2011-01-04

ചില ഉദ്യോഗസ്ഥാശ്ലീലങ്ങള്‍ശ്ലീല എന്നതിന്‌ സഭ്യമായ എന്നാണ്‌ ശബ്‌ദതാരാവലി നല്‍കുന്ന അര്‍ഥം. അശ്ലീല എന്നതിന്‌ സഭ്യമല്ലാത്തത്‌ എന്നാകും. അശ്ലീലമെന്ന വാക്ക്‌ ഉച്ചരിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പൊതുവിലെത്തുക ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യസൂചകങ്ങളാണ്‌. എന്നാല്‍ അത്‌ മാത്രമല്ല സഭ്യേതരമെന്ന അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്‌. മറ്റുള്ളവര്‍ക്ക്‌ അരോചകമായി തോന്നുന്ന ഏതൊരു പ്രവൃത്തിയും സഭ്യേതരമായി കാണേണ്ടിവരും. ഇത്‌ കുറേയൊക്കെ വ്യക്തിയധിഷ്‌ഠിതമാണ്‌ താനും. എന്നാല്‍ സഭ്യേതരമെന്ന്‌ വ്യക്തിഭേദമില്ലാതെ വിലയിരുത്തപ്പെടുന്ന സംഗതികള്‍ ധാരാളമുണ്ട്‌. മരണവീട്ടില്‍ ആരെങ്കിലും പൊട്ടിച്ചിരിക്കുന്നത്‌, ചിരിക്കുന്നയാളിന്‌ പ്രത്യേകിച്ച്‌ മാനസികാസ്വാസ്ഥ്യമൊന്നുമില്ലെങ്കില്‍, തീര്‍ത്തും സഭ്യേതരമാണ്‌. പരിധിവിട്ട അശ്ലീല പെരുമാറ്റം.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മാനസികാസ്വാസ്ഥ്യമുള്ളവരുണ്ടോ? സര്‍വീസില്‍ കയറുന്നതിന്‌ വൈദ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. അതുകൊണ്ട്‌ ഗുരുതരമായ മാനസികാസ്വാസ്ഥ്യമുള്ളവര്‍ സര്‍വീസിലെത്തുക പ്രയാസം. ചെറിയ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം അസ്വസ്ഥതകള്‍ ഇല്ലാത്തവരുടെ എണ്ണം തുലോം കുറയുന്ന കാലമാണെന്നത്‌ കൂടി പരിഗണിക്കുക. എങ്കിലും മരണവീട്ടില്‍ ചെന്ന്‌ പൊട്ടിച്ചിരിക്കാന്‍ മാത്രം അസ്വസ്ഥതകളുള്ളവര്‍ ഉണ്ടാകാന്‍ ഇടയില്ല. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രതികരണങ്ങള്‍ അശ്ലീലമാകുന്നത്‌ അതുകൊണ്ടാണ്‌. അശ്ലീല സ്വഭാവം മാത്രമല്ല ഇവിടെ പ്രതിഫലിക്കുന്നത്‌ സേവന, വേതന വ്യവസ്ഥകളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ജോലിയോടുള്ള ആത്മാര്‍ഥത കൂടിയാണ്‌.

മുന്‍ മുഖ്യമന്ത്രി കഥാവശേഷനാകുമ്പോള്‍ പൊതു അവധിയും മുന്‍ മന്ത്രി അന്തരിക്കുമ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ക്ക്‌ അവധിയും പ്രഖ്യാപിക്കുന്ന പതിവ്‌ ഇന്ത്യയില്‍, വിശേഷിച്ച്‌ കേരളത്തില്‍ മാത്രം നിലനില്‍ക്കുന്നതാകണം. അന്തരിച്ച നേതാവിനോടുള്ള ആദരവ്‌ പ്രകടിപ്പിക്കേണ്ടത്‌ അവധി പ്രഖ്യാപിച്ചാണോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്‌. എങ്കിലും കീഴ്‌വഴക്കം അങ്ങനെയാണ്‌. കെ കരുണാകരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ അവധിക്കുള്ള സാധ്യത കണ്ട സര്‍ക്കാറുദ്യോഗസ്ഥര്‍ നിരവധി. ഇത്തവണയും ലീഡര്‍ ആശുപത്രിയില്‍ നിന്ന്‌ കല്യാണിയിലേക്ക്‌ മടങ്ങി അവധി സാധ്യത ഇല്ലാതാക്കുമോ എന്ന്‌ ശങ്കിച്ചവരില്‍ എന്‍ ജി ഒ യൂനിയന്‍, അസോസിയേഷന്‍ ഭേദമില്ല. കരുണാകരന്റെ നില അതീവ ഗുരുതരമെന്ന്‌ ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കിത്തുടങ്ങിയതോടെ സര്‍ക്കാറുദ്യോഗസ്ഥരുടെ രക്ത സമ്മര്‍ദം വര്‍ധിച്ചു.

രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണം ചില ദിവസക്കണക്കുകളാണ്‌. ഡിസംബര്‍ 20നാണ്‌ കരുണാകരന്റെ നില ഗുരുതരമാകുന്നത്‌. മരണം സംഭവിച്ചാല്‍ പിറ്റേന്ന്‌ അവധിയെന്ന കണക്ക്‌ കൂട്ടലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ക്രമപ്പെടുത്തിത്തുടങ്ങി. 21ന്‌ നില അല്‍പ്പം മെച്ചപ്പെട്ടുവെന്ന വാര്‍ത്ത വന്നു. ഇതോടെ ലീഡര്‍ ഇക്കുറിയും പറ്റിക്കുമെന്ന്‌ പരസ്യമായും രഹസ്യമായും പറഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധി. 22ന്‌ വൈകുന്നേരത്തോടെ ആരോഗ്യ നില വീണ്ടും ഗുരുതരമായി. ഇതോടെയാണ്‌ സര്‍ക്കാര്‍ ജീവനക്കാരുടെ രക്തസമ്മര്‍ദം വീണ്ടും ഉയര്‍ന്നത്‌. 23ന്‌ മരിച്ചാല്‍ 24ന്‌ അവധി. 25 ക്രിസ്‌മസ്‌ അവധി. 25ന്‌ ഞായറാഴ്‌ച. മൂന്ന്‌ ദിവസം തുടര്‍ച്ചയായി ജോലിക്ക്‌ പോകേണ്ട. ഇതില്‍പ്പരം ആനന്ദിക്കാന്‍ വകയെന്തുണ്ട്‌!

23ന്‌ രാവിലെ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന്‌ ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കിയതോടെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളിലേക്ക്‌ പ്രവഹിച്ച കോളുകളിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെതായിരുന്നു. അറിയാന്‍ ഒന്നേയുള്ളൂ, മരണം ഇന്നുണ്ടാകുമോ? ഉണ്ടായാല്‍ നാളെ അവധി പ്രഖ്യാപിക്കില്ലേ? നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ നേരത്തെ നിര്‍ത്തിയെന്ന്‌ അറിഞ്ഞതോടെ മരണം ഉറപ്പിച്ച്‌ അനന്തപുരിയിലെ സര്‍ക്കാര്‍ ലാവണത്തില്‍ നിന്ന്‌ വീട്ടിലേക്ക്‌ തിരിച്ചവരും കുറവല്ല. ഇത്രയും ധൈര്യമില്ലാത്തവര്‍ വീണ്ടും വീണ്ടും മാധ്യമ സ്ഥാപനങ്ങളിലേക്ക്‌ വിളിച്ചു. 23ന്‌ മരിച്ചില്ലെങ്കില്‍ പിന്നെ 26നേ അത്‌ സംഭവിക്കാവൂ എന്ന ആഗ്രഹം തുറന്ന്‌ പറയാനും ആരും മടിച്ചില്ല. 26ന്‌ മരിച്ചാല്‍ 27ന്‌ അവധി. 25 ക്രിസ്‌മസ്‌, 26 ഞായര്‍, 27ന്‌ ലീഡര്‍ മരിച്ചതിന്റെ അവധി. അപ്പോഴും മൂന്ന്‌ ദിവസം തുടര്‍ച്ചയായി കിട്ടും. ഇന്നായില്ലെങ്കില്‍ ഇനി 26നേ സംഭവിക്കാവൂ എന്ന്‌ പ്രാര്‍ഥിച്ച്‌ പഴവങ്ങാടി ഗണപതിക്ക്‌ നാളികേരമടിക്കാമെന്ന്‌ വഴിപാട്‌ നേര്‍ന്നവര്‍ വരെയുണ്ട്‌ സെക്രട്ടേറിയറ്റില്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊരു അസൗകര്യമുണ്ടാക്കേണ്ടെന്ന്‌ ലീഡര്‍ കരുതി. 23ന്‌ വൈകിട്ട്‌ അഞ്ചരക്ക്‌ മരണം സ്ഥിരീകരിച്ചു. അപ്പോഴും ചിലരുടെ പരാതി തീര്‍ന്നില്ല. ഒരു മണിക്കൂര്‍ നേരത്തെ മരിച്ചിരുന്നുവെങ്കില്‍ സന്ധ്യയാകുമ്പോഴേക്കും വീടെത്താമായിരുന്നുവെന്ന്‌ ചിലര്‍. എന്തായാലും മരിച്ചു, അതൊരു മണിക്കൂര്‍ മുമ്പേയായിരുന്നുവെങ്കില്‍ എക്‌സിക്യൂട്ടീവോ ഇന്റര്‍സിറ്റിയോ പിടിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ സൗകര്യമാകുമായിരുന്നുവെന്ന്‌ മറ്റു ചിലര്‍. അവധി ദിവസം രാവിലെ വീട്ടിലേക്ക്‌ യാത്ര ചെയ്യേണ്ടിവരുന്നതു കൊണ്ട്‌ ഒരു ദിവസം നഷ്‌ടമാകുന്നതിന്റെ ദുഃഖമാണ്‌ പങ്ക്‌ വെക്കപ്പെട്ടത്‌. ഈ മനോനിലയെ അശ്ലീലമെന്ന്‌ മാത്രം വിളിച്ചാല്‍ മതിയോ?

ഹര്‍ത്താല്‍ സാധ്യത തെളിയുന്ന അവസരങ്ങളിലും ഈ പതിവുണ്ട്‌. ഹര്‍ത്താലുണ്ടെന്ന്‌ ഉറപ്പിക്കാന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക്‌ വിളിക്കുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌. ജോലി കിട്ടിയിട്ട്‌ വേണം ലീവെടുക്കാന്‍ എന്ന സിനിമാ ഫലിതം വെറുംവാക്കല്ലെന്ന്‌ ബോധ്യപ്പെടുന്നത്‌ ഇവിടെയാണ്‌. ലീവ്‌, അവധി, ശമ്പള വര്‍ധന, കാലാകാലങ്ങളില്‍ ക്ഷാമബത്ത അനുവദിക്കല്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയ ശേഷം ജോലി. അതും പരമാവധി സാവധാനത്തില്‍. അതാണ്‌ നാട്ടുനടപ്പ്‌. അത്തരക്കാരാണ്‌ ഇപ്പോള്‍ അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശമ്പള വര്‍ധനയെച്ചൊല്ലി തര്‍ക്കിക്കുന്നത്‌.

സമരത്തിന്‌ ആഹ്വാനം ചെയ്യാന്‍ പോലും അവസരം നല്‍കാതെ ശമ്പളം പരിഷ്‌കരിക്കാന്‍ ഇടതു സര്‍ക്കാര്‍ കാട്ടിയ ശുഷ്‌കാന്തിയെ ഇടത്‌ അനുകൂല സംഘടനകള്‍ സ്വാഗതം ചെയ്യുന്നു. കൂട്ടിയത്‌ പോരെന്നും ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌ പോരെന്നും യു ഡി എഫ്‌ അനുകൂല സംഘടനകള്‍ വിലപിക്കുന്നു. കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും എല്ലാവര്‍ക്കും മാസശമ്പളത്തില്‍ വര്‍ധനയുണ്ടാകുമെന്നതാണ്‌ ഇപ്പോഴത്തെ ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌. ഇത്‌ പോരെന്നാണ്‌ യു ഡി എഫ്‌ അനുകൂല സംഘടനാ നേതാക്കളുടെ മതം. ജോലിയുടെ കാര്യത്തില്‍ പക്ഷേ, കാര്യങ്ങള്‍ പണ്ടേപ്പടി തുടരും. ബസ്സിന്റെയും ട്രെയിനിന്റെയും സമയം കണക്കാക്കി ജോലിക്ക്‌ വരും. അതിന്‌ കണക്കാക്കി മടങ്ങുകയും ചെയ്യും. പഞ്ചിംഗ്‌ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുതോല്‍പ്പിക്കും. കൈക്കൂലി വാങ്ങുന്നത്‌ തുടരും. അതിലെങ്ങാന്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പണിമുടക്കം. ഇത്‌ ശ്ലീലമോ അശ്ലീലമോ?

ദിവസവും കോഴിക്കോട്ട്‌ വന്ന്‌ ജോലി ചെയ്‌ത്‌ മടങ്ങുന്ന കൊച്ചിക്കാരന്റെ കഥ കൂടി കേള്‍ക്കാം. ഇദ്ദേഹം രാവിലെ ഇന്റര്‍സിറ്റി എക്‌സ്‌പ്രസില്‍ കോഴിക്കോട്ടേക്ക്‌ പുറപ്പെടും. പതിവായി വൈകുന്ന ഈ ട്രെയിന്‍ കോഴിക്കോട്ടെത്തുമ്പോള്‍ മണി പതിനൊന്ന്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ അര മണിക്കൂര്‍ ബസ്‌ യാത്ര. പതിനൊന്നരക്ക്‌ ഇദ്ദേഹം ജോലി തുടങ്ങും. ഒരു മണിക്ക്‌ ഉച്ചഭക്ഷണത്തിന്‌ പോയാല്‍ രണ്ട്‌ മണിക്ക്‌ തിരികെ സീറ്റിലെത്തും. വൈകിട്ട്‌ നാലേകാലോടെ കോഴിക്കോട്‌ വിടുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസില്‍ മടങ്ങണം. മൂന്നേ കാലിനെങ്കിലും ഓഫീസില്‍ നിന്ന്‌ ഇറങ്ങിയാലേ വൈകിട്ടത്തെ ഗതാഗത തടസ്സം മറികടന്ന്‌ റെയില്‍വേ സ്റ്റേഷനിലെത്താനാകൂ. ഓഫീസിലുണ്ടാകുന്ന ആകെ സമയം രണ്ടേമുക്കാല്‍ മണിക്കൂര്‍. അതില്‍ എത്ര നേരം ജോലി ചെയ്യുന്നുണ്ടാകും?

പ്രമുഖമായ സ്ഥാപനത്തില്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്‌തികയിലും അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ തസ്‌തികയിലും ജോലി ചെയ്യുന്ന രണ്ട്‌ പേരുടെ കാര്യം കൂടി ഉദാഹരിക്കാം. എക്‌സ്റ്റന്‍ഷന്‍ ഓഫീസറുടെ നിലവിലുള്ള ശമ്പള സ്‌കെയില്‍ 10,790 - 18,000 ആണ്‌. പുതുക്കുമ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌ 18,740 - 31,360. ഓഫീസിലെത്തി ഒപ്പ്‌ വെച്ചാലുടന്‍ ലൈബ്രറിയിലേക്ക്‌ നീങ്ങുന്ന നമ്മുടെ കഥാനായകന്‍ വൈകുവോളം അവിടെ തുടരും. ചിലപ്പോള്‍ ഉച്ചക്കൊപ്പിട്ട്‌ വീട്ടിലേക്ക്‌ പോയാല്‍ ഓഫീസിലേക്ക്‌ വരാറേയില്ല. അദ്ദേഹത്തിന്റെ എക്‌സ്റ്റന്‍ഷന്‍ ജോലി സസുഖം തുടരുന്നു. വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥരെല്ലാം തൃപ്‌തികരമല്ലെന്ന്‌ പതിവായി രേഖപ്പെടുത്തുന്നു. എങ്കിലും എക്‌സ്റ്റഷനില്‍ മാറ്റമില്ല. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ക്ക്‌ പ്രചാരണ വിഭാഗത്തിന്റെ മേല്‍നോട്ടമാണ്‌. ജോലിയില്‍ ചേര്‍ന്ന്‌ ഇതുവരെ ഒരു വാര്‍ത്താക്കുറിപ്പ്‌ പോലും അദ്ദേഹം തയ്യാറാക്കിയതായി സഹപ്രവര്‍ത്തകര്‍ക്ക്‌ വിവരമില്ല. എന്തെങ്കിലും തയ്യാറാക്കാന്‍ സഹപ്രവര്‍ത്തകരോട്‌ നിര്‍ദേശിച്ചിട്ടുമില്ല. ഇദ്ദേഹത്തിന്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സ്‌കെയില്‍ 20,740 - 33,680.

ഇത്‌ പതിനായിരക്കണക്കിന്‌ ഉദാഹരണങ്ങളില്‍ ഒന്നോ രണ്ടോ മാത്രം. പ്രകടനം മോശമായാല്‍ ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലാണ്‌ ഇത്തരം ഉദ്യോഗസ്ഥര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ തുടരുന്നത്‌. ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും തീരെ മോശമെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും വ്യവസ്ഥ ചെയ്‌താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമ്മതിക്കുമോ? അവരുടെ സംഘടനകള്‍ വെറുതെയിരിക്കുമോ? ദീപസ്‌തംഭം മഹാശ്ചര്യം ഇനിയും കൂടണം ശമ്പളം എന്ന്‌ ആവര്‍ത്തിക്കുന്നവര്‍ ഇത്തരം കാര്യങ്ങളോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നതും അശ്ലീലമല്ലേ? ചുരുക്കത്തില്‍ കേരളത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഏറ്റവും വലിയ അശ്ലീലം സര്‍ക്കാര്‍ സര്‍വീസായി മാറിയിരിക്കുന്നു. നേതാവിന്റെ മരണം മുതല്‍ ശമ്പള പരിഷ്‌കരണം വരെ അതിന്‌ സാക്ഷിയുമാണ്‌. സഭ്യമായി പെരുമാറാന്‍ തീരുമാനിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനവര്‍ തയ്യാറാകില്ലെന്ന്‌ മാത്രം.

* * * * *
മുന്‍കൂര്‍ ജാമ്യം: അഹങ്കാരം കൊണ്ട്‌ പറയല്ലടാ... എന്ന്‌ തുടങ്ങുന്ന ഇന്നസെന്റ്‌ സിനിമാ ഫലിതം ഏറെ പ്രസിദ്ധമാണ്‌. അതൊന്ന്‌ പരിഷ്‌കരിച്ചാല്‍ (എല്ലാറ്റിലും പരിഷ്‌കാരത്തിന്റെ കാലമല്ലേ) അസൂയ കൊണ്ട്‌ പറയേല്ലടാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ എന്ന്‌ തുടങ്ങാം. വേണമെങ്കില്‍ ഈ സൗകര്യം ആവോളമോ അതിലധികമോ ആസ്വദിക്കാന്‍ അവസരമുള്ളയാളാണ്‌ ലേഖകന്‍. കൈക്കൂലിപ്പണം മേലുദ്യോഗസ്ഥന്‍ മാസാന്ത്യത്തില്‍ വീതംവെച്ച്‌ നല്‍കുന്ന സോഷ്യലിസം കണ്ടറിഞ്ഞയാളും.