2010-12-15

സര്‍ക്കാര്‍ വിലാസം മാഫിയകൈക്കൂലി നല്‍കിയും വ്യാജ രേഖകള്‍ സൃഷ്‌ടിച്ചും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി തരപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. ഏഴോ എട്ടോ പേര്‍ മാത്രമാണ്‌ ഇത്തരത്തില്‍ ജോലി തരപ്പെടുത്തിയത്‌ എന്നാണ്‌ ഇതിനകം പുറത്തുവന്ന വിവരം. ഓരോരുത്തരും കൈക്കൂലിയായി നല്‍കിയത്‌ ശരാശരി ഏഴ്‌ ലക്ഷം രൂപ. അതായത്‌ ആകെ 56 ലക്ഷം രൂപയെന്ന്‌ കണക്കാക്കാം. ശത, സഹസ്ര കോടികളുടെ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ഇതിന്‌ ശിശുവിന്റെ സ്ഥാനം പോലും ലഭിക്കില്ല. എന്നാല്‍ കോഴയുടെ വലിപ്പത്തേക്കാളുപരി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്‌ എന്ന വിവരം പുറത്തുവന്നുവെന്നതാണ്‌ ഏറെ പ്രധാനം. 


മുടി മുതല്‍ അടി വരെ അഴിമതിയില്‍ മുങ്ങിയതെന്ന്‌ ജനം വിശ്വസിക്കുകയും അതിന്റെ രീതിമര്യാദകള്‍ അനുഷ്‌ഠിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നതാണ്‌ ഇന്നത്തെ സര്‍ക്കാര്‍ സംവിധാനം. രീതിമര്യാദകള്‍ അനുഷ്‌ഠിക്കാന്‍ തയ്യാറാകാത്തവരെ വലക്കാന്‍ ഉദ്യോഗസ്ഥര്‍ മടി കാട്ടാറുമില്ല. സ്വയം അഴിമതിയില്‍ മുങ്ങിയ ഈ സംവിധാനം പുതിയ കോഴ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അഴിമതിക്കാരെ സൃഷ്‌ടിക്കുകയും ചെയ്യുന്നുവെന്നതാണ്‌ ഇപ്പോള്‍ പുറത്തുവന്ന സംഭവങ്ങളുടെ പ്രത്യേകത. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ശൃംഖല മറ്റൊരു മാഫിയയായി മാറിയിരിക്കുന്നുവെന്നതും.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തട്ടിപ്പുകാര്‍, ഇടനിലക്കാര്‍, വ്യാജരേഖ നിര്‍മാതാക്കള്‍ എന്നിവര്‍ക്ക്‌ പിറകില്‍ വലിയൊരു ശൃംഖല തന്നെ ഇതിന്‌ പ്രവര്‍ത്തിക്കുന്നുണ്ടാവണം. എങ്കില്‍ മാത്രമേ ഇത്തരത്തിലൊരു തട്ടിപ്പ്‌ അരങ്ങേറാന്‍ സാധ്യതയുള്ളൂ. പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയോ തുടര്‍ന്നുള്ള അഭിമുഖ പരീക്ഷയുടെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ വകുപ്പുകളിലേക്ക്‌ നിയമനത്തിന്‌ ശിപാര്‍ശ ചെയ്യുന്ന സമ്പ്രദായമാണ്‌ നിലവിലുള്ളത്‌. ശിപാര്‍ശ ചെയ്യപ്പെടുന്ന ഒരാള്‍ ജോലിയില്‍ ചേരുമ്പോള്‍ അത്‌ പല തലങ്ങളില്‍ രേഖപ്പെടുത്തപ്പെടും. അവിടങ്ങളിലെല്ലായിടത്തും നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ എത്തുകയും ചെയ്യും. എല്ലായിടത്തും വ്യാജ രേഖ ഹാജരാക്കി നിയമനം ഉറപ്പിക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചുവെങ്കില്‍ തട്ടിപ്പിന്റെ കണ്ണികള്‍ വിവിധ സ്ഥലങ്ങളിലുണ്ടാകണം. അതുണ്ടോ എന്ന്‌ അന്വേഷിച്ച്‌ നടപടികള്‍ സ്വീകരിക്കേണ്ടത്‌ ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്‌. അതിന്‌ തയ്യാറായില്ലെങ്കില്‍ നിയമന സംവിധാനത്തിന്റെയാകെ വിശ്വാസ്യത തുലാസിലാകുകയാവും ഫലം. 


ഈ തട്ടിപ്പ്‌ പുറത്തുവന്ന ശേഷമുണ്ടായ കാര്യങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ മതിയായതാണോ എന്നതില്‍ സംശയമുണ്ട്‌. വ്യാജ രേഖകള്‍ ഹാജരാക്കി ജോലി സമ്പാദിച്ചവരെയും അവരെ സഹായിച്ച ഇടനിലക്കാരെയും കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ അന്വേഷണം നടക്കുന്നത്‌. കക്ഷിരാഷ്‌ട്രീയത്തില്‍ ഈ സംഭവം ഏത്‌ വിധത്തില്‍ ഗുണപരമായി ഉപയോഗിക്കാമെന്ന പരീക്ഷണവും നടക്കുന്നു.

പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്‌ ഇത്‌ ആദ്യമായല്ല. സംവരണം കൃത്യമായി നടപ്പാക്കുന്നതിലുണ്ടായ വീഴ്‌ചമൂലം പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പി എസ്‌ സിയുടെ വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷന്‍ പത്ത്‌ വര്‍ഷത്തിനിടെ വിവിധ സമുദായങ്ങള്‍ക്ക്‌ നഷ്‌ടമായ തൊഴിലവസരങ്ങള്‍ കണക്കാക്കി. ഈ അവസരങ്ങള്‍ നികത്തി നല്‍കുന്നതിന്‌ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായപ്പോള്‍ തുടര്‍ന്ന്‌ അവസര നഷ്‌ടം ഒഴിവാക്കുന്നതിനായി നിയമനത്തില്‍ റൊട്ടേഷന്‍ സമ്പ്രദായം കൊണ്ടുവരാന്‍ തീരുമാനമായി. കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഇത്‌. റൊട്ടേഷന്‍ സമ്പ്രദായം ഏതെങ്കിലും വിധത്തില്‍ അവസര നഷ്‌ടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടോ എന്ന വിലയിരുത്തല്‍ ഇതുവരെ നടന്നിട്ടുമില്ല. 


ഇപ്പോഴത്തെ സംഭവങ്ങളില്‍ പി എസ്‌ സിക്ക്‌ നേരിട്ട്‌ പങ്കില്ല. പക്ഷേ, പി എസ്‌ സിയുടെ രേഖകളും മറ്റും വ്യാജമായി നിര്‍മിച്ചും അവര്‍ നടത്തുന്ന പരീക്ഷകളില്‍ ആള്‍മാറാട്ടം നടത്തിയും ജോലി തട്ടിപ്പ്‌ നടത്തുന്നുവെന്ന്‌ പറയുമ്പോള്‍ പരോക്ഷമായി അത്‌ ബാധിക്കുന്നത്‌ കമ്മീഷനെ തന്നെയാണ്‌. പരീക്ഷക്കെത്തുന്നവര്‍ ചിത്രം പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കണമെന്ന നിബന്ധന കൊണ്ടുവന്ന്‌ ആള്‍മാറാട്ടം തടയാന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചുവെങ്കിലും മുന്‍കാലങ്ങളില്‍ ഇത്തരം തട്ടിപ്പ്‌ നടന്നിട്ടുണ്ടോ എന്ന പരിശോധന നടക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു പതിപ്പാണ്‌ പി എസ്‌ സിയിലുമുള്ളത്‌. അവിടെയുള്ളവരില്‍ ആരെങ്കിലും വ്യാജ രേഖ ചമക്കലിനും മറ്റും സഹായം ചെയ്‌തിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്‌.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശം ലഭിക്കുകയും ഫയലെഴുത്തെന്ന കല ശീലിക്കുകയും ചെയ്യുന്നതോടെ അതുവരെ താന്‍ കൂടി പ്രതിനിധാനം ചെയ്‌തിരുന്ന സമൂഹത്തെ കാണാന്‍ മറന്നുപോകുന്ന ധാര്‍ഷ്‌ട്യബുദ്ധികളായി മാറുന്നവരാണ്‌ മിക്കവാറും ആളുകള്‍. (അപവാദങ്ങള്‍ ധാരാളമുണ്ടാകാം) ഇവര്‍ക്ക്‌ തണലേകുന്ന വൃക്ഷങ്ങളാണ്‌ സര്‍വീസ്‌ സംഘടനകള്‍. അത്‌ സി പി എമ്മിന്റെതായാലും കോണ്‍ഗ്രസിന്റെതായാലും സി പി ഐയുടെതായാലും ഭേദവുമില്ല. ഇത്തരം സംഘടനകള്‍ക്ക്‌ സര്‍ക്കാറിലും മറ്റുമുള്ള സ്വാധീനം ശക്തമാണ്‌. സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്‌ ജീവനക്കാരാണ്‌. ഇവരുടെ സഹകരണമില്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്നതിനാല്‍ പരമാവധി പിണക്കാതെ നോക്കാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കും. ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ ഏപ്രിലില്‍ നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ വാഗ്‌ദാനം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍വീസിലേതിന്‌ തുല്യമായ ശമ്പളം നല്‍കുമെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മത്സരിച്ച്‌ വാഗ്‌ദാനം നല്‍കുന്നത്‌ അതുകൊണ്ടാണ്‌. സംഘടിത ശക്തിയിലൂടെ സമ്മര്‍ദം ചെലുത്തി ആനുകൂല്യങ്ങള്‍ക്ക്‌ വില പേശുന്ന സംഘടനകളൊന്നും സ്വന്തം ഉത്തരവാദിത്വം നിറവേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാറില്ല. കൈക്കൂലി തടയാന്‍ സ്വന്തം നിലക്ക്‌ ശ്രമിക്കാറുമില്ല. ജീവനക്കാരെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സര്‍ക്കാറിന്‌ നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കുന്നില്ലെന്നതാണ്‌ വസ്‌തുത.

2004 ഡിസംബര്‍ 26നാണ്‌ സൂനാമി ആഞ്ഞടിച്ചത്‌. താരതമ്യേന കുറവ്‌ ആഘാതമേ കേരളത്തിലുണ്ടായുള്ളൂവെങ്കിലും തെരുവാധാരമായവര്‍ കുറവായിരുന്നില്ല. ഇവരുടെ പുനരധിവാസം ആറ്‌ വര്‍ഷത്തിന്‌ ശേഷവും പൂര്‍ണമാക്കാന്‍ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂനാമി പുനരധിവാസം പൂര്‍ത്തിയാക്കാത്തത്‌ ഇടതുപക്ഷം വലിയ പ്രചാരണ ആയുധമാക്കിയിരുന്നു. അവര്‍ അധികാരത്തിലേറി അഞ്ച്‌ വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം പൂര്‍ത്തിയായില്ലെന്നതാണ്‌ വസ്‌തുത. പണമില്ലാത്തതുകൊണ്ടല്ല ഇത്‌ പൂര്‍ത്തിയാകാത്തത്‌. മറിച്ച്‌ അത്‌ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ്‌. ഉദ്യോഗസ്ഥരെക്കൊണ്ട്‌ വേണ്ടുംവിധത്തില്‍ കാര്യങ്ങള്‍ നടത്തിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക്‌ കണക്കുണ്ടാകില്ല. കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന തീരുമാനമാണ്‌ എല്ലാ യോഗങ്ങളിലുമുണ്ടാകാറ്‌. പിന്നീടെല്ലാം പതിവ്‌ പോലെ നടക്കുമെന്ന്‌ മാത്രം. 


ഇത്‌ വലിയൊരു പദ്ധതിയുടെ കാര്യം. വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷകളുടെ കാര്യത്തില്‍ പോലും ഇതേ മനോഭാവമാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒഴിവുകളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ അപേക്ഷ നല്‍കിയപ്പോഴുള്ള അനുഭവം ഇതെഴുതുന്നയാള്‍ക്കുണ്ട്‌. അപേക്ഷ നല്‍കുന്നതിനെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ്‌ ഉദ്യോഗസ്ഥര്‍ ചെയ്‌തത്‌. ഇത്‌ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‌ ജോലിഭാരമുണ്ടെന്നായിരുന്നു വിശദീകരണം. ഒഴിവുകളെക്കുറിച്ചു യഥാര്‍ഥ വിവരം രേഖാമൂലം നല്‍കാന്‍ മടി കാണിച്ചതിന്‌ പിന്നില്‍ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കഥകളുണ്ടോ എന്ന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യായമായും സംശയിക്കാം. ഉദാഹരണങ്ങള്‍ നിരവധി നിരത്താന്‍ സാധിക്കും.

സ്വന്തം ജോലി ചെയ്യാതിരിക്കുകയും ജനങ്ങള്‍ക്ക്‌ അര്‍ഹമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദവും അതിനെ സംരക്ഷിക്കുന്ന സംഘടനാ സംവിധാനവും ചേരുന്ന മാഫിയയെ അടിച്ചൊതുക്കാന്‍ ലഭിച്ച അവസരമാണ്‌ ഇത്‌. നിയമനങ്ങള്‍ പോലും കൈക്കൂലിയുടെയും വ്യാജരേഖയുടെയും അടിസ്ഥാനത്തില്‍ നടക്കുന്നുവെന്നത്‌ ഏതളവിലേക്ക്‌ കാര്യങ്ങളെ എത്തിച്ചിരിക്കുന്നുവെന്ന്‌ വ്യക്തമായി കാണിച്ചുതരുന്നുണ്ട്‌. അതുകൊണ്ടാണ്‌ ശുദ്ധികലശത്തിന്‌ പറ്റിയ സമയമാണിതെന്ന്‌ സൂചിപ്പിക്കുന്നത്‌. ശക്തമായ നടപടികള്‍ക്ക്‌ സര്‍ക്കാറോ അതിന്‌ നേതൃത്വം നല്‍കുന്ന മുന്നണിയോ അതിന്റെ തലപ്പത്തിരിക്കുന്ന പാര്‍ട്ടിയോ തയ്യാറുണ്ടോ എന്നതാണ്‌ ചോദ്യം. അങ്ങനെ ചെയ്യുന്നുവെങ്കില്‍ എന്‍ ജി ഒ എന്ന വോട്ട്‌ ബാങ്ക്‌ ഒരുപക്ഷേ അവര്‍ക്ക്‌ നഷ്‌ടമായേക്കും. പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയില്‍ നിന്ന്‌ ആളുകള്‍ കൊഴിഞ്ഞുപോയേക്കും. പക്ഷേ, പുറത്തുള്ള ജനങ്ങള്‍ അംഗീകരിക്കുമെന്നുറപ്പ്‌. 


മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയപ്പോള്‍, ഇടിച്ചു നിരത്തുക തന്നെ വേണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും, അതിനെ ജനം രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന തോന്നലാണ്‌ സ്വീകാര്യതയുടെ പിന്നിലുണ്ടായിരുന്നത്‌, അല്ലാതെ നശിപ്പിക്കുന്നതിനോടുള്ള ആഭിമുഖ്യമായിരുന്നില്ല. മൂന്നാറിലുപയോഗിച്ചതിലും വലിയ `ബുള്‍ഡോസറു'കള്‍ വേണ്ടിവരും ഈ എന്‍ ജി ഒ മാഫിയകളെ ഇല്ലാതാക്കാന്‍. അതിലേറെ ഇച്ഛാശക്തിയും.

സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തുവെങ്കിലും അത്‌ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചില്ല എന്നതാണ്‌ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ഇടതു മുന്നണിയിലെ വിവിധ പാര്‍ട്ടികള്‍ വിലയിരുത്തിയത്‌. എന്തുകൊണ്ടാണ്‌ ജനങ്ങളിലെത്തിക്കാന്‍ സാധിക്കാതിരുന്നത്‌ എന്ന ആലോചനയും തിരുത്തലും ആവശ്യമല്ലേ? സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാകും വിധത്തില്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു പരിദേവനത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയിലുള്ള ഏറ്റവും വലിയ സംഘടന സി പി എമ്മിന്റെ കീഴിലുള്ള എന്‍ ജി ഒ യൂനിയനാണ്‌. ഇതിലെ അംഗങ്ങള്‍ വിചാരിച്ചാല്‍ പോലും സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമായിരുന്നു. അതിനുപോലും സാധിച്ചില്ല എന്നാണ്‌ തിരഞ്ഞെടുപ്പ്‌ പരാജയ വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന. എന്നിട്ടും എന്‍ ജി ഒ യൂനിയനോട്‌ എന്തെങ്കിലും പറയാന്‍ സി പി എമ്മിന്‌ കഴിയുന്നുണ്ടോ? പുതിയ തട്ടിപ്പുകള്‍ക്കു വേണ്ടി കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ. രീതിമര്യാദകള്‍ അനുഷ്‌ഠിക്കുകയും. അല്ലാത്തവര്‍ക്ക്‌ ചുവപ്പുനാടയുടെ കുരുക്ക്‌ കരുതിവെച്ചിട്ടുണ്ട്‌ ഫയലെഴുത്തുകാര്‍.