2011-04-07

കുറി ഭാഗ്യമാണ്‌, അതില്‍ നേരു തിരയരുത്‌നാളെ, നാളെ, നാളെ...ഭാഗ്യക്കുറിയുടെ ഏറെ പ്രസിദ്ധമായ പരസ്യ വാചകത്തിന്റെ തുടക്കം. എപ്പോള്‍ പറഞ്ഞാലും അര്‍ഥവത്താകുന്നുവെന്ന പ്രത്യേകത ഈ തുടക്കത്തിനുണ്ട്‌. അനിവാര്യമായ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യും. നാളെ സംഭവിക്കാനിടയുള്ള നല്ല കാര്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ പുരോഗമനത്തിന്‌ പ്രേരണയാകുന്നതും. ഭാഗ്യക്കുറിയുടെ പരസ്യവും ഈ പ്രതീക്ഷയാണ്‌ പങ്ക്‌ വെക്കുന്നത്‌. നാളെ എന്നത്‌ വലിയ പ്രലോഭനമാണെന്ന്‌ തിരിച്ചറിഞ്ഞ പരസ്യമെഴുത്തുകാരന്റെ മിടുക്ക്‌. ലോട്ടറി ആര്‌ നടത്തുന്നതായാലും ചൂതാട്ടത്തിന്റെ അംശം അതിലുണ്ട്‌ എന്നത്‌ നിഷേധിക്കാനാകില്ല. പേപ്പര്‍ ലോട്ടറിയാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറിയാണെങ്കിലും ഇത്‌ നിലനില്‍ക്കും.


 കേരള സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്നത്‌ കൊണ്ട്‌ പൂര്‍ണമായും വിശ്വാസയോഗ്യമാവണമെന്നുമില്ല. ഒന്നാം സമ്മാനങ്ങള്‍ തുടര്‍ച്ചയായി ഒരേ പ്രദേശത്തുകാര്‍ക്ക്‌ ലഭിച്ചത്‌ കേരള സര്‍ക്കാറിന്റെ ലോട്ടറിയിലാണ്‌. സമ്മാനം ലഭിക്കുന്ന ലോട്ടറി ടിക്കറ്റ്‌ സമ്മാനത്തിന്‌ തുല്യമായ തുക കൊടുത്ത്‌ വാങ്ങി കള്ളപ്പണം നിയമവിധേയമാക്കുന്ന ലോബിയാണ്‌ തുടര്‍ച്ചയായി ഒരേ പ്രദേശത്തുകാര്‍ക്ക്‌ സമ്മാനം ലഭിക്കാന്‍ കാരണമെന്ന്‌ ആക്ഷേപമുണ്ട്‌. അപ്പോള്‍ ചൂതാട്ടത്തിനപ്പുറത്തുള്ള തട്ടിപ്പ്‌ ലോട്ടറിയുടെ ഭാഗമായി നടക്കുന്നുവെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതൊക്കെയാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി അതിന്റെ കുറഞ്ഞ വിശ്വാസ്യത നിലനിര്‍ത്തുന്നുണ്ട്‌.

ഈ വിശ്വാസ്യത പോലും അവകാശപ്പെടാന്‍ സാധിക്കാത്തവയാണ്‌ കേരളത്തില്‍ വിറ്റഴിച്ചിരുന്ന പുറത്തുനിന്നുള്ള ലോട്ടറികള്‍. സിക്കിം സര്‍ക്കാറിനും ഭൂട്ടാന്‍ ഭരണകൂടത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌ ഭൂരിഭാഗം. എത്ര ലോട്ടറി വില്‍ക്കുന്നുവെന്ന്‌ കണക്കില്ല. നറുക്കെടുപ്പ്‌ നടത്തുന്നത്‌ എങ്ങനെ എന്ന്‌ അറിയില്ല. ആദ്യ സമ്മാനങ്ങള്‍ ആര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്നതും അറിയില്ല. ഇവയെ നിരോധിക്കണമെന്ന കാര്യത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഏകാഭിപ്രായം. ഇവയുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. അന്വേഷിക്കേണ്ടത്‌ സി ബി ഐ ആയിരിക്കണമെന്ന കാര്യത്തിലും ഒരേ അഭിപ്രായം. എന്നിട്ടും വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുകയും ജനങ്ങളെ അവ്യക്തതയില്‍ നിര്‍ത്തുകയും ചെയ്‌ത വിഷയമായി ലോട്ടറി മാറി. ഏറ്റവും ഒടുവില്‍ സി ബി ഐ അന്വേഷണം ആകാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത്‌ സംസ്ഥാന സര്‍ക്കാറിന്റെ വിജയമായി അതിന്‌ നേതൃത്വം നല്‍കുന്ന വ്യക്തികളും പാര്‍ട്ടികളും അവകാശപ്പെടുന്നു. തങ്ങള്‍ നടത്തിയ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വിജയമായെന്ന്‌ പ്രതിപക്ഷത്തെ വ്യക്തികളും പാര്‍ട്ടികളും അവകാശപ്പെടുന്നു. പല കാരണങ്ങളുന്നയിച്ച്‌ നാളെ, നാളെ, നാളെ...എന്ന്‌ നീട്ടിയ അന്വേഷണത്തിനാണ്‌ ഒടുവില്‍ അരങ്ങൊരുങ്ങുന്നത്‌. അപ്പോഴും സംശയങ്ങള്‍ ബാക്കിയാകുന്നു. 


കേരളത്തിന്‌ പുറത്ത്‌ പ്രവര്‍ത്തിക്കുന്ന ലോട്ടറികളെക്കുറിച്ച്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എഫ്‌ ഐ ആര്‍ കൈമാറണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആരംഭിക്കുമെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്‌. തര്‍ക്കം രൂക്ഷമായ കേരളത്തില്‍ മാത്രം അന്വേഷണം ഒതുക്കി നിര്‍ത്തണമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ബന്ധമുണ്ടെന്ന്‌ തോന്നും. രാജ്യത്ത്‌ 12 സംസ്ഥാനങ്ങളിലും അഞ്ച്‌ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമാണ്‌ ലോട്ടറി നിയമവിധേയമായിട്ടുള്ളത്‌. വടക്കു കിഴക്കന്‍ മേഖലയിലെ ഏഴ്‌ സംസ്ഥാനങ്ങളിലും പഞ്ചാബ്‌, സിക്കിം, കേരള, മഹാരാഷ്‌ട്ര എന്നിവയിലും ലോട്ടറി അനുവദിച്ചിരിക്കുന്നു. ഇവിടങ്ങളില്‍ പരസ്യമായും മറ്റ്‌ സംസ്ഥാനങ്ങളില്‍ രഹസ്യമായും ലോട്ടറി വില്‍പ്പന നടക്കുന്നുണ്ട്‌. ഒരു ദിവസം വില്‍ക്കുന്നത്‌ 40 കോടി രൂപയുടെ ടിക്കറ്റുകളാണ്‌ എന്നാണ്‌ ഏകദേശ കണക്ക്‌. ഇതില്‍ അറുപത്‌ ശതമാനവും നിയമവിധേയമല്ലാത്ത വില്‍പ്പന. 7,200 കോടിയുടെ അനധികൃത വില്‍പ്പന വര്‍ഷത്തില്‍ നടക്കുന്നുവന്നാണ്‌ കണക്ക്‌.

ഈ അനധികൃത വില്‍പ്പനാ ശൃംഖല ആരംഭിക്കുന്നത്‌ അസമിലെ മണി കുമാര്‍ സുബ്ബയില്‍ നിന്നാണ്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍ പാര്‍ലിമെന്റ്‌ അംഗവുമായ സുബ്ബ 2009ല്‍ തേസ്‌പൂരില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ അസം നിയമസഭയിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സുബ്ബയുടെ സഹോദരനും സിറ്റിംഗ്‌ എം എല്‍ എയുമായ സഞ്‌ജയ്‌ റായ്‌ സുബ്ബ മത്സരിക്കുന്നുണ്ട്‌. 2006ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച സഞ്‌ജയ്‌ സുബ്ബ ഇക്കുറി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാണ്‌. ലോട്ടറി രാജാവെന്ന്‌ വിളിക്കുന്നത്‌ ഇഷ്‌ടപ്പെടുന്നയാളാണ്‌ സുബ്ബ. ശൃംഖലയിലെ തെക്കേയറ്റത്തെ കണ്ണി കേരളീയര്‍ക്ക്‌ സുപരിചിതനാണ്‌ -സാന്റിയാഗോ മാര്‍ട്ടിന്‍. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്‌ ലോട്ടറി സംഭരണ, വിതരണം നടത്തുന്നു. മ്യാന്‍മര്‍ സ്വദേശിയായ മാര്‍ട്ടിന്‍ അരുണാചല്‍ പ്രദേശില്‍ വെച്ചാണ്‌ ലോട്ടറി വ്യവസായത്തില്‍ പങ്കാളിയാകുന്നത്‌. വ്യവസായം കോയമ്പത്തൂരിലേക്ക്‌ മാറ്റിയതിന്റെ കാരണം ആര്‍ക്കും വ്യക്തമല്ല.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആര്‍ അനുസരിച്ച്‌ സി ബി ഐ നടത്തുന്ന അന്വേഷണം ഈ വിപുലമായ ശൃംഖലയിലേക്ക്‌ എത്തിപ്പെടുമോ എന്നത്‌ ഇപ്പോള്‍ വ്യക്തമല്ല. മണി കുമാര്‍ സുബ്ബ - സാന്റിയാഗോ മാര്‍ട്ടിന്‍ അച്ചുതണ്ടിന്‌ അധികാര, ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍ അത്തരമൊരു അന്വേഷണം ഉണ്ടാകാന്‍ സാധ്യത കുറവാണ്‌. നികുതി ഒടുക്കാതെ അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയെന്നതാണ്‌ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന ഒരു പരാതി. അതിന്‍മേലുള്ള അന്വേഷണം കേരളത്തില്‍ ഒതുങ്ങുന്നതാണ്‌. നറുക്കെടുപ്പ്‌ സുതാര്യമല്ലെന്ന പരാതിയോ സമ്മാനങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയോ അന്വേഷിച്ച്‌ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക പ്രയാസമില്ല. 


മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പരാതികളില്ലാത്ത സ്ഥിതിക്ക്‌ അതേക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ല. ലോട്ടറി നിയമവിധേയമല്ലാത്ത സ്ഥലങ്ങളില്‍ അനധികൃതമായി വില്‍പ്പന നടക്കുന്നുണ്ടെങ്കില്‍ തടയേണ്ടത്‌ അതാത്‌ സംസ്ഥാന സര്‍ക്കാറുകളാണ്‌. ചുരുക്കത്തില്‍ വര്‍ഷത്തില്‍ 13,000 കോടിയുടെ ലോട്ടറി ടിക്കറ്റ്‌ രാജ്യത്ത്‌ വില്‍ക്കുന്ന (ഇതില്‍ 60 ശതമാനം ലോട്ടറി നിയമവിധേയമല്ലാത്ത സ്ഥലങ്ങളിലാണ്‌) വലിയൊരു വ്യവസായത്തിന്‌ പരമാവധി ദൂഷ്യമുണ്ടാകാത്ത വിധത്തില്‍ അന്വേഷണം നടത്തണമെന്നതില്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടാവണം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം എന്ന്‌ പറഞ്ഞിരിക്കുന്നത്‌.

ഈ എഫ്‌ ഐ ആറിനെ ആധാരമാക്കി അന്വേഷണം ആരംഭിച്ച്‌, പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ പരിധി വ്യാപിപ്പിക്കാന്‍ തടസ്സമില്ല. പക്ഷേ, അതിന്‌ സി ബി ഐ മുതിരാന്‍ ഇടയില്ല. എ രാജ അറസ്റ്റിലായ ടെലികോം അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലുണ്ടായ ശേഷമാണ്‌ സി ബി ഐയുടെ വേഗം കൂടിയത്‌. എന്നിട്ടൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴോ, കൈമാറ്റം ചെയ്യപ്പെട്ട കോഴപ്പണത്തെക്കുറിച്ച്‌ ഒരക്ഷരം അതിലില്ല. 1.76 ലക്ഷം കോടിയുടെ നഷ്‌ടം ഖജനാവിനുണ്ടാക്കിയെന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ മുപ്പതിനായിരം കോടിയിലേക്ക്‌ ഒതുക്കി നിര്‍ത്താനും സി ബി ഐക്ക്‌ സാധിച്ചു. ഈ ഏജന്‍സി പാറശ്ശാലക്കും മഞ്ചേശ്വരത്തിനുമപ്പുറത്ത്‌ ലോട്ടറിക്കേസ്‌ അന്വേഷിക്കുമെന്ന്‌ കരുതുക മൗഢ്യമാവും. 


ഇനി അത്തരമെന്തെങ്കിലും ഉദ്ദേശ്യം ഏജന്‍സിക്കുണ്ടായാല്‍ തടയിടാന്‍ മന്‍മോഹന്‍ സിംഗും ചിദംബരവും വീരപ്പ മൊയ്‌ലിയുമൊക്കെ സര്‍ക്കാറിന്റെ അമരത്തുണ്ട്‌. അവരുള്ളതുകൊണ്ടാണ്‌ കേരളത്തിന്റെ പരാതിയനുസരിച്ചുള്ള സി ബി ഐ അന്വേഷണം ഇത്രയും വൈകിപ്പിക്കാന്‍ സാധിച്ചത്‌.
80,000 കോടിയുടെ അഴിമതി ലോട്ടറിക്കേസില്‍ നടന്നുവെന്ന്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി പറഞ്ഞിട്ടും തൊടുന്യായം പറഞ്ഞുനിന്നു പി ചിദംബരവും കേന്ദ്ര സര്‍ക്കാറും. എത്ര കോടിയുടെ അഴിമതിയാണെങ്കിലും അന്വേഷണം വേണമെങ്കില്‍ അപേക്ഷ ലഭിക്കണമെന്നായി ആദ്യം. കത്ത്‌ കിട്ടിയിട്ടേ ഇല്ലെന്ന്‌ രണ്ടാമത്‌. കത്ത്‌ പേഴ്‌സണല്‍ മന്ത്രാലയത്തിന്‌ നല്‍കണമെന്നതില്‍ വിട്ടുവീഴ്‌ച പറ്റില്ലെന്ന്‌ പിന്നീട്‌ അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിലേക്ക്‌ അയച്ച കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നേ പറഞ്ഞിട്ടുള്ളൂ, സി ബി ഐ എന്ന്‌ വിശേഷിച്ച്‌ എഴുതിയിട്ടില്ല എന്ന്‌ വാദിച്ചു. അന്വേഷണം ആവശ്യപ്പെടും മുമ്പ്‌ കേരളം ഒരു കേസ്‌ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തി. എല്ലാറ്റിനുമൊടുവിലാണ്‌ സി ബി ഐ അന്വേഷണമാകാമെന്ന്‌ സമ്മതിച്ചിരിക്കുന്നത്‌. കേരളത്തിലെ സര്‍ക്കാറിന്‌ നേതൃത്വം നല്‍കുന്നത്‌ രാഷ്‌ട്രീയത്തിലെ എതിരാളികളും ആണവ കരാറിന്‌ പാരവെക്കാന്‍ പരമാവധി ശ്രമിച്ചവരുമായ ഇടത്‌ കക്ഷികളാണെന്നതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കുന്നതിന്‌ മുമ്പ്‌ ഇത്തരം ചികഞ്ഞുനോക്കലൊക്കെ ചിദംബരത്തിനും മന്‍മോഹനും നടത്തേണ്ടിവരും. പക്ഷേ, 80,000 കോടിയുടെ അഴിമതി ആരോപണവുമായി രമേശ്‌ ചെന്നിത്തലയും അതിലേറെ വലിയ ആരോപണവുമായി വി ഡി സതീശനും ഓടിപ്പാഞ്ഞു നടന്നിട്ട്‌ അവരെ വിശ്വസിക്കാതിരുന്നതിലേ ഖേദിക്കാനുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കളമശ്ശേരി ബസ്സ്‌ കത്തിക്കലെന്ന `കുപ്രസിദ്ധമായ ഭീകര പ്രവര്‍ത്തനം' സംബന്ധിച്ച കേസ്‌ കേരളത്തോട്‌ ചോദിക്കുക പോലും ചെയ്യാതെ എന്‍ ഐ എക്ക്‌ കൈമാറാന്‍ തിടുക്കം കൂട്ടിയവരാണ്‌ ലോട്ടറിയില്‍ ഇത്രയും തടസ്സവാദങ്ങള്‍ ഉന്നയിച്ചതെന്നത്‌ കൂടി ഇവിടെ പ്രസക്തമാണ്‌.

നാളെ, നാളെ, നാളെ... എന്നായിരുന്ന സി ബി ഐ അന്വേഷണം ആകാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. ഇനി എന്ത്‌? എ രാജയുടെ സഹായി സാദിഖ്‌ ബാഷ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ്‌ സി ബി ഐ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ്‌ ഏറ്റവും പുതിയ ഉദാഹരണം. പ്രഖ്യാപനം വന്ന്‌ ദിവസങ്ങള്‍ക്കു ശേഷവും കേസ്‌ ഏറ്റെടുത്ത്‌ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. ടെലികോം കേസ്‌ ദിനേനയെന്നോണം പരിഗണിക്കുന്നതിനാല്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ ഇടപെട്ടു. വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ ആവശ്യപ്പെടണമെന്ന്‌ അറ്റോര്‍ണി ജനറലിനോട്‌ ആവശ്യപ്പെട്ടു. എന്നിട്ടും കാര്യങ്ങള്‍ നടക്കാതായപ്പോള്‍ മൂന്ന്‌ ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അന്ത്യശാസനം നല്‍കി. ഇവിടെ കോടതിയുടെ സജീവ പരിഗണനയിലൊന്നുമുള്ള വിഷയമല്ല ലോട്ടറി. വോട്ടെടുപ്പ്‌ തീരുന്നതോടെ ചുരുങ്ങിയത്‌ രമേശ്‌ ചെന്നിത്തലക്കും വി ഡി സതീശനുമെങ്കിലും ഇക്കാര്യത്തിലുള്ള താത്‌പര്യം നഷ്‌ടമാകുകയും ചെയ്യും. അതുകൊണ്ട്‌ സി ബി ഐ അന്വേഷണത്തിന്‌ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഒരു ഹരജി വൈകാതെ ഹൈക്കോടതിയില്‍ പ്രതീക്ഷിക്കാം. നാളെ എന്നത്‌ പ്രതീക്ഷയും പ്രലോഭനവുമാണല്ലോ