2011-01-07

കാരസ്‌കരത്തിന്റെ കുരുമറവ്‌ ചെയ്യാന്‍ തുടങ്ങുമ്പോഴത്തെ തിരിച്ചുവരവാണ്‌ ബൊഫോഴ്‌സ്‌ കോഴക്കേസിന്റെത്‌. ഈ തിരിച്ചുവരവ്‌ കോണ്‍ഗ്രസിനെയും കേന്ദ്ര സര്‍ക്കാറിനെയും ആശയക്കുഴപ്പത്തിലാക്കുന്നു. കോഴക്കേസ്‌ മൂടി വെക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന പൊതുവിശ്വാസത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. എ ബി ബൊഫോഴ്‌സില്‍ നിന്ന്‌ ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഉറപ്പിച്ചപ്പോള്‍ രാജ്യത്തെ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇടനിലക്കാരും കോഴ വാങ്ങിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. അതില്‍ ഒട്ടാവിയോ ക്വത്‌റോച്ചി വിചാരണ നേരിട്ടിട്ടില്ല. വിന്‍ ഛദ്ദ വിചാരണക്കാലത്ത്‌ മരിക്കുകയും ചെയ്‌തു. വിന്‍ ഛദ്ദയും ക്വത്‌റോച്ചിയും കോഴയായി (കമ്മീഷന്‍ എന്ന്‌ ഓമനപ്പേര്‌) 41 കോടി രൂപ കൈപ്പറ്റിയെന്നാണ്‌ ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ തുകക്ക്‌ നികുതി ഒടുക്കാന്‍ ബാധ്യതയുണ്ടെന്നും അത്‌ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നികുതി നിയമങ്ങള്‍ ശിക്ഷാഭയം കൂടാതെ ലംഘിക്കാന്‍ കഴിയുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന ധാരണയുണ്ടാകുമെന്നും ട്രൈബ്യൂണല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ബൊഫോഴ്‌സ്‌ ഇടപാടില്‍ അഴിമതിയുണ്ടായിട്ടില്ലെന്നാണ്‌ ആരോപണം ഉയര്‍ന്ന കാലത്ത്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയും കോണ്‍ഗ്രസും ആവര്‍ത്തിച്ചിരുന്നത്‌. അതേ നിലപാട്‌ തന്നെയാണ്‌ കോണ്‍ഗ്രസിനും ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനുമുള്ളത്‌. അതുകൊണ്ടാണ്‌ ക്വത്‌റോച്ചിയുടെ ബേങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാനും അദ്ദേഹത്തിനെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരുന്ന റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ ഒഴിവാക്കാനും അവര്‍ തയ്യാറായത്‌. ക്വത്‌റോച്ചിക്കെതിരായ നിയമ നടപടികള്‍ പിന്‍വലിക്കാനുള്ള അപേക്ഷയുമായി സി ബി ഐ കോടതിയെ സമീപിക്കുന്നതിന്‌ പിറകിലും കോണ്‍ഗ്രസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും താത്‌പര്യമുണ്ട്‌. കോഴ കൈപ്പറ്റിയെന്ന്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയ ശേഷവും കേസ്‌ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ സി ബി ഐ. ട്രൈബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന്‌ സി ബി ഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തവുമാണ്‌.

ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ നീതിന്യായ സംവിധാനത്തിന്റെ അധികാരങ്ങളുള്ള സ്ഥാപനമാണ്‌. അത്‌ പുറപ്പെടുവിക്കുന്ന ഉത്തരവ്‌ നിയമപരമായി പാലിക്കപ്പെടേണ്ടതുമാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക്‌ സെന്നിനെ മാവോയിസ്റ്റ്‌ ബന്ധത്തിന്‌ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവുശിക്ഷക്ക്‌ വിധിച്ചത്‌ വലിയ വിമര്‍ശത്തിന്‌ കാരണമായിരുന്നു. ഇതിനോട്‌ പ്രതികരിക്കവെ ആഭ്യന്തര മന്ത്രി പി ചിദംബരം പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്‌. നീതിന്യായ പ്രക്രിയയുടെ ഭാഗമായി ഒരു കോടതി വിചാരണ ചെയ്‌ത്‌ സെന്നിന്‌ ശിക്ഷ വിധിക്കുകയായിരുന്നു. ഇതില്‍ എതിരഭിപ്രായമുള്ളവരുണ്ടാകാം. അത്തരക്കാര്‍ സെന്നിന്റെ ശിക്ഷ ചോദ്യം ചെയ്‌ത്‌ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ്‌ വേണ്ടത്‌. നിയമ വാഴ്‌ചയെ ബഹുമാനിക്കുന്നവര്‍ നിയമ പ്രക്രിയയെയും ബഹുമാനിക്കണം. വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയും നീതിക്ക്‌ വേണ്ടി പോരാടുകയുമാണ്‌ നിയമ പ്രക്രിയയെ ബഹുമാനിക്കേണ്ടവര്‍ ചെയ്യേണ്ടത്‌. ഈ അഭിപ്രായം ബിനായക്‌ സെന്നിന്റെ കാര്യത്തില്‍ മാത്രമല്ല ബൊഫോഴ്‌സ്‌ കോഴക്കേസിലും ബാധകമാണ്‌.

കോഴപ്പണം കൈമാറ്റം ചെയ്‌തുവെന്നും അതിന്‍മേലുള്ള നികുതി ഈടാക്കണമെന്നുമാണ്‌ വിധി. ഇത്‌ പാലിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ കോഴപ്പണത്തിന്റെ നികുതി പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. അങ്ങനെ നികുതി പിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ ബൊഫോഴ്‌സ്‌ ഇടപാടില്‍ കോഴയുണ്ടെന്ന്‌ അംഗീകരിക്കേണ്ടിവരും. അതിന്‌ തയ്യാറുണ്ടോ നിയമ വാഴ്‌ചയെ അങ്ങേയറ്റം ബഹുമാനിക്കുന്ന പി ചിദംബരവും കൂട്ടരും? അപ്പലേറ്റ്‌ ട്രൈബ്യൂണലിന്റെ മുന്നില്‍ വന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവികമായും വാദി ഭാഗത്താണ്‌ നില്‍ക്കേണ്ടത്‌. കേന്ദ്ര ഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ പണം ലഭിക്കാന്‍ ഇടയുള്ള കേസില്‍ ആരോപണവിധേയനൊപ്പം നില്‍ക്കാന്‍ സര്‍ക്കാറിന്‌ സാധിക്കില്ലല്ലോ. ബൊഫോഴ്‌സ്‌ ഇടപാടില്‍ കോഴ കൈമാറിയെന്ന്‌ ഉറപ്പിക്കാന്‍ പാകത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ക്വത്‌റോച്ചിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ കേസ്‌ അവസാനിപ്പിക്കണമെന്നും അപേക്ഷിച്ച സി ബി ഐയെ തുടര്‍ന്നും പിന്തുണക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറെങ്കില്‍ ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്യാന്‍ അവര്‍ തയ്യാറാകേണ്ടിയരും. ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്‌ത്‌ വിന്‍ ഛദ്ദയുടെ മകന്‍ കോടതിയെ സമീപിച്ചാല്‍ കേന്ദ്ര സര്‍ക്കാറും അതിന്‌ കീഴിലുള്ള ആദായ നികുതി വകുപ്പും എന്ത്‌ നിലപാട്‌ സ്വീകരിക്കും? ബൊഫോഴ്‌സ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനും കോണ്‍ഗ്രസിനും ഊരാക്കുടുക്കാകുകയാണ്‌.

അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയ കാര്യങ്ങളില്‍ പുതുമയില്ലെന്നും അതെല്ലാം തങ്ങള്‍ 1999ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതാണെന്നും സി ബി ഐ വാദിക്കുന്നുണ്ട്‌. അതായത്‌ ക്വത്‌റോച്ചിക്ക്‌ കോഴ ലഭിച്ചുവെന്നതിനുള്ള തെളിവുകള്‍ സി ബി ഐയുടെ പക്കലുണ്ട്‌ എന്ന്‌ അര്‍ഥം. അങ്ങനെയെങ്കില്‍ കേസ്‌ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ സി ബി ഐ വിശദീകരിക്കേണ്ടിവരും. ക്വത്‌റോച്ചിയുടെ മരവിപ്പിച്ച ബേങ്ക്‌ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കാന്‍ ആവശ്യപ്പെട്ടതും റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പിന്‍വലിക്കാന്‍ ഇന്റര്‍പോളിനോട്‌ അപേക്ഷിച്ചതും എന്തിനെന്നും സി ബ ഐ തന്നെ തുറന്നു പറയേണ്ടിവരും. വെറുമൊരു കോഴക്കേസ്‌ പ്രതിയെ 11 വര്‍ഷം വിചാരണയെന്ന വാള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതിലുള്ള മനോവിഷമം കൊണ്ടാണോ കേസ്‌ അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്‌? അതോ കോണ്‍ഗ്രസിന്റെയും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും ഇംഗിതത്തിന്‌ വഴങ്ങിയോ?

1987ല്‍ ബൊഫോഴ്‌സ്‌ കോഴ ആരോപണം കത്തിപ്പടര്‍ന്ന നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ സിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തെക്കുറിച്ച്‌. ക്വത്‌റോച്ചിയും വിന്‍ ഛദ്ദയും സ്വീകരിച്ച കോഴപ്പണം സ്വിസ്‌ ബേങ്കിലെ അക്കൗണ്ടുകളിലേക്കാണ്‌ എത്തിയതെന്ന്‌ ട്രൈബ്യൂണല്‍ ഉത്തരവ്‌ വ്യക്തമാക്കുന്നു. 23 വര്‍ഷത്തിന്‌ ശേഷവും സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്താന്‍ നമ്മുടെ ഭരണകൂടത്തിന്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല എന്നതിലേക്ക്‌ കൂടി ഇത്‌ വെളിച്ചം വീശുന്നുണ്ട്‌. ലഭ്യമായ രേഖകള്‍ പരിശോധിച്ച്‌ ക്വത്‌റോച്ചിയുടെയും വിന്‍ ഛദ്ദയുടെയും പണമൊഴുകിയ വഴി കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന്റെ ട്രൈബ്യൂണലിന്‌ സാധിച്ചു. സ്വിസ്‌ സര്‍ക്കാറുമായി നിലനില്‍ക്കുന്ന ഇരട്ടനികുതിയൊഴിവാക്കല്‍ കരാറിലെ വ്യവസ്ഥകള്‍ കള്ളപ്പണം കണ്ടെത്തുന്നതിന്‌ തടസ്സമാണെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്‌. നിശിതമായ പരിശോധനകളിലൂടെ കള്ളപ്പണം സൂക്ഷിച്ചവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാനാകുമെന്നാണ്‌ ട്രൈബ്യൂണല്‍ ഉത്തരവ്‌ പറഞ്ഞുതരുന്നത്‌. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മടി കാണിക്കുമ്പോള്‍ പുറത്തുവരാനിടയുള്ള വിവരങ്ങളെക്കുറിച്ച്‌ അവര്‍ക്കുള്ള ശങ്ക വ്യക്തമാണ്‌.

ട്രൈബ്യൂണല്‍ വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞവയാണെന്ന സി ബി ഐയുടെ വാദം നൂറ്‌ ശതമാനം ശരിയാണ്‌. എ ഇ സര്‍വീസസ്‌, മായോ അസോസിയേറ്റ്‌സ്‌, പനാമ കേന്ദ്രമായ സ്വെന്‍സ്‌ക എന്നിവയൊക്കെ സി ബി ഐയുടെ കുറ്റപത്രത്തിലല്ല ആദ്യം ഇടം പിടിച്ചത്‌. 1987ലും 88ലും എന്‍ റാമും ചിത്രാ സുബ്രഹ്മണ്യവും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലായിരുന്നു. ഇതേ റിപ്പോര്‍ട്ടുകളില്‍ തന്നെയാണ്‌ മൊറെസ്‌കോ, പിറ്റ്‌കോ, മൊയ്‌നിയോ തുടങ്ങിയ കമ്പനികളിലൂടെ ഹിന്ദുജ സഹോദരന്‍മാരിലേക്ക്‌ (ഗോപിചന്ദ്‌, പ്രകാശ്‌ചന്ദ്‌, ശ്രീചന്ദ്‌) ഒഴുകിയ കോഴപ്പണത്തിന്റെ കണക്കുകള്‍ വന്നത്‌. ഇതും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. പക്ഷേ, വിചാരണക്കോടതിക്ക്‌ മുമ്പാകെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി ബി ഐ പരാജയപ്പെട്ടു. യഥാര്‍ഥ രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ ഹിന്ദുജ സഹോദരന്‍മാര്‍ക്കെതിരായ ആരോപണം തള്ളിക്കളയുകയാണ്‌ വിചാരണക്കോടതി ചെയ്‌തത്‌. വിവരങ്ങളും വസ്‌തുതകളുമല്ല അതിന്‌ അടിസ്ഥാനമായ തെളിവുകളാണ്‌ പ്രധാനം. അതുണ്ടാക്കാന്‍ സി ബി ഐക്ക്‌ സാധിച്ചില്ല. പക്ഷേ, ആദായ നികുതി വകുപ്പിന്‌ അത്‌ സാധിച്ചിരിക്കുന്നു. 


അതുകൊണ്ടാകണമല്ലോ ട്രൈബ്യൂണല്‍ കോഴ കണക്കൂകൂട്ടി നികുതി ഒടുക്കാന്‍ നിര്‍ദേശിച്ചത്‌. വിന്‍ ഛദ്ദക്കും ക്വത്‌റോച്ചിക്കും കോഴപ്പണം ലഭിച്ചുവെന്നത്‌ ആദായ നികുതി വകുപ്പ്‌ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നികുതി ഒടുക്കാന്‍ അവര്‍ വിന്‍ ഛദ്ദയോട്‌ ആവശ്യപ്പെട്ടത്‌. ഈ നോട്ടീസ്‌ ചോദ്യം ചെയ്‌ത്‌ വിന്‍ ഛദ്ദയുടെ മകന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ്‌ ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്‌. ആദായ നികുതി വകുപ്പിന്‌ നേരത്തെ ബോധ്യപ്പെട്ട കോഴ സി ബി ഐക്ക്‌ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രണ്ട്‌ ഏജന്‍സികളും ഒരേ സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമാണ്‌. ഇതാണ്‌ യഥാര്‍ഥ നാനാത്വം. ഒരേ കേസില്‍ ഒരേ സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍ ഭിന്ന നിലപാടുകള്‍ സ്വീകരിക്കുക. ഒരു ഏജന്‍സി ശിക്ഷ വിധിക്കുമ്പോള്‍ മറ്റൊരു ഏജന്‍സി കേസ്‌ തന്നെ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുക. ജനായത്ത സമ്പ്രദായത്തിന്റെ വിജയത്തിന്‌ മറ്റൊരു തെളിവും ഹാജരാക്കേണ്ടതില്ല.

മൂന്ന്‌ കത്തുകള്‍ കൈമാറ്റം ചെയ്‌തുവെന്നത്‌ രാജ്യദ്രോഹമായി കണക്കാക്കി ജീവപര്യന്തം ശിക്ഷ വിധിക്കുന്ന രാജ്യത്താണ്‌ ഇതെല്ലാം നടക്കുന്നത്‌. കത്തില്‍ ആരുടെയും ഒപ്പില്ല. എന്നിട്ടും അത്‌ യഥാര്‍ഥ രേഖയായി കോടതി വിലക്കെടുത്തു. മറ്റൊരിടത്ത്‌ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന്‌ പറഞ്ഞ്‌ കുറ്റവിമുക്തരാക്കുകയും ചെയ്‌തു. യഥാര്‍ഥ രേഖകള്‍ ഹാജരാക്കാതെ വിചാരണ നടപടികള്‍ തുടരുന്നത്‌ പൊതുഖജനാവിലെ പണം അനാവശ്യമായി ചെലവഴിക്കലാകുമെന്നും ഹിന്ദുജ സഹോദരന്‍മാരെ വിട്ടയച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു. സംശയങ്ങള്‍ തുടരുന്നവര്‍ക്ക്‌ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നത്‌ മാത്രമാണ്‌ ഏക ആശ്വാസം.