2011-01-19
ചില പെട്രോള്‍ കാര്യങ്ങള്‍
ലിറ്ററിന് 1.22 രൂപ നഷ്‌ടത്തിലാണ് ഇപ്പോഴും പെട്രോള്‍ വില്‍ക്കുന്നത് എന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലപിക്കുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയായി ലിറ്ററിന് ആറ് രൂപയോളം പെട്രോള്‍ വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഈ നിലവിളി. പെട്രോളിന്റെ വില അന്താരാഷ്‌ട്ര വിപണിയിലെ വിലക്ക് ആനുപാതികമായി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു ശേഷം അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നുണ്ട്. ഇത് കൂടി ഇല്ലാതാക്കണമെന്നാണ് അംബാനി സഹോദരന്‍മാരുടെ അടുത്ത സുഹൃത്തായ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ ആഗ്രഹം. പെട്രോളിയം ഉത്‌പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ പ്രവേശിച്ച സ്വകാര്യ കമ്പനികളിലൊന്ന് റിലയന്‍സാണ്. പെട്രോളിയം മന്ത്രിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സന്തുഷ്‌ടനല്ലെന്നും വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡീസലിന്റെയും പാചകവാതകത്തിന്റെയും കൂടി വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തില്ല എന്നതാകണം പ്രധാനമന്ത്രിയുടെ അപ്രീതിക്ക് മുഖ്യകാരണം. അത് കൂടി വിട്ടുകൊടുത്താലല്ലേ റിലയന്‍സിനും ഷെല്ലിനും അവരുടെ ചില്ലറ വില്‍പ്പന കുറേക്കൂടി ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ.!
ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കമ്പോളത്തിന് വിട്ടുകൊടുത്താല്‍ അത് വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭയന്നിരുന്നത്. അത് ഏറെക്കുറെ ശരിയാണ് താനും. പൊതു ഗതാഗത, ചരക്ക് കടത്ത് മേഖലകളിലെ വാഹനങ്ങള്‍ പ്രധാനമായും ഡീസല്‍ ഇന്ധനമായവയാണ്. ഡീസലിന്റെ വില അന്താരാഷ്‌ട്ര വിപണിക്ക് ആനുപാതികമായി വര്‍ധിച്ചാല്‍ ചരക്ക് നീക്കത്തിന് ചെലവേറും. പൊതു ഗതാഗത സംവിധാനങ്ങളും നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകും. അത് വിലക്കയറ്റത്തിനും അതുവഴി പണപ്പെരുപ്പത്തിനും വഴിവെക്കും. പെട്രോള്‍ വില വര്‍ധിച്ചാല്‍ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. പെട്രോള്‍ ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളോ കാറോ സ്വന്തമായുള്ളവരാണ്. ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും സാമ്പത്തികമായി ഉയര്‍ന്ന ശ്രേണിയിലുള്ളവരും. അവര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത് സാധാരണക്കാരെ ബാധിക്കുന്നതല്ലെന്നും വാദമുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണ് എന്നത് തര്‍ക്ക പ്രശ്‌നമാണ്.
വന്‍തോതിലുള്ള ചരക്ക് നീക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വാദം ശരിയാണ്. അതായത് ഉത്‌പാദന കേന്ദ്രത്തില്‍ നിന്നുള്ള ചരക്ക് നീക്കം ഇത്തരത്തില്‍ നടക്കും. വൈദ്യുതിയോ ഡീസലോ ഇന്ധനമായ ട്രെയിനിലോ ഡീസല്‍ ഇന്ധനമായ ട്രക്കുകളിലോ ചരക്ക് നീക്കം സാധ്യമാണ്. ഈ ചരക്ക് നീക്കം നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭരണശാലകളിലേക്കാകും. അവിടെ നിന്ന് ഗ്രാമങ്ങളിലേക്കുള്ള കടത്ത് ഡീസല്‍ ഇന്ധനമായ വാഹനങ്ങളെ ആശ്രയിച്ചുള്ളതാകണമെന്നില്ല. അതായത് പെട്രോള്‍ വില വര്‍ധിക്കുന്നത് മൂലം വിലക്കയറ്റം നേരിടേണ്ടിവരുന്നത് ഗ്രാമങ്ങളിലെ ഉപഭോക്താക്കളാണ്. നഗരങ്ങള്‍ താരതമ്യേന വാങ്ങല്‍ശേഷി കൂടിയ ആളുകളുടെ സംഗമ സ്ഥാനമാണ്. ഗ്രാമങ്ങള്‍ മറിച്ചും. അവിടെ ഉത്‌പാദിപ്പിക്കുന്ന വസ്‌തുക്കള്‍ക്ക് പലപ്പോഴും ന്യായ വില ലഭിക്കില്ല. അവിടേക്ക് എത്തുന്ന ഉത്‌പന്നങ്ങള്‍ക്ക് അധിക വില നല്‍കേണ്ടിയും വരും. വിലക്കയറ്റം സൃഷ്‌ടിക്കാതെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ബാധ്യതാഭാരം കുറക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന വാദം ഇവിടെ അപ്രസക്തമാണെന്ന് ചുരുക്കം.
ഇത്രയും വര്‍ധന വരുത്തിയ ശേഷവും നഷ്‌ടക്കണക്ക് പാടുന്നതിലുമുണ്ട് വൈരുധ്യം. കമ്പനികള്‍ പൊതുമേഖലയിലാണ്. അതായത് സര്‍ക്കാറിന്റെ സ്വന്തം ഉടമസ്ഥതയില്‍. ഈ കമ്പനികള്‍ വിദേശത്തുനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌ത് സംസ്‌കരിച്ച് ചില്ലറ വില്‍പ്പനശാലകളിലെത്തിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര പെട്രോളിയം ഉത്‌പാദനം ആഭ്യന്തര ആവശ്യത്തിന്റെ ഇരുപത് ശതമാനത്തോളം നേരിടാനേ തികയൂ. ബാക്കി 80 ശതമാനവും വിദേശത്തു നിന്ന് ഇറക്കുകയാണ് ചെയ്യുന്നത്. ഇറക്കുമതി ചെയ്‌ത്, സംസ്‌കരിച്ച്, വിപണ ശൃംഖലയിലെത്തിക്കുന്നതിന്റെ ചെലവുമായി താരതമ്യം ചെയ്‌താണ് 1.22 രൂപ ഇപ്പോഴും നഷ്‌ടമുണ്ടെന്ന് കമ്പനികള്‍ പറയുന്നത്. കമ്പനികളുടെ നഷ്‌ടമെന്ന് പറഞ്ഞാല്‍ അതിന്റെ യഥാര്‍ഥ ഉടമസ്ഥരായ സര്‍ക്കാറിന്റെ നഷ്‌ടമെന്ന് അര്‍ഥം. പെട്രോള്‍ ലിറ്ററിന് 61 രൂപയില്‍ അധികം ഉപഭോക്താക്കള്‍ നല്‍കുമ്പോള്‍ അതിന്റെ പകുതിയോളം സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ്. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ചുങ്കം ഈടാക്കുന്നുണ്ട്. സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്ന പെട്രോളിനും ഡീസലിനും മേല്‍ ചുമത്തുന്ന നികുതി ഏറെക്കുറെ ഇങ്ങനെയാണ്: എക്‌സൈസ് തീരുവ = 14.35 ശതമാനം. കസ്റ്റംസ് തീരുവ = 7.5 ശതമാനം. വില്‍പ്പന നികുതി/മൂല്യ വര്‍ധിത നികുതി = 20 ശതമാനം. 61 രൂപ പെട്രോളിന് നല്‍കുന്ന ഒരു ഉപഭോക്താവ് 26 രൂപയോളം സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുന്നു. ഈ തുക മറച്ചുവെച്ചാണ് ഇപ്പോഴും 1.22 രൂപ ലിറ്ററിന് നഷ്‌ടം വരുന്നുവെന്ന് എണ്ണക്കമ്പനികള്‍/സര്‍ക്കാര്‍ വാദിക്കുന്നത്.
കഴിഞ്ഞ പൊതുബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്കുകള്‍ ഭേദഗതി ചെയ്‌തപ്പോള്‍ വില വര്‍ധിച്ചിരുന്നു. അന്ന് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വിലകളുമായി താരതമ്യം ചെയ്‌ത് ഇന്ത്യയില്‍ ഇപ്പോഴും വില കുറവാണെന്ന് സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണക്കുള്ള വില മാത്രമല്ല ആഭ്യന്തര വിപണിയിലെ വിലയെ നിശ്ചയിക്കുന്നത് എന്ന വസ്‌തുത മറച്ചുവെച്ചായിരുന്നു ഈ ന്യായീകരണം. സള്‍ഫറിന്റെ അംശം കൂടുതലുള്ളതും കുറഞ്ഞതുമായ രണ്ടിനം എണ്ണ അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യമാണ്. സള്‍ഫറിന്റെ അംശം കൂടുതലുള്ളത്, അതിന് വില താരതമ്യെന കുറവാണ്, സംസ്‌കരിക്കുക പ്രയാസമാണ്. എന്നാല്‍ ഇത്തരം സംസ്‌കരണത്തിന് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വേണ്ടത്ര വൈദഗ്‌ധ്യം കൈവരിച്ചിട്ടുണ്ട്. അതില്ലാത്തതുകൊണ്ടാണ് അയല്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കേണ്ടിവരുന്നത്. ഒപ്പം ആ രാജ്യങ്ങളിലെ ഭൗമശാസ്‌ത്ര, രാഷ്‌ട്രീയ പ്രത്യേകതകള്‍ കൊണ്ടും.
ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയ ഉത്‌പന്നങ്ങളാക്കി വേര്‍തിരിക്കുന്നതിന് എന്ത് ചെലവ് വരുമെന്നത് ഇന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ രഹസ്യമാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഇന്ത്യന്‍ കമ്പനികളുടെ പക്കലുള്ള ഉപകരണങ്ങളുടെ മികവും പഠനവിധേയരാക്കിയവരുടെ കണക്കനുസരിച്ച് ഒരു ലിറ്റര്‍ സംസ്‌കരിക്കുന്നതിന് വേണ്ടിവരിക അഞ്ചര രൂപ മാത്രമാണ്. ഒരു ബാരല്‍ എന്നാല്‍ 158.99 ലിറ്റര്‍ എന്നാണ് കണക്ക്. ബാരലിന് 90 ഡോളര്‍ കണക്കാക്കിയാല്‍ ഇന്ത്യന്‍ രൂപയില്‍ വില 4095. ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണക്ക് വില 26 രൂപ. സംസ്‌കരണച്ചെലവ് അഞ്ചര രൂപയും ചരക്ക് കടത്തിനുള്ള കൂലി ലിറ്ററിന് അഞ്ച് രൂപയും (ഇത്രയും തുക ഒരു കാലത്തുമുണ്ടാകില്ല) കണക്കാക്കിയാലും ഒരു ലിറ്റര്‍ പെട്രോളിന് ആകെ ചെലവ് 36 രൂപ. ഈ പെട്രോളാണ് 61 രൂപ കൊടുത്തുവാങ്ങി നമ്മള്‍ നിശ്ശബ്‌ദം പോരുന്നത്.
ഒരു ഭാഗത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. മറ്റൊരു ഭാഗത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യത്തിനിടയില്‍ സര്‍ക്കാറിനെ ആശങ്കപ്പെടുത്തുന്നത് പണപ്പെരുപ്പ നിരക്കിന്റെ കണക്കുകള്‍ മാത്രമാണ്. ഭക്ഷ്യവസ്‌തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 16 ശതമാനത്തില്‍ ഏറെയായിരിക്കുന്നു. ആകെ പണപ്പെരുപ്പ നിരക്ക് ഒമ്പത് ശതമാനത്തിലും. ആകെ നിരക്ക് അഞ്ചിനോടടുപ്പിച്ച് നിര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ആരോഗ്യമുള്ള സമ്പദ്‌ഘടനയുടെ ലക്ഷണമായി ധനതത്വ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നത് അഞ്ച് ശതമാനത്തോട് അടുത്ത പണപ്പെരുപ്പ നിരക്കാണ്. ഇത് സാധ്യമാക്കാന്‍ റിസര്‍വ് ബേങ്കിന്റെ നിരക്കുകള്‍ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച് വിപണിയിലേക്കുള്ള പണമൊഴുക്ക് നിയന്ത്രിക്കും. അതിലൂടെ പണപ്പെരുപ്പ നിരക്കില്‍ ചെറിയ മാറ്റം വരുത്താന്‍ പലപ്പോഴും സാധിക്കുകയും ചെയ്യും. കാലാവസ്ഥ അനുകൂലമാകുകയും ഉത്‌പാദനം മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി വിപണിയില്‍ വിലകള്‍ ഇടിയും. അപ്പോഴും പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകും. ഇത്തരം സാഹചര്യങ്ങളൊന്നുമില്ലാതെ ഒന്നൊന്നര വര്‍ഷം മുമ്പ് പണപ്പെരുപ്പം പണച്ചുരുക്കത്തിലേക്ക് എത്തിയത് രാജ്യം കണ്ടു. വില വര്‍ധിച്ചുനില്‍ക്കുകയും പണച്ചുരുക്കം അനുഭവപ്പെടുകയും ചെയ്‌ത സ്ഥിതിയായിരുന്നു അന്ന്. അതായത് ധനതത്വശാസ്‌ത്രത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളുപയോഗിച്ചുള്ള വിശകലനവും തിരുത്തലും അതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന പ്രതിച്ഛായയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതിനപ്പുറത്തുള്ള യഥാര്‍ഥ ബാധ്യത ജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുകയും ചെയ്യുന്നു.
26 രൂപയോളം നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയും സര്‍ക്കാറിന്റെ നഷ്‌ടം നികത്താനെന്ന പേരില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴും സിദ്ധാന്തങ്ങളുടെ പ്രയോഗവത്‌കരണമാണ് നടക്കുന്നത്. ഇതുമൂലം ഉയരുന്ന വിലകളെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ക്ഷാമബത്തയുടെ ആനുകൂല്യം സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കും. അപ്പോഴും പുറത്തുനിര്‍ത്തപ്പെടുന്നത് നാം മുമ്പേ പറഞ്ഞ ഗ്രമ വാസികളോ സാധാരണക്കാരോ ആണ്.
കഴിവുള്ളവര്‍ അതിജീവിക്കട്ടെ എന്ന ഫാസിസ്റ്റ് തത്വശാസ്‌ത്രത്തിന്റെ ഭംഗ്യന്തരേണയുള്ള നടപ്പാക്കലാണിത്. പലവിധ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളെ സ്വാംശീകരിക്കാനും അതിനെ ഉപയോഗപ്പെടുത്താനും കഴിയാത്തവര്‍ പുറന്തള്ളപ്പെടും. അത് തന്നെയാണ് ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ദേശിക്കുന്നതും.
രാജ്യത്ത് കൃഷിക്കാരുടെ എണ്ണം ഇത്രയുമധികം ആവശ്യമില്ലെന്ന് മുന്‍കാലത്ത് മന്‍മോഹന്‍ അഭിപ്രായപ്പെട്ടത് കൂടി ഓര്‍ക്കുക. അതുകൊണ്ട് പെട്രോള്‍ വില ഒറ്റപ്പെട്ട ഏകകമല്ല. അത് തുടരുന്ന ഒരു പദ്ധതിയുടെ തുലോം ചെറിയ ഘടക പദാര്‍ഥം മാത്രമാണ്. മറ്റുള്ളവ നമ്മുടെ പരിസരത്തുണ്ട്, ചിലതിനെ നാം അറിയുന്നു. മറ്റ് ചിലതിനെ അറിയാതെ പേറുന്നു. നേരിട്ടറിയുന്നവരില്‍ ചിലര്‍ ജീവന്‍ തന്നെ അവസാനിപ്പിച്ച് കഴിവുള്ളവരുടെ അതിജീവനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)
കഴിവുള്ളവര്‍ അതിജീവിക്കട്ടെ എന്ന ഫാസിസ്റ്റ് തത്വശാസ്‌ത്രത്തിന്റെ ഭംഗ്യന്തരേണയുള്ള നടപ്പാക്കലാണിത്.
ReplyDeleteയഥാർത്ഥത്തിൽ അത് തന്നെയാണ് നടക്കുന്നതും .
ഭൂരിപക്ഷം വരുന്ന സാധരണക്കരായുള്ള ജനവിഭാഗത്തിന്റെ പ്രശ്നങ്ങളിലേക്കു ഒരിക്കൽ പോലും എത്തിനോക്കാൻ കഴിയാതെ പോയ ഒരു ഭരണസംവിധാനമാണ് അവരെ ഭരിക്കുന്നതു .