2010-12-29

ചീയാതെ നാറാന്‍ കാരണങ്ങളുണ്ട്‌



2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ഞാറക്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ട ശ്രീനിജനെക്കുറിച്ച്‌ പൊടുന്നനെ ആരോപണപ്രളയമുണ്ടായത്‌ എന്തുകൊണ്ട്‌? മൂന്ന്‌ മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത മണക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കളില്‍ ചിലര്‍ ശ്രീനിജനെ ഒഴിവാക്കാന്‍ തീരുമാനിച്ചതിന്റെ ഫലം മാത്രമാണിത്‌. ആ ലക്ഷ്യം ഏറെക്കുറെ നേടിക്കഴിഞ്ഞുവെന്ന്‌ വേണം കരുതാന്‍. പക്ഷേ, അനധികൃത സ്വത്ത്‌ സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമ്പോള്‍ അത്‌ ശ്രീനിജന്റെ ബന്ധുവും സുപ്രീം കോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ്‌ ബാലകൃഷ്‌ണനെ കേന്ദ്ര സ്ഥാനത്തേക്ക്‌ കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാല്‌ വര്‍ഷം കൊണ്ട്‌ പലമടങ്ങ്‌ വര്‍ധനയാണ്‌ അഡ്വക്കറ്റ്‌ ശ്രീനജന്റെയും ഭാര്യയുടെയും സ്വത്തു കണക്കിലുണ്ടായിരിക്കുന്നത്‌. ഇത്‌ നിയമവിധേയമായ മാര്‍ഗത്തിലൂടെയുള്ള സമ്പാദ്യമാണോ അതിന്‌ ആനുപാതികമായ നികുതി ശ്രീനിജന്‍ നല്‍കിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ മരുമകനായ ശ്രീനിജന്‍ കണക്കില്‍കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസിന്‌ ഒരു പങ്കുണ്ടാവുമെന്ന മുന്‍വിധി പൊടുന്നനെയുണ്ടായി. അതിന്റെ ബാക്കിയായിരുന്നു ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ പുറപ്പെടുവിച്ച പ്രസ്‌താവന. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ രാജി രാഷ്‌ട്രപതി ചോദിച്ച്‌ വാങ്ങണമെന്നും ആരോപണങ്ങളെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കൃഷ്‌ണയ്യര്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു.

ശ്രീനിജനെതിയാ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതാണ്‌. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ ഏതെങ്കിലും നടപടികള്‍ ശ്രീനിജന്‌ അനുകൂല ഘടകമായി മാറിയിട്ടുണ്ടോ എന്നതും അന്വേഷിക്കാം. ഇത്തരം അന്വേഷണങ്ങള്‍ നടക്കുന്നതിന്‌ മുമ്പ്‌ തന്നെ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ കാര്യത്തിലൊരു മുന്‍വിധി കൃഷ്‌ണയ്യരെപ്പോലുള്ളവര്‍ക്ക്‌ ഉണ്ടാവാന്‍ കാരണമെന്ത്‌ എന്നത്‌ പ്രധാനമാണ്‌. നീതിന്യായ വ്യവസ്ഥയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ അടുത്തകാലത്ത്‌ ഉണ്ടായി. ഇതില്‍ ചിലതൊക്കെ വസ്‌തുതകളാണെന്ന്‌ അംഗീകരിക്കപ്പെടുകയും ചെയ്‌തു. സുതാര്യവും സത്യസന്ധവുമായി നീതി നടപ്പാക്കാന്‍ യത്‌നിക്കുന്നവരെന്ന സങ്കല്‍പ്പത്തിന്‌ ഇതോടെ ഇടിവുണ്ടായി. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിച്ചു. മരുമകനെതിരെ ആരോപണമുണ്ടായപ്പോള്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ കാര്യത്തില്‍ മുന്‍വിധിയുണ്ടായതിന്‌ പ്രധാന കാരണം ഇത്‌ തന്നെയാണ്‌. ഇത്തരം ചില ആരോപണങ്ങളില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സ്വീകരിച്ച നിലപാടുകളും മുന്‍വിധിക്ക്‌ കാരണമായിട്ടുണ്ടാവണം.

ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്‌ എന്ന ഷേക്‌സ്‌പിയറുടെ വാചകം കടമെടുത്ത്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന്‌ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ അഭിപ്രായപ്പെട്ടത്‌ അടുത്തിടെയാണ്‌. അലഹബാദ്‌ ഹൈക്കോടതിയിലെ ജഡ്‌ജിമാരില്‍ ചിലരുടെ ബന്ധുക്കള്‍ ഇതേ കോടതിയില്‍ അഭിഭാഷകരായി പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. പ്രാക്‌ടീസ്‌ തുടങ്ങി മൂന്നോ നാലോ വര്‍ഷം കൊണ്ട്‌ കോടികളുടെ ആസ്‌തി ഇവര്‍ സ്വന്തമാക്കുകയും ചെയ്‌തു. എങ്ങനെയാണ്‌ ഇത്‌ സാധിക്കുന്നത്‌ എന്ന ചോദ്യമാണ്‌ സുപ്രീം കോടതി പ്രധാനമായും ഉന്നയിച്ചത്‌. ബന്ധുക്കളായ ജഡ്‌ജിമാരെ സ്വാധീനിച്ച്‌ അനുകൂല വിധികള്‍ സമ്പാദിക്കുകയാണ്‌ അഭിഭാഷകര്‍ ചെയ്യുന്നത്‌ എന്ന സൂചനയും സുപ്രീം കോടതി നല്‍കി. അഴിമതി എന്ന ദുര്‍ഭൂതം നീതിന്യായ വ്യവസ്ഥയെ ഏതളവില്‍ ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ സുപ്രീം കോടതി കണ്ടെത്തിയ ചീഞ്ഞുനാറ്റം. തങ്ങളുടെ സഹോദരരാണ്‌ അലഹബാദ്‌ ഹൈക്കോടതിയിലുള്ളത്‌ എന്നതുകൊണ്ട്‌ ഇത്‌ കൊടിയ അഴിമതിയാണെന്ന്‌ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ തുറന്ന്‌ പറഞ്ഞില്ല എന്ന്‌ മാത്രം.

ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരിക്കെയാണ്‌ ജസ്റ്റിസ്‌ പി ഡി ദിനകരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിക്കുന്നത്‌. ഈ വാര്‍ത്ത പുറത്തുവന്നയുടന്‍ ജസ്റ്റിസ്‌ പി ഡി ദിനകരനെതിരായ ആരോപണങ്ങള്‍ നിരത്തി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ചീഫ്‌ ജസ്റ്റിസിനും സുപ്രീം കോടതിയുടെ കൊളീജിയത്തിനുമൊക്കെ കത്ത്‌ നല്‍കി. വെറുതെ ആരോപണം ഉന്നയിക്കുക മാത്രമല്ല ഇവര്‍ ചെയ്‌തത്‌. ആരോപണത്തിന്‌ അടിസ്ഥാനമായ രേഖകളുടെ പകര്‍പ്പ്‌ ഹാജരാക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി, വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചു, സുഹൃത്തുക്കളുടെയും മറ്റും കേസുകള്‍ പരിഗണിച്ച്‌ അനുകൂല വിധികള്‍ നല്‍കി എന്നിങ്ങനെ നീണ്ടു ആരോപണങ്ങളുടെ പട്ടിക. ഇത്തരമൊരു ആരോണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി നെല്ലും പതിരും തിരിച്ചശേഷം ജസ്റ്റിസ്‌ ദിനകരന്‌ സ്ഥാനക്കയറ്റം നല്‍കിയാല്‍ മതിയെന്ന്‌ സുപ്രീം കോടതി കൊളീജിയത്തിന്‌ തീരുമാനിക്കാമായിരുന്നു. എന്നാല്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള കൊളീജിയം അത്തരമൊരു തീരുമാനം ആദ്യം എടുത്തില്ല. പരാതിയില്‍ നടപടിയുണ്ടാവാതിരുന്നതോടെ ഇങ്ങനെയൊരു പരാതി നല്‍കിയ വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ പരാതിക്കാര്‍ തീരുമാനിച്ചു. 


ജസ്റ്റിസ്‌ ദിനകരനെതിരായ ആരോപണം മാധ്യമങ്ങള്‍ ഏറ്റെടുത്തു. അപ്പോഴും സ്ഥാനക്കയറ്റ ശിപാര്‍ശ പിന്‍വലിക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചില്ല. പലകുറി ഈ വിഷയം പരിഗണിച്ച കൊളീജിയം ഒരു തീരുമാനവും എടുക്കാതിരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ തുടരുകയും ചെയ്‌തതോടെ ജസ്റ്റിസ്‌ ദിനകരന്റെ ശിപാര്‍ശ കൊളീജിയത്തിന്‌ മടക്കി നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശം നല്‍കി. അതിന്‌ ശേഷമാണ്‌ നിയമന ശിപാര്‍ശ മരവിപ്പിക്കാന്‍ കൊളീയിയം തീരുമാനിച്ചത്‌. പക്ഷേ, ആഭ്യന്തരമായ ഒരു അന്വേഷണം നടത്താന്‍ അപ്പോഴും നടപടിയുണ്ടായില്ല.

ജസ്റ്റിസ്‌ ദിനകരന്‍ വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ്‌ രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്‌ജിമാര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്‌. ഈ ആവശ്യത്തോട്‌ വിയോജിച്ചവരുടെ മുന്‍നിരയില്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണനുണ്ടായിരുന്നു. സ്വത്ത്‌ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ജഡ്‌ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും സത്യസന്ധതയെ ചോദ്യം ചെയ്യുന്നതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. സ്വത്ത്‌ വിവരം വെളിപ്പെടുത്തുന്നതിനോട്‌ രാജ്യത്തെ ജഡ്‌ജിമാര്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജഡ്‌ജിമാര്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയിലെ ജഡ്‌ജി ജസ്റ്റിസ്‌ ഡി വി ശൈലേന്ദ്ര കുമാര്‍ തുറന്നടിക്കുകയും പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയിലെ ജഡ്‌ജി ജസ്റ്റിസ്‌ കണ്ണന്‍ സ്വമേധയാ സ്വത്ത്‌ വിവരം പരസ്യപ്പെടുത്തുകയും ചെയ്‌തതോടെ തകര്‍ന്നത്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്റെ പ്രതിച്ഛായയാണ്‌. സ്വത്ത്‌ വെളിപ്പെടുത്തുന്നതിനെ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ എതിര്‍ത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം ഉയരാനും കാരണമായി.

പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെതി െകോഴ ആരോപണം ഉയര്‍ന്നിരുന്നു. 15 ലക്ഷം കോഴപ്പണമടങ്ങിയ ബാഗ്‌ ജസ്റ്റിസ്‌ നിര്‍മല്‍ജിത്‌ കൗറിന്റെ വീട്ടുവാതിക്കല്‍ നിക്ഷേപിക്കപ്പെട്ടതോടെയാണ്‌ വിവരം പുറംലോകം അറിഞ്ഞത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിന്റെ വീട്ടുവാതില്‍ക്കല്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്നതായിരുന്നു ബാഗെന്ന്‌ പറയുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്തിയ സി ബി ഐ കേസില്‍ തെളിവുണ്ടെന്നും ജഡ്‌ജിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ജസ്റ്റിസ്‌ യാദവിനെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന നിലപാടാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്വീകരിച്ചത്‌. ജസ്റ്റിസ്‌ നിര്‍മല്‍ യാദവിനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സി ബി ഐ അനുമതി തേടിയിരുന്നോ എന്ന്‌ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ഇക്കാര്യം പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ചീഫ്‌ ജസ്റ്റിസായിരിക്കെ സുപ്രീം കോടതിയുടെ രജിസ്‌ട്രാര്‍ മറുപടി നല്‍കിയത്‌.

നീതിപതികളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവര്‍ അനീതിക്കൊപ്പം നില്‍ക്കുകയോ അതിന്‌ മറപിടിക്കുകയോ ചെയ്യുകയാണെന്ന തോന്നലാണ്‌ ഇത്തരം സംഭവങ്ങളെല്ലാം സൃഷ്‌ടിക്കുന്നത്‌. കല്‍ക്കട്ട ഹൈക്കോടതിയില്‍ ജഡ്‌ജിയായിരുന്ന ജസ്റ്റിസ്‌ സൗമിത്ര സെന്നിനെ ഇംപീച്ച്‌ ചെയ്യാന്‍ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ ശിപാര്‍ശ ചെയ്‌തിരുന്നു. അഭിഭാഷകനായിരിക്കെ കാണിച്ച സാമ്പത്തിക അഴിമതിയുടെ പേരിലായിരുന്നു ഇംപീച്ച്‌മെന്റ്‌ ശിപാര്‍ശ. ഒരുഭാഗത്ത്‌ ഇത്രയും കര്‍ശന നിലപാടെടുത്തയാള്‍ മറ്റ്‌ പല കേസുകളുടെ കാര്യത്തിലും അതാര്യത നിലനിര്‍ത്തിയത്‌ എന്തുകൊണ്ടായിരിക്കും? കാരണങ്ങളുണ്ടാവാം. ഉയര്‍ന്ന നീതി ബോധത്തിന്‌ തീര്‍ത്തും ബോധ്യപ്പെടുന്ന കാരണങ്ങളുമാവാം. പക്ഷേ, ഇത്തരം സംഭവങ്ങള്‍ അനിവാര്യമായ സംശയങ്ങള്‍ക്ക്‌ കാരണമാവും. ആ സംശയങ്ങള്‍ തന്നെയാണ്‌ മരുമകനെതിരെ ആരോപണമുയരുമ്പോള്‍ ജസ്റ്റിസ്‌ ബാലകൃഷ്‌ണനെ മുന്‍വിധിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും.

മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ ചൂടാറുന്നേയുള്ളൂ. മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസായിരിക്കെ താന്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം ജസ്റ്റിസ്‌ രഘുപതിയുടെ കത്തു ചേര്‍ത്തിരുന്നുവെന്നും അതില്‍ മന്ത്രി രാജയുടെ പേരുണ്ടായിരുന്നുവെന്നും ജസ്റ്റിസ്‌ എച്ച്‌ എല്‍ ഗോഖലെ പറയുന്നു. മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു മന്ത്രിയുടെയും പേരുണ്ടായിരുന്നില്ലെന്ന്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ വിശദീകരിക്കുകയും ചെയ്യുന്നു. ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച മന്ത്രിയാരെന്ന്‌ അന്വേഷിക്കണമെന്നോ നടപടിയെടുക്കണമെന്നോ ഉയര്‍ന്ന ന്യായാലയങ്ങള്‍ക്ക്‌ തോന്നാതിരിക്കുമ്പോള്‍ ചീഞ്ഞുനാറ്റം അലഹബാദില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന്‌ അനുമാനിക്കേണ്ടിവരും. ഒന്നും ചീയാതിരുന്നിട്ടും കൊച്ചിയില്‍ നിന്ന്‌ മണമുയരുന്നതിന്‌ ഹേതു പലതാണ്‌.

6 comments:

  1. ശ്രീനിജന്റെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ കണ്ടിട്ടും കരുതിക്കൂട്ടി മിണ്ടാതിരുന്നതാണ്. സമാനമായ പല വിഷയങ്ങളിലൂടെ അഴിമതിയും പിന്നാക്ക-ദലിത് വിഭാഗങ്ങളുമായുള്ള ബന്ധവും പ്രശ്നങ്ങളും ഈയുള്ളവന്‍ മുന്‍പെഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് ദിനകറിന്റെ പ്രശ്നത്തിലെഴുതിയ പോസ്റ്റുകള്‍ ഉദാഹരണം. ആ നിലപാടില്‍ നിന്ന് ഒരു മാറ്റവും ഈ വിഷയത്തിലും എനിക്കില്ല. ഇവിടെ ശ്രീനിജന്റെ പ്രശ്നം സ്വത്തെല്ലാം സ്വന്തം പേരിലും ഭാര്യയുടെ പേരിലും സമ്പാദിച്ചുകൂട്ടി എന്നതാണ്. ബിനാമി ഇടപാടിലൊക്കെ ദലിതര്‍ക്ക് അത്ര പ്രാഗല്‍ഭ്യമായിട്ടില്ലല്ലോ. ഏതിനും ബാലകൃഷ്ണനെതിരായ നീക്കം അദ്ദേഹം കയറിയ അന്നുതൊട്ടേയുണ്ട്. ശ്രീനിജന്റെ പ്രശ്നം വന്നതോടെ നമ്മുടെ അയ്യര്‍ ചാടിവീണതു കണ്ടില്ലേ?
    "........ജസ്റ്റിസ് ബാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ നീതിന്യായ സംവിധാനങ്ങള്‍ക്കുമാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു....."

    ഇവിടെ ഏതെങ്കിലും അഴിമതിക്കാരെപ്പറ്റി അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും കളങ്കമായി മാറിയിരിക്കുകയാണെന്നു് ആരെങ്കിലും എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ദലിതരെപ്പറ്റി മാത്രമാണ്. എന്തുകൊണ്ടാണത്? അതാണ് ജാതിവ്യവസ്ഥിതിയുടെ മെക്കാനിസം.
    മുസ്ലിങ്ങള്‍ക്ക് ഇന്‍ഡ്യയിലെ ജാതി ഇനിയും മനസ്സിലായിട്ടില്ല?

    ReplyDelete
  2. സത്യാന്വേഷി കോട്ട് ചെയ്ത കൃഷ്ണയ്യരുടെ പ്രസ്താവനക്ക് ഒരു അയ്യരു ചുവയുണ്ടെന്നത് വാസ്തവം.അതില്‍ താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു.എന്നാല്‍ രാജീവേട്ടന്‍ പോസ്റ്റില്‍ പറഞ്ഞ കോടിപതികളാവുന്ന നീതിപതികളുടെ കേസില്‍ കെ.ജിക്ക് എന്താണിത്ര താത്പര്യം.കാട്ടുകള്ളന്‍ രാജയുമായി ബന്ധപ്പെട്ട കേസിലെ വിവാദവും കൂട്ടി വായിക്കുക.

    ഒരു ദളിതന്‍ സുപ്രീംകോടതിയുടെ തലപ്പത്ത് കയറി ഇരുന്നതില്‍ മനസ്സാ സന്തോഷിക്കുന്ന ഒരാളാണ് ഞാനും.എന്നാല്‍ കെ.ജി.ബിയുമായി ബന്ധപ്പെട്ട് ഈയടുത്തകാലത്ത് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ വിലയിരുത്തുന്നവരുടെ തോന്നലുകള്‍ തന്നെയാണ് പോസ്റ്റിലുള്ളത്.വിഷമത്തോടെ തന്നെ പറയട്ടെ.എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ സത്യാന്വേഷീ..

    ReplyDelete
  3. തീര്‍ച്ചയായും ജിപ്പൂസേ. ചീഞ്ഞുനാറുന്നുണ്ട്. ശാന്തിഭൂഷന്‍ കുറെ അഴിമതിക്കാരായ സുപ്രീം കോടതി ജഡ്ജിമാരുടെ പേരുവിവരം തെളിവു സഹിതം വെളിപ്പെടുത്തുകയുണ്ടായല്ലോ. ആര്‍ക്കെങ്കിലുമെതിരെ അന്വേഷണവും ഇമ്മാതിരി ആക്ഷേപങ്ങളോ ഉണ്ടാവുന്നുണ്ടോ?
    ഇതാണ് ജാതിയുടെ മെക്കാനിസം. ഇത്രയേ സത്യാന്വേഷി പറയുന്നുള്ളു.
    നന്ദി താങ്കളുടെ പ്രതികരണത്തിന്.

    ReplyDelete
  4. കെ ജി ബിക്കെതിരെ നേരത്തേ ഉപരാഷ്‌ട്രപതിക്ക്‌ പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ ആ പരാതി കൈമാറിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം നടക്കുന്നുവെന്നും മൂന്നാഴ്‌ചമുമ്പ്‌ കേരളശബ്ദത്തില്‍ കവര്‍ സ്‌റ്റോറിയായി വന്നിരുന്നു. അതിനുശേഷമാണ്‌ ശ്രീനിജന്റെ അനധികൃത സ്വത്ത്‌ വിവിരം പുറത്തുവന്നത്‌.
    ഈ ബ്ലോഗില്‍ പറയുന്നത്‌ ശ്രീനിജന്റെ കാര്യം പുറത്തുവന്നശേഷമാണ്‌ കെ ജി ബിയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതെന്ന്‌.
    ഇതിലേതാവും ശരി.

    ReplyDelete
  5. കുറുന്തോട്ടി എന്ന പച്ചമരുന്നു വാതരോഗത്തിനു ഉപയോഗിക്കുന്നതാണ് .ആ കുറുന്തോട്ടിക്ക് വാതരോഗം ഉണ്ടായാൽ എന്തുചെയ്യും.ജനങ്ങൽ ഇനി നീതിക്ക് വേണ്ടി ഏതുകോടതിയിൽ പോകും?

    ReplyDelete
  6. കുറുന്തോട്ടി മാത്രം ഇട്ടു വാറ്റിയാൽ ‘വാതം’ മാറില്ല. മറ്റുള്ള ചേരുവകൾക്കും തുല്ല്യ പങ്കുണ്ട്.

    ReplyDelete