കേരളം പതിമൂന്നാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമേ ഫലം വരൂ. അതുവരെ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കും. 2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏറെക്കുറെ ഏകപക്ഷീയമായിരുന്നു. 2001ല്‍ യു ഡി എഫ് അധികാരത്തിലേറുമെന്ന് വോട്ടെടുപ്പ് കഴിയും മുമ്പ് തന്നെ തീര്‍ച്ചയായിരുന്നു. 2006ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരുമെന്നതും. ഇക്കുറി അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ല എന്നത് വസ്‌തുതയാണ്. അല്ലെങ്കില്‍ ഭരണത്തിനെതിരായ വിധിയെഴുത്ത് എന്ന വികാരം പ്രകടമായിട്ടില്ല. ഇത് ഏറെ ആശങ്കപ്പെടുത്തുക യു ഡി എഫിനെയാണ്.
വീറുറ്റ ഈ മത്സരത്തിനിടെ നേതാക്കളടക്കമുള്ളവര്‍ പോലും പരിധി കടന്നുള്ള പ്രസ്‌താവനക്ക് തയ്യാറാകുകയുണ്ടായി. പിന്നീട് വിശദീകരണത്തിലൂടെ ലഘൂകരിക്കപ്പെട്ടുവെങ്കിലും മലമ്പുഴയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിന്റെ കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായപ്രകടനം ഒഴിവാക്കേണ്ട ഒന്നായിരുന്നുവെന്ന് സമചിത്തതയോടെ ആലോചിക്കുമ്പോള്‍ തോന്നും. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷി തന്നെ കേരളത്തില്‍ അധികാരത്തില്‍ വന്നാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി നടത്തിയ പരാമര്‍ശവും ഇത്തരത്തിലുള്ളതാണ്. രാജ്യത്തിന്റെ ഫെഡറല്‍ ഭരണക്രമത്തിന് വിരുദ്ധമായ കാര്യമാണ് എ കെ ആന്റണി പറഞ്ഞത്. നേതാക്കളുടെ ചുവടുപിടിച്ച് അണികള്‍ മുന്നേറിയത് അന്തരീക്ഷം കൂടുതല്‍ മലീമസമാക്കി. അശ്ലീലത്തിലും താഴെ നിലവാരമുള്ള ചില മാസികകളും മറ്റും വിവിധ മണ്ഡലങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ഉദാഹരണം.
ഇതിനിടയിലും ചില നല്ല രീതികളുടെ തെളിവുകള്‍ ഈ തിരഞ്ഞെടുപ്പ് അവശേഷിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് കുന്ദമംഗലം മണ്ഡലത്തിലെ യു സി രാമന്റെ സ്ഥാനാര്‍ഥിത്വം. കോണ്‍ഗ്രസ് സീറ്റ് വിഭജിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ നല്‍കിയ കുന്ദമംഗലം നേരത്തെ സംവരണ മണ്ഡലമായിരുന്നു. അവിടെ യു സി രാമനെ ലീഗ് സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിത സാഹചര്യത്തിലായിരുന്നു. നേരത്തെയും സംവരണ മണ്ഡലം ലഭിച്ചപ്പോള്‍ ഒരു രാമന്‍ തന്നെയായിരുന്നു ലീഗിന്റെ സ്ഥാനാര്‍ഥി. ഇക്കുറി കുന്ദമംഗലം സംവരണപ്പട്ടികക്ക് പുറത്താണ്. അതുകൊണ്ട് തന്നെ മുസ്‌ലിം ലീഗിന്റെ നിരവധി നേതാക്കള്‍ കുന്ദമംഗലത്തെ നോട്ടമിട്ടു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് സീറ്റിനായി ആവോളം ചരട് വലിക്കുകയും ചെയ്‌തു. പക്ഷേ, യു സി രാമനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിച്ചത്.
സിറ്റിംഗ് എം എല്‍ എയായ രാമനെ മാറ്റി സമുദായാംഗമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയിരുന്നുവെങ്കിലും ലീഗിനോ യു ഡി എഫിനോ കോട്ടമൊന്നും സംഭവിക്കില്ലായിരുന്നു. എന്നിട്ടും രാമനെ മത്സരിപ്പിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിക്കുമ്പോള്‍ ആ രാഷ്‌ട്രീയ മര്യാദ അംഗീകരിക്കപ്പെടേണ്ടതുണ്ട്. പശ്ചിമ ബംഗാളില്‍ സംവരണപ്പട്ടികയില്‍ നിന്ന് മണ്ഡലം മാറിയതോടെ സിറ്റിംഗ് എം എല്‍ എയെ ഒഴിവാക്കിയ കോണ്‍ഗ്രസ് രീതി കണക്കിലെടുക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ തീരുമാനത്തിന്റെ ഭംഗി ഏറുന്നുമുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മണ്ഡലം യു ഡി എഫിന്റെ കോട്ടയാണ്. 2006ലെ എല്‍ ഡി എഫ് തരംഗത്തിനിടയിലും കേരള കോണ്‍ഗ്രസിന്റെ സി എഫ് തോമസ് വിജയിച്ച സ്ഥലം. പാര്‍ലിമെന്റ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ വോട്ടുകളുടെ കണക്കെടുത്താല്‍ എല്‍ ഡി എഫിന് പ്രതീക്ഷ ഒട്ടും ആവശ്യമില്ല. ഇവിടേക്ക് ഡോ. ബി ഇഖ്‌ബാലിനെ മത്സരത്തിന് നിയോഗിച്ച സി പി എം നേതൃത്വത്തിന്റെ തീരുമാനവും ശ്രദ്ധേയമാണ്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു ബി ഇഖ്‌ബാല്‍. ന്യൂറോ സര്‍ജനായ ഇദ്ദേഹം പൊതു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്‌തനാണ്.
ജനകീയ ആസൂത്രണ പദ്ധതിയുടെ നടത്തിപ്പിലും മറ്റും വലിയ പങ്കുവഹിച്ച വ്യക്തി. ഇദ്ദേഹം വിജയിക്കുമോ ഭരണ നിര്‍ഹവണപ്രക്രിയയില്‍ പങ്കാളിയാകുമോ എന്നതൊക്കെ വോട്ടെണ്ണലിന് ശേഷം അറിയേണ്ട കാര്യമാണ്. പക്ഷേ, ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലവും വ്യത്യസ്‌തമായ കാഴ്‌ചപ്പാടുമുള്ള ഒരു വ്യക്തിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നതില്‍ ഒരു ഔന്നത്യമുണ്ട്. ഇതുപോലുള്ള വ്യക്തികള്‍ രാഷ്‌ട്രീയത്തില്‍ സജീവമാകുമ്പോള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെടുന്ന യുവ സമൂഹത്തിന് ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്നു.
ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ എടുത്ത തീരുമാനവും ശ്രദ്ധേയമാണ്. തുടര്‍ച്ചയായി രണ്ട് തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ഒഴിവാക്കാന്‍ അവര്‍ നിശ്ചയിച്ചു. അത് നടപ്പാക്കുകയും ചെയ്‌തു. ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളെ വരെ ഒഴിവാക്കിയാണ് സി പി ഐ സ്വന്തം തീരുമാനം നടപ്പാക്കിയത്. ഏതാണ്ട് സമാനമായ ഒരു തീരുമാനം 2006ലെ തിരഞ്ഞെടുപ്പിലും സി പി ഐ എടുത്തിരുന്നു. എന്നിട്ടും അവസാന നിമിഷം പലകുറി മത്സരിച്ച കെ ഇ ഇസ്‌മാഈല്‍ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയായി. ഇക്കുറി അത്തരം ഇളവുകളൊന്നും നല്‍കേണ്ടതില്ലെന്ന് ഉറപ്പിക്കുകയായിരുന്നു ആ പാര്‍ട്ടി. കെ എം മാണിയുടെ സര്‍വാധിപത്യത്തിന്‍ കീഴിലുള്ള കേരള കോണ്‍ഗ്രസ് (എം) പോലും ചില മര്യാദകള്‍ കാട്ടി. ഇടത് മുന്നണി വിട്ട് കേരള കോണ്‍ഗ്രസില്‍ ലയിച്ച ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ക്ക് പരാതിയില്ലാത്ത വിധത്തില്‍ സീറ്റുകള്‍ നല്‍കി. കടുത്തുരുത്തി സീറ്റ് സിറ്റിംഗ് എം എല്‍ എയായ മോന്‍സ് ജോസഫിന് നല്‍കുമ്പോള്‍ അതുവരെ ഒപ്പം നിന്നിരുന്ന സ്റ്റീഫന്‍ ജോര്‍ജ് വലിയ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ പോലും ഉലഞ്ഞില്ല കെ എം മാണി. എം പി വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതപോലും ഉറച്ച ഒരു തീരുമാനമെങ്കിലുമെടുത്തു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ വിട്ടുതരുന്നില്ലെങ്കില്‍ പകരം നീട്ടിയ നെന്‍മാറ വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞു.
ഇത്തരം മര്യാദകളോ വ്യത്യസ്‌തതകളോ അവകാശപ്പെടാനില്ലാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. പലകുറി മത്സരിച്ചവരെല്ലാം ഇക്കുറിയും കടിപിടി കൂടി സീറ്റ് സ്വന്തമാക്കി. സീറ്റ് കിട്ടാത്തവര്‍ സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ പരസ്യ പ്രസ്‌താവന നടത്തി. ചിലര്‍ പൊട്ടിക്കരഞ്ഞു. കെ പി സി സി പ്രസിഡന്റിനും ഇപ്പോഴും ജനബന്ധം നിലനിര്‍ത്തുന്ന ഉമ്മന്‍ ചാണ്ടിക്കും തീര്‍ത്തും അപരിചിതനായ ഒരാള്‍ സ്ഥാനാര്‍ഥിയായി എന്നത് മാത്രമാണ് കോണ്‍ഗ്രസിന് വ്യത്യസ്‌തതയായി അവകാശപ്പെടാനുള്ളത്. ഇദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അധികാര സ്ഥാനത്തെത്തുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണകരമാണോ എന്ന് ചിന്തിക്കേണ്ടത് ആ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് 2011നെ വ്യത്യസ്‌തമാക്കുന്നത് രണ്ട് വ്യക്തികളാണ്. വി എസ് അച്യുതാനന്ദനും ആര്‍ ബാലകൃഷ്‌ണ പിള്ളയും. 2006ല്‍ വി എസ് വലിയ ഘടകമായിരുന്നു. അന്ന് വി എസ്സിനെ വലിയ ഘടകമാക്കുന്നതില്‍ യു ഡി എഫിനെ പിന്തുണക്കുന്ന മാധ്യമങ്ങളും മറ്റും വലിയ പങ്കാണ് വഹിച്ചത്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സി പി എമ്മിലെ ഗ്രൂപ്പ് വൈരത്തെ രൂക്ഷമാക്കുമെന്നും അത് മുതലെടുക്കാമെന്നുമുദ്ദേശിച്ച മാധ്യമങ്ങള്‍. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിപ്പോയി. ഇക്കുറി വി എസ് തന്നെ കാര്യങ്ങള്‍ നിശ്ചയിച്ചു. അദ്ദേഹത്തിന് യാതൊരു സ്വാധീനവുമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വി എസ് അനുകൂല വാദം ഉയര്‍ന്നു. അതും അപ്രതീക്ഷിത കോണുകളില്‍ നിന്ന്.
കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്‌ത്താന്‍ തീരുമാനിച്ച പൊളിറ്റ് ബ്യൂറോ തന്നെ അദ്ദേഹത്തെ അനുകൂലിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ കണിശമായും മത്സരിക്കുമെന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ വി എസ് എന്താണോ ഉദ്ദേശിച്ചത് അത് നടന്നു. പ്രതിപക്ഷത്തിന് വി എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട സ്ഥിതിയുണ്ടായി. കേരളത്തിലെ നേതാക്കള്‍ക്ക് അത് ഭംഗിയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എ കെ ആന്റണി തന്നെ ആ ദൗത്യം ഏറ്റെടുത്തു. ആന്റണിയുടെ ഓരോ വാക്കിനും ശക്തമായി മറുപടി നല്‍കി വി എസ് കളം നിറയുകയും ചെയ്‌തു.
ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷേ, ബാലകൃഷ്‌ണ പിള്ളക്ക് വിധിച്ച ഒരു വര്‍ഷത്തെ കാരാഗൃഹ വാസമാണ് യു ഡി എഫിന്റെ ആത്മവീര്യം യഥാര്‍ഥത്തില്‍ ചോര്‍ത്തിയത്. 25 വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിലൂടെയാണ് ബാലകൃഷ്‌ണ പിള്ള കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ വി എസ് അച്യുതാനന്ദന് സാധിച്ചത്. മറ്റ് യു ഡി എഫ് നേതാക്കള്‍ക്കെതിരെ വി എസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനമുള്ളതാണെന്ന ധാരണ പൊതു സമൂഹത്തിന് നല്‍കാന്‍ ഈ വിധി കാരണമായി. തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി അഴിമതി മാറുകയും ചെയ്‌തു. അഴിമതി നടത്തിയത് സ്വന്തം പാര്‍ട്ടിയിലുള്ളവരാണെങ്കില്‍ കൂടി തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന ധ്വനി കൂടി വി എസ് നല്‍കിയതോടെ വിശ്വാസ്യത ഏറുകയും ചെയ്‌തു. ഭരണത്തിന് നേതൃത്വം നല്‍കുന്ന മുന്നണിയോടല്ല സ്വയംകൃതാനര്‍ഥങ്ങളോടാണ് യു ഡി എഫ് യഥാര്‍ഥത്തില്‍ ഇക്കുറി പോരടിച്ചത്. സ്വയംകൃതാനര്‍ഥങ്ങളുടെ മൂര്‍ത്തരൂപമായി ആര്‍ ബാലകൃഷ്‌ണ പിള്ള മാറുകയും ചെയ്‌തു.
ഈ രണ്ട് വ്യക്തികളും മറ്റ് ചില സംഭാവനകള്‍ കൂടി നല്‍കിയിട്ടുണ്ട്. ഏത് മുന്നണി അധികാരത്തില്‍ വന്നാലും രാഷ്‌ട്രീയ നേതാക്കള്‍ ആരോപണവിധേയരായ കേസുകള്‍ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടിവരുമെന്നതാണ് അതില്‍ പ്രധാനം. 2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമോയില്‍ അഴിമതിക്കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇനി അത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ആരും ധൈര്യപ്പെടില്ല. മറ്റു കേസുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമാകാന്‍ ഇടയില്ല. ഭരണം തുടരട്ടെ എന്നോ മാറട്ടെ എന്നോ ജനം വിധിയെഴുതാം. എന്തായാലും 2011ലെ തിരഞ്ഞെടുപ്പ് പല വ്യത്യാസങ്ങള്‍ക്കും ഹേതുവായാല്‍ അത്ഭുതപ്പെടാനില്ല.
കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരും
ReplyDelete