2010-12-16

കുത്തകകള്‍ക്ക്‌ നിരാശയരുത്‌



രാജ്യത്തെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനായി ഭക്ഷ്യസുരക്ഷ എന്ന പേരിലൊരു പദ്ധതിയെക്കുറിച്ച്‌ ആലോചന തുടങ്ങിയത്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ്‌. രണ്ടാം യു പി എ സര്‍ക്കാറും പദ്ധതിയെക്കുറിച്ച്‌ ആലോചന തുടരുകയാണ്‌. കിലോക്ക്‌ രണ്ട്‌ രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം പ്രതിമാസം വിതരണം ചെയ്യണമെന്നതാണ്‌ നിര്‍ദിഷ്‌ട പദ്ധതി. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച്‌ ധനമന്ത്രാലയത്തിന്‌ ആശങ്കയുണ്ട്‌. പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തേണ്ടവരെ നിര്‍ണയിക്കാന്‍ കടുത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും പൊതുവിതരണ മന്ത്രാലയവും ആവശ്യപ്പെടുന്നു. തര്‍ക്കം തുടരുകയാണ്‌. 


കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ച്‌ ആസൂത്രണ കമ്മീഷനും ധന, പൊതുവിതരണ മന്ത്രാലയങ്ങളും കൂലംകഷമായ ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്തരമൊരു പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്തതിലെ നിരാശ നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പരസ്യമായി പ്രകടിപ്പിച്ചതായി അറിവില്ല. കടുത്ത വിലക്കയറ്റം നേരിടുന്ന കാലത്ത്‌ ഇത്തരമൊരു പദ്ധതി പ്രദാനം ചെയ്യുന്ന ആശ്വാസം വൈകാതെ ലഭിക്കാത്തതില്‍ പാവപ്പെട്ടവര്‍ക്കുണ്ടാവുന്ന നിരാശയെക്കുറിച്ച്‌ അദ്ദേഹം വേവലാതി പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ഒന്നാം യു പി എ സര്‍ക്കാറിന്റെ ഏറ്റവും ജനോപകാരപ്രദമായ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എ സഖ്യം നടത്തിയ മെച്ചപ്പെട്ട പ്രകടനത്തിന്‌ കാരണങ്ങളിലൊന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയാണെന്നും വിലയിരുത്തപ്പെട്ടു. ഇപ്പോള്‍ തൊഴിലുറപ്പ്‌ പദ്ധതിയിലെ അഴിമതിയെക്കുറിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാറുകള്‍ വക മാറ്റുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും പരിശോധന കേന്ദ്രം നടത്തുന്നുണ്ടോ എന്ന്‌ സുപ്രീം കോടതി ചോദിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. പദ്ധതി നിര്‍ദേശിക്കുന്ന കുറഞ്ഞ കൂലി പോലും നല്‍കാത്ത സംസ്ഥാനങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നു. തൊഴില്‍ കാര്‍ഡുകള്‍ സൃഷ്‌ടിച്ച്‌ പഞ്ചായത്ത്‌ അധികൃതരും മറ്റും പണം തട്ടുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്‌. ഇക്കാര്യത്തിലും നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും ആശങ്ക പരസ്യമായി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്ല.

എന്‍ഡോസള്‍ഫാനെന്ന മാരക കീടനാശിനിയുടെ ഉപയോഗം മൂലം കാസര്‍കോട്ടും മറ്റും ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്‌. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ദുരിതം എന്‍ഡോസള്‍ഫാന്‍ പ്രയോഗം കൊണ്ടുതന്നെയാണോ എന്ന്‌ പരിശോധിക്കാന്‍ അവര്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുന്നത്‌. തലമുറകളെ വൈകല്യത്തിലേക്കും തീരാദുഃഖത്തിലേക്കും വലിച്ചെറിഞ്ഞ ഈ സംഭവത്തിലും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. വറുതിയും അതിവര്‍ഷവും ദുരിതത്തിലാക്കിയ ആന്ധ്രാ പ്രദേശിലെ കര്‍ഷകരുടെ കാര്യത്തിലോ മാവോയിസ്റ്റ്‌ വേട്ടയുടെ പേരില്‍ പോലീസും അര്‍ധ സൈനിക വിഭാഗവും കാട്ടുന്ന ക്രൂരതകളെത്തുടര്‍ന്ന്‌ ഗ്രാമം വിട്ട്‌ പലായനം ചെയ്യേണ്ടിവരുന്ന മധ്യേന്ത്യയിലെ ആദിവാസികളുടെ കാര്യത്തിലോ അദ്ദേഹം എന്തെങ്കിലും ആശങ്ക രേഖപ്പെടുത്തിയതായി അറിവില്ല. 


വ്യാവസായിക ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും കിടപ്പാടം നഷ്‌ടപ്പെട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ല്‌ ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്‌. ഇത്‌ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി, കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക്‌ കുറേക്കൂടി ഭേദപ്പെട്ട പുനരധിവാസം ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രിക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ഉത്‌കണ്‌ഠയുണ്ടോ എന്നും അറിയില്ല. ഈ നിയമ ഭേദഗതി വൈകുന്നത്‌ മൂലം വന്‍കിട പദ്ധതികള്‍ക്കായി ഒഴിഞ്ഞുകൊടുത്ത്‌ പുനരധിവാസം നടക്കാതെ അലയേണ്ടി വരുന്നവര്‍ക്കുള്ള നിരാശയെക്കുറിച്ച്‌ മന്‍മോഹന്‍ സിംഗ്‌ ഉറക്കെച്ചിന്തിച്ചതായും മാധ്യമങ്ങളില്‍ കണ്ടിട്ടില്ല.

ഇത്തരം ഇല്ലായ്‌മകള്‍ക്കിടയില്‍ രാജ്യത്തെ കുത്തക കമ്പനികള്‍ക്ക്‌ നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചും അതില്‍ കമ്പനി മേധാവികള്‍ക്കുള്ള നിരാശയെക്കുറിച്ചും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ആലോചിക്കുന്നുവെന്നത്‌ രാജ്യത്തെ ഏതൊരു പൗരനും `ഉള്‍പ്പുളക'മുണ്ടാക്കുന്ന കാര്യമാണ്‌. ഡല്‍ഹിയില്‍ കോര്‍പ്പറേറ്റ്‌ വാരാഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കവെ തന്റെ ആലോചനകള്‍ അദ്ദേഹം തുറന്നുപങ്കുവെച്ചു. കുത്തക കമ്പനികളുടെയും അതിന്റെ തലപ്പത്തുള്ളവരുടെയും ഉത്‌കണ്‌ഠകളുടെ അടിസ്ഥാനം ടെലികോം ഇടപാടില്‍ ഇടനിലക്കാരിയായെന്ന്‌ കരുതപ്പെടുന്ന നീര റാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചില മാധ്യമങ്ങളെങ്കിലും പുറത്തുവിടുന്നതാണ്‌. സ്വന്തം വ്യവസായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള രാഷ്‌ട്രീയ, ഭരണ കാലാവസ്ഥ സൃഷ്‌ടിക്കാന്‍ വ്യവസായ ഭീമന്‍മാര്‍ ശ്രമിച്ചതിന്റെ കഥകളാണ്‌ ഈ സംഭാഷണങ്ങളില്‍ ഏറെയും. 


ടെലികോം വകുപ്പ്‌ എ രാജക്ക്‌ ലഭിക്കേണ്ടതിന്റെ ആവശ്യകത, അത്‌ ലഭ്യമാക്കുന്നതിന്‌ നടത്തേണ്ടതും നടത്തിയതുമായ നീക്കങ്ങള്‍ എന്നിവയെല്ലാം സംഭാഷണങ്ങളില്‍ നിന്ന്‌ വ്യക്തം. ഉപരിതല ഗതാഗത വകുപ്പ്‌ കമല്‍ നാഥിന്‌ നിര്‍ദേശിച്ചത്‌ താനാണെന്ന്‌ വീരവാദം മുഴക്കുന്ന വ്യവസായ സംഘടനയുടെ മേധാവി, ഈ വകുപ്പില്‍ നിന്ന്‌ ന്യായമായ കമ്മീഷന്‍ കമല്‍ നാഥിന്‌ ലഭിക്കുമെന്ന്‌ ഉറപ്പിച്ചു പറയുന്നു. വാണിജ്യ വകുപ്പ്‌ ലഭിച്ച ആനന്ദ്‌ ശര്‍മ തീര്‍ത്തും വിശ്വസ്‌തനാണെന്ന്‌ ഇദ്ദേഹം സര്‍ട്ടിഫിക്കറ്റ്‌ നല്‍കുമ്പോള്‍ അതിന്റെ കാരണം ഊഹിക്കാന്‍ പ്രയാസമുണ്ടാകില്ല. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവരുന്നതാണ്‌ കുത്തക കമ്പനി മേഖലക്ക്‌ തലവേദനയുണ്ടാക്കുന്നത്‌, നിരാശയുണ്ടാക്കുന്നത്‌.

നീര റാഡിയയുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന്‌ മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട്‌ രത്തന്‍ ടാറ്റ സുപ്രീം കോടതിയെ സമീപിച്ചതില്‍ നിന്ന്‌ തന്നെ നിരാശയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ഏജന്‍സി ടെലിഫോണ്‍ ചോര്‍ത്തുന്നതില്‍ ടാറ്റക്ക്‌ പരാതിയില്ല. അത്‌ മാധ്യമങ്ങളിലൂടെ പരസ്യമാകുന്നതിലേയുള്ളൂ. റെക്കോഡ്‌ ചെയ്‌ത സംഭാഷണങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌. തങ്ങളുടെ വിശ്വസ്‌തരല്ലാത്തവര്‍ സര്‍ക്കാറിലുള്ളതുകൊണ്ടാണ്‌ സംഭാഷണങ്ങള്‍ ചോര്‍ന്നതെന്ന്‌ ടാറ്റ ന്യായമായും സംശയിക്കുന്നുണ്ടാകണം. അത്തരക്കാര്‍ അവിടെ പാടില്ല എന്നതുകൊണ്ടാണ്‌ റെക്കോഡ്‌ ചെയ്‌ത സംഭാഷണങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നത്‌. ടാറ്റയുടെ ആവശ്യം സുപ്രീം കോടതിയുടെ മുന്നിലെത്തുമ്പോഴേക്കും സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട്‌ ടാക്‌സസ്‌ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഇതിനെല്ലാം പുറമെയാണ്‌ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാനമായ പ്രധാനമന്ത്രി കുത്തക കമ്പനികള്‍ക്കുള്ള നിരാശ താന്‍ മനസ്സിലാക്കുന്നുവെന്ന്‌ പ്രഖ്യാപിക്കുന്നത്‌. രാജ്യ സുരക്ഷ, നികുതി വെട്ടിപ്പ്‌ എന്നിവ തടയുന്നതിന്‌ ഫോണ്‍ ചോര്‍ത്തല്‍ ചിലപ്പോള്‍ വേണ്ടിവരും. പക്ഷേ, അത്‌ ഏറെ ശ്രദ്ധിച്ചുവേണം ചെയ്യാനെന്ന്‌ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നുണ്ട്‌. ചോര്‍ത്തിയെടുത്ത സംഭാഷണങ്ങള്‍ മാധ്യമങ്ങളിലേക്ക്‌ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഒരു മാസത്തിനകം നിര്‍ദേശിക്കാന്‍ കാബിനറ്റ്‌ സെക്രട്ടറിയോട്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു അദ്ദേഹം. 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കുറ്റപ്പെടുത്തിയ ടെലികോം ഇടപാടിനെക്കുറിച്ച്‌ സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കാന്‍ മടി കാണിക്കുന്നവര്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ എത്ര പെട്ടെന്നാണ്‌ നടപടികള്‍ സ്വീകരിക്കുന്നത്‌! 


കുത്തക കമ്പനികള്‍ക്ക്‌ സൂഗമമായി പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം രാജ്യത്ത്‌ സൃഷ്‌ടിക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പും മന്‍മോഹന്‍ നല്‍കുന്നുണ്ട്‌. ഭരണം ആര്‍ക്കുവേണ്ടിയാണെന്ന്‌ ഇതിലും തുറന്ന്‌ പറയാന്‍ ഒരു പ്രധാനമന്ത്രിക്കും സാധിക്കില്ല തന്നെ.
രാജ്യത്ത്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും ആളോഹരി വരുമാനം വര്‍ധിപ്പിക്കുന്നതിലും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിലും സ്വകാര്യ മേഖല വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന മന്‍മോഹന്റെ പ്രസ്‌താവന അംഗീകരിക്കാം. അതില്‍ വസ്‌തുതയുണ്ട്‌. ടാറ്റയും ബിര്‍ളയും അംബാനിയുമൊക്കെ ആരംഭിച്ച വ്യവസായങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക്‌ സഹായകമായിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ പ്രയോജനം ചെയ്‌തപ്പോള്‍ തന്നെ കോടികളുടെ സമ്പത്ത്‌ ഇവര്‍ സമ്പാദിച്ച്‌ കൂട്ടുകയും ചെയ്‌തു. നിയമവിധേയമായി സമ്പത്ത്‌ സമാഹരിക്കുന്നത്‌ ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ, നിയമങ്ങളെ മറികടന്നും ജനങ്ങളെ പറ്റിച്ചും പിഴിഞ്ഞും സമ്പത്ത്‌ സമാഹരിക്കുന്നതിനെയോ? 



മൂന്നാറില്‍ അമ്പതിനായിരം ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന്‌ പല നിയമസഭാ സമിതികള്‍ കണ്ടെത്തി. എന്നിട്ട്‌ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ ഇതുവരെ? മുംബൈയില്‍ മുകേഷ്‌ അംബാനി ഇരുന്നൂറ്‌ കോടി ഡോളറിന്റെ കൊട്ടാരം പണിതുയര്‍ത്തിയത്‌ വഖ്‌ഫ്‌ സ്വത്തിലാണെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഉയര്‍ന്നിട്ട്‌ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ? ഓഹരി ഉടമകളെ അറിയിക്കാതെ വിദേശ കമ്പനികള്‍ക്ക്‌ ഓഹരി കൈമാറ്റം ചെയ്‌ത്‌ അനില്‍ അംബാനി കോടികള്‍ വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ട്‌ എന്തെങ്കിലും അന്വേഷണം നടന്നോ? കുത്തക കമ്പനികളുടെ വളര്‍ച്ചക്ക്‌ അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്‌ സര്‍ക്കാറെന്ന്‌ അതിന്റെ നേതാവ്‌ തന്നെ പ്രഖ്യാപിക്കുമ്പോള്‍ ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല.

ഇത്തരം കമ്പനികളുടെ വളര്‍ച്ചയിലാണ്‌ എല്ലാം. വളരുന്ന കമ്പനികളില്‍ നിന്ന്‌ കോഴയായും സംഭാവനയായും ലഭിക്കുന്ന പണത്തിലാണ്‌ രാഷ്‌ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും നിലനില്‍പ്പ്‌. അതുകൊണ്ടാണ്‌ വഖ്‌ഫ്‌ സ്വത്ത്‌ കൈയേറിയാണ്‌ അംബാനി കൊട്ടാരം പണിയുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഉദ്യോഗസ്ഥനെ പീഡിപ്പിക്കാനും തരംതാഴ്‌ത്താനും പുറത്താക്കാനും തയ്യാറായ മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍ കേന്ദ്ര മന്ത്രിയായി വിരാജിക്കുന്നത്‌. പെട്രോളിയം വ്യവസായത്തില്‍ നിക്ഷേപം നടത്തിയ റിലയന്‍സ്‌ ഗ്രൂപ്പിന്റെ പിന്തുണയോടെ മുരളി ദേവ്‌റ തുടര്‍ച്ചയായ രണ്ടാം തവണയും എണ്ണ കാര്യ മന്ത്രിയായത്‌. പെട്രോളിന്റെ വില (വൈകാതെ ഡീസലിന്റെയും വരും) നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ കൈമാറി റിലയന്‍സിന്റെ പമ്പുകള്‍ തുറക്കാനുള്ള സാഹചര്യമൊരുക്കി അദ്ദേഹം ഉപകാര സ്‌മരണ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുമ്പോള്‍ മന്‍മോഹനും ഉപകാരസ്‌മരണയില്‍ നമ്രശിരസ്‌കനാകുകയാണ്‌. 


സമ്മതിദാനാവകാശം വിഘ്‌നം കൂടാതെ പ്രയോഗിക്കുന്ന കോടിക്കണക്കായ ആളുകളേക്കാള്‍ പ്രധാനമാണ്‌ കോടികള്‍ ഒഴുക്കാന്‍ ത്രാണിയുള്ള കമ്പനികള്‍. ധനതത്വശാസ്‌ത്ര വിദഗ്‌ധനായ ഡോ. മന്‍മോഹന്‍ സിംഗിന്‌ അത്‌ മറ്റാരേക്കാളും വേഗത്തില്‍ മനസ്സിലാകും. അതുകൊണ്ടാണ്‌ ടെലിഫോണ്‍ ചോര്‍ത്തല്‍, റാഡിയ ടേപ്പുകളുടെ ചോര്‍ച്ച എന്നിവ കമ്പനി മേഖലയില്‍ സൃഷ്‌ടിച്ച നിരാശയോട്‌ അദ്ദേഹം വേഗത്തില്‍ പ്രതികരിച്ചതും. രത്തനും മുകേഷിനും അനിലിനും തരുണ്‍ ദാസിനും അവരുടെ ഇടനിലയാകുന്ന നീരമാര്‍ക്കും ഇടനിലക്കാരുടെ ഇംഗിതാനുവര്‍ത്തികളാകുന്ന മാധ്യമകേസരികള്‍ക്കും സ്വസ്‌തി. നിര്‍ധനര്‍ക്ക്‌ ഉമിനീരും.

1 comment:

  1. 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കുറ്റപ്പെടുത്തിയ ടെലികോം ഇടപാടിനെക്കുറിച്ച്‌ സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കാന്‍ മടി കാണിക്കുന്നവര്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ എത്ര പെട്ടെന്നാണ്‌ നടപടികള്‍ സ്വീകരിക്കുന്നത്‌!

    പറയണ്ടതു പറഞ്ഞു .ഇനി ഞാൻ എന്തു പറയാൻ?
    ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത പ്രധാനമന്ത്രി,ഒരു ദിവസത്തിന്റെ വിശപ്പ്പോലും അറിഞ്ഞിട്ടില്ലത്ത ആളാണു കോടാനുകോടി കണക്കിനു പട്ടിണിപാവങ്ങളേ ഭരിക്കുന്നതു . നിർഭാഗ്യരായ ഒരു ജനത . വിശപ്പുള്ളവനെ പെട്ടന്ന് പറ്റിക്കാൻ കഴിയും എന്നുള്ളതിനു ഏറ്റവും വലിയ തെളിവാണു ഇന്ത്യയിലെ ജനങ്ങൾ . ഓരോതിരഞ്ഞെടുപ്പിലും അവർ കൂടുതൽ കൂടുതൽ വഞ്ചിതരാകുന്നു .നല്ല പോസ്റ്റു

    ReplyDelete