2011-01-25

ഇലിനയുടെ റിപ്പബ്ലിക്ക്‌ (നമ്മുടെയും)പരമാധികാര സ്ഥാനം ജനങ്ങള്‍ക്ക്‌ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം പ്രാബല്യത്തിലാക്കിയിട്ട്‌ 61 വര്‍ഷം പൂര്‍ത്തിയാകുകയാണ്‌ ഇന്ന്‌. പതിവുപോലെ ആഡംബരസമൃദ്ധമായിരിക്കും ആഘോഷങ്ങള്‍. പ്രധാന പ്രതിപക്ഷമായ ബി ജെ പി കാശ്‌മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി `രാജ്യാന്തസ്സ്‌' വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ജമ്മു കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്‌ ആവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ്‌ ബി ജെ പിയുടെ പതാക ഉയര്‍ത്തല്‍. ലാല്‍ ചൗക്കില്‍ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സ്‌ (സി ആര്‍ പി എഫ്‌) പതാക ഉയര്‍ത്തിയാല്‍ പോര, തങ്ങള്‍ തന്നെ ഉയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുണ്ട്‌ അവര്‍ക്ക്‌. 


ഉയരുന്ന പതാകയേക്കാള്‍ ഉയര്‍ത്തുന്ന കരങ്ങളിലാണ്‌ രാജ്യസ്‌നേഹത്തിന്റെ കൂറ്‌ തെളിയിക്കപ്പെടേണ്ടത്‌. കുറഞ്ഞത്‌ നാലിടത്തെ സ്‌ഫോടനങ്ങളിലെങ്കിലും തങ്ങളുടെ സഹോദര സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന്‌ തെളിയിക്കേണ്ടത്‌ ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത്‌ തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്‌ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല.

കാശ്‌മീരിലെ പതാക ഉയര്‍ത്തല്‍ തടയാനും ക്രമസമാധാനപാലനം ഉറപ്പാക്കാനും നിര്‍ദേശിക്കുന്ന കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും മറ്റൊരു വശത്ത്‌ കപട ദേശീയ ബോധത്തിന്റെയും വ്യാജ രാജ്യസ്‌തുതിയുടെയും ഭാഗത്തുനില്‍ക്കുന്നതും കാണുന്നുണ്ട്‌. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയ, വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷക്ക്‌ വിധിച്ച ബിനായക്‌ സെന്നിന്റെ ഭാര്യ ഇലിന സെന്നിനെതിരെ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം (എ ടി എസ്‌) കേസെടുത്തത്‌ അതുകൊണ്ടാണ്‌. പൃഥ്വിരാജ്‌ ചവാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ - എന്‍ സി പി സര്‍ക്കാറാണ്‌ മഹാരാഷ്‌ട്ര ഭരിക്കുന്നത്‌. പോലീസ്‌ ഹാജരാക്കിയ തെളിവുകളെല്ലാം സ്വീകരിച്ച്‌ ബിനായക്‌ സെന്നിനെ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌ ഇതിനകം വലിയ വിമര്‍ശത്തിന്‌ കാരണമായിട്ടുണ്ട്‌. വിധിയെ വിമര്‍ശിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തവെ താന്‍ ഈ രാജ്യത്ത്‌ സുരക്ഷിതയാണോ എന്നതില്‍ ഇലിന സെന്‍ പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ നീതിന്യായ സംവിധാനം ഇത്തരത്തിലാണ്‌ പെരുമാറുന്നതെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത്‌ അഭയം തേടുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാജ്യത്താണ്‌ മധ്യവയസ്സ്‌ കഴിഞ്ഞ ഒരു സ്‌ത്രീക്ക്‌ ഇങ്ങനെ പറയേണ്ടിവരുന്നത്‌ എന്നത്‌ പ്രധാനമാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ആദിവാസി മേഖലയില്‍ സേവനം ചെയ്യാന്‍ തയ്യാറായ ഡോക്‌ടര്‍ എന്നീ നിലകളില്‍ ബിനായക്‌ സെന്‍ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു. രണ്ട്‌ വര്‍ഷത്തിലധികം വിചാരണത്തടവില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന്‌ ജാമ്യം നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിരുന്നു. ഇതും കോടതി നടപടികളും അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമെന്ന നിലയിലും ഇലിനയും പ്രസിദ്ധയായിരുന്നു. സി പി ഐ (മാവോയിസ്റ്റ്‌)യെ നേരിടാന്‍ ഛത്തീസ്‌ഗഢ്‌ സര്‍ക്കാര്‍ രൂപവത്‌കരിച്ച സാല്‍വ ജുദും എന്ന സ്വകാര്യ ഗുണ്ടാപ്പടയുടെ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന ആദിവാസികളെ സഹായിക്കുന്നതിലും ഇവര്‍ മുന്നില്‍ നിന്നു. 


അതുകൊണ്ടുതന്നെ പോലീസിലെയോ ഇന്റലിജന്‍സ്‌ ബ്യൂറോയിലെയോ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞ്‌ സൈ്വരമായി ഒരു ചായ കുടിക്കാന്‍ പോലും ഇവര്‍ക്ക്‌ കഴിഞ്ഞ കുറേക്കാലമായി കഴിഞ്ഞിട്ടുണ്ടാവില്ല. മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്ന്‌ എല്ലാ വിശേഷാവസരങ്ങളിലും പതിവായി ഓര്‍മിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്‌ ഭരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മാവോയിസ്റ്റുകള്‍, അനുയായികള്‍, അനുഭാവികള്‍ എന്നിവരെല്ലാം എല്ലായ്‌പ്പോഴും നിരീക്ഷണവലയത്തിലാണ്‌. മാവോയിസ്റ്റുകള്‍ക്ക്‌ വലിയ സ്വാധീനശക്തിയില്ലാത്ത കേരളത്തെപ്പോലെയല്ല, സംസ്ഥാനത്തിന്റെ പകുതിയിലേറെ സ്ഥലത്ത്‌ ഭരണം പോലും അവര്‍ നിയന്ത്രിക്കുന്ന ഛത്തീസ്‌ഗഢ്‌. അതുകൊണ്ട്‌ അവിടെ നീരീക്ഷണ വലയം കൂടുതല്‍ ശക്തവുമാണ്‌.

ഇങ്ങനെയുള്ള ഇലിന സെന്‍ മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ വിദേശികള്‍ പങ്കെടുത്തതാണ്‌ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗത്തെ (ആന്റി ടെററിസ്റ്റ്‌ സ്‌ക്വാഡ്‌ - എ ടി എസ്‌) പ്രകോപിപ്പിച്ചത്‌. സമ്മേളനത്തില്‍ ക്ഷണമനുസരിച്ച്‌ പങ്കെടുത്തത്‌ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ ഇലിന പറയുന്നു. ഇവരില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ സഹീദ ഹീനക്ക്‌ വിസ അനുവദിച്ചപ്പോള്‍ തന്നെ ഇളവുകളുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ ഇവര്‍ എത്തുന്നുവെന്ന വിവരം പോലീസിനെ അറിയിക്കേണ്ടിയിരുന്നില്ല. മറ്റ്‌ രണ്ട്‌ പേരുടെ കാര്യം പോലീസിനെ അറിയിച്ചില്ല എന്നതാണ്‌ സമ്മേളനത്തിന്റെ സംഘാടക സമിതി അംഗം എന്ന നിലയില്‍ ഇലിന ചെയ്‌ത കുറ്റമെന്ന്‌ എ ടി എസ്‌ പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒളിച്ചും പാത്തും വാര്‍ധയിലെത്തിയതല്ല. വിസക്ക്‌ അപേക്ഷിച്ച്‌, അനുവാദം ലഭിച്ച്‌ ഒക്കെ എത്തിയതാണ്‌. വിദേശ പൗരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘാടക സമിതി പോലീസിനെ അറിയിക്കുക എന്നത്‌ നിയമപരമായി ചെയ്യേണ്ട കാര്യമാണ്‌. അത്‌ ചെയ്‌തില്ല എന്നത്‌ നിയമപരമായ കോണില്‍ തെറ്റുമാണ്‌. പക്ഷേ, ഭീകരവിരുദ്ധ വിഭാഗം ഇടപെട്ട്‌ കേസെടുപ്പിക്കാന്‍ പാകത്തിലുള്ള ഗൗരവം അതിനുണ്ടോ എന്ന ചോദ്യം ശേഷിക്കുന്നു.

അമേരിക്കയില്‍ നിന്ന്‌ മുംബൈയിലേക്ക്‌ പല കുറി പറന്ന്‌ വേണ്ട വിവരങ്ങളെല്ലാം ശേഖരിച്ച്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി കടന്നുപോകുമ്പോള്‍ ഇതേ ഭീകരവിരുദ്ധ വിഭാഗം ഇവിടെയുണ്ടായിരുന്നു. മുംബൈയില്‍ ആക്രമണത്തിന്‌ തിരഞ്ഞെടുത്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ച്‌ ലശ്‌കറെ ത്വയ്യിബക്ക്‌ കൈമാറിയത്‌ താനാണെന്ന്‌ അമേരിക്കയിലെ കോടതിയില്‍ ഹെഡ്‌ലി നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്‌. എന്നിട്ടും ഹെഡ്‌ലിയെക്കുറിച്ചൊരു പരാമര്‍ശം പോലും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എ ടി എസ്‌ ഉള്‍പ്പെടുത്തിയില്ല. ഹെഡ്‌ലിയുടെ കാര്യത്തിലില്ലാത്ത താത്‌പര്യം ഇലിനയുടെ കാര്യത്തില്‍ കാട്ടിയത്‌ എന്തുകൊണ്ടാകും? അമേരിക്കന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌ ഹെഡ്‌ലി. അതുകൊണ്ട്‌ തന്നെ ആഭ്യന്തര സുരക്ഷക്ക്‌ ഇപ്പോള്‍ ഭീഷണിയല്ല. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തി കോടതി ജീവപര്യന്തം തടവിന്‌ വിധിച്ച ഒരാളുടെ ഭാര്യ സ്വതന്ത്രയായി വിഹരിക്കുകയും ഭര്‍ത്താവിന്റെ മോചനത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത്‌ ആഭ്യന്തര സുരക്ഷക്ക്‌ തീര്‍ത്തും വെല്ലുവിളി തന്നെയാണ്‌. കേസെടുക്കണം, കഴിയുമെങ്കില്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവില്‍ സൂക്ഷിക്കണം.

ഇത്‌ തന്നെയാണ്‌ പരമാധികാരം ജനങ്ങള്‍ക്ക്‌ നല്‍കി പ്രതിനിധികള്‍ ഭരണം നടത്തുന്ന രീതി. പ്രതിനിധികളുടെ ഭരണം അറുപതാണ്ട്‌ പിന്നിട്ടിട്ടും അതിന്റെ ആനുകൂല്യങ്ങളൊന്നും ഇതുവരെ സിദ്ധിച്ചിട്ടില്ലാത്ത ആദിവാസി വിഭാഗങ്ങളെ തന്റെ കഴിവും അറിവും ഉപയോഗിച്ച്‌ സഹായിക്കാനെത്തിയ ഡോക്‌ടറെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ശിക്ഷിക്കുക. അദ്ദേഹത്തിന്‌ വേണ്ടി രംഗത്തിറങ്ങിയ ഭാര്യയെ കേസില്‍ കുടുക്കുക. ഏതെങ്കിലും പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നുവെന്നത്‌ ഒരു കുറ്റമായി കാണാനാകുമോ? ഇതേ പ്രത്യയശാസ്‌ത്രം പ്രാവര്‍ത്തികമാക്കിയ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്‌ മന്‍മോഹന്‍ സിംഗ്‌. പ്രത്യയശാസ്‌ത്രത്തിന്റെ നടപ്പാക്കലിന്‌ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്‌ പിന്തുണക്കാവുന്ന കാര്യമല്ല. പക്ഷേ, സര്‍വസന്നാഹങ്ങളുമുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിനെ അക്രമമായി കാണാനാകുമോ? 


മറ്റൊരു പ്രത്യയശാസ്‌ത്രത്തിന്റെ നടപ്പാക്കലിന്‌ വേണ്ടിയാണ്‌ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഗ്നി വര്‍ഷിക്കുന്നത്‌. ആ അക്രമത്തിന്‌ നേതൃത്വം നല്‍കുന്നവരുമായി തോളില്‍ കൈയിട്ടു നില്‍ക്കാന്‍ മടി കാട്ടാത്തവരാണ്‌ നമ്മുടെ ഭരണകൂടം. അവിടെ ജനങ്ങള്‍ക്കാണോ പരമാധികാരം? 


ജനങ്ങള്‍ക്ക്‌ പരമാധികാരമെന്നാല്‍ അവരുടെ ഇംഗിതമെന്ന്‌ കൂടിയാണ്‌ അര്‍ഥം. ആ ഇംഗിതമെന്ത്‌ എന്ന്‌ അറിയാന്‍ ജമ്മു കാശ്‌മീരില്‍ ജനഹിത പരിശോധന വേണമെന്ന്‌ ആവശ്യപ്പെട്ടതിനാണ്‌ അരുന്ധതി റോയിക്കെതിരെ കോടതിയുടെ നിര്‍ദേശപ്രകാരം രാജ്യദ്രോഹത്തിന്‌ കേസെടുത്തത്‌. പരമാധികാരം പോയിട്ട്‌ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കില്ലെന്നാണ്‌ പ്രാതിനിധ്യ ഭരണകൂടത്തിന്റെ നിലപാട്‌. ഇലിനക്കും അരുന്ധതിക്കുമെതിരെ കേസെടുക്കുമ്പോള്‍ പുറം ലോകം അറിയും. ചില പ്രതിഷേധ ശബ്‌ദങ്ങളെങ്കിലും ഉയരുകയും ചെയ്യും. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടക്കുകയോ വെടിവെച്ച്‌ കൊല്ലുകയോ ചെയ്‌ത നിരക്ഷരരായ ആദിവാസികളുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടാകില്ല. അറിയപ്പെടാത്ത ആ രക്തസാക്ഷികള്‍ക്ക്‌ കൂടി വേണ്ടിയാണ്‌ രാജ്യം റിപ്പബ്ലിക്കായത്‌. അതിനെ അധികാര വര്‍ഗത്തിന്റെ സ്വന്തം റിപ്പബ്ലിക്കാക്കുകയും അതിനുമേല്‍ കയറി ഇരുന്ന്‌ വിസര്‍ജിക്കുകയുമാണ്‌ പ്രതിനിധികള്‍. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങി പല ജാതി വിസര്‍ജ്യങ്ങള്‍. ഈ സ്ഥാനത്തേക്ക്‌ തിരിച്ചെത്താന്‍ മറ്റു ചിലരുടെ രാജ്യസ്‌നേഹ പ്രകടനങ്ങളും. അതിനെല്ലാം മറയിട്ടാണ്‌ ആഘോഷമായ പരേഡുകള്‍ നടക്കുക. സേനാ ഹെലിക്കോപ്‌റ്ററുകള്‍ പുഷ്‌പവൃഷ്‌ടി നടത്തുക. രാജ്യത്തിന്റെ വലിപ്പത്തെക്കുറിച്ച്‌ നമ്മെ തെറ്റിദ്ധരിപ്പിക്കുക. ഇലിനയെപ്പോലെ, അനുഭവത്തിന്റെ ചൂടുള്ളവര്‍ തിരിച്ചറിയുന്നത്‌ കാപട്യമായിരിക്കും.