സീമാതീതമായ അത്ഭുതത്തെ ദ്യോതിപ്പിക്കാനുള്ള ആംഗലേയ പ്രയോഗമാണ് `ഓ മൈ ഗോഡ്'. കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് നേതക്കളെയും കളിയാക്കി രചിച്ച ഒരു കൃതിയില്‍ ഈ പ്രയോഗത്തെ `ഓ മൈ ലെനിന്‍' എന്ന് തിരുത്തിയത് വായിച്ച ഓര്‍മയുണ്ട്. പാറ്റ ഗുളികയുടെ മണമുള്ള പേജുകളിലെ തടിച്ചു കുറുകിയ അക്ഷരങ്ങള്‍ ഇപ്പോഴും കണ്‍മുന്നിലുണ്ടെങ്കിലും കൃതിയുടെ പേര് ഓര്‍മയിലില്ല. ഈ പ്രയോഗത്തെ ഇപ്പോഴത്തെ കേരളീയ സാഹചര്യത്തിലേക്ക് കൊണ്ടുവന്നാല്‍ `ഓ മൈ വി എസ്' എന്ന് ഉപയോഗിക്കേണ്ടിവരുമെന്ന് തോന്നുന്നു.
ഒരു ദശാബ്‌ദത്തിനിടെ മലയാളികള്‍ക്കിടയില്‍ ഇത്രത്തോളം താര പരിവേഷം ലഭിച്ച മറ്റൊരു നേതാവില്ല തന്നെ. 2006ലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് മലമ്പുഴ മണ്ഡലത്തില്‍ പലേടത്തും പ്രായമായവരുള്‍പ്പെടെ വി എസ്സിന് പുഷ്‌പാഭിഷേകം നടത്തി തൊഴുതു നിന്നതിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഇക്കുറി അത് ഒരു പടികൂടി കടന്നു. മലമ്പുഴ മണ്ഡലത്തിലെ പ്രചാരണ യോഗങ്ങളില്‍ വൃദ്ധരായവര്‍ പോലും വി എസ്സിന്റെ കാലില്‍ തൊട്ടുതൊഴുന്നതും ഭക്ത്യാദരപൂര്‍വം തൊഴുതുനില്‍ക്കുന്നതും കാണാമായിരുന്നു. വി എസ്സും ഒപ്പമുള്ള സി പി എം നേതാക്കളും ഇത് ഏറെക്കുറെ ആസ്വദിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ വി എസ്സിനെ കാണാനും ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്താനും എന്തിന് ഒന്ന് തൊട്ടുനോക്കാനുമൊക്കെ തടിച്ചുകൂടിയ ജനതതി അമ്പരപ്പിക്കുന്നതായിരുന്നു. എതിര്‍ പക്ഷത്തുള്ളവര്‍ക്ക് മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വരെ ഇത് അസൂയ ജനിപ്പിച്ചുവെന്ന് നിസ്സംശയം പറയാം.
കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാവ് അന്നും ഇന്നും എ കെ ഗോപാലനെന്ന എ കെ ജിയാണ്. അദ്ദേഹത്തിന് പോലുമില്ലാത്ത ജനകീയത വി എസ്സിന് ലഭിച്ചുവെന്ന് പറയാം. ഈ പിന്തുണ വോട്ടിന്റെ രൂപത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സഹായിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ മെയ് 13 വരെ കാത്തിരിക്കണം. പിന്തുണക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ് ജനം വി എസ്സിനെ കാണാന്‍ തടിച്ചു കൂടിയത് എന്ന ചോദ്യം പ്രസക്തമാണ്. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് നിസ്സംശയം പറയുന്നവരില്‍ തന്നെ വലിയൊരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ്സിനെ നിര്‍ദേശിക്കുന്ന വൈരുധ്യവും പ്രകടമായിരുന്നു.
ഈ താരപരിവേഷം സി പി എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്‌ട്രീയത്തില്‍ വരും നാളുകളില്‍ പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. വി എസ്സിനെ ഉള്‍പ്പെടുത്തി പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിലും വ്യക്തി ആരാധന വര്‍ധിക്കുന്നതിലും ദോഷം ദര്‍ശിച്ച് മുതിര്‍ന്ന നേതാക്കളിലൊരാളായ എം എം ലോറന്‍സ് രംഗത്തുവന്നത് അതിന്റെ സൂചനയാണ്. തിരഞ്ഞെടുപ്പില്‍ വി എസ് ഫാക്‌ടര്‍ ഗുണം ചെയ്‌തുവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നിലപാടെടുത്തതും സി പി എമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ കൂടി ആ നിലപാടുകള്‍ക്ക് യു ഡി എഫും മാധ്യമങ്ങളും പ്രാമുഖ്യം നല്‍കിയതുമാണ് താരപരിവേഷത്തിന് കാരണം. ഭരണത്തിന്റെ അവസാന നാളുകളില്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയ ഐസ്‌ക്രീം, ആര്‍ ബലകൃഷ്‌ണ പിള്ള കേസുകള്‍ സ്വന്തം ക്രെഡിറ്റിലെഴുതാന്‍ വി എസ്സിന് സാധിക്കുകയും ചെയ്‌തു.
കാല്‍ നൂറ്റാണ്ടിലേറെ നീണ്ട നിയമ നടപടികള്‍ക്ക് ശേഷം ആര്‍ ബാലകൃഷ്‌ണ പിള്ള ശിക്ഷിക്കപ്പെട്ടപ്പോള്‍ അത് വി എസ് അച്യുതാനന്ദന്റെ മാത്രം നേട്ടമായാണ് വിശേഷിപ്പിക്കപ്പെട്ടത്. 87കാരനായ ഈ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളില്‍ കാതലുണ്ടെന്ന തോന്നല്‍ ഉളവാകുകയും ചെയ്‌തു. `അഴിമതിക്കെതിരെ ഞാന്‍ മുന്‍കൈ എടുത്ത് നടത്തിയ പോരാട്ടങ്ങളെ' ക്കുറിച്ച് അദ്ദേഹം വാചാലനായത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇതിനിടെയാണ് ടി എച്ച് മുസ്‌തഫയുടെ ഹരജിയിലും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള പി ജെ തോമസിന്റെ നിയമനം നിയമപരമല്ലെന്ന സുപ്രീം കോടതി വിധിയിലും തട്ടി പാമോയില്‍ കേസ് വീണ്ടും ഉയര്‍ന്നത്. 1991 - 96 കാലത്ത് താന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാമോയില്‍ കേസ് ഉന്നയിച്ചതും അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് അന്നേ ആരോപിച്ചതും വി എസ് ഉയര്‍ത്തിക്കാട്ടി. ഇടമലയാര്‍, പാമോയില്‍ തുടങ്ങിയ അഴിമതിക്കേസുകളുടെ കാര്യത്തില്‍ കോടതി നടപടികളിലൂടെ വി എസ് നടത്തിയ ഇടപെടലുകള്‍ മറക്കാനാകില്ല. അതുകൊണ്ട് തന്നെ `ഞാന്‍ നടത്തിയ ഇടപെടലുകള്‍', `എന്റെ പോരാട്ടം' എന്ന വാക്കുകള്‍ പൊടുന്നനെ സ്വീകരിക്കപ്പെട്ടു. `ഞാന്‍' എന്ന സൃഷ്‌ടി ഏത് വിധത്തിലായിരുന്നുവെന്നത് വി എസ്സിന് പ്രസക്തമല്ലാതായി, പൊതു സമൂഹത്തിനും.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ചില പ്രത്യേകതകളുണ്ടായിരുന്നു. 1987ല്‍ അധികാരത്തിലെത്തിയ ഇ കെ നായനാര്‍ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയാണ് വി എസ് അച്യുതാനന്ദന്‍. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയമാണ് കാലാവധി പൂര്‍ത്തിയാകും മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ പ്രേരണയായത്. അന്ന് പാര്‍ട്ടി, പാര്‍ലിമെന്ററി പദവികള്‍ പരസ്‌പരം മാറണമെന്ന വി എസ്സിന്റെ നിര്‍ദേശം സി പി എം അംഗീകരിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി എസ് മാരാരിക്കുളത്തു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. വിജയിച്ചു. പക്ഷേ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം യു ഡി എഫിന് തുണയാകുകയാണ് ചെയ്‌തത്. അങ്ങനെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ വി എസ് പ്രതിപക്ഷ നേതാവായി. പാമോയില്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലക്ക് വി എസ് അതില്‍ ശക്തമായി ഇടപെട്ടു.
ഇതേ സ്ഥിതി തന്നെയാണ് ഇപ്പോള്‍ ബാലകൃഷ്‌ണപിള്ള ശിക്ഷിക്കപ്പെട്ട ഇടമലയാര്‍ കേസിലുമുണ്ടായത്. 1982 - 87 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നായനാരും അഞ്ച് പ്രതിപക്ഷ എം എല്‍ എമാരുമാണ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ടത്. തുടര്‍ന്ന് അക്കാലത്ത് നടന്ന എല്ലാ നിയമ നടപടികളുടെയും പിറകില്‍ സ്വാഭാവികമായും ഇവര്‍ തന്നെയായിരുന്നു. സി പി എമ്മിന്റെയും വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി സംഘടനയുടെയും മറ്റും പിന്തുണ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിനും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടാകും. ഇടമലയാര്‍ കേസില്‍ ഇപ്പോള്‍ ബാലകൃഷ്‌ണ പിള്ള ശിക്ഷിക്കപ്പെടുമ്പോള്‍ കേസിന് തുടക്കം കുറിച്ച ഇ കെ നായനാര്‍ക്കാണ് ക്രെഡിറ്റെന്ന് ആരെങ്കിലും കരുതുമോ? ഇതേ സ്ഥിതി തന്നെയാണ് പാമോയില്‍ കേസിലുമുള്ളത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ കേസ് ഏറ്റെടുത്തു.
ഇടമലയാര്‍ കേസില്‍ നായനാര്‍ പ്രതിപക്ഷ നേതാവായിരിക്കെ ആരംഭിച്ച നിയമയുദ്ധം വി എസ് തുടര്‍ന്നു. അതിന് യാതൊരു വിധത്തിലുള്ള സഹായവും ആരില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം വാദിച്ചാല്‍ വിശ്വസിക്കുക പ്രയാസമാണ്. പാമോയില്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും കുരിയാര്‍ കുറ്റി - കാരപ്പാറ കേസ് വാദം കേള്‍ക്കുക പോലും ചെയ്യാതെ തള്ളിക്കളയാന്‍ കോടതി തീരുമാനിച്ചപ്പോഴും പ്രതിപക്ഷ നേതൃ സ്ഥാനത്ത് വി എസ് അച്യുതാനന്ദനായിരുന്നു. അതുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതുകൊണ്ട് കേസുകള്‍ മുന്നോട്ടുപോയി. അതിനര്‍ഥം, എല്ലാം വി എസ്സിന്റെ മാത്രം ജാഗ്രതയും മിടുക്കുമാണെന്ന് കരുതുന്നതില്‍ വൈരുധ്യമുണ്ട്.
പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്താന്‍ ഒരവസരം കൂടി തേടുമ്പോള്‍ വി എസ് പ്രധാനമായും ഉദ്ദേശിച്ചത് ഐസ്‌ക്രീം കേസിനെയായിരുന്നു. ഈ കേസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉയര്‍ന്നു വന്നതിന് പിന്നില്‍ എം കെ മുനീര്‍ ചെയര്‍മാനായ ചാനലാണ് പ്രധാന പങ്ക് വഹിച്ചത്. അത് ഉപയോഗിക്കുക എന്ന ജോലി മാത്രമാണ് വി എസ് ചെയ്‌തത്. യഥാര്‍ഥത്തില്‍ സ്വന്തം പാര്‍ട്ടിക്കും അതിലെ സര്‍വ പ്രതാപിയായ നേതാവിനുമെതിരെ യുദ്ധം ചെയ്‌തത് മുനീറാണ്. സ്വന്തം പാര്‍ട്ടിക്കെതിരെപ്പോലും യുദ്ധം ചെയ്യാന്‍ മടിക്കാത്ത നേതാക്കള്‍ക്ക് ജനങ്ങള്‍ താരപരിവേഷം നല്‍കുമെങ്കില്‍ അതിന് ഏറ്റവുമധികം സാധ്യത മുനീറിനായിരുന്നു. അത് ലഭിക്കാതിരുന്നതിന്റെ കാരണം ആരോപണവിധേയമായ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഒപ്പം മുനീര്‍ തുടര്‍ന്നുവെന്നതാണ്. നേതാവിനെ ന്യായീകരിച്ചുവെന്നതും.
ഈ വിഷയങ്ങള്‍ ഏറ്റെടുത്ത് വി എസ് മുന്നോട്ടുവരുമ്പോള്‍ അതിന് സ്വീകാര്യത ലഭിക്കണമെങ്കില്‍ ഇടത് പക്ഷത്തിന് അല്‍പ്പമെങ്കിലും വേറിട്ട് നില്‍ക്കാന്‍ സാധിക്കണം. അത് സാധിച്ചുവെന്ന് തന്നെ കരുതണം. കാരണം ഇക്കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ വിശ്വസനീയമായ അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നില്ല. സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നപ്പോള്‍, അത് പുറത്തറിയിക്കാന്‍ തയ്യാറായില്ലെങ്കിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ആരോപണവിധേയനെ മാറ്റിനിര്‍ത്താന്‍ സി പി എം തയ്യാറായി. പാര്‍ട്ടി എന്ന നിലക്ക് കുറച്ചെങ്കിലും മര്യാദ അവര്‍ നിലനിര്‍ത്തുന്നുവെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ഇതിന്റെ കൂടി ഫലമാണ് വി എസ്സിന് ലഭിക്കുന്ന സ്വീകാര്യത. ആ സ്വീകാര്യത താരപരിവേഷത്തിലേക്ക് മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അദ്ദേഹവും ഒപ്പം നില്‍ക്കുന്ന നേതാക്കളുമാണ്.
കാല് തൊട്ടുതൊഴുത് മാറി നില്‍ക്കുന്ന ജനങ്ങള്‍ മേലാള, കീഴാള പ്രതീതി ജനിപ്പിക്കുന്നുണ്ട്. അത്തരം കീഴാള പക്ഷങ്ങള്‍ക്ക് സമൂഹത്തില്‍ തുല്യത ഉറപ്പാക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പണ്ട് മുതലേ പ്രവര്‍ത്തിക്കുന്നത്. കാല് തൊട്ടുതൊഴുന്നവരെ ആശീര്‍വദിച്ച് സ്വയം ആസ്വദിക്കാന്‍ തയ്യാറാകുമ്പോള്‍ അറുപതാണ്ട് നീണ്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന ചരിത്രം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കാണാനും തൊടാനും മൊബൈല്‍ ക്യാമറയില്‍ ചിത്രമെടുക്കാനും ജനം വെമ്പി നില്‍ക്കുമ്പോള്‍ പരാജയപ്പെടുന്നത് ഒരു പാര്‍ട്ടിയുടെ രാഷ്‌ട്രീയ അജന്‍ഡയാണ്. അതില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച് വി എസ് തന്നെ മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ്.
തൊഴാനും തൊടാനും കൂടിയ ജനങ്ങളുടെ പ്രതീക്ഷ മാത്രമാണ് ബാക്കിയാകുന്നത്. തിന്മകള്‍ക്കും മാഫിയകള്‍ക്കുമെതിരെ പോരാടുന്ന ഒരു നേതാവ് തങ്ങള്‍ക്കുണ്ടെന്ന പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വി എസ്സിന് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം സാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ താരപരിവേഷം പ്രതിബന്ധമായിരുന്നു ഇക്കുറി. വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് വല്ലാര്‍പാടത്തേക്ക് റോഡുണ്ടാക്കാന്‍ നിരവധി കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചത്. രാജ്യത്തിനാകെ മാതൃകയാകും വിധത്തിലുള്ള പുനരധിവാസ പദ്ധതി ഇവര്‍ക്കായി തയ്യാറാക്കിയതും വി എസ്സിന്റെ മന്ത്രിസഭയാണ്. ഈ പദ്ധതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ ജനകീയനായ മുഖ്യമന്ത്രിക്ക് സാധിച്ചില്ല എന്നത് വസ്‌തുതയായി ശേഷിക്കുന്നു. സി പി എമ്മിലെ ഔദ്യോഗിക വിഭാഗം കൂച്ചുവിലങ്ങിട്ടതുകൊണ്ട് വി എസ്സിന് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല എന്ന വാദം ഒരു ഭാഗത്തുണ്ട്. പക്ഷേ, മൂലമ്പിള്ളിയിലെ പുനരധിവാസത്തിന് ഇത്തരമൊരു തടസ്സവുമുണ്ടായിരുന്നില്ല. എന്നിട്ടും നടപ്പാക്കാനായില്ല.
ഇതേ വിധത്തില്‍ തന്നെ സി പി എമ്മിലെ ഔദ്യോഗികപക്ഷത്തെയും വിലയിരുത്തേണ്ടതുണ്ട്. എല്ലാറ്റിനും മേല്‍ പാര്‍ട്ടി എന്ന് വാദിക്കുന്ന ഇവരും മൂലമ്പിള്ളിയിലെ പുനരധിവാസം ഉറപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാണിച്ചില്ല. ഇത്തരക്കാര്‍ക്ക് വേണ്ടിക്കൂടിയല്ലേ പാര്‍ട്ടി എന്ന തോന്നല്‍ ഉണ്ടായതുമില്ല. കിനാലൂരില്‍ റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരത്തിനിറങ്ങിയവരുടെ തല തല്ലിപ്പൊളിച്ച പോലീസ് നടപടിയെ തള്ളിപ്പറഞ്ഞില്ല. ഭൂമി നഷ്‌ടപ്പെടുന്നവരുടെ വേദന പങ്കിടാനുള്ള ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നു. `ഞാന്‍ സ്വീകരിച്ച നിലപാടുകള്‍', `എന്റെ പോരാട്ടം' എന്ന ഉദ്‌ഘോഷവും എല്ലാം പാര്‍ട്ടിയെന്ന ആവര്‍ത്തനവും സൂക്ഷ്‌മമായി വിശകലനം ചെയ്യപ്പെടേണ്ട ഘട്ടത്തിലാണ് സി പി എമ്മും സമൂഹവും എത്തിനില്‍ക്കുന്നത്. അതൊരു വിഭാഗീയതയുടെ പരിവേഷമില്ലാതെ നടക്കുമോ എന്നതാണ് പ്രധാന ചോദ്യം.
അങ്ങനെ നടന്നാല്‍ `ഓ മൈ വി എസ്'...
കേരളം കണ്ടതിൽവെച്ച് ഒരു ഉജ്ജ്വലമായ ഭരണം ഇവിടെ കാഴ്ചവെച്ച വി.സിന്റെ നേതൃത്ത്വപാടവത്തിനു ജനം ആത്മാർഥമയ വിലയിരുത്തലാണ് ഈ തിരെഞ്ഞെടുപ്പിൽ നൽകിയതെങ്കിൽ തീർച്ചയായും മെയ് 13 കഴിയുമ്പോൾ കേരളത്തിൽ ഒരു വികസനവിപ്ലവത്തിന്റെ രാജപാത തുറക്കപ്പെടും .മാറ്റത്തിന്റെ ഒരു കാറ്റ്വീശുന്നത് കേൽക്കാൻ കഴിയുന്നു..
ReplyDelete