2011-01-13

മാനസാന്തരത്തിന്റെ പൊരുള്‍



വിവിധ സ്‌ഫോടനങ്ങളില്‍ തനിക്കുള്ള പങ്ക്‌ സമ്മതിച്ച്‌ സ്വാമി അസിമാനന്ദ്‌ മൊഴി നല്‍കിയത്‌ സി ബി ഐ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്തിന്‌ വഴങ്ങിയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ബലം പ്രയോഗിച്ച്‌ കുറ്റസമ്മതത്തിന്‌ പ്രേരിപ്പിച്ച സി ബി ഐ, പിന്നീട്‌ മൊഴി മനഃപൂര്‍വം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്ന്‌ ആര്‍ എസ്‌ എസ്സും ബി ജെ പിയും. കുറ്റം സമ്മതിച്ച്‌ മൊഴി നല്‍കുന്നതിന്‌ മുമ്പ്‌ ചിന്തിച്ച്‌ തീരുമാനമെടുക്കാന്‍ രണ്ട്‌ ദിവസത്തെ സമയം അനുവദിച്ചിരുന്നുവെന്ന്‌ മജിസ്‌ട്രേറ്റ്‌. കുറ്റം സമ്മതിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച്‌ പല കുറി അസിമാനന്ദിന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. എന്നിട്ടും സ്വാമി കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ, മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയേണ്ടിവന്ന കലീം എന്ന യുവാവ്‌ ചെയ്‌ത സഹായങ്ങള്‍ തന്റെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും അതുകൊണ്ട്‌ കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചുവെന്നുമാണ്‌ അസിമാനന്ദ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ നല്‍കിയ മൊഴി.

നിരവധി മനുഷ്യരുടെ ജീവനെടുത്ത നാല്‌ സ്‌ഫോടനങ്ങളുടെ ആസുത്രണത്തില്‍ അസിമാനന്ദ്‌ പങ്കാളിയായെന്നാണ്‌ ഇതുവരെ പുറത്തുവന്ന വിവരം. പൊടുന്നനെയുണ്ടായ വികാരവിക്ഷോഭത്തിന്റെ ഫലമായിരുന്നില്ല ഈ ആക്രമണങ്ങളൊന്നും. മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്ക്‌ ശേഷം സുസംഘടിതമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയവയായിരുന്നു. ആദ്യ ആക്രമണത്തിന്‌ മലേഗാവ്‌ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്‌ താനാണെന്ന്‌ കുറ്റസമ്മത മൊഴിയില്‍ അസിമാനന്ദ്‌ തന്നെ പറയുന്നു. മലേഗാവിലെ ജനസംഖ്യയില്‍ 80 ശതമാനവും മുസ്‌ലിംകളാണെന്നതാണ്‌ ആദ്യ ലക്ഷ്യസ്ഥാനമാക്കാന്‍ കാരണം. വര്‍ഗീയത ഭ്രാന്തായി പടര്‍ന്നിരുന്നുവെന്ന്‌ ചുരുക്കം. ഈ ഉന്മത്താവസ്ഥക്കാണ്‌ ഹൈദരാബാദ്‌ ജയിലിലെ കലീമിന്റെ സേവനസന്നദ്ധത വിരാമമിട്ടതെന്നാണ്‌ അസിമാനന്ദയുടെ പക്ഷം. മാനസാന്തരത്തിന്‌ വലിയ സമയമൊന്നും ആവശ്യമില്ല. പക്ഷേ, അസിമാനന്ദയുടെ മാനസാന്തരത്തിന്‌ പിറകില്‍ ഇതുമാത്രമോ എന്ന സംശയം അസ്ഥാനത്തല്ല.

പ്രഗ്യാ സിംഗ്‌ താക്കൂര്‍, വിരമിച്ച മേജര്‍ രമേഷ്‌ ഉപാധ്യായ്‌, ലഫ്‌റ്റനന്റ്‌ കേണലായിരുന്ന ശ്രീകാന്ത്‌ പുരോഹിത്‌, സുനില്‍ ജോഷി, ദേവേന്ദര്‍ ഗുപ്‌ത, ലോകേഷ്‌ ശര്‍മ, സന്ദീപ്‌ ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ, സ്വാമി അസിമാനന്ദ്‌ എന്ന്‌ തുടങ്ങി ഇരുപതോളം പേരാണ്‌ ഹിന്ദുത്വ ഭീകരവാദ ശൃംഖലയില്‍ ഉള്‍പ്പെട്ടവരായി ആരോപിക്കപ്പെടുന്നത്‌. ഇവര്‍ക്ക്‌ വേണ്ട സഹായം നല്‍കിയെന്ന ആരോപണം ആര്‍ എസ്‌ എസ്‌ നേതാവായ ഇന്ദ്രേഷ്‌ കുമാറും നേരിടുന്നു. ഈ ചെറിയ വൃത്തം മാത്രമാണോ ഈ നാല്‌ സ്‌ഫോടനങ്ങള്‍ നടത്തിയത്‌? ഈ വൃത്തത്തില്‍ തന്നെ ആഭ്യന്തര ഭിന്നിപ്പിന്റെ സൂചനകളുമുണ്ട്‌. ഇന്ദ്രേഷ്‌ കുമാറിനെ പാക്കിസ്ഥാന്റെ ചാരന്‍ എന്നാണ്‌ ഇന്ദ്രേഷ്‌ വിശേഷിപ്പിച്ചത്‌ എന്ന്‌ അസിമാനന്ദ്‌ പറയുന്നു. ഇന്ദ്രേഷിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രീകാന്ത്‌ പുരോഹിത്‌ തയ്യാറായിരുന്നില്ല എന്ന്‌ ഇതില്‍ നിന്ന്‌ അനുമാനിക്കാം. ഈ വിശ്വാസമില്ലായ്‌മക്കിടയിലും സ്‌ഫോടനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവരൊന്നിച്ച്‌ പ്രവര്‍ത്തിച്ചുവെന്നാണോ കരുതേണ്ടത്‌? അതോ ഇത്തരം ഭിന്നിപ്പുകളെ അടക്കിനിറുത്തി സ്‌ഫോടനങ്ങള്‍ നടത്തി, സാമുദായിക ധ്രുവീകരണം രൂക്ഷമാക്കി അധികാരത്തെ ലക്ഷ്യമിട്ട്‌ നീങ്ങിയ മറ്റേതെങ്കിലും വ്യക്തികളോ സംഘടനകളോ ഉണ്ടായിരുന്നോ?

ഇവിടെയാണ്‌ അസിമാനന്ദയുടെ മാനസാന്തരത്തെക്കുറിച്ച്‌ വലിയ സംശയങ്ങള്‍ ഉടലെടുക്കുന്നത്‌. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘി(ആര്‍ എസ്‌ എസ്‌)ന്‌ സ്‌ഫോടനങ്ങളിലുള്ള പങ്കിനെക്കുറിച്ച്‌ അസിമാനന്ദ മൊഴി നല്‍കിയെന്ന തരത്തിലാണ്‌ ഇപ്പോള്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിന്റെ പങ്ക്‌ സംബന്ധിച്ച്‌ മാത്രമാണ്‌ അസിമാനന്ദ്‌ പറഞ്ഞിരിക്കുന്നത്‌. ഒരു സംഘടനയില്‍ അംഗമായ വ്യക്തി സ്വന്തം നിലക്ക്‌ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ സംഘടനക്ക്‌ ഉത്തരവാദിത്വമില്ല. ഈ ന്യായം ആര്‍ എസ്‌ എസ്സിനും ബാധകമാണ്‌. അസിമാനന്ദിന്റെ മൊഴി സൂക്ഷ്‌മമായി പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്ന്‌ അദ്ദേഹം പുതുതായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്‌. അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ്‌, മലേഗാവ്‌ എന്നിവിടങ്ങളിലും സംഝോത എക്‌സ്‌പ്രസിലുമുണ്ടായ സ്‌ഫോടനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന വിവിധ ഏജന്‍സികള്‍ ഇതിനകം കണ്ടെത്തിയ വിവരങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ്‌ ചെയ്യുകയോ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുകയോ പിടികൂടാനായി പാരിതോഷികം പ്രഖ്യാപിക്കുകയോ ഒക്കെ ചെയ്‌തവരെക്കുറിച്ച്‌ മാത്രമേ അസിമാനന്ദ്‌ പറയുന്നുള്ളൂ. ആക്രമണം ആസൂത്രണം ചെയ്‌ത ശൃംഖല പരമാവധി ഇന്ദ്രേഷ്‌ കുമാറില്‍ അവസാനിപ്പിക്കാന്‍ പാകത്തിലുള്ള മൊഴി.

സ്‌ഫോടനങ്ങള്‍ നടത്തുന്നതിന്‌ വേണ്ട ധനസമ്പാദനമായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ ചുമതല എന്ന്‌ അസിമാനന്ദ്‌ മൊഴി നല്‍കിയിട്ടുണ്ട്‌. പണം അദ്ദേഹം സമ്പാദിച്ച്‌ കൊടുത്തിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ സ്‌ഫോടനങ്ങളുണ്ടായത്‌. പക്ഷേ, പണം എവിടെ നിന്ന്‌ സമ്പാദിച്ചുവെന്ന്‌ സ്വാമി അസിമാനന്ദ്‌ പറഞ്ഞിട്ടില്ല. ഗുജറാത്തിലെ ഡാംഗ്‌സ്‌ ജില്ലയില്‍ സ്ഥാപിച്ച ആശ്രമത്തില്‍ 2006ല്‍ നടത്തിയ ശബരീ കുംഭിനു വേണ്ടിയും അവിടെ ശബരീ ക്ഷേത്രം പണിയുന്നതിന്‌ വേണ്ടിയും പിരിച്ചെടുത്ത പണമാണ്‌ ആക്രമണത്തെ സഹായിക്കാന്‍ ഉപയോഗിച്ചതെന്ന വാദം ഉയരുന്നുണ്ട്‌. അത്രമാത്രം മതിയാവുമോ ഇത്തരത്തിലുള്ള വലിയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌? 


കേണല്‍ പുരോഹതിന്‌ ശേഷം അറസ്റ്റിലായ ദയാനന്ദ്‌ പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്ന്‌ ചില സംഭാഷണ ശകലങ്ങള്‍ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. അതില്‍ കേണല്‍ ധര്‍, ബി ജെ പിയുടെ മുന്‍ എം പി ബി എല്‍ ശര്‍മ, അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍ പി സിംഗ്‌ എന്നിവരുമായി ദയാനന്ദും കേണല്‍ പുരോഹിതും സംസാരിക്കുന്നതിന്റെ വിശദാംശങ്ങളുണ്ട്‌. ഇതില്‍ വി എച്ച്‌ പി നേതാവ്‌ അശോക്‌ സിംഘാള്‍ അടക്കമുള്ളവരെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു. ഇതില്‍ കേണല്‍ പുരോഹിത്‌ പറഞ്ഞ ചില വാചകങ്ങള്‍ ഇതാണ്‌ -``നമ്മുടെ പങ്കാളിത്തത്തിന്‌ തെളിവ്‌ കൊടുക്കാന്‍ ഇസ്‌റാഈലികള്‍ ആവശ്യപ്പെടുന്നു. കൂടുതലായി എന്ത്‌ തെളിവാണ്‌ അവര്‍ക്കു വേണ്ടത്‌? നമ്മള്‍ രണ്ട്‌ ഓപ്പറേഷന്‍ നേരത്തെ നടത്തി. രണ്ടും വിജയകരമായിരുന്നു. എല്ലാറ്റിനും വേണ്ട ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്‌ ഞാനാണ്‌.''

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട വിരലിലെണ്ണാവുന്ന ആളുകള്‍ക്ക്‌ ഇസ്‌റാഈലുകാരുമായി ബന്ധമുണ്ടായത്‌ എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ഡാംഗ്‌സിലെ ആശ്രമത്തില്‍ ശബരീ കുംഭിന്റെ മറവില്‍ ഏതാനും പേര്‍ ചേര്‍ന്ന്‌ ആലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി ഏത്‌ വിധത്തിലാണ്‌ ഇസ്‌റാഈലുകാരുടെ അറിവിലെത്തിയത്‌? രഹസ്യം സൂക്ഷിക്കാനും അറസ്റ്റൊഴിവാക്കാനും മൂന്ന്‌ സംഘങ്ങളായി തിരിഞ്ഞുവെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്‌പരം അന്വേഷിക്കരുതെന്ന്‌ ധാരണയിലെത്തിയെന്നുമാണ്‌ അസിമാനന്ദിന്റെ മൊഴി. സ്വന്തം ശൃംഖലക്കുള്ളില്‍പ്പോലും രഹസ്യമായി സൂക്ഷിച്ച കാര്യങ്ങള്‍ ഇസ്‌റാഈലുകാരെ ധരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നോ? കേണല്‍ പുരോഹിത്‌ പറയുന്ന ഇസ്‌റാഈലൂകാരെക്കുറിച്ച്‌ അസിമാനന്ദിന്‌ വിവരമൊന്നുമുണ്ടായിരുന്നില്ലേ?

ഹിന്ദുത്വ ഭീകരവാദ ശൃംഖലക്ക്‌ സംഭാവനകള്‍ നല്‍കിയവരില്‍ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളും ഉള്‍പ്പെടുമെന്നതാണ്‌ മറ്റൊരു വിവരം. അഭിനവ്‌ ഭാരതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ശ്യാം ആപ്‌തെയെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ മഹാരാഷ്‌ട്ര പോലീസിന്‌ ഈ വിവരം ലഭിച്ചത്‌. ഏതൊക്കെ വ്യവസായികളാണ്‌ ഇവര്‍ക്ക്‌ പണം നല്‍കിയത്‌ എന്നത്‌ പുറത്തുവന്നിട്ടില്ല. അഭിനവ്‌ ഭാരത്‌ എന്ന അധികമൊന്നും അറിയപ്പെടാത്ത (സ്‌ഫോടനത്തിന്റെ ആസൂത്രണം നടക്കുന്ന കാലത്ത്‌) സംഘടനക്ക്‌ വ്യവസായ പ്രമുഖര്‍ പണം സംഭാവന ചെയ്യണമെങ്കില്‍ അതിന്‌ പിറകില്‍ മറ്റ്‌ സ്വാധീനങ്ങളുണ്ടാകാതെ തരമില്ല. മുടക്കുന്ന പണം ഏതെങ്കിലും വിധത്തില്‍ മുതലാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ലാത്ത വ്യവസായികള്‍ രാജ്യത്തുണ്ടെന്ന്‌ വിശ്വസിക്കുക പ്രയാസം.

അസിമാനന്ദിന്റെ ആശ്രമത്തിലെ സന്ദര്‍ശകപ്പട്ടികയും പ്രധാനമാണ്‌. ആര്‍ എസ്‌ എസ്‌ മേധാവിയായിരുന്ന കെ എസ്‌ സുദര്‍ശന്‍, ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവത്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ നിര. ആത്മീയപ്രൗഢി മാത്രം കണക്കിലെടുത്താണോ ഈ നിര ആശ്രമവാതില്‍ക്കലെത്തിയത്‌ എന്ന ചോദ്യവും പ്രധാനമാണ്‌. ഇസ്രാഈലുകാര്‍, വ്യവസായികള്‍, ഭരണാധികാരികള്‍, ആര്‍ എസ്‌ എസ്‌ നേതാക്കള്‍ എന്നിങ്ങനെ ചോദ്യചിഹ്നത്തിന്റെ പിറകില്‍ നിരവധിയാളുകളുണ്ട്‌. ഇതിനെയൊന്നും അഭിമുഖീകരിക്കുന്നില്ല അസിമാനന്ദയുടെ കുറ്റസമ്മത മൊഴി. കൊച്ചു ഭൂമികുലുക്കമുണ്ടാക്കി എല്ലാം അതില്‍ മറവ്‌ ചെയ്യാനുള്ള തന്ത്രമാകണം അസിമാനന്ദിന്റെ മാനസാന്തരം. 


വധശിക്ഷ തന്നെ ലഭിച്ചേക്കാം, എങ്കിലും കുറ്റം സമ്മതിക്കുകയാണ്‌ എന്ന്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ പറയുമ്പോള്‍, ആര്‍ഷഭാരത സംസ്‌കൃതിക്കുവേണ്ടി ചെയ്യുന്ന ജീവത്യാഗമെന്ന്‌ ആ ഉന്മത്ത മനസ്സ്‌ ആദര്‍ശവത്‌കരിച്ചിട്ടുണ്ടാവും. അഖണ്ഡഭാരത സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനും ഹിന്ദുത്വ മേധാവിത്വം നടപ്പാക്കാനും അനുസ്യൂതം പ്രവര്‍ത്തിക്കേണ്ട സംഘടനയെയും അതിന്റെ നേതാക്കളെയും രക്ഷിക്കുകയാണ്‌ എന്ന തോന്നലുമുണ്ടായിട്ടുണ്ടാകണം. അല്ലാതെ ജയിലില്‍ ഭക്ഷണം കൊണ്ടുവന്നു തരാന്‍ ഒരു കലീം തയ്യാറായി എന്നതുകൊണ്ടുമാത്രം മാനസാന്തരമുണ്ടായെന്ന്‌ പറഞ്ഞാല്‍ സംഘ്‌ പരിവാറിന്റെ ചരിത്രമറിയാകുന്നവരാരും സമ്മതിക്കാന്‍ ഇടയില്ല. 


സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന്‌ ഗുജറാത്ത്‌ പോലീസ്‌ തന്നെയാണ്‌ സുപ്രീം കോടതിയെ അറിയിച്ചത്‌. എന്നാല്‍ സംഘ്‌ പരിവാറും അതിന്റെ നേതാക്കളും ഇപ്പോഴും വാദിക്കുന്നത്‌ നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായ സുഹ്‌റാബുദ്ദീനെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്‌. ബി ജെ പിയുടെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പോലീസ്‌ സുപ്രീം കോടതിയെ അറിയിച്ച വിവരം പോലും അംഗീകരിക്കാന്‍ തയ്യാറില്ലാത്ത പരിവാറിന്റെ ഭാഗമാണ്‌ അസിമാനന്ദും.

ഇത്‌ യഥാര്‍ഥത്തില്‍ കുറ്റസമ്മത മൊഴിയല്ല. വിവരങ്ങള്‍ മറച്ചുവെക്കാനോ അന്വേഷണത്തെ പരിമിതപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള തന്ത്രമാണ്‌. ഏതാനും പേരെ ബലി കൊടുത്തുകൊണ്ടാണെങ്കില്‍ പോലും ഭീകരവാദികള്‍ എന്ന മുദ്രയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആര്‍ എസ്‌ എസ്‌ നടത്തുന്ന ശ്രമത്തിന്റെ ഭാഗം. മഹാത്‌മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക്‌ ഗോഡ്‌സെയും അതിന്‌ ഗൂഢാലോചന നടത്തിയവരും ആര്‍ എസ്‌ എസ്സിന്റെ `മുന്‍ പ്രവര്‍ത്തകര്‍' മാത്രമായിരുന്നല്ലോ!

7 comments:

  1. ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം ...

    ReplyDelete
  2. കാളവാലുപൊക്കുമ്പോൾ നമുക്കറിയാം അതു എന്തിനാണന്നു . പറഞ്ഞതു ഒരു കടുക് മണി കേൽക്കാനുള്ളത് ഒരു കടൽ ...ഇനിയും പുതിയ സ്വാമിമാർ അവതരിക്കാതിരിക്കില്ല

    ReplyDelete
  3. ശെരിയാണ്. ഐസ് ബർഗിന്റെ ഒരു അറ്റം മാത്രമേ കാഴ്ചയിൽ വന്നിട്ടുള്ളു, ഭീമഭാഗവും ഇനിയും കാണാനിരിക്കുന്നേയുള്ളു എന്നു തോന്നുന്നു.

    ReplyDelete
  4. എഴുതിയതിനോട്‌ യോജിക്കുന്നു. ഹിന്ദുത്വ ഭീകരതയുടെ പുറം ഒന്നു മാന്തിയപ്പോഴേ കര്‍ക്കരെയും മറ്റും കാലിയായെങ്കില്‍ അതിനര്‍ഥം ഇതു അസിമാനന്ദയിലൊ പുരോഹിതിലോ അവസാനിക്കില്ല എന്നു തന്നെ; അമേരിക്കന്‍ ചാരന്‍ ഹെഡ്‌ലി, ഇസ്രായേലികള്‍... ഞെട്ടിക്കുന്ന പലതും ഇങ്ങനെ കുഴിച്ചുമൂടപ്പെടും!

    ഇതൊന്നു തിരുത്തണേ: "ഇന്ദ്രേഷ്‌ കുമാറിനെ പാക്കിസ്ഥാന്റെ ചാരന്‍ എന്നാണ്‌ ഇന്ദ്രേഷ്‌ വിശേഷിപ്പിച്ചത്‌ എന്ന്‌ അസിമാനന്ദ്‌ പറയുന്നു. ഇന്ദ്രേഷിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രീകാന്ത്‌ പുരോഹിത്‌ തയ്യാറായിരുന്നില്ല എന്ന്‌ ഇതില്‍ നിന്ന്‌ അനുമാനിക്കാം."

    ReplyDelete
  5. തിരുത്ത്‌

    ഇന്ദ്രേഷ്‌ കുമാറിനെ പാക്കിസ്ഥാന്റെ ചാരന്‍ എന്നാണ്‌ ശ്രീകാന്ത്‌ പുരോഹിത്‌ വിശേഷിപ്പിച്ചത്‌ എന്ന്‌ അസിമാനന്ദ്‌ പറയുന്നു എന്ന്‌ തിരുത്തി വായിക്കാന്‍ അപേക്ഷ.

    പുല്‍ച്ചാടിക്ക്‌ നന്ദിയും

    ReplyDelete
  6. രാജീവേ,
    ശരിയായ നിരീക്ഷണമാണു താങ്കളുടേത്. സവര്‍ണ ഫാഷിസം എക്കാലത്തും ഇത്തരം തന്ത്രങ്ങളും അടവുകളിലൂടെയുമാണ് മുന്നേറുന്നത്. ബലികൊടുക്കാന്‍ അസിമാനന്ദിനെ തിരഞ്ഞെടുത്തെങ്കില്‍ അദ്ദേഹം പിന്നാക്കക്കാരനാവാനാണു സാധ്യത. അതൊന്ന് അന്വേഷിക്കണം.

    അസീമാനന്ദിന്റെ മൊഴി പൂര്‍ണരൂപത്തില്‍ഇവിടെ വായിക്കാം

    ReplyDelete
  7. ഞാനും ആദ്യം കണ്ണടച്ച് വിശ്വസിച്ചു. ഇപ്പൊ ഒരു സംശയം .

    ReplyDelete