധതിക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ പ്രക്ഷോഭവുമായി രംഗത്ത് വരുന്നതിന് പിറകില്‍ രാഷ്‌ട്രീയവും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ കാണുന്നുണ്ട്.
എന്നാല്‍ മറ്റ് ചില വസ്‌തുതകള്‍ ഈ പ്രക്ഷോഭം വെറുതെയല്ലെന്നതിന് തെളിവാണ്. അല്‍ഫോണ്‍സാ മാങ്ങകളുടെ നാടായ ജയ്‌താപൂര്‍ ജൈവ വൈവിധ്യത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. ലോകത്തെ തന്നെ പത്ത് പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന്. തിങ്ങിനിറഞ്ഞ മഴക്കാടുകളുടെ ഭൂമി. 5,000 ഇനം പുഷ്‌പിക്കുന്ന ചെടികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 139 ഇനം സസ്‌തനികള്‍, 508 തരം പക്ഷികള്‍, 179 ഇനം ഉഭയ ജീവികള്‍ എന്നിങ്ങനെയാണ് വൈവിധ്യത്തിന്റെ കണക്ക്. ഇവയിലെ 325 ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 938 ഹെക്‌ടറില്‍ വരുന്ന പദ്ധതി ഈ ജൈവവൈവിധ്യത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് വിശേഷിച്ച് വിശദീകരിക്കേണ്ടതില്ല. അഞ്ച് ഗ്രാമങ്ങളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെടുന്ന 40,000 ജനങ്ങള്‍ പുറമെ. ഇവരുടെ പുനരധിവാസത്തിന് വലിയ വാഗ്‌ദാനങ്ങള്‍ പദ്ധതി നടപ്പാക്കുന്ന ആണവോര്‍ജ കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതികളുടെ കാര്യക്ഷമതയും നടപ്പാക്കുന്നതിന്റെ വേഗവും ഇന്ത്യക്കാരനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. വിവിധ പദ്ധതികളുടെ ഇരകളായി തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍ ഇപ്പോള്‍ തന്നെ രാജ്യത്തുണ്ട്. ഭൂരിഭാഗം പേരെയും പുനരധിവസിപ്പിച്ചുവെന്ന് സര്‍ക്കാറുകള്‍ പറയും. അല്ലെങ്കില്‍ സമഗ്ര പുനരധിവാസ പദ്ധതികള്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കും. പക്ഷേ, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ അവിടെത്തന്നെ തുടരാന്‍ വിധിക്കപ്പെടുന്നുവെന്നതാണ് കാഴ്‌ച. അത് സര്‍ദാര്‍ സരോവറിലാണെങ്കിലും പോലവാരത്താണെങ്കിലും ഇങ്ങ് വല്ലാര്‍പാടത്താണെങ്കിലും മാറ്റമില്ല.
ഇതിലും വലിയ ഭീതി ഭൂചല സാധ്യതയാണ്. രാജ്യത്ത് വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണ് രത്‌നഗിരി ഉള്‍ക്കൊള്ളുന്ന കൊങ്കണ്‍ മേഖല. മാപിനിയില്‍ അഞ്ചിലധികം രേഖപ്പെടുത്തിയ മൂന്ന് ചലനങ്ങള്‍ 20 വര്‍ഷത്തിനിടെ ഇവിടെയുണ്ടായി. ഇതിലൊന്ന് 6.3 രേഖപ്പെടുത്തിയതായിരുന്നു. ഒമ്പതിനായിരം പേരാണ് അന്ന് മരിച്ചത്. ഇത്തരമൊരു സ്ഥലത്ത് ആറ് ആണവ റിയാക്‌ടറുകള്‍ സ്ഥാപിക്കുന്നതിലെ അപകടം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ജപ്പാനിലെ ഫുകുഷിമയില്‍ ആണവ റിയാക്‌ടര്‍ തകരുന്നതിന് മുമ്പ് തന്നെ. ഫുകുഷിമ ദുരന്തത്തോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു.
അമേരിക്ക നടത്തിയ രണ്ട് അണുബോംബാക്രമണങ്ങളുടെ ദുരന്തം ഇപ്പോഴും പേറുന്ന രാജ്യമാണ് ജപ്പാന്‍. അതുകൊണ്ട് തന്നെ ആ രാജ്യം ആണവായുധങ്ങള്‍ വേണ്ടെന്നുവെച്ചു. ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം വികസിപ്പിക്കുമ്പോള്‍ തന്നെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ ഏര്‍പ്പെടുത്താറുണ്ട്.
അത്തരമൊരു നിലയമാണ് വലിയൊരു ഭൂകമ്പത്തില്‍ തകര്‍ന്നത്. തുടര്‍ ചലനങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിയതും. ആണവ വികിരണം നിയന്ത്രിക്കാനും പ്ലാന്റിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കാനും സാധ്യമായതെല്ലാം ചെയ്യുന്നു ജപ്പാന്‍. കഴിയാവുന്ന രാജ്യങ്ങളെല്ലാം സഹായിക്കുന്നുമുണ്ട്. എന്നിട്ടും ഫുകുഷിമ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബിലിന് സമാനമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ മാത്രമാണിത്. ആണവ വികിരണം എന്തൊക്കെ ദുരിതങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. വികിരണം നിയന്ത്രിക്കണമെങ്കിലും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. ഈ സ്ഥിതി മുന്നില്‍ നില്‍ക്കുമ്പോഴും ആറ് റിയാക്‌ടറുകളും ജയ്‌താപൂരില്‍ തന്നെ സ്ഥാപിക്കുമെന്ന നിര്‍ബന്ധബുദ്ധിയിലാണ് സര്‍ക്കാര്‍.
രാജ്യത്ത് ഇപ്പോഴുള്ള ആണവോര്‍ജ നിലയങ്ങളില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,780 മെഗാവാട്ടാണ്. ആറ് പദ്ധതികളിലായുള്ള 20 റിയാക്‌ടറുകളില്‍ നിന്നാണ് ഇത്രയും ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്. ഇതിന്റെ ഇരട്ടിയിലധികം വൈദ്യുതി (9,900 മെഗാ വാട്ട്) ഉത്‌പാദിപ്പിക്കുക എന്നതാണ് ജയ്‌താപൂര്‍ പദ്ധതിയുടെ ലക്ഷ്യം. ഇവിടേക്ക് അരേവ നല്‍കുന്നത് യൂറോപ്യന്‍ പ്രഷറൈസ്‌ഡ് റിയാക്‌ടര്‍ എന്ന പുതിയ ഇനമാണ്. ഫിന്‍ലന്‍ഡിലും ചൈനയിലുമായി നാല് റിയാക്‌ടറുകള്‍ സ്ഥാപിക്കാന്‍ അരേവക്ക് കരാര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അതായത് പരീക്ഷിച്ച് വിജയം കണ്ട റിയാക്‌ടറുകളല്ല ഇന്ത്യ വാങ്ങി ജയ്‌താപൂരില്‍ സ്ഥാപിക്കുന്നത് എന്ന് അര്‍ഥം.
പ്രവര്‍ത്തനം നിര്‍ത്താതെ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ പുതിയ ഇനത്തിന് സാധിക്കുമെന്നാണ് അരേവയുടെ അവകാശവാദം. വിമാനം തകര്‍ന്ന് വീണാല്‍ പോലും റിയാക്‌ടറിന് ഒന്നും സാധിക്കില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെ വിശ്വസിച്ചാല്‍ തന്നെ, ഭൂചലന സാധ്യതയുള്ള മേഖല എന്ന അപകടത്തെ ഒഴിവാക്കാന്‍ സാധിക്കില്ല. രാജ്യത്തെ മറ്റ് റിയാക്‌ടറുകളെല്ലാം ഭൂചലനത്തെ അതിജീവിക്കാന്‍ ത്രാണിയുള്ളതാണെന്നും അതേ സ്ഥിതിയാണ് ജയ്‌താപൂരിലുമുണ്ടാവുക എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതും വിശ്വാസത്തിലെടുക്കാം. പക്ഷേ, വലിയൊരു പദ്ധതി പരിസ്ഥിതിക്ക് സൃഷ്‌ടിക്കുന്ന ആഘാതം ഇതുകൊണ്ടൊന്നും ഇല്ലാതാവില്ല. പദ്ധതി മൂലം സ്വാഭാവികമായുണ്ടാവുന്ന ചെറിയ തോതിലുള്ള അണുവികിരണം ഭാവിയില്‍ സൃഷ്‌ടിക്കാന്‍ ഇടയുള്ള ദുരിതവും ഇല്ലാതാവില്ല.
ഇതിനപ്പുറത്ത് ജനങ്ങളെ കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിലെ രാഷ്‌ട്രീയവും വിഷയമാണ്. പശ്ചിമ ബംഗാളില്‍ കൃഷി ഭൂമി ഏറ്റെടുത്ത് വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാണ്. പശ്ചിമ ബംഗാളിലെ ഹരിപൂരില്‍ ആണവോര്‍ജ പദ്ധതി സ്ഥാപിക്കാന്‍ മിനക്കെടേണ്ടതില്ലെന്ന് ആ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചുകഴിഞ്ഞു. തൃണമൂലുമായി ചേര്‍ന്നാണ് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആതിരപ്പള്ളി ജലവൈദ്യത പദ്ധതിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത് പരിസ്ഥിതിക്ക് ഉണ്ടാവുന്ന ആഘാതം മുന്‍നിര്‍ത്തിയാണ്. ഇതൊക്കെ ചില സ്ഥലങ്ങളില്‍ മാത്രം ബാധകമായ നിലപാടാണോ എന്നതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. ജയ്‌താപൂരിലെ ഗ്രാമവാസികള്‍ക്ക് അവരുടെ ഭൂമി നഷ്‌ടപ്പെടുന്നതോ അവിടുത്തെ ജൈവ വൈവിധ്യം ഇല്ലാതാവുന്നതോ പ്രശ്‌നമല്ലെന്ന് നിലപാടെടുക്കുന്നതിന്റെ പൊരുളെന്താണ്?
42,000 കോടി രൂപ മുടക്കി അരേവയില്‍ നിന്ന് റിയാക്‌ടറുകള്‍ വാങ്ങുമ്പോള്‍ ഫ്രാന്‍സിന് നേട്ടങ്ങള്‍ ഏറെയാണ്. ഇതിലും വലിയ തുകക്കാണ് അമേരിക്കയില്‍ നിന്ന് റിയാക്‌ടറുകള്‍ വാങ്ങുക. അതിലും ലാഭം അവര്‍ക്ക് തന്നെ. ഇങ്ങനെ വാങ്ങുന്ന റിയാക്‌ടറുകള്‍ കൊണ്ട് വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ നേട്ടം ഈ രാജ്യത്തെ കമ്പനികള്‍ക്കോ അവരുടെ ഇന്ത്യയിലെ പങ്കാളികള്‍ക്കോ ആയിരിക്കും. അല്ലെങ്കില്‍ മെട്രോ നഗരങ്ങളിലെ സമ്പന്നര്‍ക്ക്. അല്ലാതെ പട്ടിണിയിലും ദാരിദ്ര്യത്തിലും തുടരുന്ന ഗ്രാമവാസികള്‍ക്കായിരിക്കില്ല. സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്ന വികസനത്തിന് വേണ്ടിയാണ് വൈദ്യുതിയെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ വ്യക്താക്കിയിട്ടുണ്ട്. ആ വികസനം ദരിദ്ര ഗ്രാമീണരില്‍ നിന്ന് ഉണ്ടാവില്ല തന്നെ. അതുകൊണ്ട് തന്നെ ജയ്‌താപൂരിലെ സമരം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. വരും നാളുകളില്‍ മറ്റിടങ്ങളില്‍ ഉയര്‍ന്ന് വരാന്‍ ഇടയുള്ള പ്രക്ഷോഭങ്ങളുടെ നാന്ദിയാണിത്.
ചലനത്തെത്തുടര്‍ന്ന് ജപ്പാനിലെ ഫുകുഷിമയില്‍ ആണവ റിയാക്‌ടര്‍ തകരുന്നതിന് മുമ്പ് തന്നെ. ഫുകുഷിമ ദുരന്തത്തോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു.
ReplyDeleteവികസിത രാജ്യങ്ങളിൽ പലയിടത്തും ജനത്തിന്റെ എതിർപ്പുകൾ കാരണം ആണവനിലങ്ങൾ നിർത്തിവെക്കപെടുമ്പോളാണ് നാം അതിനു വേണ്ടികോടികൾ മുടക്കുന്നതു.
ലോകത്തുള്ള ഒരു ആണോവോർജ്ജവിദഗ്നും ആണൊവോർജ്ജനിലയങ്ങൾ അപകടകാരികൾ അല്ലന്നു പറയുന്നില്ല. ഒരു നിലയങ്ങളൂം പൂർണസുരക്ഷിതമാണന്നു പറയാനും കഴിയില്ല എന്നും പറയുന്നു അപ്പോളാണ് നാം അതിന്റെ പിന്നാലേ പായുന്നതു.