2010-12-28

കരുണാകരനെ ഇങ്ങനെയും സ്‌മരിക്കാം2006ല്‍ എഴുതിയത്‌

മനുഷ്യത്വമില്ലാത്തവന്‍ എന്ന പദത്തിന്‌ പര്യായമെഴുതാന്‍ പറഞ്ഞാല്‍ ഇനി ഞങ്ങള്‍ ആദ്യം എഴുതുക കെ കരുണാകരന്‍ എന്ന പേരായിരിക്കും. മകന്റെ മൃതദേഹം എന്തു ചെയ്‌തെന്ന ചോദ്യവുമായി 30 കൊല്ലക്കാലം വേദനയുടെ പ്രത്യക്ഷരൂപമായി ജീവിച്ച ടി വി ഈച്ചരവാരിയര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞെന്ന വിവരത്തോടുള്ള കരുണാകരന്റെ പ്രതികരണം കേട്ടവരാരും ഞങ്ങള്‍ ഈ എഴുതിയത്‌ കൂടിപ്പോയെന്ന്‌ പറയില്ല. ഈച്ചരവാര്യരുടെ മരണ വിവരം അറിയിച്ച്‌ പത്രലേഖകര്‍ പ്രതികരണം തേടുമ്പോള്‍ ഒരു വിവാഹച്ചടങ്ങില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു കരുണാകരന്‍. ``അനുശോചന സന്ദേശം ചോദിക്കുന്നത്‌ ഇപ്പോഴാണോ? നിങ്ങളെ ആരാണ്‌ പത്രപ്രവര്‍ത്തനം പഠിപ്പിച്ചത്‌?'' ഇതായിരുന്നു കെ കരുണാകരന്റെ ധാര്‍ഷ്‌ട്യത്തോടെയുള്ള മറുപടി. എത്രത്തോളം ശത്രുതയുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ പിന്നെ അത്‌ മനസ്സില്‍ വെച്ച്‌ പെരുമാറുന്നത്‌ മനുഷ്യന്‌ ചേര്‍ന്നതല്ല. ഈ മാന്യത പോലും കാണിക്കാത്ത ഒരാളെ ഏറ്റവും മിതമായ ഭാഷയില്‍ വിശേഷിപ്പിക്കാവുന്നത്‌ മനുഷ്യത്വമില്ലാത്തവന്‍ എന്നുതന്നെയാണ്‌.

ഇവിടെ ടി വി ഈച്ചരവാരിയര്‍ കെ കരുണാകരന്റെ ശത്രുവല്ല, ഇരയാണ്‌. 30 വര്‍ഷത്തോളം ഈച്ചരവാര്യരെ പീഡിപ്പിച്ച കരുണാകരന്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും അതേ വൈരാഗ്യത്തോടെ പെരുമാറുന്നുവെന്നു തന്നെയാണ്‌ ഈ പ്രതികരണത്തില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. ഇനി ചിലപ്പോള്‍ കരുണാകരന്‍ അനുശോചനം അറിയിച്ചേക്കാം. മരണത്തില്‍ തനിക്കുള്ള അഗാധ ദുഃഖം രേഖപ്പെടുത്തി കണ്ണീരണിഞ്ഞേക്കാം, പക്ഷെ അതൊന്നും ഇച്ചെയ്‌ത പാതകത്തിന്‌ പ്രതിക്രിയയാവില്ല.

കരുണാകരന്റെ ആരാധ്യയായ നേതാവ്‌ ഇന്ദിരാഗാന്ധി 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഇരകളില്‍ ഒരാളായിരുന്നു ഈച്ചരവാരിയരുടെ മകന്‍ രാജന്‍. കോഴിക്കോട്‌ എന്‍ജിനിയറിംഗ്‌ കോളെജിലെ വിദ്യാര്‍ഥിയായിരുന്ന രാജനെ നക്‌സല്‍ ബന്ധം ആരോപിച്ചാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. എന്‍ജിനിയറിംഗ്‌ കോളെജില്‍ നടന്ന കലാപരിപാടിക്കിടെ `കനകസിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ...' എന്ന ഗാനം രാജന്‍ പാടിയത്‌ കരുണാകരനെയോ ഇന്ദിരാഗാന്ധിയെയോ ഉദ്ദേശിച്ചാണെന്നും ഇതില്‍ ക്ഷുഭിതരായാണ്‌ കരുണാകര ഭക്തരായ പൊലീസുകാര്‍ രാജനെ അറസ്റ്റുചെയ്‌തതെന്ന്‌ മറ്റൊരു കഥയും പ്രചരിച്ചിരുന്നു. എന്തായാലും രാജന്‍ അറസ്റ്റുചെയ്യപ്പെട്ടുവെന്നും കക്കയത്തെ കെ എസ്‌ ഇ ബി ഓഫിസ്‌ വളപ്പില്‍ ക്രൈംബ്രാഞ്ച്‌ ആരംഭിച്ച ക്യാംപില്‍ വെച്ച്‌ പൊലീസുകാരുടെ കൈകളാല്‍ കൊല്ലപ്പെട്ടുവെന്നതും ഇന്ന്‌ വ്യക്തമാണ്‌.

രാജന്‍ മരിച്ചുവെന്ന വിവരം അറിയാന്‍ വേണ്ടി അധികാരികളുടെ ഓഫിസുകളും കോടതികളും കയറി ഇറങ്ങേണ്ടിവന്ന അച്ഛനായിരുന്നു ഈച്ചരവാരിയര്‍. അടിയന്തരാവസ്ഥക്കാലത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നിര്‍ദേശപ്രകാരമാണ്‌ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പൊലീസ്‌ ക്യാംപുകള്‍ ആരംഭിച്ചത്‌. ക്രൈം ബ്രാഞ്ച്‌ ഡി ഐ ജിയായിരുന്ന ഐ പി എസുകാരന്‍ ജയറാം പടിക്കലിനായിരുന്നു ക്യാംപുകളുടെ ആകെ ചുമതല. കേരളത്തില്‍ സജീവമായിരുന്ന നക്‌സലുകളെ ഇല്ലാതാക്കുക എന്നതായിരുന്നു ക്യാംപുകളുടെ പ്രഥമ ഉദ്ദേശ്യം. സ്‌കോട്ട്‌ലാന്‍ഡ്‌യാര്‍ഡില്‍ പോയി പ്രത്യേക പരിശീലനം നേടി തിരിച്ചെത്തിയ ശേഷമാണ്‌ ജയറാം പടിക്കല്‍ ഇത്തരം ക്യാംപുകള്‍ ആരംഭിച്ചത്‌. പടിക്കലിനു പുറമെ, ഡിവൈ എസ്‌ പിയായിരുന്ന മുരളീകൃഷ്‌ണ ദാസ്‌, ടി വി മധുസൂദനന്‍, കെ ലക്ഷ്‌മണ, സി ഐ മാരായ സുലൈമാന്‍, ശ്രീധരന്‍, രാമാനന്ദന്‍, ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവര്‍ക്കായിരുന്നു കക്കയം ക്യാംപിന്റെ ചുമതല. 


ജയറാം പടിക്കലിന്റെ സാന്നിധ്യത്തില്‍ നേരത്തെ പറഞ്ഞ സി ഐമാര്‍ക്കൊപ്പം എസ്‌ ഐ ആയിരുന്ന പുലിക്കോടന്‍ നാരായണനും മറ്റും ചേര്‍ന്നാണ്‌ രാജനെ മര്‍ദിച്ചതെന്നാണ്‌ പിന്നീട്‌ പുറത്തുവന്ന വിവരം. പുലിക്കോടനെ മര്‍ദിക്കാനായി ക്യാംപിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. ഫോര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷനില്‍ അടുത്തിടെ പൊലീസ്‌ പരീക്ഷിച്ച്‌ `വിജയിച്ച' ഉരുട്ടലിന്‌ രാജനെ വിധേയനാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും രാജന്‍ മരിച്ചു. ശരീരം കൊക്കയിലെറിഞ്ഞെന്നും കത്തിച്ചുകളഞ്ഞെന്നുമൊക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം എന്തുചെയ്‌തെന്ന്‌ ഇപ്പോഴും വ്യക്തമല്ല.

1976 ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിലൊന്നിലാണ്‌ കരുണാകരന്റെ പൊലീസ്‌ രാജനെ കസ്റ്റഡിയിലെടുക്കുന്നത്‌. മാര്‍ച്ച്‌ ഒന്നിന്‌ രാജനെത്തേടി കോളെജിലെത്തിയ ഈച്ചരവാരിയര്‍ ഇന്നലെ മരിക്കുമ്പോഴും ആ അന്വേഷണം തുടരുകയായിരുന്നു. രാജനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തുവെന്ന്‌ അറിഞ്ഞപ്പോള്‍ ഈച്ചരവാര്യര്‍ ആദ്യം പോയത്‌ കക്കയം ക്യാംപിലേക്കായിരുന്നു. അവിടെ നിന്നും മകന്റെ വിവരമൊന്നും കിട്ടാതായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനെയും അന്ന്‌ സുഹൃത്തായിരുന്ന ആഭ്യന്തര മന്ത്രി കെ കരുണാകരനെയും സമീപിച്ചു. രണ്ടുപേരും അന്വേഷിക്കാമെന്ന മറുപടി നല്‌കി. രാജനെ അറസ്റ്റു ചെയ്‌ത വിവരം അറിയില്ലെന്നാണ്‌ കരുണാകരന്‍ പറഞ്ഞത്‌. പിന്നീട്‌ കോടതിയെ സമീപിച്ചാണ്‌ ഈച്ചരവാര്യര്‍ സത്യമറിഞ്ഞത്‌. രാജനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും മരിച്ചുവെന്നും പൊലീസ്‌ കോടതിയെ അറിയിച്ചു. കോടതിയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ നല്‌കിയ സത്യവാങ്‌മൂലം രാജനെ അറസ്റ്റുചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്‌തിട്ടില്ല എന്നായിരുന്നു. ഇത്‌ തെറ്റാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടു. കോടതിയില്‍ കള്ളം പറഞ്ഞതിന്‌ കരുണാകരന്‌ ആഭ്യന്തരമന്ത്രിപദം രാജിവെക്കേണ്ടിവന്നു. 


അടിയന്തരാവസ്ഥക്കാലത്ത്‌ നിരവധി മനുഷ്യരെ കൊടിയ മര്‍ദനത്തിന്‌ ഇരയാക്കാന്‍ അരുനിന്നതിന്‌ കരുണാകരന്‌ ലഭിച്ച ഏകശിക്ഷ അതുമാത്രമായിരുന്നു. പിന്നീട്‌ കേരളത്തിന്റെ മുഖ്യമന്ത്രി പദം പലതവണ അലങ്കരിച്ചു, ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന്‌ ലജ്ജയില്ലാതെ പറയുകയും ചെയ്യുന്നു.
മകന്റെ മരണം തളര്‍ത്തിയ ഈച്ചരവാരിയര്‍ രാജന്റെ ശരീരം എന്തുചെയ്‌തെന്ന ചോദ്യവുമായി കോടതി കയറി ഇറങ്ങി മകനെ കൊന്നവര്‍ക്ക്‌ ശിക്ഷ നല്‌കണമെന്ന്‌ നീതിപീഠങ്ങളോട്‌ അഭ്യര്‍ഥിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നീതി അളക്കുന്ന ന്യായാധിപന്‍മാര്‍ക്കു പക്ഷെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനായില്ല. മുമ്പുതന്നെ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഭാര്യ മകനെക്കുറിച്ച്‌ ചോദിക്കുമ്പോഴൊക്കെ നുണ പറഞ്ഞ്‌ വേദന കടിച്ചിറക്കിയായിരുന്നു ഈ യുദ്ധമത്രയും. പിന്നീട്‌ മകനെക്കുറിച്ച്‌ ഭര്‍ത്താവ്‌ പറയുന്നതെല്ലാം പൊളിയാണെന്ന്‌ തിരിച്ചറിഞ്ഞതോടെ മനോനില പൂര്‍ണമായും തെറ്റിയ അവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു; മകനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ മറുപടി കിട്ടാതെ.

മകന്റെ തിരോധാനവും മരണവും അന്വേഷിച്ചുള്ള യാത്രയായിരുന്നെങ്കിലും മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ കേരളത്തില്‍ ആദ്യമായി ചര്‍ച്ചകളുയര്‍ത്താനും അതിലേക്ക്‌ ഭരണകൂടങ്ങളുടെ ശ്രദ്ധ കൊണ്ടുവരാനും ഈച്ചരവാര്യര്‍ അനുഷ്‌ഠിച്ച ത്യാഗത്തിന്‌ കഴിഞ്ഞു. ഉരുട്ടിക്കൊലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ജനരോഷമുയരുന്നതിന്റെ പിന്നില്‍ ഈച്ചരവാരിയരുടെ ഒറ്റയാന്‍ പോരാട്ടത്തിനുള്ള പങ്ക്‌ ചെറുതല്ല. രാജന്റെ മരണത്തിന്‌ ഉത്തരവാദികളായവര്‍ പിന്നീട്‌ പൊലീസിലെയും ഭരണത്തിലെയും ഉന്നതപദവികള്‍ അലങ്കരിച്ചപ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുവെന്ന വസ്‌തുത മലയാളികളുടെ കാപട്യത്തിന്റെയോ ഗതികേടിന്റെയോ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. പക്ഷെ, മരണത്തിനു ശേഷവും ഇരയോട്‌ ദയകാട്ടാത്ത ഒരാളെ വീണ്ടും സഹിക്കേണ്ടിവരുന്നത്‌ ഗതികേടായല്ല, നട്ടെല്ലില്ലായ്‌മയായി മാത്രമേ കാണാനാവൂ.